Tuesday, December 27, 2016

ചിലർ തനിച്ച്


ഉള്ളിൽ പെയ്യുന്നോളം
പുറത്തേക്കു ചാറാത്തൊരുവൾ
ഏകാന്തതയോട് ചതുരംഗം വയ്ക്കുന്നു.
വിരസതയുടെ കളത്തിൽ
വിശ്രമിക്കുന്ന കുതിരകളിൽ
കളി പുരോഗമിക്കുന്നു.

അവൾക്കറിയാലിപികളിൽ
അവളെയെഴുതി
ഒരുവൻ ഒറ്റയാകുന്നു.
ഉന്മാദിയുടെ രഹസ്യങ്ങൾ
വിനിമയം ചെയ്യാത്ത ഭാഷയിൽ
പരാജയപ്പെടുന്നു.

പരസ്പരം പുറത്താക്കിയ രണ്ടുപേർക്ക്
ഏകാന്തത്തിലേക്ക്
ഗൃഹപ്രവേശത്തിനു മുഹൂർത്തമകുന്നു.

മിന്നലേറ്റ തെങ്ങിന്റെ
ഏകാന്തതയെ
ഒരോലേഞ്ഞാലി ചുറ്റുന്നു.
അതിന്റെ ചിറകിൽ കനക്കുന്നു
കുരുത്തോലമഞ്ഞ.
തെങ്ങിന്റെ ധ്യാനം
കാറ്റിലേക്ക് ചില്ലനീട്ടുന്നു.
കുന്നിനപ്പുറത്തേയ്ക്ക് കുടിവയ്ക്കുന്നു
മഞ്ഞച്ചിറകുകൾ.

വെയിൽച്ചീളുകൾ പകിടകളിച്ച മദ്ധ്യാഹ്നങ്ങളെ
സന്ധ്യയിലേയ്ക്ക് കുടിപാർത്ത ഓർമ്മകൾ അയവിറക്കുന്നു.
ഒന്നും പുറത്തേയ്ക്ക് ചാറാതെ
വേലിചാരി
മറ്റൊരുരാവൊരുങ്ങുന്നു.

പനഞ്ചോട്ടിൽ
പകൽ വീതുവച്ചതു തിരഞ്ഞ്
വിളറിയ നിലാവെത്തുന്നു.
എത്രമോന്തിയിട്ടും മത്താകാതെ
നിഴലേണിചവിട്ടി
മാട്ടക്കുടം തിരയുന്നു.

ഉള്ളിൽപെയ്യുന്നതിനു
പുറത്തുകുടചൂടി
ഇടവഴിനടന്ന്
പിരിയുന്നു.

