Friday, July 3, 2015

ഓർമ്മകളെക്കുറിച്ച്

ചില ഓർമ്മകൾ
അനുസരണയില്ലാത്ത നായയെപ്പോലെ
അനവസരത്തിൽ കുരച്ചുചാടും.
ഉപേക്ഷിച്ചവീടുകൾക്ക് കാവൽ നിൽക്കും.
തോന്നുമ്പോലെ വന്നുപോകും.

ചിലത്
ഒരിക്കൽ ഓമനിച്ച പൂച്ചയെപ്പോലെ
എത്ര ദൂരേയ്ക്കുപേക്ഷിച്ചാലും
തിരിച്ചുവരും.
മുട്ടിയുരുമ്മി സ്നേഹംഭാവിച്ച് അലോസരപ്പെടുത്തും.
ഒളിച്ചുവച്ചനഖങ്ങളാൽ
ഓർക്കാപ്പുറത്ത് മാന്തിക്കീറും.
ഒറ്റപ്പെടലിന്റെ ഇരുട്ടിൽ
അവയുടെ കണ്ണുതിളങ്ങും.

പേപിടിച്ച അരുമകളാലേറ്റ
കാണാമുറിവുകളാകണം
കാലമാപിനിയിൽ
ഓർമ്മകളായി പുലരുന്നത്.
അവയിലൊരു തിരഞ്ഞെടുപ്പിനു
ഏകകങ്ങളില്ലായ്കാൽ
സന്തോഷത്തിന്റെ നിമിഷം ഏതെന്ന ചോദ്യം
ഓർമ്മകളിൽനിന്നും നമ്മെ പുറത്താക്കുന്നു.

ചരിത്രമെന്നപോലെ
ഓർമ്മകളും
ഉപേക്ഷിക്കപ്പെട്ടവരുടേതുമാണ്.

ആരുടെ ഓർമ്മയാണ്,
ഓർമ്മകളിലാണ്
നാം?

2 comments:

ajith said...

ചിലപ്പോള്‍ ഓര്‍മ്മകള്‍ മൂട്ടകളെപ്പോലെയുമാണ്. അറിയാതെവന്ന് കടിച്ചിട്ട് പോകും!

Pradeep Kumar said...

ആരെങ്കിലാലും ഓർമ്മിക്കപ്പെടുക എന്നത് വലിയ സൗഭാഗ്യമാണ്....

Blog Archive