Showing posts with label fascism. Show all posts
Showing posts with label fascism. Show all posts

Wednesday, March 4, 2015

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ...


അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു. പശുവിറച്ചി പണ്ടേ‌ നിരോധിച്ചതാണ്. നിങ്ങൾടെ കൈയ്യിൽ നിന്നു ഇനി കാളയിറച്ചി പിടിച്ചാൽ 5 വർഷം ജയിൽ വാസവും 10000 രൂപ പിഴയും. കാളയിറച്ചി തിന്നതിന്റെ മണംമാത്രമാണ് കിട്ടിയതെങ്കില് എന്തു ചെയ്യും എന്നറിയില്ല. പോത്തിറച്ചി (carabeef) നിരോധിച്ചിട്ടില്ല. ഇത്രയും വിവരം ഇന്ത്യൻ എക്സ്പ്രസ്സ് പറഞ്ഞു തന്നു.
ആലോചിച്ചാൽ, ഹൈദരാബദ് സർവ്വകലാശാലയിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. പോത്തിറച്ചിയോട് പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പേ ഇല്ല. 2010 മുതൽ ഇങ്ങോട്ട് കാമ്പസ്സിൽ പോത്തിറച്ചി എതിർപ്പില്ലാതെ വല്ലപ്പോഴുമൊക്കെ വിളമ്പാൻ പറ്റിയിട്ടുണ്ട്. സുക്കൂണിനു (ഈ കാമ്പസ്സിലെ ഒരു ഉത്സവം) കല്യാണി ബിര്യാണി കിട്ടുന്ന കടകള്‌ വരാറുണ്ട്. പറഞ്ഞുപഠിപ്പിച്ച നുണകളിലെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ ഉത്തമ മാതൃക എന്ന് ആർക്കും തോന്നും. പക്ഷേ, വിശേഷാവസരങ്ങളിൽ പ്രത്യേകം സംഘടിച്ചു വേണം ഈ പോത്തിറച്ചി വിളമ്പൽ നടത്താൻ. വിശേഷാവസരങ്ങൾ എന്നാൽ- രാഷ്ട്രീയ പാർട്ടികളുടെ മഹാസമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ,സുക്കൂൺ-ഇവയാണ്. അല്ലാത്തപ്പോൾ, കല്യാണിബിര്യാണി (ഹൈദരബാദിലെ ബീഫ് ബിര്യാണിക്ക് കല്യാണി എന്നാൺ പേർ.) വാങ്ങിക്കൊണ്ടു വരാം. തനിച്ചോ‌ കൂട്ടമായോ തിന്നാം. അതിനപ്പുറം, പരസ്യമായി പോത്തുകൾ നടക്കും. പക്ഷേ, പോത്തിറച്ചി തിന്നുന്നവർക്ക് പറ്റില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കാമ്പസ്സിൽ ഒരു കല്യാണം നടക്കുനു എന്നു വയ്ക്കുക. കേരളത്തിലേതുപോലെ, പോത്തിറച്ചീം നെയ്ചോറും സദ്യകൊടുക്കാം എന്ന് കരുതേണ്ട. നടക്കില്ല. (കേരളത്തിൽ എല്ലായിടത്തും ഇത് പറ്റുമോ എന്നറിയില്ല. എന്റെ നാട്ടിൽ പറ്റുന്നുണ്ട്. എത്ര കാലത്തേക്ക് എന്ന് തിട്ടമില്ല). ഉദാ: 2012 ൽ ഓസ്മാനിയ സർവ്വകലാശാലയിൽ പരസ്യമായി പോത്തിറച്ചിവിളമ്പിയപ്പോൾ (ബീഫ് ഫെസ്റ്റ്) ഉണ്ടായ പുകിലുകൾ. ഇറച്ചി വിളമ്പിയവരെ അപ്പോൾത്തന്നെ വന്യമായി ആക്രമിച്ചു; പട്ടാപ്പകൽ. പക്ഷേ അക്രമികൾക്ക് പത്രഭാഷയിൽ പേരില്ല. എങ്കിലും, പിറ്റേന്ന്, പോത്തിറച്ചി വിളമ്പിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ABVP‌ സംസ്ഥാനവ്യാപകമായി കാമ്പസ്ബന്ദ് നടത്തി എന്ന് പത്രത്തിൽ ഉണ്ട്.
