Monday, November 24, 2014

ഒന്നും സംഭവിച്ചിട്ടില്ല.


ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരില കൊഴിഞ്ഞിട്ടില്ല.
കാറ്റുവീശിയിട്ടില്ല.
എല്ലാം പഴേപോലെ
നീരവം. നിരാഭം.

ചിരിച്ച് തിരിയുമ്പോൾ,
നിന്റെ കണ്ണു നനഞ്ഞെന്നും
എന്റെ തൊണ്ടയിടറിയെന്നും
വെറുതേ തോന്നിയതാണ്.
കണ്ണിൽ കരടുപോയതോ
ഓർക്കാപ്പുറത്ത് ഒരു ചുമ വന്നതോ‌ ആകാം.
ഇല്ല, ഒന്നും ഉണ്ടായിട്ടില്ല.

കടലിരമ്പിയതും
കാറ്റാർത്തതും
മറ്റെവിടെയോ‌ ആണ്.
അടയാളങ്ങളുടെ പുസ്തകത്തിൽ
വെളിപാടുകളുടെ അർത്ഥം തിരഞ്ഞത്,
നഷ്ടപ്പെട്ടത്,
ആർത്ത് ചിതറിയത്,
പുറത്തില്ല്ലാത്ത ഏതോ‌ നമ്മളാണ്.

ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
കടലിരമ്പുന്നതും
കാറ്റാർക്കൂന്നതും
മറ്റെവിടെയോ‌ ആണ്.
നമ്മൾ
ഇപ്പോൾ
ഇവിടെയാണ്.
ഒന്നും സംഭവിക്കാത്ത ഇവിടെ.

3 comments:

ajith said...

എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാത്ത ഒരു നിമിഷം പോലുമില്ല

Pradeep Kumar said...

കവിതയെഴുതിയ അക്ഷരക്കൂട്ടുകൾക്ക് പ്രത്യേക ഭംഗി.....

സൗഗന്ധികം said...

The Presence of the Present...

Nice...

Blog Archive