Sunday, December 25, 2016

ക്രിസ്തുമസോർമ്മകൾ

കാര്യസാധ്യത്തിനു കർത്താവെന്നും അല്ലാത്തപ്പോൾ യേശു ക്രിസ്തു എന്നും മലയാളത്തിൽ അറിയപ്പെടുന്ന ജീസസ് ക്രൈസ്റ്റുമായി നമുക്കുള്ളത് ചില സാമ്പത്തികബന്ധങ്ങളാണ്. ജീവിതത്തിൽ നമുക്ക് ഉപകാരപ്പെട്ടിട്ടുള്ള ജന്മദിനം ടിയാന്റേതുമാത്രമാണ്. മൂപ്പരുടെ ബർത്ത്ഡേ ആഘോഷിക്കാൻ കരോൾ നടത്തിക്കിട്ടിയ കാശാണ് നമ്മുടെ കയ്യിൽ കൊള്ളാവുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ടു തന്നത്. വരുമാനമില്ലാത്ത വായനശാലകളുടെ ചാകരക്കാലമാണ് ക്രിസ്തുമസ്. ഈ സാമ്പത്തിക ബന്ധം കൊണ്ട്‌ ശ്രീകൃഷ്ണജയന്തിയേക്കാൾ ക്രിസ്തുമസ്സായിരുന്നു നമുക്ക് പ്രിയം. ഗായകൻ, ഡ്രൈവർ, യോദ്ധാവ്, മോഷ്ടാവ് എന്നു വേണ്ടാ കുളിസീൻപിടുത്തത്തിൽ വരെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടും കണ്ണൻ വൃന്ധാവനം നമ്മുടെ ഫേവറൈറ്റ് ആയില്ല. കാരണം, ടിയാന്റെ ജന്മദിനത്തിനു വേഷം കെട്ടിച്ച് കിലോമീറ്ററുകൾ നടത്തിയിട്ട് നമുക്ക് തന്നത് ഒരു പിടി അവലാണ്. തന്നെയുമല്ല അവനൊരു കൃഷ്ണനാ എന്നതിന് കള്ളനാണെന്നും കോഴിയാണെന്നും അർത്ഥമുണ്ട്‌ നാട്ടിൽ. യേശൂവിന്റെ മാർഗത്തിൽ ഇത്തരം പൊല്ലാപ്പൊന്നുമില്ല. ഇതാണ് ക്രിസ്തുമസുമായി നമുക്കുള്ള ആദ്ധ്യാത്മിക ബന്ധം.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും സോഫിയയും ശാ.ശീ 3:4 എന്നെഴുതിക്കളിക്കുന്നത് കണ്ടപ്പോഴാണ് ബൈബിള്‌ നോക്കിയാലെന്താ എന്ന് ആദ്യമായിത്തോന്നിയത്. ആ വൈകുന്നേരം, ബാപ്പുജിസ്മാരക വായനശാലയിൽ, ഞങ്ങൾക്കു മുന്നിൽ പഴയ നിയമം തുറക്കപ്പെട്ടു. എന്റെ സുന്ദരീ എന്നുംനിന്റെ മുലകൾ പ്രാവുകളെപ്പോലെ എന്നുമൊക്കെ വേദവചനം വായിച്ച് ഞങ്ങൾ വണ്ടറടിച്ചു. ബാപ്പുജിസ്മാരകവായനശാലയുടെ പാതിപൊളിഞ്ഞ മതിലിൽ ഇരുട്ടാക്കിയ സന്ധ്യകളറിഞ്ഞ മലയാളത്തിൽ പറഞ്ഞാൽ പ്രേമവും പീസുമുള്ള ഈ വേദപുസ്തകം കിടിലൻ. മുല എന്നെഴുതുന്നത് അന്ന് പീസാണ്. മൊബൈൽ പൂർവ്വകാലമാണ്. പുള്ളേർക്കാശ്വാസം പമ്മനാണ്. അയ്യനേത്തിന്റെ വേട്ടയിലെ 'ജഘനം' അന്ന് കട്ടിമലയാളമാണ്. എന്തായാലും ബൈബിൾ എന്ന വേദപുസ്തകത്തിലേക്ക് ഞാനസ്നാനം ചെയ്യപെട്ടത് ആ വൈകുന്നേരമാണ്. തുടർദിവസങ്ങളിൽ വായനശാലയിലെ വേദപുസ്തകത്തിനു ചുറ്റും അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ക്രിസ്തുമസിനു ഏകദേശം അഞ്ച് ദിവസം മുന്നേ നമ്മൾ കരോൾ തുടങ്ങും. ബാപ്പുജിസ്മാരകവായനശാലയുടെ ഇടവകയിലെ ജനങ്ങൾക്കിടയിലെല്ലാം കർത്താവിന്റെ ബർത്ത്‌‌ഡേകാര്യം എത്തിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വേണം. അശ്വാരൂഢനും ആയുധധാരിയുമായ വി:ജോർജ്ജാണ് ഞങ്ങൾടെ പള്ളീടെ മൊതലാളി. പുള്ളീടെ പേരിലുള്ള കരോൾ പിരിവ് സംഘവുമായി ഏരിയകൾ ക്ലാഷാകാതെ വേണം നടവണ്ടിയും ഊന്നുവടിയും മാത്രം കയ്യിലുള്ള ബാപ്പുജി മൊതലാളിയായ വായനശാലയുടെ കരോൾ നടത്താൻ. ചില്ലറ പ്ലാനിംങ്ങൊന്നും പോരാ എന്നു സാരം. പള്ളിയോട് ചേർന്നുള്ള എല്ലാ വീടുകളിലും പാടുമെങ്കിലും (ഇത് പഴയ കഥ. ഇപ്പോൾ ട്വിസ്റ്റായിട്ടുണ്ട്.) അകലങ്ങളിലെ അക്രൈസ്തവ വീടുകളിൽ പള്ളീടെ കരോൾ പാടാറില്ല. കർത്താവിനും ഇന്ത്യൻ റുപ്പിക്കും മതമില്ലാത്തതിനാൾ ഞങ്ങൾ എല്ലായിടത്തും പാടും. സാന്റാക്ലോസിനെ കാണാൻ കണ്ണുമിഴിച്ചിരിക്കുന്ന കുഞ്ഞുങ്ങളുള്ള അക്രൈസ്തവർ ഞങ്ങളെ വിളിച്ചു പാടിച്ചിരുന്നു. കുഞ്ഞുപിള്ളേരുള്ളതല്ലേ പോയേക്കാം എന്ന് ഉദാരമനസ്കരായി ഒറ്റപ്പെട്ട വീടുകളിലേക്കും ഞങ്ങൾ കയറിച്ചെന്നിരുന്നു. അഴിച്ചുവിട്ട പട്ടിമുതൽ സ്നേഹത്തിന്റെ കട്ടഞ്ചായവരെ ആ രാത്രികളിൽ ഞങ്ങളെ കാത്തിരുന്നു.
