Wednesday, February 25, 2015

സൈദ്ധാന്തിക ലേഖനങ്ങൾ തയ്യാറാക്കുന്ന ചേരുവകൾ



ഒരേ സമയത്ത് ഏഴിടങ്ങളിൽ കാണപ്പെട്ടിട്ടുള്ള ശ്രീ കുമ്പിടി: ഈ കുറിപ്പിനേയും അതെഴുതിയ ആളിന്റേയും ഐശ്വര്യവും രക്ഷയും.

വായിച്ച ചില ലേഖനങ്ങൾ, പരിചയക്കാരും‌ അല്ലാത്തതുമായ കുറച്ചാളുകൾ നടത്തിയ ചർച്ചകൾ നിരീക്ഷിച്ചത്, ഈ രണ്ടനുഭവങ്ങളാണ് താഴെ നിരത്തിയവകളിലേക്ക് എന്നെ പ്രചോദിപ്പിച്ചത്. ചർച്ചകൾ കൂടുതലും ഓൺലൈൻ ആയിരുന്നു. ചിലതിലൊക്കെ ഈ എഴുതിയ ആളും പങ്കെടുത്തിട്ടുള്ളതും താഴെ കൊടുത്തിട്ടുള്ള നുറുങ്ങുകൾ പ്രയോഗിച്ചിട്ടുള്ളതുമാകുന്നു.
  1. പറ്റുമെങ്കിൽ ഉദ്ധരണിയോടെ തുടങ്ങണം. വിദേശ പുസ്തകമോ എഴുത്തുകാരോ ആയാൽ ഏറ്റവും നന്ന്. ദലിത് പക്ഷത്താണ് താൻ എന്ന് വിശ്വസിച്ചെഴുതുന്നവർ ആഫ്രിക്കൻ, ആഫ്രോ അമേരിക്കൻ എഴുത്തുകാരുടെ വാക്കുകൾ ഉരുവിടുന്നതാണ് കണ്ടുവരുന്നത്. അംബേകർ, ഫൂലെ, നാരായണ ഗുരു എന്നിവരിലും തുടങ്ങാവുന്നതാണ്. മാർക്സിസ്റ്റുകൾ പഴയതുപോലെ മാർക്സ് ഏംഗൽസ് മുനിവചനങ്ങൾ ചേർക്കുന്നത് കാണുന്നില്ല. പകരം ടെറി ഈഗിൾടണാദികളാണ് ലീഡ് ചെയ്യുന്നത്. അഡോണോയുടെ അത്രയും താരമൂല്യം മാർക്യൂസിനുണ്ടോ എന്ന് സംശയമുണ്ട്. ഗ്രാംഷിക്ക് നല്ല മാർക്കറ്റ് കാണുന്നുണ്ട്. അൽതൂസറും പിന്നിലല്ല. (വിഷയാനുസൃതമോ അല്ലാതെയോ എഴുത്തുകാരെയും പുസ്തകങ്ങളെയും തിരഞ്ഞെടുക്കുക. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ മാതൃഭാഷയിലെ എഴുത്തുകാരെയോ പുസ്തകങ്ങളേ യോ ചേർക്കരുത്. ടാഗോർ-ബംഗാളിനു ഇത് ബാധകമല്ല.) വരിക്കുവരിയായി ചേർത്ത ഭാഗങ്ങളെ, തുടർന്ന് വിശദീകരിക്കരുത്. ഒരു എഴുത്തുകാരിയുടെ മുഴുവൻ ആശയത്തേയും അവരുടെ ഒന്നോ രണ്ടോ വരികൾ കുറിക്കുന്നതിലൂടെ വിശദമാക്കാം എന്നതാണ് നമ്മുടെ അടിത്തറ. മാത്രവുമല്ല, താൻ പരിചയപ്പെടുത്തിയ സിദ്ധാന്തവും, വിശകലനം ചെയ്യുന്ന പ്രശ്നം/പ്രതിഭാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും അരുത്.
