Monday, August 17, 2015

കിനാശ്ശേരി

അതിരുകൾകൊണ്ട്
രാഷ്ട്രങ്ങളെ ഉണ്ടാക്കുന്ന
കാർട്ടോഗ്രഫിക്ക് വഴങ്ങാത്ത,
ഭൂപടത്തിൽ ഇല്ലാത്ത
ഒരിടമുണ്ട്.

പെയ്യാക്കിനാക്കളുറഞ്ഞുരുവമാകും
മേഘരാജ്യമതെന്ന്
കാറ്റുകൾ അടക്കം പറയും.
പായ്ക്കപ്പലുകളുടെ പറുദീസയിലെ
അവസാന തുറമുഖമെന്ന്
കടൽ മൊഴിയും.
ഹൃദയത്തോടുപമിച്ച് ചേലുകളയാതെ
ചെമ്പരത്തികളെ പൂക്കാൻ വിടുന്ന
കാല്പനികരുടെ ദ്വീപാണതെന്ന്
ഞാൻ.
രൂപക്കൂടുകളുപേക്ഷിച്ച്
ആത്മാക്കൾ ചേക്കേറുന്ന കൂടെന്ന്
നീ.
അങ്ങനെ
രൂപകങ്ങളുടെ ഭാഷയിൽ
കിനാശ്ശേരി രൂപം കൊള്ളും.

മുമ്പില്ലാതിരുന്ന മുനമ്പുകളിലേക്ക്
വാക്കുകളുടെ മുന നീളും
വചനം സത്യമാകും
വെള്ളം വീഞ്ഞാകും
അരുതുകളുടെയുക്തിക്കപ്പുറത്തേയ്ക്ക്
വെയിൽ പരക്കും
ഭൂമിപൂക്കും.

ഭൂപടത്തിലില്ലാത്തിടങ്ങൾ
ഇല്ലാത്തതല്ലെന്നറിഞ്ഞ
കിനാശ്ശേരിക്കാരായ നമ്മൾ ചിരിക്കും.

Thursday, August 13, 2015

വയലറ്റിനുള്ള കത്തുകൾ

പ്രേമം കവിതയ്ക്കു പറ്റിയതും കാശിനുകൊള്ളാത്തതുമായ കൊഴമാന്തരം പിടിച്ച ഒരേർപ്പാടാണ് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്. (ആരേം കിട്ടിയില്ലേൽ, തല്കാലം അതിലൊരാൾക്ക് എന്റെ പേരു കൊടുക്കാം.) അങ്ങനത്തെ ഒരാളെ പ്രേമങ്ങളിലേക്കും അതിന്റെ ബേജാറുകളിലേക്കും ആട്ടിയോടിക്കുന്ന കവിതകൾ "വയലിറ്റിനുള്ള കത്തുകളിൽ' ഉണ്ട്. എങ്ങിനെന്നാൽ,
"നീ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും
ഒരാൾ അഹങ്കരിക്കുന്നില്ല എങ്കിൽ
അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാൻ" എന്ന് പറഞ്ഞ്, പ്രേമം വിനയപ്പെടുത്തും എന്ന പഴയപേച്ചിനെ പുറത്താക്കികൊണ്ട്‌ പ്രേമിച്ച് അഹങ്കരിക്കാനുള്ള വഴിതെളിയിച്ചുകൊണ്ടുമാണ് ആട്ടിപ്പായിക്കൽ സാധിക്കുന്നത്.
"വെട്ടിത്തിരുത്താനാകാത്ത
നിസ്സഹായതയാണ്
ഓർമ്മ.” എന്നു മറ്റൊരു കത്തിൽ. വസന്തത്തോട് പേരു ചോദിച്ച് കവിതക്കാരനാണല്ലോ, വസന്തവുമായുള്ള പൊതുഇടപാടുകൾ പ്രണയികൾക്ക് പതിച്ചു കൊടുത്തതാണല്ലോ എന്നൊക്കെ കരുതി ക്ഷമിക്കാം. "ആദ്യം മരിച്ചാൽ/ നിന്നെ ആരു നോക്കുമെന്നാല്ലയിരുന്നു/ ആരെല്ലാം നോക്കുമെന്നായിരുന്നു സങ്കടം" എന്ന് സ്നേഹത്തിന്റെ വാസ്തവ അല്ലെങ്കിൽ സ്വാർത്ഥത്തെക്കുറിച്ച് പറഞ്ഞ ആളാണ്. പക്ഷേ,
"സ്നേഹിക്കുന്നതിനേക്കാൾ
സങ്കടകരമായി
എന്തുണ്ടീഭൂമിയിൽ" എന്ന ചോദ്യം മാപ്പർഹിക്കുന്നതായി തോന്നുന്നില്ല.
അതുകൊണ്ട്, പ്രേമത്തിന്റെ പൈറേറ്റടോ‌ അല്ലാത്തതോ ആയ കോപ്പികണ്ട് കയ്യടിക്കുന്നതാണ് തൊന്തരവുകൾ കുറക്കാൻ നല്ലത്.
പ്രേമിക്കുന്നവർ ഈ പുസ്തകം കൂട്ടുകാരിക്കോ കൂട്ടുകാരനോ കൊടുക്കാതിരിക്കുക. പ്രേമിക്കാത്തവർ, ഈ പുസ്തകം വായിക്കാതിരിക്കുക. എന്തെന്നാൽ, ഇത് നിങ്ങളെ പ്രേമിപ്പിക്കാനോ തദ്വാരാ കത്തെഴുതിപ്പിക്കാനോ ഇടവരുത്തിയേക്കാവുന്ന ഒരു കിത്താബാണ്.
Anything that can possibly go wrong, does- എന്നാണല്ലോ മർഫീടെ നിയമം പറയുന്നത്. അച്ചേലിക്ക്, ഈ പുസ്തകം വായിച്ചാലും ഇല്ലേലും, വരാനുള്ള പ്രേമം സെൻസർബോർഡിൽ തങ്ങില്ല. ആകയാൽ, "വയലറ്റിനുള്ള കത്തുകൾ വായിച്ചിട്ട്" പ്രേമപ്പെടുന്നതോ പ്രേമത്തിൽ തുടരുന്നതോ ആണ് വായിക്കാതെ പെടുന്നതിനേക്കാൾ നല്ലത് എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്.

