Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Friday, October 3, 2014

മണങ്ങള്‍

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍തണ്ട് മണക്കും വഴികള്‍/എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു. വഴികള്‍ക്ക് ഗന്ധമുണ്ടാകുന്നത് നമ്മള്‍ തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയിലാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ചുപോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു.അന്നൊന്നും ഈ  ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലാണ്‌ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു.പനഞ്ചോട്ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്തെത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം (കള്ള് ശേഖരിക്കുന്ന പാവനമായ മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്ട്രോ ആകുന്നു ആ പപ്പായത്തണ്ട്. വിതയ്ക്ക്മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞകാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണംപിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍വല്ല മുറിവുമുണ്ടേലറിയാം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലംവരെ വല്ലോരുടേം പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട്നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാൻ ഇറങ്ങിയവർക്കേ നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ഞാന്‍ കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു. (നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല). കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റകൂട്ടിയിട്ട മുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. പച്ചവയ്ക്കോലിന്റെമണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ ഒരോയിടത്തും നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകംമെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്ക്കേണ്ടിക്കൂടി വരുമ്പോള്‍ പിന്നോട്ട്‌ പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വ മണം. 
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല. (ആന്ധ്രയിലും തമിഴനാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍നമുക്കറിയാം.) എന്തായാലും ഓണത്തിന്‌ സാമ്പ്രദായികമായി പൂമണമാണ്‌. പക്ഷെ, കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടേം വറകലത്തില്‍ ചുട്ട അടേം തമ്മിലുള്ള വ്യത്യാസോം മണത്തില്‍ തന്നെ അറിയാം. ചുട്ട അടയുടെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും കൂടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും ഭക്തവേഷം കെട്ടി അവളെക്കണ്ട കാലത്ത് അവള്‍ക്ക് കല്പിച്ചതും അതേ പുഷ്പാഞജലി മണം. അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളോട് മുഹബത്തായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌, ഗന്ധമാണ് പ്രണയം എന്ന് അന്നറിയാമായിരുന്നോ? അത് കാലം ലൗജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌. അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോര മണക്കും എന്നു അന്നാരും കരുതിയിരിക്കില്ല .ഇത്തരം അപകടങ്ങളെ മുന്നേ മണത്തറിയേണ്ടത് അതുകൊണ്ട് ഒരു സാമൂഹ്യാവശ്യമാകുന്നു.
പള്ളിക്ക് കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേപള്ളിയെനിക്ക് തന്ന പ്രധാനമണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍. പള്ളിക്കയറ്റം കേറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരരായി നാണിച്ചുനിന്ന മണങ്ങള്‍ അനവധി. വായനശാലാക്കാലം അവധിക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലു കൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി പേരറിയാത്ത ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകളെ ശരിക്കറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ്തീര്‍ക്കാനാകില്ല. പുത്തന്‍പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടിനിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട് മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലല്ലോ.. കഞ്ഞിവച്ച് ഞങ്ങളെ ഊട്ടിയ പ്രഭചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുകിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപ്പൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണം. ഒളിച്ചുകേറി, മരത്തില്‍വച്ചേ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടിപിരിച്ച് വച്ച് പഴുപ്പിച്ച ചക്കയുടെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. കൂട്ടുകാരികൾ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെമണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു.

ഇക്കേം ഇത്തേം കൂടി വച്ചു തന്ന ഏഷ്യാഡിന്റെ ഉഗ്രന്‍ മണം. ഏഷ്യാഡ്, കപ്പയും പോത്തിന്റെ മൊഴനെഞ്ചും കുറച്ചു ഇറച്ചീം കൂട്ടി ഉണ്ടാക്കുന്ന ഒരു ഗംഭീര സംഭവമാണ്‌. കപ്പബിരിയാണി എന്നത് അതിന്റെ അയലത്ത് നില്‍ക്കില്ല. പോത്ത് അന്നൊരു സാമുദായികപ്രശ്നമല്ലായിരുന്നു. ആകയാല്‍ അരിപ്പത്തിരിയിലേക്ക് നല്ല പോത്തുംചാറ് (ബീഫ്എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ) ആരൊഴിക്കുമ്പോഴും ഗുമുഗുമാന്ന് ആവി വരും. അതിലറിയാം പോത്തിന്റെ ഗുണം. ആകെ ഉള്ള അമ്മച്ചിയ്ക്ക് പോത്തുണ്ടാക്കനോ കഴിക്കാനോ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഒന്നാന്തരം പോത്തുകറിയുടെ മേത്തരം മണത്തിനു നമ്മള്‍ ആജീവനാന്തം ഇക്കയോടും ഇത്തയോടും കടപ്പെട്ടിരിക്കുന്നു. മാതാശ്രീയ്ക്ക് പറ്റുന്നത് സാമ്പാറും മീങ്കറിയുമൊക്കെയാണ്. തേങ്ങവറുത്തരയ്ക്കുന്നത് ഇമ്മിണിപാടാണെങ്കിലും നല്ല മൂഡുള്ളപ്പോള്‍ മൂപ്പത്യാര്‍ക്ക് സാമ്പാറുവയ്ക്കല്‍ ഒരു ഹരമാണ്‌. അതിന്റെമണം നമ്മുടെ വേറൊരു ഹരം. അന്ന് ലോകത്തെ ഭരിച്ചതുതന്നെ മണങ്ങളായിരുന്നു. ഉഗ്രൻ വാറ്റു ചാരായത്തില്‍ നല്ല കരിക്കിന്‍ വെള്ളം, ചെന്തെങ്ങാണ് പഷ്ട്, ചേര്‍ക്കുമ്പോളാണ്‌ ലഹരിയുടെ ഉത്തമ ഗന്ധങ്ങളില്‍ ഒന്നുണ്ടാകുന്നതെന്ന് പഠിച്ചത് പിന്നീടാണ്. എന്തായാലും, അതിനോളംവരുന്നില്ല വിദേശികളും സ്വദേശത്തുണ്ടാക്കി നിറംചേര്‍ത്ത വിദേശികളും.

ഓര്‍ക്കാന്‍ എത്രയോ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും? അടയാളങ്ങളിലേക്ക് ചുരുങ്ങാത്ത ഇത്തരം എന്തൊക്കെയോ ആണ്‌ ഓര്‍മ്മകളുടെ പച്ച. അതുകൊണ്ടാണ്‌, ഗന്ധം ഓര്‍മ്മയായി പരിണമിക്കുന്നതും അത് ഒസ്യത്താകുന്നതും ചിലപ്പോഴെങ്കിലും അതിൽ അഭിരമിച്ച് പോകുന്നതും.
"അമൃതിന്‍ മണമെന്റെ
ജീവനിൽ തളിച്ചിട്ടു-
ണ്ടതിലല്പമെന്‍ പാട്ടില്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍" എന്നു നമ്മുടെ വയ്‌‌ലോപ്പിള്ളി പറഞ്ഞതും അതുകൊണ്ടാകാം. ഗന്ധമുദ്രകളുടെ ജൈവവൈവിധ്യം, മൂടിപ്പോയ ഇടവഴികൾക്കൊപ്പം മായുന്നുണ്ട് എന്ന തിരിച്ചറിവ് സംഭ്രമിപ്പിക്കുന്നതും അതുകൊണ്ടാണ്.

2010/2014

Saturday, December 14, 2013

അരണ്യകം

കുടയുള്ളാരും
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.

എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.

ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.

മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.

വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദു‌ര്‍‌വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.

ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.

Friday, August 16, 2013

അരൂപിയുടെ സൗഹൃദം

ഉള്ളുണങ്ങാത്ത മുറിവുപോലെ
അദൃശ്യം
ഓര്‍മ്മകളില്‍ അരൂപിയുടെ
സൗഹൃദം.
ആഴങ്ങളില്‍ പടര്‍ത്തുന്നു
ആഘോഷവേരുകള്‍
മരണം.
പണിതീരാത്ത ജീവന്റെ
ഏതോ നിലയില്‍ നിന്നു
ചിതറിവീണ്‌
ചിത്രത്തിലെ ചിരിയിലേക്ക്
ചുരുങ്ങുന്നു പരിചയം.

