Sunday, May 17, 2015

ഭൂമി ഒറ്റപ്പെടുന്നു.

അവിശ്വാസിക്ക്
വേദപുസ്തകം സമ്മാനിച്ച നിന്റെ ധൈര്യമാണ്
കണ്ടിട്ടില്ലാത്ത കാനാൻ ദേശത്തിലേക്ക്
കൂട്ടുവിളിക്കാൻ പ്രേരിപ്പിച്ചത്.
(അസമയത്തെ ആത്മവിശ്വാസം അപകടമാണെന്ന് അറിഞ്ഞവളേ,
വൈകുന്ന വെളിപാടുകളില്‍ തിരിച്ചറിവാകുന്ന ജീവിതമേ
സ്തുതിയും സമാധാനവും നിനക്ക്.)

വീഞ്ഞുകിട്ടാത്ത രാത്രിയില്
വെള്ളം നോക്കി വിചാരപ്പെടുമ്പോൾ
നീ കന്യാതനയന്റെ അത്ഭുതവൃത്തികളെ സ്മരിക്കുന്നു.
ഉടലാം വീഞ്ഞുപാത്രമെന്ന
ഉത്തമഗീതരൂപകം ഞാനുരുവിടുന്നു.

ഏത് വിശ്വാസിയുടെ പ്രാക്ക്
മിന്നലായാ നേരത്ത്?
പാപത്തിലേക്ക് മധുരിക്കാതെ
മരണപ്പെടാൻ അനുഗ്രഹിച്ച്
നീ പിന്തിരിയുന്നു.
പരീക്ഷകളിൽ നിന്നും രക്ഷിച്ചവനെ
പ്രാർത്ഥിക്കുന്നു.
വിഫലരാവുകളുടെ ഉടയവനെന്ന്
പ്രണയിച്ചവന് വെളിപ്പെടുന്നു.
ഇയ്യോബിന്റെ പുസ്തകത്തില്‍
ഒരേടുകൂടി ചേരുന്നു.

നിയതിയുടെ നിയമപുസ്തകം
നിസ്സഹായതയുടെ ഏടുവായിക്കുമ്പോള്‍
നിന്റെ കണ്ണു നനഞ്ഞത്
എനിക്ക് കാഴ്ച.
വച്ചുമാറാനാകാത്ത വഴികളുടെ യാത്രികര്‍
കഥകളും കാഴ്ചകളും കൈമാറി
അന്യോന്യം കണ്ടെടുത്ത്‌
അന്യരായത്
നമ്മുടെ സ്വകാര്യം.

ഭാവിയിലേദന്‍ പണിയുന്ന
സ്വപ്നഭാഷണക്കാരെ
വര്‍‌ത്തമാനം കുരിശേറ്റുന്നു.
പഴയതും പുതിയതുമായ നിയമങ്ങള്‍
നീതീകരിച്ച പീഢാനുഭവങ്ങളില്‍,
ഭൂമി ഒറ്റപ്പെടുന്നു.

3 comments:

Rare Rose said...

കൊള്ളാം..
ഇപ്പഴും കഥയും,കവിതയുമായ് ബൂലോകത്ത് പച്ച പിടിച്ച് നിൽക്കുന്നല്ലോന്ന് ഇവിടെയെത്തിയപ്പോ അതിശയിച്ചു :)

ajith said...

ഇപ്പഴും കഥയും,കവിതയുമായ് ബൂലോകത്ത് പച്ച പിടിച്ച് നിൽക്കുന്നല്ലോന്ന് ഇവിടെയെത്തിയപ്പോ അതിശയിച്ചു :) >>>>>> റെയര്‍ റോസ് റെയറായിട്ടേ വരുന്നുള്ളുവെങ്കിലും ഞങ്ങളൊക്കെ ഇപ്പഴും ഇവിടെക്കെയുണ്ട്. അല്ലേ ഇഗ്ഗോയ്

ഇഗ്ഗോയ് /iggooy said...

പോകാന്‍ വേറെ ഇറ്റമില്ലാത്തതുകൊണ്ടും ഇപ്പോഴും പഠിച്ച് നടക്കുന്നതുകൊണ്ടും ഇവിടൊക്കെത്തന്നെയുണ്ട്. റൊസ് റെയാഅകയാല്‍ വല്ലപ്പൊഴും വന്നാല്‍ മതി. ലേകിന്‍, നമ്മള്‍ സാധാരണര്‍ അങ്ങനാകാന്‍ പാടില്ലല്ലോ.

Blog Archive