സിനിമാപ്പാട്ടിന്റെ ക്രിസ്തീയവേർഷനാണ് ഇവിടേം കരോളിന്റെ പ്രധാന ആകർഷണം. കാലിത്തൊഴുത്തിൽ പിറന്നവൻ ജീസസ്/കുരിശിൽ കിടന്നു പിടഞ്ഞവൻ ജീസസ്/ മൂന്നാം നാളിൽ ഉയർന്നവൻ ജീസസ്/ റെയിൻബോ ജീസസ്- എന്ന് അന്യൻ സിനിമയിലെ റെമോ‌ സോങ്ങിന്റെ ഒറിജിനൽ ഞങ്ങളുണ്ടാക്കിയതാണ്. തേടിവരും കണ്ണുകളിൽ ഓടിയെത്തും യേശൂ/ബദ്‌‌ലഹേമിൽ പുൽത്തൊഴുത്തിൽ പിറന്ന വീണ യേശൂ/ അയ്യപയീശോ‌ അയ്യപ്പയീശോ എന്നതും ഞങ്ങളുടെ കലാകാരന്മാർ പടച്ചതാണ്. ഇത്തരം അപൂർവ്വയിനം കലാസൃഷ്ടികൾ അധികമാരും കേൾക്കാതെപോയി. പാട്ടിനു ശേഷമാണ് ഡയലോഗ്. "സർവ്വജനത്തിനുമുണ്ടാകുമാറുള്ളോരു മഹാസന്തോഷം ഞങ്ങൾ നിങ്ങളോട്‌ സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ബദ്‌‌ലഹേമിൽ ജനിച്ചിരിക്കുന്നു. നിങ്ങൾക്കടയാളമോ‌ ശീലകൾചുറ്റി പശുതൊട്ടിയിൽ കിടക്കുന്നോരു ശിശുവിനെ നിങ്ങൾ കാണും.” ഈ മൂന്നു മഹാ വാക്യങ്ങളാണ് ഒരോ വീട്ടിലും പോയി ഞങ്ങൾ പറഞ്ഞിരുന്നത്. പറഞ്ഞുപറഞ്ഞ് ഒടുക്കം "ശിശുത്തൊട്ടിയിൽ കിടക്കുന്ന പശുക്കുട്ടിയെ നിങ്ങൾ കാണും" എന്നായിപ്പോയിട്ടുമുണ്ട്. ഇതൊക്കെ ബൈബിളിൽ ഉണ്ടോ‌ ആവോ? എന്തായാലും ഞങ്ങൾക്ക് ഞങ്ങൾടേതായ ഒരീശോ‌ ഉണ്ടായിരുന്നു.
നിയമങ്ങളിൽ പുതിയതിലാണ് യേശുവുള്ളതെന്ന് പിന്നീടാണ് പിടികിട്ടിയത്. ആർക്കറിയാം എന്ന സക്കറിയയെഴുതിയ കഥ പ്ലസ്‌‌ടൂനു പഠിക്കാനുണ്ടായിരുന്നു. ‘എല്ലാ രക്ഷകന്മാരും കുഞ്ഞുങ്ങളുടേ ചോരയിലൂടെയാണ് വരുന്നത് എന്നോ മറ്റോ‌ ആ കഥയിൽ പറയുന്നുണ്ട്. പയ്യൻസ് ജന്മനാ പ്രശ്നക്കാരനാണ്! ബൈബിളിൽ നോക്കിയപ്പൊഴാണ് പിടികിട്ടിയത്- ആൾ ആശാരിയാണ്. കണ്ണാടി കാൺമോളവും എന്ന സക്കറിയാക്കഥയിൽ കർത്താവിനെ മരപ്പണിക്കാരന്റെ വേഷത്തിൽ കണ്ടു. വാക്കുകൾ‌കൊണ്ട്‌ ചിന്തേറിടാനുള്ള കഴിവ് പുള്ളിക്ക് അങ്ങനെ കിട്ടീതാകും. എന്തായാലും നമ്മെ ഹഠാദാകർഷിച്ചത് ഗിരിപ്രഭാഷണങ്ങളൊന്നുമല്ല. മറ്റൊരു കഥയാണ്. കാനായിലെ കല്യാണത്തിന്റെ കഥ. വെള്ളം വാറ്റി വീഞ്ഞാക്കി മായന്തിരിച്ചു ആശാരിച്ചെക്കൻ. അന്നു നമിച്ചതാണവനെ. വെള്ളം വീഞ്ഞാകുന്നത് കല്യാണ നാളിലാണ്/ വീഞ്ഞാകാത്ത വെള്ളം വിനാഗിരിയായി മാറുന്നു എന്ന് മേതിൽ. പ്രേമത്തിന്റെ ഏത് മാന്ത്രികസ്പർശമാണാവോ‌ ആശാരി ഉപയോഗിച്ചത്. വാറ്റുകാരിൽ വാഴ്തപ്പെടേണ്ടവൻ അവൻ തന്നെ. ശിഷ്യന്മാരിലൊരുത്തനെയെങ്കിലും ആ വിദ്യ പഠിക്കാമായിരുന്നില്ലേ എന്ന് സുവിശേഷം വായിച്ചപ്പോഴെല്ലാം ഓർത്തു. എവിടന്നു? ഒരുത്തനും പഠിച്ചില്ല. ഉയർത്തെഴുന്നേറ്റിട്ടും അവൻ ഈ വിദ്യ ആർക്കും പറഞ്ഞുകൊടുത്തില്ല. എന്തിന്നു മഗ്ദലനാക്കാരത്തി മറിയയല്ലാതെ ഉയർത്തെഴുന്നേറ്റ അവനെ ആരേലും കണ്ടിട്ടുണ്ടോ? സെകന്റ് ചാൻസായി ശിഷ്യർക്ക് ദർശനം കിട്ടി എന്നു പറയപ്പെടുന്നു. ആർക്കറിയാം. എന്തായാലും, വാഴ്തിയ വെറും വെള്ളം വീഞ്ഞാണെന്നും തിരുരക്തമാണെന്നും ചുമ്മാ വിശ്വസിച്ചാശ്വസിക്കുന്നു ഇപ്പോൾ സകലർക്കും.
ദുഃഖവെള്ളിയുടെ തലേരാവ് ഉള്ളിൽ പതിഞ്ഞത് പിന്നീടാണ്. മനുഷ്യപുത്രൻ പ്രാർത്ഥിച്ചിട്ട് തിരിച്ചു വരുമ്പോൾ സകല ശിഷ്യരും കൂർക്കം വലിച്ചുറങ്ങുന്നു. ഉണർന്നിരിക്കാൻ പറഞ്ഞിട്ട് പോയതാണ്. പക്ഷേ, ഒരുവനും അവനെ കാത്തിരുന്നില്ല. ഹൈഡ്രജൻ ആറ്റത്തിന്റുള്ളിലെ പ്രോട്ടോണിനെപ്പോലെ ഫുൾടിഫുൾ ഏകാകിയായി ക്രിസ്തു. ശിഷ്യരെ അവൻ മനുഷ്യരെപ്പിടിക്കാൻ പഠിപ്പിച്ചു. അതിലൊരുത്തൻ അവനെ ഒറ്റുകൊടുത്തു. മറ്റൊരുവൻ മൂന്നുവട്ടം തള്ളിപ്പറഞ്ഞ് സ്വന്തം തടി കഴിച്ചിലാക്കി. എല്ലാറ്റിനും നാന്ദി ആ രാവാണ്. കൂട്ടിനാരുമില്ലാത്ത പ്രവാചകന്റെ ആ രാത്രി. എല്ലാ ക്രിസ്തുമസ്സിനും ഞാൻ‌ ആ രാത്രിയെക്കുറിച്ചോർക്കുന്നു. ചോരയും വിലാപവും പലായനവും കൂടപ്പിറാപ്പായ നിനക്കുമെനിക്കുമിടയിലെന്തെന്ന് തിരഞ്ഞുകൊണ്ടേയിരുന്ന ഒരുവന്റെ പിറന്നാളിനു വേറെന്തോർക്കാനാണ്?

