Sunday, April 26, 2015

സെൻസറിങ്ങിന്റെ അക്കാദമിക പാഠങ്ങൾ അഥവാ അടക്കത്തിന്റെ സാമൂഹ്യ പാഠങ്ങൾ

Blurred Visions എന്ന കവിതയിൽ അപർണ്ണ വിൻസന്റ് എഴുതിയതു പോലെ പ്രവചന സ്വഭാവമുള്ള വരികളുണ്ട്.
They ordered me to draw patterns,
"Black straight lines-
towards the left."
"White straight lines-
towards the right."

And I drew them, flawlessly,
surprising myself.
Then they asked me to draw trees
in black and white.
I gave them back their colors,
black and white,
and walked away with tears in my eyes.-ഇങ്ങനെ തങ്ങൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്, വേണമെന്ന് കരുതുന്ന അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്ന കലാകാരന്മാർ ഉണ്ട്. തന്നെയുമല്ല ആവിഷ്കാര സ്വാതന്ത്ര്യം തങ്ങൾടെ അവകാശമാണെന്നും അതില്ലാതെ പിന്നെന്ത് കൊലയാണ് കലയെന്നും അവർ ചോദിക്കും. ഇതുപോലത്തെ ധാരണപ്പിശക് വേറുണ്ടോ? സ്വാതന്ത്ര്യം എന്നതിന്റെ മലയാളം തോന്ന്യാസം എന്നാണ്. തോന്ന്യാസം ആവിഷ്കരിക്കാൻ പാടുണ്ടോ?സർവ്വകാലാശാലകളിൽ ഇതൊക്കെ ഉണ്ടെന്നും വിചാരിച്ചിരിക്കുമ്പോൾ ഒരു വിളംബരം ഉണ്ടായി...

കഥ ചുരുക്കത്തിൽ
ഹൈദരബാദ് കേന്ദ്രസർവ്വകലാശാലയിലെ fine arts വകുപ്പ് തലവന്റെ 16-04-2015 ലെ വിളംബരം തെര്യപ്പെടുത്തി: 'വരപഠിക്കുംകുട്ടികൾ, തങ്ങൾടെ കലാസൃഷ്ടി നാട്ടുകാരെ കാണിക്കുന്നതിനും മുമ്പ് ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച കമ്മറ്റിയുടെ അരിപ്പയിലൂടെ കടത്തിവിട്ട് അനുവാദം മേടിക്കണം. ആയതിലേക്ക്, പടത്തിന്റെ പടം സി.ഡിയിലാക്കി ടി.കമ്മറ്റിയുടെതൃപ്പാദങ്ങളിൽ സമർപ്പിക്കേണ്ടാതാകുന്നു' .(ദിമ്മാതിരി തലവാഴുമിടങ്ങളിൽ fine arts നു പിഴ കല എന്ന് മൊഴിമാറ്റുന്നതിനു ഗവേഷക ദൈവം ഗൂഗിൽ സായ്‌‌വിനെ കുറ്റം പറയാനൊക്കുമോ?).
വിളംബരം വരുംമുന്നേ കൂടിയ ഒരു മീറ്റിങ്ങിൽ(31-03-2014) പുകിലുണ്ടാക്കാനിടയുള്ള കലാസൃഷ്ടികളെ തിരഞ്ഞെടുത്ത് അവകൾ നാട്ടുകാർ കാണുന്നതിൽ നിന്നും ഒഴിവാക്കാൻ കമ്മറ്റി രൂപീകരിക്കണം എന്ന് തലവൻ പറഞ്ഞിരുന്നു. സെൻസറിങ്ങിന്റെ virtues നെപ്പറ്റി ചില അദ്ധ്യാപഹയർ തലൈവന് കോറസായി. (virtues-ആർഷഭാഷയിൽ ധർമ്മം ഗുണം എന്നൊക്കെ പറയണ സംഗതി. റൊക്കം എന്താണിതെന്നു ആർക്കും തിട്ടമില്ല. കലയുടെയും തദ്വാരാ കാലാകാരികളുടെയും മർമ്മത്ത് കുത്താൻ ഇതിലും നല്ലൊരു ആയുധം വേറെയില്ലെന്ന് മോക്ഷാംദേഹികളല്ലാത്ത മുനിമാർക്ക് അറിയാം). കുറച്ചുവിദ്യാർത്ഥികൾ (പിള്ളേര്- എന്നാകും സാറന്മാരുടെ ഭാഷ്യം) മേല്പറഞ്ഞ അരിക്കൽ പ്രക്രിയയെ എതിർത്തു.തീരുമാനകാതെ ആ മീറ്റിംഗ് പിരിഞ്ഞു.പിന്നെ,കുറച്ച്നാൾക്കകം സെൻസർഷിപ് നോട്ടീസ് വിരിഞ്ഞു. ചരിത്രത്തിൽ എന്നും ഉള്ളതു പോലെ പിള്ളേരിൽ ഒരു കൂട്ടം അദ്ധ്യാപഹയപക്ഷത്തുണ്ടെന്നും കേൾക്കുന്നു. (വിശദവിവരംഇവിടെ:Revoke decision by Head, Dept. of Fine Arts to implement Screening/Selection Committee)