വയലറ്റിനുള്ള കത്തുകൾ-കുഴൂർ വിൽസണാൽ വിരചിതം.
സൈകതം ബുക്സ് പ്രസാധനം.

Monday, August 10, 2015

മൂന്നു കവികളെപ്പറ്റി


മൂന്നു കവികളെപ്പറ്റി അതായത് അവരുടെ കവിതകളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പുസ്തകം ഇറക്കി ഇതുവരെ ആരേം ഉപദ്രവിച്ചിട്ടില്ലാത്ത മൂന്നുപേരാണ് ഇവർ.
ഇതെഴുതുന്നവന്റെ പക്ഷപാതങ്ങളുടെ പ്രകടനം മാത്രമാണ് ഈ കുറിപ്പ് എന്നും മുന്നേ അറിയിക്കുന്നു.

"പരസ്പരം കടന്നു പോകുമ്പൊളൊക്കെയും
നാം മിണ്ടണമെന്നില്ലല്ലോ" എന്ന വരിയാണ് ബിബിനിൽ നോമിനെ ആദ്യം കുരുക്കിയത്. നിത്യോപയോഗത്തിനുള്ള സാദാവാക്കുകളെയാണ് ഇവൻ കൂട്ടിച്ചേർന്ന് കവിതയാക്കണത്. സ്ഥിരം കാണുന്ന കാഴ്ചകളെ ചിലപ്പോഴൊന്നു കറക്കിവിടും. അങ്ങനെ വട്ടം കറക്കിയപ്പോളാകണം‌ "കാറും ബൈക്കുമില്ലാത്തവരോട്‌" എന്ന കവിത ഉണ്ടായത്.
"കാറും ബൈക്കും ഇല്ലാത്തവരോട്
കൂറ്റനാദരവ്
നിങ്ങളിതുവരെ യാത്രകളെ സ്വകാര്യവൽക്കരിച്ചില്ലല്ലോ
വികസ്വരദേശത്തിനായി പുകവമിച്ചില്ലല്ലോ
ഒരുപരിധിവരെ വേഗത്തെ ചെറുത്തു നിന്നല്ലോ" (കാറും ബൈക്കുമില്ലാത്തവരോട്‌ )
ഇങ്ങനാണ് കവിത പോകുന്നത്. ചെറിയ ചിരിയോടെ വായിക്കാം. വ്യാഖ്യാനത്തിന്റെ അസുഖം ഉള്ളവർക്ക് ഇതിൽ കൊടും രാഷ്ട്രീയം ഉണ്ടെന്നും കാണാം. ഇന്ത്യേലുണ്ടാക്കൽ പരിപാടിക്കൊരു താങ്ങാണോ‌ ആ പുകവമിക്കാതിരിക്കൽ എന്നു സംശയിക്കാം. കവിയോട്‌ചോദിച്ച് അർത്ഥം ചോദിച്ച് നോം അല്പനാകാനില്ല. വണ്ടിയില്ലാത്തോൻ വെറും തെണ്ടി എന്നു നിനച്ചു കുതിച്ച് റോട്ടിലെ ബ്ലോക്കിലിഴയുന്ന നമ്മൾ ഈ കവിത വായിക്കണം.
"അപരിചിതനരക്ഷിതൻ!” എന്നുമൊരു കവിതേണ്ട്. ഇഷ്ടലിംഗത്തിൽ വായിച്ചോളണം എന്ന മുന്നറിയിപ്പിൽ തുടങ്ങുന്നു. താല്പര്യം പോലെ, അവളെന്നോ അവനെന്നോ വിചാരിച്ചോണം . എന്ന് പറഞ്ഞാല് എഴുതിയവന്റെ അക്കൗണ്ടിലേക്ക് കവിതയെ ചുരുക്കേണ്ട വായിച്ചോരെടുത്തോളൂ കവിത എന്ന വല്യ മനസ്സാകുവോ? ആർക്കറിയാം. എന്തായാലും,
"അവളുടെ ഭാവനയിൽ ഈ വിരലുകളെന്തായിരിക്കും
നീണ്ട് ഞാന്നിരിക്കുന്നയീ
ഇരുപത് നാരുകളിൽ
അവയുടെ അഗ്രശുഭ്രപ്രതലത്തിൽ,ആകെപരപ്പിൽ
വരച്ചുമായ്ച് കിനാക്കളാകുമോ ഈ കൈരേഖകൾ
അവളുടെ ഭാവനകളിൽ
അരക്ഷിതനാണ് ഞാൻ"..
കവിതയിങ്ങനെ പോകുന്നു. അവളുടെ ഭാവനയിലെ ഞാൻ എന്താണ് എങ്ങനാണെ എന്നൊക്കെ ആലോചിച്ച് ബേജാറാകാത്ത ജീവിതങ്ങൾ ഉണ്ടാകാനിടയില്ല. ഉണ്ടെങ്കിൽ, ആ ജീവിതങ്ങൾ മുദ്രാവാക്യമില്ലാത്ത നടജാഥപോലെ അറുബോറൻ അനുഷ്ഠാനമായിരിക്കും എന്ന് ഞാൻ പറയും. അവളുടെ ഭാവനകളിലോളം ഞാൻ അരക്ഷിതനാകുന്ന ഇടം വേറില്ലതന്നെ.
ബിപിന്റെ സകല കവിതകളും മഹത്തരം എന്നല്ല. ബോറൻ സാധനങ്ങളും ഉണ്ട്. ലേകിൻ, നോം ഇടക്കിടെ പോയി വായിക്കുന്ന കവിതകൾ‌ പടച്ചിട്ടുള്ള മഹാത്മാവാണ് ഈ കവി. ആവശ്യാക്കാർ അവന്റെ എഫ്.ബി. പ്രൊഫൈലിൽ പോയി വായിപ്പിൻ.
ഉറപ്പുള്ള വാക്കുകളാണ് ഷംസൂന്റേത്. വാക്കിന്റെ ഉറപ്പ് എന്നു പറത്താല് വെറുംവാക്കായി ഒന്നും പറയുന്നില്ല എന്ന് തന്നെ. കല്ലടുക്കും പോലെ ഷംസു വാക്കുകളെ കെട്ടിയുറപ്പിക്കുന്നു. അതിൽ നിന്ന് ഒന്നും നീക്കാനാകില്ല. അത്ര ഉറപ്പ്.
