Monday, October 27, 2014

പല്ലുതേയ്ക്കാത്ത പ്രേമം


ഒന്നാമത്തെ ഉമ്മയ്ക്കുശേഷം
വായ്നാറ്റത്തെപ്പറ്റിപ്പറഞ്ഞതിനാല്‍
പ്രണയത്തില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാള്‍
സഹനത്തെ ഉപന്യസിച്ച്
സമരസത്തെ തിരിച്ചറിയുന്നു.

ഓടക്കുഴല്‌
ആട്ടിന്‍‌പറ്റം
മലഞ്ചെരിവുകള്‍.
മുന്തിരിത്തളിരുകള്‍
മാതളനാരകങ്ങള്‍
അതികാലത്തെ ഗ്രാമത്തുടിപ്പുകള്‍.
ഹോ...
എന്തൊക്കെയയാരുന്നു...

ഇപ്പോൾ
കാല്പനികതയില്‍ നിന്നും പുറത്താക്കപ്പെട്ട രൂപകം
വാസ്തവത്തിന്റെ കല്ലിൽ
തലതല്ലുന്നു.
ഓടക്കുഴല്‍ മധുരയ്ക്കോ
മാവിന്റെ മുകളിലേക്കോ പോകുന്നു.
കാലിൽക്കൊണ്ടമുള്ളാണ്
മാരമുദ്രയെന്ന്
ശകുന്തള തിരിച്ചറിയുന്നു.
'ആ മനുഷ്യന്‍ താന്‍ തന്നെയെന്ന്'
സോളമന്ന് വെളിപ്പെടുന്നു.

ആകയാല്‍,
പാട്ടിലാക്കാതെ
പാട്ടിലാക്കാതെ
പല്ലുതേയ്ക്കാത്ത പ്രേമമേ...
പാടുപെട്ടാണ്‌
പാടുപെട്ടാണ്‌
പാടുനോക്കുന്നതിപ്പൊഴും.

Friday, October 3, 2014

മണങ്ങള്‍

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍തണ്ട് മണക്കും വഴികള്‍/എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു. വഴികള്‍ക്ക് ഗന്ധമുണ്ടാകുന്നത് നമ്മള്‍ തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയിലാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ചുപോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു.അന്നൊന്നും ഈ  ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലാണ്‌ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു.പനഞ്ചോട്ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്തെത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം (കള്ള് ശേഖരിക്കുന്ന പാവനമായ മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്ട്രോ ആകുന്നു ആ പപ്പായത്തണ്ട്. വിതയ്ക്ക്മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞകാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണംപിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍വല്ല മുറിവുമുണ്ടേലറിയാം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലംവരെ വല്ലോരുടേം പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട്നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാൻ ഇറങ്ങിയവർക്കേ നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ഞാന്‍ കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു. (നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല). കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റകൂട്ടിയിട്ട മുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. പച്ചവയ്ക്കോലിന്റെമണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ ഒരോയിടത്തും നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകംമെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്ക്കേണ്ടിക്കൂടി വരുമ്പോള്‍ പിന്നോട്ട്‌ പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വ മണം. 
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല. (ആന്ധ്രയിലും തമിഴനാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍നമുക്കറിയാം.) എന്തായാലും ഓണത്തിന്‌ സാമ്പ്രദായികമായി പൂമണമാണ്‌. പക്ഷെ, കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടേം വറകലത്തില്‍ ചുട്ട അടേം തമ്മിലുള്ള വ്യത്യാസോം മണത്തില്‍ തന്നെ അറിയാം. ചുട്ട അടയുടെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും കൂടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും ഭക്തവേഷം കെട്ടി അവളെക്കണ്ട കാലത്ത് അവള്‍ക്ക് കല്പിച്ചതും അതേ പുഷ്പാഞജലി മണം. അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളോട് മുഹബത്തായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌, ഗന്ധമാണ് പ്രണയം എന്ന് അന്നറിയാമായിരുന്നോ? അത് കാലം ലൗജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌. അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോര മണക്കും എന്നു അന്നാരും കരുതിയിരിക്കില്ല .ഇത്തരം അപകടങ്ങളെ മുന്നേ മണത്തറിയേണ്ടത് അതുകൊണ്ട് ഒരു സാമൂഹ്യാവശ്യമാകുന്നു.
പള്ളിക്ക് കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേപള്ളിയെനിക്ക് തന്ന പ്രധാനമണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍. പള്ളിക്കയറ്റം കേറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരരായി നാണിച്ചുനിന്ന മണങ്ങള്‍ അനവധി. വായനശാലാക്കാലം അവധിക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലു കൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി പേരറിയാത്ത ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകളെ ശരിക്കറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ്തീര്‍ക്കാനാകില്ല. പുത്തന്‍പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടിനിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട് മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലല്ലോ.. കഞ്ഞിവച്ച് ഞങ്ങളെ ഊട്ടിയ പ്രഭചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുകിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപ്പൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണം. ഒളിച്ചുകേറി, മരത്തില്‍വച്ചേ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടിപിരിച്ച് വച്ച് പഴുപ്പിച്ച ചക്കയുടെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. കൂട്ടുകാരികൾ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെമണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു.

ഇക്കേം ഇത്തേം കൂടി വച്ചു തന്ന ഏഷ്യാഡിന്റെ ഉഗ്രന്‍ മണം. ഏഷ്യാഡ്, കപ്പയും പോത്തിന്റെ മൊഴനെഞ്ചും കുറച്ചു ഇറച്ചീം കൂട്ടി ഉണ്ടാക്കുന്ന ഒരു ഗംഭീര സംഭവമാണ്‌. കപ്പബിരിയാണി എന്നത് അതിന്റെ അയലത്ത് നില്‍ക്കില്ല. പോത്ത് അന്നൊരു സാമുദായികപ്രശ്നമല്ലായിരുന്നു. ആകയാല്‍ അരിപ്പത്തിരിയിലേക്ക് നല്ല പോത്തുംചാറ് (ബീഫ്എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ) ആരൊഴിക്കുമ്പോഴും ഗുമുഗുമാന്ന് ആവി വരും. അതിലറിയാം പോത്തിന്റെ ഗുണം. ആകെ ഉള്ള അമ്മച്ചിയ്ക്ക് പോത്തുണ്ടാക്കനോ കഴിക്കാനോ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഒന്നാന്തരം പോത്തുകറിയുടെ മേത്തരം മണത്തിനു നമ്മള്‍ ആജീവനാന്തം ഇക്കയോടും ഇത്തയോടും കടപ്പെട്ടിരിക്കുന്നു. മാതാശ്രീയ്ക്ക് പറ്റുന്നത് സാമ്പാറും മീങ്കറിയുമൊക്കെയാണ്. തേങ്ങവറുത്തരയ്ക്കുന്നത് ഇമ്മിണിപാടാണെങ്കിലും നല്ല മൂഡുള്ളപ്പോള്‍ മൂപ്പത്യാര്‍ക്ക് സാമ്പാറുവയ്ക്കല്‍ ഒരു ഹരമാണ്‌. അതിന്റെമണം നമ്മുടെ വേറൊരു ഹരം. അന്ന് ലോകത്തെ ഭരിച്ചതുതന്നെ മണങ്ങളായിരുന്നു. ഉഗ്രൻ വാറ്റു ചാരായത്തില്‍ നല്ല കരിക്കിന്‍ വെള്ളം, ചെന്തെങ്ങാണ് പഷ്ട്, ചേര്‍ക്കുമ്പോളാണ്‌ ലഹരിയുടെ ഉത്തമ ഗന്ധങ്ങളില്‍ ഒന്നുണ്ടാകുന്നതെന്ന് പഠിച്ചത് പിന്നീടാണ്. എന്തായാലും, അതിനോളംവരുന്നില്ല വിദേശികളും സ്വദേശത്തുണ്ടാക്കി നിറംചേര്‍ത്ത വിദേശികളും.

ഓര്‍ക്കാന്‍ എത്രയോ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും? അടയാളങ്ങളിലേക്ക് ചുരുങ്ങാത്ത ഇത്തരം എന്തൊക്കെയോ ആണ്‌ ഓര്‍മ്മകളുടെ പച്ച. അതുകൊണ്ടാണ്‌, ഗന്ധം ഓര്‍മ്മയായി പരിണമിക്കുന്നതും അത് ഒസ്യത്താകുന്നതും ചിലപ്പോഴെങ്കിലും അതിൽ അഭിരമിച്ച് പോകുന്നതും.
"അമൃതിന്‍ മണമെന്റെ
ജീവനിൽ തളിച്ചിട്ടു-
ണ്ടതിലല്പമെന്‍ പാട്ടില്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍" എന്നു നമ്മുടെ വയ്‌‌ലോപ്പിള്ളി പറഞ്ഞതും അതുകൊണ്ടാകാം. ഗന്ധമുദ്രകളുടെ ജൈവവൈവിധ്യം, മൂടിപ്പോയ ഇടവഴികൾക്കൊപ്പം മായുന്നുണ്ട് എന്ന തിരിച്ചറിവ് സംഭ്രമിപ്പിക്കുന്നതും അതുകൊണ്ടാണ്.

2010/2014

Tuesday, September 23, 2014

മാനസാന്തരം എന്ന രാഷ്ട്രീയ പ്രക്രിയ

മാനസാന്തരം ബൈബിളിനോളമെങ്കിലും പഴക്കമുള്ള ഒരു വാക്കാണ്. അതൊരു പ്രവൃത്തിയുമാണ്‌. മാനസാന്തരപ്പെടുവിന്‍. അന്ത്യവിധിനാള്‍ അടുക്കാറായി എന്ന് സ്നാപകയോഹന്നാന്‍ മുതല്‍ക്കുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാനസാന്തരം എന്നതിനു മതപശ്ചാത്തലവുമുണ്ട്. ഇതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾ തെറ്റെന്ന് തിരിച്ചറിഞ്ഞ്, ഏറ്റുപറഞ്ഞ് കര്‍ത്താവില്‍ അഭയം പ്രാപിക്കുന്ന ഒരു പ്രക്രിയയായാകാം ക്രിസ്തീയ വിശ്വാസത്തില്‍ അത്. സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് വരും എന്ന് പറഞ്ഞവനെ കുരിശ്ശേറ്റിയതിനാലും ഇക്കാലമത്രയും പ്രതീക്ഷിച്ച സ്വര്‍ഗ്ഗം ഇങ്ങ്‌ വന്നെത്തിയിട്ടാല്ലത്തിനാലും മറ്റെന്തിനും എന്നതുപോലെ മാനസാന്തരത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിപ്പോഴും ഒരു ചട്ടക്കൂടില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമത്തിനു പറയുന്ന പേരാണ്‌. കുറേ ആചാരങ്ങളെ ഉപേക്ഷിച്ച് മറ്റുചിലതിലേക്കുള്ള ഒരു കൂടുമാറ്റം. 

മതം മനുഷ്യര്‍ പാര്‍ക്കുന്ന ഒരു കൂടാണ്‌. രാഷ്ട്രീയം അതുപോലെ മറ്റൊരു കൂടാണ്‌. കൂടുവിട്ട് കൂടു മാറുന്ന പ്രക്രിയയാകുന്ന മാനസാന്തരം അപ്പോൾ ഒരു രാഷ്ട്രീയപ്രക്രിയയാകുന്നു. എന്നാല്‍ മാനസാന്തരം എന്നത് മനപരിവര്‍ത്തനമാണെന്നും അത് കേവലം ആചാരങ്ങളുടെ മാറ്റം മാത്രമല്ലെന്നും കരുതുന്നുവരുണ്ട്. അങ്ങുനുള്ളവര്‍, സംശയാലുവായ തോമസിനെപ്പോലെ മാനസാന്തരം സംഭവിച്ചു എന്നതിനും തെളിവു ചോദിച്ചു കൊണ്ടിയിരിക്കുന്നു. സം‌ശയയിക്കുന്നതും ചോദ്യം ചോദിക്കുന്നതും സകലമതത്തിലും വര്‍ജ്ജ്യമായതിനാല്‍ ചോദിക്കുന്നവര്‍ പലപ്പൊഴും പുറത്താകും. വിജയന്മാഷ് പറഞ്ഞതുപോലെ ചോദ്യം ബാക്കിയാകും.

ആരുടെയൊക്കെ മാനസാന്തരം സാധുവാണ്‌ എന്നത് ഇപ്പോള്‍ ഒരു രാഷ്ട്റീയ പ്രശ്നമാണ്‌. ഇതേക്കുറിച്ച് വേദപുസ്തകങ്ങള്‍ ഒന്നും പറയുന്നുമില്ല. ഏവരും മാനസാന്തരപ്പെടുവിന്‍ എന്നാണ്‌ സുവിശേഷം. പക്ഷേ, പുതിയ സുവിശേഷങ്ങളില്‍ മാനസാന്തരം ഏവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അറിവില്ലാപ്പൈതങ്ങളായിരുന്ന കാലത്ത് തങ്ങൾ ചെയ്ത തെറ്റുകളെ ഉപേക്ഷിച്ച്‌ പുതിയ കൂട്ടിലേക്ക് പോയവരോട്, ഇപ്പോഴത്തെ  കൂടുകളുടെ ശരിയായ വിലാസവും വിവരവും തിരക്കരുത്. മുതിര്‍ന്നു എന്നതും‌‌ അറിവായി എന്നതും ഒരു വിശ്വാസമാണെന്നിരിക്കെ, ഇപ്പൊഴത്തെ വിശ്വാസവും വരാന്‍ പോകുന്ന വിശ്വാസവും തമ്മില്‍ ചേരാതെപോകാമെന്നുമിരിക്കെ ഒന്നിനും അടയളം ചോദിക്കരുത്. എങ്കിലും ആരുടെയൊക്കെ മാനസാന്തരമാണ്‌ സാധുവാകുന്നത് എന്ന ചോദ്യം ആദ്യം കൂടുവിട്ടവര്‍ ചോദിക്കുന്നത് ഒരു തമാശയാണ്‌. അവകാശവാദങ്ങള്‍ അപ്പോള്‍ ബഡായികളായും ആരോപണങ്ങള്‍ ആത്മനസ്യമായും മാറുന്നത് അവരറിയത്തതാകാം.

ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ്‌ ദിനേന മാനസാന്തരം വരുന്ന, മുതിര്‍ന്നെന്നു കരുതുന്ന കുഞ്ഞുങ്ങള്‍ പുതിയ മാനസാന്തരങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ട് എന്റെ ബലി നിരസിക്കപ്പെട്ടു എന്ന കായേന്റെ ചോദ്യവും "നിങ്ങള്‍ ചെയ്യുമ്പോ പ്രേമം. നമ്മളൊക്കെ ചെയ്യുമ്പോ വെറും കമ്പി. എന്ന സിനിമാ ഡയലോഗും ഒപ്പത്തിനൊപ്പം വരുന്നത്‌ അപ്പൊഴാണ്‌

വാക്ക് ഏതര്‍ഥത്തിനും വഴങ്ങുന്ന ഒന്നായതിനാലാണ്‌ മാനസാന്തരപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നവരുടെ വാക്കിനെ വിശ്വസിക്കാന്‍ വയ്യാത്തത്. അതുകൊണ്ടാണ്‌ വാക്കിന്റെ അര്‍ത്ഥം പ്രവൃത്തിയില്‍ പൂര്‍ത്തിയാകണം എന്ന ശഠിക്കേണ്ടി വരുന്നത്. പറച്ചിലല്ലാതുള്ള പ്രവൃത്തിയിലേക്ക് നോക്കുന്നതുകൊണ്ടാണ്‌ മാനസാന്തരംവന്നു, ഇപ്പൊള്‍ തിരിച്ചറിവായി ഞങ്ങള്‍ മുതിര്‍ന്നു എന്നെല്ലാം  പറയുന്ന ചിലരെയെങ്കിലും സംശയിക്കേണ്ടി വരുന്നത്.  സിദ്ധാന്തങ്ങളുടെ സാധുത പ്രയോഗത്തിലാണ്‌ എന്നത് പഴയ ഒരു നിയമമാണ്‌. പഴയതെല്ലാം പാഴല്ല എന്നത് ചിലപ്പൊഴെങ്കിലും ശരിയാണ്‌. ശരികളെയും സാധുതയേയും തീരുമാനിക്കുന്ന അളവുകോലുകള്‍ ഏതൊക്കെയാണ്‌?
ശതഭാസ്കര ദീപ്തി ദീപ്തമാം
ഗഗനം പോലെ തെളിഞ്ഞു മാനസം
നിലകൊള്ളണമേ കൊലക്കുരു-
ക്കിറുകുമ്പോഴുമെനിക്കു ദൈവമേ- (മാനസാന്തരം, ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്നത് മാനസാന്തരത്തിന്റെ ഒരു പഴയ പ്രാര്‍ത്ഥനയാണ്‌.

Saturday, August 30, 2014

അവിശ്വസനീയതകൾ

തിരക്കില്ലാത്ത റോട്ടില്‍
ചുമ്മാ നടക്കുമ്പോൾ
മണലുവണ്ടിമുട്ടിയിട്ടും
ചാവാതെ രക്ഷപ്പെട്ട ഒരാളെ സങ്കല്പിക്കുക.
അയാള്‍ ഞാനാണെന്നും
ആ മണലുവണ്ടിയായിരുന്നു പ്രണയമെന്നും
ജീവനോടുള്ളത് പരിക്കേറ്റ ഒരു ഞാനാണെന്നും
നീ വിശ്വസിക്കില്ല.
അനുഭവിക്കും വരെ
അവിശ്വസിക്കപ്പെടുന്ന അപകടമാണ്‌ പ്രണയമെന്നും
തെളിവില്ലാത്ത മുറിവുകളിലാണ്‌
അത് മൂര്‍ത്തമാകുന്നതെന്നും
ഇനി പറഞ്ഞിട്ടെന്ത്‌?

