Friday, July 3, 2015

ഓർമ്മകളെക്കുറിച്ച്

ചില ഓർമ്മകൾ
അനുസരണയില്ലാത്ത നായയെപ്പോലെ
അനവസരത്തിൽ കുരച്ചുചാടും.
ഉപേക്ഷിച്ചവീടുകൾക്ക് കാവൽ നിൽക്കും.
തോന്നുമ്പോലെ വന്നുപോകും.

ചിലത്
ഒരിക്കൽ ഓമനിച്ച പൂച്ചയെപ്പോലെ
എത്ര ദൂരേയ്ക്കുപേക്ഷിച്ചാലും
തിരിച്ചുവരും.
മുട്ടിയുരുമ്മി സ്നേഹംഭാവിച്ച് അലോസരപ്പെടുത്തും.
ഒളിച്ചുവച്ചനഖങ്ങളാൽ
ഓർക്കാപ്പുറത്ത് മാന്തിക്കീറും.
ഒറ്റപ്പെടലിന്റെ ഇരുട്ടിൽ
അവയുടെ കണ്ണുതിളങ്ങും.

പേപിടിച്ച അരുമകളാലേറ്റ
കാണാമുറിവുകളാകണം
കാലമാപിനിയിൽ
ഓർമ്മകളായി പുലരുന്നത്.
അവയിലൊരു തിരഞ്ഞെടുപ്പിനു
ഏകകങ്ങളില്ലായ്കാൽ
സന്തോഷത്തിന്റെ നിമിഷം ഏതെന്ന ചോദ്യം
ഓർമ്മകളിൽനിന്നും നമ്മെ പുറത്താക്കുന്നു.

ചരിത്രമെന്നപോലെ
ഓർമ്മകളും
ഉപേക്ഷിക്കപ്പെട്ടവരുടേതുമാണ്.

ആരുടെ ഓർമ്മയാണ്,
ഓർമ്മകളിലാണ്
നാം?

Sunday, June 21, 2015

നിര്‍‌വാണയോഗം

കുക്കുടാസനേ നമോ
മൂലമന്ത്രം നിരത്തവേ
സന്ധിബന്ധത്തിലിടിമിന്നല്‍
പാസ്പോര്‍‌ട്ടില്ലാതെ പാഞ്ഞുപോയ്.

രാജ്യം പലതുതെണ്ടുന്ന
രാജാവിന്റെ പ്രജകളെ
ത്രിശങ്കുസ്വര്‍ഗ്ഗമെത്തിക്കും
യോഗായനം  നമോസ്തുതേ...

വാനമെത്തുന്ന നിര്‍‌വാണം
വായു തിന്നുവോര്‍ക്കേകിടും
ലങ്കോട്ടീബദ്ധസിദ്ധന്മാര്‍
യോഗീശ്വരര്‍ ജയിക്കണേ...

കുന്തം മറിഞ്ഞ് കുണ്ഡലിനി
വിരിഞ്ഞൂര്‍ജ്ജം പൊഴിക്കണേ...
കുണ്ടീല്‍നിന്നുമൂര്‍ജ്ജത്തിന്‍
കിരണാവലിയിറങ്ങണേ...

വെളുമ്പോളെഴുന്നേറ്റ്
വെളിക്കിരിക്കാതെ സൂര്യനെ
നമസ്കരിച്ചസുബദ്ധത്തിന്‍
യോഗയെന്നും വിളങ്ങണേ...

തലകുത്യാസനേ നില്‍ക്കേ
പൊട്ടാതരയിലെന്നുമേ
ലങ്കോട്ടികാത്തുകൊള്ളുന്ന
സൂത്രം നിത്യം മുറുകണേ...

ചളിയില്‍ സഹസ്രപത്മങ്ങള്‍
ഉന്മാദത്തോടെയാടിടും
സ്വച്ഛഭാരത വര്‍ഷത്തില്‍
ശ്വാസോച്ഛ്വാസം നടക്കണേ...

വെളുക്കുമ്പോളെഴുന്നേറ്റ്
വെളുത്ത ലങ്കോട്ടീധാരിയായ്
വെറും‌വയറ്റിലാസനങ്ങല്‍
വിട്ടുപോകാതെ ചെയ്യുകില്‍
ത്രിഭുവനയാനിയാകുന്ന
നമോ നിര്‍‌വാണേശ്വരന്‍
ത്രിശങ്കുസ്വര്‍ഗ്ഗത്തിലേക്കുള്
പുഷ്പകം കൊണ്ടു തന്നിടും.

ഇത്ഥം നിര്‍‌വാണയോഗം സമാപ്തം

Tuesday, June 9, 2015

ഹൈ-വേ

അപകടമരണത്തിന്റെ
അനിഷേധ്യ സാധ്യതകള്‍
കുത്തിയൊഴുകും ഹൈവേ.

പ്രവേഗങ്ങളെ മുറിച്ചു നടക്കുമ്പോള്‍
ലോകം കീഴടങ്ങുന്നെന്ന്,
ഹൈവേകള്‍, വെട്ടിനേടേണ്ടും രാജ്യങ്ങളെന്ന്
നിന്റെ ചിരിപ്പകര്‍ച്ച.
നിരപ്പുകള്‍ക്കു കുറുകെ
ഭൂപടത്തിന്നു പുറത്തേക്ക്
ഇച്ഛകളുടെ യാത്ര
മാര്‍ഗവും ദീപവും നീതന്നെയാകുന്ന
ഉന്മാദത്തിന്റെ സ്വാച്ഛന്ദ്യം.

തുറുകണ്ണുകളുടെ നിറപ്പകര്‍ച്ചകള്‍
ഭാവം പകരും വേഗങ്ങളില്‍,
സീബ്രാവരകളില്‍
സുരക്ഷിത ജീവിതങ്ങള്‍
ഹൈവേ മുറിച്ചുകടന്ന്
കോപ്പിയെഴുത്തിന്റെ
വടിവ് പൂരിപ്പിക്കുന്നു.

ചുവപ്പന്‍ കണ്ണുകള്‍ക്കു വിലങ്ങനെ
നിന്റെ പടയോട്ടം.
സ്വാച്ഛന്ദ്യത്തിന്ന് കുരുതി.
സൈറണ്‍ ശ്രുതി.
നിസ്സംഗതകള്‍ക്ക്
നിയമപുസ്തകത്തിലെ പച്ച.

ഉന്മാദിനീ,
നിറങ്ങള്‍ക്കുമപ്പുറത്ത്
നിന്റെ ഹൈ-വേ
ഇച്ഛകളുടെ രാജ്യത്തിലേക്ക് തെളിയുന്നു.
പ്രജ്ഞകള്‍ നിന്നിലേക്ക് തിരിയുന്നു
ഹൈ-വേയില്‍ തിരക്കേറുന്നു.

