ഉള്ളിൽ
പെയ്യുന്നോളം
പുറത്തേക്കു
ചാറാത്തൊരുവൾ
ഏകാന്തതയോട്
ചതുരംഗം വയ്ക്കുന്നു.
വിരസതയുടെ
കളത്തിൽ
വിശ്രമിക്കുന്ന
കുതിരകളിൽ
കളി
പുരോഗമിക്കുന്നു.
അവൾക്കറിയാലിപികളിൽ
അവളെയെഴുതി
ഒരുവൻ
ഒറ്റയാകുന്നു.
ഉന്മാദിയുടെ
രഹസ്യങ്ങൾ
വിനിമയം
ചെയ്യാത്ത ഭാഷയിൽ
പരാജയപ്പെടുന്നു.
പരസ്പരം
പുറത്താക്കിയ രണ്ടുപേർക്ക്
ഏകാന്തത്തിലേക്ക്
ഗൃഹപ്രവേശത്തിനു
മുഹൂർത്തമകുന്നു.
മിന്നലേറ്റ
തെങ്ങിന്റെ
ഏകാന്തതയെ
ഒരോലേഞ്ഞാലി
ചുറ്റുന്നു.
അതിന്റെ
ചിറകിൽ കനക്കുന്നു
കുരുത്തോലമഞ്ഞ.
തെങ്ങിന്റെ
ധ്യാനം
കാറ്റിലേക്ക്
ചില്ലനീട്ടുന്നു.
കുന്നിനപ്പുറത്തേയ്ക്ക്
കുടിവയ്ക്കുന്നു
മഞ്ഞച്ചിറകുകൾ.
വെയിൽച്ചീളുകൾ
പകിടകളിച്ച മദ്ധ്യാഹ്നങ്ങളെ
സന്ധ്യയിലേയ്ക്ക്
കുടിപാർത്ത ഓർമ്മകൾ അയവിറക്കുന്നു.
ഒന്നും
പുറത്തേയ്ക്ക് ചാറാതെ
വേലിചാരി
മറ്റൊരുരാവൊരുങ്ങുന്നു.
പനഞ്ചോട്ടിൽ
പകൽ
വീതുവച്ചതു തിരഞ്ഞ്
വിളറിയ
നിലാവെത്തുന്നു.
എത്രമോന്തിയിട്ടും
മത്താകാതെ
നിഴലേണിചവിട്ടി
മാട്ടക്കുടം
തിരയുന്നു.
ഉള്ളിൽപെയ്യുന്നതിനു
പുറത്തുകുടചൂടി
ഇടവഴിനടന്ന്
പിരിയുന്നു.
No comments:
Post a Comment