Saturday, September 5, 2020

വൈരം

ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.

സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.

വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.

മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.

ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും

രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.

നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും

പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.

നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.

ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.

നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.

No comments:

Blog Archive