എന്തുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രതീകാത്മകമായി പോത്തിറച്ചി വല്യഎതിർപ്പില്ലാതെ കിട്ടുന്നു എന്നതിനു പലകാരണങ്ങൾ ഉണ്ടാകും. ഒന്ന് ദലിത് രാഷ്ട്രീയത്തിന്റെ ശക്തിതന്നെ. ഇടതു രാഷ്ട്രീയവും ശക്തമാണ്. ഇപ്പോൾ വിദ്യാർത്ഥിയൂണിയൻ നയിക്കുന്നത് ദലിത് സഖ്യമാണ്. (ASA+DSU+BSF+NSUI+others). കഴിഞ്ഞ വർഷം SFI യും അതിനും മുന്ന് SFI+ASA സഖ്യവും ആയിരുന്നു. അതായത് 2010 മുതൽ ABVP കാമ്പസ് യൂണിയൻ ഭരിച്ചിട്ടില്ല. അതൊരു പ്രധാനകര്യം തന്നെ.പലകാരണങ്ങൾ ഇനിയും കണ്ടെത്താം. എന്തൊക്കെയായാലും, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് പോത്തിറച്ചി എന്ന വാസ്തവം നമ്മെ നോക്കി ചിരിക്കുന്നു. കാമ്പസ് ഇലക്ഷനിൽ വിജയിച്ചാൽ ഹോസ്റ്റൽ മെസ്സിൽ ബീഫ് തരാക്കുമോ എന്ന ചോദ്യത്തിനു, എല്ലാവരോടും ആലൊചിച്ച് വേണ്ടത് തീരുമാനിക്കാം എന്നാണ് ദലിത് സംഘടനയിലെ കൾചറൽ സെക്രട്ടറിയായി മത്സരിച്ച വിദ്യാർത്ഥിനി 2012ൽ പറഞ്ഞത്. സ്ഥാനാർത്ഥികളോട്‌ വിദ്യാർത്ഥികള്‌ സംവദിക്കുന്ന വേദിയിലായിരുന്നു ടി. ചോദ്യവും ഉത്തരവും. സമവായത്തിന്റെ സാധ്യതകൾ ആരറിയുന്നു.
ഇനി മലയാളികളുടെ കാര്യമെടുത്താൽ, കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അവർ മലയാളികളുടെ എന്നെ പേരിൽ ആഘൊഷങ്ങൾ നടത്താറുണ്ട്. 'മലയാളികളുടെ എന്ന പേരിൽ' എന്ന് എടുത്ത് പറഞ്ഞത് കൈരളിയില് ചേരാത്തവരും ചേർന്നിട്ട് ബഹിഷ്കരിച്ചവരും എന്നിങ്ങനെ പല കൂട്ടർ ഉള്ളതിനാലാണ്. ഓണത്തിനു ഇറച്ചി വിളമ്പണോ എന്ന കാര്യത്തിൽ 2012 മുതൽ പ്രസ്തുത കൂട്ടായ്മയില് സജീവ ചർച്ചകൾ ഉണ്ട്. (അതിനുമുന്നുള്ളതിനെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ല. ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നാണറിവ്). 2012 ൽ ഓണാഘോഷം ഇല്ലാതാവുകയും കേരളീയം എന്ന സംഭവം ഉണ്ടാവുകയും ചെയ്തു. ചിങ്ങമാസത്തിലെ ആലോചനകൾ പോലും സവർണ്ണതയായതിനാൽ 2013 മുതൽ കേരളീയം പരിപാടി ഓണക്കാലത്തു നിന്നും വേനക്കാലത്തേക്ക് മാറ്റി. സദ്യയിൽ കോഴിയിറച്ചി 2012 ലേ വന്നു. അത് സമവായത്തിന്റെ കോഴിയാണ് എന്ന് അന്നുമുതലേ ആരോപണവും വന്നു. ബീഫ് എന്ന് പയുമ്പോഴേല്ലാം പതിവുപോലെ പന്നി എന്നു പറയാൻ ആളുണ്ട്. അതുകൊണ്ട്‌ ഇതുവരേക്കും പോത്തോ പന്നിയോ സദ്യയ്ക്ക് വിളമ്പിയിട്ടില്ല. ഒരിക്കൽ (2012ല്) സദ്യക്ക് പന്നി വിളമ്പാൻ തീരുമാനിച്ചതാണ്. പിന്നീടുണ്ടായ ഗംഭീരസഹകരണം അവസാനം പന്നിയെ കോഴിയാക്കി മാറ്റി.കോഴിയും മീനും പച്ചക്കറിക്കൊപ്പം വിളമ്പിയ സദ്യയോടെ കേരളീയം ഈ കഴിഞ്ഞ ആശ്ച നടന്നു. എന്നാലും, തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.
“അത് തിന്നരുത് 
ഇത് തിന്നരുത് 
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത് 
എന്നൊക്കെ അനുശാസിക്കുന്നവർക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാകണേ."(ടി.പി.വിനോദ്, ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്) നമുക്ക് പ്രാകാം. പ്രാക്കും ഒരു പ്രതിരോധപ്രവർത്തനമാണ് (കവി ഹരിശങ്കരൻ അശോകൻ).  
പ്രാക്കുകൾകൊണ്ട്‌ തീരുന്നതാണോ സ്വച്ഛഭാരതത്തിലെ തിട്ടൂരങ്ങൾ എന്ന് സംശയമുള്ളതിനാൽ
"അതുകൊണ്ട്‌, ഏയ് ഇല്ല 
എന്നെയൊന്നും ആരും നിരോധിക്കില്ല 
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല.
പിന്നെയല്ലേ...”(ടി.പി.വിനോദ്) എന്ന് ആശ്വസിക്കാതിരിക്കാം.
അല്ലാത്തവർ, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്തുതരുന്ന ഒരു കഷണം ഇറച്ചി നുണഞ്ഞ് ആഹ്ലാദിപ്പിൻ. 

