Tuesday, December 1, 2009

സര്‍ഗ്ഗം


മഴയിലൂടാരോ നടന്നകലുന്നു
വഴിതിരിയാതെ നിഴലുകൾ പിന്നിൽ
പകച്ചു നിൽക്കുന്നു, തനിച്ചിരിക്കയാൽ
പനിക്കുമോർമ്മകൾ തളർന്നു വീഴുന്നു.
പൊരുതി വീണവർ ചൊരിഞ്ഞ ചോരയിൽ
തിരിച്ചു വന്നവർ കരഞ്ഞു തീരുന്നു.
കുരുതിക്കായ് കളമൊരുക്കിവച്ചിട്ട്
അറവുമാടിന്കുടിക്കാനേകുന്നു.
കുരുന്നുവായ്ക്കുള്ളിൽ വരൾമുലതള്ളി
കരച്ചിലമ്മമാർ പകുത്തെടുക്കുന്നു.
കുലമൊടുങ്ങുന്നു കുലദൈവം സ്വന്തം
തറ തിരഞ്ഞ് കരഞ്ഞ് പായുന്നു.

ചെകിളയിൽ നീരു കുടുങ്ങയാൽ കടൽ-
വെടിഞ്ഞ് മീനുകൾ കരക്കു കേറുന്നു.
ഇരിക്കുവാൻ കൊമ്പ് തിരഞ്ഞ് പക്ഷികൾ
പരന്ന മാനത്ത് പറന്ന് തീരുന്നു.

ഉറവുകൾ തേടി നടന്നൊരാളുടെ
ഉടലിൽ കള്ളിമുൾ കിരീടമേറുന്നു.
കൊടുപ്പാനും കൂടെ നടത്താനും നീണ്ട
കരങ്ങളിൽ ആണിപ്പഴുത് വീഴുന്നു.

മടുത്ത്, കാഴ്ച്ചയിൽ മനം തകർന്ന്
വിൺവെളിച്ചമാഴിയിൽ മറഞ്ഞുപോകുന്നു.
നരച്ച വാനത്ത് വിളർത്ത ചന്ദ്രിക-
യറച്ച് നിൽക്കുമ്പോൾ മഴ കനക്കുന്നു.
പുനർജ്ജനിപ്പുഴ കര വിഴുങ്ങുന്നു.
ഇരുൾനീലപ്പരപ്പുലക് മൂടുന്നു...

തിരസ്കരിണിയിൽ തുള വീഴ്തി
ഭാനു പുലരുന്നു, നീലപ്പരപ്പിനും മീതെ
നിവർന്ന പുൽക്കൊടിത്തലപ്പിലെ
മഴപ്പൊടിപ്പിലൂർജ്ജത്തെ പൊതിഞ്ഞെടുത്തുർവ്വി
അരങ്ങൊരുക്കുന്നു, വെളിച്ച സംഘാതം
സചേതനം സർഗ്ഗസപര്യയാകുന്നു.   






Blog Archive