Tuesday, May 26, 2015

അഴിമുഖത്തിന്റെ മുഖങ്ങള്‍

അഴിമുഖം(http://www.azhimukham.com) എന്ന വെബ് പോര്‍‌ട്ടലിന്, ഞാന്‍  02-12-2014 ല് ഒരു കുറിപ്പ് അയച്ചു കൊടുത്തു. 'വയ്ക്കോല്‍‌ മനുഷ്യര്‍‌ കണ്ട ചുംബനങ്ങള്‍‌ എന്നായിരുന്നു ആ കുറിപ്പിന്റെ പേര്. അതാകട്ടെ ഉത്തരകാലത്തില്- മറ്റൊരു വെബ്പോര്‍‌ട്ടല്-ബാബുരാജ് എഴുതിയ ഒരു കുറിപ്പിനുള്ള മറുപടിയായിരുന്നു. ഇമ്മിണി കഴിഞ്ഞ് അഴിമുഖത്തില്‍ ഏഡിറ്റ് ചെയ്യും വിരുതരുടെ മറുപടി ഇംഗ്ലീഷില് വന്നു. അത് താഴെ കൊടുക്കുന്നു.
"We don't want to publish a response to someone's article in another portal. If you have an original article, kindly send it."(Email Communication, 04-12-2014 ).
അവരുടെ പോര്‍ട്ടല്. അതില് എന്തിടമെന്നത് അവരുടെ സൗകര്യം. എന്തെഴുതണം എന്നത് എന്റെ ഇഷ്ടം. അതുകൊണ്ട് , അവരായി. അവരുടെ originality ആയി. അവരുടെ പാടായി. അവനവൻ പ്രസിദ്ധീകരണത്തിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം  എന്നൊക്കെ സിദ്ധാന്തമുണ്ടാക്കി ടി. ലേഖനം നോം ഫേസ്ബുക്കില്  കാച്ചി. ബ്ലോഗിലുമിട്ടു.(വയ്ക്കോല്‍ മനുഷര്‍ കണ്ട ചുംബനങ്ങള്‍)
എന്നിട്ട്, ഇഡ്ഡലിത്തട്ടില് ചുട്ടതുപോലത്തെ ലേഖനങ്ങളും സിനിമാനിരൂപണങ്ങളും അഴിമുഖാദി പോര്‍ട്ടലുകളില്‍ കണ്ടുകണ്‍നിറച്ച്  സന്തുഷ്ടവായനാജീവിതം തടസ്സമേതുമേ ഇല്ലാതെ തുടര്‍ന്നു. കഥ ട്വിസ്റ്റേതുമില്ലാതിങ്ങനെ തുലോം linear (നേര്‍‌രേഖ എന്നെഴുതിയാല്‍ പഞ്ചില്ലല്ലോ) അയി നീങ്ങുമ്പോഴാണ്,   "കുടുംബസ്നേഹമോ വേറെ എന്തെങ്കിലുമോ? ചില സംശയങ്ങള്‍‌ " എന്ന് ഡോ. സുദീപ് കെ. എസ് അഴിമുഖത്തില് എഴുതിയത് വായിക്കുന്നത്. ലേഖനം ഇപ്രകാരം തുടങ്ങുന്നു
"'കുടുംബ വിരുദ്ധതയോ പുത്തന്‍ കുടിയിറക്കുകളോ?' എന്ന പേരില് 'ഉത്തരകാല'ത്തില്‍ വന്ന ഡോ. ഒ കെ സന്തോഷിന്റെ ലേഖനം ആകെമൊത്തം ഒരു പുക പോലെയാണ് തോന്നിയത്. ആ ലേഖനം വായിച്ചപ്പോഴുണ്ടായ ചില സംശയങ്ങള് ഇവിടെ പങ്കുവയ്ക്കാമെന്നു കരുതുന്നു (ഈ പ്രതികരണം ഉത്തരകാലത്തിനാണ് ആദ്യം അയച്ചുകൊടുത്തത്, അവര് സാങ്കേതിക കാരണങ്ങളാല്‍‌ ഉടന്‍ പ്രസിദ്ധീകരിക്കാന്‍‌ പറ്റില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഇവിടെ)." ( http://www.azhimukham.com/news/5474/family-system-democracy-morality-opinions-and-questions-drsudeep-ks26/05/2015. emphasis added).
Terribly interesting. ആനന്ദലബ്ധിക്കിനിയെന്തു വേണം. ഇത് കണ്ടപ്പോഴുണ്ടായ ഇണ്ടലുകളാണ് താഴെ.
Original article ഉണ്ടെങ്കില് ദയവായി അയക്കാനാണ് അന്ന് ഇവനോട് അഴിമുഖത്തിന്റെ എഡിറ്റര്‍ തെര്യപ്പെടുത്തിയത്. Kindly-  എന്നത് ചുമ്മാ ചേര്‍ക്കുന്ന അര്‍ത്ഥമില്ലാ വാക്കാണെന്ന് നമുക്കൊക്കെ അറിയാം. (നമള്, HCU-സൈദ്ധാന്തിക ലോകത്ത്  പഠിക്കാന് തുടങ്ങിയിട്ട് കാലം കുറേ ആയല്ലോ!).  'മൗലികതയ്ക്ക് വേണ്ടി ബേക്കറിയ്ക്ക് കയ്പ്പ് എന്നു പേരിട്ടു' എന്ന് കുഴൂര് വില്‍സണ്‍ മൗലികത എന്ന കവിതയിലെഴുതിയിട്ടുണ്ട്. സംഗതി നേരാണ്. മൗലികതയ്ക്ക് അല്പം കയ്പുണ്ട്. സുദീപിന്റെ ലേഖനം-പ്രതികരണം- മൗലികമായതും ഷിനോദിന്റേത് അങ്ങനല്ലാതായാലും എന്തുകൊണ്ടെന് അമ്മച്ചിയാണേ എനിക്കറിയില്ല. എഡിറ്റോറിയല്‍ ഡസ്കിന്റെ ഉള്ളുകളികളെക്കുറിച്ച് മണ്ടന്മാരായ സാദാവായനക്കാര്‍ക്ക് എന്തറിയാം? പക്ഷേ, ജ്ഞാനവികാസം എന്നെഴുതിയിട്ട് ബ്രാക്കറ്റില് ontology എന്നു ചേര്‍‌ത്ത ലേഖനം അഴിമുഖത്തില് വന്നിട്ടുണ്ട് എന്ന് ഈ വായനക്കാരനറിയാം. (അതെഴുത്യ ആള് പരിചയക്കാരന്‍ ആയതിനാലും ചിലപ്പോഴൊക്കെ കൊള്ളാവുന്ന ഡയലോഗ് എഴുതുന്നവനായാതിനാലും അവനോട് ഈ വായനക്കാരന്‍ ടി. പിശകിനെപ്പറ്റി പറഞ്ഞിട്ടുള്ളതാകുന്നു.) പറഞ്ഞു വന്നത്. ചില മൗലികത കയ്ക്കും എന്നാണ്. എഡിറ്റര്‍മാര് കൊടുംശ്രദ്ധാലുക്കളാണ് (എന്തിലാണ്‌ ശ്രദ്ധ എന്ന് എനിക്കറിയില്ല) എന്ന് ontology  എന്നത് epistemology  ആയപ്പോള്‍ തെളിഞ്ഞു. (Ontology എന്നത് epistemology  ആകുന്നത് തത്വചിന്താലോകത്ത് കൊടും ദൊഷമാകുന്നു. Category mistake എന്നൊക്കെയാണ് ഇതിനെ അവര് പറയുക.) ഈ മൗലികതയൊക്കെ ഇത്രേമൊള്ളു. ചിലപ്പോള്‍, പലതരം മൗലികതകള്‍ ഉണ്ടാകും. എഴുത്താളര്‍‌ക്കോരോരുത്തര്‍ക്കും അവരുടേതായ മൗലികത. അത് എഡിറ്റര്‍ വീതം വച്ചുനല്കും. heterogeneity, multiplicity, plurality  ഇവകളല്ലോ നടപ്പുകാലത്തിന്റെ വാക്കുകള്‍.
മൗലികത ഇങ്ങനെ കയ്ക്കട്ടെ. എഡിറ്റര്‍ എഴുത്തുകളെ തിരഞ്ഞെടുക്കുന്നത് എങ്ങനാകും എന്നാലോചിക്കാം. ഉത്തരകാലത്തിലെ കുറിപ്പിനു തന്നാണ് ഞാന്‍ അന്ന് മറുപടി എഴുതിയത്. വിഷയം ചുംബനസമരം. അക്കാലത്ത്, ചുംബനസമരത്തോടു ബന്ധപ്പെട്ട് കുറേയേറെ എഴുത്തുകള്‍ അഴിമുഖം  നിരത്തിയിരുന്നു. അതുകൊണ്ടുകൂടിയാകണം, ഉത്തരകാലം നിരസിച്ച ലേഖനത്തെ  അഴിമുഖത്തിനു അയച്ചു കൊട് എന്ന്  എന്റെ കൂട്ടുകാരന്‍ പറഞ്ഞത്. ചിലപ്പൊഴൊക്കെ അവന്‍ എന്നേക്കാള്‍ വല്യമണ്ടനാണ്! അങ്ങനെ ലേഖനം അയച്ചുകൊടുത്തിട്ടാണ് ഞാന്‍ "We don't want to publish a response to someone's article in another portal. If you have an original article, kindly send it." എന്ന മറുപടി സമ്പാദിച്ചത്. ആഹ്ലാദിപ്പിന്‍.
അഴിമുഖക്കാര്, ആ പഴയ നിലപാട് -We don't want to publish a response to someone's article in another portal.- മാറ്റിയോ എന്നറിയില്ല. മാറ്റിക്കാണും. (ആര്‍‌ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടാല്ലാത്തത്?) ഇല്ലെങ്കില്, മറ്റൊരു പോര്‍ട്ടലില്‍ വന്ന ലേഖനത്തിനുള്ള മറുപടി ഇപ്പോള്‍ അഴിമുഖത്ത് വരില്ലല്ലോ. മാറ്റിയിട്ടില്ല എന്നാണെങ്കില് പിന്നെങ്ങിന്റെ ഇത് സംഭവിക്കുന്നു? ചിലപ്പോള്‍, എഴുത്താളന്റെ പേരിന്റെ വലിപ്പം കൊണ്ടാകാം. പേരുള്ള പേര് പെരും യോഗ്യതയാണെന്ന് ഉത്തരാധുനികര്‍ പോലും സമ്മതിക്കും- probably, ഇരുട്ടത്ത് only. സംശയമുണ്ടെങ്കില്‍ Sokal Hoax വിക്കിയില് നോക്കുക.. പേരിന്റെ വലിപ്പമോ ബന്ധങളുടെ നീളമോ അങ്ങനെ പലതുമാകാം പ്രസിദ്ധികരണത്തിന്റെ മൗലിക യോഗ്യത. അഴിമുഖം ഫുള്‍ടിഫുള്‍ ഇങ്ങനാണെന്നൊന്നും എനിക്കില്ല. നോമിന്നും അതിന്റെ വായനക്കാരനാണ്. എന്നാലും പറയേണ്ടത് പറയണമല്ലോ. വായനക്കാറ്ക്കഭിപ്രായം ഇല്ലേല്, എഴുത്താളരും ഏഡിറ്റര്‍മാരും ആത്മപ്രശംസയില് ഒടുങ്ങും എന്ന് ഈ എഴുത്തിനു ന്യായം.

എന്തായാലും, ലേഖനങ്ങള്‍ നിരസിക്കുമ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ട ന്യായം പറയാണ്‍ എഡിറ്റര്‍മാര് പഠിക്കുന്നത് നല്ലതാകും. ഇല്ലെങ്കില്, ഒരിക്കല്‍ പറഞ്ഞത് പിന്നീട് വിഴുങ്ങേണ്ട ഗതികേട് വരും. അതത്ര രസമുള്ള ഏര്‍പ്പാടല്ലല്ലോ? (ഉത്തരാധുനിക സാഹചര്യം എന്ന ചപ്പടാച്ചികൊണ്ട് മാറ്റിപ്പറച്ചിലിനെ ന്യായീകരിക്കാന്‍ സൈദ്ധാന്തിക വഴി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.) തന്നെയുമല്ല, വിശ്വാസ്യത (credibility ) എന്ന ഉള്ളതോ ഇല്ലാത്തതോ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതോ ആയ ഒന്നിലാണല്ലോ മാധ്യമങ്ങളുടെ കിടപ്പ്.

അഴിമുഖം കടലിലേക്കാണോ കായലിലേക്കാണോ അതോ ഇനി കരയിലേക്കാണോ തിരിഞ്ഞിരിക്കുന്നത് എന്നതിനു ആര്‍‌ക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. പലപ്പൊഴും ഇതൊരു സൗകര്യമാണ്. അത് അഴിമുഖത്തിന്റെ ജ്യാമിതീയ സവിശേഷതയാകാം. ജ്യാമിതികൊണ്ട് ദിഗ്ഭ്രമുണ്ടാക്കാമെന്‍ കുളം കുത്തി പെരുന്തച്ചന്‍ തെളിയിച്ചത് നമ്മുടെ ഒരു ഐതിഹ്യമാണല്ലോ. എന്തായലും, തരം പോലെ വ്യാഖ്യാനിച്ചെടുക്കുന്നതിന്റെ തരവഴിയിലാണ് ചായ്‌വുകള്‍ എങ്ങോട്ടേക്കാണെന്ന് പലപ്പൊഴും നിര്‍‌ണ്ണയിക്കുന്നത്. ഇമ്മാതിരി തരവഴികള്‍ കാമ്യമായ ഒന്നാണൊ എന്ന് എനിക്കിപ്പൊഴും സംശയമുണ്ട്.

