ചിക്കുപക്ക് ചിക്കുപക് റൈലേ/കലക്കത്
പാടെടീ സ്റ്റൈലേ" എന്ന് പാടിയ സനലാണ് പാട്ടുകൊണ്ട് അത്ഭുതപ്പെടുത്തിയ
ആദ്യത്തെ ആള്. റേഡിയോ പാട്ട് റിയലല്ല. കാരണം, മെഷീനിൽ ട്രിക്കുണ്ട്. ഇതാണ് അന്നേ നമ്മുടെ ബോധ്യം. കുങ്കുമ
നിക്കറും ക്രീംഷർട്ടുമുള്ള എൽ.പി.സ്കൂൾ കാലമാണ്. ഞങ്ങൾടെ മർതോമ എൽ.പി.സ്കൂൾ,
പാനിപ്രയിൽ അന്ന് കരണ്ടില്ല. ആ വഴിക്ക് ബസ്സും ഇല്ല. മീഡിയം മലയാളം
ആയതുകൊണ്ട് ഇംഗ്ലീഷിന്റെ ഉപദ്രവവവും ഇല്ല. എന്നിരുന്നാലും പാട്ടുണ്ട്. അതിൽ പോരിമ
ഒപ്പനപ്പാട്ടിനാണ്. ഒപ്പന അവിടത്തെ സ്ഥിരം കലാരൂപമാണ്. ആനുവേഴ്സറിക്ക് ഒപ്പന പഠിപ്പിക്കാൻ
വന്ന ആളുടെ കൂടെയാണ് ഹാർമോണിയം എന്ന ജീവിയെ ആദ്യമായി ജീവനോടെ കണ്ടത്. ലേകിൻ,
ഒപ്പന ഒരു ഗ്രൂപ് ഐറ്റമാണല്ലോ? പാട്ടിൽ
കോൺസന്റ്രേഷൻ കൊടുത്താൽ സ്റ്റെപ്പിൽ ശ്രദ്ധ പോകും. ഒറ്റക്കു പാടാൻ ചങ്കൊറപ്പൊള്ള
പൂങ്കുയിലുകൾ തുലോം കുറവായ അവിടെയാണ് സനൽ എന്ന പാട്ടുകാരൻ നമ്മുടെ ഉള്ളിൽ കേറിയത്.
അവനാണ് ഞാൻ കണ്ട ആദ്യത്തെ സമ്പൂർണ്ണ കലാകാരൻ. പാടുകയും വരക്കുകയും ചെയ്യുന്ന ആളാണ്
നമ്മെ സംബന്ധിച്ചിടത്തോളം സമ്പൂർണ്ണ കലാകാരൻ. ഒരാക്ടറും അക്കാലത്ത് കംപ്ലീറ്റല്ല.
ഇന്ത്യാമഹാരാജ്യത്ത് അന്നാർക്കും ബ്ലോഗുമില്ല. എന്തിന്നധികം, എസ്.റ്റി.ടി. ബൂത്തിലെ ബില്ലടിക്കണ മെഷീനാണ് അന്ന് ഞങ്ങൾ കണ്ടിട്ടുള്ള ഏക
കംപ്യൂട്ടർ. ആ ശുഷ്കകാലത്ത് നോട്ടുബുക്കിൽ ബസ്സിന്റെ പടം വരച്ചു തരാൻ സനലേ ഒള്ളൂ.
നാലുവീലും ചതുരബോഡിയും ഇഷ്ടപ്പെട്ട പേരും ഒക്കെ നമ്മൾ വരയ്ക്കുമ്പോഴും
ഉണ്ടാക്കും. പക്ഷേ, എന്തോ ഒരു കുറവുണ്ട് നമ്മള് വരച്ച
വണ്ടിക്കെന്ന് കാണുമ്പോഴേ അറിയാം. സനൽ വരക്കുമ്പോൾ കടലാസിലെ വണ്ടിയും ഓടും. നമ്മൾ
വരച്ചത് കാണുന്നവർ ഓടും. ഇതാണ് ആ വ്യത്യാസം. പാട്ടും അങ്ങനെ തന്നെ. അന്ന്
വെള്ളിയാഴ്ചകൾ കലാദിവസം ആണ്. അവസാനത്തെ പിരിയഡ് നിർബന്ധമായും കലാപ്രവർത്തനം.
