Tuesday, November 15, 2011

സമ്മതിച്ചൊ?

നീ വിളിച്ചാലും
ഫോണെടുക്കാതിരിക്കാന്‍
(എങ്ങാനും)കല്യാണം കഴിഞ്ഞാലും
പ്രൊഫൈല്‍പ്പടം സിംഗിള്‌ വയ്ക്കാന്‍
കെട്ട്യോളെ കെട്ടിപ്പിടിയ്ക്കണ ഫോട്ടൊ
വിളമ്പാതിരിക്കാന്‍
തോന്ന്യ സുന്ദരിമാരുടെ ഫോട്ടോക്ക് ലൈക്കടിക്കാന്‍
ചുമ്മാതൊരു തോന്നലിന്‌
ബാറിലേക്ക് ഒറ്റക്ക് പോകാന്‍
എല്ലാരും ഉറങ്ങീട്ട് വീട്ടീക്കേറാന്‍
ഇത്രേമൊക്കെ സമ്മതിക്കൂങ്കി
പെണ്ണേ നിന്നെക്കെട്ടാം.
അല്ലേല്‌
നീ എന്നെ കെട്ടിക്കോ.
ഇത്രേമൊക്കെ ഞാനും സമ്മതിക്കാം.

പിന്നെ
മഴ നനഞ്ഞ്
ഞാനമ്മച്ചീടടുത്തേക്ക് പോയെന്നു വരും
അതിനെന്തോന്നനുവാദം? ല്ലേ!

ജീവിതം
കുറച്ചു കാലത്തേക്കുള്ള
ഒരു വെളിച്ചപ്പെടല്‍ ആയതുകൊണ്ട്
ഉപാധികളാല്‍ ആധികൂട്ടാന്‍
വരില്ലെന്ന്, നിന്നുതരില്ലെന്ന്.

അല്ലാതൊരുറപ്പും തരാനില്ലെന്ന്.


Wednesday, October 12, 2011

വിലാസമില്ലാത്തവള്‍ക്ക്

എന്റെ നിനക്ക്
എന്തുകൊണ്ടൊക്കെയോ
എനിക്കെത്താവുന്ന വിലാസമില്ല.
മണ്ണിലെ നിനക്ക്
മറ്റൊരുവന്റെ വിലാസം
മരിക്കുവോളം
അതിലേക്കെഴുതുന്നതെങ്ങിനെ?

മറവിയില്ലാത്തതിനാല്‍
ഉള്ളില്‍ ചുരമാന്തും
മെരുങ്ങാമൃഗത്തെ
തുടലിമുള്ളുകെട്ടി
തടുത്ത് തോറ്റോളേ
മഴക്കാടിന്റെ
ഘനശ്യാമഹരിതം
ഗൂഢമുള്ളിലുള്ളോളേ
ആ നിന്റെ പേര്‌
എടുത്തുപോയതാര്‌?

വേരുറപ്പിച്ചു നിന്നു
വെയിലേല്‍ക്കുന്ന വൃക്ഷം
ഉള്ളിലുള്ള നിനക്ക്
വനമന്യെ വിലാസമെന്തുണ്ട്?

കാടും കറുപ്പും
ചുട്ടുതിന്ന നാട്ടില്‍
വേരില്ലാത്തവര്‍ക്ക്
പേരേറും നാട്ടില്‍
ഉള്ളില്‍ മൃഗമുള്ള
നിന്റെ വിലാസത്തില്‍
കാടിനുള്ളില്‍ വന്നു
കത്തുതരാനാര്‌?

മണ്ണിലെ നിനക്ക്
മറ്റൊരു വിലാസത്തില്‍
ആരെഴുതിയാലും
ഞാനെഴുതിയാലും
മടക്കിയയച്ച്,
മെരുങ്ങാമൃഗത്തെ
മുള്ളൊഴിച്ച് വിട്ട്,
സ്വന്തം വിലാസം
തിരിച്ചെടുക്കുമ്പോള്‍
നിനക്ക് മാത്രം
വായിച്ചെടുക്കാന്‍
ചതിച്ചിതലുകേറാത്തിടഞ്ഞ്
കരുതിവയ്ക്കുട്ടെ
കയ്യക്ഷരം ഞാന്‍.

Thursday, October 6, 2011

അരങ്ങൊരുക്കുന്നവര്‍, നടത്തിപ്പുകാര്‍ പിന്നെ അരങ്ങും

അരങ്ങൊരുക്കുന്നവരെന്നും നടത്തിപ്പുകാരെന്നും സംഘാടകര്‍ രണ്ടുതരമുണ്ട്. നന്ദിപ്രമേയത്തില്‍ ചേര്‍ക്കപ്പെടാതെ പോകുന്ന പേരുകളായി അരങ്ങൊരുക്കുന്നവര്‍ കാണപ്പെടും. അഭിനന്ദന പ്രസംഗങ്ങളില്‍ അവര്‍ വിസ്മരിക്കപ്പെടും. അവര്‍ ഉണ്ടായിരുന്നു എന്നതിനു പ്രത്യക്ഷം കുറവായിരിക്കും. വെളിച്ചമില്ലാത്തിടങ്ങളിലും അവര്‍ വേല ചെയ്യും. തിരശ്ശീലയുയരുന്നതിനു മുന്നും താഴ്ന്നതിനു ശേഷവും അവര്‍ വേദിയിലുണ്ടാകും. അരങ്ങിനെ സാദ്ധ്യമാക്കിയ ആര്‍ജ്ജവം അവരുടേതായിരിക്കും. അടുപ്പുപൂട്ടുന്നിടന്ന് വിറകായും വാര്‍പ്പ് കഴുകുന്നിടത്ത് കരിയായും അവരുണ്ടാകും. അവരെ ഓര്‍ക്കുന്നവര്‍ കുറവെന്നപോലെ അവരെച്ചൊല്ലി പരാതികളും കുറവായിരിക്കും. അവരൊരുക്കിയ അരങ്ങത്ത് ആടിയവര്‍ വാഴ്തപ്പെടും. ആ വേദിയേലേക്ക് തുറന്ന വഴികള്‍ മാത്രം. അരങ്ങിലേക്ക് അകലം ഇത്ര കുറവെന്ന് കണ്ട് നമ്മള്‍ ആഹ്ലാദിക്കും. ആയതിനാല്‍തന്നെ അവിടേക്ക് എത്തിപ്പെടാനാകാത്തവര്‍ ചുരുക്കമായിരിക്കും. വരാനാകാത്തവരുടേതും, അങ്ങനുള്ളവരെ ഓര്‍ത്തുള്ളതുമായ വിഷമങ്ങളും കുറവായിരിക്കും.