വാല്:
മൗലികതയെപ്പറ്റി ഇനിയും സംശയിക്കുന്നവരും അറിയാത്തവരും താഴെ പറയും വ്യായാമം ചെയ്തുനോക്കുക. അഴിമുഖത്തിലെ സില്മാ റിവ്യൂകള് എടുക്കുക. തല്ക്കാലം, നീന എന്ന സില്മയെപ്പറ്റിയുള്ള റിവ്യൂകള് മാത്രം എടുത്താല് മതിയാകും. എല്ലാം വായിക്കുക. ഒരു റിവ്യൂ എഴുതേണ്ട ചേരുവകളും നിരത്തേണ്ട തട്ടും പിടികിട്ടുന്നുണ്ടോ എന്നു നോക്കുക. കിട്ടിയാല്‍, ചേരുവകള് പാകത്തിനു ചേര്ത്ത് വേണ്ട തട്ട് തിരഞ്ഞെടുത്ത് സിനിമ കുഴച്ച് ഒഴിക്കുക. പടം മാറും മുമ്പ് റിവ്യൂ ഇടുക. ഇത് മറ്റുപോര്‍‌ട്ടലുകളിലും ആവര്‍ത്തിക്കാവുന്നതാണ്.
ഇങ്ങനെ സാധനങ്ങള്‍ പടയ്ക്കുന്നതിന്റെ ടെക്നിക്കിനെപ്പറ്റി എം.പി.നാറാണപിള്ള പണ്ടേ എഴുതീട്ടുണ്ട്.

Sunday, May 17, 2015

ഭൂമി ഒറ്റപ്പെടുന്നു.

അവിശ്വാസിക്ക്
വേദപുസ്തകം സമ്മാനിച്ച നിന്റെ ധൈര്യമാണ്
കണ്ടിട്ടില്ലാത്ത കാനാൻ ദേശത്തിലേക്ക്
കൂട്ടുവിളിക്കാൻ പ്രേരിപ്പിച്ചത്.
(അസമയത്തെ ആത്മവിശ്വാസം അപകടമാണെന്ന് അറിഞ്ഞവളേ,
വൈകുന്ന വെളിപാടുകളില്‍ തിരിച്ചറിവാകുന്ന ജീവിതമേ
സ്തുതിയും സമാധാനവും നിനക്ക്.)

വീഞ്ഞുകിട്ടാത്ത രാത്രിയില്
വെള്ളം നോക്കി വിചാരപ്പെടുമ്പോൾ
നീ കന്യാതനയന്റെ അത്ഭുതവൃത്തികളെ സ്മരിക്കുന്നു.
ഉടലാം വീഞ്ഞുപാത്രമെന്ന
ഉത്തമഗീതരൂപകം ഞാനുരുവിടുന്നു.

ഏത് വിശ്വാസിയുടെ പ്രാക്ക്
മിന്നലായാ നേരത്ത്?
പാപത്തിലേക്ക് മധുരിക്കാതെ
മരണപ്പെടാൻ അനുഗ്രഹിച്ച്
നീ പിന്തിരിയുന്നു.
പരീക്ഷകളിൽ നിന്നും രക്ഷിച്ചവനെ
പ്രാർത്ഥിക്കുന്നു.
വിഫലരാവുകളുടെ ഉടയവനെന്ന്
പ്രണയിച്ചവന് വെളിപ്പെടുന്നു.
ഇയ്യോബിന്റെ പുസ്തകത്തില്‍
ഒരേടുകൂടി ചേരുന്നു.

നിയതിയുടെ നിയമപുസ്തകം
നിസ്സഹായതയുടെ ഏടുവായിക്കുമ്പോള്‍
നിന്റെ കണ്ണു നനഞ്ഞത്
എനിക്ക് കാഴ്ച.
വച്ചുമാറാനാകാത്ത വഴികളുടെ യാത്രികര്‍
കഥകളും കാഴ്ചകളും കൈമാറി
അന്യോന്യം കണ്ടെടുത്ത്‌
അന്യരായത്
നമ്മുടെ സ്വകാര്യം.

ഭാവിയിലേദന്‍ പണിയുന്ന
സ്വപ്നഭാഷണക്കാരെ
വര്‍‌ത്തമാനം കുരിശേറ്റുന്നു.
പഴയതും പുതിയതുമായ നിയമങ്ങള്‍
നീതീകരിച്ച പീഢാനുഭവങ്ങളില്‍,
ഭൂമി ഒറ്റപ്പെടുന്നു.

Sunday, April 26, 2015

സെൻസറിങ്ങിന്റെ അക്കാദമിക പാഠങ്ങൾ അഥവാ അടക്കത്തിന്റെ സാമൂഹ്യ പാഠങ്ങൾ

Blurred Visions എന്ന കവിതയിൽ അപർണ്ണ വിൻസന്റ് എഴുതിയതു പോലെ പ്രവചന സ്വഭാവമുള്ള വരികളുണ്ട്.
They ordered me to draw patterns,
"Black straight lines-
towards the left."
"White straight lines-
towards the right."

And I drew them, flawlessly,
surprising myself.
Then they asked me to draw trees
in black and white.
I gave them back their colors,
black and white,
and walked away with tears in my eyes.-ഇങ്ങനെ തങ്ങൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്, വേണമെന്ന് കരുതുന്ന അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്ന കലാകാരന്മാർ ഉണ്ട്. തന്നെയുമല്ല ആവിഷ്കാര സ്വാതന്ത്ര്യം തങ്ങൾടെ അവകാശമാണെന്നും അതില്ലാതെ പിന്നെന്ത് കൊലയാണ് കലയെന്നും അവർ ചോദിക്കും. ഇതുപോലത്തെ ധാരണപ്പിശക് വേറുണ്ടോ? സ്വാതന്ത്ര്യം എന്നതിന്റെ മലയാളം തോന്ന്യാസം എന്നാണ്. തോന്ന്യാസം ആവിഷ്കരിക്കാൻ പാടുണ്ടോ?സർവ്വകാലാശാലകളിൽ ഇതൊക്കെ ഉണ്ടെന്നും വിചാരിച്ചിരിക്കുമ്പോൾ ഒരു വിളംബരം ഉണ്ടായി...

കഥ ചുരുക്കത്തിൽ
ഹൈദരബാദ് കേന്ദ്രസർവ്വകലാശാലയിലെ fine arts വകുപ്പ് തലവന്റെ 16-04-2015 ലെ വിളംബരം തെര്യപ്പെടുത്തി: 'വരപഠിക്കുംകുട്ടികൾ, തങ്ങൾടെ കലാസൃഷ്ടി നാട്ടുകാരെ കാണിക്കുന്നതിനും മുമ്പ് ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച കമ്മറ്റിയുടെ അരിപ്പയിലൂടെ കടത്തിവിട്ട് അനുവാദം മേടിക്കണം. ആയതിലേക്ക്, പടത്തിന്റെ പടം സി.ഡിയിലാക്കി ടി.കമ്മറ്റിയുടെതൃപ്പാദങ്ങളിൽ സമർപ്പിക്കേണ്ടാതാകുന്നു' .(ദിമ്മാതിരി തലവാഴുമിടങ്ങളിൽ fine arts നു പിഴ കല എന്ന് മൊഴിമാറ്റുന്നതിനു ഗവേഷക ദൈവം ഗൂഗിൽ സായ്‌‌വിനെ കുറ്റം പറയാനൊക്കുമോ?).
വിളംബരം വരുംമുന്നേ കൂടിയ ഒരു മീറ്റിങ്ങിൽ(31-03-2014) പുകിലുണ്ടാക്കാനിടയുള്ള കലാസൃഷ്ടികളെ തിരഞ്ഞെടുത്ത് അവകൾ നാട്ടുകാർ കാണുന്നതിൽ നിന്നും ഒഴിവാക്കാൻ കമ്മറ്റി രൂപീകരിക്കണം എന്ന് തലവൻ പറഞ്ഞിരുന്നു. സെൻസറിങ്ങിന്റെ virtues നെപ്പറ്റി ചില അദ്ധ്യാപഹയർ തലൈവന് കോറസായി. (virtues-ആർഷഭാഷയിൽ ധർമ്മം ഗുണം എന്നൊക്കെ പറയണ സംഗതി. റൊക്കം എന്താണിതെന്നു ആർക്കും തിട്ടമില്ല. കലയുടെയും തദ്വാരാ കാലാകാരികളുടെയും മർമ്മത്ത് കുത്താൻ ഇതിലും നല്ലൊരു ആയുധം വേറെയില്ലെന്ന് മോക്ഷാംദേഹികളല്ലാത്ത മുനിമാർക്ക് അറിയാം). കുറച്ചുവിദ്യാർത്ഥികൾ (പിള്ളേര്- എന്നാകും സാറന്മാരുടെ ഭാഷ്യം) മേല്പറഞ്ഞ അരിക്കൽ പ്രക്രിയയെ എതിർത്തു.തീരുമാനകാതെ ആ മീറ്റിംഗ് പിരിഞ്ഞു.പിന്നെ,കുറച്ച്നാൾക്കകം സെൻസർഷിപ് നോട്ടീസ് വിരിഞ്ഞു. ചരിത്രത്തിൽ എന്നും ഉള്ളതു പോലെ പിള്ളേരിൽ ഒരു കൂട്ടം അദ്ധ്യാപഹയപക്ഷത്തുണ്ടെന്നും കേൾക്കുന്നു. (വിശദവിവരംഇവിടെ:Revoke decision by Head, Dept. of Fine Arts to implement Screening/Selection Committee)