ആത്മസ്നേഹിതൻ ഷാമോനും ( ഈ അടുത്ത കാലത്ത് നിക്കാഹ് കഴിഞ്ഞപ്പോഴാണ് അവൻ ഫിറോസ്
ആയത്!) ഞാനും എല്ലാ വെള്ളിയാഴ്ചയും ഒരേ പാട്ടിന്റെ നാല് വരി പാടും. “ഡോക്ടർ സാറേ
പൊന്നു ഡോക്ടർ സാറേ/എന്റെ രോഗമൊന്നു നോക്കണേ ഫീസില്ലാതെ" എന്ന സിനിമാ പാട്ട്
എവിടെ നിന്നു കിട്ടിയെന്ന് ഇപ്പോൾ ഒരു പിടീം കിട്ടുന്നില്ല. ആരും പറഞ്ഞു
തന്നില്ലെങ്കിലും ഞങ്ങൾടെ പാട്ട് ഞങ്ങൾക്ക് മാത്രം കേൾക്കാൻ കൊള്ളാവുന്ന ഒന്നാണെന്ന്
അന്നേ അറിയാമായിരിന്നു. എന്നിട്ടും പാടാനുള്ള ധൈര്യം അവനും എനിക്കും എവിടെ നിന്ന്
കിട്ടിയോ ആവോ?
സനലിനു ശേഷം പിന്നെയൊരു പാട്ടുകാരൻ നമ്മെ ഹഠാദാകർഷിക്കുന്നത് ഡിഗ്രീകാലത്താണ്. ഇഹത്തിലും പരത്തിലും ഗതി തരാത്ത ഇംഗ്ലീഷ് ക്ലാസ് കട്ട് ചെയ്യാതിരിക്കുന്നതിനു അന്നത്തേയും എന്നത്തേയും കാരണം അതൊരു കമ്പൈൻ ക്ലാസ്സ് ആണെന്നതാണ്. ശാസ്ത്രം പഠിക്കുന്ന സകല ഡിഗ്രീക്കാർക്കും കൂടി ഒരേ ഒരു ഇംഗ്ലീഷ് ക്ലാസ്സ്. ലേകിൻ, തേങ്ങ എത്ര അരച്ചാലും താളല്ലേ കറി. ആ ന്യായേന മടുത്ത് മരവിച്ചിരുന്ന ഒരിംഗ്ലീഷ് ക്ലാസ്സിലാണ് ജിതൻ എന്ന നമ്മുടെ ക്ലാസ്‌മേറ്റിനോട് ഒരു പാട്ട് പാടാൻ ടീച്ചർ പറഞ്ഞത്. അഹോ ഉദാര രമണീയ പൃത്ഥ്വീ. എത്ര ഉദാരമതിയാണ് രമണീ എന്ന് പറയുന്നതു പോലെ ലവൻ "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടു ഞാൻ" എന്ന് തൊള്ള കീറി. പാട്ട് കിടിലോൽക്കിടിലം. മുക്തകണ്ഠം പ്രശംസിക്കാൻ ആർക്കായാലും തോന്നും. പക്ഷേ, നമ്മളത് ചെയ്തില്ല. എന്തെന്നാൽ, ടി ക്ലാസ്സിലെ തരുണീ നയനങ്ങളെല്ലാം ലവന്റെ മോറിലും ലതുങ്ങടെ മനസ്സ് ആ പാട്ടിലും ആയിരുന്നു. അത് ആർക്ക് സഹിക്കും? എം.ഫിൽ ടൈമിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിച്ചപ്പോൾ എം.ജി. ശ്രീകുമാറിന്റെ ഒച്ചയിൽ അതേ പാട്ട് കേട്ടു. മൊബൈലിൽ ഇപ്പോഴും അതുണ്ട്. പക്ഷേ, അന്നവൻ പാടിയപ്പോൾ കിട്ടിയ ആ ഫീലും ഗുമ്മും പിന്നെ കിട്ടീട്ടില്ല. ക്ലാസ്മേറ്റ് എന്ന അധികാരം ഉള്ളതിനാൽ പലവട്ടം അവനെ പാടിച്ചു. ജാഡത്തെണ്ടിയായ അവൻ തൊണ്ടവേദനയാണെന്നും പറഞ്ഞ് പലപ്പൊഴും