Friday, November 18, 2016

ഇത്തിരികൂടിക്കഴിഞ്ഞിരുന്നെങ്കിലോ?

ഇത്തിരികൂടിക്കഴിഞ്ഞിരുന്നെങ്കിലോ?
പ്രേമിക്കുകില്ലായിരുന്നോ? ലോകത്തെ-
പുറത്താക്കുകില്ലായിരുന്നോ? പുറപ്പെട്ടു-
പോവുികയില്ലായിരുന്നോ? പുകിൽമയിൽ
ആടുകയില്ലായിരുന്നോ?
ഭാഗ്യത്തിന്
ഒന്നും നടത്താത്ത യാഥാർത്ഥ്യബോധത്തിൽ
ചുമ്മാ നടന്നു നാം, ഓർക്കാതൊരേസ്റ്റോപ്പിൽ
തെറ്റിയിറങ്ങിയ രണ്ടുപേരെപ്പോലെ
തെക്കുവടക്കുതിരിഞ്ഞു നടന്നുപോയ്.
 
ഇല്ലപിണക്കം പിണങ്ങുവാൻ തക്കതായ്
ഒന്നുമില്ലല്ലോ, തികച്ചുമാകസ്മികം
കണ്ടു, ചിരിച്ചു, പിരിഞ്ഞു നാം, എന്നാലും
ഇത്തിരികൂടിക്കഴിഞ്ഞുരുന്നെങ്കിലോ?

Tuesday, October 25, 2016

ഏകാന്തത അവരാണ്

എങ്ങോട്ടുള്ളവണ്ടിയിലും പോകാവുന്ന
ചിലരുണ്ട്.
ആരും കാത്തിരിക്കാത്ത
അവരുടേതാണ്
ഏകാന്തത.

കടലിൽ മാത്രം കാലുറയ്ക്കുന്ന നാവികരെപ്പോലെ
കരയിൽ ഇളകിക്കൊണ്ടേയിരിക്കും
ചരരാശിസ്ഥിരരിൽ
അതിദേശാടനഭ്രമകല്പനകളിൽ
ദേശാന്തരങ്ങളെ പുനഃസൃഷ്ടിച്ച്
വാഴ്വ്, വഴിയാകുന്നിനി.

അവരിൽ നിന്നുള്ള വഴികളിൽ
ആളൊഴിയുന്നില്ല,
അതിലാരും അവരിലേക്കില്ല.

തുമ്പയിലയിൽ
ഉച്ചവെയിൽവിരൽ
മാരണം വയ്ക്കുമ്പോൾ
ദാഹം പെരുത്ത്
അവരിലൊരാൾ
നിന്റെ കിണറ്റുവഴി വരും.

നീ എന്തു പകരും?


ഇലകൾ പഴുക്കും
അയാൾക്ക് വഴി നീളും.

പുല്ലുമൂടിയകാട്ടുവഴിയിലെ
സന്ധ്യപോലെ
വിതുമ്പിനിൽക്കും
സങ്കടങ്ങൾ.

വീഞ്ഞുപോൽ നുരഞ്ഞ്
സൗഹൃദങ്ങളിൽ
അവർ മായന്തിരിക്കും.

ഓർമ്മകളുടെ ഓരത്ത്
നിലാവിലെ നിഴൽ പോലെ
മറഞ്ഞു പോകും.

ഏകാന്ത അവരാണ്.