കള്ളമണലിന്റെ മരണവേഗത്തിനു
മോര്‍ച്ചറിയെത്തേണ്ടതാണ്‌
പക്ഷേ,
എത്തേണ്ടിടത്ത് എല്ലാരുമെത്തിയാല്‍
വണ്ടിമുട്ടിയോരൊക്കെയും ചത്താല്‍
സഞ്ചാരത്തിന്റെ കഥകഴിയില്ലേ?
അതുകൊണ്ടാകാം
കഥകഴിയാതിരിയ്ക്കാനാകാം
ഞാന്‍ ബാക്കിയായതും
പരിക്കേറ്റവന്റെ സത്യവാങ്മൂലം
നീ അവിശ്വസിക്കുന്നതും.

Sunday, August 17, 2014

നനയല്‍


ഓര്‍മ്മയൊന്നും ബാക്കിയുണ്ടാകരുത്. ഓര്‍മ്മയുടെ മുട്ടകള്‍ പൊട്ടിയാണ്‌ ഭൂതകാലത്തിന്റെ സര്‍പ്പക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട്, അവള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. വേണമെങ്കില്‍ ഇങ്ങനെ തുടങ്ങാവുന്നതാണ്‌. അത്യാവശ്യത്തിനു ഗരിമ തോന്നിക്കുകയും ചെയ്യും. പക്ഷേ അതിലൊന്നും വല്യകാര്യം ഇല്ല.  അതുകൊണ്ട്, അവള്‍ മഴത്തിറങ്ങി നിന്നു എന്ന് നേരേ പറയാം.
കുട ഇല്ലായിരുന്നു. കുടയുംകൊണ്ട് മഴയത്തിറങ്ങിയാല്‍ അത് മഴകൊള്ളലല്ല എന്ന ധാരണയോ സ്വന്തമായി കുടയില്ലാഞ്ഞതോ ആകാം കാരണം. ആദ്യത്തേതാകും കാരണം എന്ന് കണക്കുകൂട്ടിയാണ്‌ "എന്നാത്തിനാ ഇങ്ങനെ മഴയത്തു നില്‍ക്കുന്നത് "എന്ന് വെറുതേ ചോദിച്ചത്‌.
മഴ കൊള്ളുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാകുന്നു.
മഴ പ്രണയത്തിന്റെ രൂപകമാകുന്നു.
അത് മരിച്ചവരുടെ തിരിച്ചുവരവാകുന്നു.
അത് ആകാശത്തിനു ഭൂമിയോടുള്ള പ്രണയമാകുന്നു.
എന്നിങ്ങനെ സമവാക്യത്തില്‍ ഉള്ളതൊന്നും അവള്‍ പറഞ്ഞില്ല. "എനിക്ക് സൗകര്യമുള്ളതുകൊണ്ട്" എന്ന തികച്ചും അകാല്പനികവും സ്വേച്ഛാധിപത്യപരവുമായ മറുപടി ഒരു കാലന്‍ കുടയിലേക്ക് എന്നെ ഉള്‍‌വലിയിച്ചു.

ഭരണകൂടതിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ അവള്‍ എന്ന പ്രജയിലേക്കും പടര്‍ന്നു കഴിഞ്ഞോ എന്ന് എന്നിലെ രാഷ്ട്രീയ നിരീക്ഷകന്‍ അപ്പോള്‍ സന്ദേഹിച്ചു. മാത്രവുമല്ല, മഴ നനയുന്നതിനു നികുതി ഏര്‍പ്പെടുത്തുക എന്ന ആശയം എനിക്ക് തോന്നിയതുപോലെ അധികാരിക്ക് തോന്നിയാല്‍ ഇവളൊക്കെ എന്തു ചെയ്യും എന്ന് ആശങ്കപ്പെട്ടു. പൊടുന്നനെ, ഇത്തവണ മഴകുറയും എന്ന കാലാവസ്ഥാപ്രവചനം ഓര്‍മ്മ വന്നു. അത്യാവശ്യമായി ഓര്‍മ്മ വരേണ്ട ഒന്നല്ല കാലാവസ്ഥാ പ്രവചനം എന്നിരിക്കിലും ഇപ്പോള്‍ ഇത് ഓര്‍മ്മ വന്നത് എന്തുകൊണ്ടാണ്‌?
അല്ലെങ്കിലും അത്യാവശ്യത്തിനു ഉപകരിക്കാത്ത നിക്ഷേപമാണ്‌ ഓര്‍മ്മകള്‍. ഈ ഡയലോഗ് കൊള്ളാലോ എന്ന് ഞാന്‍ എന്നെ അഭിനന്ദിക്കുമ്പോള്‍, അവള്‍ ഏതോ ഒരു അവളും ഞാന്‍ ഏതോ ഒരു അവനും ആയി തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്‌ എന്ന് ഒരു ഇടിമിന്നല്‍ അറിയിച്ചു.
അത് കേട്ട് പറമ്പില്‍ കൂണുകള്‍ കണ്ണുതുറന്നു. പക്ഷേ, അവള്‍ കൂസലില്ലാതെ മഴയത്ത്‌ തുടര്‍ന്നു.

കൂണൊക്കെ പറച്ച് ഒരു കുമ്പിളും കുത്തി ഞാന്‍ പിന്നേം അവള്‍ടെ മുന്നിലെത്തി. എന്നാ പ്രശ്നം? എന്നാ പറ്റ്യേ? എന്ന എന്റെ ചോദ്യങ്ങളെ കരപെരെ കലമ്പുന്ന കാറ്റുപോലും കേട്ടു. അവള്‍ക്ക്‌ ഒരു കൂസലും ഇല്ല. ഒന്നു മിഴിച്ച് നോക്കിയിട്ട് പിന്നേം മഴ.
സിനിമകളില്‍ പീഡനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഏണ്ണമറ്റ മഴകളെ എനിക്ക് ഓര്‍മ്മ വന്നു. ഒരുവട്ടം വില്ലനാകാനുള്ള ധൈര്യം  ഉണ്ടെന്ന് എനിക്ക് തോന്നി. അമ്മാതിരി വില്ലനാകാന്‍ ഏത് മക്കുണനും പറ്റുമെന്ന് പണ്ടൊരുവള്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നു. ഓര്‍മ്മ ഉപകാരമില്ലാത്ത നിക്ഷേപമാണ്‌ എന്ന് പിന്നേയും തെളിഞ്ഞു.

മഴ നനയുന്നത് എന്തിനാണ്‌? എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് ഒരു കാറ്റ് മരങ്ങളുടെ മുടിയഴിച്ചു. കൂണ്‍കുമ്പിള്‍ അവള്‍ടെ മുന്നില്‍ കൊണ്ടുവച്ചു. രണ്ടും കല്പിച്ച് ഞാന്‍ കുടമടക്കി. മഴ പൊലിപ്പിച്ചു. കാറ്റും വെള്ളവും മുഖത്തേക്ക് അടിച്ചു കയറി. എനിക്ക് ശ്വാസം മുട്ടി. അവള്‍ക്ക് ഒരു കൂസലും ഇല്ല. കുടയില്ലാതെ ഒരു മഴ മുഴവന്‍ നനയാന്‍ എന്നെക്കൊണ്ടാവുകേലെന്ന് തിരിഞ്ഞ്, ഞാന്‍ കുട വീണ്ടുമെടുത്തു.
എല്ലാ ചോദ്യത്തിനു ഉത്തരം ആവശ്യമില്ലെന്ന് പോന്നപോക്കില്‍ എനിക്ക് മനസ്സിലായി. അവള്‍ പനിപിടിച്ച് ചത്തുപോകട്ടെ എന്ന് പ്രാകിക്കൊണ്ട് ഞാന്‍ വീട് കേറി. അവള്‍ക്ക് വീടോ കൂടോ കൂട്ടോ ഉണ്ടോ എന്ന്  ഞാന്‍ ആശങ്കപ്പെട്ടതേ ഇല്ല. എനിക്ക് കുടയുണ്ട്. സന്തോഷത്തോടെ ഞാനും എന്റെ കുടയും ഒരു കാപ്പികുടിച്ചു.
ഒരു മഴ മുഴുവന്‍ നനയാന്‍ എന്നെക്കൊണ്ടായില്ലെന്ന അനാവശ്യമായ ഓര്‍മ്മയെ അടുത്ത വേനലിന്ന്‌ തിന്നാന്‍ കൊടുക്കണം എന്ന് ഞാനുറപ്പിച്ചു. അവളും അവളുടെ മഴയും അങ്ങനെ തുലഞ്ഞുപോകട്ടെ.

കടപ്പാട് :
അകാരണമായി ഇങ്ങനൊന്നിനു പ്രേരിപ്പിച്ച് ജിഗീഷിനോട്. ഇത് വായിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ശാപം അയാള്‍ക്ക് കിട്ടട്ടെ. 

Sunday, July 6, 2014

അപേക്ഷ


എന്റെ ദൈവമേ
എന്റെ ദൈവമേ
എന്നെ പ്രണയത്തിലേക്ക് നയിക്കരുതേ.
അഗ്നിയാലും ജലത്താലും സ്നാനം ചെയ്യപ്പെട്ട ജീവനെ
ഇനിയും, പ്രണയം കൊണ്ട് പരീക്ഷിക്കരുതേ.

പക്ഷികള്‍ ഉപേക്ഷിച്ച മരം
ഋതുക്ക‌ളോടെന്നപോലെ
നിരാസങ്ങളോട്‌
ഞാന്‍ കലഹിയ്ക്കട്ടെ.
വസന്തത്തിന്റെ തട്ടകത്ത്
ഗ്രീഷ്മത്തിന്റെ തീച്ചിലമ്പിടട്ടെ.
എന്നെ വര്‍ഷത്തിന്റെ ഇരയാക്കാതെ വെറുതെ വിടൂ.

ഓര്‍മ്മകളെ
മഞ്ഞകളില്‍ നിക്ഷേപിച്ച്‌
ഉന്മാദത്തിന്റെ നീലപ്പൂക്കളെ
ഉപേക്ഷിച്ചതാണ്.
നിറംകൊണ്ട് വ്രണപ്പെട്ട്
ചായങ്ങള്‍ കളഞ്ഞതാണ്‌.
പ്രണയതീക്ഷ്ണത്തിലേക്കുപേക്ഷിച്ച്,
പൂര്‍‌വ്വകാലത്തിലേക്ക് പുരസ്കരിച്ച്,
എന്റെ ജലച്ചായങ്ങളെ മുറിപ്പെടുത്താതെ, പോകൂ.

പ്രണയത്തോളം പര്യാപ്തമായ സന്ദേഹമില്ലെന്ന്
എന്റെ സ്പന്ദങ്ങള്‍ മന്ത്രിയ്ക്കുന്നു.
ദൈവമേ,
ആബോധത്തിന്റെ ശിലകളില്‍
ഇലമുളച്ചിവേരുകള്‍
ഇനിയുമൂറാത്തിനിപ്പിന്റെ
പൊരുളുതിരയുന്നതെന്തിന്‌?

വാക്കുകള്‍ ആത്മഹത്യ ചെയ്യുന്ന
ഭാഷയുടെ മുനമ്പില്‍
എന്റെ പലായനങ്ങള്‍ അവസാനിക്കുന്നു.
എന്റെ പ്രണയമേ
എന്റെ പ്രണയമേ
ഉന്മാദങ്ങളുടെ പ്രകര്‍ഷങ്ങ(ണ)ളിലേക്ക്
എന്റെ ഏകാന്തതകളെ നയിക്കരുതേ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്റെ ദൈവമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തണേ
ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലികളില്‍
ഉന്മാദസന്ത്രാസസന്ദേഹരഹിതം
ഞാന്‍ ജീവിതം പൂരിപ്പിക്കട്ടെ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തേണമേ...

Sunday, June 8, 2014

തീര്‍ച്ചകള്‍

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.

മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.

കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.

അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ

Wednesday, April 16, 2014

തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്

തനിച്ചിരിക്കുമ്പോള്‍
നീ ഓര്‍മ്മിക്കുന്നത്
എന്റെ പേരായതിനു
ദുര്യോഗം എന്ന് പരിഭാഷ.
പരിഭാഷകളില്‍
ചോരുന്ന ജീവിതത്തെ
പ്രണയമെന്ന് ഉപഹസിക്കാം.

വാക്കുകളെ പുറത്താക്കിയ
അവിശ്വാസപ്രമേയത്തിനു
കൈപൊക്കിയ നിമിഷമാണ്‌
നമുക്കിടയിലെ പാലം.
അതിന്നടിയിലൂടെ
കടലുതേടുന്നു
അപരിചിതമുഖങ്ങളുടെ നദി.

പറയാത്ത വാക്ക്,
പരിചയിക്കാത്ത നമുക്ക്
അഭയമാകും.
ഓര്‍മ്മക്കയറില്‍ നിലതെറ്റാതിരുന്നാല്‍
നാം അവിടെത്തും.
നിന്റെ വാക്ക്
എന്റെ അര്‍ത്ഥമാകും.
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നതിനു
പരിഭാഷകള്‍ വേണ്ടാതാകും

Monday, March 17, 2014

നിഷേധം

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
നീ, എന്റെ തോന്നലാണ്‌. 

അല്ലെന്നോ 
മറിച്ചാണെന്നോ 
നിനക്ക് വാദിക്കാം. 
ഇല്ല, നീ ജയിക്കില്ല. 
ഈ കളിയില്‍ 
പാമ്പും കോണിയും ഞാനാണ്‌,
കളവും കരുക്കളും എന്റെ തോന്നലുകള്‍.

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
കളവും കരുക്കളും പോലെ 
നീ, എന്റെ തോന്നലാണ്‌.

Sunday, March 16, 2014

പ്രണയലേഖനം-1

16 മാര്‍ച്ച് 2014
ഉള്ളത് ഞാനും നീയുമാണ്. നമ്മള്‍ എന്നത് ഒരു വ്യാജപദമാണ്‌. സമയകാലങ്ങളുടെ ഒരേ ബിന്ദുവില്‍ സന്ധിച്ചവരാണ്‌ ഞാനും നീയും  എന്നത് യാദൃശ്ചികം മാത്രം. ഈ യാദൃശ്ചികതയ്ക്ക് അര്‍ത്ഥം കല്പിക്കുവാനുള്ള വൃഥാവ്യായാമമാണ്‌ നമ്മള്‍ എന്ന പദം. അല്ലെങ്കില്‍ അത്തരം വൃഥാവ്യായാമങ്ങളുടെ സമാഹാരമാകാം നമ്മള്‍. അതിനെ സാധ്യമാക്കുന്ന അനിവാര്യവും അര്‍ത്ഥരഹിതവുമായ ആകര്‍ഷണം പ്രണയം. 
പ്രണയം ഒരു നയമാണെന്ന് എനിക്കെന്നപോലെ നിനക്കും അറിയാം. മയമേറെയുള്ള ഒരു നയം. അവനവന്റെ താല്പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ അന്യന്‍ വേണം എന്നതുകൊണ്ടുമാത്രം ആവിഷ്കൃതമാകുന്ന സമരസപ്പെടലുകളുടെ മൂര്‍ത്തരൂപം. അതിലേറെ എന്താണ്‌ പ്രണയം എന്ന് എനിക്കറിയില്ല. ഏറ്റവും ആകര്‍ഷണീയതയുള്ള അസംബന്ധം.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ കുറിക്കുന്നു എന്ന് ആശ്ചര്യം തോന്നുന്നോ? നിനക്കറിയാത്തതല്ല്ലല്ലോ ഇതൊന്നും. എപ്പോഴെങ്കിലുമൊക്കെ സത്യസന്ധരാകാതെ പൂര്‍ത്തിയാക്കാനാകില്ല ജീവിതം എന്നത് തന്നെ കാരണം. സത്യം എന്ന വാക്കിനെ എനിക്ക് വിശ്വാസമില്ല. അതിലും നല്ലത് നേര്‌ എന്ന വാക്കായിരിക്കും. നേരിനു ആളുകളെ ചേര്‍ത്തുനിര്‍ത്താനുള്ള പശിമ ഇല്ല. അളുകളെ എന്തിനു ചേര്‍ത്തു നിര്‍ത്തണം? കള്ളങ്ങള്‍ മത്സരിക്കുന്ന വിപണിയില്‍ ജീവിക്കുന്നു എന്നതുകൊണ്ടാകാം ഇടക്കിടയ്ക്ക് നേരു പറയുന്നത്.
നിന്നെക്കുറിച്ച് ഇതുവരേക്കും ഒന്നും പറഞ്ഞില്ല എന്ന് പരാതി തോന്നുന്നുണ്ടോ? എന്നെയാണ്‌ ഞാന്‍ എഴുതുന്നത്. എല്ലാ കാല്പനീകരും ഇങ്ങനായിരിക്കാം. സ്വം എന്ന ദുര്‍ഗ്ഗത്തില്‍ തളക്കപ്പെട്ട ജന്മം മറ്റെന്ത് എഴുതാനാണ്‌. എന്നെക്കുറിച്ചെഴുതുന്നതെല്ലാം നിന്നെക്കുറിച്ചാകുന്നു എന്നെ കളവ് ഇനിയും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. നിന്നോടെങ്കിലും സത്യസന്ധനാകണം എന്നുണ്ട്. സാധിക്കുമോ എന്ന്  ഉറപ്പില്ലാത്ത ഈ വിചാരത്തിന്റെ ഉണ്മയാണ്‌ എനിക്ക് നീ. അതിലേറിയും കുറഞ്ഞുമായി ഒന്നുമില്ല എനിക്ക് നിന്നോട്.
ഇങ്ങനൊക്കെ പറയും എന്നു കരുതിയല്ല എഴുത്തു തുടങ്ങിയത്. പക്ഷേ, വാക്കുകള്‍ ഇപ്പോള്‍ എന്റെ വരുതിയിലല്ല. അതുകൊണ്ട്, നിനക്കു തരാന്‍ എന്റെ പക്കല്‍ ആശംസകളൊന്നും അവശേഷിക്കുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുമായിരിക്കും, നിശ്ചയമില്ല. എന്റെ വാക്കുകള്‍ക്ക് നീ അവകാശിയാകുമായിരിക്കും, തീര്‍ച്ചയില്ല.
അതുകൊണ്ട് നിര്‍ത്തുന്നു.