ഞങ്ങളെ ഒഴിഞ്ഞു. എന്നിട്ട് സീനിയർ ചേച്ചിമാരുടെ നടുക്കിരുന്നു പാടി. അങ്ങനെ പാടിയ ദിവസങ്ങളിലെല്ലാം ഉച്ചയൂണിനു ശേഷം ഘടാഘടിയന്മാരായ മുരളിയും അരുണും അവന്റെ കഴുത്തിനു പിടിച്ചും പിടിക്കാതെയും ഗാനമേള നടത്തിച്ചു. പാട്ടിലാക്കി ഞങ്ങളെ ആ പരമ പൂരുഷൻ. അന്നൊരിക്കൽ അവൻ നമുക്കുമാത്രമായി പാടിത്തന്ന "പ്രദക്ഷിണ വഴിയിൽ നൂപുരധ്വനികേട്ട് പ്രസാദം തൊടുവാൻ മറന്നുപോയി" എന്ന ലളിതഗാനം അവന്റെ ശബ്ദത്തിൽ ഇപ്പോഴും ഉള്ളിലുണ്ട്. പിന്നീടിതേവരെ ആ പാട്ട് കേട്ടിട്ടില്ല. പുറത്തെടുക്കാനാകാതെ ഉള്ളിൽ സൂക്ഷിക്കുന്ന പലതിനുമൊപ്പം ആ പാട്ടും അവിടിരിപ്പുണ്ട്. അവനെ കണ്ടിട്ട് ചുരുങ്ങിയത് പത്തു വർഷമെങ്കിലും ആയി. അവനിപ്പോൾ താരാട്ട് പാട്ടിൽ സ്പെഷ്യലൈസ് ചെയ്യുന്നുണ്ടാകും. ദശാബ്ധം എന്നത് എത്ര ചെറുതാണ്.
സനൽ ഇന്നും കലാകാരനാണ്. മുടി മുറിച്ച്
ആളെ സുന്ദരനാക്കുന്ന വിദ്യ അവൻ സ്വായത്തമാക്കി. ഈ വിദ്യയിൽ ഞങ്ങൾടെ നാട്ടിലെ
കുലപതിയായിരുന്ന മണിച്ചേട്ടന്റെ ശിഷ്യനാണവൻ. ഞാനടങ്ങുന്ന പല മരമോന്തരുടേയും മുടി
ആദ്യകാലം മുതലേ മുറിച്ചത് മണിച്ചേട്ടനാണ്. എന്തിന്നേറെപ്പറയണം, ഇതെഴുതുന്നവന്റെ മോന്ത അതിമനോഹരമായി
തോന്നിയത് മണിച്ചേട്ടന്റെ ബാർബർഷോപ്പിലെ കണ്ണാടിയിൽ കണ്ടപ്പോഴാണ്. നിന്റെ കണ്ണിൽ
പ്രതിബിംബിച്ചപ്പോഴാണ് എന്റെ മുഖം ഏറ്റവും സുന്ദരമായത് എന്നത് പടച്ചുവിട്ട
പെരുംനുണകളിൽ ഒന്നുമാത്രം. എന്തു നുണയും പാസാക്കുന്ന നയമല്ലോ പ്രണയം. പാനകത്തിനു
ചിന്തുപാടുമ്പോഴാണ് ഇപ്പോൾ സനലിന്റെ പാട്ട് കേൾക്കാറ്. “ഏഴുനിലമാളികമേലെ തിങ്കളാഴ്ച
നോമ്പ് നോറ്റ്/തിങ്കൾക്കല പോലൊരു പെൺകൊടി കാത്തിരിക്കുന്നേ അയ്യാ..” എന്ന് അവൻ
ചിന്തടിച്ച് പാടുമ്പോൾ അവിശ്വാസിയുടേയും പള്ളക്കു പിടിക്കുന്ന ഒരു സാധനമായി
മാറുന്നു ഭക്തിഗാനം. ചുരുക്കിയാൽ, മുടി നീട്ടി വളർത്തിയ
ഇവനോട്, പൊളിച്ചു! ഇതിനി ഇങ്ങനെ മതി എന്നു പറഞ്ഞ ഏക ബാർബർ
തൊഴിലാളിയും ഫ്രീക്കനല്ലാത്ത സുഹൃത്തും സനലാണ്. കലാകാരന്മാർ മറ്റുള്ളോരെ
സമാധാനിപ്പിക്കുന്ന മാന്ത്രികരാണ്.