പുറത്തുപറയാത്ത ചില സാമൂഹ്യപാഠങ്ങൾ

തിന്നുന്നതുൾപ്പെടെ സകലതും ഏതാകണം എന്ന് മേലാവിൽ നിന്നും കല്പന വരുന്ന കാലത്ത് ഈ സെൻസറിങ്ങിൽ ഒരു പുതുമയും ഇല്ല. മാത്രമല്ല കലാകാരന്മാർക്ക് മാത്രമായി പ്രത്യേക സ്വാതന്ത്ര്യം ഒന്നും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, അത് ഇവിടം ഏതിടമാണെന്നും എങ്ങനത്തെ ഇടമാണെന്നും ശരിക്കറിയാത്തതുകൊണ്ടാണ്.
അതറിയുന്നതിനു, പേരുവെളിപ്പെടുത്തില്ലെന്ന ഉറപ്പോടെ, Doctoral Committee ക്കു മുന്നും ശേഷവും കുറേ നാളേക്ക് ഉറക്കം പോകുന്നതെന്തുകൊണ്ടെന്ന് സോഷ്യൽ സയൻസിലെ ഗവേഷകരോട് ചോദിക്കൂ?(ഹ്യുമാനിറ്റീസായാലുംസംഗതി നടക്കും കേട്ടോ. ശാസ്ത്രഗവേഷണത്തിലെ അടിമവേലയുടെ ശാസ്ത്രീയത് ശാസ്ത്രകാരർക്കേ അറിയൂ. അത് പറയാൻ നമ്മൾ ആളല്ല).
(DoctoralCommittee (DC): സെമസ്റ്റർ ഒടുങ്ങുമ്പം, അതുവരേക്കും ഗവേഷണം ഏത് വരെ എന്ന് കഥ എഴുതി ഗൈഡുൾപ്പെടുന്ന 3-അംഗകമ്മിറ്റിക്കു മുന്നാകെ സാക്ഷ്യപ്പെടുത്തി അനുവാദാനുഗ്രഹങ്ങള്‌ വാങ്ങണം. എങ്കിലേ അടുത്ത സെമ്മിലേക്ക് കയറ്റംകിട്ടൂ. ഈ സർവ്വകലാശാലയിൽ ടി-പരിപാടി സംഘടിപ്പിക്കുന്ന കമ്മിറ്റിയാണ് DC. പേര് മാറിയാലും കോലത്തിൽ കാര്യമായി മാറാതെ ഇത് ഏറെക്കുറേ എല്ലാസർവ്വകലാശാലയിലും ഉണ്ട്. ഗവേഷകർക്ക് പണിയൊന്നും ഇല്ലെന്നും പരീക്ഷയില്ലെന്നും ധരിച്ചുവശായിരിക്കുന്ന ഗവേഷിക്കാൻ താല്പര്യപ്പെടുന്ന പ്രഭൃതികളുടെ അറിവിലേക്കാണ് എല്ലാവർക്കും അറിയാവുന്ന ഇത് ഇങ്ങനെ പറഞ്ഞത്.) Humiliation എന്നതിനെക്കുറിച്ച് കാണ്ടംകാണ്ടമായി അപ്പോൾ കേൾക്കാം. കേൾവിയാണ് പ്രധാനം. തിരിച്ച് ഒന്നും പറയരുത്. "നിർദ്ദേശിക്കാനാണ് ഞങ്ങൾ ഇവിടിരിക്കുന്നത്. ഇങ്ങോട്ട് ഒന്നും പറയണ്ട.” എന്നൊക്കെ പറഞ്ഞ, പറയുന്ന റേഡിയോ‌മോഡൽ സാറന്മാരനവധി. ഉദാഹരണത്തിനു പ്ലാവിനെക്കുറിച്ച് ഗവേഷണം നടത്തുന്നവളോട് എന്തുകൊണ്ട് ചക്കതിന്നുന്നവരെല്ലാം പ്ലാവിനെക്കുറിച്ച് പഠിക്കുന്നു? നിങ്ങൾ മാവിനെക്കുറിച്ച് പഠിക്കാത്തതെന്ത്?തുടങ്ങിയ ഗഹനമായ ചോദ്യങ്ങൾ (സപുച്ഛം)ചോദിക്കുന്നവർ ഉണ്ട്. തിരിച്ചൊന്നും പറയരുത്. ഗവേഷകന്റെ ഒന്നാംഗുണം അനുസരണമാകുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞരാകാൻ പോകുന്ന സകലർക്കും അനുഭവം. അനുഭവമാണല്ലോ ഇപ്പോഴത്തെ ട്രെന്റ്.
അതുകൊണ്ട് കലാകാരന്മാരേ,സെൻസർഷിപ്പിന്റെ പല രൂപങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വിലസുന്ന ഒരിടമാണ് നമ്മുടെ ഈ സർവ്വകലാശാലയും. സാറന്മാർക്ക് താല്പര്യമില്ലായ്കയാൽ ഗവേഷണ വിഷയം പലവട്ടം മാറ്റിയ സകലർക്കും പണ്ടേ ഇതറിയാം.അവരൊന്നും ഇത് വിളിച്ച് പറയുന്നില്ലെന്നേഒള്ളൂ. ആരോടു പറയാൻ എന്നതും പ്രശ്നമാണ്. എന്തെന്നാൽ, സർവൈലൻസിനെക്കുറിച്ച് ഘോരാൽഘോരം പ്രസംഗിക്കുന്ന,ഗവേഷിക്കുന്ന ഒരു മഹാത്മൻ,ഒരു പയ്യനോടു മൊഴിഞ്ഞു.'നീയൊന്നും ഗവേഷിച്ചിട്ട് ഒരു കാര്യോം ഇല്ല. നീ ചെയ്തോണ്ടിരിക്കുന്ന വായ്നോട്ടമാണ് നിനക്ക് പറ്റിയപണി'. സാറ്, സർവൈലൻസ്സർവ്വ വയലൻസോടെയും പരിശീലിച്ച്  നോക്കിയതാകും.സർവ്വൈലൻസിനെപ്പറ്റി ഇനി ആരോട് പരാതി പറയും?  ഹിന്ദുത്വത്തെക്കുറിച്ച് ഗവേഷിക്കും വിജ്ഞരോട് ഒരു ചോദ്യം  ചോദിച്ചപ്പോള്‌ ഉടൻ മറുപടി വന്നു-”നീ മുസ്ലീമായതുകൊണ്ടാണ് ഈ ചോദ്യംചോദിച്ചതെന്ന്". എത്തിക്സ് പഠിപ്പിക്കുന്നവർ എത്തിക്കലാകണം എന്നു ശഠിക്കുന്നത് ലോജിക്കലല്ലെന്ന് ലോജിക്ക് പഠിപ്പിക്കുന്ന ലോജിക്കലല്ലാത്തവർക്കും അറിയാം എന്ന് സമാധാനിക്കാം.

ഇപ്പം വന്ന സെ‌‌ൻസറിംങ്ങ് ആഹ്വാനം ഒറ്റപ്പെട്ട സംഭവം അല്ലെന്നു മാത്രമാണ് പറഞ്ഞു വന്നത്. ഇവിടുള്ളവകളുടെ ഒരു തുടർച്ച മാത്രമാകുന്നു അത്. അടക്കംപഠിപ്പിക്കുന്നവർ ശീലിപ്പിച്ച തേങ്ങാക്കൊലകൾ ഇളം കാറ്റിൽ ആടും. അങ്ങനെ ആടാത്ത ചിലതുണ്ടെന്ന് ചോദിച്ചുംപറഞ്ഞും തെളിയിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെ നടപ്പാക്കും എന്ന് എനിക്ക് ഒരു പിടീം ഇല്ല.
Tell me,
How can I draw them all-
justin black and white?”(Blurred Vision).

വാല്
സകല വിദ്യാർത്ഥികളും മഹാന്മാരണെന്നോ അദ്ധ്യപകരൊക്കെ മൂരാച്ചികളാണെന്നോ അല്ല. അദ്ധ്യാപകർ ഒന്നിന്റേയും അവസാനവാക്കല്ലെന്ന് ആവ‌‌ർത്തിക്കുന്ന കുറച്ച് അദ്ധ്യാപർ ഇപ്പോഴും ഉണ്ട് .ഇത്തരക്കാർ വംശനാശ ഭീഷണിയിലാണ് എന്നാണ് അഭിജ്ഞമതം.

Tuesday, March 24, 2015

നരക പ്രേമത്തിന്റെ കവിത.