ചോരയില്‍ നിറം ചേര്‍ക്കുന്നു
ഉയരെപ്പാറും പതാകകള്‍.

കലാശംകൊട്ടി.
അരങ്ങത്ത്
വേഷക്കാരനൊറ്റയായ്‌.
ആടിത്തീരാ വിഷാദങ്ങള്‍
ചുട്ടികുത്താനൊരുക്കമായ്.

ഏറ്റം നല്ല പദമാടി
കൂട്ടുകാരീ പിരിഞ്ഞു നീ.
ഉള്ളരങ്ങത്തരൂപികള്‍
തുടരുന്നവ്യക്തമുദ്രകള്‍.

പേരോ മുഖമോ ഓര്‍മ്മയില്‍ ഇല്ലാത്ത, ഇനി ഒരിക്കലും കാണാനാകാത്ത, ആ കൂട്ടുകാരിക്ക്.

Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

Monday, March 25, 2013

ഹൗസ്ബ്യൂട്ടീഷന്‍

പായല്‍‌പ്പച്ചയോളം വരില്ല
പെയിന്റൊന്നും.
പക്ഷേ,
ശല്യപ്പായലുകളെ
പുരയ്ക്കുപുറത്താക്കാമെന്ന്‌ പരസ്യപ്പൂതി.
പുര നിന്റെ
പൂതികളും നിന്റെ
പണിക്കുവന്നവന്‍ പറയേണ്ടാത്തതാണ്‌
എന്നാലും,
ഇങ്ങനെ കോരിയൊഴിക്കണോ ഇക്കടുഞ്ചായം?
പെയിന്റല്ലല്ലോ വീടിന്റെ നിറം.

ആ നേരത്തേക്കെങ്കിലും
ഉള്ളില്‍ തോന്നാതെ
നടിക്കാനാവില്ല ഒരു പ്രണയവും.
പെയിന്റിംഗും അങ്ങനാണിഷ്ടാ
ഉള്ളിലെ പുരയ്ക്ക്
നിറം ചേര്‍ത്തല്ലാതെ
മിനുക്കാനാവില്ല ഒരു ചുമരും.

ജീവനും ഓര്‍മ്മകളും ഉണ്ടായിരുന്ന
ഒരു മരം തന്നാണ്
വതിലും ജനലുമായി
തുറന്നും അടഞ്ഞും നില്‍‌ക്കുന്നത്.
എത്ര പോളീഷിട്ടാലും
പോകാതെ അടയാളം വയ്ക്കും
ചില ഓര്‍മ്മക്കൊമ്പുകള്‍
വാതിലു വേണ്ടാത്ത വീടായിരുന്നില്ലേ
ആ മരം.

ചിന്തേര്‍ച്ചാലിനു മുകളിലൂടെ
മിനുക്കുകടലാസോടുമ്പോള്‍
മരം മാത്രമല്ല
ചൂടഞ്ചോറിനെപ്പേടിക്കും വിധം
ഉള്ളങ്കൈകൂടി അരഞ്ഞു മിനുങ്ങും.
ആരും കൊതിക്കുന്ന മിനുസക്കൈ
അങ്ങനെ കിട്ടിയതാണ്‌.

സ്നോസത്തില്‍ നിന്നു
ഇനാമലിലേക്കുള്ള ദൂരം
നമ്മുടെ വീടുകള്‍ക്കിടയില്‍.
നിറംകൊണ്ട് നീളമളക്കുന്നത്
പെയിന്റിംഗ് പണിക്കാരന്റെ പേറ്റന്റാണ്‌.

മങ്ങിയ വീടുകളെ
വെളിച്ചം മോറിമിനുക്കുമ്പോള്‍
വിറ്റൊഴിക്കാനാകാത്തൊന്ന്
ഉള്ളില്‍ പണിയുന്നുണ്ട്.
അതുകൊണ്ടാണ്
തച്ചുതീര്‍ത്തു പിരിഞ്ഞിട്ടും
മുന്‍ ചുവരിലെ ചളികണ്ട്
സങ്കടപ്പെട്ടത്.

ഒരു ബ്യുട്ടീഷനും
സ്വന്തം മുഖം മിനുക്കാറില്ല
അയാള്‍ക്കത് ഓര്‍മ്മ കാണില്ല.
നിറങ്ങളില്‍ ഓര്‍മ്മ നിലച്ച
പെയിന്റിംഗുകാര്‍ ഹൗസ്ബ്യൂട്ടീഷ്യരാണ്‌.
കരുതിവച്ച നിറമെല്ലാം
ധാരാളിയെപ്പോലെ കോരിക്കോടുത്ത്
ചായം ചേരാത്ത വീട്ടിലേക്ക്
ചോര്‍ന്നൊലിക്കുന്നു
നിറംകൊണ്ട് നീളമളക്കുന്ന
ഹൗസ്ബ്യൂട്ടീഷന്‍.  

ഹൗസ്ബ്യൂട്ടീഷന്‍ എന്ന പേരുണ്ടാക്കിയ നാഗഞ്ചേരിക്ക്.

Thursday, February 14, 2013

നിന്റെ പേരെഴുതുമ്പോള്‍ മാത്രം

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
കടലാസ് കാടാകുന്നു.
മരിച്ച ചെടികള്‍ക്ക്
മരത്തിനെ ഓര്‍മ്മ കിട്ടുന്നു.

ഗ്രീഷ്മത്തിന്റെ നെറ്റിയില്‍
ഒരു മേഘം ഉമ്മവയ്ക്കുന്നു.
മണ്ണിനു മഴയുടെ മണം കിട്ടുന്നു.

ആഴം തിന്ന വിത്ത്
മിഴിപ്പച്ചതുറക്കുന്നു.
ഒരിലയിലേക്കുദയസൂര്യന്‍ വരുന്നു.

ഓര്‍മ്മക്കബറിനുമുകളിലെ
മൈലാഞ്ചി പൂക്കുന്നു.
ചോരതൊടാതെ നഖം ചുവക്കുന്നു.

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
എന്റെ മഷി വറ്റുന്നു.
വാക്ക്‌ അതിന്റെ വീടു തിരയുന്നു.
പ്രതിദ്ധ്വനിക്കാത്ത ശബ്ദത്തിനു
കാറ്റിന്റെ വണ്ടികിട്ടുന്നു.

Friday, January 6, 2012

നാവ് കാത് നമ്മള്‌

അന്ന്
നീ കാതുമാത്രമായിരുന്നു.
ഞാന്‍ നാവും.
പിന്നെ
നിന്റെ നാവില്‍
വിലങ്ങുവീഴുന്നതിന്‌ തൊട്ടു മുമ്പ്
എനിക്ക് കാതുമുളച്ചു.
പതംപറയാതെ
പലതും പറയാതെ
എന്റെ
കേള്‍‌‌വ്വിക്കയങ്ങളില്‍
നൊമ്പരം നട്ടു നീ.

ഓര്‍ക്കുമ്പോള്‍
നീ എന്നും അങ്ങിനായിരുന്നു.
അപരസാനിധ്യത്തില്‍
വിലങ്ങുവീഴുന്ന ഒരു നാവ്.

എന്നേക്കുമായി
നിന്റെ നാവില്‍ വിലങ്ങു വീണതും
എന്റെ കാതുകള്‍ക്ക് പ്രായപൂര്‍ത്തിയായതും
ഒന്നിച്ചായിരുന്നു.

ഇന്ന്
പറയാത്തതിന്റെ മുനയില്‍
കാതുകളും
പറഞ്ഞതില്‍ നാവും
കോര്‍ക്കപ്പെട്ടിരിക്കുന്നു.

