Monday, February 15, 2016

ദേശദ്രോഹിയുടെ പ്രണയലേഖനം


പ്രിയപ്പെട്ടവളെ

നിന്നെയും എന്നെയും നമ്മുടെഭാവിയെയും കരുതിയാണ് ഇന്നലെ, പ്രണയദിനത്തിൽ നിന്നെ കാണാൻ വരാതിരുന്നത്.
പ്രേമം പ്ലേറ്റോ‌കണ്ടെത്തിയതും വിദൂരതയിലേക്ക് നോക്കുന്ന കണ്ണുകള്‌ വികാരം പങ്കുവയ്ക്കുന്നയ്തുമായ ആദ്ധ്യാത്മിക പരിപാടിയല്ലെന്ന് എനിക്കും നിനക്കും അറിയാം. അത് കുരുമുളകിട്ട് വരട്ടിയ പോത്തിറച്ചിപോലെ വികാരഭരിതമായ ഒന്നല്ലേ. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെതുപോലത്തെ പ്രണയം സംസ്കാരവിരുദ്ധ പ്രവർത്തനമാകുന്നു. എന്റെ ധീരവനിതേ, നിന്റത്രേം ധീരത എനിക്കില്ല. തന്നെയുമല്ല, ആർഷഭാരതത്തിൽ നമ്മൾ ഒന്നിച്ച് ബീഫ് ബിരിയാണി തിന്നുന്ന രംഗം നിനക്ക് സങ്കല്പിക്കാനാകുമോ? നിനക്ക് പറ്റും എന്നെന്നിക്കറിയാം. എനിക്ക് തല്ലുകിട്ടുന്ന ക്രൂരാൽ ക്രൂരതകൾ സ്വപനം കണ്ടിട്ടുള്ള നീ അതും അതിലപ്പുറവും സങ്കല്പിക്കും. പക്ഷേ, ലട്കീ, ദേശദ്രോഹമാണ് കുറ്റം. ജാമ്യമില്ലാ വകുപ്പാണ്. ടെറ്റനസ് ഇഞ്ചക്ഷൻ പോലും എടുക്കാതെ ഹോമിയോ ഗുളിക കഴിച്ച് ജീവിക്കുന്ന ഞാൻ നെടുംമ്പുറത്ത് ലാത്തിമുദ്ര പ്രണയസ്മാരകമായി കൊണ്ടുനടക്കേണ്ടി വരും. തന്നെയുമല്ല, പ്രണദിനം ഭഗത്‌‌സിംഗിന്റെ ജന്മദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ അന്നേദിനം വിപ്ലവപ്രവർത്തനം മാത്രേ‌പാടൊള്ളൂ. തിരിഞ്ഞോ?
"കരേലൊരു ദണ്ഡേ
അരേ കാക്കി നിക്കറേ
കവാത്തണം ദിനേദിനേ
ദേശപ്രേമപ്രോജ്ജ്വലേ"
[അതായത് കയ്യിൽ വടിയും പിടിച്ച് കാക്കി കളസമണിഞ്ഞ് ദിവസവും കവാത്തുനടത്തി ദേശസ്നേഹം അങ്ങട് കത്തിക്കണം.] എന്നാണ് ഗുരുവാക്യം. ഗുരു ദൈവമാണ്. ദൈവങ്ങൾക്ക് ഇവിടെ എന്ത് തോന്ന്യസോം‌കാട്ടാം. അദ്ധ്യാത്മികരംഗം ഇങ്ങനിരിക്കെ, ദേശസ്നേഹികൾ ഉദ്ധരിച്ച് നിൽക്കേ, പ്രണയദിനത്തിൽ പ്രണയധീരതകാട്ടാൻ പുറത്തിറങ്ങി തല്ലുകൊണ്ട് ചളുങ്ങേണ്ട വല്ല കാര്യവും ഉണ്ടോ? അതൊക്കെ മനസ്സിലാക്കിയതുകൊണ്ട് -പേടിച്ചിട്ടല്ല- ഇന്നലെ വരാതിരുന്നത്. Fear is wisdom infront of danger എന്ന് ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനാണെങ്കിൽ, നമ്മുടെ രാജ്യത്ത് wisdom മാത്രമേ കാണൂ. പ്രേമം ഉണ്ടാകില്ല.
നീ ചിരിക്കരുത്. മണ്ടീ, റോട്ടിൽ കിടന്ന ചാണകത്തിൽ ചവിട്ടിയതിനു ഒരു മുസ്ലീമിനെ രാജ്യദ്രോഹിയാക്കിയതും അയാളെ പരസ്യവിചാരണ ചെയ്തതും നീ മറന്നു പോയോ. പശു-സോറി പശുവമ്മ-വിശുദ്ധജന്തു ആകയാൽ അതിന്റെ തീട്ടവും വിശുദ്ധമാണ്. ആകയാൽ അതിൽ ചവിട്ടുന്നത്, അതും പശുതീനിയായ ഒരു മുസ്ലീം ചവിട്ടുന്നത്, പശുക്കുട്ടികളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. മുത്തേ, ദേശസ്നേഹം വേണം. ദേശസ്നേഹം.
കഥ അത് മാത്രമല്ല.