03 മാർച്ച് 2015 ന്  News Moments  ൽ വന്നത്. 

Wednesday, January 14, 2015

എഴുത്തോ നിന്റെ കഴുത്തോ?

'ഒരാളുകൂടി എഴുത്തു നിർത്തി. 'അഛേ'ദിൻ അതായത് നല്ല ദിവസവം വന്നതാണ്.എഴുത്തോ നിന്റെ കഴുത്തോ‌ എന്ന ലളിതവും നിസ്സാരവും തികച്ചും നിരുപദ്രവകരവുമായ ഒരു ചോദ്യമാണ് ഈ അഛേ ദിൻ മുന്നോട്ട് വച്ചത്. എഴുത്തില്ലെങ്കിലും കഴുത്തു വേണം എന്നതുകൊണ്ടും കഴുത്തില്ലാതെ ഒരു മനുഷ്യനും ഇതുവരെ എഴുതിയിട്ടില്ല, എഴുതാനാകില്ല എന്നതുകൊണ്ടും മുരുകൻ എഴുത്തു നിർത്തി. കാരണം, കഴുത്ത് is a necessary condition forഎഴുത്ത് but എഴുത്ത് is not even a sufficient condition for കഴുത്ത്. ഉദ്ധരിച്ച ഹിന്ദുത്വത്തിനു മേല്പറഞ്ഞ ആദ്ധ്യാത്മിക രഹസ്യം മുന്നേ വെളിപ്പെട്ടിട്ടുള്ളതിനാൽ അതിന്റെ പ്രയോഗക്ഷമത ഒന്നുകൂടി തെളിയിച്ചതിൽ അവർ ആനന്ദതുന്ദിലരായി. ഭരദ്വാജവിരചിതമായ യന്ത്രസർവ്വസ്വാനുസൃതം സൃഷ്ടിക്കപ്പെട്ട വിമാനങ്ങളിലേറി ഭാരതം ഗോളാന്തരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ലക്ഷണമാകുന്നു മുരുകന്റെ അവസ്ഥ. അഛേ ദിൻഹേ നാ.
ഒരാൾ എഴുത്തു നിർത്തുന്നതുകൊണ്ട്‌ ഇവിടെ ഒരു മൈരും സംഭവിക്കുന്നില്ല എന്ന് കരുതുന്ന നല്ല മനുഷ്യരുണ്ട്. മൈർ ഒരു തമിഴ് പേച്ചാണ്. മുരുകൻഒരു തമിഴ് എഴുത്തുകാരനും.
എഴുതണോ വേണ്ടയോ എന്നത് എഴുത്താളരുടെ ഇഷ്ടം. Author മരിച്ചിരിക്കുന്നു എന്ന് മുനിമാർ പണ്ടേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ഒരു മുരുകൻ എഴുത്തു നിർത്തി സ്വന്തം മരണം പ്രഖ്യാപിച്ചതിൽ ഒരു ഉൽപ്രേക്ഷ ഉണ്ടാക്കാനുള്ള (വർണ്ണ്യത്തിൽ ആശങ്കയുണ്ടാക്കാനുള്ള) വഹ പോലും ഇല്ല എന്ന് പറയാവുന്നതാണ്. സമാധാനകാംക്ഷികളും തദ്വാരാ തങ്കാര്യം നോക്കികളും പലപ്പോഴും പച്ചക്കറിമാത്രം തിന്നുന്ന അഹിംസാവ്രതരും ആയ സുമനസ്സുകൾ ഇങ്ങനെ ഒക്കെ വിചാരിക്കുന്നുണ്ട്.വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ എഴുതുന്നത് എന്തിനാണ് എന്ന് മേല്പറഞ്ഞ ജീവികൾ ചോദിക്കുന്നുമുണ്ട്. എന്തെന്നാൽ എളുപ്പം വ്രണപ്പെടുന്ന ഇളംമനസ്സാകുന്നു അവരുടേത്. പാവങ്ങൾ.
മനുഷ്യൻഅപ്പം കൊണ്ടു മാത്രമല്ല വചനം കൊണ്ടു കൂടിയാണ് ജീവിക്കുന്നത് എന്ന് പണ്ടേ ഒരു മനുഷ്യൻപറഞ്ഞതാണ്.(അയാൾക്ക്കിട്ടീത് ആലോചിച്ചാൽ പിന്നെ പ്രാണഭയം ഉള്ളവർ എഴുതൂല.അതുകൊണ്ട് അത് വിസ്മരിക്കുക) .അതായത്, അപ്പം തദ്വാരാ അത് വയറ്റിലെത്തിക്കാനുള്ള കഴുത്ത് എന്നിവ മനുഷ്യജീവിതത്തിനു necessary ആണ് but not sufficient എന്ന്. ലളിതമാക്കിയാൽ, ചുമ്മാ തിന്ന് തീരാനുള്ളതല്ല മനുഷ്യജീവിതം എന്ന്. എഴുത്തോ നിന്റെ കഴുത്തോ എന്ന അദ്ധാത്മികചോദ്യക്കാർ, ചുമ്മാതിന്നു തീർക്കാനുള്ളതാണ് ജീവിതം എന്ന, അന്നം മാത്രമാണ് ഈശ്വരൻ എന്ന, സൂക്ഷ്മസൂക്തത്തിലേക്കാണ് നമ്മെ നയിക്കുന്നത്.