സനലിനു ശേഷം പിന്നെയൊരു പാട്ടുകാരൻ നമ്മെ ഹഠാദാകർഷിക്കുന്നത് ഡിഗ്രീകാലത്താണ്. ഇഹത്തിലും പരത്തിലും ഗതി തരാത്ത ഇംഗ്ലീഷ് ക്ലാസ് കട്ട് ചെയ്യാതിരിക്കുന്നതിനു അന്നത്തേയും എന്നത്തേയും കാരണം അതൊരു കമ്പൈൻ ക്ലാസ്സ് ആണെന്നതാണ്. ശാസ്ത്രം പഠിക്കുന്ന സകല ഡിഗ്രീക്കാർക്കും കൂടി ഒരേ ഒരു ഇംഗ്ലീഷ് ക്ലാസ്സ്. ലേകിൻ, തേങ്ങ എത്ര അരച്ചാലും താളല്ലേ കറി. ആ ന്യായേന മടുത്ത് മരവിച്ചിരുന്ന ഒരിംഗ്ലീഷ് ക്ലാസ്സിലാണ് ജിതൻ എന്ന നമ്മുടെ ക്ലാസ്‌മേറ്റിനോട് ഒരു പാട്ട് പാടാൻ ടീച്ചർ പറഞ്ഞത്. അഹോ ഉദാര രമണീയ പൃത്ഥ്വീ. എത്ര ഉദാരമതിയാണ് രമണീ എന്ന് പറയുന്നതു പോലെ ലവൻ "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടു ഞാൻ" എന്ന് തൊള്ള കീറി. പാട്ട് കിടിലോൽക്കിടിലം. മുക്തകണ്ഠം പ്രശംസിക്കാൻ ആർക്കായാലും തോന്നും. പക്ഷേ, നമ്മളത് ചെയ്തില്ല. എന്തെന്നാൽ, ടി ക്ലാസ്സിലെ തരുണീ നയനങ്ങളെല്ലാം ലവന്റെ മോറിലും ലതുങ്ങടെ മനസ്സ് ആ പാട്ടിലും ആയിരുന്നു. അത് ആർക്ക് സഹിക്കും? എം.ഫിൽ ടൈമിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിച്ചപ്പോൾ എം.ജി. ശ്രീകുമാറിന്റെ ഒച്ചയിൽ അതേ പാട്ട് കേട്ടു. മൊബൈലിൽ ഇപ്പോഴും അതുണ്ട്. പക്ഷേ, അന്നവൻ പാടിയപ്പോൾ കിട്ടിയ ആ ഫീലും ഗുമ്മും പിന്നെ കിട്ടീട്ടില്ല. ക്ലാസ്മേറ്റ് എന്ന അധികാരം ഉള്ളതിനാൽ പലവട്ടം അവനെ പാടിച്ചു. ജാഡത്തെണ്ടിയായ അവൻ തൊണ്ടവേദനയാണെന്നും പറഞ്ഞ് പലപ്പൊഴും ഞങ്ങളെ ഒഴിഞ്ഞു. എന്നിട്ട് സീനിയർ ചേച്ചിമാരുടെ നടുക്കിരുന്നു പാടി. അങ്ങനെ പാടിയ ദിവസങ്ങളിലെല്ലാം ഉച്ചയൂണിനു ശേഷം ഘടാഘടിയന്മാരായ മുരളിയും അരുണും അവന്റെ കഴുത്തിനു പിടിച്ചും പിടിക്കാതെയും ഗാനമേള നടത്തിച്ചു. പാട്ടിലാക്കി ഞങ്ങളെ ആ പരമ പൂരുഷൻ. അന്നൊരിക്കൽ അവൻ നമുക്കുമാത്രമായി പാടിത്തന്ന "പ്രദക്ഷിണ വഴിയിൽ നൂപുരധ്വനികേട്ട് പ്രസാദം തൊടുവാൻ മറന്നുപോയി" എന്ന ലളിതഗാനം അവന്റെ ശബ്ദത്തിൽ ഇപ്പോഴും ഉള്ളിലുണ്ട്. പിന്നീടിതേവരെ ആ പാട്ട് കേട്ടിട്ടില്ല. പുറത്തെടുക്കാനാകാതെ ഉള്ളിൽ സൂക്ഷിക്കുന്ന പലതിനുമൊപ്പം ആ പാട്ടും അവിടിരിപ്പുണ്ട്. അവനെ കണ്ടിട്ട് ചുരുങ്ങിയത് പത്തു വർഷമെങ്കിലും ആയി. അവനിപ്പോൾ താരാട്ട് പാട്ടിൽ സ്പെഷ്യലൈസ് ചെയ്യുന്നുണ്ടാകും. ദശാബ്ധം എന്നത് എത്ര ചെറുതാണ്.