സ്വർഗം സകലാരും ഭോഗിക്കപ്പെടുന്നതുകൊണ്ട്
ഞാൻ നരകവുമായി പ്രേമത്തിലാണ്. (എന്റെ വെള്ളിയാഴ്ച.) എന്ന കവിതകൊണ്ട് ഏറുകൊണ്ടവർ ഏറെ. കവിക്ക് തെറിയും ഏറി.
"മരിച്ചതിനു ശേഷം
നേരെ പോകണം
ജന്മദേശത്തേക്ക്.
ആരംഭം പോലെ
അളവുകോലുകൾക്ക്
പിടികൊടുക്കാതെ
ഒരു മടക്കം.” (മൃത്യോമ:) അതെ അളവുകോലുകൾക്ക് വഴങ്ങാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഷംസു എല്ലാം ഉറപ്പിച്ച് രൂക്ഷമായിത്തന്നെ പറയും. നിലപാടുകളെപ്പറ്റി സംശയം ഇല്ലാത്ത ഒരാൾക്ക് പറയുന്നതിനെപ്പറ്റി പേടിയോ സംശയമോ‌ഉണ്ടാകില്ല. ആകയാൽ, പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാനോ പറ്റില്ല ഈ കവിയുടെ കവിതകൾ.
(ഷംസൂന്റെ എന്റെ വെള്ളിയാച്ചയെക്കുറിച്ച് പണ്ടെഴുതീത് ഇവിടെ. നരകപ്രേമത്തിന്റെ കവിത )
അനൂപിന്റെ പലകവിതകളും എനിക്ക് പിടികിട്ടാറില്ല. കാരണമൊരു പക്ഷേ, പടം വരക്കാൻ അറിയുന്ന ഇവൻ വാക്കുകൾകൊണ്ടൂം വരക്കുന്നതാകണം. വര നമുക്ക് എളുപ്പം പിടിതരുന്ന ഒന്നല്ല. ഒന്നല്ല. റെഡിമേടായി പിടി തരുന്നത് മാത്രം നോക്കാനാണേൽ എന്തോന്ന് കവിതാ വായനപക്ഷേ, വായിക്കുന്ന എന്നെ എവിടെലും ഇവൻ ഉടക്കിയുടും. 
"നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു"
"മരിച്ച പീറ്ററിനെ നാട്ടുകാർ എടുത്തുകൊണ്ടുവന്ന ഉച്ച,
അവളിൽ വൈകുന്നേരമായില്ല.” എന്നിടത്ത് ഉടക്കിയാണ് "നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു.” എന്ന കവിത ഞാൻ വീണ്ടും വീണ്ടും വായിച്ചത്. വായന ഫീലാകുന്നു എന്ന പഴഞ്ചൻ ഡയലോഗ് ഈ കവിതയോട് ചെയ്യുന്ന അന്യായം ആകുമെന്നതിനാല് നോം ഉപേക്ഷിക്കുന്നു. എന്നാലും, കാലം നിന്നുപോകുന്ന ആ നിമിഷത്തെ എത്ര അനായാസമായാണ് ഇവൻ പൊലിപ്പിച്ചത് എന്ന് അസൂയപ്പെടാതിരിക്കാനായില്ല.
കവിത അവിടെ തീര്ന്നില്ല. "മരണത്തിനുപിന്നിലുണ്ടായതായി കരുതപ്പെടുന്ന ലീലാമ്മയുടെ രാത്രി" യിൽ ആ കവിത തുടരുന്നു.
"നിശബ്ദതയുടെ
പൊതുചിഹ്നത്തിൽ
അവർ മത്സരിക്കുന്നു.
ഒരുമിച്ച് പറയുമ്പോൾ മാത്രം കേൾക്കുന്ന
സ്പർശങ്ങൾ അവർക്കിടയിലായുണ്ട്.”
ഇങ്ങനെ ഉടക്കിയിടാനുള്ളത് പലതും അതിലുണ്ട്. പല കവിതളെ ബന്ധിപ്പിക്കുന്ന ഈ രീതി നമുക്കത്ര പരിചയമുള്ളതല്ല.
"കരിനീല സന്തോഷത്തിന്റെ മഞ്ഞനിറമുള്ള ബോഗി.” ഫുൾടിഫുൾ കളർഫുള്ളാണ്.
പൂച്ചകൾ മറ്റൊരലങ്കാരമായി പിന്നെയും കടന്നുവരും
അവരുടെ നാടുവിടലുകൾ പ്രതീകാത്മകം പോലുമല്ല
എങ്കിലും"
എന്നാണ് കവിത തുടങ്ങുന്നത്.
ഞാനിനീം ഇവന്റെ കവിതയെപ്പറ്റി നല്ലതു പറഞ്ഞ് വിശദമാക്കിത്തരുമ് എന്നു കരുതി ഇവിടെ ചുറ്റിത്തിരിയണ്ട. ഈ കുറിപ്പ് ഇവിടെ തീരുന്നു. പോയി കവിതവായിപ്പിൻ.
മേല്പറഞ്ഞ മൂന്നുപേരുടേം ചിലകവിതകൾ ഇടക്കിടെ പോയി വായിക്കുകേം ചുമ്മാ സന്തോഷിക്കുകേം ചെയ്യുന്നതുകൊണ്ട്‌ ഇതിങ്ങനെ പടച്ചു എന്നു മാത്രം. ഇവരെഴുതുന്നത് നോം വിടാതെ വായിക്കുന്നു.
പുസ്തകം ഇറക്കി എന്ന പാതകം ചെയ്തതിനാൽ രാജേഷ് ചിത്തിര (ഉന്മത്തതയുടെ ക്രാഷ്‌‌ലാന്റിംഗുങ്ങൾ, ടക്വില) ഹരിശങ്കരൻ അശോകൻ (പിസ്കോണിയ മസ്കു) തുടങ്ങിയ കവികളെ ഈ കുറിപ്പിൽ നിന്നും നിഷ്കരുണം പുറന്തള്ളിയിരിക്കുന്നു.