അരങ്ങൊരുക്കുന്നവര്‍ നിലാവിലെ നിഴലുകള്‍ പോലാണ്‌. ആരെയും അലോസരപ്പെടുത്താതെ സ്വന്തം വേഷമാടി അവര്‍ മാഞ്ഞുപോകും. അരങ്ങിന്റെ പൊലിമയിലും വിളമ്പുന്നതിന്റെ സമൃദ്ധിയിലും അകന്നു നിന്ന്‌ അവര്‍ ആഹ്ലാദിക്കും. തുടര്‍ന്ന് അഭിനന്ദനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആഘോഷത്തിന്റെ അവശിഷ്ടങ്ങള്‍ വെടിപ്പാക്കുന്നതിലേക്ക് പിന്മാറും. എന്നിട്ടും ആരുടെയൊക്കെയോ ഓര്‍മ്മകളില്‍ ഹരിതകമായി അവര്‍ അടയാളപ്പെടും. ചെറുതെങ്കിലും തെളിച്ചമുള്ള ആ ഇത്തിരി മുദ്രകളില്‍ അവര്‍ അനശ്വരരാകും. സാകല്യത്തിന്റെ സൗകുമാര്യങ്ങള്‍ അവര്‍ക്ക് ശോഭപകരും.നടത്തിപ്പുകാര്‍ എങ്ങും നിറഞ്ഞു നില്‍ക്കും. നന്ദിപ്രമേയം അവര്‍ക്കായുള്ളതായിരിക്കും. അഭിനന്ദനങ്ങളില്‍ അവരുടെ പേരുകള്‍ക്ക് മുഴക്കം കൂടുതലും ആഴം കുറവുമായിരികും. വേദിയില്‍ അവരില്ലാതിരിക്കുന്നേയില്ല. നിര്‍ദ്ദേശങ്ങളായി അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വെളിച്ചത്ത് മാത്രം വരത്തക്കവിധം നടത്തിപ്പുകാര്‍ തിരക്കിലായിരിക്കും. ഭൂരിഭാഗവും അവരെ ഓര്‍ക്കും. അപ്പോഴും അരങ്ങിന്റെ അരികുകകളില്‍ അവരെച്ചൊല്ലി പരാതികള്‍ പെരുകുന്നുണ്ടാകും. നടത്തിപ്പുകാരോടൊപ്പമല്ലാതെ ആടിയവര്‍ അറിയപ്പെടുകയില്ല. കൂടുതല്‍ വേഷക്കാരുടെ അഭിരുചികളൂം അത്തരം അറിയപ്പെടലുകളില്‍ തഴയ്ക്കത്തക്കതായിരിക്കും.

നടത്തിപ്പുകാരൊരുക്കുന്ന വേദിയിലേക്ക് ഇടുങ്ങിയ പല വഴികളുണ്ടാകും. ഒരേ അരങ്ങിലേക്ക് ഒരുപാട് വഴികള്‍ കണ്ട് നമ്മള്‍ അമ്പരക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായുള്ള ആ അരങ്ങ്‌ നമ്മെ ചൊടിപ്പിക്കും. ഉള്‍ക്കനമില്ലാത്ത ഉപാധികള്‍ ദേഷ്യത്തിന്റെ ചൊറിയണം വളര്‍ത്തും. അടച്ച വഴികള്‍ അരങ്ങിലേക്കുള്ള അകലം കാട്ടി നമ്മെ മടുപ്പിക്കും. അവിടേക്ക് എത്താത്തവര്‍ ഏറെയായിരിക്കും. ആയതിനാല്‍ വരാത്തവരെ ഓര്‍ത്ത് വിഷമങ്ങളും വന്നവരോട് പരാതിയും പെരുകും. വന്നവരേക്കാള്‍ വരാത്തവര്‍ ഓര്‍മ്മിക്കപ്പെടും.

നടത്തിപ്പുകാര്‍ അലോസരങ്ങളില്‍ തെളിഞ്ഞു നില്‍ക്കും. അവര്‍ അവരുടെ മാത്രം ഓര്‍മ്മകള്‍ക്ക് ഇന്ധനമാകുകയും അതില്‍ മാത്രം അനശ്വരരാകുകയും ചെയ്യും. സാകല്യത്തിന്റെ സൗകുമാര്യം അവര്‍ക്ക് അന്യമായിരിക്കും.