ഞാനിനി രണ്ട് കാതുകള്‍ മാത്രം
ഓര്‍മ്മകളുടെ മൂര്‍ച്ചയില്‍ മുറിയാതിരിക്കാന്‍
പൊത്തിയ രണ്ടു കാതുകള്‍.

2008-11

Sunday, January 9, 2011

രസതന്ത്രം

അമ്ലരൂക്ഷേ
ഏതാവര്‍ത്തനപ്പട്ടികയിലാണ്‌
നിന്റെ ചുരുക്കെഴുത്ത്.
സ്ഫടികപ്പാത്രങ്ങളിലേക്ക്
പരാവര്‍ത്തനം ചെയ്യപ്പെട്ട
ഏത് താളിലായിരുന്നു
നിന്റെ പേരെഴുതിയിരുന്നത്.
അജ്ഞാത സന്ധികളില്‍
നിറം മാറുന്ന ലായനികള്‍
ആരെയാണ്‌ കുറിക്കുന്നത്.
പ്രണയത്തിന്റെ ലിറ്റ്മസ്‌ടെസ്റ്റ് തോറ്റ വാക്ക്
പൊട്ടിയ ടെസ്റ്റ്യൂബുപോലെ
ലാബിന്നു പുറത്ത്
അനാഥമാകുന്നു.

2.

രാസഗതികത്തിന്റെ
കാണാവഴികളില്‍
തളര്‍ന്നുപോയ തുമ്പപ്പൂമണം
തനിച്ചാകുന്നുണ്ട്.
നീരവം നിന്റെ ലാബിന്റെ മുറ്റത്ത്
നീ അറിയാത്ത ചെടിയൊന്നു പൂത്തത്
തുറക്കാത്ത ജാലകം കണ്ടിട്ടുണ്ട്.
സമീകരികാനാകാത്ത രാസവാക്യങ്ങളില്‍
ജീവിതം എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.
രസതന്ത്രത്തിലെ രസവും തന്ത്രവും
ഇഴപിരിക്കാനാകാതെ ഞാന്‍ പരിഭ്രമിക്കുന്നുണ്ട്.

Friday, November 19, 2010

മണം

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍ തണ്ട് മണക്കും വഴികള്‍/ എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു.
വഴിമണക്കുന്നത് തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ച് പോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു. അന്നൊന്നും ഈ ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലത്രെ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു. പനഞ്ചോട് ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്ത് എത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം(കള്ള് ശേഖരിക്കുന്ന മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്റ്റ്രോ ആകുന്നു ആ പപ്പായത്തണ്ട്.
വിതയ്ക്ക് മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞ കാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണം പിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍ വല്ല മുറിവുമുണ്ടേലറിയം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍ തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലം വരെ പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട് നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാന്‍ വീട്ടുകാര്‍ക്കൊപ്പം ഇറങ്ങിയവര്‍ക്കേ മൂത്ത നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ആണ്‍കുട്ടിയായതുകൊണ്ട് കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു.(നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല).
കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍ നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റ കൂട്ടിയിട്ടമുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. എല്ലാറ്റിനും മീതെ പച്ചവയ്ക്കോലിന്റെ മണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകം മെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്കേണ്ടിക്കൂടിവരുമ്പോള്‍ പിന്നോട്ട്‌പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വമണം.
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല.(ആന്ധ്രയിലും തമിഴ്നാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍ നമുക്കറിയാം.) എന്തായാലും ഒണത്തിന്‌ പൂമണമാണ്‌. പക്ഷെ കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടയും വറകലത്തില്‍ ചുട്ട അടയും തമ്മിലുള്ള വ്യത്യാസോം മണത്ത് തന്നെ അറിയണം. ചുട്ട അടയിലെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും ഇവിടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും അവളെക്കാണാന്‍ ഭക്തവേഷം കെട്ടിയകാലത്ത് അവള്‍ക്ക് കല്പിച്ചതും അതേമണം. പുഷ്പാഞ്ജ്ലിയുടെ മണം.( അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളെ ഇഷ്ടായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌ പ്രണയം എന്ന് അന്നറിയില്ലായിരുന്നു. അത് കാലം ലൗ ജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌.) അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോരമണക്കും എന്നു കരുതിയില്ല. പള്ളിക്ക് പ്രധാനമായും കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേ പള്ളിയെനിക്ക് തന്നപ്രധാന മണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍.
പള്ളിക്കേറ്റം കേയറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍ കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരനായി നാണിച്ചു നിന്ന മണങ്ങള്‍ അനവധിയാണ്‌. തൊഴുത്തുകളെ ഇവിടെ ഓര്‍ക്കരുത്. കാരണം പശുവിന്റെ വീടെന്ന പരിഗണനയില്‍ അത് നിത്യം വൃത്തിയാക്കുന്നതാണ്‌. റേഷന്‍ കടയ്ക്ക് മുന്നില്‍ ആളുകള്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്.
അവധിക്കാലം വായനശാലാക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലുകൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകള്‍ അറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ് തീര്‍ക്കാനാകില്ല. മഴ വന്നു എന്നു പറഞ്ഞാല്‍ സ്കൂള്‍ തുറന്നു എന്നു കൂടി ആണ്‌. പുത്തന്‍ പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടി നിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട്  മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലലൊ. കഞ്ഞി വച്ച് ഞങ്ങളെ ഊട്ടിയ പ്രഭ ചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുക്കിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണാം. ഒളിച്ചുകേറി മരത്തില്‍ വച്ച് തന്നെ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടി പിരിച്ച് പഴുപ്പിച്ച ചക്കപ്പഴത്തിന്റെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. അക്ക് കളിക്കാന്‍ കൂട്ടുന്ന കൂട്ടുകാരികള്‍ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെ മണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു. ലോകത്തെ ഭരിച്ചത് തന്നെ മണങ്ങളായിരുന്നു. ഇനിയും പറയാന്‍ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും. അടയാളപ്പെടുത്തനാകാത്ത ഇത്തരം എന്തോക്കെയോ ആണ്‌ ഓര്‍മ്മയുടെ പച്ച. ഈ ഒസ്യത്തിന്റെ അഹങ്കാരത്തിലാണ്‌ ആങ്കലേയം പച്ചവെള്ളം പോലെ പറയണ പല മലയാലത്താന്മാര്‍ക്കും(മാരികള്‍ക്കും) മുന്നില്‍ പിടിച്ചു നില്‍കുന്നത്.
"അമൃതിന്‍ സുഗന്ധമെന്‍ ആത്മാവില്‍ തളിച്ചിട്ടുണ്ട-
തിലല്പമെന്‍ പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍"- എന്നു നമ്മുടെ വയ്ലോപ്പിള്ളി. കൂട്ടുകാരേ നമുക്ക് പിന്നാലെ വരുന്നവര്‍ (അവരേപോലെ തന്നെ ഒപ്പമുള്ള പലരും) എന്തെടുത്ത് വാറ്റും?

Saturday, May 29, 2010

ടൊട്ടോയ്ക്കൊരു വേളി

ആത്മാര്‍ത്ഥത, അകളങ്കസ്നേഹം, വാനിറച്ചും മുറുക്കാനും കവിതയും, ആവശ്യത്തിലും അതിലേറെയും വങ്കത്തരം. അറിയാതെ പോലും സമയത്തിനെത്താതിരിക്കല്‌, ഇത്തരം വിശിഷ്ടഗുണങ്ങള്‍ക്ക് വിദ്യാപീഠത്തിലെ പീഠമായിരുന്നു ഞങ്ങളൂടെ നമ്പു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരത്ത് നിന്നും (SSV-സദാ സമര വിദ്യാപീഠം) നൂറുശതമാനം വിജയത്തോടെ പുറത്ത് ചാടിയ ആദ്യ ഫിസിക്സ് ബാച്ചിലെ എണ്ണം പറഞ്ഞ വിദ്വാന്‍.കാലം 2002-2005.ഞങ്ങടെ ഭാഷയിലെ ഫൈറ്റര്‍ഫിസിക്സിന്റെ സ്വന്തം നമ്പു. യോഗക്ഷേമസഭക്കാര്‌ വേറെയും ഉണ്ടായിട്ടും നമ്പു എന്നും പൊട്ടന്‍ നമ്പു എന്നും പിന്നെ ചുരുങ്ങി ടൊട്ടോ എന്നും അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചത് അവനാണ്‌. നമ്പുവിനൊരു വേളി. അതാണ്‌ ഈ എഴുത്തിന്റെ കേന്ദ്രം.