Tuesday, September 6, 2016

കാണാതായ കുട്ടി



നിലവിളിയതിരുകളിലൊന്നും
വെളിപ്പെട്ടില്ല
കാണാതായി കുട്ടിയെ.
ഊരിന്നുള്ളം പോലെ
ഉപേക്ഷിക്കപ്പെട്ട കിണറ്റിന്റെ വിളുമ്പിൽ
വെളിച്ചം വിതുമ്പി
അമ്മയ്ക്കുള്ളം തുളുമ്പി
തോറ്റം പൊട്ടി.

കഴച്ച കാഴ്ചകൾക്കപ്പുറത്ത്
കുട്ടി
ഒന്നിനും മുതിരാതെ
മയങ്ങി.
ആൾമറയ്ക്കപ്പുറത്ത്
ഒച്ചവയ്ക്കാത്ത കുട്ടിയിൽ
ഓർമ്മവന്നോരമ്മയ്ക്ക്
നേരമായി.

മുതിർന്നനോട്ടങ്ങൾക്ക് പുറത്താവുന്ന കുട്ടികൾ
കാണാതാവുന്നു.
കാണാതാവുക എന്നാല്
ഇല്ലാതാവുകയല്ലെന്ന്
കുട്ടിയ്ക്കറിയാം.
പൂക്കളുടെ താഴ്വരകളിൽ
കാണാതായ കുട്ടികൾ
ഇല്ലാതായാട്ടില്ലല്ലൊ.
അല്ലെങ്കില്
കളിനിർത്തി അവരെത്താൻ
കാത്തിരിക്കില്ല വീടുകൾ.

കാണാതാവുന്നത്
ഇല്ലാതാകുന്നതേക്കാൾ ഭയങ്കരമാണെന്ന്
കുട്ടിക്കറിയല്ല.
കുട്ടിയോളം അറിയാതെ
ഒളിച്ചുകളിച്ച്
മുതിർന്നുമുതിർന്ന്
പലതും 
കാണാ(നാകാ)തായി.


കാഴ്ച ആറു(വു)ന്നു.
അതിർത്തികൾ തെളിയുന്നു.

പറയുന്നില്ലെങ്കിലും
കാണാതായ കുട്ടി
കാണുന്നുണ്ട് സകലതും.

Thursday, May 12, 2016

ആത്മം


അവിശ്വസിക്കപ്പെട്ടയാൾ‌,
തിരസ്കൃതരേക്കാൾ ശപ്തൻ.
കുമ്പസാരം അയാൾക്കന്യം.
നീറ്റലുകളുണ്മ.
നീരവമയാൾക്കിരവുമുറിവുകളുടെയോർമ്മ.

ആരുമല്ലാതെ
ആരുടേതുമല്ലാതെ
ഉള്ളൊന്നിലുമുയിർക്കാതെ
പോകുന്നത് അയാളാണ്.

അയാൾ, അയാളുടെ കുരിശ്ശാകുന്നു.
വിലാപഗിരിയിലെ അവിശുദ്ധമരണം അയാളുടേതാകുന്നു.

Sunday, March 27, 2016

മൂന്നാം നാൾ



അധികാരത്തിന്റെ കാൽകഴുകി,
അനുസരണത്തിന്റെ പെസഹയൂട്ടുന്ന ഗുരുക്കൾ
ചാവുനിലത്തിന്റെ കഥ ഓർക്കാതെ
കൈകഴുകിക്കൊണ്ടേയിരിക്കും.
കർത്താവേ,
ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നുണ്ട്.

പാപം ചെയ്യാത്തവരുടെ ചോരയിൽ
പ്രഭാതങ്ങൾ ചുവന്നപ്പോൾ
മൂന്നാം നാളിനു കാക്കാതെ
വിശുദ്ധരെ കല്ലെറിഞ്ഞ
അവിശ്വാസികൾ ഞങ്ങളാണ്.
പ്രഭോ,
നിന്റെ കൃപ എനിക്ക് വേണ്ട.
നിരന്തരം ഭോഗിക്കപ്പെടുന്ന സ്വർഗ്ഗവും വേണ്ട.*
നിന്റെ വിരുന്നില്ലാത്ത നരകവുമായി ഞങ്ങൾ പ്രേമത്തിലാണ്.

കാറും ബൈക്കുമില്ലാത്തവരോട്
കൂറ്റനാദരവ് പറഞ്ഞ ഞങ്ങളെ**
ചില്ലുമേടയിലെ വിരുന്നുകാരൊട്
ചേർത്തു നിർത്തരുത്.
നിന്റെ മേടയേക്കൾ
പീഢാനുഭവത്തിന്റെ ജയിലറകൾ
ഞങ്ങൾക്ക് പ്രിയം.

പ്രഭോ,
നിന്റെ കയ്യിൽ കറയുണ്ട്.
ഞങ്ങളതു പറഞ്ഞുകൊണ്ടേയിരിക്കും.
നീ ദുഃഖവെള്ളികൾ ഉണ്ടാക്കികൊൾക
എല്ലാം നാളും ഞങ്ങൾക്ക് മൂന്നാം നാളാണ്.