Tuesday, August 2, 2011

സന്ദിഗ്ദ്ധം

അളിയാ
 
മൊബൈല് പോയി. പാന്റിനോടൊപ്പം സോപ്പ് വെള്ളത്തില്‍ കിടന്നു അതും കുതിര്‍ന്നു.
നോക്കിയോയെ നന്നായി നോക്കണം എന്ന് നീ പറയാറുള്ളാത് ശര്യാടാ.
ഒന്നലക്കിയെടുത്തപ്പോഴേക്കും അത് പോയി. പിന്നെ, ഉണ്ടായിരുന്ന പണീം പോയി. 
ആ മറ്റവന്മാര്‍ ശമ്പളം മൊത്തം തന്നില്ല.എന്തൊക്കെയോ കണക്ക് പറഞ്ഞ് കുറച്ച് പൈസ 
തന്നു പറഞ്ഞു വിട്ടു.പണിപോയല്ലോ എന്ന സന്തോഷത്തില്‍ ഒറ്റരാത്രി കറങ്ങിയപ്പൊഴേക്കും
അതും തീര്‍ന്നു. തല്‍ക്കാലം ഞാന്‍ റ്റ്യൂഷന്‍ പഠിപ്പിക്കാന്‍ ചേര്‍ന്നു.
കാലത്തും വൈകുന്നേരവും ആയി മൊത്തം ആറുമണീക്കൂര്‍.പറഞ്ഞത് കിട്ട്യാല്‌ കഷ്ടി ഒരഞ്ചര 
ഒക്കും.മുടിഞ്ഞ ഫീസാണ്‌ ഇവന്മാര്‍ പിള്ളേരുടേ കൈയ്യില്‍ നിന്നും വാങ്ങുന്നത്.  

ഫോണ്‍ പോയതും പണിപോയതും ഒന്നുമല്ല പ്രശ്നം.കാര്യങ്ങളൊക്കെ കൈ വിട്ടുപോയി. 
ഫോണ്‍ പോയതുകൊണ്ട് നിന്നെ അറിയിക്കാന്‍ പറ്റിയില്ല.
അവള്‍ക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നു നിന്നോട് പറഞ്ഞിരുന്നില്ലേ.
അതിലൊരെണ്ണംകേറി മൂത്തു.പെണ്ണുപാക്കാന്‍ വന്ന ഒരുത്തന് അവളെ മതീന്ന്.
ഇവള്‍ ഇത്രേം സുന്ദരിയാണെന്ന് എനിക്ക് പോലും തോന്നിയിട്ടില്ല. 
അവന്‍ എന്ത് കണ്ടിട്ടാണാവോ? 
ഒന്നും വേണ്ടാന്ന് ആ മറ്റവന്‍ പറഞ്ഞിട്ടും അവടപ്പന്‍ പൊന്നില്‍ പൊതിഞ്ഞു വിട്ടേക്കാം 
എന്ന്‌ വീരവാദവും വിട്ടിട്ടുണ്ട്.മിനിഞ്ഞാന്നാണ്‌ അവളിത് വിളിച്ച് പറഞ്ഞത്.
അവളോട് ആ മണകൊണാപ്പന്റെ കൂടെപൊയ്ക്കോന്ന് പറഞ്ഞതാ.
പെണ്ണ് സമ്മതിച്ചില്ല.ഇപ്രാവശ്യം കെട്ട് നടക്കും എന്ന് ഉറപ്പാണെന്നും പറഞ്ഞാണ്‌ 
അവള്‍ ഫോണ്‍ വച്ചത്.
നീ പണ്ട് പറഞ്ഞില്ലേ അവള്‍ നല്ല കുട്ടിയാണ്‌.ധീരയാണ്‌.
പ്രായോഗികബുദ്ധിമതിയാണ്‌ ആനയാണ്‌ ചേനയാണ്‌ മാങ്ങാത്തൊലിയാണ്‌ എന്നൊക്കെ.
ഒക്കെ ശര്യാടാ.ഞാന്‍ നോക്കിയ വെള്ളത്തിലിടും മുന്നെ, അതായത്‌ ഇന്നലെ, 
അവള്‌ പിന്നേം വിളിച്ചു.വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ കുറച്ച് ചൂടായി.
പുതിയ ജോലീടെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. മനുഷേന് ടച്ചിംങ്സിനു ഇത്തിരി അച്ചാറ് വാങ്ങാന്‍ പോലും കാശില്ല. 
അപ്പോഴാണ്‌ അവള്‍ക്ക് കല്യാണം.കുറേ അങ്ങ് പറഞ്ഞു.
എല്ലാം കേട്ടിട്ട് ചത്തുകളയുംന്നോ മറ്റോ പറയുംന്നാണ്‌ കരുതീത്.  
പിശാശ് പറഞ്ഞത് കൊന്നും കളയുംന്നാണ്‌!!
പണ്ടൊരാവേശത്തില്‌ നീ പെങ്ങളായി ദത്തെടുത്തതല്ലേ അവളെ. 
എന്റളിയോ, നിന്റെ പെങ്ങള്‌ ഒരുണ്ണിയാര്‍ച്ചയാണെന്നറിയാര്‍ന്നു.ഇത്രേം പ്രതീക്ഷിച്ചില്ല.  
അവള്‌ സ്കൂളീന്ന് രണ്ട് മാസത്തേക്ക് അവധി കഴിഞ്ഞാഴ്ചയേ പറഞ്ഞ് വച്ചു. 
നാളേ ബാംഗ്ലൂര്‍ക്ക് പോകണം എന്നാണ്‌ പറഞ്ഞിരിക്കുന്നത്. 
നീ പറഞ്ഞില്ലേ അവള്‍ക്ക് നല്ല ബുദ്ധിയാണേന്ന്.അക്കാര്യത്തില്‍ സംശയം ഇല്ല.
അതുകൊണ്ട് റിസര്‍‌വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ്‌ 
അവളുടെ അഭിപ്രായം. തല്‍ക്കാലം നാട്ടീന്നു പോകണം. 
ബാഗ്ലൂരില്‍ നിന്നും വേറെ എങ്ങോട്ടെങ്കിലും.അങ്ങനെ ഒരു രണ്ടാഴ്ചതെ ഭാരതപര്യടനം. 
പിന്നെ വേറൊരുത്തനും അവളേ കെട്ടാന്‍ വരില്ലെന്ന്.
കെട്ടിക്കാന്‍ വീട്ടുകാരും വരില്ലെന്ന്. എങ്ങനുണ്ട് ആശയം?
ഒരു താലി വാങ്ങി. ഞാനല്ല അവള്‌ തന്നെ.നമ്മളെക്കൊണ്ട് കെട്ടിക്കും എന്നു കരുതി. 
തഥൈവ.അതവള്‍ക്ക് ഉണ്ടായിരുന്ന മാലയില്‍ കോര്‍ത്ത്‌ അവള് സ്വയം കെട്ടി. 
കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തിയതിനു ശേഷം താലി കെട്ടിയത് കാണിക്കാന്‍ 
ഇന്നലെ അവള്‍ വന്നിരുന്നു. നാളെ കാലത്ത് പോകണം എന്നും പറഞ്ഞു.
അവളെക്കണ്ട് അസ്ഥിക്ക് പിടിച്ചവനലില്ലേ, അവനോട് ഇവള്‌ മര്യാദക്ക് പറഞ്ഞതാ 
കെട്ടാന്‍ അവനെ മനസ്സിലെന്ന്.ക്ണാപ്പന് ഇവളേ മതീന്നു.
ഇപ്പോ നമ്മക്ക് പണിയാക്കി.കല്യാണം ഉടനെ വേണ്ടാന്ന് പറഞ്ഞപ്പോ 
പുന്നാര മോളേ ഇപ്പൊത്തന്നെ കെട്ടിക്കൂന്ന്‌ അവടപ്പനും വാശ്യാണത്രെ. 
എന്നാ ഇപ്പോതന്നെ കെട്ടൂന്ന് അവക്കും വാശി.
എന്റളിയാ അങ്ങനെ എല്ലാരുടേം വാശിക്ക് നമ്മള്‍ 
നാളെ റിസര്‍‌വേഷന്‍ ഇല്ലാതെ ഭാരതപര്യടനത്തിനുപോകുന്നു.
അല്ല നമ്മളെ കൊണ്ടുപോകുന്നു.കൊറേ യാത്രപോകണം എന്നു പണ്ട് ഞാന്‍ ആഗ്രഹം 
പറയാറില്ലേ അതെന്തായാലും  സംഭവിക്കുന്നു. 
പ്രണയം ഇത്രയും അപകടം പിടിച്ച് ഒരു യാത്രയായിരിക്കുമെന്ന് പൊന്നളിയാ, ബുദ്ധിജീവീ, 
നിനക്കന്നേ പറയാന്‍ മേലായിരുന്നോ? 