സ്വന്തം
പാട്ടുകാരൻ അന്നും ഇന്നും വിനോദാണ്. (ജെവ്സ് എന്നാണ് ആദ്യമേ വായിൽ വന്നത്).
വിനോദിനാകുമ്പോൾ നോ ജാഡ. പാടെടാ എന്ന് പറഞ്ഞാൽ പാടും. മുടിഞ്ഞ ശബ്ദം. ഹമാരാ യേശുദാസ്.
അവനെന്നെ ഞെട്ടിച്ചത് ഒരു ഗാനമേളക്കാണ്. കോളേജിലെ ഗാനമേള എന്ന് പറഞ്ഞാൽ നമ്മുടെ
ഗായകർക്ക് തിളങ്ങാനുള്ള ചാൻസാണ്. കോളേജ് യൂണിയൻ വഹ ഗാനമേളക്ക് ഞങ്ങൾ ഫിസിക്സിനു
വേണ്ടി വിനോദ് പാടുന്നു. ചുമ്മാ കിട്ടിയ അവസരമല്ല. ആളും നേതാക്കളും കുറവാണെങ്കിലും
ഉശിരിന്ന് ലവലേശം കുറവില്ലാത്ത എ.ഐ.എസ് എഫിലെ ഞങ്ങൾടെ സ്വന്തക്കാരൻ അരുൺ പടപൊരുതി
നേടിയ അവസരമാണ്. അവസാന നിമിഷത്തെ ചാഞ്ചല്യത്തിന് പാമ്പരുൺ വഹ തെറികൂടികേട്ട ശേഷം
വിനോദിന്റെ പാട്ട്. സമയം ഉച്ചരയാണ്. “എന്തു സുഖമാണീ നിലാവ്" എന്ന് മൈക്കിൽ
വിനോദ്. സകലമാന മനുഷ്യരും അതുകേട്ട് ഉളുപ്‌ലെസ്സായി നിശ്ശബ്ദരായി.
പടവുകളിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ സ്റ്റേജിലാണ്. പഹയൻ പാടി പൊലിപ്പിച്ചു. അവനെക്കൊണ്ട്
പാടിക്കണ്ടായിരുന്നെന്ന് എനിക്ക് മാത്രമാകില്ല തോന്നിയത്. ഒടുക്കം കൂവാൻനേരം അവനെ
സ്റ്റേജിലേക്ക് ഉന്തിക്കയറ്റിയ ഞാനും സുഹൃത്തുക്കളും മാത്രം. പിന്നെ പലപ്പോഴായി
പ്രമദവനാദിവനങ്ങളിലൂടെ വീണ്ടും വീണ്ടും ലവന്റെ പാട്ട്. അവനിപ്പോ ടെക്കിയാണ്.
കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ മാസം കഴിഞ്ഞു. ആനിക്കെന്തായാലും അവൻ
പാട്ടുമൂളിക്കൊടുക്കും.
പ്രത്യേകിച്ചൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട് ലൈബ്രറിയിൽ ചെന്നിരുന്ന് ഉറക്കം തൂങ്ങിയ ഒരു ബോറൻ
ഉച്ചയ്ക്കാണ് ഹരികൃഷ്ണന്റെ പാട്ട് കേൾക്കുന്നത്. “മാനത്തെ മണിത്തുമ്പമേട്ടിൽ മേട
സുര്യനോ..” എന്ന്. ഉറക്കവും ലൈബ്രറിയും ഉപേക്ഷിച്ച് നമ്മൾ ശടേന്ന് മുകളിലത്തെ
ഓഡിറ്റോറിയത്തിലെത്തി. “എല്ലാം ഓർമ്മകൾ മാത്രമായ്/ ഏതോ നേർത്ത തേങ്ങലായി"
എന്ന് ഗയകൻ ഉച്ചസ്ഥായിയിൽ. നൻപരിൽ മുൻപനായ ഷിജൂനോട് ചോദിച്ചപ്പോഴാണ് ബി.കോമിൽ
ലവന്റെ സഹപാഠിയാണ് പാട്ടുകാരൻ എന്നറിഞ്ഞത്.
കൂട്ടത്തിൽ
പാട്ടുകാർക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. പതിമൂന്നു പേരുള്ള ഫിസിക്സ് ക്ലാസ്സിൽ
ഏകദേശം ആറ് പാട്ടുകാർ. ക്ലാസിക്കലിനു ക്ലാസിക്കൽ. നാടനു നാടൻ. സകലതും സുലഭം.
