അടയാളങ്ങളോ അനുഗാമികളോ ഇല്ലാതെ, പൂവൊന്നും നുള്ളാതെ, പാട്ടൊന്നുമെടുക്കാതെ, കൈരണ്ടും വീശി കടന്നു പോകണം.
Sunday, January 24, 2021
കുട്ടിക്കളി
Wednesday, November 18, 2020
തഗ് ലൈഫ്
Saturday, September 5, 2020
വൈരം
ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.
സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.
വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.
മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.
ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും
രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.
നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും
പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.
നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.
ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.
നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.
Friday, January 4, 2019
മുന്നേപ്പോലല്ല!
Thursday, December 13, 2018
കവനതന്ത്രം
രണ്ടുവഴിയായതിൻ ചരിത്രം
മൊഴിവഴക്കത്തിലുളുപ്ലെസ്സായി
അഴലും പുരട്ടിപ്പുറത്തിടേണം
ഒട്ടെരിവേറ്റുവാൻ നിന്റെ ചന്തി,
ഓമനപ്രാമുലയെന്നുമൊക്കെ
നരേറ്ററിൻ ലിംഗാനുഭൂതിസക്തം
തത്ഭവലിംഗങ്ങളാനയിക്കാം.
ശീലിൻപഴക്കത്തിലാധിഹീനം
ശീലിക്കവേണമാവർത്തനങ്ങൾ
വ്യാജം വിതരണനിർവ്വഹണം
പ്രോജ്വലനിർബേജാർ സംവിധാനം.
ആലിംഗനത്തിലെ ലിംഗമൊക്കെ
ആരാഞ്ഞറിഞ്ഞ കുതൂഹലങ്ങൾ
കുത്തിമറിയും നിരൂപണങ്ങൾ
അക്കാവ്യഗരിമയിലുദ്ധരിക്കും.
അടുക്കളച്ചായ്പിന്നിരുട്ടു ഗന്ധം
അലക്കുകല്ലിന്റെ കുതിർന്ന ഭാവം
വാടിനിൽക്കുന്ന ടെറസ്സുറോസ
ബിംബിക്കും പെണ്ണിന്റെ ജീവചിത്രം!
വീറെഴും പെണ്ണിൻ പ്രതിനിധാനം
വേറിട്ടുനിൽക്കും വിധത്തിൽ വേണം
ആർത്തവകാലത്തിനായി മാത്രം
അഞ്ചാറു വരികളെ മാറ്റിവയ്ക്കാം
ജാഗ്രത്തിൽ ജാതിപ്പിശാചുക്കളെ,
ബ്രഹ്മണിക് ലെഫ്റ്റിന്റെ ഹിംസകളെ,
ഹംസയെയദറാക്കും സെക്കുലത്തെ,
ഏജൻസി ചോരാതെ വെളിവിലാക്കാം
പോയകുന്നിന്റെ പ്രതാപകാലം
പായാത്തപുഴയുടെ ദൈന്യരൂപം
പ്രകൃതിസ്നേഹം വഴിഞ്ഞൊഴുകിനീങ്ങും
പ്രകാശസംശ്ലേഷണഗീതിയാക്കാം
നാട്ടുപ്രേമം പൊതിച്ചോറുഗന്ധം
കിട്ടാത്തകോലുമിട്ടായികാണ്ഡം
നാലുമണിപ്പൂവിരിഞ്ഞ സന്ധ്യ
നഗരത്തിരക്കിന്മേലോർത്തു നിൽക്കാം.
ഫേസ്ബുക്കിൽ നന്നായ് കറൻസിയുള്ള
ഭാവാഭിഗമ്യമായന്തരംഗം
തോന്നുന്നിടത്തെന്റർകീയമർത്താൻ
തോന്നുക കൂടിയായാൽ തികഞ്ഞു.
കാറ്റൊത്തു തൂറ്റുക എന്നതാണ്
കാലികമാകുവാനുള്ള തന്ത്രം
പെൺപ്രൊഫൈലായി രമിച്ചകാലം
ഇസ്കൂളിലെല്ലാം പഠിച്ചതാണ്.
ഫേക്കായ കാലത്തിലല്ലേ നമ്മൾ
ഫേസിന്റെ തത്വം തിരിച്ചറിഞ്ഞു.
ഫാഷനിലാണാണിയായതിന്മേൽ
തൂങ്ങുകയെന്നതിലാണ് കാര്യം.
വേണ്ടുന്നകൂട്ടരോടൊത്തു നിൽക്കാൻ
വേണ്ടും വിരുത്തവും കൂടിയായാൽ
ഉത്തമം കാവ്യം സുലൈക്കുരമ്യം
ഉത്തമേ നമ്മളും വൈറലാകും.