നീ ഉമ്മവച്ച് കവിളിൽ ഇനി വേറൊരുത്തിയും ഉമ്മ വയ്ക്കണ്ട എന്നൊക്കെ സിനിമാസ്റ്റൈലിൽ തട്ടിവിട്ട് വളർത്തിയ ഉഗ്രൻതാടി നിശ്ശേഷം വടിച്ച് ഞാൻ നിർരോമമുഖനായിരിക്കുകയാണ്. വറകലം കമിഴ്തിയപോലെ മനോഹരമാണ് ഇപ്പോള്‌ എന്റെ മുഖം എന്ന് നീ പറയും. എന്നൽ താടിയേക്കാള്‌ മുഖമല്ലേ നമുക്കാവശ്യം. താടി വച്ചു എന്ന കുറ്റത്തിനു ഒരാളെ കുറേപേർ ചേർന്ന് ഭീഷണിപ്പെടുത്തുന്നതും കിറിക്കിട്ടു കുത്തുന്നതും ഞാൻ കണ്ടതാണ്. താടി വച്ചവരും കുർത്തയിട്ടവരും ഇപ്പോൾ മുസ്ലീം മാത്രമല്ല ജെ.എൻ.യു ക്കാർ കൂടിയണ്. തദ്വാരാ-ആ ഓട്ടയിലൂടെ നോക്കിയാല്- ഡബിൾ രാജ്യദ്രോഹിയും. താടിയും മീശയുമില്ലാത്ത പെണ്ണുങ്ങൾക്ക് ഭാരതത്തിൽ താടിമീശവളർത്തുന്നവരെടുക്കുന്ന റിസ്കിനെക്കുറിച്ച് ഒന്നുമറിയില്ല.
പ്രിയേ, നീ ആശ്വസിക്കണ്ട. സ്ലീവ്‌‌ലെസ്സിടുന്ന പെണ്ണുങ്ങളേം ദേശീയർ നോട്ടമിട്ടിട്ടുണ്ട്. അതൊകെ ഫെമിനിസ്റ്റുകളാണെന്നാണ് പലദേശസ്നേഹികളും പറയുന്നത്. ഫുൾടിഫുൾമൂടും പർദ ഇടാമെന്നും കരുതേണ്ട. പർദയിട്ടൽ മുസ്ലീമാവും. മുസ്ലീ‌‌ങ്ങളുടെ അവസ്ഥ ഞാൻ പറഞ്ഞു തരേണ്ടല്ലോ? നീ, നീണ്ട സാരിയുടുത്ത് പൊക്കിളും വയറുമൊക്കെ കാട്ടി, പേപട്ടി (നിക്കറിട്ടതോ അല്ലാത്തതോ) ഓടിച്ചാൽ പോലും അനങ്ങാൻ വയ്യാത്ത വിധത്തിൽ ഒരുങ്ങി ഒതുങ്ങി നടന്നോ. അതാണ് ഫാരതിയുടെ വേഷം. ഒളിഞ്ഞുനോക്കികള്‌ വായിൽ വെള്ളമൊലിപ്പിച്ച് സഹോദരീ‌ എന്ന് വിളിക്കുകയും കയ്യിൽ രക്ഷാമന്ത്രമോതിയ ചരട് കെട്ടിത്തരികയും ചെയ്യും. സമുദ്രനിരപ്പിൽ നിന്നും കഷ്ടിച്ച് ഒന്നരയടി മാത്രം ഉയരമുള്ള നീ ആറുമുഴം ചേല ഉടുക്കണ കാര്യം ഓർക്കുമ്പോഴേ തന്നെ എനിക്ക് ചിരിവരും. പക്ഷേ, ഇത് ചിരിക്കാനുള്ള സമയമല്ല. എന്റെ സുന്ദരീ, നിന്നോടും എന്നോടും ഉള്ള സ്നേഹംകൊണ്ട്‌ പറയുകയാണ്, നീ സാരി ഉടുക്കാൻ പഠിക്കണം. സ്ലിറ്റൊള്ള ചുരിദാർ, കയ്യില്ലാത്ത കുപ്പായങ്ങൾ തുടങ്ങി നിന്റെ ഉടുപ്പുകൾ പലതും ദേശദ്രോഹമോ സംസ്കാരശൂന്യമോ ആയിക്കഴിഞ്ഞു എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. ഇതിനൊന്നും വയ്യെങ്കിൽ, ദേശസ്നേഹം സാംസ്കാരികം എന്നിവ പതിച്ചു തരുന്ന ഇടത്തു നിന്നും സർട്ടിഫിക്കറ്റ് വാങ്ങണം. ദണ്ഡിയാത്ര നടത്തിയ അപ്പൂപ്പൻ ഓട്ടോ ഇടിച്ച് മരിച്ചതാണെന്ന് വിശ്വസിക്കുന്ന വിശ്വമാനവരുടെ ഓഫീസിൽ മേല്പറഞ്ഞതിനുള്ള അപേക്ഷാ ഫോം കിട്ടും. പൊന്നേ, നീ ഒറ്റയ്ക്ക് പോകരുത്. കണ്ടവരുടെ വാക്കുകേട്ട് വയറ്റുകണ്ണിയായ ഭാര്യയെ കാട്ടിലയച്ചവർക്ക് വേണ്ടി കലാപം ഉണ്ടാക്കിയവരാണ്. ടി. ഭർത്താവിനു യുദ്ധം ജയിക്കാൻ വേണ്ടി എതിരാളിയുടെ ഭാര്യയെ ബലത്സംഗം ചെയ്തതായും കിംവദന്തികൾ ഉണ്ട്. തലയല്ലാത്ത മറ്റെന്തോ‌കൊണ്ട് ചിന്തിക്കുന്ന ടീമിനോട് സംവദിക്കൻ പോയല്ല ധീരത കാട്ടേണ്ടത്.