ഒടുക്കം, അന്നത്തെ ഞങ്ങടെ
മൊതലാളിയായിരുന്ന ബാബു സാറിന്റെ വീട്ടിൽ ചെന്നപ്പോൾ ആണ്ടെ അവടിരിക്കുന്നു ഒരു
തബല. ചുമ്മാതല്ല അവസാനവർഷത്തെ പരിപാടിക്ക് "ഇന്നലെ എന്റെ നെഞ്ചിലെ
കുഞ്ഞുമൺവിളക്കൂതിയില്ലേ/ബാബുസർ മൺവിളക്കൂതിയില്ലേ/ പ്രാക്ടിക്കൽ ലാബിന്റെ മുറ്റത്തെ
വാകപോൽ ഒറ്റക്കു നിന്നില്ലേ" എന്ന് ഞങ്ങള് കോറസിൽ പാരടിയിട്ടപ്പോ ഇതൊക്കെ
എന്നത് എന്ന ഭാവത്തിൽ മൂപ്പിലാൻ പ്രോത്സാഹിപ്പിച്ചത്. അതേ
സ്പിരിറ്റുള്ളതുകൊണ്ടാണല്ലോ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേഷൻ
ഉദ്ഘാടനത്തിനു ടി.വിയിൽ മാത്രം കണ്ടുവരുന്ന, വ്യത്യസ്ഥങ്ങളായ
വട്ടംകറക്കലുകളും അവതാരകരും ഒക്കെയുള്ള സംഗീതമത്സരം നടത്തിയത്. ടി പരിപാടിയിലെ
സർപ്രൈസ് റൗണ്ടിലാണ് "ഒരു മുറൈ വന്ത് പാർതായ" എന്നൊക്കെ വയലിനിൽ പാടി
ഹരീഷ് ഞങ്ങളെ തൃല്ലടിപ്പിച്ചത്. അവനിപ്പോ കച്ചേരിക്ക് വയലിൻ വായിച്ചു തുടങ്ങി.
സരസ്വതി
ദേവി.സി.ജി എന്ന ഞങ്ങൾടെ സ്വന്തം ക്ലാസ്മേറ്റ് ഡിപ്പാർട്ട്മെന്റ് പരിപാടിക്ക്
മാത്രമേ പാടികേട്ടിട്ടുള്ളൂ. അയാളുടെ പ്രധാനപാട്ടുകൾ
"ആറ്റുനോറ്റുണ്ടായൊരുണ്ണിയും” "എങ്ങിനെ ഞാൻ ഉറക്കേണ്ടൂ”..
എന്നതുമായിരുന്നു. ഡിപ്പാർട്ട്മെന്റിനെ നയിക്കുന്ന അദ്ധ്യാപകരിൽ പ്രധാനികൾ
ദൈവവിശ്വാസികൾ അല്ലായിരുന്നെങ്കിലും പരിപാടികൾ പ്രാർത്ഥനയോടെ തുടങ്ങണം എന്ന
ആചാരത്തോട് അസഹിഷ്ണുത ഇല്ലായിരുന്നു. ഞങ്ങൾക്കെല്ലാം വേണ്ടി സരസ്വതിയായിരുന്നു
പ്രാർത്ഥിച്ചിരുന്നത്. പാട്ട് ഹൃദ്യമായതിനാൽ പ്രാർത്ഥനയാണല്ലോ ഈ കേൾക്കുന്നത്
എന്നത് നമ്മൾ ക്ഷമിച്ചു. സരസ്വതി പ്രാർത്ഥിച്ച് മംഗളകരമായി തുടങ്ങിയ പരിപാടികൾ
ധൃതിയിൽ നന്ദിപറഞ്ഞ് അവസാനിപ്പിച്ചിരുന്നത് ഇവൻതന്നെ. നന്നായിത്തുടങ്ങിയതൊക്കെയും
ധൃതിയിൽ നിർത്തുക എന്ന സ്വഭാവത്തിന്റെ ഒരു പഴേ ഉദാഹരണം.