പുറത്തുപറയാത്ത ചില സാമൂഹ്യപാഠങ്ങൾ

തിന്നുന്നതുൾപ്പെടെ സകലതും ഏതാകണം എന്ന് മേലാവിൽ നിന്നും കല്പന വരുന്ന കാലത്ത് ഈ സെൻസറിങ്ങിൽ ഒരു പുതുമയും ഇല്ല. മാത്രമല്ല കലാകാരന്മാർക്ക് മാത്രമായി പ്രത്യേക സ്വാതന്ത്ര്യം ഒന്നും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, അത് ഇവിടം ഏതിടമാണെന്നും എങ്ങനത്തെ ഇടമാണെന്നും ശരിക്കറിയാത്തതുകൊണ്ടാണ്.
അതറിയുന്നതിനു, പേരുവെളിപ്പെടുത്തില്ലെന്ന ഉറപ്പോടെ, Doctoral Committee ക്കു മുന്നും ശേഷവും കുറേ നാളേക്ക് ഉറക്കം പോകുന്നതെന്തുകൊണ്ടെന്ന് സോഷ്യൽ സയൻസിലെ ഗവേഷകരോട് ചോദിക്കൂ?(ഹ്യുമാനിറ്റീസായാലുംസംഗതി നടക്കും കേട്ടോ. ശാസ്ത്രഗവേഷണത്തിലെ അടിമവേലയുടെ ശാസ്ത്രീയത് ശാസ്ത്രകാരർക്കേ അറിയൂ. അത് പറയാൻ നമ്മൾ ആളല്ല).
(DoctoralCommittee (DC): സെമസ്റ്റർ ഒടുങ്ങുമ്പം, അതുവരേക്കും ഗവേഷണം ഏത് വരെ എന്ന് കഥ എഴുതി ഗൈഡുൾപ്പെടുന്ന 3-അംഗകമ്മിറ്റിക്കു മുന്നാകെ സാക്ഷ്യപ്പെടുത്തി അനുവാദാനുഗ്രഹങ്ങള്‌ വാങ്ങണം. എങ്കിലേ അടുത്ത സെമ്മിലേക്ക് കയറ്റംകിട്ടൂ. ഈ സർവ്വകലാശാലയിൽ ടി-പരിപാടി സംഘടിപ്പിക്കുന്ന കമ്മിറ്റിയാണ് DC. പേര് മാറിയാലും കോലത്തിൽ കാര്യമായി മാറാതെ ഇത് ഏറെക്കുറേ എല്ലാസർവ്വകലാശാലയിലും ഉണ്ട്. ഗവേഷകർക്ക് പണിയൊന്നും ഇല്ലെന്നും പരീക്ഷയില്ലെന്നും ധരിച്ചുവശായിരിക്കുന്ന ഗവേഷിക്കാൻ താല്പര്യപ്പെടുന്ന പ്രഭൃതികളുടെ അറിവിലേക്കാണ് എല്ലാവർക്കും അറിയാവുന്ന ഇത് ഇങ്ങനെ പറഞ്ഞത്.) Humiliation എന്നതിനെക്കുറിച്ച് കാണ്ടംകാണ്ടമായി അപ്പോൾ കേൾക്കാം. കേൾവിയാണ് പ്രധാനം. തിരിച്ച് ഒന്നും പറയരുത്. "നിർദ്ദേശിക്കാനാണ് ഞങ്ങൾ ഇവിടിരിക്കുന്നത്. ഇങ്ങോട്ട് ഒന്നും