Sunday, October 18, 2015

തിരച്ചിൽ


പൊടുന്നനെ,
അതുവരേത്തൊട്ട
ശ്ലഥസാരങ്ങളും മാഞ്ഞു
വചനങ്ങൾ ഏകാന്തതയ്ക്ക് ചിലമ്പിട്ടു.
നിനക്ക് നൊന്തു.

നേരംതെറ്റിയ വാക്കിൻ നിസ്സഹായത
വാഴ്വിൻമുദ്രയാക്കിയ സാരശൂന്യമാം സന്ദിഗ്ദ്ധത
നീരവമബോധത്തിൽ കുറിക്കുന്നതൊക്കെയും
വിരലൂർന്നുപോം വെള്ളത്തുള്ളിപോൽ ചിതറുന്നു.

അത്രയേയാകുന്നുള്ളൂ മുഴുമിക്കാത്ത വാക്കിൻ
വിഷമാണിങ്ങ് നീലകണ്ഠമായ് കാണുന്നത്.
ആരെയെന്നറിയാത്ത തേടലിൻ തുടർച്ചയിൽ
ആരുടേമല്ലാതായിച്ചിതറിയില്ലാതാകും
തിരയെന്നുണ്മ,
ചാരുനിശ്ചലനിമിഷത്തിൻ
സാന്ദ്രനീലിമ‌‌, മായാവാനകാളിമയാകാം‌‌.

തിരയുന്നോ നീ മൂകം?
തിരയുയർന്നുൾക്കടൽ
നുരയിൽ നിലാവുപോൽ
ശകലങ്ങളാം നമ്മൾ.

1 comment:

ajith said...

ഞാനിതൊക്കെ വായിച്ചങ്ങ് വിടുകയേയുള്ളു. വെര്‍തെ ചിന്തിച്ച് തലപുണ്ണാക്കാന്‍ ഏട്യാ മോനേ സമയം!!

“ഈ വല്ലീയില്‍ നിന്നു ചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ” ടൈപ്പൊക്കെയാണെങ്കില്‍ ഞാനും ഒരു പിടിപിടിക്കുവേ :)

Blog Archive