Sunday, July 6, 2014

അപേക്ഷ


എന്റെ ദൈവമേ
എന്റെ ദൈവമേ
എന്നെ പ്രണയത്തിലേക്ക് നയിക്കരുതേ.
അഗ്നിയാലും ജലത്താലും സ്നാനം ചെയ്യപ്പെട്ട ജീവനെ
ഇനിയും, പ്രണയം കൊണ്ട് പരീക്ഷിക്കരുതേ.

പക്ഷികള്‍ ഉപേക്ഷിച്ച മരം
ഋതുക്ക‌ളോടെന്നപോലെ
നിരാസങ്ങളോട്‌
ഞാന്‍ കലഹിയ്ക്കട്ടെ.
വസന്തത്തിന്റെ തട്ടകത്ത്
ഗ്രീഷ്മത്തിന്റെ തീച്ചിലമ്പിടട്ടെ.
എന്നെ വര്‍ഷത്തിന്റെ ഇരയാക്കാതെ വെറുതെ വിടൂ.

ഓര്‍മ്മകളെ
മഞ്ഞകളില്‍ നിക്ഷേപിച്ച്‌
ഉന്മാദത്തിന്റെ നീലപ്പൂക്കളെ
ഉപേക്ഷിച്ചതാണ്.
നിറംകൊണ്ട് വ്രണപ്പെട്ട്
ചായങ്ങള്‍ കളഞ്ഞതാണ്‌.
പ്രണയതീക്ഷ്ണത്തിലേക്കുപേക്ഷിച്ച്,
പൂര്‍‌വ്വകാലത്തിലേക്ക് പുരസ്കരിച്ച്,
എന്റെ ജലച്ചായങ്ങളെ മുറിപ്പെടുത്താതെ, പോകൂ.

പ്രണയത്തോളം പര്യാപ്തമായ സന്ദേഹമില്ലെന്ന്
എന്റെ സ്പന്ദങ്ങള്‍ മന്ത്രിയ്ക്കുന്നു.
ദൈവമേ,
ആബോധത്തിന്റെ ശിലകളില്‍
ഇലമുളച്ചിവേരുകള്‍
ഇനിയുമൂറാത്തിനിപ്പിന്റെ
പൊരുളുതിരയുന്നതെന്തിന്‌?

വാക്കുകള്‍ ആത്മഹത്യ ചെയ്യുന്ന
ഭാഷയുടെ മുനമ്പില്‍
എന്റെ പലായനങ്ങള്‍ അവസാനിക്കുന്നു.
എന്റെ പ്രണയമേ
എന്റെ പ്രണയമേ
ഉന്മാദങ്ങളുടെ പ്രകര്‍ഷങ്ങ(ണ)ളിലേക്ക്
എന്റെ ഏകാന്തതകളെ നയിക്കരുതേ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്റെ ദൈവമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തണേ
ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലികളില്‍
ഉന്മാദസന്ത്രാസസന്ദേഹരഹിതം
ഞാന്‍ ജീവിതം പൂരിപ്പിക്കട്ടെ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തേണമേ...

6 comments:

Pradeep Kumar said...

ഇല്ല ഒരു രക്ഷകനും വരാൻ പോവുന്നില്ല
അപേക്ഷകൾ കൈക്കൊള്ളുകയുമില്ല
ജ്ഞാനസ്നാനം അവസാനിച്ചിട്ടില്ല
പ്രണയത്തിന്റെ കനലിൽ പൊള്ളുകയെന്നതും അനിവാര്യമായ പ്രകൃതിനിയമമത്രേ......

ajith said...

പ്രണയം മരണം പോലെ ദൃഢമായതും ഏറിയ വെള്ളങ്ങള്‍ക്ക് തണുപ്പിക്കാന്‍ ആകാത്തതും ആകുന്നു.

അന്നൂസ് said...

'പ്രണയത്തോട് പ്രണയം ഉള്ളവര്‍ കുറവ്.......നല്ല എഴുത്തിനു ആശംസകള്‍

प्रिन्स|പ്രിന്‍സ് said...

പ്രണയത്തിലേക്ക് നയിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും പ്രണയിക്കാനും പ്രനയിക്കപ്പെടാനും മനസിന്റെ ഇരുള്‍ മൂടിയ ആഴങ്ങളിലെവിടെയോ ആഗ്രഹം

പട്ടേപ്പാടം റാംജി said...

ഒഴിച്ചു നിര്ത്താനാകാത്തത് സംഭവിക്കാതിരിക്കാന്‍ തരമില്ല.

മുബാറക്ക് വാഴക്കാട് said...

അപേക്ഷ ആയതുകൊണ്ട് പരിഗണിച്ചതാണ്... മനോഹരം...

Blog Archive