എന്തായാലും കയ്യില്‍ കാശില്ലാത്തതുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഡയറിയില്‍ നീ 
സൂക്ഷിച്ച് വച്ചിരുന്ന തിളക്കമുള്ള അഞ്ഞൂറു രൂപ ഞാന്‍ എടുക്കുന്നു.
ഇന്നലെ കഴുകിയിട്ടതൊന്നും ഉണങ്ങിയില്ല.അതുകൊണ്ട് നിന്റെ ജീന്‍സില്ലേ, 
കഴിഞ്ഞാഴ്ച വാങ്ങിച്ചത്,അത് ഞാന്‍എടുത്തൂട്ടോ.
ബെല്‍റ്റ് എനിക്കുണ്ട്.പിന്നെ രണ്ട് ഷര്‍ട്ടും.പുതിയ ഷര്‍ട്ട് വാങ്ങാനിരുന്നപ്പോഴാ ശമ്പളം 
മൊത്തം തരാതെ അവന്മാര്‍ പറഞ്ഞു വിട്ടത്.
ഡാ വാടകകൊടുക്കാന്‍ നീ തന്ന കാശ് കൊടുക്കാന്‍ പറ്റിയില്ല.
ഓണറ്‌ വരാന്‍ വൈകി. നീ പോയതോടേ പൈസക്ക് ഭയങ്കര ചിലവായിരുന്നു.
പിന്നെ, എന്നെ ഒരുത്തി തട്ടിക്കൊണ്ടുപോയി എന്ന് അമ്മയെ വിളിച്ച് പറയരുത്. 
വേറെന്തെങ്കിലും നുണ പറഞ്ഞാ മതി. രണ്ടുമാസത്തേക്ക് എന്നെ നോക്കണ്ടാ. 
ഇപ്പോ ഞാന്‍ അമ്മേനെ വിളിച്ചാ ശര്യാകില്ല.അവളെക്കൊണ്ട് വിളിപ്പിച്ചോളാം.  

കൊല്ലൂന്നൊക്കെ പറഞ്ഞെങ്കിലും പോകാന്‍ നേരത്ത് അവളെന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മതന്നു. 
ഇത്രേം കാലം ചോദിച്ചിട്ട് അവള്‍ക്ക് ഉമ്മ തരാന്‍ കണ്ട സമയം.
ഞാന്‍ പല്ലുപോലും തേച്ചില്ലായിരുന്നു.
ഗേറ്റീന്നെറങ്ങിയപ്പോ പതിവില്ലാതെ കൈ പിടിച്ചിട്ട് കണ്ണിലോട്ട് നോക്കി ഒരു ചിരീം. 
എന്നിട്ടാണ്‌ പോയത്. 
എന്നാപിന്നെ ഇതിന്റെ പിന്നാലെതന്നെ പോയേക്കാം എന്ന്‌ എനിക്കും തോന്നി. 
ഇത് ഞാന്‍ നാളെ പോകണ 
വഴിക്ക് എവിടുന്നെങ്കിലും പോസ്റ്റ് ചെയ്യും. സ്പീഡ്പോസ്റ്റിട്ടോളാം. 

രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കുമ്പോഴൊക്കെ നീ ചോദിക്കാറില്ലേ നമുക്കിടയില്‍ എന്നാ 
കോപ്പാ ഒള്ളേന്ന്.ഇപ്പോ, ഒരു പാന്റും രണ്ട് ഷര്‍ട്ടും അഞ്ഞൂറു രൂപയും പോസ്റ്റുചെയ്യാന്‍ 
പോകണ ഈ കത്തും ഉണ്ട്. 
ഈ കടം വീട്ടാന്‍ എന്റെ ആദ്യത്തെ കുട്ടിക്ക് നിന്റെ പേരിടണം എന്നൊന്നും പറഞ്ഞേക്കരുത്. 
അതോണ്ട് അളീയാ നാളേ പോകണ പോക്കില്‌ അവള്‍ടെ ഫോണീന്ന് വിളീക്കാം. 
നമുക്കിടയില്‍ ഇത്രേമൊക്കെ ഉണ്ട്. 
ഇനി എനിക്കും അവള്‍ക്കുമിടയില്‍ എന്തോക്കെയാണാവോ ഉള്ളത്? 
പൊന്നളിയാ നിനക്ക് ഉത്തരം വല്ലതും തോന്നിയാല്‍ എഴുതി വച്ചേരെ. 
യാത്ര കഴിഞ്ഞിട്ട് ഞാന്‍ ബാക്കി ഉണ്ടേങ്കില്‍ വായിച്ചോളാം.

എന്ന്  
സ്വന്തം  
കൂട്ടുകാരന്‍
 

Sunday, July 31, 2011

ആ വാക്ക് എവിടെയാണ്‌?

ആ വാക്ക് എവിടെയാണ്‌?
പോകാന്‍ ഇടമില്ലാത്തവന്റെ
ഒടുക്കത്തെ ആശ്രയമായ ആ വാക്ക്
അതെവിടെയാണ്‌?

ഇത്തിരി മുമ്പടക്കിയ
സൗഹൃദത്തിന്റെ
ഹൃദയത്തില്‍ പെട്ടുപോയിരിക്കുമോ?
മേലേക്കുമേലേക്കുപോയ മഴയത്ത്
ഒലിച്ചുപോയിരിക്കുമോ?
പറയാതെ പോയ അവള്‍
കൊണ്ടുപോയിരിക്കുമോ?
ജീവിതത്തിന്റെ പ്രകടനപ്പട്ടികയില്‍
ചേര്‍ക്കാന്‍ വിട്ടുപോയിരിക്കുമോ?
ഭവിക്കാത്തനുഭവങ്ങളില്‍
അത് ഭദ്രതതേടിയതാകുമോ?
നിലവിളിയിലേക്ക് നിലച്ച സഞ്ചാരങ്ങളില്‍
കുരിശ്ശേറ്റിയത് അതിനെയാകുമോ?

പോയ വണ്ടിക്ക് നീട്ടിയ
കൈയ്യില്‍ രേഖകളില്ലല്ലോ
നില്പ് നിരത്തിലാണല്ലോ
നിന്നിലേക്ക് ഞാന്‍ തെളിയുന്നില്ലല്ലോ

ഒടുക്കത്തെ ഇടമായ വാക്കേ
നീ എവിടെയാണ്‌?

Saturday, July 2, 2011

മിത്രമേ നിന്നോട്

മിത്രമേ
ഈ വഴിയോര സത്രത്തില്‍
ബാക്കി എത്ര നാള്‍.
മുറിഞ്ഞവാക്കുകൊണ്ടളക്കാനോങ്ങുമ്പോള്‍
മരിച്ചമൊഴിയുടെമുറിയില്‍ നാമെന്ന്‌
തിരിച്ചറിവുള്ളില്‍ തലയുയുര്‍ത്തുന്നു.

നിനക്കറിയില്ലേ
വീണോരെ നോക്കാതെ
നടന്ന്‌ പോന്നപ്പോള്‍
മനപ്പൂര്‍‌വ്വം എന്റെ പ്രണയും
മറന്നു വച്ചെന്ന്. വഴിയില്‍ വയ്ചെന്ന്.

പൊതിച്ചോറുംകെട്ടി വിളിച്ച പെങ്ങള്‍
വാട്ടയിലപോലായെന്ന്
അമ്മയെരിഞ്ഞു തീര്‍ന്നെന്ന്
വേനക്കുരുള്‍പൊട്ടി വീടൊലിച്ചു പോയെന്ന്
ഇനിയും വായിക്കാത്ത
ഗൗനിക്കാത്ത വാര്‍ത്തകളാണെന്ന്
നിനക്കു തോന്നുന്നോ.

ഒടുക്കത്തെ ഏറ്റുപറച്ചിലിന്ന്
വരുമെന്നോര്‍ത്തോ നീ?
നിനക്കിനിയും
ഈ എന്നെ അറിയില്ലെന്നോര്‍ത്ത്
ചിരിക്കട്ടേ, ഒറ്റിക്കൊടുത്തു നിന്നെ ഞാന്‍.
അതിനാല്‍ മിത്രമേ
ഇനി എത്ര ബാക്കി?

Tuesday, May 31, 2011

നടപ്പ്

വെയില്‌ മോന്തി
വലുതായ നിഴലുകള്‍
കാലുറയ്ക്കാതെ
വഴിയ്ക്ക് വീഴുന്നു.
വീട് നീയും പടിഞ്ഞാറ് പണികയാല്‍
വീഴ്ചയില്‍ കാലുകള്‍ വിശ്രമിക്കുന്നു.

വാരഫലം സമാഗമം നേരുന്നു
രാശിനാഥന്‍ സഹയാത്രികനാകുന്നു
പാര്‍പ്പ് നീ പടിഞ്ഞാറ് തുടരുന്നു.

എന്ത് മോന്തിപ്പെരുത്ത നിഴല്‍ ഞാനെന്ന്
വെളിവ് പോരാതെ
വീടെത്താതെ
പതിവു പോലെ പരതിത്തളരുന്നു..
വെട്ടം വീണപ്പോള്‍
വീണ്ടും
വീണിടത്തൂന്ന് യാത്ര തുടരുന്നു.