അവനില്‌ ഇപ്പോളാരോപിക്കപ്പെട്ട ഗുണങ്ങളൊക്കെ കെട്ടുകഥകളല്ലെന്ന തെളിവോടെ തുടങ്ങാം. ആത്മാര്‍ത്ഥത-അതിന്‌ വേറെ പര്യായം അന്നില്ലായിരുന്നു. ഒരമ്പലത്തില്‌ ഇഷ്ടന്‌ പൂജയുണ്ട്. പ്രസാദം കൊടുക്കലിലെ പ്രസാദാത്മകതയുടെ നാനാത്ഥത്ഥങ്ങളെക്കുറിച്ച് ശങ്കറ് എത്ര പറഞ്ഞിരിക്കുന്നു. പന്തിയില്‌ പക്ഷഭേദമില്ലാതെ ഏവര്‍ക്കും ഫിസിക്സുകാരുടേതായ പേരിടല്‍ കര്‍മ്മത്തിന്റെ മുഖ്യകര്‍മ്മിയായിരുന്നു ശങ്കറ് എന്നത് പ്രസ്താവ്യം.

നമ്പുവിലേക്ക് വന്നാല്‍, എന്നു വച്ചാല്‌ ആള്‌ കോളേജിലേക്ക് വന്നാല്‌ അത് ആദ്യത്തെ രണ്ടവറ് കഴിഞ്ഞാകും. നടയടക്കുമ്പം വൈകും അതോണ്ടാണ്‌. നമ്പു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആണ്‌. അപ്പൊപ്പിന്നെ ഉച്ചയ്ക് ക്ലാസ്സിലേക്ക് വരുമ്പം കോളേജ് ടീം (ഒരൊന്നൊന്നര ടീമത്രേ അത്) പരിശീലനത്തിന്‌ വെയില്‌ കൊള്ളുന്നത് കണ്ടാല്‌ സഹിക്കാനൊക്വോ. നമ്പു മൈതാനത്തിലേക്ക്. നാട്ടില്‍ ഏത് ക്രിക്കറ്റ് ടീമിലും ആളില്ലാത്ത ഏക വിഭാകം ഫീല്‍ഡിങ്ങാന്ന് ഇന്ത്യന്‍ ടീമിനെ കാണുന്നോര്‌ക്ക് അറിയാം. അവിടെയാണ്‌ നമ്പുവിന്റെ ആത്മാര്‍ത്ഥത വെളിവാകുക. ഒരോവറ്‌ ബാറ്റിങ്ങിനോ ബൌളിങ്ങിനോ വേണ്ടി ആ പൊരിവെയിലത്ത് , മൈതാനത്തിന്റെ വിവിധഭാഗങ്ങളീലേക്ക് ഒളിച്ച് പോകുന്ന പന്തിനെ ഓടിച്ചിട്ടോ തിരഞ്ഞോ പിടിക്കും-തിരിച്ചെത്തിക്കും, അതാണവന്‍.  കോളേജ് ടീം സരസം സസുഖം കളിക്കും. ഞങ്ങടെ നമ്പു ഒരോവറ്‌ ചിലപ്പോ ബാറ്റ് ചെയ്യും. എന്തായാലും അവന്മാര്‍ക്ക്‌ മടുത്താലൂം ഞങ്ങടെ മുത്ത് ബോള്‌ ചെയ്യും. കളിയോടുള്ള ആത്മാര്‍ത്ഥത അതാണ്‌ കാര്യം. (ദോഷം പറയരുത് അവന്‍ സാമാന്യം നന്നായി ബാറ്റ് ചെയ്യും).

അടുത്ത ഉദാഹരണം. ഞങ്ങള്‌ മൂന്നാം വര്‍ഷത്തിലേക്കും ഡിപ്പര്‍ട്ട്മെന്റ് കോളെജിന്റെ മുന്നിലേക്കും വന്ന കാലം. നമ്പൂന്‌ മൂന്നു സുന്ദരിമാരോട് സ്നേഹം. ആരോടും കൂടുതലില്ല. കുറവും ഇല്ല. (അവനേക്കാളിത്തിരി ഉയരക്കൂടുതല്‌ അവര്‍ക്കുണ്ടായിരുന്നെന്നത് അവനിന്നും സമ്മതിക്കാത്ത ഒരു ഭൗതിക ശാസ്ത്ര സത്യം). അതില്‍ രണ്ട്പേര്‍ രസതന്ത്രഞ്ജകള്‍. കെമിസ്ട്രി അന്നും ഫിസിക്സിന്റെ ശത്രുവാണ്‌, അതോര്‍ക്കണം. അവരേവരും ഒന്നാം വര്‍ഷം. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ സ്നേഹത്തിന്‌ വേറെന്ത് നിദര്‍ശനം.
(ബികോമിന്‌ ഹിസ്റ്ററി എന്നപോലെ കെമിസ്ട്രി അന്ന് ഫൈറ്റര്‍ഫിസിക്സിന്റെ ഔദ്യോഗിക ശത്രുവാണ്‌. അദ്ധ്യാപകരോ കുട്ടികളോ തമ്മില്‍ ശത്രുത ഉണ്ടെന്നല്ല ഇതിന്റെ വിവക്ഷ. ഐരാപുരത്ത് പഠിച്ചവര്‍ക്കേ ഈ ഔദ്യോഗിക ശത്രുത എന്തെന്ന് മനസ്സിലാകൂ. ഈ ശത്രുത രണ്ട് ലേബലുകള്‍ തമ്മിലുള്ളതാണ്‌. ഫിസിക്സ് പഠിക്കാതെ കെമിസ്ട്രിക്കാര്‍ക്കോ കെമിസ്ട്രി പഠിക്കാതെ ഫിസിക്സ്കാര്‍ക്കൊ കോഴ്സ് ജയിക്കാന്‍ പറ്റില്ല. ഇത്തരം ഒരു ബന്ധം ബികോമിന്‌ ഹിസ്റ്ററി മാര്‍ക്കിടയില്‍ ഇല്ല. അപ്പോള്‍ ഈ ശത്രുത എന്നു പറഞ്ഞാല്‍, മത്സരങ്ങള്‍ക്ക് എതിരാളി വേണം. ആര്‍ട്സിലെ തടിമാന്മാരോട് ജയിക്കാന്‍ വയ്യാത്തതുകൊണ്ട് വലിപ്പത്തില്‍ തരപ്പടിക്കാരായ നമ്മള്‍ക്ക് തമ്മില്‍ ഔദ്യോഗികശത്രുക്കളാകാം എന്ന് തലക്കകത്ത് ആള്‍ത്താമസവും ശരീരചിന്തയുമുള്ള പൂര്‍‌വ്വികരാല്‍ (പരസ്പര ധാരണപ്രകാരം) നിശ്ചയിക്കപ്പെട്ടതല്ലേ എന്നു സംശയിക്കവുന്നതാണ്‌. എന്തായാലും ആരോട് തോറ്റാലും പാകിസ്ഥനോട് തോല്‍ക്കരുത് എന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥയ്ക്ക് സമാനമായി കെമിസ്ട്രിയോട് ജയിച്ചിട്ട് പിന്നെ ആരോടും തോല്‍ക്കാം എന്നായിരുന്നു അന്ന് ഞങ്ങടെ മതം. ഔദ്യോഗിക
ശത്രുക്കളില്ലാത്ത മറ്റു ദുര്‍ബ്ബലര്‍ക്കിടയില്‍(ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്,ഇംഗ്ലീഷ്, എകണോമിക്സ്...) അത്തരം ഒന്നുള്ള നമ്മള്‍ പ്രബലര്‍ തന്നെ. ഇക്കണോമിക്സും ഇംഗ്ലീഷുകാരും തമ്മില്‍ ഔദ്യോഗിക
ശത്രുത വല്ലതും ഉണ്ടായിരുന്നോ എന്ന് ഇപ്പൊള്‍ ഓര്‍മ്മയില്ല. എന്തായാലും ഫൈറ്റര്‍ഫിസിക്സിന്‌ ഇല്ലായിരുന്നു.)