.....
* “സ്വർഗം സർവ്വലാരും ഭോഗിക്കപ്പെടുന്ന കാലത്ത്
ഞാൻ നരകവുമായി പ്രേമത്തിലാണ്” -ഷംസുപനമണ്ണ,, എന്റെ വെള്ളിയാഴ്ച

** “കാറും ബൈക്കുംമില്ലാത്തവരോട് കൂറ്റനാദരവ്”   കാറും ബൈക്കും ഇല്ലാത്തവരോട്, ബിപിൻ ബിന്ദു ബാബുരാജ്


Monday, March 21, 2016

മദ്യപന്റെ മാനിഫെസ്റ്റോയെക്കുറിച്ച്

മദ്യപൻ എന്ന് പുല്ലിംഗത്തെയാണ് “മദ്യപന്റെ മാനിഫെസ്റ്റോ” എന്ന പുസ്തകത്തിന്റെ അഭിസംബോധനയെങ്കിലും ആണുങ്ങടെ മദ്യസഭകളുടെ നൊസ്റ്റാൾജിയ ഛർദ്ദിക്കുന്നതല്ല ഈ പുസ്തകം. ഇത്, ബ്രാന്റ് വേറാണ്. മദ്യപാനം മഹത്തരമാണെന്നോ മദ്യപിക്കാത്തവർ ഈലോകതത്വമറിയാത്ത മക്കുണരാണെന്നോ ഇതിലില്ല. മദ്യം ആരോഗ്യത്തിനു ഹാനികരമാണെന്ന് പുസ്തകത്തിന്റെ പുറംചട്ടയിലേ പറയുന്നുണ്ട്. 'അധികമായാൽ അമൃതും വിഷം' എന്ന പഴമൊഴി അകത്തൊരിടത്തു ചേർത്തിട്ടുമുണ്ട്. രാഷ്ട്രീയവും സാംസ്കാരികവുമായ മാന്യതകളുടെ വ്യാജലഹരികളെക്കുറിച്ചാണ് ഈ കിതാബ്.

മദ്യംപോലെ മാന്യതയുടെ അളവുകോൽ വേറില്ല. കൂടിയ ബ്രാന്റടിക്കുന്നവൻ കൂടിയ പുള്ളി എന്നാണല്ലോ എന്നും. പഞ്ചനക്ഷത്രത്തിലിരുന്നു കാശുള്ളവന് ഇഷ്ടം പോലെ കുടിക്കാം എന്ന് സർക്കാർ. കാശില്ലാത്ത കൂലിപ്പണിക്കാരൻ ബാറിൽ കേറണ്ട എന്നുംകൂടിയാണല്ലോ‌ ഇപ്പൊഴത്തെ മദ്യനയത്തിന്റെ ഒരിത്. മദ്യശാലയിൽ നിന്നും അകലം പാലിച്ചില്ലെങ്കിൽ വിശുദ്ധിപോകും എന്ന് ദേവാലയക്കാർ. വല്യ വല്യ അക്കാദമിക് കോൺഫറൻസുകളുടെ ഭാഗമയി ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യും നമ്മുടെ ഭാരതത്തിൽ ഇക്കാലത്തും മദ്യ വിളമ്പും പാർട്ടികൾ ഉണ്ടാകാറുണ്ട്. സായിപ്പിന്റെ ശരീരം മാത്രേ‌പോയിട്ടുള്ളൂ‌ എന്ന് സാരം. അങ്ങനെ മാന്യതയുടെ അതിരിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്ന മദ്യത്തെക്കുറിച്ചും അകറ്റിനിർത്തുന്ന നമ്മുടെ മാന്യതയുടെ മൊഞ്ചിനെക്കുറിച്ചുമൊക്കെയാണ് ഈ മാനിഫെസ്റ്റോ. മദ്യപന്റെ വെള്ളം ചേർക്കാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിനു നിദാനം എന്തെന്നാൽ 'അനുഭവം' എന്ന് കുപ്പിയിലാണ് പ്രസാധകർ ഈ പുസ്തകത്തെ നിറച്ചിരിക്കുന്നത്.

മദ്യവിരോധികൾ അഥവാ മദ്യം നിരോധിച്ചേ തീരൂ എന്ന് കട്ടായം പറയുന്ന മാഹാത്മാക്കളുടെ തരം പോലെ തിരിയുന്ന നീതിബോധത്തെക്കുറിച്ചു ചരിത്രവും വർത്തമാനവും കഥപറയുന്നു. ഇത്തരം നീതിമാന്മാരിൽ കാമധർമ്മവ്യസനിതനായിരുന്ന സാക്ഷാൽ എം.കെ.ഗാന്ധി മുതൽ കേരളാഗാന്ധി കേളപ്പൻ വഴി അഭിനവഗാന്ധിവേഷധാരികളാം ആന്റണിജിയും വി.എം.സുധീരൻ ജിയും വരെ ഉണ്ട്. (ജി ഒരു സംഘി പ്രത്യയം മാത്രമല്ല ഒരു കോൻഗ്രസ്സ് പ്രത്യയം കുടിയാണ്). മദ്യസേവയില്ലെങ്കിലും ഉള്ളിക്കറി തിന്നുമെങ്കിലും സ്വയം സേവിക്കുന്നവരാം ആർഷഭാരതീയർ ഗാന്ധിഘാകനെ രഹസ്യമായി ആരാധിക്കുകയും പരസ്യമായി (തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ) തള്ളിപ്പറയുകയും ചെയ്യുന്നതിൽ ധർമ്മവ്യസനിത്വം ഉണ്ടോ? അറിയില്ല. ലേകിൻ, ടി സേവകരും പൊതുവിൽ മദ്യത്തിനെതിരാണ്.