പറയണ്ട.” എന്നൊക്കെ പറഞ്ഞ, പറയുന്ന റേഡിയോ‌മോഡൽ സാറന്മാരനവധി. ഉദാഹരണത്തിനു പ്ലാവിനെക്കുറിച്ച് ഗവേഷണം നടത്തുന്നവളോട് എന്തുകൊണ്ട് ചക്കതിന്നുന്നവരെല്ലാം പ്ലാവിനെക്കുറിച്ച് പഠിക്കുന്നു? നിങ്ങൾ മാവിനെക്കുറിച്ച് പഠിക്കാത്തതെന്ത്?തുടങ്ങിയ ഗഹനമായ ചോദ്യങ്ങൾ (സപുച്ഛം)ചോദിക്കുന്നവർ ഉണ്ട്. തിരിച്ചൊന്നും പറയരുത്. ഗവേഷകന്റെ ഒന്നാംഗുണം അനുസരണമാകുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞരാകാൻ പോകുന്ന സകലർക്കും അനുഭവം. അനുഭവമാണല്ലോ ഇപ്പോഴത്തെ ട്രെന്റ്.
അതുകൊണ്ട് കലാകാരന്മാരേ,സെൻസർഷിപ്പിന്റെ പല രൂപങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വിലസുന്ന ഒരിടമാണ് നമ്മുടെ ഈ സർവ്വകലാശാലയും. സാറന്മാർക്ക് താല്പര്യമില്ലായ്കയാൽ ഗവേഷണ വിഷയം പലവട്ടം മാറ്റിയ സകലർക്കും പണ്ടേ ഇതറിയാം.അവരൊന്നും ഇത് വിളിച്ച് പറയുന്നില്ലെന്നേഒള്ളൂ. ആരോടു പറയാൻ എന്നതും പ്രശ്നമാണ്. എന്തെന്നാൽ, സർവൈലൻസിനെക്കുറിച്ച് ഘോരാൽഘോരം പ്രസംഗിക്കുന്ന,ഗവേഷിക്കുന്ന ഒരു മഹാത്മൻ,ഒരു പയ്യനോടു മൊഴിഞ്ഞു.'നീയൊന്നും ഗവേഷിച്ചിട്ട് ഒരു കാര്യോം ഇല്ല. നീ ചെയ്തോണ്ടിരിക്കുന്ന വായ്നോട്ടമാണ് നിനക്ക് പറ്റിയപണി'. സാറ്, സർവൈലൻസ്സർവ്വ വയലൻസോടെയും പരിശീലിച്ച്  നോക്കിയതാകും.സർവ്വൈലൻസിനെപ്പറ്റി ഇനി ആരോട് പരാതി പറയും?  ഹിന്ദുത്വത്തെക്കുറിച്ച് ഗവേഷിക്കും വിജ്ഞരോട് ഒരു ചോദ്യം  ചോദിച്ചപ്പോള്‌ ഉടൻ മറുപടി വന്നു-”നീ മുസ്ലീമായതുകൊണ്ടാണ് ഈ ചോദ്യംചോദിച്ചതെന്ന്". എത്തിക്സ് പഠിപ്പിക്കുന്നവർ എത്തിക്കലാകണം എന്നു ശഠിക്കുന്നത് ലോജിക്കലല്ലെന്ന് ലോജിക്ക് പഠിപ്പിക്കുന്ന ലോജിക്കലല്ലാത്തവർക്കും അറിയാം എന്ന് സമാധാനിക്കാം.