വെള്ളം വരാത്ത പൈപ്പിന്‌
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.

പുഴയെത്താത്ത പടിഞ്ഞാറ്
പുരവച്ചോളേ
പാതിക്ക് വീഴണ തീരാപ്പതിവിന്‌
പോം‌വഴിയൊന്ന് പറഞ്ഞു തരാമോ?


Saturday, May 21, 2011

പ്രവാസത്തെക്കുറിച്ച് രണ്ട് കുറിപ്പുകള്‍

പരിണാമം

കടത്തില്‍ മുങ്ങി
മണലാറ്റില്‍ പൊങ്ങി
തിളച്ച രാവില്‍ പകച്ചുറങ്ങി.
തനിച്ചിരിക്കെ, തിരിച്ചുചെല്ലുന്ന
തിളക്കമോര്‍ത്തേറെ ചിരിച്ചുപോയി.
കര്‍ക്കടങ്ങളൊത്തിരി കഴിഞ്ഞുപോയി.
തലയിയ്ക്കുമേല്‍ മരു പടര്‍ന്നുകേറി.
മടങ്ങിയെത്തി ചിരിക്കുന്നൂ പുര
കടല്‍ കടന്നതിന്‍ മധുരം, പെട്ടെന്ന്
മടക്കമെന്ന്, ആരോതൊടുത്തചോദ്യത്തില്‍
പൊടുന്നനെ ഞാ​ന്‍ പ്രവാസിയായി.

കൊതിച്ചതും വിധിച്ചതും.
കൊതിച്ചത്
പെങ്ങളുടെ പുനരധിവാസം.
മഴഭയക്കും പുരയ്ക്ക് ദുരിതാശ്വാസം.
പിറന്നിടത്ത് പ്രണയിനിക്കൊത്ത് വാസം.
അവിശ്വാസക്കടക്കാര്‍മുന്നിലാശ്വാസം.
കരച്ചിലടക്കിയൊരു ദീര്‍ഘനിശ്വാസം.
വിധിച്ചത് പ്രവാസം.

ഒത്തിരി നാള്‍ മുന്‍പ് ജിഗീഷ് തന്ന വിഷയത്തില്‍ 'വാക്കിലെ' കവിതക്കളരിയില്‍ എഴുതിയത്.

Friday, April 1, 2011

സംശയം


ഇന്നലെ അവളുടെ സൈക്കിളിന്റെ പിന്നിലിരുന്ന് കാമ്പസ്സില്‍ കറങ്ങിയത് കുഴപ്പായി.
നമ്മുടെ ഫ്രണ്ടുക്കള്‍ക്ക് നാണമായത്രേ. ഞാന്‍ അവളുടെ പിന്നിലിരുന്നതിന്‌ ഇവന്മാര്‍ ഇത്ര നാണിക്കണത് എന്തിനാണ്‌.
സൈക്കിളില്‍ ഡബിളെടുക്കാനറിയാത്തതുകൊണ്ടാണ്‌ ഒണ്ടായിരുന്ന കാരിയര്‍ അഴിച്ച് വച്ചത്. ആ നമ്മളോടാണ്‌
സൈക്കിളിന്റെ പിന്നിലിരിക്കാന്‍ ധൈര്യമുണ്ടോന്ന് ചോദിച്ചത്. ഒന്നു മടിച്ചു.
വല്യ ആദര്‍ശം പ്രസംഗിക്കണ നെനക്ക് എന്താ പെണ്ണുങ്ങടെ പിന്നില്‍ ഇരിക്കാന്‍ നാണമാണോ എന്ന് ചോദിച്ചപ്പം
സമ്മതിച്ചു. അവളോട് പറഞ്ഞ് ജയിക്കാന്‍ പറ്റില്ല.
കറക്കം കഴിഞ്ഞ വന്നപ്പോഴാണ്‌ അവള്‌ കര്യം പറഞ്ഞത്.
മറ്റോനെ കാണിക്കാനാണ്‌ എന്നെ പിന്നിലിരുത്തി കറങ്ങീത്. ഞങ്ങള്‍
പ്രേമത്തിലാണോ എന്ന് അവന് കലശലായ സംശയം ഉണ്ട്.
ഞാനൊന്നും പറഞ്ഞില്ല. അവനെ എരി കേറ്റാന്‍ ഇവള്‍ക്കിങ്ങനത്തെ ചില കലാപരിപാടികളുണ്ട്.
ഇത്രേം അടുപ്പമായ സ്ഥിതിക്ക് അവളെ പ്രേമിച്ചാലെന്താ എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും.
ഇവിടത്തെ എന്റെ തലമൂത്ത സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്.
പ്രേമം അല്ലാതെ വേറെ ഒരുപാട് കാര്യങ്ങള്‍ ലോകത്തുണ്ടെന്ന മറുപടി അവന്മാര്‍ക്ക് പിടിച്ചിട്ടില്ല.
അതെന്തേലും ആകട്ടെ.
ഇത്രേം ധൈര്യക്കുറവുള്ള ആണിനെ പ്രേമിക്കാന്‍ പറ്റില്ലെന്ന് അവളും
ഇത്രേം ധര്യമുള്ള പെണ്ണിനെ വയ്യെന്ന് ഞാനും പണ്ടേ തമ്മില്‍ പറഞ്ഞിട്ടുള്ളതാണ്‌.
മാത്രമല്ല അവളുടെ കാമുകന്‍ ഉടനെ നാട്ടിലെത്താനും ഒളിച്ചോട്ടസംഘട്ടനാദി സിനിമാ സംഗതികള്‍ അരങ്ങേറുവാനും
സാധ്യത കൂടുതലാണ്‌. നടക്കാന്‍ പോകുന്ന ആ കഥയില്‍ നായികാനായകന്മരുടെ വലം കൈ/ ഇടം കൈ ഇതില്‍ ഒന്ന്
ഞാനായിരിക്കും. ആ കഥ നന്നായി നടക്കാന്‍ ഞാന്‍ എന്ന പ്രഥാന സഹനടന്‍ വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന്
അവള്‍ കഴിഞ്ഞ മാസം കൂടി ആവര്‍ത്തിച്ചതാണ്‌. ലൈസന്‍സ് എടുക്കാനുള്ള കാശ് അവളുടെ കണവനാകാന്‍ പോകുന്ന
മഹാനുഭാവന്‍ തരാമെന്ന് സമ്മതിച്ചതുമാണ്‌. ഞാന്‍ പഠിച്ചില്ല. വണ്ടിയോടിക്കാന്‍ അറിയാത്തത്  എന്താണാണെന്ന് ഇവളും ബാക്കി കൂട്ടുകാരും കളിയാക്കുന്നുണ്ട്. ഇതിനൊന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