പുരോഗമനം എന്ന ചുരുക്കപേരിൽ അറിയപ്പെടാൻ എക്കാലവും ആഗ്രഹിക്കുന്ന ഇടതിന്റെ സദാചാരനിഷ്ഠകളെക്കുറിച്ചും ഈ പുസ്തകം സംസാരിക്കുന്നുണ്ട്. ഡി.പി. ത്രിപാഠിയെന്ന പഴയ സഖാവിന്റെ വിവരണം അങ്ങനെ വരുന്നതാണ്. കാന്റീനിൽ ഇരുന്ന് ഏതോ സ്സ്ത്രീ സഖാവിനോട് സംസാരിച്ചതിനാൽ പാർട്ടി അച്ചടക്ക നടപടി നേരിട്ട സി.ഭാസ്കരനെക്കുറിച്ചും പുസ്തകത്തിൽ ഓർക്കുന്നുണ്ട്. തീർന്നില്ല. മദ്യത്തോടൊപ്പം കാമവും പ്രേമവും വിഷയമാകുന്നത് പുതിയകാര്യമല്ല. പ്ലേറ്റോ പ്രേമത്തെക്കുറിച്ച് പറയുന്ന സിമ്പോസിയം എന്ന ഡയലോഗ് നടക്കുന്നത് ഒരു മദ്യസഭയിലാണ്. ആരോഗ്യകരമായ മദ്യപാനത്തെപ്പറ്റി ഡയലോഗടിച്ചാണ് ആ സിമ്പോസിയം തുടങ്ങുന്നത് തന്നെ. അവനവൻ ആരോഗ്യാനുസരണം-കപസിറ്റിക്കനുസരിച്ചു മാത്രം- കുടിക്കുക എന്നാണ് താത്വിക മൊഴി. 1967 , മഹാത്മജിയുടെ ജന്മശതാബ്ദി വർഷത്തിൽ സ: .എം.എസ് കേരളത്തിൽ ഭാഗികമായുണ്ടായിരുന്ന മദ്യനിരോധനവും നിസ്സങ്കോചം വേണ്ടെന്നു വെച്ചു. നാടു നീളെ മദ്യശാലകൾ സൃഷ്ടിക്കുകയാണ് പുതിയ ശങ്കരനെന്ന് സാക്ഷാൽ വി.ടി. നിശിതവിമർശനം ചെയ്തു. “നമ്പൂതിരിപ്പാട് കുലുങ്ങിയില്ല. മദ്യനിരോധനം സസ്പെന്റു ചെയ്തതിനു പിന്നാലെ അദ്ദേഹം കേരള ലോട്ടറിയെന്ന ചൂതാട്ടം ആരംഭിച്ചു. നിരാശാഭരിതരായ മലയാളികൾക്ക് ഭാവിയിൽ മദ്യമല്ലാതെ മറ്റൊരാശ്വാസമുണ്ടാവില്ലെന്നും, ലോട്ടറിയടിച്ചാലല്ലാതെ അവർ രക്ഷപ്പെടാനിടയില്ലെന്നുമുള്ള ക്രാന്തദർശിത്വം തിരുമേനിക്കുണ്ടായിരുന്നു. കള്ളുചെത്തു കൂടി നിരോധിക്കണമെന്ന അഭിപ്രായമുള്ള തീവ്ര മദ്യ വിരുദ്ധപ്രസ്ഥാനമായ മുസ്ലീം ലീഗിന്റെ സമാരാധ്യ നായകൻ സി.എച്ച്. മുഹമ്മദ് കോയ ആ മന്ത്രിസഭയിൽ പ്രബലനായി വാണിരുന്നെന്നും ഓർക്കണം...”(75). ലീഗിനിത് തീരെ ഇഷ്ടപ്പെടാത്ത ഒരു ഓർമ്മയായിരിക്കും. ഇമ്മാതിരി, ആളുകളെ മക്കാറാക്കുന്ന ഓർമ്മകളെ ഇടയ്ക്കിടെ തോണ്ടിപുറത്തിടുന്നുണ്ട്‌ ഈ പുസ്തകം.

