Saturday, December 14, 2013

അരണ്യകം

കുടയുള്ളാരും
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.

എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.

ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.

മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.

വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദു‌ര്‍‌വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.

ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.

5 comments:

ajith said...

കെട്ടിപ്പിടിയ്ക്കുന്നുണ്ടാവാം മണ്ണിന്നാര്‍ദ്ര മനസ്സിനെ.......മനോഹരമായ കവിതയും നല്ല ഭാവനയും!

Pradeep Kumar said...

കവിത ഏറെ ഇഷ്ടമായി ഷിനോദ്....

നാമൂസ് പെരുവള്ളൂര്‍ said...

എന്തോരം കൈകൾ ഉണ്ടായിട്ടെന്താ മറ്റുള്ളവന്റെ കൈപ്പാട്‌ എണ്ണാനാണ് വിധി..!

viddiman said...

വേരുകളുള്ളിടത്തോളം, ഋതുക്കളൊത്ത് മാറാതിരിക്കാനാവില്ല മരത്തിന്.

ഒരു പൂ. ഒരു കാ. ഒരു വിത്തെങ്കിലും ബാക്കിയാവാതെ.

ഇഷ്ടപ്പെട്ടു.

ഇഗ്ഗോയ് /iggooy said...

thanks friends

Blog Archive