കള്ളുകുടിച്ച് സന്തോഷിക്കൂന്ന രാത്രികളില്‍
തെറിപ്പാട്ട് തീരുമ്പോള്‍ പുതിയത് ഉണ്ടാക്കി കൊടുക്കാന്‍ നമ്മള് തന്നെ വേണം.
അന്നേരം പുംഗവന്മാര്‍ക്ക് സന്തോഷം.
ആ നേരത്ത് നമ്മുടെ ആണത്തതെ ആര്‍ക്കും സംശയം ഇല്ല.
അവളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നതാണ്‌ പുകിലായത്.
അങ്ങനത്തെ മഹാകവിപ്പട്ടമുള്ള നമ്മള്‍ തോറ്റതും ഇവടടുത്താണ്‌.
അവള് പാടിത്തന്ന ചില പാട്ടുകള്‍ കേട്ട് കണ്ണ് തള്ളീപ്പോയി.
എന്നോടായിട്ട് പാടിത്തന്നതാണ്‌ കേട്ടൊ.
ഒരു പെണ്ണ് തെറിപ്പാട്ട് പാടണത് ആദ്യായി കാണുന്നതാണ്‌. കൊടുങ്ങല്ലൂര്‍ ഭരണിക്ക്
സര്‍‌വരും പാടും എന്നു കേട്ടിട്ടുണ്ട്. പക്ഷേ കാമ്പസ്സില്‍. അതും ഒരു പെണ്ണ്?

സംഗതി ഇതൊക്കെ ആണെങ്കിലും മഹാപുരുഷന്മര്‍ എന്ന് മേനി നടിക്കുന്ന
നമ്മുടെ സുഹൃത്തുക്കളോട് അവരുടെ ഒരു കൂട്ടുകാരിയും പറഞ്ഞിട്ടേയില്ലാത്ത പോലത്തെ സങ്കടങ്ങള്‍
എന്നോടിവള്‌ പറഞ്ഞിട്ടുണ്ട്. എത്രയോ സങ്കടങ്ങള്‍ ഞാനവളോടും പറഞ്ഞിരിക്കുന്നു.
പലതിനും അവള്‌ നിവര്‍ത്തി കണ്ടെത്തിയിട്ടും ഉണ്ട്.
കഴിഞ്ഞ ഹര്‍ത്താലിന് ഓട്ടോ തടഞ്ഞ് തല്ലാന്‍ വന്നവരീന്ന് എന്റെ തടി രക്ഷിച്ച് തന്നതും ഇവളാണ്‌.
ഇക്കാര്യം പറഞ്ഞപ്പോഴും അവളാണും നീ പെണ്ണുമാണെന്നാണ്‌ നമ്മടെ കൂട്ടുകാര്‌ പറഞ്ഞത്.
ഇപ്പോ എനിക്ക് മൊത്തം സംശയാണ്‌. ശരിക്കും എന്താണ്‌ ഈ പെണ്ണ്? അല്ലെങ്കില്‍ ആണ്‌?

Monday, March 21, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

Thursday, February 3, 2011

ഓഹരി

നിശതന്നോഹരിവിപണിയില്‍ കാള-
കരടിവേഷങ്ങളണിഞ്ഞ് മത്സര-
ക്കിടക്കയില്‍ നമ്മള്‍ പകുത്തു തോല്‍ക്കാതെ
ഇരുള്‍ മുഖം ചുവപ്പണിഞ്ഞിടുംവരെ.

വിപണിതന്‍ കയറ്റിറക്കങ്ങള്‍ പോലെ
കുടിലം നിന്‍ മാംസവടിവുകള്‍
തീരാക്കടങ്ങളില്‍ എന്നെ തളച്ചിടും
വില കുതിച്ചുമാറുന്ന പിണഞ്ഞ രേഖകള്‍.

പൊടുന്നനെ ലാഭമെടുത്ത് പിന്‍‌വാങ്ങി
കിതപ്പിനായിക്കാത്തിരിക്കും പോല്‍ സൂക്ഷ്മം
അവസരങ്ങള്‍ കാത്തിരുന്നു, നീ, ഞാനും
പരസ്പരം ലാഭമെടുക്കാന്‍, വില്‍ക്കുവാന്‍

വിയര്‍പ്പിനോടൊത്ത് സ്ഖലിച്ച രേതസ്സില്‍
അണുരൂപമാര്‍ന്നു തുടിച്ച ജീവനെ
രതിമൂര്‍ച്ഛാന്തരം മറന്ന ജല്പന-
പ്പൊരുളുപോലൊട്ടും മതിച്ചതില്ല നാം.

