Sunday, April 5, 2009

തോല്‍‌വി

ചിരട്ടപ്പാത്രം കഞ്ഞിക്കലമാക്കിയ നാളില്‍
വീട്ടുകാരിയായൊപ്പം അവളാം ശാഠ്യക്കാരി
അയലത്തെമാവിന്‍‌മേലൊളിച്ചുകേറുന്നേരം
അതിര്‍വേലിമേല്‍ കാവല്‍ അവള്‍ പാവാടക്കാരി
കല്ലുപെന്‍സിലൊക്കെയും കളിച്ചുകളഞ്ഞിട്ട്
വക്കുപൊട്ടിയസ്ലേറ്റും പേറി ഞാനിരിക്കുമ്പോള്‍
കയ്യിലെ മുഴുപ്പെന്‍സില്‍ മുറിച്ചു നീട്ടാന്‍, കണക്കെഴുതാ​ന്‍
ശകാരിക്കാന്‍ അവള്‍ മുന്‍‌കോപക്കാരി.
കൂട്ടുകാരോടൊത്തിടികൂടിത്തോല്‍ക്കവേ
മുറിവായില്‍ മുക്കൂറ്റിച്ചാറു വീഴ്ത്താനുമവള്‍ ചാരെ.
മഴയെ തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ തോല്‍ക്കേ
കുടപ്പാതിയിലെന്നും ചേര്‍ത്ത് നിര്‍‌ത്താനുമവള്‍ തന്നെ.

മഴയെത്രയോ പെയ്തു തോര്‍ന്നു നാമൊരുപാട്
നനഞ്ഞുമല്ലാതെയും നടന്നെത്രയോകാതം
കല്ലുപെന്‍സിലും സ്ലേറ്റും വഴിമാറിപ്പോയ്, കാലം
പേനയും കടലാസുമെഴുതാന്‍ മുന്നില്‍ വച്ചൂ.
മാവുകള്‍ പലവട്ടം പിനെയും പൂത്തു
കണ്ണിമാങ്ങകളനാഥരായ് മാഞ്ചുവട്ടില്‍ കാതോര്‍ത്തു.
എനിക്കായെങ്ങോ കുടപ്പാതിയുണ്ടെന്നൊര്‍ത്തെത്ര
മഴപ്പന്തയങ്ങളില്‍ കുതിര്‍ന്നൂ പിന്നേയും ഞാന്‍.

എല്ലാം ഇന്നലെ വരെ നാളത്തെ മഴമുതല്‍
കുടയും നിറയുന്നു, മഴ ജേതാവാകുന്നു.
മഴയെത്തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ വീണ്ടും തോറ്റു.

Blog Archive