Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Wednesday, November 18, 2020

തഗ് ലൈഫ്

“എഴുതാതിരിക്കാനുള്ള കാരണങ്ങളിൽ
മടി എഴുന്നേറ്റു നിന്നു.”
ഇതെഴുതിയതോടെ
പ്രാചീനമായ ആ പ്രഹേളിക ആവർത്തിച്ചു.
 
അത്രയും വായിച്ചതോടെ
പ്രഹേളികയെന്ത് വ്യാളിയാണെന്നും
യവനേത് മലയാളം മുൻഷിയെന്നും
നിങ്ങൾ മനസ്സിൽ പറഞ്ഞു.
(വിചാരിക്കും മുന്നേ
വെളിപ്പെട്ടല്ലോയെന്ന്
വികാരംകൊള്ളേണ്ടതില്ല.
അത്ര പഴേ സൂത്രമാണിത്)
 
പരിചയം ഭാവിക്കാത്ത പരിഭവക്കാരേ,
ആദ്യവരികളിലാവർത്തിച്ചത്
“ഇത് കള്ളമാണ്” എന്ന
പഴയ കുരുക്കാണ്.
സുവ്യക്തതയെ വിശദീകരിച്ച് നാണംകെടുമ്പോൾ
പേരുമാറ്റപ്പെരുമാക്കളിരുട്ടുവിതക്കുമ്പോൾ
നിങ്ങൾക്കിതോർമ്മവന്നേക്കാം;
വന്നില്ലെന്നും വരാം.
വന്നാലുപകരിച്ചേക്കാവുന്ന
വെളിച്ചംപച്ചകുത്തുന്ന സാധനമാണ് ഓർമ്മ.
ഇരുട്ടത്തതുവഴിയിലേക്കൊറ്റുമെന്നാണ് വാസ്തവം.
 
വാസ്തവമോ
വിജാകിരിയില്ലാത്ത വാതിലാണ്
അതെപ്പറ്റിയാലോചിക്കുന്നതാണിയാണ്.
എന്തിനെപ്പറ്റിയാണേലും
ആലോചിക്കുന്നതിന്നാണിയാണ്.
അതുകൊണ്ട്,
ആലോചനകളുണ്ട് സൂക്ഷിക്കുക
എന്നെഴുതിവച്ച സുഹൃത്ത്
എനിക്കില്ലായിരുന്നു
 
ഇതുവരെ വായിച്ചതിൽ
പരസ്പരബന്ധംവല്ലതും തോന്നിയാൽ
അങ്ങനൊന്നുമെഴുതുമ്പോൾ ഉദ്ദേശിച്ചിട്ടില്ലെന്നോ
അങ്ങനൊന്നും എഴുതുമ്പോൾ ഉദ്ദേശിച്ചതല്ലെന്നോ
വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് കരുതുന്നതരം ആളാണ് നിങ്ങളെന്നോ
ആയതിലേന്തേലും തകരാറുണ്ടെന്നോ
പറയാൻ നമ്മളാര്?
 
പ്രവചനീയതയുപേക്ഷിച്ച
തഗ് ലൈഫാണിതെന്നാണാത്മീയാശ്വാസം.
ആശ്വസിക്കാൻ,
അക്രോശിക്കാനും കാരണങ്ങളുണ്ട്.
 
“എഴുതാതിരിക്കാനുള്ള കാരണങ്ങളിൽ
പേടി എഴുന്നേറ്റു നിന്നു.”
എന്നെതെഴുതിയതോടെ
പ്രാചീനമേയല്ലാത്ത ആ പ്രഹേളിക
മടികൂടാതെ ആവർത്തിച്ചു.

Saturday, September 5, 2020

വൈരം

ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.

സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.

വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.

മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.

ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും

രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.

നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും

പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.

നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.

ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.

നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.

Friday, January 4, 2019

മുന്നേപ്പോലല്ല!

മുന്നേപ്പോലല്ല
പ്രേമത്തിൻറെ മറ്റേ അറ്റത്
ഇപ്പോൾ അവളാണ്,
സൂക്ഷിക്കണം.

വിരസകാമുകവിശേഷവിസ്മൃതികളേ
വിട!
ചൂതുപോലേ
ചുരംപോലെ
ചുരുളിന്നപ്പുറം
രസനിഗൂഢത.

പ്രേമത്തിലവൾ
പ്രേതഭാഷിണി.
പ്രിയാസക്തമർമ്മരങ്ങളേ
പ്രീതിപ്രസരസുഭാഷിതങ്ങളേ
വിട.