കവിതയെഴുത്തില്‌ അവനായിരുന്നു രാജാവ്‌. മത്സരങ്ങള്‍ക്ക് അരമണിക്കൂറ് വരെ താമസിച്ച് വരാമെന്നത് അവന്‌ വേണ്ടി ഉണ്ടാക്കിയ നിയമമത്രേ,
"നേരിന്റെ മുന കൊണ്ട് നെഞ്ചകം മുറിയുമ്പോള്‍
പോരാട്ടാവീര്യത്തെ നാം എങ്ങനെ ഗണിച്ചീടൂം"
എന്നു കുരുക്ഷേത്രം എന്ന കവിതയിലും
"എന്നും നിനക്കു പകരം തരും എന്റെ ഉള്ളില്‍
ആറിത്തണുത്ത് രുചിയറ്റ നിവേദ്യപാത്രം
മണ്ണിന്മനം പിറവി നല്‍കിയ വറര്‍ണ്ണ ജാലം
എന്നിഷ്ട്തൂലികയിലൊന്നു പകര്‍ന്നിടൂ നീ"
എന്ന് വേറൊരു കവിതയിലും അന്നേ എഴുതിയ കേമനാണ്‌. മുറുക്കാന്‍ വായിലിട്ട് കവിത ചൊല്ലുന്ന ദുശ്ശീലം അവനില്ലയിരുന്നു എന്നതും എന്നെ മുറുക്കു പഠിപ്പിച്ചു എന്നതും പ്രത്യേകം ഓക്കേണ്ടതാണ്‌. മുറുക്കിനൊപ്പം സാമാന്യം നന്നായി ചായകുടിയും ഉള്ളതിനാല്‌ സംഖ്യ സാരമായിത്തന്നെ രാജുച്ചേട്ടനും തിരുമനസ്സിനും കൊടുക്കാന്‍ ഇഷ്ടന്‍ ബാധ്യസ്ഥനാണ്‌. കോളേജിലെ ഞങ്ങടെ അന്നദാതാവ് എന്ന പദവി ഒന്നാം വര്‍ഷം കാന്റീന്‍ നടത്തിയും ശേഷം ഇന്നുവരേക്കും അഭംഗുരം തുടരുന്ന പുറത്തെ ചായക്കടയും കൊണ്ട് രാജു ചേട്ടന്‍ നേടിയെടുത്തതാണ്‌. ചായക്കടയെക്കുറിച്ച് പറഞ്ഞാല്‌ നമ്മള്‌ നമ്പുവിന്റെ വേളിയിലെത്താന്‍ വൈകും. തിരുമനസ്സാണ്‌ ശീതളപാനീയങ്ങളും മുറുക്കാനുമായി ഞങ്ങള്‍ക്ക് കൂട്ട്. ഞങ്ങളില്‌ സാറന്മാരും പെടൂം. മുറുക്കുന്ന സാറന്മാര്‍ ഇപ്പൊഴും റിട്ടയര്‍മെന്റും കാത്ത് കോളേജില്‍ ബാകിയാണ്‌.

നമ്പുവിന്റെ സമയത്ത് വരായ്കയ്ക്ക് നല്ല മാതൃകയായി ഞങ്ങടെ നടക്കാത്ത നാടകമുണ്ട്. ഒന്നാം വര്‍ഷം നാടകം കളിക്കാന്‍ ചുമ്മാ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സിലെ സുന്ദരിമാരെ ഉപേക്ഷിച്ച് ഞങ്ങള്‌ റിഹേഴ്സല്‌ ചെയ്തു. കഥ സംവിധാനം പിന്നീട്‌ തേള്‌ഗിലെന്ന് അറിയപ്പെട്ട നവീന്‍. പണ്ടെന്നോ നാടകം കളിച്ചിട്ടുണ്ടെന്ന വാദബലത്തില്‌ നായകനായി നമ്പു. വില്ലനായി, തികഞ്ഞ് വിനയത്തോടെ ഈ ഞാനും.
ആത്മാര്‍ത്ഥതയ്ക്ക് നമ്പുവിന്റെ ഏക എതിരാളിയായിരുന്നു തേള്‌ഗില്‌. പാടും വരക്കും എഴുതും. അത്യാവശ്യം പഠിക്കും സര്‍വ്വോപരി NCC കേഡറ്റും. അങ്ങനെ എല്ലാം കൊടുത്തിട്ടും ദൈവം ബോധം മാത്രം തേള്‌ഗിക്ക് കൊടുക്കാന്‍ മറന്നു എന്നാണ്‌ മുരളീമതം. കൂട്ടത്തില്‌ സ്വന്തം പേരിലറിയപ്പെടുന്ന ഏക മഹാനത്രേ മുരളി. ചിലപ്പോളൊക്കെ മുരളീടെ ആംഗലേയം ഫ്ലൂട്ടേന്നു ഞങ്ങളാല്‌ വിളിക്കപ്പെടുന്നതൊഴിച്ചാല്‍ പ്രശ്നരഹിതം അവന്‌ കോളേജ് ജീവിതം. മേല്പറഞ്ഞ നാടകം അരങ്ങേറാറായി. എന്നു വച്ചാല്‌ നായകനൊഴികെ ബാക്കി എല്ലാരും മേയ്ക്കപ്പിട്ട് തയ്യാറായി (നല്ല കട്ടിയില്‍ പൌഡറും ഇത്തിരി കണ്മഷിയും. എല്ലം സംവിധായകന്റെ വക). വില്ലന്‌ സ്വര്‍ണ്ണത്തിന്റെ വീതിക്കസവുള്ള മുണ്ട് സംവിധായകന്‍ സ്വന്തം അമ്മേടെ നേരിയതു കൊണ്ട്‌വന്ന്‌ ഒപ്പിച്ചു. ആര്‍ക്കും ഡയലോഗോ മൂവ്മെന്റൊ കൃത്യമായി അറിയില്ല. എന്നാല്‌ അതിലൊരുപോരായ്മയും ഞങ്ങക്ക് തോന്നിയില്ല. സ്റ്റേജില്‌ സ്വന്തമായി ഡയലോഗിടാമെന്നാണ്‌ സംവിധായകനായ തേള്‍ഗിലറിയാതെയുള്ള അഭിനേതാക്കാളുടെ പരസ്പര ധാരണ. പതിവ് പോലെ താമസിച്ച് പോലും നമ്പുവന്നില്ല. നാടകം നടന്നില്ല. എല്ലാരും കുപിതരായി. ഉള്ളാലെ തികഞ്ഞ് സന്തുഷ്ടരും. കാരണം ഞങ്ങളേപ്പോലെ തന്നെ നന്നായി കൂവുന്നോരാണ്‌ കാണാനിരിക്കുന്നവരും. ഒപ്പം പറയേണ്ടത് വില്ലനായ നമ്മെ ഉടുപ്പിച്ച നേരിയത് അക്ഷരാര്‍ഥത്തില്‍ ഒരു നേരിയതായിരുന്നു. അതും ഉടുത്ത് സ്റ്റേജില്‌ കേറിയിരുന്നെങ്കില്‌ അര്‍ത്ഥതാര്യ വസ്തുവിനു ഉദാഹരണമായി നിന്ന് മാനം പോയേനെ. അന്നു കൃത്രിമ ദേഷ്യം കാട്ടി കളിയാക്കിയെങ്കിലും മേല്പറഞ്ഞ ദുര്യോഗത്തില്‌ നിന്നും ഒഴിവാക്കി തന്നതിന്റെ കടപ്പാട് ഇനിയും പറഞ്ഞിട്ടില്ല. അതിനാല്‌ തീര്‍ന്നിട്ടുമില്ല.