Thursday, August 6, 2015

രാമരാജ്യത്തെ നീതിവ്യവസ്ഥയെക്കുറിച്ച്

രാമരാജ്യത്തെക്കുച്ചോ അതിന്റെ നീതിവ്യവസ്ഥയെക്കുറിച്ചോ നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്നു തോന്നുന്നു. അതുകൊണ്ടല്ലേ ഒരാളെ തൂക്കിക്കൊന്നപ്പോള്‌ ഇങ്ങനെ കോലാഹലപ്പെടുന്നത്. നമ്മുടെ ബാബറി മസ്ജിദ് നിൽക്കുന്നിടത്ത് ജനിച്ചതായി ആർഷഭാരതസംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാർ ജനനസർട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ള രാമന്റെ രാജ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ടി.രാമന്റെ ജനനസർട്ടിഫിക്കറ്റുണ്ടാക്കാൻ രഥമോട്ടിയാണല്ലോ ഡെൽഹിയിലെ സിംഹാസനത്തിലേക്ക് രാമാനുയയികൾ കയറിയത്. വിശാലനെഞ്ചരുടെ അക്കാല അവതാരരൂപത്തിനു ലോഹപുരുഷൻ എന്ന് ഖ്യാതി.

വ്യാജസർട്ടിഫിക്കറ്റുണ്ടാക്കൽ, ആൾമാറാട്ടം, ബലാത്സംഗം, തുടങ്ങിയ സുകുമാരകലകൾ ആർഷഭാരതസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. ഇതിനു ചില തെളിവുകൾ രാമായണത്തിലുണ്ട്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിൽ അഹല്യാമോക്ഷം നോക്കുക. ഭാരതത്തിലെ ദേവപ്രമാണിയായ ഇന്ദ്രൻ ചെയ്തത് സ്മരിക്കുക.യുദ്ധകാണ്ഡം നോക്കുക. രാവണന്റെ ഭാര്യയായ മണ്ഡോദരിയോട് അംഗദാദികൾ ചെയ്തത് നോക്കുക.മറ്റേ ഇതിഹാസം,മഹാഭാരതം നോക്കിയാൽ സംസ്കാരിക സീൻ കൂടുതൽ കോണ്ട്രയാകും. ഉദാ:പഞ്ചപാണ്ഡവരുടെ ജനനസർട്ടിഫിക്കറ്റിലെ അപ്പന്റെ പേരും ശരി അപ്പന്റെ പേരും നോക്കൂ.വ്യാജസർട്ടിഫക്കറ്റാണൊ എന്ന് ആരേലും സംശയിച്ചാൽ കുറ്റം പറയാനൊക്വോ?. പറഞ്ഞുവന്നത്, ഇത്തരം വ്യാജങ്ങൾ സാംസ്കാരത്തിലേ ഒള്ളതിനാൽ തോന്നുംപോലെ വിധിക്കാനും വിധിയെ ന്യായീകരിക്കാനും സംസ്കാരചിത്തരാം ചില ഇന്ത്യൻന്യായാധിപർക്ക് എളുപ്പമാണ്. ജയിക്കാൻഎന്തും ചെയ്യാം. ജയം ചെയ്തികളെ സാധൂകരിക്കും എന്നുകൂടിയാണല്ലോ ഗീതാസാരം. ആകയാൽ, ആധുനികലോകത്ത് ഗീതാകാരന്റെ ന്യായംപേറുന്ന വക്കീലിനെ, ജഡ്ജിയെ ഭ്രാന്താശുപത്രീലാക്കണം എന്നെഴുതിയ അംബേദ്കർ മണ്ടനായി. (Krishna and His Gita, Ambedkar). ഗീതനോക്കും ന്യായാധിപർക്ക് പട്ടുംവളയുമാണ് ഇന്നു പ്രതിഫലം. ഭരണഘടനയായിരിക്കണം ഇന്ത്യൻ നീതിന്യായവ്യസ്ഥയുടെ അടിസ്ഥാനം എന്നത് അംബേദ്കറിനോടൊപ്പം നമ്മുടേയും അത്യാഗ്രഹമാണ്.(ഒള്ളത് പറഞ്ഞാൽ, ഗീതാരഹസ്യം നടപ്പിലാക്കാനുള്ള ഒരു മറയായാണ് പലപ്പൊഴും ഭരണഘടന ഇപ്പോൾ ഉപകരിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ ദേവഭാഷ തിരിയണം.)