ഒടുവില്‍ നിന്നടിവയറ്റിലെന്‍ പുനര്‍-
ജ്ജനിയെ ഭാരമായ് തിരിച്ചറിഞ്ഞ നാള്‍
സതീ സഹജമാം മൃദു വികാരത്താല്‍
തരളിതേ തെല്ലു മുഖം കുനിച്ചു നീ

മറന്നു നീ മുഖം കുനിക്കയില്ലെന്ന
ദൃഢപ്രതിജ്ഞയും, തരളമാലില
വയറിന്‍മേലെന്റെ വിരല്‍ പരതവേ
മകന്നു പേരോര്‍ക്കും വെറും പെണ്ണായി നീ.

വിലയിടിയും ഓഹരികള്‍ കൈമാറി
സുരക്ഷതേടുന്ന വിപണിതന്‍ തന്ത്രം
മറന്നതേയില്ല, മറവി ഓഹരി-
വിപണിയിലെന്നും മരണസൂചിക.

കിതപ്പിലും കുതിച്ചുയരും നിന്നെ
ഞാനറിഞ്ഞപോലാരും അറിഞ്ഞിട്ടേയില്ല,
വെറും പെണ്ണായ് നീയും പുരുഷനായ് ഞാനും
ഒരു മാത്രയൊന്നു പതറിയെങ്കിലും
കരുത്തുകാട്ടി നാം കുതിച്ചു പിന്നെയും.

"ഒരിക്കലും ലിസ്റ്റില്‍ വരാത്തൊരോഹരി
വലിച്ചെറിഞ്ഞു" നിന്‍ ചിലമ്പിച്ച മൊഴി
ദ്രുതചഞ്ചലിതം ഒരുരൂപാമൂല്യം
അതിലെന്റെ പ്രതിഫലനം കണ്ടൂ ഞാന്‍.

Saturday, January 22, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

Sunday, January 9, 2011

രസതന്ത്രം

അമ്ലരൂക്ഷേ
ഏതാവര്‍ത്തനപ്പട്ടികയിലാണ്‌
നിന്റെ ചുരുക്കെഴുത്ത്.
സ്ഫടികപ്പാത്രങ്ങളിലേക്ക്
പരാവര്‍ത്തനം ചെയ്യപ്പെട്ട
ഏത് താളിലായിരുന്നു
നിന്റെ പേരെഴുതിയിരുന്നത്.
അജ്ഞാത സന്ധികളില്‍
നിറം മാറുന്ന ലായനികള്‍
ആരെയാണ്‌ കുറിക്കുന്നത്.
പ്രണയത്തിന്റെ ലിറ്റ്മസ്‌ടെസ്റ്റ് തോറ്റ വാക്ക്
പൊട്ടിയ ടെസ്റ്റ്യൂബുപോലെ
ലാബിന്നു പുറത്ത്
അനാഥമാകുന്നു.

2.

രാസഗതികത്തിന്റെ
കാണാവഴികളില്‍
തളര്‍ന്നുപോയ തുമ്പപ്പൂമണം
തനിച്ചാകുന്നുണ്ട്.
നീരവം നിന്റെ ലാബിന്റെ മുറ്റത്ത്
നീ അറിയാത്ത ചെടിയൊന്നു പൂത്തത്
തുറക്കാത്ത ജാലകം കണ്ടിട്ടുണ്ട്.
സമീകരികാനാകാത്ത രാസവാക്യങ്ങളില്‍
ജീവിതം എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.
രസതന്ത്രത്തിലെ രസവും തന്ത്രവും
ഇഴപിരിക്കാനാകാതെ ഞാന്‍ പരിഭ്രമിക്കുന്നുണ്ട്.

Friday, January 7, 2011

മോഹം

ഒറ്റതുള്ളികൊണ്ട്
ദാഹം തീര്‍ത്ത മണ്ണില്‍
ഒരിക്കല്‍ക്കൂടി ചുണ്ടുചേര്‍ക്കണം.

സ്മൃതിഭ്രംശത്തിന്‌
ശിശിരവൃക്ഷത്തിന്റെ ഒരിലയില്‍
പേരുചേര്‍ക്കണം.

കാറ്റിന്റെ കൈപിടിക്കണം.

അടയാളങ്ങളോ
അനുഗാമികളോ
ഇല്ലാതെ
പൂവൊന്നും നുള്ളാതെ
പാട്ടൊന്നുമെടുക്കാതെ
കൈരണ്ടും വീശി
കടന്നുപോകണം

Saturday, January 1, 2011

വര്‍ഷാന്തം

1.
വിശേഷങ്ങള്‍ക്ക്
ചുവപ്പടയാളം കൊടുത്ത
ഒരു താള്‍ കൂടി
ചുമരെഴുത്തില്‍ നിന്നും
താഴേക്ക്.
ചുവപ്പിന്‌ ശേഷം
ഇരുളെന്നും വെളിച്ചമെന്നും
സന്ധ്യകളുടെ തീരാത്തര്‍ക്കം
വിചാരണാനന്തരം
വാദിക്ക് ജീവപര്യന്തം.
2.
ഭൂമി
പഴേപോലെ സൂര്യനു ചുറ്റും.
ഞാന്‍ എനിക്കു ചുറ്റും.
മുളയ്ക്കാത്ത വാക്ക് വിതച്ച പാടത്ത്
നീരവം നീ ചുറ്റുന്നുണ്ടോ?
3.
മെല്ലിച്ച മഴയില്‍
വളരെ നനഞ്ഞാരോ
വിളക്കും പാട്ടുമായ്
തനിച്ചു പോകുന്നു.
തണുപ്പില്ലാഞ്ഞിട്ടും
വിറച്ചുകൊണ്ട് ഞാന്‍
അയാളെ എന്തിനോ
തുറിച്ച് നോക്കുമ്പോള്‍
കരങ്ങളില്‍ ചെറുചിരാതുമായ്
കുഞ്ഞുകരങ്ങളപ്പാട്ടിന്‍ വിരല്‍ പിടിയ്ക്കുന്നു.
അവര്‍ക്കുമേല്‍ സൂര്യന്‍ ചിരിച്ചുദിക്കുന്നു.

Blog Archive