നമ്പൂന്റെ സമയനിഷ്ടയ്ക്കും നിഷ്കളങ്കതയ്ക്കും വേറോരുദാഹരണം. പതിവ് പോലെ നമ്പു അന്നും കൃത്യം ഉച്ചതിരിഞ്ഞ് കോളേജിലെത്തീ. അന്നാണേല്‌ ലാബുണ്ട്. ലാബില്‌ ഞങ്ങളാല്‍ കണ്ടെത്തേണ്ട പുതിയ തത്വങ്ങളോ പ്രതിഭസങ്ങളോ ഇല്ലെന്നും ശാസ്ത്രരീതിയാണ്‌ അവിടെ പഠിക്കേണ്ടതെന്നും മാഷ്-ബാബു മാഷ്- പണ്ടേ പറഞ്ഞിട്ടുണ്ട്. പലരാല്‍ പലവട്ടം ആവര്‍ത്തിച്ച അഭ്യാസങ്ങളാണ്‌ ഞങ്ങളും ചെയ്യുന്നത്. മാഷിനതറിയാം. പക്ഷേ സ്പെക്ട്രോമീറ്ററിലെ ടെലിസ്കോപ്പിന്റെ ഫോക്കസിലേക്ക് ഞങ്ങളാവാഹിച്ചിരുന്ന സുന്ദര രൂപങ്ങള്‌ പുതുപുത്തനാണെന്ന് മാഷിനോട് പറായാനൊക്ക്വോ. ഉച്ചതിരിഞ്ഞ് ഞങ്ങള്‌ ശാസ്ത്രം പരീക്ഷിക്കും. മാനവീക വിഷയജ്ഞകളൂം വിഷയജ്ഞരും ലാബിനു മുന്നിലെ നീണ്ട പടവുകളിലുപസ്ഥിതരായി പുതുമാനവികത സൃഷ്ടിക്കുകയാകും അന്നേരം. അതിനെ തലകീഴായി ടെലിസ്കോപ്പ് ലാബിലെത്തിക്കും. പറഞ്ഞു വന്നത് നമ്പുവിന്റെ നിഷ്ഠയാണ്‌. സാറിന്റെ മുന്നില്‌ മുരളി നിന്നുരുകുന്ന നേരത്താണ്‌ അന്ന് നമ്പുവിന്റെ വരവ്. അവന്‌ നേരെ ലാബിലേക്ക് പോരാം. ഞങ്ങളാരായാലും ആ അവസരത്തില്‍ മുരളിയെ ആശ്വസിപ്പിക്കാന്‍ അതിനിടയില്‍ ചാടില്ല. പക്ഷേ ഇത് ടൊട്ടോ ആണ്‌. ആള്‌ വേറേ. മാഷ് ടൊട്ടോയെ നോക്കുന്നില്ല. ശ്രദ്ധ മുഴുവനും മുരളീലാണ്‌. ടൊട്ടോയ്ക്ക് മിണ്ടാതെ പോകാന്‍ പറ്റ്വോ. വന്ന വഴി ആള്‌ പ്രസ്ഥാവിച്ചു. "സാറേ നട അടയ്ക്കാന്‍ തുടങ്ങീതാ. ദാ വരണൂ ഒരെള്ളു പായസം." മാഷ് അപ്പഴാണ്‌ ടോട്ടോയെ ശ്രദ്ധിക്കണത്. മാഷും, പറഞ്ഞ് വന്നാല്‌ യോഗക്ഷേമസഭക്കരുടേ ഇടയിലെ ആളാന്നേ. ആ മാഷിനറിയില്ലേ ഒരെള്ളുപായസം വെന്ത് വാങ്ങി പൂജിച്ച് കൊടുക്കുമ്പഴേക്കും കാലതാമസം വരൂന്ന്. ഉച്ചകഴിഞ്ഞ് പൂജാരിക്ക് (അയ്യോ തിരുമനസ്സിന്‌) കോളേജില്‌ ഫിസിക്സ് ലാബുണ്ടെന്ന് കരുതി അമ്പലത്തില്‌ ഗ്യാസടുപ്പും കുക്കറും ആക്കാനൊക്ക്വോ. ഇതൊക്കെ ടോട്ടോമാനസത്തില്‌ ഉണ്ടായിരുന്നൊ. അറിയില്ല. എന്തായാലും മുരളി നന്ദിയോടെ ഇങ്ങനെ സ്മരിക്കുന്നു. 'ടൊട്ടോയുടെ സമയോചിതമായ ഇടപെടല്‌ കാരണം രക്ഷപ്പെട്ട് ലാബിലേക്കെത്തി. ടൊട്ടോയും മാഷും അന്ന് ലാബിലെത്തിലെത്തീതേയില്ല. അത്രയേറെ അവര്‍ക്ക് തമ്മില്‌, അല്ല മാഷിന്‌ അവനോട് പറയാനുണ്ടായിരുന്നു.

ഫിസിക്സ് പഠനക്കാരില്‌ നൂറ് ശതമാനം വിജയം എന്ന മാന്ത്രിക അക്കത്തിലേയ്ക്, പണ്ട് ബ്രാഡ്മാന്‌ പറ്റിയ പോലത്തെ അബദ്ധമൊന്നും പറ്റാതെ ആദ്യം എത്തിയത് ബാബു മാഷിന്റെ ഞങ്ങളായിരുന്നു. ആ അത്ഭുതകൂട്ടത്തില്‌ ഉന്നത വിജയം നേടിയവരില്‌ ഒരാളായി (രണ്ടാം ക്ലാസ്സ് ഫിസിക്ക്സ് ബിരുദം. ഫിസിക്സ് ഫസ്റ്റ്ക്ലാസ്സെന്നു ഒരു മോഹന്‍ലാല്‍ കഥാപാത്രവും മേനിപറഞ്ഞ് നടന്നിട്ടില്ല) നമ്പുവും കോളേജ് വിട്ടു.

