Sunday, March 16, 2014

പ്രണയലേഖനം-1

16 മാര്‍ച്ച് 2014
ഉള്ളത് ഞാനും നീയുമാണ്. നമ്മള്‍ എന്നത് ഒരു വ്യാജപദമാണ്‌. സമയകാലങ്ങളുടെ ഒരേ ബിന്ദുവില്‍ സന്ധിച്ചവരാണ്‌ ഞാനും നീയും  എന്നത് യാദൃശ്ചികം മാത്രം. ഈ യാദൃശ്ചികതയ്ക്ക് അര്‍ത്ഥം കല്പിക്കുവാനുള്ള വൃഥാവ്യായാമമാണ്‌ നമ്മള്‍ എന്ന പദം. അല്ലെങ്കില്‍ അത്തരം വൃഥാവ്യായാമങ്ങളുടെ സമാഹാരമാകാം നമ്മള്‍. അതിനെ സാധ്യമാക്കുന്ന അനിവാര്യവും അര്‍ത്ഥരഹിതവുമായ ആകര്‍ഷണം പ്രണയം. 
പ്രണയം ഒരു നയമാണെന്ന് എനിക്കെന്നപോലെ നിനക്കും അറിയാം. മയമേറെയുള്ള ഒരു നയം. അവനവന്റെ താല്പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ അന്യന്‍ വേണം എന്നതുകൊണ്ടുമാത്രം ആവിഷ്കൃതമാകുന്ന സമരസപ്പെടലുകളുടെ മൂര്‍ത്തരൂപം. അതിലേറെ എന്താണ്‌ പ്രണയം എന്ന് എനിക്കറിയില്ല. ഏറ്റവും ആകര്‍ഷണീയതയുള്ള അസംബന്ധം.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ കുറിക്കുന്നു എന്ന് ആശ്ചര്യം തോന്നുന്നോ? നിനക്കറിയാത്തതല്ല്ലല്ലോ ഇതൊന്നും. എപ്പോഴെങ്കിലുമൊക്കെ സത്യസന്ധരാകാതെ പൂര്‍ത്തിയാക്കാനാകില്ല ജീവിതം എന്നത് തന്നെ കാരണം. സത്യം എന്ന വാക്കിനെ എനിക്ക് വിശ്വാസമില്ല. അതിലും നല്ലത് നേര്‌ എന്ന വാക്കായിരിക്കും. നേരിനു ആളുകളെ ചേര്‍ത്തുനിര്‍ത്താനുള്ള പശിമ ഇല്ല. അളുകളെ എന്തിനു ചേര്‍ത്തു നിര്‍ത്തണം? കള്ളങ്ങള്‍ മത്സരിക്കുന്ന വിപണിയില്‍ ജീവിക്കുന്നു എന്നതുകൊണ്ടാകാം ഇടക്കിടയ്ക്ക് നേരു പറയുന്നത്.
നിന്നെക്കുറിച്ച് ഇതുവരേക്കും ഒന്നും പറഞ്ഞില്ല എന്ന് പരാതി തോന്നുന്നുണ്ടോ? എന്നെയാണ്‌ ഞാന്‍ എഴുതുന്നത്. എല്ലാ കാല്പനീകരും ഇങ്ങനായിരിക്കാം. സ്വം എന്ന ദുര്‍ഗ്ഗത്തില്‍ തളക്കപ്പെട്ട ജന്മം മറ്റെന്ത് എഴുതാനാണ്‌. എന്നെക്കുറിച്ചെഴുതുന്നതെല്ലാം നിന്നെക്കുറിച്ചാകുന്നു എന്നെ കളവ് ഇനിയും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. നിന്നോടെങ്കിലും സത്യസന്ധനാകണം എന്നുണ്ട്. സാധിക്കുമോ എന്ന്  ഉറപ്പില്ലാത്ത ഈ വിചാരത്തിന്റെ ഉണ്മയാണ്‌ എനിക്ക് നീ. അതിലേറിയും കുറഞ്ഞുമായി ഒന്നുമില്ല എനിക്ക് നിന്നോട്.
ഇങ്ങനൊക്കെ പറയും എന്നു കരുതിയല്ല എഴുത്തു തുടങ്ങിയത്. പക്ഷേ, വാക്കുകള്‍ ഇപ്പോള്‍ എന്റെ വരുതിയിലല്ല. അതുകൊണ്ട്, നിനക്കു തരാന്‍ എന്റെ പക്കല്‍ ആശംസകളൊന്നും അവശേഷിക്കുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുമായിരിക്കും, നിശ്ചയമില്ല. എന്റെ വാക്കുകള്‍ക്ക് നീ അവകാശിയാകുമായിരിക്കും, തീര്‍ച്ചയില്ല.
അതുകൊണ്ട് നിര്‍ത്തുന്നു.

2 comments:

ajith said...

ഇതെങ്ങാനും വായിച്ചാല്‍ പ്രണയിനി എപ്പോള്‍ ഓടിയെന്ന് ചോദിച്ചാല്‍ മതി!!

Chutala bhadhrakaali said...

അവനവന്റെ താല്പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ അന്യന്‍ വേണം എന്നതുകൊണ്ടുമാത്രം ആവിഷ്കൃതമാകുന്ന സമരസപ്പെടലുകളുടെ മൂര്‍ത്തരൂപം - aayathinaal thaankaludeth pranayamaayirunnilla.

Blog Archive