ഷംസു പനമണ്ണയുടെ എന്റെ വെള്ളിയാഴ്ച എന്ന കവിതയെക്കുറിച്ച്

ആടുകളെ മാത്രമല്ല ആളുകളേയും ആലയിലാക്കാം. അങ്ങനെ ആളുകളെ കയറ്റിയ ആലകളിലൊന്നാണ് സംഘടിതമതം. വിശ്വാസമാണ് കയർ. അടയാളമാകുന്നു പ്രാർത്ഥന. അതുകൊണ്ടു തന്നെ പ്രാർത്ഥനയിലേക്ക് കൊണ്ടുപോവുകയാണ്, പ്രാർത്ഥന കൊണ്ടുതരുകയല്ല. മെരുക്കാവുന്ന ഒരു മൃഗമാണ് മനുഷ്യൻ എന്നതുകൊണ്ടും ചട്ടംപഠിപ്പിക്കാൻ ചെറുതിലേതുടങ്ങണം എന്നതിനാലും കുഞ്ഞുന്നാളിലെ നമ്മളെ കൂപ്പാൻ പഠിപ്പിക്കുന്നു. പേടിപ്പിച്ചും പ്രലോഭിപ്പിച്ചും നമ്മെ കൊണ്ടുപോകുന്നു. പ്രാർത്ഥിക്കാൻ കാരണങ്ങൾ മാത്രമല്ല വിശേഷ ദിവസങ്ങളും ഉണ്ടാക്കുന്നു. കൂട്ടം ചേരാൻ അത് സഹായിക്കുന്നു. വെള്ളിയാഴ്ച അങ്ങനത്തെ ഒരു വിശേഷ ദിവസമാണ്. ഞായറാഴ്ചയും അങ്ങനത്തെ ഒരു വിശേഷ ദിവസമാണെന്ന് കാണുമ്പോള്‌ ഏത് ദിവസവും ഒരു വെള്ളിയാഴ്ചയാകാം എന്നുമാകുന്നു. അങ്ങനൊക്കെയാണെങ്കിലും, പഠിപ്പിച്ചചട്ടങ്ങൾക്ക് പുറത്ത് പോകുന്ന മനുഷ്യരുണ്ട്. പ്രാർത്ഥിക്കാത്തവരും പരലോകനിഷേധികളും ഒക്കെയായ മനുഷ്യര്-. ഇവരെ-പ്രാ‌‌ർത്ഥിക്കാത്തവരെ- എന്തു ചെയ്യണം എന്നത് വിശേഷദിവസങ്ങളുണ്ടാക്കി കൂട്ടു ചേരുന്നവരുടെ ഒരു പ്രശ്നമാണ്. അതിലേക്കും കൂടിയാണ് ഷംസുവിന്റെ 'വെള്ളിയാഴ്ച' പുലരുന്നത്.
"അവിടം വരെ ഒന്ന് പോകാന്‍ പറഞ്ഞു..
ഞാന്‍ പോയില്ല..
രക്തം കരഞ്ഞു പറഞ്ഞു..
ഞാന്‍ പോയില്ല..
അയല്‍ക്കാര്‍ തുറിച്ചു നോക്കി..
പിറുപിറുത്തു...
ഞാന്‍ പോയില്ല."  “അവിടം" എന്നത് എവിടമാണെന്ന് ഈ കവിക്കറിയാം. ആ ഇടം പ്രധാനമാണ്. അവിടമാണ് വിശ്വാസിയുടെ ആല. അഭയം. ഭയങ്ങളിൽ നിന്നും മുക്തി. അവിടേക്കെത്തിക്കാനാണ് പ്രലോഭനങ്ങൾ. ഇവിടെ ചെയ്യുന്നതിന് അവിടെ കിട്ടും കൂലി. കൂലിയുള്ള വേലയാണ് പ്രാ‌‌ർത്ഥന എന്ന് സാരം. അങ്ങനെ, കണക്കനുസരിച്ചും അതിലേറെയും പതമ്പളക്കുന്നിടമാണ് അവിടം. തിന്നാനും കുടിക്കാനും കൂടെ കിടപ്പാനും വേണ്ടുവോളം. കൂടെക്കിടപ്പിനു ആളെക്കിട്ടുന്നത് പുരുഷപ്രജകൾക്ക് മാത്രമാകണം. എന്റെ പരിചയത്തിലുള്ള സ്വർഗ്ഗത്തിലൊന്നും പെണ്ണുങ്ങൾക്ക് ആണുങ്ങളെ കൊടുക്കുന്ന കാര്യം നടക്കുന്നതായി പറഞ്ഞു കണ്ടിട്ടില്ല. അതും ഈ കവിക്കറിയാം. മാത്രമല്ല, പലരും ഇതറിയില്ലെന്ന് നടിക്കുന്നതാണെന്നും ഈ കവിക്കറിയാം. കാറിന്റെ പരസ്യത്തിൽ, കാറിനെ കെട്ടിപ്പിടിച്ച് സുന്ദരിമാർ നിൽക്കുന്നത് എളുപ്പത്തിൽ വശീകരിക്കാവുന്ന പുരുഷകാമനകളിലാണ് കച്ചവടത്തിന്റെ കണക്ക് എന്ന് കച്ചവടക്കാർക്ക് അറിയാവുന്നതിനാലാണ്. വിശ്വാസത്തിന്റെ പരസ്യങ്ങളും അങ്ങനത്തെ ഒരേർപ്പാടാണ്. ഇവിടെ വിൽക്കുന്നത് വാഗ്ദാനങ്ങളാണെന്നു മാത്രം. അങ്ങനെ പരലോകത്തെക്കുരിച്ചുള്ള മോഹിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വാഗ്ദാനങ്ങളിലേക്കാണ് പലപ്പോഴും പ്രാർത്ഥനകൾ പുലരുന്നത്. ഇതറിയുന്നതുകൊണ്ടാണ് സ്വർഗം സകലരാലും ഭോഗിക്കപ്പെടുകയാണ്‌എന്ന് എഴുതുന്നത്. കാമനകളുടെ കേളികൾ ഇവിടെ സാധ്യമാകായ്കയാൽ അവിടേക്ക് നീക്കിവയ്ക്കുന്നു അല്ലെങ്കിൽ നീട്ടിവയ്ക്കുന്നു എന്നു മാത്രം. പക്ഷേ, അവിടെ കിട്ടും എന്ന ഇവിടത്തെ പ്രലോഭനത്തിൽ വഴങ്ങാത്തവരുണ്ട്. അവർക്ക് കുരിശേറ്റത്തിന്റെ പീഡാനുഭവം ഉണ്ടെന്ന് ദുഃഖവെള്ളിയാഴ്ച നമ്മോട്‌ പറയുന്നു. ദുഃഖവെള്ളിയുടെ സാംഗത്യം അറിയുന്നതുകൊണ്ടുകൂടിയാകണം പ്രലോഭനാന്തരം "പീഡനക്കാഴ്ചകള്‍ കൊണ്ട്
പേടിപ്പിച്ചു.."എന്ന് ഇവനെഴുതുന്നത്. ചതുരുപായങ്ങളും പ്രയോഗിച്ചാണ് കൂട്ടം ചേരാത്ത അവിശ്വാസിയെ എതിരിടുന്നത് എന്നു സാരം. എന്നിട്ടും
"ഞാൻ പോയില്ല. കാരണം മറ്റൊന്നുമല്ല..സ്വര്‍ഗം സര്‍വരാലും
ഭോഗിക്കപെടുന്ന കാലത്ത്
ഞാന്‍ നരകവുമായി പ്രേമത്തിലാണ്....”

വിശ്വാസങ്ങളിലെ വ്യാജത്തെക്കുറിച്ചും പ്രാർത്ഥനകളിലെ സ്വാ‌ർത്ഥത്തെകുറിച്ചും അറിയുന്നതുകൊണ്ടും ഇവിടം ഏതിടമാണ് എന്ന സംശയയമില്ലാത്തതുകൊണ്ടും ആകണം ഇയാൾ നരകത്തോട്‌ പ്രേമത്തിലായത്. ഇവിടത്തെക്കുറിച്ചാണ് എഴുതേണ്ടത്. ഇവിടെ ആരെല്ലാം ഉണ്ടെന്നും ആർക്കൊക്കെ ഇവിടെ ഇടമുണ്ടെന്നും ആരെല്ലാമാണ് ഇവിടെ നിന്നും പുറത്താക്കപ്പെടുന്നതെന്നും ഈ കവിക്ക് അറിയാം. അകലെയെങ്ങോ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന സ്വർഗത്തേക്കാള്‌ ഇവിടെയുള്ള, ഈ നരകത്തോട് പ്രേമത്തിലാകുന്നത് അതുകൊണ്ടാണ്. ഈ കിതവി ഞങ്ങൾക്ക് നരക ദേശമാണെങ്കിലും ഇവിടെ ദുഃഖിച്ച് ആശിച്ച് മരിക്കുന്നതാണ് സ്വർഗ്ഗം എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. സ്വർഗം സകലരാലും ഭോഗിക്കപ്പെടുന്ന കാലത്ത്, ഈ നരകത്തീന്നെന്നെ കരകേറ്റീടണേ എന്ന പഴയ പ്രർത്ഥനകൾക്ക് കാര്യമില്ലെന്ന് ഈ കവിക്കറിയാം. അതുകൊണ്ടാണ് ആണിപോലെ തറയ്ക്കുന്ന വാക്കുകളിൽ വിശ്വാസങ്ങളിലേക്ക് കൂട്ടുചേരാൻ വിസമ്മതിക്കുന്ന ഒരു മനസ്സിനെ ആവിഷ്കരിക്കുന്നത്. പ്രലോഭനങ്ങളാൽ പുരസ്കരിക്കുകയും പീഡനക്കാഴ്ചകളാൽ ഭീഷണിപ്പെടുത്തുകയുമാണ് വിശ്വാസത്തിന്റെ ആലകള്‌ എന്ന് എല്ലാവർക്കും അറിയാം. അറിയുന്നതെല്ലാം പറയാതിരിക്കാനുള്ള മിടുക്ക് ആലയുടെ അധിപർക്ക് ഏറെയുണ്ട്. അങ്ങനാണ് ഫൂക്കോവിനേയും മാർക്സിനേയും സഹോദരൻ അയ്യപ്പനേയും എല്ലാം ഉദ്ധരിച്ചുകൊണ്ട് ആളുകള്‌ പ്രാർത്ഥാനാലയങ്ങളിൽ കൂട്ടം ചേരുന്നത്. അതുകഴിഞ്ഞാണ്, രണ്ടുപേരുമ്മവയ്ക്കുമ്പോൾ തങ്ങൾ നിരന്തരം ഭോഗിച്ചുകൊണ്ടിരുന്ന സ്വർഗത്തിന് ഊനം വരുന്നതായി തോന്നി ഇവർ അക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. സകല‌‌രും അറിഞ്ഞിട്ടും പറയാൻ മടിച്ചതാണ് ഈ കവി പറയുന്നത്. മൂർച്ചയുള്ള ഈ കവിത കൃത്യമായ ഇടങ്ങളിൽ തറച്ചിട്ടുണ്ട് എന്നതിനു ഈ കവികേട്ട ശകാരങ്ങൾ സാക്ഷ്യം. ഇടത്തിന്റെ സാംഗത്യവും എഴുത്തിന്റെ സാകല്യവും ചിലപ്പോൾ ഇങ്ങനാകും വെളിവാകുക. പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാവുന്നതോ‌ അല്ല ഈ കവിയുടെ കവിതകൾ. എതിർക്കപ്പെടുന്നതുകൊണ്ട് തന്നെ ഷംസു എന്ന കവിയും അവന്റെ കവിതയും ഉണ്ട്.

ഷംസുവിന്റെ കവിത ഫേസ്ബുക്കിൽ വായിക്കാൻ എന്റെ വെള്ളിയാഴ്ച

Monday, March 16, 2015

വാക്കും വക്കാണവും


നിന്നെക്കുറിച്ചുമാത്രമെന്ന്
നീയും കരുതുമെന്ന് പേടിച്ച്
പ്രേമത്തെ എഴുതുന്നില്ല.
തെറ്റിദ്ധരിക്കാൻ‌ പോലും
തുല്യാവകാശമല്ല,
തന്നിലേക്കെത്താത്ത
അളവുകോലുകളിൽ
കോലംവരച്ച നമുക്ക്.
(ധാരണകളേ ഇല്ലാത്തവരുടെ തെറ്റിദ്ധാരണകളെക്കുറിച്ചും
തെറ്റിദ്ധാരണയുമൊരു ധാരണയാണെന്നതിനെക്കുറിച്ചും
നമുക്ക് ഉപന്യസിച്ച് രസിക്കാം.)