ഇപ്പം വന്ന സെ‌‌ൻസറിംങ്ങ് ആഹ്വാനം ഒറ്റപ്പെട്ട സംഭവം അല്ലെന്നു മാത്രമാണ് പറഞ്ഞു വന്നത്. ഇവിടുള്ളവകളുടെ ഒരു തുടർച്ച മാത്രമാകുന്നു അത്. അടക്കംപഠിപ്പിക്കുന്നവർ ശീലിപ്പിച്ച തേങ്ങാക്കൊലകൾ ഇളം കാറ്റിൽ ആടും. അങ്ങനെ ആടാത്ത ചിലതുണ്ടെന്ന് ചോദിച്ചുംപറഞ്ഞും തെളിയിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെ നടപ്പാക്കും എന്ന് എനിക്ക് ഒരു പിടീം ഇല്ല.
Tell me,
How can I draw them all-
justin black and white?”(Blurred Vision).

വാല്
സകല വിദ്യാർത്ഥികളും മഹാന്മാരണെന്നോ അദ്ധ്യപകരൊക്കെ മൂരാച്ചികളാണെന്നോ അല്ല. അദ്ധ്യാപകർ ഒന്നിന്റേയും അവസാനവാക്കല്ലെന്ന് ആവ‌‌ർത്തിക്കുന്ന കുറച്ച് അദ്ധ്യാപർ ഇപ്പോഴും ഉണ്ട് .ഇത്തരക്കാർ വംശനാശ ഭീഷണിയിലാണ് എന്നാണ് അഭിജ്ഞമതം.

4 comments:

ajith said...

അടിയന്തിരാവസ്ഥയോ

ഇഗ്ഗോയ് /iggooy said...

ആദിപുരാതന കാലം മുതലേ ഇങ്ങനൊക്കെ ആണ്. പുറത്ത് പറയാറില്ലെന്നേയൊള്ളു

Pradeep Kumar said...

ഏതോ സ്ഥാപിത താൽപ്പര്യക്കാരുടെ വാലായി അഴിഞ്ഞാടുകയും, ടി.വി യിലും പത്രത്തിലും പേരും ഫോട്ടോയും അടിച്ചുവന്ന് വാർത്തയിൽ നിറയാൻ എന്തു വൃത്തികേടും ചെയ്യാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന വിദ്യാർഥിനി-വിദ്യാർത്ഥികളുടെ ക്യാമ്പസ് എന്ന ദുഷ്പേര് ഈയ്യിടെ ഹൈദരാഹാദ് സർവ്വകലാശാല നേടിയെടുത്തിരുന്നു. അതിൽനിന്നു മാറിക്കൊണ്ട് പ്രസക്തമായ വിദ്യാർഥി പ്രശ്നങ്ങളും, സാമൂഹ്യപ്രശ്നങ്ങളും ഉന്നയിക്കുന്ന വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ഒരു സമൂഹമായി അവിടുത്തെ വിദ്യാർത്ഥികൾ ഉയരുന്നതു കാണുന്നതിൽ വലിയ സന്തോഷം....

ഇഗ്ഗോയ് /iggooy said...

ഇവിടെ നടന്നതും നടക്കുന്നതായി നാട്ടിൽ പറയപ്പെടുന്നതും തമ്മിൽ സാരമായ വ്യത്യാസം ഉണ്ട്. അത്രേ ഒള്ളു.

Blog Archive