Thursday, February 6, 2014

ഒറ്റി

ഒറ്റാലുവച്ച ശീലം
കനംവച്ചതാം ബോധം
ജലത്തിന്‍ സുതാര്യത്തില്‍
ചതിവിന്‍ കുട്ടിക്കാലം.
കൊതിപ്പിച്ചിരയാക്കും
ചൂണ്ടലിന്‍ ചാതുര്യത്തെ
വാക്കിന്റെ തുമ്പില്‍ ചേര്‍ത്ത്
പരിണമിച്ചൂ പ്രായം.

തോടിന്റെ വേഗത്തിനെ
അക്വേറിയച്ചതുര
ചാരുതയായിപ്പുനര്‍-
നിര്‍‌വചിക്കുന്ന നേരം
ചില്ലുകൂട്ടിനുള്ളിലും
മത്സ്യസ്വാതന്ത്ര്യം,
കടല്‍നീലിമകാണാക്കണ്ണില്‍
നിര്‍‌വൃതിത്തിരയേറ്റം.

ആഴത്തെ, സുതാര്യത്തെ
ഒറ്റാലായ് മാറ്റും
അതിജീവനകല വെട്ടി
ഒറ്റിയെന്ന വാക്കിനെ.

വാക്കിനാരധികാരി?
ഇരിക്കാനൊരുചില്ല
ഇല്ലാത്ത കിളിപോലെ
ചോദ്യങ്ങളലയുന്നു.

ചിരിച്ചതുപ്പിന്‍ നിന്നു
ചോദ്യത്തെ വിഴുങ്ങുന്നു
പ്രാണായാമശീലിത
ശാന്തയൗവ്വനസാരം.

Saturday, January 25, 2014

കവിതകളുടെ e-പുസ്തകം

സൈബര്‍ ഇടത്തിലെ കവിതകളുടെ ഒരു സൈബര്‍ സമാഹാരം. 2013 ലെ ശ്രദ്ധേയമായ കവിതകളുടെ സമാഹരം എന്ന് സമാഹരിച്ചവര്‍. ശ്രദ്ധേയത ഏന്നത് ഏറെ ശ്രദ്ധിച്ചുപയോഗിക്കേണ്ടവാക്ക് തന്നെ. എന്തായാലും എനിക്ക് പ്രിയപ്പെട്ട ചില കവികള്‍ ഈ സമാഹരത്തില്‍ ഇല്ല. അതിന്റെ ഒരര്‍ഥം എനിക്ക് എന്റേതായ ഇഷ്ടങ്ങള്‍ ഉണ്ട് എന്നാണ്‌. ആ സന്തോഷത്തോടെ കവിതകളുടെ ഈ E-പുസ്തകം പങ്കുവയ്ക്കുന്നു.
ഒരു പഞ്ചായത്തില്‍ 100 പീഡനം നടക്കുനു എന്നു പറയുന്നതിനേക്കാള്‍ എത്രമഹത്തരവും സന്തോഷകരവുമഅണ്‌ 100 കവികള്‍ ഉണ്ട് എന്ന് പറയുന്നത് എന്ന അര്‍ഥത്തില്‍ ഒരു വാചകം കുഴൂര്‍ വില്‍സണ്‍ എഴുതിയിട്ടുണ്ട്.  അതിനോട് E-പുസ്തകത്തിന്റെ പിന്‍‌കുറിപ്പിലെ അവസാന വാചകമായി അലക്സി ഡിക്രൂസ് ടൈപ്പ് ചെയ്ത-""സര്‍ഗ്ഗാത്മകമായ ഒരു കാലത്ത്, ലോകത്ത് ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്!" എന്ന വാചകത്തെ ചേര്‍ത്ത് വായിക്കാം.

വായിപ്പിന്‍. ആഹ്ലാദിപ്പിന്‍. 


                               കവിതകളുടെ e-പുസ്തകം


സമാഹരണം:
കരീം മലപ്പട്ടം, ശരത് പയ്യാവൂര്‍, മനു നെല്ലായ
ബ്ലോഗ് രൂപകല്പന:
ഗംഗാധരന്‍ മക്കന്നേരി
ആശയം:
സുലോജ് സുലോ

Saturday, December 14, 2013

അരണ്യകം

കുടയുള്ളാരും
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.

എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.

ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.

മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.

വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദു‌ര്‍‌വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.

ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.

Tuesday, November 26, 2013

അവ്യക്തം

 അപര്‍ണ്ണയുടെ  Blurred Visions ന്റെ തര്‍ജ്ജമ

വരയ്ക്കുക എന്നാജ്ഞ.

നേരെയാകണം വര.
കറുപ്പില്‍ ഇടത്തോട്ട്
വെളുപ്പില്‍ വലത്തോട്ട്.

അയത്നമനുസരിച്ച-
തിശയിച്ചെന്‍ വര.

കറുപ്പും വെളുപ്പുമായ്‌
മരത്തെ വരക്കുക.

ആജ്ഞകള്‍ തുടരുന്നു

ചായങ്ങളൊക്കെയും തിരിച്ചു കൊടുത്തു ഞാന്‍
തിരിഞ്ഞു നടക്കുമ്പോള്‍ നിറഞ്ഞൂ കണ്ണുകള്‍
കറുപ്പും വെളുപ്പുമായ്
എങ്ങനെ? മരത്തെ ഞാന്‍?

ഗാധത്തിലഗാധത്തില്‍
പ്രായപ്പകര്‍ച്ചകളില്‍
വേരുകള്‍ നിത്യചാരികള്‍.

പച്ചയായ് മഞ്ഞയായ് കാവിയായ്
നിറങ്ങളൊക്കെയും  കെട്ടിപ്പുണര്‍ന്നുടല്‍.

കാറ്റത്തുലയണോ
കാതല്‍ കടുക്കണോ
അനിശ്ചയം ചില്ലകള്‍.

വാസന്തശരത്തുകള്‍
കുഴക്കുന്ന ഇലകള്‍.

പാപപുണ്യങ്ങളെ പങ്കിട്ട്‌ കായകള്‍.

പറയുകെങ്ങനെ
വെറും കറുപ്പിലും വെളുപ്പിലും
ഞാന്‍ വരക്കും സാകല്യം?

മങ്ങിയ കാഴ്ച്ച കൊണ്ട്
ജീവിതം വരയ്ക്കാതെ
ആകയാല്‍ അകലേക്ക്
പോകുന്നൂ സുഹൃത്തേ ഞാന്‍.

Saturday, November 23, 2013

ഉടുപ്പ്

നടപ്പുനീതികള്‍
ഉടുത്തു കെട്ടി
ഉയര്‍ന്ന തലയുമായ് നടക്കുന്നു.
ഓരത്തിലോരത്തിലേക്ക്
പോരാത്തുടുപ്പുകളെ
വകഞ്ഞു മാറ്റുന്നു.

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്.
മുട്ടുമറയാത്തുടുപ്പിലെ നീ
മുണ്ടുടുത്ത എന്നെ കളിയാക്കുന്നു
വാഗര്‍ത്ഥചിചാരങ്ങള്‍
കുലുങ്ങിച്ചിരിക്കുന്നു.

വേഷങ്ങളില്‍
എത്രവേഷങ്ങളെന്ന്
വേവുന്നതെത്ര വംശങ്ങളെന്ന്
ചിരികൊളുത്തുന്ന
ചോദ്യമാകുന്നു.

എടുപ്പുകള്‍ എല്ലാമഴിച്ച്
ഉടലെന്ന നേരാകാന്‍
കുട്ടികള്‍ പോലുമല്ല
തുടലേറെക്കെട്ടി
മുതിര്‍ന്നു നമ്മള്‍.

Wednesday, October 9, 2013

കൊടിനിറം

ഇരുട്ടത്ത് നിറം മാറും
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?

പോയരാവില്‍ കണ്ടതാണ്‌
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.

നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്‌
ഇല്ലല്ലോ മറുജന്മം.

വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.

Sunday, September 29, 2013

വാക്ക് ഓര്‍മ്മ പക

പറഞ്ഞതേറെയും മറന്ന്
കതിരു കൊയ്ത് നീ
തിരിച്ച് പോം.
സംഘമൊഴികളാല്‍
പതമ്പളന്നുമേടിച്ച്
ചിരിച്ച് സ്വസ്ഥനായ്
പിരിഞ്ഞു പോം.

പലവഴിപോയി തിരിച്ചെത്തും
പണ്ട്‌ പറഞ്ഞ വാക്കുകള്‍.
മറവിയപ്പോഴും തുണയ്ക്കുണ്ടാകണം.

പഴികള്‍ക്കൊക്കെയും
പദവികല്‍പ്പിച്ച്
കനപ്പിച്ച്
കാവല്‍ കിടപ്പുണ്ടാകും
പകയും
ഓര്‍മ്മയും പരിചയിക്കയാല്‍
വിശന്നിട്ടും വാക്കുവിഴുങ്ങാതും
ഉള്ളില്‍ കടന്ന വാക്കുകള്‍ ദഹിക്കാതും
സ്വാസ്ഥ്യമൊടുങ്ങിപ്പോയവര്‍.

നിനക്കുപേക്ഷിക്കാം
പറഞ്ഞതൊക്കെയും.

നിശ്ശബ്ദതയ്ക്കേറെ
മുഴക്കമുണ്ടെന്ന്
തിരിച്ചെത്തും വാക്കു പറയും.
ഓര്‍മ്മകള്‍ ഒഴുക്കാകും
സംഘബലങ്ങളും നീയും
ഒഴുകിപ്പോം.

വാക്ക് സ്മൃതിതന്നെ
വിസ്മൃതി തന്നെ മൃതി.

Friday, August 16, 2013

അരൂപിയുടെ സൗഹൃദം

ഉള്ളുണങ്ങാത്ത മുറിവുപോലെ
അദൃശ്യം
ഓര്‍മ്മകളില്‍ അരൂപിയുടെ
സൗഹൃദം.
ആഴങ്ങളില്‍ പടര്‍ത്തുന്നു
ആഘോഷവേരുകള്‍
മരണം.
പണിതീരാത്ത ജീവന്റെ
ഏതോ നിലയില്‍ നിന്നു
ചിതറിവീണ്‌
ചിത്രത്തിലെ ചിരിയിലേക്ക്
ചുരുങ്ങുന്നു പരിചയം.

ചോരയില്‍ നിറം ചേര്‍ക്കുന്നു
ഉയരെപ്പാറും പതാകകള്‍.

കലാശംകൊട്ടി.
അരങ്ങത്ത്
വേഷക്കാരനൊറ്റയായ്‌.
ആടിത്തീരാ വിഷാദങ്ങള്‍
ചുട്ടികുത്താനൊരുക്കമായ്.

ഏറ്റം നല്ല പദമാടി
കൂട്ടുകാരീ പിരിഞ്ഞു നീ.
ഉള്ളരങ്ങത്തരൂപികള്‍
തുടരുന്നവ്യക്തമുദ്രകള്‍.

പേരോ മുഖമോ ഓര്‍മ്മയില്‍ ഇല്ലാത്ത, ഇനി ഒരിക്കലും കാണാനാകാത്ത, ആ കൂട്ടുകാരിക്ക്.

Saturday, July 20, 2013

ഫോണ്‍നമ്പര്‍

അടിയന്തിരം കഴിഞ്ഞു.
ആളുകള്‍ അകന്നു.
അക്കങ്ങളില്‍
മരണമില്ലാത്ത പത്തെണ്ണം
നിന്റെ പേരില്‍ ജീവിച്ചിരിക്കുന്നു.
ഓര്‍മ്മകളെ
മോര്‍ച്ചറിയെന്നു വിളിച്ച നീ
അക്കക്കൂട്ടത്തില്‍ കൂടി
എന്റെ ബാധയാകുന്നു.

നേരം തെറ്റിയോരു സ്പീഡ് ഡയലില്‍
നിന്റെ പേരിന്നു ജീവന്‍.
ജീവനുള്ളതെനിക്കെന്ന്
തെറ്റിതെളിയുമനിശ്ചയം.

യന്ത്രത്തിലേക്ക് നീട്ടിവച്ച ഓര്‍മ്മകള്‍ക്ക്
ഒറ്റബട്ടന്റെ ആയുസ്സ്
പാതിയുറക്കത്തിലും തിരയുന്നത്
പത്തക്കത്തിന്റെ കല്ലറയില്‍ നിന്നും
പുറത്തേയ്ക്ക് വഴിവയ്ക്കുന്ന
ഒറ്റബട്ടണാണ്‌.

Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

Tuesday, May 14, 2013

പോത്ത്

ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.

കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.

കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.

ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.

എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........

*രഘുവംശത്തിലെ ദിലീപന്റെ കഥ.

Saturday, May 4, 2013

വൈകുന്നത്

മരിക്കാന്‍ താമസിച്ചതുകൊണ്ട് മാത്രം
മെനക്കെട്ട് ജീവിച്ചതാണ്‌
നരഗത്തിന്റെ കാവലേ
വൈകിയതിനു
വഴക്കു പറയരുത്‌
പുറത്ത് നിറുത്തരുത്.
മുന്നേ മരിച്ചൊരാളുടെ
കത്തുചോദിക്കരുത്.

കാരണങ്ങളില്‍
ഏത് രാശിക്ക് ചാവെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
ഉടലിന്റെ ഒരിക്കലൂണ്‌
ഉത്തമോത്തമമാക്കാന്‍ കൊതിച്ചതാണ്‌.
രതിയോ രണമോ അല്ലല്ലോ
മരണമല്ലേ
മറ്റൊന്നില്ലാത്തതല്ലേ
അങ്ങനെ വൈകിയതാണ്‌.

മരിച്ചകുട്ടിയെ*
മഴയത്ത് നിര്‍ത്തിയേടത്ത്
ശരിയായി മരിക്കാന്‍ വലിയ പാടാണ്‌.

കരച്ചിലൊന്നും കൂടെവരാത്തതിനു
കുറ്റപ്പെടുത്തരുത്.
കരയാഞ്ഞിട്ടല്ല
കരയിക്കാഞ്ഞിട്ടല്ല.
കൂട്ടുവെട്ടിപ്പൊന്നിട്ടുമല്ല.
പിന്നെന്തെന്ന് ചോദിക്കരുത്‌
അങ്ങനായിപ്പോയതാണ്‌.
നരഗത്തിന്റെ കാവലേ
പുറത്ത് നിറുത്തരുത്.

*മരിച്ചിട്ടും എന്റെ കുട്ടിയെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയത് എന്തിനാണ്‌"- ഈച്ചരവാര്യര്‍

Monday, March 25, 2013

ഹൗസ്ബ്യൂട്ടീഷന്‍

പായല്‍‌പ്പച്ചയോളം വരില്ല
പെയിന്റൊന്നും.
പക്ഷേ,
ശല്യപ്പായലുകളെ
പുരയ്ക്കുപുറത്താക്കാമെന്ന്‌ പരസ്യപ്പൂതി.
പുര നിന്റെ
പൂതികളും നിന്റെ
പണിക്കുവന്നവന്‍ പറയേണ്ടാത്തതാണ്‌
എന്നാലും,
ഇങ്ങനെ കോരിയൊഴിക്കണോ ഇക്കടുഞ്ചായം?
പെയിന്റല്ലല്ലോ വീടിന്റെ നിറം.

ആ നേരത്തേക്കെങ്കിലും
ഉള്ളില്‍ തോന്നാതെ
നടിക്കാനാവില്ല ഒരു പ്രണയവും.
പെയിന്റിംഗും അങ്ങനാണിഷ്ടാ
ഉള്ളിലെ പുരയ്ക്ക്
നിറം ചേര്‍ത്തല്ലാതെ
മിനുക്കാനാവില്ല ഒരു ചുമരും.

ജീവനും ഓര്‍മ്മകളും ഉണ്ടായിരുന്ന
ഒരു മരം തന്നാണ്
വതിലും ജനലുമായി
തുറന്നും അടഞ്ഞും നില്‍‌ക്കുന്നത്.
എത്ര പോളീഷിട്ടാലും
പോകാതെ അടയാളം വയ്ക്കും
ചില ഓര്‍മ്മക്കൊമ്പുകള്‍
വാതിലു വേണ്ടാത്ത വീടായിരുന്നില്ലേ
ആ മരം.

ചിന്തേര്‍ച്ചാലിനു മുകളിലൂടെ
മിനുക്കുകടലാസോടുമ്പോള്‍
മരം മാത്രമല്ല
ചൂടഞ്ചോറിനെപ്പേടിക്കും വിധം
ഉള്ളങ്കൈകൂടി അരഞ്ഞു മിനുങ്ങും.
ആരും കൊതിക്കുന്ന മിനുസക്കൈ
അങ്ങനെ കിട്ടിയതാണ്‌.

സ്നോസത്തില്‍ നിന്നു
ഇനാമലിലേക്കുള്ള ദൂരം
നമ്മുടെ വീടുകള്‍ക്കിടയില്‍.
നിറംകൊണ്ട് നീളമളക്കുന്നത്
പെയിന്റിംഗ് പണിക്കാരന്റെ പേറ്റന്റാണ്‌.