മുന്നേപ്പോലല്ലേയല്ല,
സൂക്ഷിക്കണം.
താളത്തിൻറെ മറ്റേ അറ്റത്
ഇപ്പോൾ അവളാണ്.

അലസകാമുകവിലാസലോലങ്ങളേ
വിട!
വഴുതും വാക്കുപോലെ
വഴിഞ്ഞൊഴുകും പുഴപോലെ
വളവിന്നപ്പുറം
ചുഴിയും കയനീലചാരുത.

പ്രേമത്തിലവൾ
സ്വച്ഛന്ദഗാമി.
ഛന്ദോയുക്തതാളസാരള്യങ്ങളേ
ലളിതപദഗദ്യരേഖീയബോധ്യങ്ങളേ
വിട.


ദേശീയതകളേ
കോയ്മകളുടെ കൊടികളേ
വാജീകരണ യുക്തികളേ
കുന്നായ്മകളുടെ കൂട്ടുത്സവങ്ങളേ
ഭാഷയുടെ അതിരുകളേ...

മുന്നേപ്പോലാകാനാകില്ല.
പ്രേമം
ഇപ്പോൾ അവളാണ്,
രൗദ്ര.
22/4/2018

Thursday, December 13, 2018

കവനതന്ത്രം

നമ്മളൊന്നിച്ച് കിടന്നെണീറ്റ്
രണ്ടുവഴിയായതിൻ ചരിത്രം
മൊഴിവഴക്കത്തിലുളുപ്ലെസ്സായി
അഴലും പുരട്ടിപ്പുറത്തിടേണം

ഒട്ടെരിവേറ്റുവാൻ നിന്റെ ചന്തി,
ഓമനപ്രാമുലയെന്നുമൊക്കെ
നരേറ്ററിൻ ലിംഗാനുഭൂതിസക്തം
തത്ഭവലിംഗങ്ങളാനയിക്കാം.

ശീലിൻപഴക്കത്തിലാധിഹീനം
ശീലിക്കവേണമാവർത്തനങ്ങൾ
വ്യാജം വിതരണനിർവ്വഹണം
പ്രോജ്വലനിർബേജാർ സംവിധാനം.

ആലിംഗനത്തിലെ ലിംഗമൊക്കെ
ആരാഞ്ഞറിഞ്ഞ കുതൂഹലങ്ങൾ
കുത്തിമറിയും നിരൂപണങ്ങൾ
അക്കാവ്യഗരിമയിലുദ്ധരിക്കും.

അടുക്കളച്ചായ്പിന്നിരുട്ടു ഗന്ധം
അലക്കുകല്ലിന്റെ കുതിർന്ന ഭാവം
വാടിനിൽക്കുന്ന ടെറസ്സുറോസ
ബിംബിക്കും പെണ്ണിന്റെ ജീവചിത്രം!

വീറെഴും പെണ്ണിൻ പ്രതിനിധാനം
വേറിട്ടുനിൽക്കും വിധത്തിൽ വേണം
ആർത്തവകാലത്തിനായി മാത്രം
അഞ്ചാറു വരികളെ മാറ്റിവയ്ക്കാം

ജാഗ്രത്തിൽ ജാതിപ്പിശാചുക്കളെ,
ബ്രഹ്മണിക് ലെഫ്റ്റിന്റെ ഹിംസകളെ,
ഹംസയെയദറാക്കും സെക്കുലത്തെ,
ഏജൻസി ചോരാതെ വെളിവിലാക്കാം

പോയകുന്നിന്റെ പ്രതാപകാലം
പായാത്തപുഴയുടെ ദൈന്യരൂപം
പ്രകൃതിസ്നേഹം വഴിഞ്ഞൊഴുകിനീങ്ങും
പ്രകാശസംശ്ലേഷണഗീതിയാക്കാം

നാട്ടുപ്രേമം പൊതിച്ചോറുഗന്ധം
കിട്ടാത്തകോലുമിട്ടായികാണ്ഡം
നാലുമണിപ്പൂവിരിഞ്ഞ സന്ധ്യ
നഗരത്തിരക്കിന്മേലോർത്തു നിൽക്കാം.

ഫേസ്ബുക്കിൽ നന്നായ് കറൻസിയുള്ള
ഭാവാഭിഗമ്യമായന്തരംഗം
തോന്നുന്നിടത്തെന്റർകീയമർത്താൻ
തോന്നുക കൂടിയായാൽ തികഞ്ഞു.