പലവഴിയ്ക്ക് പിരിഞ്ഞ ശാസ്ത്രമുകുളങ്ങളീലെ ഈ ടോട്ടോമുകുളം തിരിഞ്ഞത് മാനേജ്മെന്റിലേക്കായിരുന്നു. സഹായത്തിനെത്തിയ ബാങ്കിന്റെ മാനേജറ്‌ ആഴ്ചതോറും വിളിക്കുമായിരുന്നത്രേ. ടൊട്ടോടെ പഠന വിവരം അറിയാന്‍. എന്തിന്‌ ഞങ്ങളോ അവന്റെ വീട്ടുകാരോ പോലും അങ്ങനെ അന്വേഷിച്ചിട്ടില്ല. എന്തായാലും മാനേജറുടെ ഭാഗ്യം. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായിത്തന്നെ നമ്പു പുറത്തിറങ്ങി. അതെങ്ങനെ സാധിച്ചു എന്നത് "ചുരുളഴിയാത്ത രഹസ്യങ്ങള്‌" എന്ന തലക്കെട്ടില്‌ ഭാവിതലമുറ ബാലരമയില്‌ വായിക്കും.( ബാലരമേം അത് വായിക്കണ പിള്ളേരും ബാക്കി ഉണ്ടായാല്‌). ഇനി ഏതൊരു മനേജ്മെന്റ് പഠിതാവിനേയും പോലെ തൊഴിലന്വേഷണം. തൊഴില്‌ കിട്ടുന്നു. അത് കളയുന്നു. വെറുതിരിക്കുന്നു. പിന്നേം തോഴില്‌ കിട്ടുന്നു. അങ്ങനെ സരസമനോഹരമായി പണ്ട് ഫോണ്‍നമ്പര്‌ പറഞ്ഞപ്പം നമ്പൂന്റെ തിരുവായീന്നൊഴുകിയ മുറുക്കാഞ്ചാറ്‌ പോലെ അഭംഗുരം കാലമൊഴുകവേ സമക്ഷത്ത് സാമ്പത്തികമാന്ദ്യം. ശമ്പളത്തില്‌ കുറഞ്ഞാലും മുറുക്കാന്റെ വിലപോലും കുറയാത്ത ആഗോള പ്രതിഭാസം. പണ്ടത്തെ മുറുക്കാന്റേയും ചായയുടേം അങ്ങനെ പലതിന്റേം കടം അല്പാല്പം വീട്ടിവന്നപ്പോഴാണ്‌ മാന്ദ്യം. മാന്ദ്യത്തേ പറ്റി ബോസ്സ് പറയുന്നത് മനേജ്മെന്റും അതില്‌ കുറച്ച് ഇക്കണോമിക്സും പഠിക്കയാല്‌ ഈ (ഏത്) ടോട്ടോയ്ക്കും മനസ്സിലാകും. പക്ഷേ കാശ് വാങ്ങാന്‍ വരുന്നവര്‌ ചെലപ്പോ ഇത്യാതി വിഷയങ്ങളില്‍ അവഗാഹമില്ലാത്തവരാകും. അവര്‌ പറയണ ഭാഷ ടൈ കെട്ടിക്കഴിഞ്ഞ ബോസ്സിനോട് പറായാനൊക്ക്വോ. പറഞ്ഞേനെ പണ്ട് അമ്പികാമഠത്തിലും കര്‍ത്താവുംപടിയിലും പോയി വന്ന ചേലിലായിരുന്നെങ്കില്‌. പക്ഷേ ഇപ്പൊ കഴിക്കണത് ശീതീകരിച്ച മുറിയില്‍ ശീതീകരിച്ച് വച്ച സ്വദേശനിര്‍മ്മിത വിദേശിയാകയാല്‌ വയ്യ. (അമ്പികാമഠം, കര്‍ത്താവുംപടി- ഐരാപുരം പഠിതാക്കളൂടെ ഗൃഹാതുരതയില്‍ അമൃതം വര്‍ഷിക്കും ഷാപ്പുകള്‍ കുടികൊള്ളുമിടം.)

കേരളത്തില്‌ വില ഇടിയാത്തതായി എന്തുണ്ട്. റബ്ബറിന്‌ തല്‌ക്കാലം നല്ല വിലയുണ്ട്. പക്ഷേ ടൊട്ടോയ്ക്ക് റബ്ബറില്ല. പൂജയ്ക്ക് നല്ല മാര്‍ക്കറ്റുണ്ട്. പക്ഷേ ഇപ്പോ പൂജാരി അല്ല. സ്വര്‍ണ്ണത്തിന്‌ കുതിച്ചേറുന്ന വിലയുണ്ട്. പക്ഷേ പിറവി അലൂക്കാസിലും ആലപ്പാട്ടിലും ഭീമയിലുമൊന്നും അല്ല. കേരളമഹാരാജ്യത്ത് മാന്ദ്യകാലത്തും വിലയിടിയാത്തതായി ഇനി ഒന്നേ ബാക്കിയൊള്ളൂ- സ്ത്രീധനം. ടൊട്ടോ പണ്ട് രക്ഷപ്പെടുത്തിയ മുരളി ഇതിനിടയില്‌ പൂനയില്‌ പോയി മനേജ്മെന്റ് പഠിച്ച് ജോലിവാങ്ങി. കെട്ടുകേം ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഒരേയൊരുവട്ടം നാട്ടില്‌ വന്നുപോവുകയും ചെയ്തു. അപ്പോ കടം തീര്‍ക്കാന്‍ വേളി. പെങ്കുട്ടി പണ്ട് ഒപ്പം പഠിച്ചതാണെന്നൊ ചുഴിഞ്ഞാലോചിച്ചാല്‌ അയല്പക്കകാരിയാണെന്നോ ഒക്കെ ശങ്കറ്‌സാറും അച്ചായനും പറയും. സാരമാക്കാനില്ല. (ശങ്കറേപറ്റി മുന്നേ പറഞ്ഞപ്പം അച്ചായനെ മറന്നതല്ല. അവസരം നോക്കീരുന്നതാണ്‌. ശങ്കറ്‌ ഇങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ വലങ്കൈ. ശങ്കറ് വലങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ ഇടങ്കൈ. അത്ര കൂട്ടാണവര്‌. എന്തിനു അച്ചായനെന്ന ഈ പേരുപോലും ശങ്കറാല്‌ സമര്‍പ്പിതം).

വേളിക്ക് മുന്ന് നിശ്ചയം എന്ന വല്യ ചടങ്ങുണ്ട്. നാട്ട്നടപ്പ് പ്രകാരം, രാവെളുക്കുവോളാം മോബൈല്‍ കമ്പനിക്കാര്‍ക്ക് സമ്പാദ്യം ഉണ്ടാക്കി കൊടുക്കാന്‍ മുന്‍പരിചയരഹിതരായ പെണ്ണിനും ചെറുക്കനും ലൈസന്‍സ് കൊടുക്കുന്ന ഇടപാടാകുന്നു നിശ്ചയം. നിശ്ചയത്തിനും മൊഹൂര്‍ത്തമൊക്കെയുണ്ടെന്ന് ലോകലൌകീകര്‍ സമ്മതിച്ചിട്ടൂള്ളതാകുന്നു. എന്നു വച്ചാല്‌ നിശ്ചയം മുഹൂര്‍ത്തത്തില്‌ തന്നെ നടക്കണം.

ഇനിയാണ്‌ ചീട്സ് എന്ന ഞങ്ങടെ ചീടാന്‍ അരങ്ങത്തെത്തുന്നത്. ഇവിടെ രംഗപ്രവേശം വൈകിയത് കൊണ്ട് ആപ്രധാന കഥാപാത്രണെന്ന് കരുതരുത്. "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടൂ ഞാന്‍"... എന്ന ഗാനം തികഞ്ഞ മനോഹാരിതയോടേ ഇംഗ്ലീഷ് ക്ലാസ്സില്‌ ബാക്കിവന്ന ഇത്തിരി നേരത്ത് ടീച്ചറിന്റെ പ്രത്യേകതല്പര്യപ്രകാരം പാടി പെങ്കുട്ട്യോളുടെ ഇഷ്ടോം ഞങ്ങടെ ഇഷ്ടക്കേടും ആദ്യത്തെ കൊല്ലം തന്നെ നേടിയെടുത്ത വിദ്വാനാണ്‌. (സംഗതികളേക്കുറിച്ച് ഞങ്ങക്ക് മാത്രമല്ല ഭൂമിമലയാളം മൊത്തം അജ്ഞരായിരുന്നത് അന്നവന്‌ ഗുണമായി. ഇന്നായിരുന്നേല്‌ കാണായിരുന്നു. ചീടാ പാട്ട് നന്നായി കേട്ടോ. എന്നാലും സെക്കന്റ് ചരണത്തിലെ മൂന്നാം വാക്കില്‌... അതവന്റെ ടൈം.) പിന്നീട് കോളേജിന്റെ ആസ്ഥാന ഗായകനായി വിദ്വാന്‍. ആരാധികമാരിലൊരാള്‌ ഒരുമ്മ തരട്ടേന്ന് ചോദിച്ചാല്‌ ,അവള്‌ സുന്ദരി അല്ലേല്‌, വേണ്ടാ എന്ന് പറയുന്ന പാവം. ഇനിയിപ്പോ സുന്ദരി ആയാലും അവന്‍ വേണ്ടാന്നേ പറായൂ. ഞെട്ടണ്ടാ ഒരുമ്മ വേണ്ടാ. രണ്ടെണ്ണം ആയ്ക്കോട്ടേ. ലൈബ്രറിയുടെ അങ്ങേവശത്ത് ആരുമില്ലെന്നു പ്രതിവചിക്കണ പഞ്ചപ്പാവം. ഈ പാവംമാനവഹൃദയം ടോട്ടോയുടെ ആടുത്ത അടുത്ത കൂട്ടുകാരനും കൂടിയാകുന്നു. അക്കാലത്ത് രണ്ടും പൊറുതി ഒരിടത്ത്. പിന്നെ വല്ലപ്പോഴും ഒക്കെ സമയത്ത് വരണ സ്വഭാവം ചീടനുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളറിയാവുന്ന അച്ചായനും ശങ്കറും അടുത്ത് തന്നെ തിരുമൊഴിയുതിര്‍ത്ത് ദുരൂഹതകള്‍ തീര്‍ക്കുമായിരിക്കും. അങ്ങിനെ സംഭവിച്ചാല്‍ ആ ചരിത്രവും വിനീതനായ ഈ ചരിത്രകാരന്‍( ഒരു ബഷീര്‍ പ്രയോഗം) രേഖപ്പെടുത്തുന്നതായിരിക്കും.

