Monday, November 24, 2014

ഒന്നും സംഭവിച്ചിട്ടില്ല.


ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരില കൊഴിഞ്ഞിട്ടില്ല.
കാറ്റുവീശിയിട്ടില്ല.
എല്ലാം പഴേപോലെ
നീരവം. നിരാഭം.

ചിരിച്ച് തിരിയുമ്പോൾ,
നിന്റെ കണ്ണു നനഞ്ഞെന്നും
എന്റെ തൊണ്ടയിടറിയെന്നും
വെറുതേ തോന്നിയതാണ്.
കണ്ണിൽ കരടുപോയതോ
ഓർക്കാപ്പുറത്ത് ഒരു ചുമ വന്നതോ‌ ആകാം.
ഇല്ല, ഒന്നും ഉണ്ടായിട്ടില്ല.

കടലിരമ്പിയതും
കാറ്റാർത്തതും
മറ്റെവിടെയോ‌ ആണ്.
അടയാളങ്ങളുടെ പുസ്തകത്തിൽ
വെളിപാടുകളുടെ അർത്ഥം തിരഞ്ഞത്,
നഷ്ടപ്പെട്ടത്,
ആർത്ത് ചിതറിയത്,
പുറത്തില്ല്ലാത്ത ഏതോ‌ നമ്മളാണ്.

ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
കടലിരമ്പുന്നതും
കാറ്റാർക്കൂന്നതും
മറ്റെവിടെയോ‌ ആണ്.
നമ്മൾ
ഇപ്പോൾ
ഇവിടെയാണ്.
ഒന്നും സംഭവിക്കാത്ത ഇവിടെ.

Wednesday, November 19, 2014

ഏകാന്തം


ഉണ്മ
ഏതു ഞാനെന്ന് സംശയിക്കുമ്പോൾ
നിന്നെ ഓർമ്മ വരും.
സംശയം മരണമാണെന്ന വേദവചനം
ഓർമ്മവരും.
വരുന്നതാണ് ഓർമ്മയെങ്കില്
പോകുന്നതെന്തെന്നും
പോയതാണ് ഓർമ്മയെങ്കില്
വരുന്നതെന്തെന്നും
തിരഞ്ഞു തീരുന്നതാരെന്ന്
സംശയം വരും
 
അപ്പോഴൊക്കെ
"ആരു നീ എന്നതാകുന്നു സ്മൃതി
അതിന്നു നിഷേധമാകുന്നു ശ്രുതി
ഉണ്മയോ പൊയ്യോ എന്ന്
ഊഞ്ഞാലാടുന്നു വിധി"
എന്നുള്ളം പതഞ്ഞുവരും.

എന്നിട്ടിപ്പോള്
നിവര്‍ത്തിക്ക് നീ ഇല്ലായ്കയാല്‍
അമൃതാകാന്‍ വിസമ്മതിച്ച വിഷം
ഏകാന്തതയായിത്തുടരുന്നു.
അന്തം ഏകാന്തമെന്ന്
ഉള്ളെഴു(തു)ന്നു
.............................. 

"ഏകാന്തം വിഷമമൃതാക്കിയും വെറും
പാഴാകാശങ്ങളിലലർ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴുന്ന കലേ, നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നൂ.” കുമാരനാശാൻ, "കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം."

Blog Archive