അന്നം നല്ലതും സകലർക്കും വേണ്ടതുമാകുന്നു. ലേകിൻ, എന്തുതിന്നണം എന്ന് കൂടി അവർ പറഞ്ഞുതരും. അതായത് നിങ്ങള്‌ തിന്നേണ്ട ആഹാരം, നിങ്ങൾവായിക്കേണ്ട പുസ്തകം, നിങ്ങൾ വിശ്വസിക്കേണ്ട ഈശ്വരൻ, നിങ്ങള്‌ചൊല്ലേണ്ട കീർത്തനം എന്തിനു നിങ്ങൾ‌ യൂറോപ്യൻ ക്ലോസറ്റിലാണോ പോകേണ്ടത്, പോയാൽ അത് ഭാരതീയമല്ലാതാകുമോ എന്നു വരെ വികാരം വ്രണപ്പെടുന്ന ഈ ലളിതമാനസർ പറഞ്ഞു തരും. നിങ്ങൾക്ക് സ്വന്തം പ്രായം എത്രവേണേലും ആകാം പക്ഷേ അഭിപ്രായം ഉണ്ടാകാൻപാടില്ല. അഥവാ അബദ്ധത്തിൽ നിങ്ങൾക്ക് എന്തേലും അഭിപ്രായം ഉണ്ടായിപ്പോയാൽ അത് വികാരജീവികളായ ലളിതമാനസരുടെ അഭിപ്രായത്തോട് ചേരുന്നത് ആയിരിക്കണം. ഇല്ലേൽ,എഴുത്തോനിന്റെ കഴുത്തോ എന്ന് ആദ്ധ്യാത്മികം.
വികാരലോലർ സംഘശക്തരായി മുരുകന്റെ എഴുത്തി നിർത്തിച്ചു.പെരുമാൾ മുരുകൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. മണ്ണിതിൽ പെരുമാക്കൾ മറ്റാരൊക്കെയോ ആയതിനാൽ മുരുകൻ എന്ന പാവം മനുഷ്യനു എഴുത്തു നിർത്തേണ്ടിവന്നു എന്ന വികാരതരളിതമായ ഡയലോഗ് ഭരതവാക്യമാക്കി നമുക്ക് നിർത്താം.
അഭിപ്രായം ഇല്ലെങ്കിലെന്താ പ്രായം തീരും വരെ പുലർന്നാൽ മതിയല്ലോ.
അഛേ ദിൻ ഹേ.
എഴുത്തോ നിന്റെ കഴുത്തോ?

Blog Archive