Saturday, January 22, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

4 comments:

Unknown said...

അമ്മതന്‍ സ്നേഹത്തിന്‍ സ്പര്സങ്ങള്‍ മായില്ലോരികളും .... ഈ ജന്മ വീദികളില്‍

MOIDEEN ANGADIMUGAR said...

അമ്മയ്ക്ക് പകരം മറ്റാരുണ്ട്

Jithu said...

അമ്മ..

ജയിംസ് സണ്ണി പാറ്റൂർ said...

സര്‍വ്വ സാധാരണമല്ല ഈ കവിത
ബൂലോകത്ത്.എന്നാല്‍ വളരെ മികച്ചത്.

Blog Archive