അതെന്തോ ആകട്ടെ. ഭാരതവർഷത്തിൽ ഒന്നും പുതുതല്ല. സകലത്തിനും കല്പങ്ങളുടെ പഴക്കമുണ്ട്. സൂര്യനിലും ചന്ദ്രനിലുമൊക്കെയാണ് വംശങ്ങൾ തുടങ്ങുന്നത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണല്ലോ പാരമ്പര്യം. അത് ആർഷഭാരതത്തോളമുള്ളത് വേറെവിടേ? ആളുകളുടെ ആശ നിറവേറ്റൻ ഇടയ്ക്കിടക്ക് മനുഷ്യേരെ കൊല്ലുന്ന അതായത് കുറ്റക്കാരനാക്കി കൊന്ന് നീതിനടപ്പിലാക്കുന്ന ആദ്ധ്യാത്മികവിരേചനപെരിപാടിയും ഇവിടത്തെ ഒരു പാരമ്പര്യാണ്. ഉദാ:രാമായണത്തിലെ ശംബൂകവധം. താഴെത്തട്ടിലുള്ള ടിയാൻ തനി തോന്ന്യാസിയാവുകയും തപസ്സ് ചെയ്യുകേം ചെയ്തത്രേ. തപസ്സ്ചെയ്ത് ബ്രഹ്മംപ്രാപിക്കൽ ബ്രാഹ്മണരുടെ കുത്തകയാകയാൽ കുത്തകാവകാശത്തിൽ കൈകടത്തിയവനെ രാജകുടുംബാംഗമായ രാമൻതട്ടിക്കളഞ്ഞു. (കാട്ടാളൻ എഴുതിയ കവിതയിലാണ് തപസ് ചെയ്തകീഴാളനെ തട്ടിക്കളയുന്നത്!).

പെരിയകഥ രാമൻ സീതയോട് ചെയ്തതാണ്. അത് പറയും മുന്നേ, ഭാരതസംസ്കാരം പെണ്ണുങ്ങൾക്ക് കല്പിച്ചുകൊടുത്തിട്ടുള്ള സ്ഥാനത്തെക്കുറിച്ച് പറയണം. പെറാനുള്ള യന്ത്രം എന്ന നിലയ്ക്ക് പെണ്ണുങ്ങൾക്ക് ഇവിടെ വല്യസ്ഥാനമാണ്.വീരപ്രസു ആകട്ടെ എന്നാണ് പെണ്ണുങ്ങളെ മഹത്തുകൾ അനുഗ്രഹിക്കുക.അതുകൊണ്ട് ഇന്ത്യൻ പെണ്ണുങ്ങളേ പെറ്റുകൂട്ടി സ്വധർമ്മം നിറവേറ്റിക്കൊൾക. (മുസ്ലീം‌പെണ്ണുങ്ങളും മറ്റ് അഹിന്ദുക്കളും മേല്പറഞ്ഞ അനുഗ്രഹത്തിന്റെ പരിധിയിൽവരുന്നില്ല. അഭിനവകാഷായബ്രഹ്മജ്ഞർവശം വിശദാംശങ്ങൾകാണും.) ഇനിരാമായണത്തിലേക്ക്. രാവണൻ വച്ചോണ്ടിരുന്നവളാണ് സീതയെന്ന് രാമരാജ്യത്തെ ചില സദാചാരവാദികൾ അക്കാലത്തെ അവരുടെ വീട്ടിലോ കവലകളിലോ പണിസ്ഥലത്തോ എവിടെയോ ഇരുന്നു പ്രസ്ഥാവിച്ചു. ഇന്നേപ്പോലെ അന്നും സദാചാരക്കേസുകൾ (പെണ്ണുകേസ്) കാട്ടുതീയേക്കാൾ വേഗത്തിൽ പരക്കും. ദോഷംപറയരുതല്ലോ, ഇന്നത്തെ ഇന്ത്യൻ പുരുഷത്വത്തിന്റെ മാതൃകാ രൂപങ്ങളിൽ ഒന്നായ ശ്രീ രാമൻ അവർഹൾ, കാട്ടുതീപോലെ പടർന്ന ജനവികാരം മാനിച്ച് വയറ്റുകണ്ണിയായ സീതയെകാട്ടിലേക്കയച്ചു. രാമൻജിയുടെ ഭാര്യയാണ് സീത എന്നാണ് പൊതുജന വിശ്വാസം.(അവർ തമ്മിൽ ഭാര്യഭർത്താവ് ബന്ധം ഒന്നും ഇല്ല.ശരിപറഞ്ഞാൽ രാമൻ അമ്പെയ്ത് മത്സരത്തിൽ ജയിച്ചതിനു കിട്ടിയ സമ്മാനമാണ് സീത. ആ നിലക്ക് സമ്മാനത്തെ തോന്ന്യതുപോലെ ചെയ്യാനുള്ള അവകാശം മിസ്റ്റർ രാമനുണ്ട് എന്നും കാണാവുന്നതാണ് എന്ന ഒരു പാഠഭേദത്തിനും ഇവിടെ സാധ്യത തെളിയുന്നുണ്ട്. ഇതൊക്കെ ശരിയാണൊ എന്ന് അറിയില്ല.) മര്യാദാപുരുഷോത്തമനാകയാൽ സീതയെ തനിച്ചയക്കാതെ കാടുവരെ കൂട്ടിനു അനിയൻ ലക്ഷ്മണൻജിയെയും രാമൻ അയച്ചിരുന്നു. (തറവാടിനു മാനക്കേടുണ്ടാക്കിയ സീതയെ കാട്ടിൽ കൊണ്ടോയി തട്ടിക്കളയാൻരാമൻ അനുജൻജിയോട് പറഞ്ഞിരുന്നെന്നും അനിയൻ ചേട്ടനേക്കാൾ കുറച്ച് ഭേദമാകയാൽ ചേട്ടത്തിയെ കൊല്ലാതെ കാട്ടിൽ വിട്ടിട്ട് പോന്നതാണ് എന്നും ചില ദോഷൈകദൃക്കുകൾ പറഞ്ഞു നടക്കുന്നുണ്ട്. നോം തുലോം വിശ്വസിച്ചിട്ടില്ല. രാമൻജി അങ്ങനെ ചെയ്യ്വോ?). രാമരാജ്യത്ത് അങ്ങനാണ്. ജനഹിതത്തിനുവേണ്ടി എന്തും ചെയ്യും. ത്യജിക്കൂം. ജനഹിതം എന്നാൽ ഗോബ്രാഹ്മണഹിതം എന്നാണ്. (പശൂന്റേം ബ്രാഹ്മണന്റേം ഹിതം. അല്ലാതെ കാട്ടുവാസികൾടേം കാക്കാന്മാരുടേമൊന്നും ഹിതമല്ല.തിരിഞ്ഞോ.)