*ഇത്ഥം കാലികകവനതന്ത്രം സമാപ്തം.*
Friday, November 18, 2016
ഇത്തിരികൂടിക്കഴിഞ്ഞിരുന്നെങ്കിലോ?
Sunday, October 18, 2015
തിരച്ചിൽ
Thursday, August 13, 2015
വയലറ്റിനുള്ള കത്തുകൾ
"നീ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും
ഒരാൾ അഹങ്കരിക്കുന്നില്ല എങ്കിൽ
അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാൻ" എന്ന് പറഞ്ഞ്, പ്രേമം വിനയപ്പെടുത്തും എന്ന പഴയപേച്ചിനെ പുറത്താക്കികൊണ്ട് പ്രേമിച്ച് അഹങ്കരിക്കാനുള്ള വഴിതെളിയിച്ചുകൊണ്ടുമാണ് ആട്ടിപ്പായിക്കൽ സാധിക്കുന്നത്.
"വെട്ടിത്തിരുത്താനാകാത്ത
നിസ്സഹായതയാണ്
ഓർമ്മ.” എന്നു മറ്റൊരു കത്തിൽ. വസന്തത്തോട് പേരു ചോദിച്ച് കവിതക്കാരനാണല്ലോ, വസന്തവുമായുള്ള പൊതുഇടപാടുകൾ പ്രണയികൾക്ക് പതിച്ചു കൊടുത്തതാണല്ലോ എന്നൊക്കെ കരുതി ക്ഷമിക്കാം. "ആദ്യം മരിച്ചാൽ/ നിന്നെ ആരു നോക്കുമെന്നാല്ലയിരുന്നു/ ആരെല്ലാം നോക്കുമെന്നായിരുന്നു സങ്കടം" എന്ന് സ്നേഹത്തിന്റെ വാസ്തവ അല്ലെങ്കിൽ സ്വാർത്ഥത്തെക്കുറിച്ച് പറഞ്ഞ ആളാണ്. പക്ഷേ,
"സ്നേഹിക്കുന്നതിനേക്കാൾ
സങ്കടകരമായി
എന്തുണ്ടീഭൂമിയിൽ" എന്ന ചോദ്യം മാപ്പർഹിക്കുന്നതായി തോന്നുന്നില്ല.
അതുകൊണ്ട്, പ്രേമത്തിന്റെ പൈറേറ്റടോ അല്ലാത്തതോ ആയ കോപ്പികണ്ട് കയ്യടിക്കുന്നതാണ് തൊന്തരവുകൾ കുറക്കാൻ നല്ലത്.
പ്രേമിക്കുന്നവർ ഈ പുസ്തകം കൂട്ടുകാരിക്കോ കൂട്ടുകാരനോ കൊടുക്കാതിരിക്കുക. പ്രേമിക്കാത്തവർ, ഈ പുസ്തകം വായിക്കാതിരിക്കുക. എന്തെന്നാൽ, ഇത് നിങ്ങളെ പ്രേമിപ്പിക്കാനോ തദ്വാരാ കത്തെഴുതിപ്പിക്കാനോ ഇടവരുത്തിയേക്കാവുന്ന ഒരു കിത്താബാണ്.
Anything that can possibly go wrong, does- എന്നാണല്ലോ മർഫീടെ നിയമം പറയുന്നത്. അച്ചേലിക്ക്, ഈ പുസ്തകം വായിച്ചാലും ഇല്ലേലും, വരാനുള്ള പ്രേമം സെൻസർബോർഡിൽ തങ്ങില്ല. ആകയാൽ, "വയലറ്റിനുള്ള കത്തുകൾ വായിച്ചിട്ട്" പ്രേമപ്പെടുന്നതോ പ്രേമത്തിൽ തുടരുന്നതോ ആണ് വായിക്കാതെ പെടുന്നതിനേക്കാൾ നല്ലത് എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്.
വയലറ്റിനുള്ള കത്തുകൾ-കുഴൂർ വിൽസണാൽ വിരചിതം.
സൈകതം ബുക്സ് പ്രസാധനം.
Monday, March 16, 2015
വാക്കും വക്കാണവും
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച്
Saturday, March 7, 2015
ഫേസ്‌ബ്ബുക്കിൽ ഒരു പ്രണയ വിലാപം
Thursday, February 12, 2015
മരത്തിന്റെ കഥ
Monday, December 8, 2014
അയാളും ഞാനും തമ്മിൽ
Monday, November 24, 2014
ഒന്നും സംഭവിച്ചിട്ടില്ല.
Monday, October 27, 2014
പല്ലുതേയ്ക്കാത്ത പ്രേമം
Sunday, July 6, 2014
അപേക്ഷ
Sunday, June 8, 2014
തീര്‍ച്ചകള്‍
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.
മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.
കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.
അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ
Wednesday, April 16, 2014
തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്
നീ ഓര്‍മ്മിക്കുന്നത്
എന്റെ പേരായതിനു
ദുര്യോഗം എന്ന് പരിഭാഷ.
