Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

Tuesday, May 14, 2013

പോത്ത്

ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.

കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.

കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.

ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.

എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........

*രഘുവംശത്തിലെ ദിലീപന്റെ കഥ.

Saturday, May 4, 2013

വൈകുന്നത്

മരിക്കാന്‍ താമസിച്ചതുകൊണ്ട് മാത്രം
മെനക്കെട്ട് ജീവിച്ചതാണ്‌
നരഗത്തിന്റെ കാവലേ
വൈകിയതിനു
വഴക്കു പറയരുത്‌
പുറത്ത് നിറുത്തരുത്.
മുന്നേ മരിച്ചൊരാളുടെ
കത്തുചോദിക്കരുത്.

കാരണങ്ങളില്‍
ഏത് രാശിക്ക് ചാവെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
ഉടലിന്റെ ഒരിക്കലൂണ്‌
ഉത്തമോത്തമമാക്കാന്‍ കൊതിച്ചതാണ്‌.
രതിയോ രണമോ അല്ലല്ലോ
മരണമല്ലേ
മറ്റൊന്നില്ലാത്തതല്ലേ
അങ്ങനെ വൈകിയതാണ്‌.

മരിച്ചകുട്ടിയെ*
മഴയത്ത് നിര്‍ത്തിയേടത്ത്
ശരിയായി മരിക്കാന്‍ വലിയ പാടാണ്‌.

കരച്ചിലൊന്നും കൂടെവരാത്തതിനു
കുറ്റപ്പെടുത്തരുത്.
കരയാഞ്ഞിട്ടല്ല
കരയിക്കാഞ്ഞിട്ടല്ല.
കൂട്ടുവെട്ടിപ്പൊന്നിട്ടുമല്ല.
പിന്നെന്തെന്ന് ചോദിക്കരുത്‌
അങ്ങനായിപ്പോയതാണ്‌.
നരഗത്തിന്റെ കാവലേ
പുറത്ത് നിറുത്തരുത്.

*മരിച്ചിട്ടും എന്റെ കുട്ടിയെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയത് എന്തിനാണ്‌"- ഈച്ചരവാര്യര്‍

Blog Archive