മങ്ങിയ വീടുകളെ
വെളിച്ചം മോറിമിനുക്കുമ്പോള്‍
വിറ്റൊഴിക്കാനാകാത്തൊന്ന്
ഉള്ളില്‍ പണിയുന്നുണ്ട്.
അതുകൊണ്ടാണ്
തച്ചുതീര്‍ത്തു പിരിഞ്ഞിട്ടും
മുന്‍ ചുവരിലെ ചളികണ്ട്
സങ്കടപ്പെട്ടത്.

ഒരു ബ്യുട്ടീഷനും
സ്വന്തം മുഖം മിനുക്കാറില്ല
അയാള്‍ക്കത് ഓര്‍മ്മ കാണില്ല.
നിറങ്ങളില്‍ ഓര്‍മ്മ നിലച്ച
പെയിന്റിംഗുകാര്‍ ഹൗസ്ബ്യൂട്ടീഷ്യരാണ്‌.
കരുതിവച്ച നിറമെല്ലാം
ധാരാളിയെപ്പോലെ കോരിക്കോടുത്ത്
ചായം ചേരാത്ത വീട്ടിലേക്ക്
ചോര്‍ന്നൊലിക്കുന്നു
നിറംകൊണ്ട് നീളമളക്കുന്ന
ഹൗസ്ബ്യൂട്ടീഷന്‍.  

ഹൗസ്ബ്യൂട്ടീഷന്‍ എന്ന പേരുണ്ടാക്കിയ നാഗഞ്ചേരിക്ക്.

Thursday, February 14, 2013

നിന്റെ പേരെഴുതുമ്പോള്‍ മാത്രം

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
കടലാസ് കാടാകുന്നു.
മരിച്ച ചെടികള്‍ക്ക്
മരത്തിനെ ഓര്‍മ്മ കിട്ടുന്നു.

ഗ്രീഷ്മത്തിന്റെ നെറ്റിയില്‍
ഒരു മേഘം ഉമ്മവയ്ക്കുന്നു.
മണ്ണിനു മഴയുടെ മണം കിട്ടുന്നു.

ആഴം തിന്ന വിത്ത്
മിഴിപ്പച്ചതുറക്കുന്നു.
ഒരിലയിലേക്കുദയസൂര്യന്‍ വരുന്നു.

ഓര്‍മ്മക്കബറിനുമുകളിലെ
മൈലാഞ്ചി പൂക്കുന്നു.
ചോരതൊടാതെ നഖം ചുവക്കുന്നു.

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
എന്റെ മഷി വറ്റുന്നു.
വാക്ക്‌ അതിന്റെ വീടു തിരയുന്നു.
പ്രതിദ്ധ്വനിക്കാത്ത ശബ്ദത്തിനു
കാറ്റിന്റെ വണ്ടികിട്ടുന്നു.

Friday, January 4, 2013

സിനിമയായിരുന്നെങ്കി

സിനിമയായിരുന്നെങ്കി
ഒറ്റ സീനിലെ തരികിടകൊണ്ട്
ശരിപ്പെടുത്താമായിരുന്നു.
എഡിറ്റിംഗില്‍ ചുരുക്കാമായിരുന്നു.
ശുഭം എന്നെഴുതി
പര്യവസാസാനിപ്പിക്കാമായിരുന്നു.
വേണമെങ്കില്‍
ഒരു രണ്ടാംഭാഗവും എടുക്കാമായിരുന്നു.

ഇതിപ്പോള്‍
നമ്മള്‍ നമ്മുടെ മാത്രം ബാധ്യതയായ
ഒരെഡിറ്റിംഗിനും സാധ്യതയില്ലാത്ത
തിരക്കഥയില്ലാത്ത
തിക്കുമുട്ടലും തിരക്കുകളുമുള്ള
ജീവിതമായിപ്പോയി.

ഞാന്‍ ധീരനായകനോ
നീ ധീരനായികയോ
അല്ലാതായിപ്പോയി.
മറ്റൊരു ഭാഗത്തിനു
സാധ്യതയില്ലാതെപോയി.
നമ്മള്‍ ഇങ്ങനായിപ്പോയി.

ജീവിതമായിപ്പോയി
ഇങ്ങനായിപ്പോയി.

Wednesday, December 5, 2012

നിന്നെക്കുറിച്ചാകുമ്പോള്‍

ഇടയ്ക്കൊക്കെ ഓര്‍ക്കുന്നുണ്ട്
പഴയ നിന്റെ
പുതിയ ഞാന്‍.
പുതിയ നിന്റെ
പഴയ ഞാന്‍.
ഏത്ര ഓര്‍ത്തിട്ടും
കൂട്ടിമുട്ടുന്നില്ല
നമ്മുടെ കാലങ്ങള്‍.

നിന്നെക്കുറിച്ചാകുമ്പോള്‍
ഭാവിയിലേക്ക് പുറപ്പാടാകുന്നു
ഓര്‍മ്മകള്‍.
പോയതിലേക്ക് പുതയലാകുന്നു
അന്വേഷണങ്ങള്‍.
പൂര്‍ത്തിയാകാതിരിക്കുന്നു
തച്ചേറിയ പദപ്രശ്നം.
പൊയ്യാകാതിരിക്കുന്നു
പൊലിഞ്ഞതും പുലരാത്തതും.

നിന്നെക്കുറിച്ചാകുമ്പോള്‍
പൂരിപ്പിക്കാത്ത വാക്കില്‍
പൂണ്ടുപോകുന്നു ഞാന്‍

Sunday, October 28, 2012

വാന്‍‌ഗോഗും ഞാനും


പല നിലകളില്‍
സമനിലയെത്തിരഞ്ഞ്‌
നിലതെറ്റുന്നതുകൊണ്ട്
ചിത്തഭ്രമത്തിനു ചായം  കൊടുത്ത നീ
ചിരിച്ചെന്റുള്ളേറുന്നു.

രൂപകങ്ങളില്‍ കിരീടിയല്ലേ ചിരി.

നീരവ നിശീഥത്തെ
ഭ്രാന്തിന്റെ ഉദ്യാനത്തെ
നാദപാരമ്യത്തിന്റെ
നിറത്തില്‍ വരഞ്ഞു നീ.
നിലച്ച നാദത്തിന്റെ
നിറമോ നീല
നിന്റെ മുറിഞ്ഞ കാതിന്‍ മുദ്ര
പറയുന്നതെന്താണ്?

സൂര്യകാന്തിയെപ്പോലെ
ഗ്രീഷ്മത്തെ സ്നേഹിച്ച നീ.
മഴയ്ക്ക് കാതുരണ്ടും
മുറിച്ചു കൊടുത്ത ഞാന്‍.
നീ കടുംനിറത്തിന്റെ നിത്യകാമുകന്‍
ഞാന്‍ വെറും നിറക്കേടിന്‍ നാടക്കാരന്‍.
നമ്മള്‍ വെവ്വേറെ കാലത്തിന്റെ
ഉന്മത്തചൂതാട്ടക്കാര്‍.

എന്നിട്ടും നട്ടുച്ചയ്ക്ക് പൂക്കുന്ന
ഭ്രാന്തിന്‍ നീലപ്പൂക്കളില്‍
വിജനത്തില്‍ സംഗമിക്കുന്നൂ നമ്മള്‍.

കടപ്പാട്-
കാതുമുറിച്ച് പ്രേമഭാജനത്തിനു കൊടുത്തിട്ട്
ഒരു കോമാളിയെപ്പോലെ
ചോരയില്‍ കുളിച്ചു നിന്ന വാന്‍‌ഗോഗ്
എന്റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ്
നിന്റെ ഓര്‍മ്മയ്ക്കു ഞാനിറുക്കുന്നില്ല (വാന്‍‌ഗോഗിന്‌ ഒരു ബലിപ്പാട്ട്) എന്നെഴുതിയ എ.അയ്യപ്പനും

Saturday, September 29, 2012

രണ്ട് കവിതകള്‍


നിനക്കു നോവുമെന്നു കരുതി
ഉപേക്ഷിച്ച വാക്കുകളാണ്‌
എന്റെ പ്രണയോപഹാരം.
ഉപേക്ഷകളുപഹാരമാക്കയാല്‍
ഉത്സവങ്ങള്‍ക്കിടയിലും
ഒറ്റകളാണ്,
ഒരുമിക്കാത്തതുകൊണ്ട്
ഒറ്റുകാരാകാത്ത നമ്മള്‍.

.................................................

നീ അറിയാത്ത വഴികളില്‍
ഞാന്‍ കാത്തു നില്‍ക്കുന്നു.
എനിക്കറിയാത്തിടങ്ങളില്‍
നീ തിരിഞ്ഞു പോകുന്നു.
കണ്ടുമുട്ടാത്ത രണ്ടുപേര്‍ക്കിടയില്‍
സംഭവിക്കുന്നതിന്റെ സന്ദേശങ്ങളുമായി
നമ്മെക്കടന്നൊരു കാറ്റു പോകുന്നു.
കാറ്റിനെ വായിക്കുന്ന് കാലത്ത്
കണ്ടുമുട്ടും നമ്മളെങ്കില്‍
കൈമാറാനായി കരുതേണ്ടതെന്താണ്?

Sunday, September 9, 2012

സ്വത്വ‌വിഷാദം

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം.
വാലിനെ വാലുകൊണ്ടും.

ജാതിവാല്‍ജനിതകം
ജാള്യരഹിതവിതരണം.
Ms.ചോത്തി
Ms. കത്തോലിക്കത്തി
Mr.പറയന്‍
Mr.നമ്പൂതിരിയും
സഖാവെന്നൊരു സങ്കരയിനവും
എല്ലാ സത്വത്തിനും
വാലുകൊണ്ട് സ്വത്വം.
മുള്ളുകൊണ്ട് മുച്ചൂടും മുറിഞ്ഞ
ജീവന്‌ സ്വത്വപ്രതിസന്ധി.

വാലുമുറിയാതെ
മാക്രിയാകില്ലെന്ന്‌
വാല്‍മാക്രീവ്യഥ.
വാലുള്ളിലേക്കു വച്ചു
ഉഭയജീവിതം ചിരം.

പരിണാമത്തില്‍
പടച്ചോന്മാര്‍ക്കും
പടച്ചോളുമാര്‍ക്കും
പങ്കില്ലെന്നു പറഞ്ഞ പടപ്പിന്റെ
സ്വത്വമേതാണ്‌

Monday, August 27, 2012

ഗ്രീഷ്മം


വിഷപ്പാമ്പിനെത്തിന്ന മയിലിന്‍ തൂവല്‍
മാനം കാട്ടാതെ ഓര്‍മ്മപ്പുസ്തകത്താളിന്നുള്ളില്‍.
വിഷം കറുത്തു കണ്ണായ് മയില്‍പ്പീലിമദ്ധ്യത്തില്‍
തിളങ്ങുന്നതുകാണാന്‍ നമ്മള്‍ക്കു കണ്ണില്ലാതായ്.

ഗ്രീഷ്മദംശനത്താലേ കാളുന്നു മാനം
വിഷഹാരിവര്‍ഷത്തെ കാക്കുന്നു മയൂരങ്ങള്‍
മഞ്ഞച്ച മദ്ധ്യാഹ്നത്തില്‍
എന്റെ ചുണ്ടില്‍ നീ കൊത്തി
നെറുകില്‍ വരെ വിഷം കേറി
ഞാന്‍ നീലച്ചു പോയ്.
നിലച്ചൂ നേരം നിലതെറ്റിയ കാലത്തിന്റെ
മുറിഞ്ഞ മുഖത്താകെ ചെമ്പരത്തികള്‍ പൂത്തു.

Tuesday, August 7, 2012

തുടര്‍ച്ച

വഴി തെറ്റിയിട്ടും
വീടെത്തിയപോലെ
നിന്റടുത്തെത്തുന്നു.
അസമയത്തെ
അതിഥിയെ എന്നപോലെ
നീ എന്നെ നോക്കുമ്പോള്‍
മൗനത്തിന്റെ മുറ്റത്തു നിന്നും
തിരിയാവഴികളുടെ ധ്യാനത്തിലേക്ക്
ഞാന്‍ തിരിച്ചു പോകുന്നു.

സഞ്ചാരിക്ക് തണ്ണീര്
ഗ്രീഷ്മത്തിന്റെ കണ്ണീരെന്ന്
ഒരുഷ്ണക്കാറ്റ്.

എല്ലാവഴിയും
നിന്നിലേക്കെത്തുമ്പോള്‍
വിട്ടുപോകേണ്ടിടമാണ്
വീടെന്നുറപ്പിച്ച്
വിലാസമില്ലാത്ത വിദൂരങ്ങളിലേക്ക്
എന്റെ പ്രവേഗങ്ങള്‍
തുടര്‍ച്ച നേടുന്നു.

Saturday, June 30, 2012

മഴയ്ക്ക്

മഴ പെരുക്കുന്നു
മനസ്സിലെ മടമുറിയുന്നു
ഒലിച്ചുപോം മുന്‍പ്
തടപണിയണം.

കുരുതി നീയാണ്‌
ഉതിരത്തിന്‍ പശ
ഉറപ്പിക്കും
അകവരമ്പുകള്‍.

മഴയൊഴിഞ്ഞിട്ട്
ഉഴുതുള്‍പ്പാടത്ത്
മറവിതന്‍ വിത്ത്‌
വിതയിറക്കണം.
അതിന്‍ കതിര്‍ കൊയ്ത്
പതിരൊഴിച്ച്
നിന്‍ പേരില്‍ പൊലിച്ച്
ബാധയൊഴിക്കണം.
പിന്നെ
വരുന്ന വേനക്ക്
തരിശ്ശിടും മണ്ണ്.

മഴ വിളിച്ചാലും
പൊടിച്ചിടാമട്ടില്‍
കറുപ്പായാമണ്ണില്‍
മരിച്ചു ചേരണം.

ഇടിയായും
മിന്നല്‍ വെളിച്ചമായും
വിളിക്കരുത്.
മറവുചെയ്തതിന്‍
മുകളില്‍ കൂണായി
മുളച്ചുപൊന്തും ഞാന്‍.

Monday, May 21, 2012

മരിച്ചരുടെ കൊടിയും ഭാഷയും

മരിച്ചവര്‍ക്ക്
ഒറ്റക്കൊടിയേയുള്ളു
കരിങ്കൊടി. വോട്ടില്ലാത്തത്.
പക്ഷേ
ആരും
അതിനു വേണ്ടി മരിക്കാറില്ല.

കൊന്നവര്‍ക്കും
കൊതിപിടിച്ചവര്‍ക്കും
കോടിക്കൊടികളുണ്ട്
ഒറ്റക്കൊടിയില്‍ തരാതരം നിറങ്ങളുണ്ട്
ചോട്ടില്‍ ചാവുണ്ട്.

മരിച്ചവര്‍ക്ക്
ലിപികളില്ലാത്ത ഭാഷയുണ്ട്
ആഴങ്ങളില്‍ മുഴങ്ങുന്ന വാക്കുകള്‍
അവര്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ശയിക്കാത്ത ആശയങ്ങള്‍
അതില്‍ പൊട്ടിക്കിളിര്‍ക്കുന്നുണ്ട്.

ജീവിച്ചിരിക്കുന്നവര്‍ക്ക്
ലിപികളില്‍ ലോപിക്കുന്ന ഭാഷയുണ്ട്.
അഴുകുന്ന വാക്കുകളില്‍
അവസരങ്ങളെ അവര്‍ പ്രക്ഷേപിക്കുന്നുണ്ട്
മുളക്കാത്തതതുകൊണ്ട്
അവയ്ക്ക് വിലകിട്ടുന്നുണ്ട്.

കരിങ്കൊടിക്ക് കുത്തിയ
കൈപ്പത്തിയില്‍
ചുവന്ന ചോര.
വോട്ട് ചെയ്യുന്നത്
ഏത് കൈകൊണ്ടാണ്‌?

Friday, May 18, 2012

ചുംബനം എന്ന സാധനം

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
വായിച്ചു തീര്‍ന്നപ്പോഴും ഉള്ളില്‍ ഈ ഡയലോഗ് അങ്ങനെ മുഴച്ചു നിന്നു. അവന്‍ എഴുതിയതില്‍ ഏറ്റവും സുന്ദരമായതുകൊണ്ടല്ല. മറിച്ച് കാര്യങ്ങള്‍ ശരിക്കും ഇങ്ങനല്ലല്ലോ എന്നോര്‍ത്തിട്ടാണ്‌ അത് ഉള്ളില്‍ തട്ടിയത്.

എന്നെ നിങ്ങള്‍ അറിയും. ചെറുതും എന്നാല്‍ ഒരു സാധാരണ മനുഷ്യനു വാരാവുന്ന വലിയ ദുര്‍ഘടവുമായ പ്രണയം എന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ കാമുകി വിളിച്ചുകൊണ്ടു പോയ ആ പഴയ ഞാന്‍ തന്നാണിത്. നോക്കിയോ അലക്കി നോക്കിയ അതേ സന്ദിഗ്ധക്കാരന്‍. ആദ്യം വായിച്ചത് ഞാനല്ല എഴുതിയത്. അവന്റെ സുന്ദരമായ കഥയിലെ ഒരു ഡയലോഗാണ്‌. ഒരു നിവര്‍ത്തിം ഇല്ലാതെ കൂട്ടുകാരിയുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തായി എന്ന് നിങ്ങള്‍ക്ക് സംശയം കാണും. അത് ഞാന്‍ വഴിയേ പറയാം.