കാറ്റൊത്തു തൂറ്റുക എന്നതാണ്
കാലികമാകുവാനുള്ള തന്ത്രം
പെൺപ്രൊഫൈലായി രമിച്ചകാലം
ഇസ്കൂളിലെല്ലാം പഠിച്ചതാണ്.

ഫേക്കായ കാലത്തിലല്ലേ നമ്മൾ
ഫേസിന്റെ തത്വം തിരിച്ചറിഞ്ഞു.
ഫാഷനിലാണാണിയായതിന്മേൽ
തൂങ്ങുകയെന്നതിലാണ് കാര്യം.

വേണ്ടുന്നകൂട്ടരോടൊത്തു നിൽക്കാൻ
വേണ്ടും വിരുത്തവും കൂടിയായാൽ
ഉത്തമം കാവ്യം സുലൈക്കുരമ്യം
ഉത്തമേ നമ്മളും വൈറലാകും.

*ഇത്ഥം കാലികകവനതന്ത്രം സമാപ്തം.*

Friday, August 31, 2018

അമ്പലക്കമ്മിറ്റീലെ പെലേന്മാർ

അയലത്തെ പെലേച്ചെക്കന്മാരെ
അമ്പലക്കമ്മിറ്റീലെടുത്തപ്പോ
ഉള്ളോന്നാന്തി;
ന്നാലും മിണ്ടീല്ല.
പഴേ കാലല്ല
അമ്പലം നാട്ടാരടെയായി
ഇവറ്റോളൊക്കെ പൂജാരിവരെയായി
ശുദ്ധീം വൃത്തീമൊക്കെ പോയി.
ന്നാലും തേവര് കൈവിട്ടില്ല.
ദേവപ്രശ്നത്തിന് ഇവരെ മുന്നിട്ടെറക്കീലേ
ആചാരമുറകൾ തെറ്റിക്കരുതെന്ന്
ഇതുങ്ങളെക്കൊണ്ടന്നെ പറയിച്ചില്ലേ...
കമ്മിറ്റീലെടുത്തേനും ഗുണോണ്ടായി
തൊട്ടൂടാത്തേങ്ങളെ
ഇവറ്റോളന്നെ നീക്കിനിർത്തിക്കോളും
പുറംപണിയൊക്കെ
പത്ത്പൈസ ചെലവില്ലാണ്ട് ചെയ്തോളും
ഉത്സവം എങ്ങന്യാവേണ്ടേന്ന്
ഇടയ്ക്കോന്ന് ചോയ്ക്കണംന്ന് മാത്രം.
 
അമ്പലമുക്കിലെ
മേത്തമ്മാരുടെ ചായക്കടപൂട്ടിക്കാൻ
എത്രനോക്കീതായിരുന്നു
ഇവറ്റോളെറങ്ങീപ്പോ വെടിപ്പായില്ലേ...
ഹിന്ദുവുണർന്നൂന്ന്
പണ്ടംതീനികളറിഞ്ഞു.
ശുദ്ധീം വൃത്തീം
ഇനി ഇവറ്റോൾക്കും വരട്ടെ
ഹിന്ദുക്കളൊന്നിക്കാൻ
തേവരായിത്തോന്നിച്ചതാകും...
 
ല്ലാം ശരി
രാഖികെട്ടൊക്കെയാകാം.
ഉമ്മറത്തിരുത്താം.
കൂട്ടിത്തൊടലോക്കെ
ഇപ്പോ എല്ലാട്തും ആയില്ലേ.
പക്ഷേ
ഇവറ്റോൾടെ വീട്ടിലെ ചായഗ്ലാസ്സിൻറെ ഉളുമ്പുമണം
ഹോ!
ന്തായാലും
തേവര് തോന്നിച്ച്
പെലേച്ചെക്കന്മാരെ
കമ്മറ്റീലെടുത്തത് നന്നായി.

Saturday, November 18, 2017

പേരിൽ


നിന്റെ പേരിൽ 
നീ മാത്രമല്ലുള്ളത്.
ഒടുവിൽ സന്ദർശിച്ച
പോയപ്രതാപത്തിന്റെ
മുഷിഞ്ഞ ചുമരിൽ
മാറ്റാന്റെ കൈപ്പടയിൽ
നിന്റെ പേരിന്റെ തിളക്കം കണ്ടു.