ഭാര്യയുടെ പേരിലുള്ള ബാറു (അടൂരിലെ യമുന) കൂടാതെ ബിനാമി പേരിൽ ബാറുകളുണ്ടെന്ന് പറയപ്പെടുന്ന അബ്കാരിയെ, സോറി, അടൂർ പ്രകാശൻ എന്ന ജനപ്രതിനിധിയെ മന്ത്രിസഭയിലെടുത്തു ഉമ്മൻ ചാണ്ടി ജി, 2004 . ഘട്ടംഘട്ടമായി സമ്പൂ‌‌ർണ്ണ മദ്യ നിരോധനം എന്ന മന്ത്രം ഉരുക്കഴിക്കുന്ന ചാണ്ടി സാറിനു, മദ്യത്തിന്റെ രസതന്ത്രം ഉപദേശിക്കാൻ അന്ന് അടൂർ പ്രകാശനും, അബ്കരികളുമായി അവിശുദ്ധ ബന്ധമുണ്ടെന്നു ലീഡർ കരുണാകരനാൽ ആരോപിക്കപ്പെട്ട വക്കം പുരുഷോത്തമനും (എക്സൈസ് മന്ത്രി) വേണ്ടിയിരുന്നു എന്നു കിതാബിലെ ന്യായം. ഇങ്ങനെപോയി, കള്ളുവ്യവസായികളാൽ ഇപ്പോൾ നടത്തപ്പെടുന്ന ശ്രീനാരയാണ ധർമ്മ പരിപാലന സംഘത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ സൂചനയുണ്ട്. ധർമ്മം ധർമ്മക്കാരനായെന്ന് പറഞ്ഞ വൈലോപ്പിള്ളി മദ്യപാനിയായിരുന്നോ ആവോ? ഈ പുസ്തകത്തിൽ ഇല്ല.
ഇമ്മട്ടിൽ, മദ്യവിരുദ്ധരുടെ ധർമ്മനിഷ്ഠകളിലെ വ്യാജത്തെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. മദ്യപിക്കാത്തവർ, സോറി, മദ്യത്തിനെതിരെ പറയുന്നവർ മാന്യരാകുന്ന കാലത്ത് മാന്യതയുടെ പിന്നിലെ നെറികേടിന്റെ മനോഹരമായ മുഖം കാട്ടിത്തരുന്ന ഈ കിതാബ് കണ്ണാടിയുടെ ഗുണം ചെയ്തേക്കാം. 'കണ്ണാടി കാണ്മോളവും തന്മുഖം ഏറ്റം നന്നെന്നല്ലോ' കവി വചനം. വചന്നം സത്യമാകുന്നു. ആയതിനാൽ, കല്യാണത്തിനു വെള്ളം വാറ്റി വീഞ്ഞാക്കിയവന്റെ സഭക്കാർ, മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചും ബാറുകള്‌ നടത്തിയും തളരുന്ന കേരളം എന്ന വലിയ ഇടവക ഈ പുസ്തം വായിക്കേണ്ടതാണ്.

ഇത്രമാത്രമല്ല ഇതിലുള്ളത്. മദ്യത്തിന്റെ വിലയിലെ വലിയ കള്ളത്തെക്കുറിച്ചും അതുവഴിയുള്ള ചൂഷണത്തെക്കുറിച്ചും വ്യക്തമായുണ്ട്. സർക്കാർ സ്വന്തം നിലയ്ക്ക് ചെയ്യുന്ന തീവെട്ടിക്കൊള്ളയായതിനാൽ അതിൽ ഏറെ ഒന്നും പറയേണ്ടതില്ല. അമ്പതു തെങ്ങിലെ കള്ളുകൊണ്ട്‌ അയ്യായിരത്തിലേറെ മഹത്തുക്കളെ നിറയ്ക്കുന്ന ഷാപ്പുകൾക്ക് ലൈസൻസുള്ള ഈ നാടു കണ്ട്‌ അഞ്ചപ്പം കൊണ്ട് അയ്യായിരത്തിനെ ഊട്ടിയ കർത്താവ് കേരളത്തിൽ വന്നാൽ പ്ലിംഗിപ്പോകും. പള്ളിമാത്രമല്ല പുള്ളിക്ക് പ്ലിംഗാനുള്ള കാരണമെന്ന് സാരം.
കന്നാലി കാടികുടിക്കുന്നതുപോലെ മലയാളികൾ മദ്യം മോന്തുന്നതെന്തെന്നതിലേക്ക് ചെറിയ നിരീക്ഷണങ്ങളുണ്ട്. മദ്യമുണ്ടാകും മുന്നേ അലമ്പായ മലയാളിയാണ് കുറിയേടത്ത് താത്രിയെ ഉണ്ടാക്കിയതെന്ന് സാംസ്കാരിക മേൽക്കോയ്മക്കാർക്ക് നസ്യമുണ്ട്. സംബന്ധവും അസംബന്ധവുമായിക്കഴിഞ്ഞ പൂർവ്വകാലത്തെക്കുറിച്ചുള്ള ചില ഓർമപ്പെടുത്തലുകൾ ഇപ്പൊഴത്തെ നായർ തറവാടികൾക്ക് രസിക്കാൻ ഇടയില്ല. ചോവൻ ചെത്തും. ചോത്തി കുടിക്കാൻ വരുന്നവനെ പരിചരിക്കും. ഈ ഭൂതകലം കൂടി ആകുമ്പോൾ, മലയാളത്തിന്റെ നടപ്പ് സദാചാരക്കാരിൽ ഏറെപ്പേരുടെയും 'തറവാട്ടിൽ' ദോഷം ഉണ്ടെന്നും വരാം. സംസ്കാരത്തിന്റെ മേനിപറച്ചിലിലെ ജാതികളെക്കുറിച്ചും പുസ്തകം കടന്നു ചെല്ലുന്നു.
'മദ്യം വിഷമാണ്. അത് കുടിക്കാൻ വിഷമമാണ്. അത് കുടിച്ചാലും വിഷമമാണ്.' എന്ന് പറഞ്ഞു തന്ന പേരോർമ്മയില്ലാത്ത ഇക്കയെ സ്മരിച്ച് ഈ കുറിപ്പ് നിർത്തുന്നു.

മദ്യപന്റെമാനിഫെസ്റ്റൊ വാറ്റിയെടുത്തത് ഗിരീഷ് ജനാർദ്ദനൻ
കടലാസിലാക്കി വിളമ്പുന്നത് ഗ്രീൻ ബുക്സ്.
വില: ഓൾഡ് മോങ്ക് റമ്മിന്റെ ക്വാർട്ടറിനേക്കൾ കുറവ്-95 രൂപ.

Blog Archive