ഇപ്പോള്‍ നമുക്ക് അവനെയാണ്‌ പിടിക്കേണ്ടത്. പരമദുഷ്ടനായ അവനെ. അന്ന്, ഒളിച്ചു പോകും മുന്നേ എടുത്തിട്ട അവന്റെ ജീന്‍സിനുള്ളിലാണ്‌ ഞാനിപ്പോഴും എന്നത് സത്യം പറയാന്‍ എന്നെ തടയുന്നില്ല.സാഹിത്യസംബന്ധി-അങ്ങനത്തെ എന്തോ ഒരു സംബന്ധം ഉണ്ട് എന്നാണ്‌ കേട്ടിട്ടുള്ളത്- ആയ കാര്യങ്ങളില്‍ അഭിപ്രായം പറയരുത് എന്നാണ്‌ അവളുടെ കല്പന. സാഹിത്യസംബന്ധം ഒരു തരം സംബന്ധം ആയതുകൊണ്ടും ഇത്തരം സംബന്ധങ്ങളില്‍ ഉമ്മകള്‍ ഒരു പ്രധാന സംഗതി ആയതുകൊണ്ടും ഞാനല്പം ധൈര്യമെടുക്കുന്നു.

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
അവന്‍ ലോകത്ത് ആരെയെങ്കിലും ജീവിതത്തില്‍ ഇന്നേവരെ ഉമ്മ വച്ചിട്ടുണ്ടോ? ഇല്ലെന്ന് തീര്‍ത്തു പറയാന്‍ വയ്യ. എന്നെ ഉമ്മ വച്ചിട്ടുണ്ട്. ഹേയ് കോടതി അനുവദിച്ചതറിഞ്ഞുള്ള ആക്രാന്തം ഒന്നുമല്ല. ഇത് അതിനൊക്കെ ഒത്തിമുമ്പാണ്‌. സംഭവിച്ചത് ഇങ്ങനാണ്‌.
സങ്കടം കൊണ്ട് പൊറുതിമുട്ടിയ ഒരു രാത്രി. കാശില്ലാത്ത കീശമാത്രം കൂട്ടിനുണ്ട്. അങ്ങനത്തെ ഒരു രാത്രി ഉരച്ചാല്‍ കത്തണ സ്വയമ്പനുമായി ഞാനവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എനിക്കറിയാമായിരുന്നു സങ്കടം ഒഴുക്കിക്കളയാന്‍ അത് വേണ്ടി വരുമെന്ന്. അതിനു വേണ്ട കാശ് കാലേക്കൂട്ടി അമ്മച്ചീടെ പെട്ടീന്നും പള്ളീടെ ഭണ്ടാരത്തീന്നും ഒക്കെയായി ഞാന്‍ മൂന്നു ദിവസം മുന്നേ സങ്കടിപ്പിച്ചിരുന്നു. സങ്കടകാരണം പൊതുപ്പതിവുപോലെ, പൊളിഞ്ഞുപോയ ഒരു പ്രേമം തന്നെ. അവന്‌ ശരിക്കും ഇഷ്ടായിരുന്നു. അവള്‍ക്കും. പക്ഷേ നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ലോകം കറങ്ങുന്നത്. അതുകൊണ്ട് സങ്കടത്തിന്റെ ഒരു രാത്രി മാത്രം ബാക്കി കിട്ടി എന്ന് ചുരുക്കാം.
ആ രാത്രി നീറ്റിലവന്‍ നീറി. അതിലും കൂടുതല്‍ ഉള്ളു നീറി. ടച്ചിംഗ്സിനു പൊതുവഴീലെ മാവേന്ന് ഞാന്‍ മാങ്ങയും പറിച്ചോണ്ട് വന്നപ്പോഴേക്കും അവന്‍ രണ്ടണ്ണം കീറിയിരുന്നു. പിന്നേം കമത്തി വച്ചിരിക്കുന്നു ഒരു വെട്ടു ഗ്ലാസ് നിറയെ. അതും പിടിപ്പിച്ചു ഒരു മാങ്ങേം കടിച്ചോണ്ട് അവന്‍ കുറേ കരഞ്ഞു. ഞാന്‍ കോറസ്സയി. അന്നേരത്ത്‌ അവനെ ആശ്വസിപ്പിക്കാന്‍ ഞാനിട്ട ഡയലോഗ് ഏതാണ്ട് ഇങ്ങനെ ആണ്‌. "നമുക്കിഷ്ടായാലും അല്ലേലും ഭൂമി കെഴക്കുന്നു പടിഞ്ഞാട്ട് (അതോ ഇനി മറിച്ചാണോ ഫിസിക്സ് പഠിച്ചത് പണ്ടേങ്ങാണ്ടാണ്‌) ഒരു കാര്യോല്ലെങ്കിലും നിര്‍‌ത്താണ്ട് കറങ്ങും. അതുപോലെ നമ്മുടെ ഇഷ്ടമൊന്നും നോക്കാതെ ചിലര്‌ കൂട്ടുവിട്ടു പോകും. അത് ചിലപ്പോ അവരുടെ ഇഷ്ടം പോലും അയിരിക്കൂല."(സംശയിക്കണ്ട. ഞാന്‍ പറഞ്ഞതാണ്‌!) ഇങ്ങനത്തെ ഒരു രാത്രീലേ അവന്റെ പ്രേമം ചെന്ന് നിക്കൂ എന്ന് അവനോട് ഞാന്‍ പണ്ടേ പറഞ്ഞതായിരുന്നു. അതോര്‍മ്മിപ്പിച്ചതും ചെക്കന്‍ കരച്ചിലു നിര്‍ത്തി വിതുമ്പാന്‍ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അച്ചാലും മുച്ചാലും ഉമ്മ വച്ചു. വാറ്റിന്റെ നീറ്റിലായതിനാല്‍ ഞാനതങ്ങ്‌ സഹിച്ചു. അവനെ ആശ്വസിപ്പിക്കാന്‍ ഞാനല്ലേ ഒള്ളൂ.
"തകരുന്ന പ്രണയങ്ങളുടെ പ്രവാചകനാണ്‌ നീ" എന്ന് എനിക്കൊരു പട്ടവും തന്നു. അതാണ്‌ എന്റെ ഫസ്റ്റ് ഉമ്മ. തികച്ചും അകാല്പനികവും അക്രമാത്മകവും ആയ ഒന്നു.

ലോകത്ത്, അവന്‍ പറഞ്ഞ പോലെ ആത്ര ലളിതസുന്ദരസുഭഗമായ സാധനം ഒന്നുമല്ല ചുംബനം എന്ന് എനിക്കറിയാം. എന്റെ ആദ്യത്തെ ചുംബനം, ഫീമേല്‍ ചുംബനം ഓര്‍ക്കാം. അമ്മാതിരി ഞാന്‍ ജീവിതത്തില്‍ പേടിച്ചിട്ടില്ല. സംഭവം നടക്കണത് കോളേജിലെ ഒരു കാമ്പ് രാത്രിയിലാണ്‌. അന്നും എന്റെ കാമുകിക്ക് അസാമാന്യ ധൈര്യം ആണ്‌. അവള് എന്നെ ഉമ്മവയ്ക്കുകയാണുണ്ടായത്. ഈ സാധനം ചോദിക്കാന്‍ എനിക്ക് മടി. ആരേലും കണ്ടാലോ എന്ന പേടി. രാത്രി സ്റ്റേജില്‍ കച്ചറ പരിപാടികള്‍ തകര്‍ക്കുന്നു. ഒരുത്തന്‍ തോണ്ടപൊട്ടി ഏതോ കവിത അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്നുണ്ട്. എല്ലാം കേട്ട് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒറ്റക്ക് വിഷമിച്ചിരിക്കുമ്പം അവള്‍ അടുത്തു വന്നു. സര്‍‌വരും സ്റ്റേജിലേക്കും നോക്കി ഇരിക്കുന്നു. അവള്‍ കൂളായിട്ട് ഒരുമ്മയങ്ങ്‌ തന്നു. ചുംബനം നീണ്ടതാണോ? അതോ കവിത ചുരുക്കിയതാണോ? എന്തായാലും അത് തീര്‍ന്നപ്പോഴേക്കും ആ കവിതാ അലര്‍ച്ച തീര്‍ന്നിരുന്നു. എന്റെ ആത്മമിത്രങ്ങളായ ഒരു പെണ്‍ ജന്തുവും ഒരാണ്‍ ജന്തുവും പിറ്റേന്ന് കാലത്ത് എന്നെ നോക്കി ഒരാക്കിച്ചിരി ചിരിച്ചു. അവര്‍ പതുവു ചിരി തന്നതാണോ? ഇനി ആ ആക്കല്‍ എനിക്ക് തോന്നിയതാണോ? ഒരു പിടീം ഇല്ല. കെട്ടിപ്പൊക്കിക്കൊണ്ടുവന്നിരുന്ന സദാചാരസംഹിതയൊക്കെ ഒരുമ്മകൊണ്ട് തകര്‍ന്ന് തരിപ്പണമായി എന്നു പേടിച്ച് പിറ്റേന്ന് രാവിലെ ഞാന്‍ കാമ്പുവിട്ടു. (സദാചാരത്തിന്റെ മൊത്തക്കച്ചവടം അന്നു ഞാന്‍ സ്വയം ഏറ്റെടുത്തിരിക്കുകയായിരുന്നു). വീട്ടില്‍ ചെന്ന് സൈക്കിളേല്‍ റേഷങ്കടേലേക്ക് പോയപ്പോള്‍ അവള്‍ തന്ന ഉമ്മയെക്കുറിച്ചോര്‍ത്തു. വണ്ടി ഒന്നു പാളുകയും ഗവണ്മെന്റ് ആശുപത്രീല്‍ കുറച്ച് നാളത്തേക്ക് ബെഡ് കിട്ടുകേം ചെയ്തു. വീണപ്പോള്‍ ചുണ്ടു പൊട്ടീന്ന് മാത്രമല്ല ഒരു കൈ ചെറുതായി ഒടിയുകേം ചെയ്തു. അവള്‍ ഇന്ന് എവിടാണാവോ? പിന്നൊരുമ്മയ്ക്ക് അവസരം കിട്ടിയില്ല. അത് അവസാനവര്‍ഷത്തെ അവസാനത്തെ കാമ്പായിരുന്നു. കോളേജ് കഴിഞ്ഞതും അവളെ കെട്ടിച്ചുവിട്ടു. അവള്‍ക്ക് നല്ലത് വരട്ടെ. കണ്ടൊ അവന്‍ പറയണത് പോലെ അത്ര ലളിതം അല്ല ഉമ്മകള്‍.
ഓര്‍ത്തിരിക്കുന്ന വേറെ ചില ഉമ്മകളെപ്പറ്റിപ്പറയാം. മിക്കതും എന്നേം കൊണ്ട് ഒളിച്ചോടിയവള്‍ തന്നതോ അവള്‍ ചോദിച്ച് മേടിച്ചതോ ആണ്‌. ആദ്യത്തേത് ഒരല്‍ക്കുല്‍ത്ത് സാധനാണ്‌. ഞങ്ങള്‍ ആദ്യായി ഉമ്മ വച്ചതാണ്‌-അവള്‍ വേറാരെയെങ്കിലും ഉമ്മവച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ വളരെ പതുക്കെ, പേടീം ഉണ്ട്ന്ന് കൂട്ടിക്കോ അവളുടെ ചുണ്ടില്‍ ചുണ്ട് വച്ചു. പെട്ടെന്ന് പിന്‍‌വലിച്ചു. ഇങ്ങനാണോടാ ഉമ്മവയ്ക്കുന്നത്‌ന്നും ചോദിച്ച് അവള്‍ ഒരു പെരുത്ത ഉമ്മവച്ച് എന്റെ ചുണ്ടു പൊട്ടിച്ചു. സത്യത്തില്‍ അവള്‍ക്ക് നല്ല വാനാറ്റം ഉണ്ടായിരുന്നു. നല്ലത് തന്നെ കാമുകിയുടെ വാനാറ്റം നല്ലതാണല്ലോ? വാനാറ്റക്കാര്യം പുറത്തുപറയാന്‍ പറ്റ്വോ? പ്രേമം തീരില്ലേ?കാമുകിയുടേ വാനാറ്റം കാമുകന്‍ സഹിക്കേണ്ടാതാകുന്നു. തിരിച്ചും അങ്ങനെ തന്നെ. ആയതിനു വേണ്ടിയുള്ള ഒരിടപാടാണ്‌ പ്രേമികള്‍ക്കിടയിലെ ചുംബനം എന്ന് ഞാന്‍ പിന്നെ എന്നോട് പറഞ്ഞു. നൊക്കൂ അത്ര സുന്ദരം അല്ല ഈ ചുംബനം.

വേറൊരിക്കല്‍. അന്ന് ഞാന്‍ ആയുര്‍‌വ്വേദ മരുന്നു കഴിക്വാണ്‌. പഥ്യം ഉണ്ട്. ഒരു നൊനോണ്‍‌വെജ് കാലം. അവള്‍ ഒരുമ്മ തന്നു. ബീഫാണ്‌ കഴിച്ചിരിക്കണത് എന്ന് എനിക്ക് മനസ്സിലായി. ചുംബനം ഒരു നോണ്‍ വെജിറ്റേറിയന്‍ സാധനം ആണെന്ന്‌ അങ്ങിനുറപ്പിച്ചു. പോരാത്തതിനു ഉമ്മ വയ്ക്കുമ്പോള്‍ എന്തായാലും തുപ്പലം പറ്റും. saliva എന്നും ഉമിനീര്‍ എന്നുമൊക്കെ പറയണ ആ സാധനം തന്നാണിപറഞ്ഞതും. അതിന്റെ നാറ്റം അറിയത്തവര്‍ ഉണ്ടാകില്ല. സംശയം ഉണ്ടേല്‍ സ്വന്തം കയ്യില്‍ തുപ്പീട്ട് ഒന്നു മണത്തു നോക്ക്. ഇത് ദഹനത്തിന്‍ അത്യവശ്യം. കയ്യില്‍ തുപ്പുന്നതല്ല, തുപ്പലം അത്യാവശ്യം എന്ന്‌ പത്താംക്ലാസുവരെയുള്ള ബയോളജിപാഠം. മറ്റോരാളുടെ തുപ്പലം ദഹനതിനു നല്ലതാണോ എന്ന് ചോദിച്ചതിനു ചൂരപ്പഴവും തന്ന് ക്ലാസിനു പുറത്ത്‌ മുട്ടേല്‌ നിര്‍ത്തീതല്ലാതെ ഉത്തരം കിട്ടിയില്ല. പിന്നെ ഇമ്മാതിരി റിസ്കെടുത്ത് അത് അന്വേഷിച്ചും ഇല്ല. +2വിനു ഞാന്‍ ബയോളജി പഠിച്ചും ഇല്ല. ഈ തുപ്പലത്തെയാണ്‌ അമൃത് ന്നും ചുണ്ടിലൂറും തേന്‍ കണം എന്നുമൊക്കെ ചില വിദ്വാന്മാര്‍ വാഴ്തിയിട്ടുള്ളത്. അത്യാവശ്യത്തിലേറെ നാറ്റമുള്ള ഇതിനെ നമുക്കുപരിചയമില്ലാത്ത ഒരു വാക്കു വച്ച് അവന്‍ എഴുതിയാല്‍ ഞാന്‍ സമ്മതിക്കുന്നതെങ്ങനെ?
അവസാനമായി വേറെരു ചുംബനത്തെപ്പറ്റിക്കൂടിപ്പറയാം. ഇതിലും നായിക അവള്‍ തന്നാണ്‌. ഒരു ദിവസം നട്ടപ്പാതിരക്ക്‌ എന്നെ വിളിച്ചിട്ട് കാലത്ത് കാണണം എന്നു പറഞ്ഞു. കഷ്ടപ്പെട്ടെഴുന്നേറ്റ് ചെന്നു. ചെന്നപാടേ അവളൊരുമ്മ തന്നു. പിശാശ്‌മോറി പല്ലു തേച്ചിട്ടില്ലായിരുന്നു. തലേന്നവള് കഴിച്ച സര്‍‌വതിന്റേം വാട-അതിനെ രുചി എന്ന് എങ്ങനെ പറയും-കിട്ടി. ഒപ്പം എനിക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ഒരു ബ്രാന്റിന്റെ ചൊക്ലിമണോം. ഒറ്റക്ക് കുടിക്കുമ്പോള്‍ അവല്‍ക്ക് തോന്നിയതാണത്രേ പല്ലു തേക്കും മുന്‍പ് എനിക്കൊരുമ്മ തരണം എന്ന ആശയം. ഒരു കമ്പനിക്ക് നമ്മെ വിളിക്കണം എന്ന നല്ല ബുദ്ധി അതിനുണ്ടായില്ല. ഇത്തരം സാധനമാണ്‌ ഈ ചുംബനം എന്നു പറയുന്നത്. ഏത് വെജിറ്റേറിയനും കഴിക്കുന്ന തനി നോണ്‍‌വെജിറ്റേറിയന്‍ ഐറ്റം. ഇത്രമാത്രം അല്‍ക്കുല്‍ത്തുപിടിച്ച ഒന്നിനെയാണ്‌ അവന്‍ അമ്മാതിരി പറഞ്ഞത്. തുപ്പലം എന്ന വാക്ക് അറിയാവുന്ന ഞാന്‍ അവന്‍ പറയുന്ന ചുംബനമാഹാത്മ്യങ്ങള്‍ എങ്ങിനെ സമ്മതിക്കും.

Friday, May 4, 2012

മരത്തില്‍

ഇനിയും പേരില്ലാത്ത മരത്തില്‍
രണ്ട് ചില്ലയില്‍ നമ്മള്‍
രാവെഴുത്തുകള്‍
രണ്ടുരീതിയില്‍ വായിക്കുന്നു.

ഉറ്റൊരാളുടെ
സ്നിഗ്ദ്ധനിശ്വാസം പോലെ
കാറ്റുകള്‍ നിന്നെച്ചുറ്റി
ചില്ലകളിളക്കുന്നു.