സീത വിവേകിയും അഭിമാനിയും ആകയാൽ രാമന്റെ പാരമ്പര്യത്തെക്കുറിച്ച് അവൾക്കറിയായിരുന്നു.“മുടിയിൽ കൊതിചേർത്തു പുത്രരെ/ജടിയാക്കും ചിലർ തൽകുമാരരോ/മടിയാതെ മഹാവനത്തിലും/വെടിയും ദോഹദമാർന്ന പത്നിയെ.”(ചിന്താവിഷ്ടയായ സീത, കുമാരനാശാൻ). വിഷമത്തോടെയാണേലും, കെട്ട്യോൻ രാമന്റെ അപ്പനു വിളിക്കുകയാണ് സീത. കിരീടം (മുടി) കാണിച്ച് വിളിച്ചിട്ട് നിന്നെ കാട്ടിലേക്ക് അയച്ച ആളാണ് നിന്റെ അപ്പൻ.(സീതയുടെ ഹണിമൂൺ കാട്ടിലായത് അങ്ങനാണ്. അല്ലാതെ ദമ്പദിമാർ കല്യാണശേഷം വിനോദയാത്ര പോയതല്ല.). ആ അപ്പന്റെ മോനായ നീ ഗർഭിണിയായ ഭാര്യയെ കാട്ടിലയക്കുന്നു.അച്ചന്റെ മകൻ തന്നെ.ഇതാണ് സുന്ദരമായ പാരമ്പര്യത്തുടർച്ച. പറഞ്ഞുവന്നത് പൊതുഹിതം മാനിക്കുക എന്നത് ഒരു ഭാരതീയ രീതികൂടിയാണ് എന്നാണ്. (പൊതുബോധം എന്നുപയോഗിക്കാത്തത് ബോധപൂർവ്വമാണ്.). പൊതു എന്നതിൽ സകലരും ഇല്ല.തിരഞ്ഞെടുത്ത ചിലർ മാത്രം.അതുകൊണ്ടും കൂടിയാണ്, ഇന്ത്യാമഹാരാജ്യം തൂക്കിലേറ്റി രസിക്കൂന്നത് കൂടുതലും മുസ്ലീംങ്ങളേയും ദലിതരേമൊക്കെയാകുന്നത്. അല്ലാതെ ഇതരമഹത്തുക്കൾ കുറ്റം ചെയ്യാത്തതുകൊണ്ടല്ല. എല്ലാ ചാവും ചാവല്ല തന്നെ എന്നത് ഈ നാട്ടിലെ ചാണക്യ നീതിയിൽ കാണും.