വിഷത്തിനുമാത്രം വിലകുറഞ്ഞ ബജറ്റില്
പ്രേമം പരാമർശിയ്ക്കപ്പെടുന്നില്ല.
പ്രേമം നികുതിവിമുക്തമാക്കാൻ
ആരോ കോഴകൊടുത്തിട്ടുണ്ട്.
(ഹോ! അത് ഞാൻ പോലുമാകാം.)
വാർത്തയാകായ്കയാൽ
വിശ്വസിക്കപ്പെടാത്ത
ഒരു ധനകാര്യ.
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച്
പ്രേമമേജീവിതക്കാർ തർക്കിക്കട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.)
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച് 
പ്രേമമേജീവിതക്കാർ നടുത്തളത്തിലിറങ്ങട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.

വകമാറ്റിച്ചെലവഴിച്ച
വെളിവുകേടത്രേ പ്രേമം.
കലഹാന്തരവിശ്രാന്തികളെ
ജീവിതമെന്ന് ചമയിച്ചപ്പോൾ
അതോർക്കാതിരുന്നതാണ്. 

ഓർമ്മ പ്രേമത്തിനു ഹാനികരം
എന്ന് ഞാനിനി ടീഷർട്ടിൽ കുറിക്കും.
വൈകിയ വെളിവ് ആറിയ കഞ്ഞി
എന്ന് നിനക്കും കുറിക്കാം.

വാക്കും വക്കാണവുമാണ് നമ്മുടെ ഉണ്മ.

Saturday, March 7, 2015

ഫേസ്‌‌ബ്ബുക്കിൽ ഒരു പ്രണയ വിലാപം


ഏത് നിമിഷവും അൺഫ്രണ്ട് ചെയ്യപ്പെട്ടേക്കാവുന്ന
എന്തോ ഒന്നു മാത്രമാണ്
നമ്മുടെ പ്രൊഫൈലുകളെ ബന്ധിപ്പിക്കുന്നത്.
എന്നിട്ടും,
ഓരോ‌ ലോഗിനിനു ശേഷവും
നിന്റെ ഫ്രണ്ട് ലിസ്റ്റിൽ
ഞാൻ എന്റെ പേരു തിരയുന്നു.

ഞാൻ പ്രൊഫൈൽ പിക് മാറ്റി
നീ ലൈക്ക് ചെയ്തില്ല.
ഞാൻ പോസ്റ്റിട്ടു
നീ ഷേർ ചെയ്തില്ല
ഞാൻ ഫീലിംഗ്സ് സ്റ്റാറ്റസിട്ടു
നീ ഒരു സ്മൈലിപോലും തന്നില്ല.

ബ്ലോക്കു ചെയ്യപ്പെടും മുമ്പ്,
ഫേക്കാകാനാകാതെപോയൊരു പ്രൊഫൈൽ
അപ്ഡേറ്റ് ചെയ്തത്
ഞാൻ റീപോസ്റ്റ് ചെയ്യുന്നു.
"നമ്മുടെ പ്രൊഫൈലുകൾക്കിടയിൽ എന്താണ്?”
കപടലൈക്കുകാരായ കള്ളപ്രൊഫൈലുകളെ
നീ കരുതിക്കോൾക.
പരദൂഷകരായ മ്യൂച്വൽ ഫ്രണ്ടുകളെ
നീ ശ്രദ്ധിച്ചു കൊൾക.
ഫോട്ടോഷോപ്പ് ചിത്രങ്ങളില്
വൈറസുകൾ ഒളിപ്പിച്ച്
വെബ്ബിടങ്ങളെ അവർ പ്രലോഭിപ്പിക്കുന്നുണ്ട്.

നീ എന്ന ട്രോജൻകുതിര
എന്റെ ഹാർഡ്‌‌ഡ്രൈവിനെ
മാൽവേർകോളനിയാക്കിയിരിക്കുന്നു.
ഒരു റീസ്റ്റാർട്ട് ഇനി വേറുതെയാണ്.
ആകയാൽ
ഡീ ആക്റ്റിവേഷനെന്ന ഒളിയിടം ഉപേക്ഷിച്ച്
ഉയിർപ്പിന്റെ സാധ്യതകളെ നിഷേധിച്ച്
എന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യുന്നു.

Wednesday, March 4, 2015

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ...


അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു. പശുവിറച്ചി പണ്ടേ‌ നിരോധിച്ചതാണ്. നിങ്ങൾടെ കൈയ്യിൽ നിന്നു ഇനി കാളയിറച്ചി പിടിച്ചാൽ 5 വർഷം ജയിൽ വാസവും 10000 രൂപ പിഴയും. കാളയിറച്ചി തിന്നതിന്റെ മണംമാത്രമാണ് കിട്ടിയതെങ്കില് എന്തു ചെയ്യും എന്നറിയില്ല. പോത്തിറച്ചി (carabeef) നിരോധിച്ചിട്ടില്ല. ഇത്രയും വിവരം ഇന്ത്യൻ എക്സ്പ്രസ്സ് പറഞ്ഞു തന്നു.
ആലോചിച്ചാൽ, ഹൈദരാബദ് സർവ്വകലാശാലയിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. പോത്തിറച്ചിയോട് പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പേ ഇല്ല. 2010 മുതൽ ഇങ്ങോട്ട് കാമ്പസ്സിൽ പോത്തിറച്ചി എതിർപ്പില്ലാതെ വല്ലപ്പോഴുമൊക്കെ വിളമ്പാൻ പറ്റിയിട്ടുണ്ട്. സുക്കൂണിനു (ഈ കാമ്പസ്സിലെ ഒരു ഉത്സവം) കല്യാണി ബിര്യാണി കിട്ടുന്ന കടകള്‌ വരാറുണ്ട്. പറഞ്ഞുപഠിപ്പിച്ച നുണകളിലെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ ഉത്തമ മാതൃക എന്ന് ആർക്കും തോന്നും. പക്ഷേ, വിശേഷാവസരങ്ങളിൽ പ്രത്യേകം സംഘടിച്ചു വേണം ഈ പോത്തിറച്ചി വിളമ്പൽ നടത്താൻ. വിശേഷാവസരങ്ങൾ എന്നാൽ- രാഷ്ട്രീയ പാർട്ടികളുടെ മഹാസമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ,സുക്കൂൺ-ഇവയാണ്. അല്ലാത്തപ്പോൾ, കല്യാണിബിര്യാണി (ഹൈദരബാദിലെ ബീഫ് ബിര്യാണിക്ക് കല്യാണി എന്നാൺ പേർ.) വാങ്ങിക്കൊണ്ടു വരാം. തനിച്ചോ‌ കൂട്ടമായോ തിന്നാം. അതിനപ്പുറം, പരസ്യമായി പോത്തുകൾ നടക്കും. പക്ഷേ, പോത്തിറച്ചി തിന്നുന്നവർക്ക് പറ്റില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കാമ്പസ്സിൽ ഒരു കല്യാണം നടക്കുനു എന്നു വയ്ക്കുക. കേരളത്തിലേതുപോലെ, പോത്തിറച്ചീം നെയ്ചോറും സദ്യകൊടുക്കാം എന്ന് കരുതേണ്ട. നടക്കില്ല. (കേരളത്തിൽ എല്ലായിടത്തും ഇത് പറ്റുമോ എന്നറിയില്ല. എന്റെ നാട്ടിൽ പറ്റുന്നുണ്ട്. എത്ര കാലത്തേക്ക് എന്ന് തിട്ടമില്ല). ഉദാ: 2012 ൽ ഓസ്മാനിയ സർവ്വകലാശാലയിൽ പരസ്യമായി പോത്തിറച്ചിവിളമ്പിയപ്പോൾ (ബീഫ് ഫെസ്റ്റ്) ഉണ്ടായ പുകിലുകൾ. ഇറച്ചി വിളമ്പിയവരെ അപ്പോൾത്തന്നെ വന്യമായി ആക്രമിച്ചു; പട്ടാപ്പകൽ. പക്ഷേ അക്രമികൾക്ക് പത്രഭാഷയിൽ പേരില്ല. എങ്കിലും, പിറ്റേന്ന്, പോത്തിറച്ചി വിളമ്പിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ABVP‌ സംസ്ഥാനവ്യാപകമായി കാമ്പസ്ബന്ദ് നടത്തി എന്ന് പത്രത്തിൽ ഉണ്ട്.
എന്തുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രതീകാത്മകമായി പോത്തിറച്ചി വല്യഎതിർപ്പില്ലാതെ കിട്ടുന്നു എന്നതിനു പലകാരണങ്ങൾ ഉണ്ടാകും. ഒന്ന് ദലിത് രാഷ്ട്രീയത്തിന്റെ ശക്തിതന്നെ. ഇടതു രാഷ്ട്രീയവും ശക്തമാണ്. ഇപ്പോൾ വിദ്യാർത്ഥിയൂണിയൻ നയിക്കുന്നത് ദലിത് സഖ്യമാണ്. (ASA+DSU+BSF+NSUI+others). കഴിഞ്ഞ വർഷം SFI യും അതിനും മുന്ന് SFI+ASA സഖ്യവും ആയിരുന്നു. അതായത് 2010 മുതൽ ABVP കാമ്പസ് യൂണിയൻ ഭരിച്ചിട്ടില്ല. അതൊരു പ്രധാനകര്യം തന്നെ.പലകാരണങ്ങൾ ഇനിയും കണ്ടെത്താം. എന്തൊക്കെയായാലും, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് പോത്തിറച്ചി എന്ന വാസ്തവം നമ്മെ നോക്കി ചിരിക്കുന്നു. കാമ്പസ് ഇലക്ഷനിൽ വിജയിച്ചാൽ ഹോസ്റ്റൽ മെസ്സിൽ ബീഫ് തരാക്കുമോ എന്ന ചോദ്യത്തിനു, എല്ലാവരോടും ആലൊചിച്ച് വേണ്ടത് തീരുമാനിക്കാം എന്നാണ് ദലിത് സംഘടനയിലെ കൾചറൽ സെക്രട്ടറിയായി മത്സരിച്ച വിദ്യാർത്ഥിനി 2012ൽ പറഞ്ഞത്. സ്ഥാനാർത്ഥികളോട്‌ വിദ്യാർത്ഥികള്‌ സംവദിക്കുന്ന വേദിയിലായിരുന്നു ടി. ചോദ്യവും ഉത്തരവും. സമവായത്തിന്റെ സാധ്യതകൾ ആരറിയുന്നു.
ഇനി മലയാളികളുടെ കാര്യമെടുത്താൽ, കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അവർ മലയാളികളുടെ എന്നെ പേരിൽ ആഘൊഷങ്ങൾ നടത്താറുണ്ട്. 'മലയാളികളുടെ എന്ന പേരിൽ' എന്ന് എടുത്ത് പറഞ്ഞത് കൈരളിയില് ചേരാത്തവരും ചേർന്നിട്ട് ബഹിഷ്കരിച്ചവരും എന്നിങ്ങനെ പല കൂട്ടർ ഉള്ളതിനാലാണ്. ഓണത്തിനു ഇറച്ചി വിളമ്പണോ എന്ന കാര്യത്തിൽ 2012 മുതൽ പ്രസ്തുത കൂട്ടായ്മയില് സജീവ ചർച്ചകൾ ഉണ്ട്. (അതിനുമുന്നുള്ളതിനെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ല. ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നാണറിവ്). 2012 ൽ ഓണാഘോഷം ഇല്ലാതാവുകയും കേരളീയം എന്ന സംഭവം ഉണ്ടാവുകയും ചെയ്തു. ചിങ്ങമാസത്തിലെ ആലോചനകൾ പോലും സവർണ്ണതയായതിനാൽ 2013 മുതൽ കേരളീയം പരിപാടി ഓണക്കാലത്തു നിന്നും വേനക്കാലത്തേക്ക് മാറ്റി. സദ്യയിൽ കോഴിയിറച്ചി 2012 ലേ വന്നു. അത് സമവായത്തിന്റെ കോഴിയാണ് എന്ന് അന്നുമുതലേ ആരോപണവും വന്നു. ബീഫ് എന്ന് പയുമ്പോഴേല്ലാം പതിവുപോലെ പന്നി എന്നു പറയാൻ ആളുണ്ട്. അതുകൊണ്ട്‌ ഇതുവരേക്കും പോത്തോ പന്നിയോ സദ്യയ്ക്ക് വിളമ്പിയിട്ടില്ല. ഒരിക്കൽ (2012ല്) സദ്യക്ക് പന്നി വിളമ്പാൻ തീരുമാനിച്ചതാണ്. പിന്നീടുണ്ടായ ഗംഭീരസഹകരണം അവസാനം പന്നിയെ കോഴിയാക്കി മാറ്റി.കോഴിയും മീനും പച്ചക്കറിക്കൊപ്പം വിളമ്പിയ സദ്യയോടെ കേരളീയം ഈ കഴിഞ്ഞ ആശ്ച നടന്നു. എന്നാലും, തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.
അത് തിന്നരുത് 
ഇത് തിന്നരുത് 
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത് 
എന്നൊക്കെ അനുശാസിക്കുന്നവർക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാകണേ."(ടി.പി.വിനോദ്, ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്) നമുക്ക് പ്രാകാം. പ്രാക്കും ഒരു പ്രതിരോധപ്രവർത്തനമാണ് (കവി ഹരിശങ്കരൻ അശോകൻ).  
പ്രാക്കുകൾകൊണ്ട്‌ തീരുന്നതാണോ സ്വച്ഛഭാരതത്തിലെ തിട്ടൂരങ്ങൾ എന്ന് സംശയമുള്ളതിനാൽ
"അതുകൊണ്ട്‌, ഏയ് ഇല്ല 
എന്നെയൊന്നും ആരും നിരോധിക്കില്ല 
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല.
പിന്നെയല്ലേ...”(ടി.പി.വിനോദ്) എന്ന് ആശ്വസിക്കാതിരിക്കാം.
അല്ലാത്തവർ, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്തുതരുന്ന ഒരു കഷണം ഇറച്ചി നുണഞ്ഞ് ആഹ്ലാദിപ്പിൻ