മരത്തിന്‍ മീതെ
ശ്യാമമേഘങ്ങള്‍ മുരളുന്നു.
മനസ്സില്‍ പുരാതനം
വേനല്‍ നിന്നെരിയുന്നു.
വിഭ്രാന്തമെന്‍ വാക്കുകള്‍
ശാഖകള്‍ തിരയുന്നു
ഉലയാശ്ശാഖി നീ
അവയ്ക്ക് കൂടേകുന്നു.

അറിയാത്തൊരാളുടെ
കണ്ണീരിന്‍ തുടര്‍ച്ചയായ്
മഴയെത്തുന്നൂ
നമ്മള്‍ മരം വിട്ടിറങ്ങുന്നു.

നിസ്സംഗമുടലിനെ
രാവിനു കൊടുത്തു ഞാന്‍
ഇത്തിരി ബോധത്തിലെ
വഴിവിന്യസിക്കുന്നു.
ഉള്ളിലുന്മാദക്കാട്ടില്‍
ഉമ്മകളായീ മഴ.

രാമഴയ്ക്കറിയാത്ത
വേവലാതികളുണ്ട്
വേനലിന്നുള്ളിലെന്ന്
മിന്നലില്‍ ആരോ.
പെട്ടെന്നുപ്പു നീറുന്നൂ ചുണ്ടില്‍.

ഉള്‍മരം തോരുന്നില്ല
രണ്ടു ചില്ലയില്‍ നമ്മള്‍
നനഞ്ഞു തീരുന്നില്ല.

Friday, March 30, 2012

കൂടൊരുക്കുന്ന രണ്ടുപേര്‍

കൂടെവന്ന വീടിനെ
കുടിയിറക്കാനാകണം
ഞാനെന്ന ഒച്ചുജന്മം
നിന്നെത്തിരയുന്നത്.

സചിത്രച്ചുമരുകളുടെ
ചതുരചാരുതയേ വീടെന്ന്
നിനക്കനുഭവം.
ആകയാല്‍
വീടുവിട്ടവളെന്നും
വീടിനെവിട്ടവളന്നെന്നും
വിലാസം,
വിരുദ്ധോക്തികളില്‍
വിചിത്രാത്മഭാഷണം.

ഉള്ളാഴത്തില്‍
ഉണക്കു തട്ടാതെ
കൂട്ടെന്ന ജൈവം
കൂടൊരുക്കുന്നെന്ന്
കൈമാറാത്ത വാക്കില്‍
നമുക്ക് പൂങ്കുല.

ചുണ്ടോളമെത്തിയിട്ട്
ചുബിക്കാതെ പിരിയുമ്പോള്‍
കാടാകാതെ
കടപുഴകുന്ന മരത്തില്‍
നമുക്ക് കൂട്.
ചുവരുകളില്ലാത്തതും
ശലഭച്ചിറകുള്ളതും.

Sunday, March 18, 2012

തൊറന്ന്

എന്റെ സ്വാര്‍‌ത്ഥതകളിലേക്ക്
നിന്റെ പേരുകൂടിച്ചേര്‍ക്കുന്നു
നേരായും ഈ പ്രണയം.
അങ്ങനല്ലെന്നുറപ്പിക്കാന്‍
ഇല്ല തെളിവ് പെണ്ണേ.

പാവനമെന്ന പൊളിവാക്കുകൊണ്ട്
അത്രമേല്‍ സ്നാനപ്പെടുത്തിയിട്ടും
വിട്ടുപോകുന്നില്ല
എന്റെ എന്റെ എന്ന കറകള്‍.
അതുകൊണ്ടു തന്നെ
നിനക്കു തന്ന ചിരിയിലെ
നിറമുള്ള നുണകള്‍
നീയുമറിയാത്ത
സ്വകാര്യപ്പകര്‍‌ച്ച
നീരവത്തുടര്‍ച്ച.

എന്റേതെന്റേതെന്ന
കരിവാളിപ്പിലന്യെ
നിനക്ക് കൈവരാത്ത
അഴകിതല്ലാതെ
വേറെന്തിതെന്ന്
ഈ വേവലാതിയെന്ന്
ഉള്ളിടത്തിലൊരുവന്‍
ഉരുവിടുന്നുറക്കെ.

Sunday, February 19, 2012

സ്വാര്‍ത്ഥം അര്‍ത്ഥം

എനിക്കുവേണ്ടിയാണ്‌
ഞാനെഴുതുന്നത്.
നിനക്കെഴുതിയ കത്തുകള്‍ പോലും
അങ്ങനായിരുന്നല്ലോ.
അല്ലെങ്കിലും
സ്വാര്‍‌ത്ഥതയ്ക്കുമേലെഴുതിയ
അപരവിലാസമാണല്ലോ കത്തുകള്‍.

ഒറ്റവാക്കിനു തികഞ്ഞില്ല
പേരുമയേറ്റ ശബ്ദതാരാവലി.
അങ്ങനെഴുതിയിട്ടും
നിനക്കത് തിരിഞ്ഞെന്നോ!
അടയാളങ്ങളില്‍
അര്‍‌ത്ഥം കുഴങ്ങിയില്ലെന്നോ!
കാടകത്തെ കുഴക്കുന്ന വഴികളില്‍
പല നിഴല്‍വിരല്‍ ദിശാസൂചികളിലെന്ന പോല്‍
നിഖണ്ടുവില്‍ നിലതെറ്റിപ്പോയി.
അന്നുപേക്ഷിച്ച പുസ്തകം
നീ വാങ്ങിയെന്നറിഞ്ഞു.
മനസ്സിലാകുന്നെന്നു
ഇനിയരുത് കളവ്
കാരണം
പട്ടികുരച്ചാല്‍ ഓടരുതെന്നും
ഇനി നിന്റെ ചിരി നോക്കിനിക്കരുതെന്നും
പറഞ്ഞുതന്നത്
ശബ്ദതാരാവലിയല്ലല്ലോ.

പരാവര്‍ത്തനത്തിനു
പാഠമാകാന്‍ വയ്യാത്തതുകൊണ്ട്
എഴുത്ത് നിര്‍ത്തിയപ്പോള്‍
അര്‍ത്ഥം സ്വാര്‍ത്ഥത്തിന്റെ പര്യായമെന്നു
ഉള്ളിലാരോ വിപര്യയം ചൊന്നു.

Friday, January 6, 2012

നാവ് കാത് നമ്മള്‌

അന്ന്
നീ കാതുമാത്രമായിരുന്നു.
ഞാന്‍ നാവും.
പിന്നെ
നിന്റെ നാവില്‍
വിലങ്ങുവീഴുന്നതിന്‌ തൊട്ടു മുമ്പ്
എനിക്ക് കാതുമുളച്ചു.
പതംപറയാതെ
പലതും പറയാതെ
എന്റെ
കേള്‍‌‌വ്വിക്കയങ്ങളില്‍
നൊമ്പരം നട്ടു നീ.

ഓര്‍ക്കുമ്പോള്‍
നീ എന്നും അങ്ങിനായിരുന്നു.
അപരസാനിധ്യത്തില്‍
വിലങ്ങുവീഴുന്ന ഒരു നാവ്.

എന്നേക്കുമായി
നിന്റെ നാവില്‍ വിലങ്ങു വീണതും
എന്റെ കാതുകള്‍ക്ക് പ്രായപൂര്‍ത്തിയായതും
ഒന്നിച്ചായിരുന്നു.

ഇന്ന്
പറയാത്തതിന്റെ മുനയില്‍
കാതുകളും
പറഞ്ഞതില്‍ നാവും
കോര്‍ക്കപ്പെട്ടിരിക്കുന്നു.

ഞാനിനി രണ്ട് കാതുകള്‍ മാത്രം
ഓര്‍മ്മകളുടെ മൂര്‍ച്ചയില്‍ മുറിയാതിരിക്കാന്‍
പൊത്തിയ രണ്ടു കാതുകള്‍.

2008-11

Tuesday, November 15, 2011

സമ്മതിച്ചൊ?

നീ വിളിച്ചാലും
ഫോണെടുക്കാതിരിക്കാന്‍
(എങ്ങാനും)കല്യാണം കഴിഞ്ഞാലും
പ്രൊഫൈല്‍പ്പടം സിംഗിള്‌ വയ്ക്കാന്‍
കെട്ട്യോളെ കെട്ടിപ്പിടിയ്ക്കണ ഫോട്ടൊ
വിളമ്പാതിരിക്കാന്‍
തോന്ന്യ സുന്ദരിമാരുടെ ഫോട്ടോക്ക് ലൈക്കടിക്കാന്‍
ചുമ്മാതൊരു തോന്നലിന്‌
ബാറിലേക്ക് ഒറ്റക്ക് പോകാന്‍
എല്ലാരും ഉറങ്ങീട്ട് വീട്ടീക്കേറാന്‍
ഇത്രേമൊക്കെ സമ്മതിക്കൂങ്കി
പെണ്ണേ നിന്നെക്കെട്ടാം.
അല്ലേല്‌
നീ എന്നെ കെട്ടിക്കോ.
ഇത്രേമൊക്കെ ഞാനും സമ്മതിക്കാം.

പിന്നെ
മഴ നനഞ്ഞ്
ഞാനമ്മച്ചീടടുത്തേക്ക് പോയെന്നു വരും
അതിനെന്തോന്നനുവാദം? ല്ലേ!

ജീവിതം
കുറച്ചു കാലത്തേക്കുള്ള
ഒരു വെളിച്ചപ്പെടല്‍ ആയതുകൊണ്ട്
ഉപാധികളാല്‍ ആധികൂട്ടാന്‍
വരില്ലെന്ന്, നിന്നുതരില്ലെന്ന്.

അല്ലാതൊരുറപ്പും തരാനില്ലെന്ന്.






Wednesday, October 12, 2011

വിലാസമില്ലാത്തവള്‍ക്ക്

എന്റെ നിനക്ക്
എന്തുകൊണ്ടൊക്കെയോ
എനിക്കെത്താവുന്ന വിലാസമില്ല.
മണ്ണിലെ നിനക്ക്
മറ്റൊരുവന്റെ വിലാസം
മരിക്കുവോളം
അതിലേക്കെഴുതുന്നതെങ്ങിനെ?

മറവിയില്ലാത്തതിനാല്‍
ഉള്ളില്‍ ചുരമാന്തും
മെരുങ്ങാമൃഗത്തെ
തുടലിമുള്ളുകെട്ടി
തടുത്ത് തോറ്റോളേ
മഴക്കാടിന്റെ
ഘനശ്യാമഹരിതം
ഗൂഢമുള്ളിലുള്ളോളേ
ആ നിന്റെ പേര്‌
എടുത്തുപോയതാര്‌?

വേരുറപ്പിച്ചു നിന്നു
വെയിലേല്‍ക്കുന്ന വൃക്ഷം
ഉള്ളിലുള്ള നിനക്ക്
വനമന്യെ വിലാസമെന്തുണ്ട്?

കാടും കറുപ്പും
ചുട്ടുതിന്ന നാട്ടില്‍
വേരില്ലാത്തവര്‍ക്ക്
പേരേറും നാട്ടില്‍
ഉള്ളില്‍ മൃഗമുള്ള
നിന്റെ വിലാസത്തില്‍
കാടിനുള്ളില്‍ വന്നു
കത്തുതരാനാര്‌?

മണ്ണിലെ നിനക്ക്
മറ്റൊരു വിലാസത്തില്‍
ആരെഴുതിയാലും
ഞാനെഴുതിയാലും
മടക്കിയയച്ച്,
മെരുങ്ങാമൃഗത്തെ
മുള്ളൊഴിച്ച് വിട്ട്,
സ്വന്തം വിലാസം
തിരിച്ചെടുക്കുമ്പോള്‍
നിനക്ക് മാത്രം
വായിച്ചെടുക്കാന്‍
ചതിച്ചിതലുകേറാത്തിടഞ്ഞ്
കരുതിവയ്ക്കുട്ടെ
കയ്യക്ഷരം ഞാന്‍.

Thursday, October 6, 2011

അരങ്ങൊരുക്കുന്നവര്‍, നടത്തിപ്പുകാര്‍ പിന്നെ അരങ്ങും

അരങ്ങൊരുക്കുന്നവരെന്നും നടത്തിപ്പുകാരെന്നും സംഘാടകര്‍ രണ്ടുതരമുണ്ട്. നന്ദിപ്രമേയത്തില്‍ ചേര്‍ക്കപ്പെടാതെ പോകുന്ന പേരുകളായി അരങ്ങൊരുക്കുന്നവര്‍ കാണപ്പെടും. അഭിനന്ദന പ്രസംഗങ്ങളില്‍ അവര്‍ വിസ്മരിക്കപ്പെടും. അവര്‍ ഉണ്ടായിരുന്നു എന്നതിനു പ്രത്യക്ഷം കുറവായിരിക്കും. വെളിച്ചമില്ലാത്തിടങ്ങളിലും അവര്‍ വേല ചെയ്യും. തിരശ്ശീലയുയരുന്നതിനു മുന്നും താഴ്ന്നതിനു ശേഷവും അവര്‍ വേദിയിലുണ്ടാകും. അരങ്ങിനെ സാദ്ധ്യമാക്കിയ ആര്‍ജ്ജവം അവരുടേതായിരിക്കും. അടുപ്പുപൂട്ടുന്നിടന്ന് വിറകായും വാര്‍പ്പ് കഴുകുന്നിടത്ത് കരിയായും അവരുണ്ടാകും. അവരെ ഓര്‍ക്കുന്നവര്‍ കുറവെന്നപോലെ അവരെച്ചൊല്ലി പരാതികളും കുറവായിരിക്കും. അവരൊരുക്കിയ അരങ്ങത്ത് ആടിയവര്‍ വാഴ്തപ്പെടും. ആ വേദിയേലേക്ക് തുറന്ന വഴികള്‍ മാത്രം. അരങ്ങിലേക്ക് അകലം ഇത്ര കുറവെന്ന് കണ്ട് നമ്മള്‍ ആഹ്ലാദിക്കും. ആയതിനാല്‍തന്നെ അവിടേക്ക് എത്തിപ്പെടാനാകാത്തവര്‍ ചുരുക്കമായിരിക്കും. വരാനാകാത്തവരുടേതും, അങ്ങനുള്ളവരെ ഓര്‍ത്തുള്ളതുമായ വിഷമങ്ങളും കുറവായിരിക്കും.

അരങ്ങൊരുക്കുന്നവര്‍ നിലാവിലെ നിഴലുകള്‍ പോലാണ്‌. ആരെയും അലോസരപ്പെടുത്താതെ സ്വന്തം വേഷമാടി അവര്‍ മാഞ്ഞുപോകും. അരങ്ങിന്റെ പൊലിമയിലും വിളമ്പുന്നതിന്റെ സമൃദ്ധിയിലും അകന്നു നിന്ന്‌ അവര്‍ ആഹ്ലാദിക്കും. തുടര്‍ന്ന് അഭിനന്ദനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആഘോഷത്തിന്റെ അവശിഷ്ടങ്ങള്‍ വെടിപ്പാക്കുന്നതിലേക്ക് പിന്മാറും. എന്നിട്ടും ആരുടെയൊക്കെയോ ഓര്‍മ്മകളില്‍ ഹരിതകമായി അവര്‍ അടയാളപ്പെടും. ചെറുതെങ്കിലും തെളിച്ചമുള്ള ആ ഇത്തിരി മുദ്രകളില്‍ അവര്‍ അനശ്വരരാകും. സാകല്യത്തിന്റെ സൗകുമാര്യങ്ങള്‍ അവര്‍ക്ക് ശോഭപകരും.



നടത്തിപ്പുകാര്‍ എങ്ങും നിറഞ്ഞു നില്‍ക്കും. നന്ദിപ്രമേയം അവര്‍ക്കായുള്ളതായിരിക്കും. അഭിനന്ദനങ്ങളില്‍ അവരുടെ പേരുകള്‍ക്ക് മുഴക്കം കൂടുതലും ആഴം കുറവുമായിരികും. വേദിയില്‍ അവരില്ലാതിരിക്കുന്നേയില്ല. നിര്‍ദ്ദേശങ്ങളായി അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വെളിച്ചത്ത് മാത്രം വരത്തക്കവിധം നടത്തിപ്പുകാര്‍ തിരക്കിലായിരിക്കും. ഭൂരിഭാഗവും അവരെ ഓര്‍ക്കും. അപ്പോഴും അരങ്ങിന്റെ അരികുകകളില്‍ അവരെച്ചൊല്ലി പരാതികള്‍ പെരുകുന്നുണ്ടാകും. നടത്തിപ്പുകാരോടൊപ്പമല്ലാതെ ആടിയവര്‍ അറിയപ്പെടുകയില്ല. കൂടുതല്‍ വേഷക്കാരുടെ അഭിരുചികളൂം അത്തരം അറിയപ്പെടലുകളില്‍ തഴയ്ക്കത്തക്കതായിരിക്കും.

നടത്തിപ്പുകാരൊരുക്കുന്ന വേദിയിലേക്ക് ഇടുങ്ങിയ പല വഴികളുണ്ടാകും. ഒരേ അരങ്ങിലേക്ക് ഒരുപാട് വഴികള്‍ കണ്ട് നമ്മള്‍ അമ്പരക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായുള്ള ആ അരങ്ങ്‌ നമ്മെ ചൊടിപ്പിക്കും. ഉള്‍ക്കനമില്ലാത്ത ഉപാധികള്‍ ദേഷ്യത്തിന്റെ ചൊറിയണം വളര്‍ത്തും. അടച്ച വഴികള്‍ അരങ്ങിലേക്കുള്ള അകലം കാട്ടി നമ്മെ മടുപ്പിക്കും. അവിടേക്ക് എത്താത്തവര്‍ ഏറെയായിരിക്കും. ആയതിനാല്‍ വരാത്തവരെ ഓര്‍ത്ത് വിഷമങ്ങളും വന്നവരോട് പരാതിയും പെരുകും. വന്നവരേക്കാള്‍ വരാത്തവര്‍ ഓര്‍മ്മിക്കപ്പെടും.