ലക്ഷാര്‍ച്ചനക്കുമുതല്‍ കഥകളിക്ക് വരെ ഒന്നിച്ച് പോകുന്ന സൌഹൃദം. നമ്പു പതിവുപോലെ താമസിച്ച് വരുന്ന ഇടങ്ങളില്‍ അവന്‌ താലക്കാലിക പകരക്കാരനാവുക നമ്മുടെ ചീടനാണ്‌.

നിശ്ചയത്തിന്‌ നേരവുംകാലവും കുറിച്ചു. ആളുകളൊക്കെ എത്തിപ്പെട്ടു. നാലുംകൂട്ടിമുറുക്കലും നാല്‌ വിശേഷം പറയലും തകൃതിയായി നടക്കുന്നു. ആളുകളങ്ങനാണ്‌. എന്നും കാണുന്ന മിണ്ടാത്തവര്‌ക്കും ഇങ്ങനത്തെ വിശേഷാല്‍ ദിനങ്ങളില്‌ പെരുത്ത് പറയാനുണ്ടാകും. ഒരാളെ മാത്രം കാണാനില്ല. നമ്മുടേ ടൊട്ടോയെത്തന്നെ. മുഹൂര്‍ത്തം അറിയാഞ്ഞിട്ടോ അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടോ അല്ല. ആ നേരത്ത് ഒഴിവാക്കാനാകാത്ത ഒന്നു വന്നുചേര്‍ന്നു. പോയി സമയത്ത് വരാവുന്നതേ ഒള്ളു. അങ്ങനാണ്‌ ടൊട്ടോ പുറപ്പെട്ടത്. സമയമടുക്കുന്നു. ടോട്ടോയെ അറിയാവുന്ന വീട്ടുകാര്‍ക്ക് അങ്കലാപ്പായിത്തുടാങ്ങി. പൂജാദിചടങ്ങുകളൊത്തിരി ഉള്ളതാണ്‌. ടൊട്ടോയെ നന്നായി അറിയാവുന്ന ചീടനങ്ങിനെ കൂസലില്ലാതെ നില്‍ക്കുമ്പം ദാ വരണു ടൊട്ടോടേ കാള്‌. "ചീടാ വണ്ടി നിര്‍ത്തീപ്പം ഒന്നു മുറുക്കാന്‍ ഇറങ്ങിതാ. വണ്ടി മിസ്സായി. ഇനി കാറ് വിളിച്ചാലും മുഹൂര്‍ത്തതിന്‌ എത്താനൊക്കില്ല. നീ ഒരുകാര്യം ചെയ്യ്. തല്‍കാലം ഞാനെത്തും വരെ കല്യാണച്ചെക്കന്റെ സ്ഥനത്തിരുന്ന് പൂജയൊക്കെ ഒന്നു ചെയ്യ്. എന്തായലും ഇല ഇടാറാകുമ്പഴേക്കും ഞാനെത്തും". ചീടനെന്തു ചെയ്യും. അവനും സ്വന്തമായി വേളി വേണം എന്നൊക്കെയുള്ളതല്ലേ. വീട്ടുകാരെന്തുചെയ്യും. മുഹൂര്‍ത്തം തെറ്റിക്കാനൊക്കുമോ? ചെക്കനില്ലാതെ പൂജ പറ്റുമോ?

ശേഷം ചിന്ത്യം എന്നെഴുതി എനിക്ക് വേണേലവസാനിപ്പിക്കം. പക്ഷേ എന്തായാലും ടൊട്ടോയുടെ വേളി ഉറച്ചു. അടുത്ത് തന്നെ വേളീണ്ടാകും. അന്നും ടൊട്ടോ വഴിക്ക് മുറുക്കാനെറങ്ങുമോ? ചീടനന്നും സമയത്തുണ്ടാകുമോ? ഇത്യാദി ചോദ്യങ്ങള്‍ ഭാവിയെക്കുറിച്ചുള്ളവയാകയാല്‍ അഭിപ്രയം പറയുന്നില്ല. എന്തായാലും രാജുച്ചേട്ടനും തിരുമനസ്സിനും സംഖ്യ കിട്ടുമായിരിക്കും, വേളി ഉറച്ചല്ലോ.
ഞങ്ങടെ ടോട്ടോയ്ക്ക് ഭാസുരമായ ജീവിതം നേരാന്‍ നിങ്ങളൂം കൂടുമല്ലോ.

കടപ്പാട്: ശങ്കറിനും അച്ചായനും.
മുങ്കൂര്‍ജാമ്മ്യം: ഇത് ആരേയും നോവിക്കാനല്ലെന്ന് ധരിക്കുമല്ലോ. ഭാവിജീവിതത്തെ ഭാസുരമല്ലാത്ത രീതിയില്‍ ബാധിച്ചേക്കാവുന്ന വല്ലതും ഇതിലുള്ളതായി തോന്നുന്നവര്‍ക്ക് പറയാം. സവ്യാജഖേദപ്രകടനം ഉണ്ടായില്ലെങ്കിലും അവ മായ്ച്ചുകളയല്‍ പരിഗണിക്കും.

വാല്‍ക്കഷ്ണം
1.മേല്പറഞ്ഞവ നടന്നതാണോ? നടക്കാവുന്നതാണോ? ടൊട്ടോയെ അറിയാവുന്ന ആരും ഈ എഴുത്തിന്‌ എതിരഭിപ്രായം പറയില്ല. എന്തിനു ടൊട്ടോയോട് ചോദിക്കൂ.ഒരാളൊര്‍ന്ന് മുറുക്കനിറങ്ങി. വണ്ടി മിസ്സായി.കല്യാണമൊഹൂര്‍ത്തത്തില്‌ വരാനായില്ല. മോശമായോ?ടൊട്ടോ ഇപ്രകാരം പ്രതിവചിക്കും. വിവാഹ മുഹൂര്‍ത്തത്തിന്‌ വരാതിരിക്കലില്‌ വല്യകാര്യമില്ല മുറുക്കുമ്പോഴ് അടയ്ക ചൊരുക്കാതിരുന്നാ മതി.
2.മേല്പറഞ്ഞ വങ്കത്തരങ്ങള്‍ സ്വന്തമായുള്ളതില്‍ അഹങ്കരിച്ചില്ലെന്ന് മാത്രമല്ല വന്നതിനു ശേഷം കോളേജില്‍ നടക്കാറുള്ള കവിതാ രചനാ മത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനക്കാരന്‍ ഇതേ നമ്പുവായിരുന്നു. അവസാന വര്‍ഷം മാത്രം ശരത്തിനു(നമ്മടെ കനക്കിലെ ശരത്തേ, ആള്‌ എലിയല്ലായിരുന്നൂന്ന് കുറച്ച്പേര്‍ക്കേ അറിയൂ) പിന്നില്‍ രണ്ടാമതായതിന്റെ രഹസ്യം അറിയില്ല.

Blog Archive