03 മാർച്ച് 2015 ന്  News Moments  ൽ വന്നത്. 

Wednesday, February 25, 2015

സൈദ്ധാന്തിക ലേഖനങ്ങൾ തയ്യാറാക്കുന്ന ചേരുവകൾ



ഒരേ സമയത്ത് ഏഴിടങ്ങളിൽ കാണപ്പെട്ടിട്ടുള്ള ശ്രീ കുമ്പിടി: ഈ കുറിപ്പിനേയും അതെഴുതിയ ആളിന്റേയും ഐശ്വര്യവും രക്ഷയും.

വായിച്ച ചില ലേഖനങ്ങൾ, പരിചയക്കാരും‌ അല്ലാത്തതുമായ കുറച്ചാളുകൾ നടത്തിയ ചർച്ചകൾ നിരീക്ഷിച്ചത്, ഈ രണ്ടനുഭവങ്ങളാണ് താഴെ നിരത്തിയവകളിലേക്ക് എന്നെ പ്രചോദിപ്പിച്ചത്. ചർച്ചകൾ കൂടുതലും ഓൺലൈൻ ആയിരുന്നു. ചിലതിലൊക്കെ ഈ എഴുതിയ ആളും പങ്കെടുത്തിട്ടുള്ളതും താഴെ കൊടുത്തിട്ടുള്ള നുറുങ്ങുകൾ പ്രയോഗിച്ചിട്ടുള്ളതുമാകുന്നു.
  1. പറ്റുമെങ്കിൽ ഉദ്ധരണിയോടെ തുടങ്ങണം. വിദേശ പുസ്തകമോ എഴുത്തുകാരോ ആയാൽ ഏറ്റവും നന്ന്. ദലിത് പക്ഷത്താണ് താൻ എന്ന് വിശ്വസിച്ചെഴുതുന്നവർ ആഫ്രിക്കൻ, ആഫ്രോ അമേരിക്കൻ എഴുത്തുകാരുടെ വാക്കുകൾ ഉരുവിടുന്നതാണ് കണ്ടുവരുന്നത്. അംബേകർ, ഫൂലെ, നാരായണ ഗുരു എന്നിവരിലും തുടങ്ങാവുന്നതാണ്. മാർക്സിസ്റ്റുകൾ പഴയതുപോലെ മാർക്സ് ഏംഗൽസ് മുനിവചനങ്ങൾ ചേർക്കുന്നത് കാണുന്നില്ല. പകരം ടെറി ഈഗിൾടണാദികളാണ് ലീഡ് ചെയ്യുന്നത്. അഡോണോയുടെ അത്രയും താരമൂല്യം മാർക്യൂസിനുണ്ടോ എന്ന് സംശയമുണ്ട്. ഗ്രാംഷിക്ക് നല്ല മാർക്കറ്റ് കാണുന്നുണ്ട്. അൽതൂസറും പിന്നിലല്ല. (വിഷയാനുസൃതമോ അല്ലാതെയോ എഴുത്തുകാരെയും പുസ്തകങ്ങളെയും തിരഞ്ഞെടുക്കുക. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ മാതൃഭാഷയിലെ എഴുത്തുകാരെയോ പുസ്തകങ്ങളേ യോ ചേർക്കരുത്. ടാഗോർ-ബംഗാളിനു ഇത് ബാധകമല്ല.) വരിക്കുവരിയായി ചേർത്ത ഭാഗങ്ങളെ, തുടർന്ന് വിശദീകരിക്കരുത്. ഒരു എഴുത്തുകാരിയുടെ മുഴുവൻ ആശയത്തേയും അവരുടെ ഒന്നോ രണ്ടോ വരികൾ കുറിക്കുന്നതിലൂടെ വിശദമാക്കാം എന്നതാണ് നമ്മുടെ അടിത്തറ. മാത്രവുമല്ല, താൻ പരിചയപ്പെടുത്തിയ സിദ്ധാന്തവും, വിശകലനം ചെയ്യുന്ന പ്രശ്നം/പ്രതിഭാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും അരുത്.
  2. അവർ അവകാശപ്പെട്ടതുപോലെ, അവർ പറഞ്ഞതുപോലെ എന്നൊക്കെ ചേർക്കണം. അവർ ആരെന്നോ എപ്പോള്‌ എവിടെ പറഞ്ഞെന്നോ യാതൊരു കാരണവശാലും എഴുതരുത്. താൻ പറയുന്നതല്ല അവർ പറഞ്ഞതെന്നും മാങ്ങയ്ക്ക് പോയിട്ട് മാവിലേക്ക് പോലുമല്ല നമ്മൾ എറിയുന്നത് എന്നും വെളിപ്പെടാൻ അത്തരം വിശദീകരണം വഴിവയ്ക്കും എന്ന് പ്രത്യേകം ഓർക്കുക. ഈ അപകടത്തെ മലയാളത്തിൽ 'ചെമ്പ് തെളിയുക', 'പൂച്ച് (പൂച്ചയായാലും തെറ്റില്ല) പുറത്താവുക' എന്നൊക്കെ പറയും.
  3. തന്റെ ആശയങ്ങൾ അവർ ശരിയായിട്ടല്ല മനസ്സിലാക്കിയത് എന്നെഴുതാൻ മറക്കരുത്. അവർ തെറ്റായ ആശയങ്ങൾ പിൻപറ്റുന്നവരായതിനാൽ തന്നെ മനസ്സിലാക്കാൻ അവർക്ക് സാധിക്കുകയേ‌ ഇല്ലെന്ന് സൂചിപ്പിക്കാവുന്നതും അവരോട് സഹതപിക്കാവുന്നതുമാണ്. സന്ദർഭത്തിൽ നിന്നും അകറ്റിയാണ് തന്റെ വാചകങ്ങളെ വ്യാഖ്യാനിച്ചത് എന്നൊക്കെ ചേർക്കുന്നത് ഉത്തമം.
  4. വാക്കുകൾ പ്രത്യേകം തിരഞ്ഞെടുക്കണം. എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും സാധാരണ പ്രയോഗത്തിലുള്ളതുമായ വാക്കുകള്‌ കഴിയുന്നിടത്തോളം ഒഴിവാക്കണം. പറ്റുമെങ്കിൽ സംസ്കൃതഛായയുള്ള വാക്കുകൾ ഉപയോഗിക്കുക. ഗഡാഗഡിയൻ സംസ്കൃതവാക്കുകൾക്ക് ഇപ്പോഴും മലയാളത്തിൽ കൊടുംവില കാണപ്പെടുന്നുണ്ട്. പ്രത്യക്ഷത്തിൽ സംസ്കൃത വിരോധികളെന്നു ഭാവിക്കുന്നവർ പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിൽ മടികാണിക്കാറില്ല എന്നത് ശ്രദ്ധിക്കുക.
    ഉദാ: അകറ്റി നിർത്തുക-അസന്നിഹിതപ്പെടുത്തുക, മുന്നുംപിന്നും-പൂർവ്വാപരം, അടയാളാം-സംജ്ഞ, പുസ്തകം-ഗ്രന്ഥം, വ്യാവഹാരികദ്വന്ദവിഭജനം, കതൃത്വദൃശ്യത...
  5. പൊതുവിൽ പ്രചാരത്തിലുള്ള വാക്കുകള്‌ ഉപയോഗിക്കുന്നു എങ്കിൽ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല താൻ ഈ വാക്ക് ഉപയോഗിക്കുന്നത് എന്ന് അടിക്കുറിപ്പ് കൊടുക്കുക. ഏതർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്ന് വ്യകത്മാക്കരുതെന്ന് പറയേണ്ടതില്ലല്ലോ.
  6. സാങ്കേതികപദങ്ങൾ പറ്റുന്നിടത്തോളം തിരുകുക. മലയാളവാക്കിനു ശേഷം ഏതെങ്കിലും ഇംഗ്ലീഷ് വാക്കും ചേർക്കുക. ഇതിന്റെ ശരിയും ശരികേടും വിശദീകരിക്കരുത്. ഇംഗ്ലീഷ്ഭാഷയിലുള്ള പദങ്ങൾ കടുംവെട്ട് മലയാളത്തിലേക്കാക്കുന്നവർ അതിന്റെ ഇംഗ്ലീഷ് കൊടുക്കാതിരിക്കുക്കന്നതാണ് ഗരിമകൂട്ടുന്നതിനു പലപ്പോഴും സഹായകരമാണ്. ഉദാ: ഘടനാനന്തരവാദം (post structuralism), ഘടനാവാദാനന്തര മനോവിശ്ലേഷണാത്മകത (post structural psycho analyticity), സാമ്രാജ്യത്വാനന്തര പുനർഭാവന (post colonial re-imagination)...
    പൊതുവിൽ വാരിവിതറപ്പെടുന്ന കുറച്ച് ഇംഗ്ലീഷ് വാക്കുകളും മലയാളം വാക്കുകളും. താഴെകൊടുക്കുന്നു.