നടത്തിപ്പുകാര്‍ അലോസരങ്ങളില്‍ തെളിഞ്ഞു നില്‍ക്കും. അവര്‍ അവരുടെ മാത്രം ഓര്‍മ്മകള്‍ക്ക് ഇന്ധനമാകുകയും അതില്‍ മാത്രം അനശ്വരരാകുകയും ചെയ്യും. സാകല്യത്തിന്റെ സൗകുമാര്യം അവര്‍ക്ക് അന്യമായിരിക്കും.

Tuesday, August 2, 2011

സന്ദിഗ്ദ്ധം

അളിയാ
 
മൊബൈല് പോയി. പാന്റിനോടൊപ്പം സോപ്പ് വെള്ളത്തില്‍ കിടന്നു അതും കുതിര്‍ന്നു.
നോക്കിയോയെ നന്നായി നോക്കണം എന്ന് നീ പറയാറുള്ളാത് ശര്യാടാ.
ഒന്നലക്കിയെടുത്തപ്പോഴേക്കും അത് പോയി. പിന്നെ, ഉണ്ടായിരുന്ന പണീം പോയി. 
ആ മറ്റവന്മാര്‍ ശമ്പളം മൊത്തം തന്നില്ല.എന്തൊക്കെയോ കണക്ക് പറഞ്ഞ് കുറച്ച് പൈസ 
തന്നു പറഞ്ഞു വിട്ടു.പണിപോയല്ലോ എന്ന സന്തോഷത്തില്‍ ഒറ്റരാത്രി കറങ്ങിയപ്പൊഴേക്കും
അതും തീര്‍ന്നു. തല്‍ക്കാലം ഞാന്‍ റ്റ്യൂഷന്‍ പഠിപ്പിക്കാന്‍ ചേര്‍ന്നു.
കാലത്തും വൈകുന്നേരവും ആയി മൊത്തം ആറുമണീക്കൂര്‍.പറഞ്ഞത് കിട്ട്യാല്‌ കഷ്ടി ഒരഞ്ചര 
ഒക്കും.മുടിഞ്ഞ ഫീസാണ്‌ ഇവന്മാര്‍ പിള്ളേരുടേ കൈയ്യില്‍ നിന്നും വാങ്ങുന്നത്.  

ഫോണ്‍ പോയതും പണിപോയതും ഒന്നുമല്ല പ്രശ്നം.കാര്യങ്ങളൊക്കെ കൈ വിട്ടുപോയി. 
ഫോണ്‍ പോയതുകൊണ്ട് നിന്നെ അറിയിക്കാന്‍ പറ്റിയില്ല.
അവള്‍ക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നു നിന്നോട് പറഞ്ഞിരുന്നില്ലേ.
അതിലൊരെണ്ണംകേറി മൂത്തു.പെണ്ണുപാക്കാന്‍ വന്ന ഒരുത്തന് അവളെ മതീന്ന്.
ഇവള്‍ ഇത്രേം സുന്ദരിയാണെന്ന് എനിക്ക് പോലും തോന്നിയിട്ടില്ല. 
അവന്‍ എന്ത് കണ്ടിട്ടാണാവോ? 
ഒന്നും വേണ്ടാന്ന് ആ മറ്റവന്‍ പറഞ്ഞിട്ടും അവടപ്പന്‍ പൊന്നില്‍ പൊതിഞ്ഞു വിട്ടേക്കാം 
എന്ന്‌ വീരവാദവും വിട്ടിട്ടുണ്ട്.മിനിഞ്ഞാന്നാണ്‌ അവളിത് വിളിച്ച് പറഞ്ഞത്.
അവളോട് ആ മണകൊണാപ്പന്റെ കൂടെപൊയ്ക്കോന്ന് പറഞ്ഞതാ.
പെണ്ണ് സമ്മതിച്ചില്ല.ഇപ്രാവശ്യം കെട്ട് നടക്കും എന്ന് ഉറപ്പാണെന്നും പറഞ്ഞാണ്‌ 
അവള്‍ ഫോണ്‍ വച്ചത്.
നീ പണ്ട് പറഞ്ഞില്ലേ അവള്‍ നല്ല കുട്ടിയാണ്‌.ധീരയാണ്‌.
പ്രായോഗികബുദ്ധിമതിയാണ്‌ ആനയാണ്‌ ചേനയാണ്‌ മാങ്ങാത്തൊലിയാണ്‌ എന്നൊക്കെ.
ഒക്കെ ശര്യാടാ.ഞാന്‍ നോക്കിയ വെള്ളത്തിലിടും മുന്നെ, അതായത്‌ ഇന്നലെ, 
അവള്‌ പിന്നേം വിളിച്ചു.വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ കുറച്ച് ചൂടായി.
പുതിയ ജോലീടെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. മനുഷേന് ടച്ചിംങ്സിനു ഇത്തിരി അച്ചാറ് വാങ്ങാന്‍ പോലും കാശില്ല. 
അപ്പോഴാണ്‌ അവള്‍ക്ക് കല്യാണം.കുറേ അങ്ങ് പറഞ്ഞു.
എല്ലാം കേട്ടിട്ട് ചത്തുകളയുംന്നോ മറ്റോ പറയുംന്നാണ്‌ കരുതീത്.  
പിശാശ് പറഞ്ഞത് കൊന്നും കളയുംന്നാണ്‌!!
പണ്ടൊരാവേശത്തില്‌ നീ പെങ്ങളായി ദത്തെടുത്തതല്ലേ അവളെ. 
എന്റളിയോ, നിന്റെ പെങ്ങള്‌ ഒരുണ്ണിയാര്‍ച്ചയാണെന്നറിയാര്‍ന്നു.ഇത്രേം പ്രതീക്ഷിച്ചില്ല.  
അവള്‌ സ്കൂളീന്ന് രണ്ട് മാസത്തേക്ക് അവധി കഴിഞ്ഞാഴ്ചയേ പറഞ്ഞ് വച്ചു. 
നാളേ ബാംഗ്ലൂര്‍ക്ക് പോകണം എന്നാണ്‌ പറഞ്ഞിരിക്കുന്നത്. 
നീ പറഞ്ഞില്ലേ അവള്‍ക്ക് നല്ല ബുദ്ധിയാണേന്ന്.അക്കാര്യത്തില്‍ സംശയം ഇല്ല.
അതുകൊണ്ട് റിസര്‍‌വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ്‌ 
അവളുടെ അഭിപ്രായം. തല്‍ക്കാലം നാട്ടീന്നു പോകണം. 
ബാഗ്ലൂരില്‍ നിന്നും വേറെ എങ്ങോട്ടെങ്കിലും.അങ്ങനെ ഒരു രണ്ടാഴ്ചതെ ഭാരതപര്യടനം. 
പിന്നെ വേറൊരുത്തനും അവളേ കെട്ടാന്‍ വരില്ലെന്ന്.
കെട്ടിക്കാന്‍ വീട്ടുകാരും വരില്ലെന്ന്. എങ്ങനുണ്ട് ആശയം?
ഒരു താലി വാങ്ങി. ഞാനല്ല അവള്‌ തന്നെ.നമ്മളെക്കൊണ്ട് കെട്ടിക്കും എന്നു കരുതി. 
തഥൈവ.അതവള്‍ക്ക് ഉണ്ടായിരുന്ന മാലയില്‍ കോര്‍ത്ത്‌ അവള് സ്വയം കെട്ടി. 
കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തിയതിനു ശേഷം താലി കെട്ടിയത് കാണിക്കാന്‍ 
ഇന്നലെ അവള്‍ വന്നിരുന്നു. നാളെ കാലത്ത് പോകണം എന്നും പറഞ്ഞു.
അവളെക്കണ്ട് അസ്ഥിക്ക് പിടിച്ചവനലില്ലേ, അവനോട് ഇവള്‌ മര്യാദക്ക് പറഞ്ഞതാ 
കെട്ടാന്‍ അവനെ മനസ്സിലെന്ന്.ക്ണാപ്പന് ഇവളേ മതീന്നു.
ഇപ്പോ നമ്മക്ക് പണിയാക്കി.കല്യാണം ഉടനെ വേണ്ടാന്ന് പറഞ്ഞപ്പോ 
പുന്നാര മോളേ ഇപ്പൊത്തന്നെ കെട്ടിക്കൂന്ന്‌ അവടപ്പനും വാശ്യാണത്രെ. 
എന്നാ ഇപ്പോതന്നെ കെട്ടൂന്ന് അവക്കും വാശി.
എന്റളിയാ അങ്ങനെ എല്ലാരുടേം വാശിക്ക് നമ്മള്‍ 
നാളെ റിസര്‍‌വേഷന്‍ ഇല്ലാതെ ഭാരതപര്യടനത്തിനുപോകുന്നു.
അല്ല നമ്മളെ കൊണ്ടുപോകുന്നു.കൊറേ യാത്രപോകണം എന്നു പണ്ട് ഞാന്‍ ആഗ്രഹം 
പറയാറില്ലേ അതെന്തായാലും  സംഭവിക്കുന്നു. 
പ്രണയം ഇത്രയും അപകടം പിടിച്ച് ഒരു യാത്രയായിരിക്കുമെന്ന് പൊന്നളിയാ, ബുദ്ധിജീവീ, 
നിനക്കന്നേ പറയാന്‍ മേലായിരുന്നോ? 

എന്തായാലും കയ്യില്‍ കാശില്ലാത്തതുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഡയറിയില്‍ നീ 
സൂക്ഷിച്ച് വച്ചിരുന്ന തിളക്കമുള്ള അഞ്ഞൂറു രൂപ ഞാന്‍ എടുക്കുന്നു.
ഇന്നലെ കഴുകിയിട്ടതൊന്നും ഉണങ്ങിയില്ല.അതുകൊണ്ട് നിന്റെ ജീന്‍സില്ലേ, 
കഴിഞ്ഞാഴ്ച വാങ്ങിച്ചത്,അത് ഞാന്‍എടുത്തൂട്ടോ.
ബെല്‍റ്റ് എനിക്കുണ്ട്.പിന്നെ രണ്ട് ഷര്‍ട്ടും.പുതിയ ഷര്‍ട്ട് വാങ്ങാനിരുന്നപ്പോഴാ ശമ്പളം 
മൊത്തം തരാതെ അവന്മാര്‍ പറഞ്ഞു വിട്ടത്.
ഡാ വാടകകൊടുക്കാന്‍ നീ തന്ന കാശ് കൊടുക്കാന്‍ പറ്റിയില്ല.
ഓണറ്‌ വരാന്‍ വൈകി. നീ പോയതോടേ പൈസക്ക് ഭയങ്കര ചിലവായിരുന്നു.
പിന്നെ, എന്നെ ഒരുത്തി തട്ടിക്കൊണ്ടുപോയി എന്ന് അമ്മയെ വിളിച്ച് പറയരുത്. 
വേറെന്തെങ്കിലും നുണ പറഞ്ഞാ മതി. രണ്ടുമാസത്തേക്ക് എന്നെ നോക്കണ്ടാ. 
ഇപ്പോ ഞാന്‍ അമ്മേനെ വിളിച്ചാ ശര്യാകില്ല.അവളെക്കൊണ്ട് വിളിപ്പിച്ചോളാം.  

കൊല്ലൂന്നൊക്കെ പറഞ്ഞെങ്കിലും പോകാന്‍ നേരത്ത് അവളെന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മതന്നു. 
ഇത്രേം കാലം ചോദിച്ചിട്ട് അവള്‍ക്ക് ഉമ്മ തരാന്‍ കണ്ട സമയം.
ഞാന്‍ പല്ലുപോലും തേച്ചില്ലായിരുന്നു.
ഗേറ്റീന്നെറങ്ങിയപ്പോ പതിവില്ലാതെ കൈ പിടിച്ചിട്ട് കണ്ണിലോട്ട് നോക്കി ഒരു ചിരീം. 
എന്നിട്ടാണ്‌ പോയത്. 
എന്നാപിന്നെ ഇതിന്റെ പിന്നാലെതന്നെ പോയേക്കാം എന്ന്‌ എനിക്കും തോന്നി. 
ഇത് ഞാന്‍ നാളെ പോകണ 
വഴിക്ക് എവിടുന്നെങ്കിലും പോസ്റ്റ് ചെയ്യും. സ്പീഡ്പോസ്റ്റിട്ടോളാം. 

രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കുമ്പോഴൊക്കെ നീ ചോദിക്കാറില്ലേ നമുക്കിടയില്‍ എന്നാ 
കോപ്പാ ഒള്ളേന്ന്.ഇപ്പോ, ഒരു പാന്റും രണ്ട് ഷര്‍ട്ടും അഞ്ഞൂറു രൂപയും പോസ്റ്റുചെയ്യാന്‍ 
പോകണ ഈ കത്തും ഉണ്ട്. 
ഈ കടം വീട്ടാന്‍ എന്റെ ആദ്യത്തെ കുട്ടിക്ക് നിന്റെ പേരിടണം എന്നൊന്നും പറഞ്ഞേക്കരുത്. 
അതോണ്ട് അളീയാ നാളേ പോകണ പോക്കില്‌ അവള്‍ടെ ഫോണീന്ന് വിളീക്കാം. 
നമുക്കിടയില്‍ ഇത്രേമൊക്കെ ഉണ്ട്. 
ഇനി എനിക്കും അവള്‍ക്കുമിടയില്‍ എന്തോക്കെയാണാവോ ഉള്ളത്? 
പൊന്നളിയാ നിനക്ക് ഉത്തരം വല്ലതും തോന്നിയാല്‍ എഴുതി വച്ചേരെ. 
യാത്ര കഴിഞ്ഞിട്ട് ഞാന്‍ ബാക്കി ഉണ്ടേങ്കില്‍ വായിച്ചോളാം.

എന്ന്  
സ്വന്തം  
കൂട്ടുകാരന്‍
 

Sunday, July 31, 2011

ആ വാക്ക് എവിടെയാണ്‌?

ആ വാക്ക് എവിടെയാണ്‌?
പോകാന്‍ ഇടമില്ലാത്തവന്റെ
ഒടുക്കത്തെ ആശ്രയമായ ആ വാക്ക്
അതെവിടെയാണ്‌?

ഇത്തിരി മുമ്പടക്കിയ
സൗഹൃദത്തിന്റെ
ഹൃദയത്തില്‍ പെട്ടുപോയിരിക്കുമോ?
മേലേക്കുമേലേക്കുപോയ മഴയത്ത്
ഒലിച്ചുപോയിരിക്കുമോ?
പറയാതെ പോയ അവള്‍
കൊണ്ടുപോയിരിക്കുമോ?
ജീവിതത്തിന്റെ പ്രകടനപ്പട്ടികയില്‍
ചേര്‍ക്കാന്‍ വിട്ടുപോയിരിക്കുമോ?
ഭവിക്കാത്തനുഭവങ്ങളില്‍
അത് ഭദ്രതതേടിയതാകുമോ?
നിലവിളിയിലേക്ക് നിലച്ച സഞ്ചാരങ്ങളില്‍
കുരിശ്ശേറ്റിയത് അതിനെയാകുമോ?

പോയ വണ്ടിക്ക് നീട്ടിയ
കൈയ്യില്‍ രേഖകളില്ലല്ലോ
നില്പ് നിരത്തിലാണല്ലോ
നിന്നിലേക്ക് ഞാന്‍ തെളിയുന്നില്ലല്ലോ

ഒടുക്കത്തെ ഇടമായ വാക്കേ
നീ എവിടെയാണ്‌?

Saturday, July 2, 2011

മിത്രമേ നിന്നോട്

മിത്രമേ
ഈ വഴിയോര സത്രത്തില്‍
ബാക്കി എത്ര നാള്‍.
മുറിഞ്ഞവാക്കുകൊണ്ടളക്കാനോങ്ങുമ്പോള്‍
മരിച്ചമൊഴിയുടെമുറിയില്‍ നാമെന്ന്‌
തിരിച്ചറിവുള്ളില്‍ തലയുയുര്‍ത്തുന്നു.

നിനക്കറിയില്ലേ
വീണോരെ നോക്കാതെ
നടന്ന്‌ പോന്നപ്പോള്‍
മനപ്പൂര്‍‌വ്വം എന്റെ പ്രണയും
മറന്നു വച്ചെന്ന്. വഴിയില്‍ വയ്ചെന്ന്.

പൊതിച്ചോറുംകെട്ടി വിളിച്ച പെങ്ങള്‍
വാട്ടയിലപോലായെന്ന്
അമ്മയെരിഞ്ഞു തീര്‍ന്നെന്ന്
വേനക്കുരുള്‍പൊട്ടി വീടൊലിച്ചു പോയെന്ന്
ഇനിയും വായിക്കാത്ത
ഗൗനിക്കാത്ത വാര്‍ത്തകളാണെന്ന്
നിനക്കു തോന്നുന്നോ.

ഒടുക്കത്തെ ഏറ്റുപറച്ചിലിന്ന്
വരുമെന്നോര്‍ത്തോ നീ?
നിനക്കിനിയും
ഈ എന്നെ അറിയില്ലെന്നോര്‍ത്ത്
ചിരിക്കട്ടേ, ഒറ്റിക്കൊടുത്തു നിന്നെ ഞാന്‍.
അതിനാല്‍ മിത്രമേ
ഇനി എത്ര ബാക്കി?

Tuesday, May 31, 2011

നടപ്പ്

വെയില്‌ മോന്തി
വലുതായ നിഴലുകള്‍
കാലുറയ്ക്കാതെ
വഴിയ്ക്ക് വീഴുന്നു.
വീട് നീയും പടിഞ്ഞാറ് പണികയാല്‍
വീഴ്ചയില്‍ കാലുകള്‍ വിശ്രമിക്കുന്നു.