നിനവിലെ
ആദ്യത്തെ പാട്ടുകാരികൾ മാനസിയും ഷീബയുമാണ്. "തിരുനാമ കീർത്തനം
പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ" എന്ന് മാനസിയും "അഷ്ടമിരോഹിണി
നാളിലെൻ മനസ്സൊരു മുഗ്ദ്ധവൃന്ദാവനമായ് മാറിയെങ്കിൽ" എന്ന് ഷീബയും മനോഹരമായി
പാടി. പെണ്ണുങ്ങളോട് മിണ്ടാൻ പേടിയുള്ള യു.പി സ്കൂൾ കാലമായതിനാൽ പാട്ടുകൾ
ഉഷാറായെന്നും ഇഷ്ടായെന്നും പറഞ്ഞില്ല. പകരം "ചെപ്പടിക്കുന്നിൽ
ചിമ്മിച്ചിണങ്ങും ചക്കരപ്പൂവേ " എന്ന ജംഗിൾബുക്ക് ഗാനം നമ്മുടെ ടീംസ് ഹണിയും
കൂട്ടരും പാടിയതിനെ വാനോളം പുകഴ്തി. ഈ പാട്ടുപാടി ഹണിയും ടീംസും ഞങ്ങൾ ആണുങ്ങൾക്ക്
വേണ്ടി സ്കൂൾതലത്തിൽ കുറേ സമ്മാനം മേടിച്ചിട്ടുണ്ട്. ഇതൊക്കെ നടക്കുന്നത് വടാശേരി
സ്കൂള് എന്ന് ഞങ്ങൾക്കിടയിലും ഗവൺമെന്റ് യു.പി.സ്കൂൾ പാനിപ്ര എന്ന് സർക്കാർ
തലത്തിലും അറിയപ്പെടുന്ന യു.പി. കാലഘട്ടത്തിലാണ്. പെൺകുട്ടികളോട് സംസാരിക്കാൻ
സാമാന്യേന സ്വാതന്ത്ര്യം ഉള്ള, പേടി ഇല്ലാത്ത ഇപ്പൊഴത്തെ സ്കൂൾ കുട്ടികളോട് അതുകൊണ്ട് അസൂയയിൽ പൊതിഞ്ഞ
സ്നേഹം. പാട്ടുകേട്ട് ഒരുത്തിയോട് പ്രേമം തോന്നിയ ചപ്പടാച്ചിക്കഥ ഇവിടെ
നിരത്തുന്നില്ല. പാട്ടിലാക്കൽ എന്നുംകൂടിയാണല്ലോ പ്രേമത്തിന്റെ അർത്ഥം.
വഴിതെറ്റി
തത്വചിന്തപഠിക്കാൻ ചേർന്നതിനു ശേഷം ഒരു പാട്ടുകാരനെയും കിട്ടിയിട്ടില്ല.
ഗവേഷണകാലമായിരുന്നു ഏറ്റവും ശുഷ്കം. ജയചന്ദ്രനേയും റാഫിയേയും ഗുലാം അലിയേയും
മെഹ്ദി ഹസനേയുമൊക്കെ ആശ്രയിക്കേണ്ടി വന്നു ആൽക്കഹോളിക് ആയ രാത്രികളിൽ. "സബ്കോ
മാലൂം ഹേ മേം ഷരാഭി നഹീം/ഫിർ ഭീ കോയീ പിലായേ തോ മേം ക്യാം കരൂം" ഗവേഷണ
കാലത്ത് ഉള്ളിൽ കൊണ്ട ഒരെണ്ണം. “പ്യാർ ഭരേ/ ദോ ഷെർമിലെ നൈൻ/ ജിൻസേ മിലാ...” മെഹ്ദി
ഹസൻ നമ്മെ ഗദ്ഗദപ്പെടുത്തി. ഗസലുകളും കേട്ടുകിടന്ന് വിഷാദം പിടിച്ചിട്ട്, അത് മാറ്റാൻ ഡിപ്പാർട്ട്മെന്റിൽ സെമിനാറിനു
പോകേണ്ടി വന്നു ഒരു ദിവസം. സംഭവം കേട്ടിട്ട്, ഗസലിനു
അങ്ങനൊക്കെ സാധിക്കും എന്ന് ആശ്വസിപ്പിച്ചു നൻപരിൽ നല്ലവനും പാട്ടുകാരനുമായ
തത്വചിന്തകൻ. അവനാണ് ഹിന്ദു സ്ഥാനിപ്പാട്ടുകൾ
കേൾക്കേണ്ടതാണന്നും പറഞ്ഞ് ഒരു പെൻഡ്രൈവ് നിറച്ചു തന്നത്. അവന്റെ നാമം
വാഴ്തപ്പെടട്ടെ.