    ഇംഗ്ലീഷ്: Ontology, Epistemology, Ontological negation, Epistemological violence, Critical perspective, Contradiction, Normative, Natural, deconstruction, post-[structural, colonial, imperial, modern...], neo-[clonialism, imperialism, modernity...],
    പോസ്റ്റ് ഏത് വാക്കിന്റേയും പിന്നിൽ കുഴിച്ചിടാവുന്നതാണ്. ആരും ചോദിക്കാൻ വരില്ല. മലയാളത്തിൽ നവം, ഉത്തരം എന്നീ വാക്കുകള്‌ ടി തൂണിനോട് കിടപിടിക്കുന്നവയാണ്.
    മലയാളത്തിൽ ചിലത്: സത്താപരം, തന്മാപരം, ജ്ഞാനപരം, ജ്ഞാനപരഹിംസ, വിമർശനാത്മകം, സ്വത്വപരം, അപരം, ഉത്തരാധുനികം, ഘടനാവാദാനന്തരം, വ്യാജബോധം, വ്യജബോധനിർമ്മിതികൾ, അപനിർമ്മിതി, പരികല്പന (പരികല്പന, സിദ്ധാന്തം, നിയമം ഇവകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ വാരിവിതറുക), പ്രശ്നവൽക്കരണം-സാമാന്യേന മാർക്കറ്റുള്ള ഒരു വാക്കത്രേ‌ ഇത്.
    പരത എന്ന വാക്ക് തോനെ പരത്തുക. ഉദാ: യുദ്ധപരത, സാമ്രാജ്യത്വപരത, ഹിംസാപരത, സമൂഹികപരത, അസഹിഷ്ണുപരത, സദാചാരപര, പാഠപരത, കർതൃനിഷേധപരത. ..
    ദെറിദ, ദെല്യൂസ്, ഫൂക്കോ, ലക്കാൻ, (ഫ്രോയ്ഡിനു പഴയ മാർക്കറ്റ് കാണുന്നില്ല), ബോർദ്യോ, അകമ്പൻ, ഗ്രാംഷി, അല്തൂസർ, മാർക്സ്(പാകത്തിനു) തുടങ്ങിയ പേരുകൾ വാരിത്തൂവുക. അയ്യോ! ഫൂക്കോയെ വിട്ടുപോയി. വിട്ടുപോയ മറ്റു പേരുകൾ നിങ്ങൾ തല്പര്യാനുസൃതം ചേർക്കുക.
ഇതുവരെ പറഞ്ഞ ചേരുവകളിൽ ചിലത് ചേർത്തുണ്ടാക്കിയ കുറച്ച് വാചകങ്ങൾ:
"ഉത്തരാധുനിക പരിപ്രേക്ഷ്യങ്ങളിൽ നിന്നും ഉരുവായ സ്വത്വപ്രശ്നങ്ങൾ ആധുനികതയിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ്. ഈ പാഠങ്ങളെ സൂക്ഷ്മവിശകലനത്തിലൂടെ മാത്രമേ നവസാമുഹ്യമുന്നേറ്റങ്ങളുടെ സത്താപരവും ജ്ഞാനപരവുമായ അടിസ്ഥാനങ്ങൾ വ്യക്തമാവുകയുള്ളു. ആധുനികയുക്തിയുടെ അസഹിഷ്ണുത അസന്നിഹിതപ്പെടുത്തിയ അപരസ്വത്വങ്ങൾക്ക് സദാചാരപരതയിലൂന്നിയ നിയമങ്ങൾ നിഷ്കർഷിക്കുന്ന സവർണ്ണയുക്തിഭാഷ്യങ്ങളുടെ വ്യാജബോധനിർമ്മിതികളെ അപനിർമ്മിച്ചാൽ മാത്രമേ നവലോകത്തിന്റെ പ്രാതിനിധ്യങ്ങളിലേക്ക് പുതുജ്ഞാനനിർമ്മിതികളെ ദൃഢീകരിക്കുവാൻ കഴിയുകയുള്ളു. ഇതിന്റെ തുടർച്ചകളിൽ, ആഗോളീകരണസാമ്രാജ്യത്വപ്രതിലോമശക്തികളുടെ ആർത്തിയിൽ മുങ്ങിയ പരികല്പനകളെ തിരിച്ചറിയുന്നതിനും ഹിംസാത്മകയുക്തി സന്നിവേശിപ്പിക്കുന്ന വൈരുധ്യനിഷ്ഠമായ അത്യാഗ്രഹങ്ങളെ ഗ്രഹിക്കുകയും വേണം. പൊതുബോധത്തിന്റെ പാഠപരതയിലൂന്നി അപനിർമ്മാണത്തിന്റെ വിശകലനോപാധികളോട് നവസാംസ്കാരികവിമർശനോപായങ്ങളെ വിളക്കിച്ചേർത്തു മാത്രമേ നവയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുതകുന്ന പുതുപാഠങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളു.”
  1. ഏറ്റവും പ്രധാനമായി, വിശദീകരണം ആവശ്യപ്പെടുകയോ വിമർശിക്കുകയോ കണ്റ്റില്ലെന്നു നടിക്കുക. അതിനു പറ്റിയില്ലെങ്കിൽ ചോദ്യത്തിൽ നിന്നും വഴുതിമാറുക. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നവളെ താറടിക്കുക. കൊഞ്ഞനം കുത്തൽ എന്ന നാറ്റൻ പ്രയോഗം പരിഗണിക്കാവുന്നതാണ്. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇടം തിരിഞ്ഞ്, ചോദ്യം ചെയ്യുന്നവളെ പുറത്താക്കുക. ചോദ്യത്തെ പുറത്താക്കാൻ പറ്റില്ല എന്നത് കാര്യമാക്കേണ്ട കാര്യമല്ല.
  2. ഇതുവരെ നിരത്തിയ (1-7) ചേരുവകൾ പൂർണ്ണമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും സാഹചര്യാനുസരണം മറ്റുമസാലകൾ ചേർക്കാൻ മറക്കരുത്.
ഒന്നുമുതൽ എട്ടുവരെയുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്ത് വാക്കുകള്‌ നിരത്തിയാൽ സൈദ്ധാന്തികനിഷ്ഠമായ ഒരു ലേഖനം തയ്യാർ. ഇനി രണ്ടാമതൊന്നു വായിക്കാതെ അവരവരുടെ ടീമുള്ള ഇടങ്ങളിൽ (വെബ് പോർട്ടലുകൾ, പ്രിന്റ് മീഡിയകൾ) പ്രസിദ്ധീകരിക്കൂ.

കൂടുതൽ സരസമായും കാര്യമാത്രപ്രസക്തമായും ഇതുപോലൊരു കുറിപ്പ് മറ്റൊരുവൻ ഇംഗ്ലീഷിൽ പണ്ടേപടച്ചത് ഒരു കൂട്ടുകാരൻ ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു കാരണവുമില്ലാതെ കാട്ടിത്തന്നു. ഈ കുറിപ്പെഴുതിയ ആളുടേതല്ലാത്ത കാരണത്താൽ ആ കുറിപ്പെഴുതിയ ഹൃദയരഞ്ജനും അത് കാട്ടിത്ത കശ്മലനും യാതൊരു നന്ദിയും കടപ്പാടും ഇവിടെ ചേർക്കുന്നില്ല. എന്നിരുന്നാലും സാമാന്യം നഷ്ടമൊന്നും വരാതെ വായിക്കാവുന്ന ഒന്ന് എന്ന ധാരണയിൽ ഹൃദയരഞ്ജന്റെ കുറിപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ആഹ്ലാദിപ്പിൻ.

ജാമ്യം: എഴുതുന്ന ആളുടെ വായനക്കുറവിനാൽ ഫെമിനിസം തുടങ്ങി ഇപ്പോള്‌ കൊടും പ്രചാരത്തിലുള്ള പല ചിന്താധാരകളിലേയും സൈദ്ധാന്തികർക്കും വാക്കുകൾക്കൂം ഈ കുറിപ്പിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. എഴുതിയ ആള്ടെ വിവരക്കുറവ് എന്നു നിനച്ച് ക്ഷമിക്കുകയും പോരാത്ത ചേരുവകൾ നിങ്ങൾ ചേർക്കുകയും ചെയ്യുമല്ലോ.

Blog Archive