കാരണങ്ങൾ തീരുന്നില്ല.നമുക്ക് പ്രതിരോധമന്ത്രിയേ ഒള്ളു. ആക്രമണമന്ത്രി ഇല്ല. (കടപ്പാട്: എം.എൻ.വിജയൻ). അതിന്റെ ഒരർത്ഥം, ചുറ്റും ഉള്ളവർ നമ്മളെ ആക്രമിക്കാൻ നിൽക്കുന്നു എന്നും നമ്മൾആരേം ആക്രമിക്കാത്ത,സ്വയംപ്രതിരോധിക്കമാത്രം ചെയ്യുന്ന സാധുക്കളാണ് എന്നുമാണ്. അതുകൊണ്ട്, ആക്രമിക്കാൻ ആളുകൾ ഉണ്ട് എന്ന് ഇടയ്ക്കിടെ തെര്യപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലേൽ പ്രതിരോധമന്ത്രാലയം പിരിച്ചുവിടേണ്ടി വരില്ലേ? ശത്രുക്കളെ പുറത്തു നിന്നും ഉണ്ടാക്കണം. അതാണ് ഗരിമ. അതുകൊണ്ട് തന്നെ, എളുപ്പത്തിൽ കിട്ടാവുന്ന ശത്രുക്കളെ ഉണ്ടാക്കി വച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്പിനു തന്നെ ഇത്തരം ശത്രുക്കൾ ആവശ്യമാണ്. മുസ്ലീംങ്ങളെയാണ് ഇങ്ങനെ ശത്രുക്കളാക്കിയെടുക്കാൻ എളുപ്പം. അതിനുള്ള ആദ്ധ്യാത്മിക അന്തരീക്ഷവും ഉണ്ട്. ഭാരതം പഞ്ചതന്ത്രം ഉണ്ടായ നാടാണ്. എത്ര എത്ര ആടുകളെ ഇവിടെ പട്ടിയാക്കിയിട്ടുണ്ടെന്നോ? (പുറമേനിന്നുള്ള ശത്രുക്കളിൽ പറയാനും നേരിടാനും എളുപ്പം പാകിസ്താനാണ് എന്നാണ് തോന്നുന്നത്. ചൈനയോട് പണ്ടൊന്നുമുട്ടിയതിന്റെ തട്ടുകേട് ഇപ്പഴും തീർന്നിട്ടില്ല. പിന്നെ പൊതുശത്രു ഇന്ത്യയായിരിക്കേണ്ടത് പാകിസ്താൻ മഹാരാജ്യത്തിന്റേയ്യും ആവശ്യമാണെന്ന് വച്ചോളൂ). അകത്തുള്ള അരുംകൊലകൾ ശിക്ഷാർഹമായരീതിയിൽ വലുതല്ല എന്നാണ് രാജനീതി. (സോദരർ തമ്മിലെ പോരൊരു പോരല്ല/ സാഹോദര്യത്തിൻ കലങ്ങി മറിച്ചിലാം എന്നോ‌മറ്റോ‌ ബ്രിട്ടീഷുകാരോട് പണ്ട് വള്ളത്തോള്‌ പറഞ്ഞിട്ടുണ്ട്. അത് വേറെകാലം.). ഗുജറാത്ത്, മുംബൈ തുടങ്ങിയ ഇന്ത്യക്കകത്തെ രാജ്യങ്ങളിൽ കുറച്ച് മുസ്ലീങ്ങളെ പലതരം സേനക്കാർ ഒന്നിച്ചുനിന്ന് ചുമ്മാ തട്ടിക്കളഞ്ഞത് രാജ്യരക്ഷയെ ബാധിക്കില്ല. (തന്നെയുമല്ല ഈ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ശരി ഭാരതീയരല്ലെന്ന് സവർക്കർജി അരുൾ ചെയ്തിട്ടുണ്ട്. ഹിന്ദുത്വം എന്ന പുസ്തകം നോക്കുക. വർണ്ണസങ്കരത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഗീതാകാരനും പറയുന്നുണ്ട്. ആകയാൽ, അവരെയൊക്കെ കൊന്നുനീക്കുന്നത് ഒരു തരം സ്വച്ഛഭാരതപ്രക്രിയായേ‌ കാണാനാകൂ.). അതുപോലെതന്നെ നിസ്സാരമാണ് അഹിംസാപാർട്ടിക്കാർ കുറച്ച് സിക്കുകാരെ കൂട്ടത്തോടെ തട്ടിക്കളഞ്ഞത്. വന്മരം വിഴുമ്പോൾ ചോട്ടിലുള്ള പ്രാണികൾ ചതഞ്ഞു പോകുന്നത്ര നിസ്സാരം. ഉറക്കത്തിലും ഓർക്കാപ്പുറത്തുമൊക്കെ നടക്കുന്ന ഇത്തരം കൊലകൾ ഇതിഹാസത്തിലുണ്ട്. അശ്വത്ഥാമാവ് ഇവിടെ ചിരഞ്ജീവിയാണ്. മൂപ്പരുടെ പ്രധാന ക്രെഡിറ്റുകളിൽ ഒന്ന്, യുദ്ധം കഴിഞ്ഞ് ഉറങ്ങിക്കിടന്ന പാണ്ഡവപക്ഷത്തെ തട്ടിക്കളഞ്ഞ് പ്രതികാരവും സേനാനായക ധർമ്മവും നിർവഹിച്ച് ദുര്യോധനന് അവസാനസമാധാനം കൊടുത്തതാണ്. ടിയാൻതന്നെയാണ് ഗർഭസ്ഥശിശുവിനെ അമ്പെയ്ത വീരകൃത്യം ചെയ്തത്. (യുദ്ധത്തിന്റെപരിണാമം, കുട്ടികൃഷ്ണമാരാർ). ഗർഭസ്ഥശിശുവിനോടുള്ള ഈ കലാപരിപാടി ചെറ്യമാറ്റത്തോടെ ഗുജറാത്തിലും പിന്നീട് അരങ്ങേറിയുന്നു. അരുംകൊലകൾ ശാന്തചിത്തഭാരതസംസ്കാരത്തിന്റെ ഭാഗമത്രെ.