ആതേ അക്ഷരങ്ങളെങ്കിലും 
ആ പേരു നിന്റേതെങ്കിലും  
അതുകുറിക്കുന്നത് 
നിന്നെയല്ല.
നിന്നെപ്പോലൊരാളെപ്പോലുമാകണമെന്നില്ല.

ചുവരുകൾ‌ നമുക്ക് എഴുതാനുള്ളതാണെങ്കിലും
ചരിത്രത്തിന്റെ ചുവരിലെ പേരുകൾ
ഇപ്പോൾ തർക്കവിഷയമാണെന്ന് നിനക്കറിയില്ലേ?  
ഒരേ പേരിൽ ഒരുപാടുപേരുള്ളപ്പോൾ
ഒരു പേരിൽ ഒരുപാടുപേരുണ്ടാകില്ലേ?

ഒരു പാട്
അതല്ലേ പേര്?
അതിലല്ലേ പെടുന്നത്?


അക്ഷരങ്ങളിലേക്ക്
ആളെ ആവാഹിക്കുന്ന മാന്ത്രികത
അനിശ്ചയങ്ങളിലേക്ക് ഉപേക്ഷിക്കയാൽ
ഞാനെഴുതുമ്പോൾമാത്രം രൂപപ്പെടുന്ന
ആ ഒരാൾ ആരാണെന്ന്,
എന്റെ കൈപ്പടയിൽ
നിന്റെ പേരിൽ
വരുന്നതാരെന്ന് 
സന്ദേഹമൊഴിയുന്നേയില്ല. 

ആ ഭിത്തിയിൽ
എഴുതിയത് ഞാനല്ല.
ആരൊക്കെയോ‌വന്നുപോയെന്നും 
പേരുകൾ ബാക്കിയായെന്നും
അതിൽ നിന്നും വായിക്കാം.
ഒരു പേരിലും ഒരാൾ മാത്രമല്ലെന്നും 
നിരൂപിക്കാം.

Sunday, March 27, 2016

മൂന്നാം നാൾ



അധികാരത്തിന്റെ കാൽകഴുകി,
അനുസരണത്തിന്റെ പെസഹയൂട്ടുന്ന ഗുരുക്കൾ
ചാവുനിലത്തിന്റെ കഥ ഓർക്കാതെ
കൈകഴുകിക്കൊണ്ടേയിരിക്കും.
കർത്താവേ,
ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നുണ്ട്.

പാപം ചെയ്യാത്തവരുടെ ചോരയിൽ
പ്രഭാതങ്ങൾ ചുവന്നപ്പോൾ
മൂന്നാം നാളിനു കാക്കാതെ
വിശുദ്ധരെ കല്ലെറിഞ്ഞ
അവിശ്വാസികൾ ഞങ്ങളാണ്.
പ്രഭോ,
നിന്റെ കൃപ എനിക്ക് വേണ്ട.
നിരന്തരം ഭോഗിക്കപ്പെടുന്ന സ്വർഗ്ഗവും വേണ്ട.*
നിന്റെ വിരുന്നില്ലാത്ത നരകവുമായി ഞങ്ങൾ പ്രേമത്തിലാണ്.

കാറും ബൈക്കുമില്ലാത്തവരോട്
കൂറ്റനാദരവ് പറഞ്ഞ ഞങ്ങളെ**
ചില്ലുമേടയിലെ വിരുന്നുകാരൊട്
ചേർത്തു നിർത്തരുത്.
നിന്റെ മേടയേക്കൾ
പീഢാനുഭവത്തിന്റെ ജയിലറകൾ
ഞങ്ങൾക്ക് പ്രിയം.

പ്രഭോ,
നിന്റെ കയ്യിൽ കറയുണ്ട്.
ഞങ്ങളതു പറഞ്ഞുകൊണ്ടേയിരിക്കും.
നീ ദുഃഖവെള്ളികൾ ഉണ്ടാക്കികൊൾക
എല്ലാം നാളും ഞങ്ങൾക്ക് മൂന്നാം നാളാണ്.

.....
* “സ്വർഗം സർവ്വലാരും ഭോഗിക്കപ്പെടുന്ന കാലത്ത്
ഞാൻ നരകവുമായി പ്രേമത്തിലാണ്” -ഷംസുപനമണ്ണ,, എന്റെ വെള്ളിയാഴ്ച

** “കാറും ബൈക്കുംമില്ലാത്തവരോട് കൂറ്റനാദരവ്”   കാറും ബൈക്കും ഇല്ലാത്തവരോട്, ബിപിൻ ബിന്ദു ബാബുരാജ്


Blog Archive