ഇങ്ങനെ മുക്തകണ്ഠം ഗദ്ഗദപ്പെടുത്തുന്ന സീനുകൾ ആണേലും, നമ്മൾ തോറ്റ് കൊടുക്കാൻ പോകുന്നില്ല. നിന്നെ ഓർക്കുമ്പോൾ എനിക്ക് ധൈര്യം കിട്ടുന്നുണ്ട്. ആ മരമോന്ത തെളിഞ്ഞു കിട്ടുന്നതിനായി, സാറാമ്മയുടെ കേശവൻ നായരെപ്പോലെ, തലകുത്തി നിൽക്കാൻ നായരല്ലാത്ത ഞാൻ തയ്യാറാണ്. [ഒരു നായർ കൃസ്ത്യാനിപ്പെണ്ണിനെ പ്രീണിപ്പിക്കാൻ വേണ്ടി തലകുത്തി നിന്നു എന്നത് ലവ് ജിഹാദിന്റെ വകുപ്പിൽപ്പെടാൻ സാധ്യതയുണ്ടോ എന്ന് അടുത്ത പള്ളിക്കമ്മറ്റി ചർച്ച ചെയ്യുമായിരിക്കും.]
പള്ളിയും പട്ടക്കാരും മരപ്പൂതങ്ങളേക്കാൾ മണകൊണാഞ്ചന്മാരായ ദേശീയരും നമുക്കൊരു പ്രശ്നമല്ല.
വെള്ളം ചേർക്കാത്ത വാറ്റു ചാരായം പോലെ നമ്മുടെ പ്രേമം പരിശുദ്ധവും വീര്യമുള്ളതാകുന്നു. അതുകൊണ്ട്, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞാൻ നിന്നെ തേടിയെത്തുന്നതും ദേശവിരുദ്ധപ്രവർത്തനമായി ബീഫ്ബിരിയാണി തിന്നുന്നതുമായിരിക്കും.
എന്റെ സുന്ദരീ
ദേശീയതയുടെ അതിപ്രസരമില്ലാത്ത എവിടേലും പോയി നമുക്ക് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് (സോറി മുത്തേ, ഞാൻ എഴുന്നേൽക്കൻ വൈകും. ഏകദേശം ഉച്ചയാകുമ്പോഴേക്കും എഴുന്നേൽക്കാം) ഇന്നതെന്നൊന്നും ഇല്ല. എന്തേലുമൊക്കെ ചെയ്യാം.
അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം, തരാം. (പൊന്നേ പല്ലു തേച്ചിട്ട് വരണം.)

എന്ന്
സ്വന്തം

1 comment:

ajith said...

ഹോ, ഈ കത്ത് നിറയെ നല്ല ഒന്നാം ഗ്രേഡ് രാജ്യദ്രോഹമാണല്ലോ

Blog Archive