എന്തെന്നാൽ അവന്റെ പ്രേമത്തിലും ഒരു പാട്ടുണ്ടായിരുന്നു എന്നെനിക്കറിയാം. “Riders
on the Storm” എന്ന Doors ന്റെ പാട്ട്
കേൾപ്പിച്ച് തന്നത് മറ്റൊരു സഹഗവേഷകനാണ്. ഇംഗ്ലീഷിലും പാട്ടുണ്ട് എന്ന തോന്നലേ
ഇല്ലാതിരുന്ന നമ്മൾ കുറച്ചെങ്കിലും വിദേശപ്പാട്ട് കേട്ടത് അങ്ങനാണ്.
ഗവേഷണക്കാലത്ത് നെറ്റ് സുലഭമായതുകൊണ്ട് പീസുമാത്രമല്ല പാട്ടുകളും തോനെ കിട്ടി.
ഇന്റർനെറ്റ് സുലഭമായതിനാൽമാത്രം കിട്ടിയ പാട്ടുകൾ ഗവേഷണകാലത്തെ ഓർക്കാൻ
കൊള്ളാവുന്ന ഒരു മനോഹാരിതയാണ്. അല്ലാതെ, ഇക്കേട്ട
പാട്ടുകളൊന്നും നാഗഞ്ചേരിയിലേക്ക് വന്ന് നമ്മെ വിളിക്കുകയൊന്നുമില്ലല്ലോ..
ഇഷ്ടപ്പെട്ട
പാട്ടുകളാണ് പള്ളിയിൽ വയ്ക്കുന്നതെങ്കിൽ അത് കേൾക്കാൻ വേണ്ടി വെളുക്കും മുന്നേ
ഉണർന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല.
കുതിരപ്പുറത്തിരിക്കുന്ന കുന്തക്കാരനാണ് ഞങ്ങൾടെ പുണ്യാളനെങ്കിലും പാട്ടിനോട്
പുള്ളിക്ക് വിരോധമില്ലായിരുന്നു. അതുകൊണ്ടായിരിക്കാം അതികാലത്ത് മണിയടിച്ചിട്ട്
പള്ളിയിൽനിന്നും പാട്ടുകേൾപ്പിച്ചത്. "പാട്ടുകുർബാന" ഉണ്ടാക്കിയ ആൾ ആരായാലും
ഒരു വിശുദ്ധനാകാതിരിക്കാൻ തരമില്ല. "യഹൂദിയായിയിലെ ഒരു ഗ്രാമത്തിൽ താരകത്തെ
നോക്കി ആട്ടിടയർ നടന്നത്, അനന്തസ്നേഹത്തിൽ ആശ്രയം തേടി മരിച്ചവനൊരുനാൾ തിരിച്ചു വന്നത്, കർത്താവു ഭവനം പണിയതിരുന്നാൽ നിഷ്ഫലമാകും പ്രയത്നമെല്ലാം എന്നറിഞ്ഞത്
അതെല്ലാം പള്ളീന്ന് പുറപ്പെട്ട പാട്ടുകളിലായിരുന്നു. തിരുനാമ കീർത്തനം പാടുവാൻ എന്നു
തുടങ്ങുന്ന പാട്ടിൽ "പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന/കിളികളോടൊന്നു
ചേർന്നാർത്തു പാടാം" എന്നതിലെ "ആർക്കല്" പിന്നീട്
കല്ലുകടിയായിത്തോന്നിയെങ്കിലും ആ വരികൾ പാട്ടിലായപ്പോൾ ഗംഭീരമായിരുന്നു.
"ശാന്തപ്രശാന്തം ഈ ഭവനം/ശാന്തിനികേതനം ദേവാലയം" എന്നതാണ് ഈ ഗണത്തിൽ ഏറെ
പ്രിയപ്പെട്ടത്. അത് കേൾക്കാൻ വേണ്ടി മാത്രം ഒരാഴ്ചക്കാലം കാലത്തേ കണ്ണു തുറന്ന്
പായേൽ കിടന്നതാണ്. ഉറക്കെ വയ്ക്കുന്നപാട്ടുകൾക്കും പുഴയിലെ വെള്ളത്തിനും സകലരും
അവകാശികളത്രേ. വചനമാണല്ലോ രൂപത്തേക്കാൾ മുന്നേ ഉണ്ടായത്. നാദമാണ് ശൂന്യതയിൽ അമൃതം
വർഷിച്ചത്. അതുകൊണ്ട്, പാട്ടുണ്ടാക്കിയവനാണ് പടച്ചോൻ.
No comments:
Post a Comment