Monday, December 8, 2014

അയാളും ഞാനും തമ്മിൽ


താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്.
ഉള്ളിലേക്കുള്ളിലേയ്ക്ക്
വേവാഴ്തിയ ഗ്രീഷ്മം
ശിലാഹൃദയം കൊടുത്തത്
കാണുന്നുണ്ട്.
ശില്പമായ് കണ്ടെടുക്കപ്പെടാത്ത
ശിലയുടെ ധ്യാനാതപം
പൊള്ളിക്കുന്നുണ്ട്.
വരാത്ത വർഷത്തിന്റെയും
മിന്നലെയ്ത മേഘത്തിന്റേയും കൗര്യം
അനുഭവിക്കുന്നുണ്ട്.
ചുംബിക്കാതെ പിരികയാൽ
മുറിവായിത്തുടരുന്ന
ചുണ്ടുകളുടെ പിടച്ചിൽ പേറുന്നുണ്ട്.

മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്.

ഇപ്പോൾ
നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു.

3 comments:

ajith said...

താങ്ങാനാരുമില്ലാത്തവരുടെ തളര്‍ച്ചകള്‍ അനുഭവിച്ചവര്‍!

സൗഗന്ധികം said...

വർണ്ണ്യത്തിലാശങ്ക...!


നല്ല കവിത

ശുഭാശംസകൾ....

Sreejith. K. K. said...

"താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്."
ഏകാന്തതയുടെ തീവ്രത വല്ലാതെ ഒളിപ്പിച്ച് വച്ചിരിക്കുന്നു; തളരുമ്പോഴും തളർച്ച പുറമേ കാണിക്കാതെ.
"മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻപഠിച്ചത്
അയാളിൽ നിന്നാണ്."
സുന്ദര വരികൾ. അർത്ഥങ്ങളും അർത്ഥാന്തരങ്ങളും മനസിലാക്കുന്നത്‌ പലപ്പോഴും അന്യരിൽ നിന്ന് തന്നെ (ഒരുപക്ഷെ ആ കാരണത്താൽ അവർ അന്യരല്ല!)

"ശില്പമായ് കണ്ടെടുക്കപ്പെടാത്ത

ശിലയുടെ ധ്യാനാതപം

പൊള്ളിക്കുന്നുണ്ട്."
ശില്പത്തെ ശിലയിൽ നിന്ന് കണ്ടെടുക്കലാണ് . ശില്പത്തെ ശിലയിൽ നിന്ന് സൃഷ്ടിക്കുകയല്ല, ശിൽപ്പമല്ലാത്ത ശിലാഭാഗത്തെ നീക്കം ചെയ്യലാണ് . ശില്പിയുടെ മനോ വ്യാപാരത്തോടു നീതിപുലർത്തുന്ന വരികൾ.

"നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു."
സ്വത്വത്തിൽ അപരത്വത്തിന്റെ വേർപിരിക്കാനാകാത്ത ഇഴുകിച്ചേരൽ? (ഒരുപക്ഷെ പൂർണമായ സ്വത്വമോ പൂർണമായ അപർത്വമോ ഇല്ലതന്നെ)

Blog Archive