പരിഭാഷകളില്‍
ചോരുന്ന ജീവിതത്തെ
പ്രണയമെന്ന് ഉപഹസിക്കാം.
വാക്കുകളെ പുറത്താക്കിയ
അവിശ്വാസപ്രമേയത്തിനു
കൈപൊക്കിയ നിമിഷമാണ്
നമുക്കിടയിലെ പാലം.
അതിന്നടിയിലൂടെ
കടലുതേടുന്നു
അപരിചിതമുഖങ്ങളുടെ നദി.
പറയാത്ത വാക്ക്,
പരിചയിക്കാത്ത നമുക്ക്
അഭയമാകും.
ഓര്‍മ്മക്കയറില്‍ നിലതെറ്റാതിരുന്നാല്‍
നാം അവിടെത്തും.
നിന്റെ വാക്ക്
എന്റെ അര്‍ത്ഥമാകും.
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നതിനു
പരിഭാഷകള്‍ വേണ്ടാതാകും
Thursday, February 6, 2014
ഒറ്റി
കനംവച്ചതാം ബോധം
ജലത്തിന്‍ സുതാര്യത്തില്‍
ചതിവിന്‍ കുട്ടിക്കാലം.
കൊതിപ്പിച്ചിരയാക്കും
ചൂണ്ടലിന്‍ ചാതുര്യത്തെ
വാക്കിന്റെ തുമ്പില്‍ ചേര്‍ത്ത്
പരിണമിച്ചൂ പ്രായം.
തോടിന്റെ വേഗത്തിനെ
അക്വേറിയച്ചതുര
ചാരുതയായിപ്പുനര്‍-
നിര്‍വചിക്കുന്ന നേരം
ചില്ലുകൂട്ടിനുള്ളിലും
മത്സ്യസ്വാതന്ത്ര്യം,
കടല്‍നീലിമകാണാക്കണ്ണില്‍
നിര്‍വൃതിത്തിരയേറ്റം.
ആഴത്തെ, സുതാര്യത്തെ
ഒറ്റാലായ് മാറ്റും
അതിജീവനകല വെട്ടി
ഒറ്റിയെന്ന വാക്കിനെ.
വാക്കിനാരധികാരി?
ഇരിക്കാനൊരുചില്ല
ഇല്ലാത്ത കിളിപോലെ
ചോദ്യങ്ങളലയുന്നു.
ചിരിച്ചതുപ്പിന്‍ നിന്നു
ചോദ്യത്തെ വിഴുങ്ങുന്നു
പ്രാണായാമശീലിത
ശാന്തയൗവ്വനസാരം.
Saturday, December 14, 2013
അരണ്യകം
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.
എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.
ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.
മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.
വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദുര്‍വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.
ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.
Tuesday, November 26, 2013
അവ്യക്തം
വരയ്ക്കുക എന്നാജ്ഞ.
നേരെയാകണം വര.
കറുപ്പില്‍ ഇടത്തോട്ട്
വെളുപ്പില്‍ വലത്തോട്ട്.
അയത്നമനുസരിച്ച-
തിശയിച്ചെന്‍ വര.
കറുപ്പും വെളുപ്പുമായ്
മരത്തെ വരക്കുക.
ആജ്ഞകള്‍ തുടരുന്നു
ചായങ്ങളൊക്കെയും തിരിച്ചു കൊടുത്തു ഞാന്‍
തിരിഞ്ഞു നടക്കുമ്പോള്‍ നിറഞ്ഞൂ കണ്ണുകള്‍
കറുപ്പും വെളുപ്പുമായ്
എങ്ങനെ? മരത്തെ ഞാന്‍?
ഗാധത്തിലഗാധത്തില്‍
പ്രായപ്പകര്‍ച്ചകളില്‍
വേരുകള്‍ നിത്യചാരികള്‍.
പച്ചയായ് മഞ്ഞയായ് കാവിയായ്
നിറങ്ങളൊക്കെയും കെട്ടിപ്പുണര്‍ന്നുടല്‍.
കാറ്റത്തുലയണോ
കാതല്‍ കടുക്കണോ
അനിശ്ചയം ചില്ലകള്‍.
വാസന്തശരത്തുകള്‍
കുഴക്കുന്ന ഇലകള്‍.
പാപപുണ്യങ്ങളെ പങ്കിട്ട് കായകള്‍.
പറയുകെങ്ങനെ
വെറും കറുപ്പിലും വെളുപ്പിലും
ഞാന്‍ വരക്കും സാകല്യം?
മങ്ങിയ കാഴ്ച്ച കൊണ്ട്
ജീവിതം വരയ്ക്കാതെ
ആകയാല്‍ അകലേക്ക്
പോകുന്നൂ സുഹൃത്തേ ഞാന്‍.