വാരഫലം സമാഗമം നേരുന്നു
രാശിനാഥന്‍ സഹയാത്രികനാകുന്നു
പാര്‍പ്പ് നീ പടിഞ്ഞാറ് തുടരുന്നു.

എന്ത് മോന്തിപ്പെരുത്ത നിഴല്‍ ഞാനെന്ന്
വെളിവ് പോരാതെ
വീടെത്താതെ
പതിവു പോലെ പരതിത്തളരുന്നു..
വെട്ടം വീണപ്പോള്‍
വീണ്ടും
വീണിടത്തൂന്ന് യാത്ര തുടരുന്നു.

വെള്ളം വരാത്ത പൈപ്പിന്‌
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.

പുഴയെത്താത്ത പടിഞ്ഞാറ്
പുരവച്ചോളേ
പാതിക്ക് വീഴണ തീരാപ്പതിവിന്‌
പോം‌വഴിയൊന്ന് പറഞ്ഞു തരാമോ?


Saturday, May 21, 2011

പ്രവാസത്തെക്കുറിച്ച് രണ്ട് കുറിപ്പുകള്‍

പരിണാമം

കടത്തില്‍ മുങ്ങി
മണലാറ്റില്‍ പൊങ്ങി
തിളച്ച രാവില്‍ പകച്ചുറങ്ങി.
തനിച്ചിരിക്കെ, തിരിച്ചുചെല്ലുന്ന
തിളക്കമോര്‍ത്തേറെ ചിരിച്ചുപോയി.
കര്‍ക്കടങ്ങളൊത്തിരി കഴിഞ്ഞുപോയി.
തലയിയ്ക്കുമേല്‍ മരു പടര്‍ന്നുകേറി.
മടങ്ങിയെത്തി ചിരിക്കുന്നൂ പുര
കടല്‍ കടന്നതിന്‍ മധുരം, പെട്ടെന്ന്
മടക്കമെന്ന്, ആരോതൊടുത്തചോദ്യത്തില്‍
പൊടുന്നനെ ഞാ​ന്‍ പ്രവാസിയായി.

കൊതിച്ചതും വിധിച്ചതും.
കൊതിച്ചത്
പെങ്ങളുടെ പുനരധിവാസം.
മഴഭയക്കും പുരയ്ക്ക് ദുരിതാശ്വാസം.
പിറന്നിടത്ത് പ്രണയിനിക്കൊത്ത് വാസം.
അവിശ്വാസക്കടക്കാര്‍മുന്നിലാശ്വാസം.
കരച്ചിലടക്കിയൊരു ദീര്‍ഘനിശ്വാസം.
വിധിച്ചത് പ്രവാസം.

ഒത്തിരി നാള്‍ മുന്‍പ് ജിഗീഷ് തന്ന വിഷയത്തില്‍ 'വാക്കിലെ' കവിതക്കളരിയില്‍ എഴുതിയത്.

Friday, April 1, 2011

സംശയം


ഇന്നലെ അവളുടെ സൈക്കിളിന്റെ പിന്നിലിരുന്ന് കാമ്പസ്സില്‍ കറങ്ങിയത് കുഴപ്പായി.
നമ്മുടെ ഫ്രണ്ടുക്കള്‍ക്ക് നാണമായത്രേ. ഞാന്‍ അവളുടെ പിന്നിലിരുന്നതിന്‌ ഇവന്മാര്‍ ഇത്ര നാണിക്കണത് എന്തിനാണ്‌.
സൈക്കിളില്‍ ഡബിളെടുക്കാനറിയാത്തതുകൊണ്ടാണ്‌ ഒണ്ടായിരുന്ന കാരിയര്‍ അഴിച്ച് വച്ചത്. ആ നമ്മളോടാണ്‌
സൈക്കിളിന്റെ പിന്നിലിരിക്കാന്‍ ധൈര്യമുണ്ടോന്ന് ചോദിച്ചത്. ഒന്നു മടിച്ചു.
വല്യ ആദര്‍ശം പ്രസംഗിക്കണ നെനക്ക് എന്താ പെണ്ണുങ്ങടെ പിന്നില്‍ ഇരിക്കാന്‍ നാണമാണോ എന്ന് ചോദിച്ചപ്പം
സമ്മതിച്ചു. അവളോട് പറഞ്ഞ് ജയിക്കാന്‍ പറ്റില്ല.
കറക്കം കഴിഞ്ഞ വന്നപ്പോഴാണ്‌ അവള്‌ കര്യം പറഞ്ഞത്.
മറ്റോനെ കാണിക്കാനാണ്‌ എന്നെ പിന്നിലിരുത്തി കറങ്ങീത്. ഞങ്ങള്‍
പ്രേമത്തിലാണോ എന്ന് അവന് കലശലായ സംശയം ഉണ്ട്.
ഞാനൊന്നും പറഞ്ഞില്ല. അവനെ എരി കേറ്റാന്‍ ഇവള്‍ക്കിങ്ങനത്തെ ചില കലാപരിപാടികളുണ്ട്.
ഇത്രേം അടുപ്പമായ സ്ഥിതിക്ക് അവളെ പ്രേമിച്ചാലെന്താ എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും.
ഇവിടത്തെ എന്റെ തലമൂത്ത സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്.
പ്രേമം അല്ലാതെ വേറെ ഒരുപാട് കാര്യങ്ങള്‍ ലോകത്തുണ്ടെന്ന മറുപടി അവന്മാര്‍ക്ക് പിടിച്ചിട്ടില്ല.
അതെന്തേലും ആകട്ടെ.
ഇത്രേം ധൈര്യക്കുറവുള്ള ആണിനെ പ്രേമിക്കാന്‍ പറ്റില്ലെന്ന് അവളും
ഇത്രേം ധര്യമുള്ള പെണ്ണിനെ വയ്യെന്ന് ഞാനും പണ്ടേ തമ്മില്‍ പറഞ്ഞിട്ടുള്ളതാണ്‌.
മാത്രമല്ല അവളുടെ കാമുകന്‍ ഉടനെ നാട്ടിലെത്താനും ഒളിച്ചോട്ടസംഘട്ടനാദി സിനിമാ സംഗതികള്‍ അരങ്ങേറുവാനും
സാധ്യത കൂടുതലാണ്‌. നടക്കാന്‍ പോകുന്ന ആ കഥയില്‍ നായികാനായകന്മരുടെ വലം കൈ/ ഇടം കൈ ഇതില്‍ ഒന്ന്
ഞാനായിരിക്കും. ആ കഥ നന്നായി നടക്കാന്‍ ഞാന്‍ എന്ന പ്രഥാന സഹനടന്‍ വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന്
അവള്‍ കഴിഞ്ഞ മാസം കൂടി ആവര്‍ത്തിച്ചതാണ്‌. ലൈസന്‍സ് എടുക്കാനുള്ള കാശ് അവളുടെ കണവനാകാന്‍ പോകുന്ന
മഹാനുഭാവന്‍ തരാമെന്ന് സമ്മതിച്ചതുമാണ്‌. ഞാന്‍ പഠിച്ചില്ല. വണ്ടിയോടിക്കാന്‍ അറിയാത്തത്  എന്താണാണെന്ന് ഇവളും ബാക്കി കൂട്ടുകാരും കളിയാക്കുന്നുണ്ട്. ഇതിനൊന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

കള്ളുകുടിച്ച് സന്തോഷിക്കൂന്ന രാത്രികളില്‍
തെറിപ്പാട്ട് തീരുമ്പോള്‍ പുതിയത് ഉണ്ടാക്കി കൊടുക്കാന്‍ നമ്മള് തന്നെ വേണം.
അന്നേരം പുംഗവന്മാര്‍ക്ക് സന്തോഷം.
ആ നേരത്ത് നമ്മുടെ ആണത്തതെ ആര്‍ക്കും സംശയം ഇല്ല.
അവളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നതാണ്‌ പുകിലായത്.
അങ്ങനത്തെ മഹാകവിപ്പട്ടമുള്ള നമ്മള്‍ തോറ്റതും ഇവടടുത്താണ്‌.
അവള് പാടിത്തന്ന ചില പാട്ടുകള്‍ കേട്ട് കണ്ണ് തള്ളീപ്പോയി.
എന്നോടായിട്ട് പാടിത്തന്നതാണ്‌ കേട്ടൊ.
ഒരു പെണ്ണ് തെറിപ്പാട്ട് പാടണത് ആദ്യായി കാണുന്നതാണ്‌. കൊടുങ്ങല്ലൂര്‍ ഭരണിക്ക്
സര്‍‌വരും പാടും എന്നു കേട്ടിട്ടുണ്ട്. പക്ഷേ കാമ്പസ്സില്‍. അതും ഒരു പെണ്ണ്?

സംഗതി ഇതൊക്കെ ആണെങ്കിലും മഹാപുരുഷന്മര്‍ എന്ന് മേനി നടിക്കുന്ന
നമ്മുടെ സുഹൃത്തുക്കളോട് അവരുടെ ഒരു കൂട്ടുകാരിയും പറഞ്ഞിട്ടേയില്ലാത്ത പോലത്തെ സങ്കടങ്ങള്‍
എന്നോടിവള്‌ പറഞ്ഞിട്ടുണ്ട്. എത്രയോ സങ്കടങ്ങള്‍ ഞാനവളോടും പറഞ്ഞിരിക്കുന്നു.
പലതിനും അവള്‌ നിവര്‍ത്തി കണ്ടെത്തിയിട്ടും ഉണ്ട്.
കഴിഞ്ഞ ഹര്‍ത്താലിന് ഓട്ടോ തടഞ്ഞ് തല്ലാന്‍ വന്നവരീന്ന് എന്റെ തടി രക്ഷിച്ച് തന്നതും ഇവളാണ്‌.
ഇക്കാര്യം പറഞ്ഞപ്പോഴും അവളാണും നീ പെണ്ണുമാണെന്നാണ്‌ നമ്മടെ കൂട്ടുകാര്‌ പറഞ്ഞത്.
ഇപ്പോ എനിക്ക് മൊത്തം സംശയാണ്‌. ശരിക്കും എന്താണ്‌ ഈ പെണ്ണ്? അല്ലെങ്കില്‍ ആണ്‌?

Monday, March 21, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

Thursday, February 3, 2011

ഓഹരി

നിശതന്നോഹരിവിപണിയില്‍ കാള-
കരടിവേഷങ്ങളണിഞ്ഞ് മത്സര-
ക്കിടക്കയില്‍ നമ്മള്‍ പകുത്തു തോല്‍ക്കാതെ
ഇരുള്‍ മുഖം ചുവപ്പണിഞ്ഞിടുംവരെ.

വിപണിതന്‍ കയറ്റിറക്കങ്ങള്‍ പോലെ
കുടിലം നിന്‍ മാംസവടിവുകള്‍
തീരാക്കടങ്ങളില്‍ എന്നെ തളച്ചിടും
വില കുതിച്ചുമാറുന്ന പിണഞ്ഞ രേഖകള്‍.

പൊടുന്നനെ ലാഭമെടുത്ത് പിന്‍‌വാങ്ങി
കിതപ്പിനായിക്കാത്തിരിക്കും പോല്‍ സൂക്ഷ്മം
അവസരങ്ങള്‍ കാത്തിരുന്നു, നീ, ഞാനും
പരസ്പരം ലാഭമെടുക്കാന്‍, വില്‍ക്കുവാന്‍

വിയര്‍പ്പിനോടൊത്ത് സ്ഖലിച്ച രേതസ്സില്‍
അണുരൂപമാര്‍ന്നു തുടിച്ച ജീവനെ
രതിമൂര്‍ച്ഛാന്തരം മറന്ന ജല്പന-
പ്പൊരുളുപോലൊട്ടും മതിച്ചതില്ല നാം.

ഒടുവില്‍ നിന്നടിവയറ്റിലെന്‍ പുനര്‍-
ജ്ജനിയെ ഭാരമായ് തിരിച്ചറിഞ്ഞ നാള്‍
സതീ സഹജമാം മൃദു വികാരത്താല്‍
തരളിതേ തെല്ലു മുഖം കുനിച്ചു നീ

മറന്നു നീ മുഖം കുനിക്കയില്ലെന്ന
ദൃഢപ്രതിജ്ഞയും, തരളമാലില
വയറിന്‍മേലെന്റെ വിരല്‍ പരതവേ
മകന്നു പേരോര്‍ക്കും വെറും പെണ്ണായി നീ.

വിലയിടിയും ഓഹരികള്‍ കൈമാറി
സുരക്ഷതേടുന്ന വിപണിതന്‍ തന്ത്രം
മറന്നതേയില്ല, മറവി ഓഹരി-
വിപണിയിലെന്നും മരണസൂചിക.

കിതപ്പിലും കുതിച്ചുയരും നിന്നെ
ഞാനറിഞ്ഞപോലാരും അറിഞ്ഞിട്ടേയില്ല,
വെറും പെണ്ണായ് നീയും പുരുഷനായ് ഞാനും
ഒരു മാത്രയൊന്നു പതറിയെങ്കിലും
കരുത്തുകാട്ടി നാം കുതിച്ചു പിന്നെയും.

"ഒരിക്കലും ലിസ്റ്റില്‍ വരാത്തൊരോഹരി
വലിച്ചെറിഞ്ഞു" നിന്‍ ചിലമ്പിച്ച മൊഴി
ദ്രുതചഞ്ചലിതം ഒരുരൂപാമൂല്യം
അതിലെന്റെ പ്രതിഫലനം കണ്ടൂ ഞാന്‍.

Saturday, January 22, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

Sunday, January 9, 2011

രസതന്ത്രം

അമ്ലരൂക്ഷേ
ഏതാവര്‍ത്തനപ്പട്ടികയിലാണ്‌
നിന്റെ ചുരുക്കെഴുത്ത്.
സ്ഫടികപ്പാത്രങ്ങളിലേക്ക്
പരാവര്‍ത്തനം ചെയ്യപ്പെട്ട
ഏത് താളിലായിരുന്നു
നിന്റെ പേരെഴുതിയിരുന്നത്.
അജ്ഞാത സന്ധികളില്‍
നിറം മാറുന്ന ലായനികള്‍
ആരെയാണ്‌ കുറിക്കുന്നത്.
പ്രണയത്തിന്റെ ലിറ്റ്മസ്‌ടെസ്റ്റ് തോറ്റ വാക്ക്
പൊട്ടിയ ടെസ്റ്റ്യൂബുപോലെ
ലാബിന്നു പുറത്ത്
അനാഥമാകുന്നു.

2.

രാസഗതികത്തിന്റെ
കാണാവഴികളില്‍
തളര്‍ന്നുപോയ തുമ്പപ്പൂമണം
തനിച്ചാകുന്നുണ്ട്.
നീരവം നിന്റെ ലാബിന്റെ മുറ്റത്ത്
നീ അറിയാത്ത ചെടിയൊന്നു പൂത്തത്
തുറക്കാത്ത ജാലകം കണ്ടിട്ടുണ്ട്.
സമീകരികാനാകാത്ത രാസവാക്യങ്ങളില്‍
ജീവിതം എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.
രസതന്ത്രത്തിലെ രസവും തന്ത്രവും
ഇഴപിരിക്കാനാകാതെ ഞാന്‍ പരിഭ്രമിക്കുന്നുണ്ട്.

Friday, January 7, 2011

മോഹം

ഒറ്റതുള്ളികൊണ്ട്
ദാഹം തീര്‍ത്ത മണ്ണില്‍
ഒരിക്കല്‍ക്കൂടി ചുണ്ടുചേര്‍ക്കണം.

സ്മൃതിഭ്രംശത്തിന്‌
ശിശിരവൃക്ഷത്തിന്റെ ഒരിലയില്‍
പേരുചേര്‍ക്കണം.

കാറ്റിന്റെ കൈപിടിക്കണം.

അടയാളങ്ങളോ
അനുഗാമികളോ
ഇല്ലാതെ
പൂവൊന്നും നുള്ളാതെ
പാട്ടൊന്നുമെടുക്കാതെ
കൈരണ്ടും വീശി
കടന്നുപോകണം

Saturday, January 1, 2011

വര്‍ഷാന്തം

1.
വിശേഷങ്ങള്‍ക്ക്
ചുവപ്പടയാളം കൊടുത്ത
ഒരു താള്‍ കൂടി
ചുമരെഴുത്തില്‍ നിന്നും
താഴേക്ക്.
ചുവപ്പിന്‌ ശേഷം
ഇരുളെന്നും വെളിച്ചമെന്നും
സന്ധ്യകളുടെ തീരാത്തര്‍ക്കം
വിചാരണാനന്തരം
വാദിക്ക് ജീവപര്യന്തം.
2.
ഭൂമി
പഴേപോലെ സൂര്യനു ചുറ്റും.
ഞാന്‍ എനിക്കു ചുറ്റും.
മുളയ്ക്കാത്ത വാക്ക് വിതച്ച പാടത്ത്
നീരവം നീ ചുറ്റുന്നുണ്ടോ?
3.
മെല്ലിച്ച മഴയില്‍
വളരെ നനഞ്ഞാരോ
വിളക്കും പാട്ടുമായ്
തനിച്ചു പോകുന്നു.
തണുപ്പില്ലാഞ്ഞിട്ടും
വിറച്ചുകൊണ്ട് ഞാന്‍
അയാളെ എന്തിനോ
തുറിച്ച് നോക്കുമ്പോള്‍
കരങ്ങളില്‍ ചെറുചിരാതുമായ്
കുഞ്ഞുകരങ്ങളപ്പാട്ടിന്‍ വിരല്‍ പിടിയ്ക്കുന്നു.
അവര്‍ക്കുമേല്‍ സൂര്യന്‍ ചിരിച്ചുദിക്കുന്നു.

Blog Archive