പ്രതിരോധമന്ത്രാലയം ഉണ്ടാക്കാം എന്നതുകൊണ്ടാണ് ദേശരാഷ്ട്രം തന്നെ ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ട്‌ പുറത്തു നിന്നുള്ള അക്രമികള്‌ ഉണ്ടാകേണ്ടതും ഇടക്കിടയ്ക്ക് അവരെ തട്ടിക്കളയേണ്ടതും ദേശരാഷ്ട്രസങ്കല്പത്തിന്റെ പൊലിമ നിലനിർത്തുന്നതിനു അത്യന്താപേക്ഷിതമാണ്. ആകയാൽ, ഗോബ്രാഹ്മണഹിതാനുസൃതം ആരേലുമൊക്കെ ഇടക്കിടയ്ക്ക് തട്ടിക്കളയുന്നത്, ദേശരാഷ്ട്രത്തിനായുള്ള ഒരു ഇന്ത്യൻ ആദ്ധ്യാത്മിക പ്രവർത്തനമാകുന്നു. ആരാച്ചാർക്ക് പണിയില്ലാത്ത ദേശരാഷ്ട്രം എന്തോന്നു ദേശരാഷ്ട്രം?

ബലത്തിനാളല്ലായ്കയാൽ അഹിംസാവാദിയാകുകയും നിവർത്തികേടുകൊണ്ട്‌ ജനാധിപത്യവാദി ആവുകയും ചെയ്യുന്നവരുടെ വൈകാരിക കൂട്ടായ്മകൾ കൊണ്ട് മേലേ വിവരിച്ച ഭാരതീയ ആദ്ധ്യാത്മികബോധത്തെയും പ്രവർത്തനത്തേയും ചെറുക്കാം എന്ന തെറ്റിദ്ധാരണകൾ ഉണ്ട്. ഇപ്പോഴെങ്കിലും വികാരം കൊണ്ടില്ലെങ്കിൽ നമ്മൾമനുഷ്യരാണൊ എന്ന ആശങ്കകളുണ്ട്. ബലത്തിനാളല്ലായ്കയാൽ അധർമ്മം ആകാം എന്ന മാരാരുടെ വായന നമ്മെ ജയിപ്പിച്ചില്ലേലും സാധൂകരിക്കാൻ ഇടയുണ്ട്. ('നേശേബലസ്യേതി ചരേദധർമ്മം'-കുട്ടികൃഷ്ണമാരാർ)
അവനവനെത്തന്നെയും നിശിതമായി ചോദ്യംചെയ്ത ഗൗതമബുദ്ധൻ ഇപ്പോൾ മിണ്ടാത്ത വെങ്കല പ്രതിമയാണ്. ആട്ടിൻകുട്ടിയെ കല്ലെറിയുന്ന കുട്ടികൾക്ക് സിദ്ധാർത്ഥനെന്നാണ് പേര്. അന്യായമായ വധശിക്ഷയിൽ നിന്നും രക്ഷപെട്ടോടിയ തെറ്റിന്ന് നീതിമാനായ ജൈലറാൽ വേട്ടയാടപ്പെടുന്ന ഗോവർദ്ധന്റെ യാത്രകൾ ഭാരതത്തിന്റെ നീതിവിചാരത്തിന്റെ ധാർമ്മികപ്രശ്നമായി തുടരുന്നുണ്ട്. ഒരു ധാർമ്മിക പ്രശ്നത്തിനും ഗുരുക്കൾ ഇവിടെ ഉത്തരം കൊടുക്കാറില്ല. മൗനമാണ് ഗുരുക്കളുടെ വ്യാഖാനം*. ഛിന്നസംശയരാണ് ശിഷ്യർ. ഈ പാരമ്പര്യവും തുടരുന്നുണ്ട്.

എന്നിട്ടും, മോയികുട്ടിവൈദ്യർ മഹാകവിയാണെന്നും ഗോധ്രയിൽ വീണ ചോര ചുവന്നതുതന്നാണെന്നും ചേകന്നൂരിന്റെരക്തം ഇന്നും നിലവിളിക്കുന്നുണ്ടെന്നും ബോധ്യത്തോടെ വിളിച്ചു പറയുന്ന, പോക്കിടമില്ലാത്ത താങ്ങാനാളില്ലാത്ത ന്യൂനപക്ഷത്തിൽ എനിക്കിപ്പോഴും വിശ്വാസമുണ്ട്.

പിന്നറിയിപ്പ്:
ഈ കുറിപ്പും രാമായണം കൊറേം ഉണ്ടെന്ന രാമാനുജനവാദവുമൊക്കെ ഇക്കാല ഹനുമാൻസേനകളുടെ വാൽബലത്തെ ഭയമില്ലാത്തവർ മാത്രം പ്രചരിപ്പിക്കുക. കുരങ്ങരെ എഴുതിയന് പണ്ടേ തീരെ പേടിയാണ്.

അവലംബം
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്-തുഞ്ചത്തെഴുത്തച്ഛൻ
ഭാരതപര്യടനം-കുട്ടികൃഷ്ണമാരാർ
ചിന്താവിഷ്ടയായ സീത-കുമാരനാശാൻ
കുടുംബത്തെ ആക്രമിച്ച കുമാരനാശാൻ-എം.എൻ.വിജയൻ
ഗോവർദ്ധന്റെ യാത്രകൾ-ആനന്ദ്
Hindutva-Savarkar
ബുദ്ധനും ആട്ടിൻകുട്ടിയും-എ.അയ്യപ്പൻ
*ചിത്രം വടതരോർമൂലേ/വൃദ്ധാശിഷ്യ ഗുരുഃ യുവ
ഗുരോസ്തുമൗനം വ്യാഖ്യാനം/ശിഷ്യാസ്തു ഛിന്നസംശയാഃ -ഒരു ദക്ഷിണാമൂർത്തി ശ്ലോകം.

Blog Archive