  2. അവർ അവകാശപ്പെട്ടതുപോലെ, അവർ പറഞ്ഞതുപോലെ എന്നൊക്കെ ചേർക്കണം. അവർ ആരെന്നോ എപ്പോള്‌ എവിടെ പറഞ്ഞെന്നോ യാതൊരു കാരണവശാലും എഴുതരുത്. താൻ പറയുന്നതല്ല അവർ പറഞ്ഞതെന്നും മാങ്ങയ്ക്ക് പോയിട്ട് മാവിലേക്ക് പോലുമല്ല നമ്മൾ എറിയുന്നത് എന്നും വെളിപ്പെടാൻ അത്തരം വിശദീകരണം വഴിവയ്ക്കും എന്ന് പ്രത്യേകം ഓർക്കുക. ഈ അപകടത്തെ മലയാളത്തിൽ 'ചെമ്പ് തെളിയുക', 'പൂച്ച് (പൂച്ചയായാലും തെറ്റില്ല) പുറത്താവുക' എന്നൊക്കെ പറയും.
  3. തന്റെ ആശയങ്ങൾ അവർ ശരിയായിട്ടല്ല മനസ്സിലാക്കിയത് എന്നെഴുതാൻ മറക്കരുത്. അവർ തെറ്റായ ആശയങ്ങൾ പിൻപറ്റുന്നവരായതിനാൽ തന്നെ മനസ്സിലാക്കാൻ അവർക്ക് സാധിക്കുകയേ‌ ഇല്ലെന്ന് സൂചിപ്പിക്കാവുന്നതും അവരോട് സഹതപിക്കാവുന്നതുമാണ്. സന്ദർഭത്തിൽ നിന്നും അകറ്റിയാണ് തന്റെ വാചകങ്ങളെ വ്യാഖ്യാനിച്ചത് എന്നൊക്കെ ചേർക്കുന്നത് ഉത്തമം.
  4. വാക്കുകൾ പ്രത്യേകം തിരഞ്ഞെടുക്കണം. എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും സാധാരണ പ്രയോഗത്തിലുള്ളതുമായ വാക്കുകള്‌ കഴിയുന്നിടത്തോളം ഒഴിവാക്കണം. പറ്റുമെങ്കിൽ സംസ്കൃതഛായയുള്ള വാക്കുകൾ ഉപയോഗിക്കുക. ഗഡാഗഡിയൻ സംസ്കൃതവാക്കുകൾക്ക് ഇപ്പോഴും മലയാളത്തിൽ കൊടുംവില കാണപ്പെടുന്നുണ്ട്. പ്രത്യക്ഷത്തിൽ സംസ്കൃത വിരോധികളെന്നു ഭാവിക്കുന്നവർ പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിൽ മടികാണിക്കാറില്ല എന്നത് ശ്രദ്ധിക്കുക.
    ഉദാ: അകറ്റി നിർത്തുക-അസന്നിഹിതപ്പെടുത്തുക, മുന്നുംപിന്നും-പൂർവ്വാപരം, അടയാളാം-സംജ്ഞ, പുസ്തകം-ഗ്രന്ഥം, വ്യാവഹാരികദ്വന്ദവിഭജനം, കതൃത്വദൃശ്യത...
  5. പൊതുവിൽ പ്രചാരത്തിലുള്ള വാക്കുകള്‌ ഉപയോഗിക്കുന്നു എങ്കിൽ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല താൻ ഈ വാക്ക് ഉപയോഗിക്കുന്നത് എന്ന് അടിക്കുറിപ്പ് കൊടുക്കുക. ഏതർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്ന് വ്യകത്മാക്കരുതെന്ന് പറയേണ്ടതില്ലല്ലോ.
  6. സാങ്കേതികപദങ്ങൾ പറ്റുന്നിടത്തോളം തിരുകുക. മലയാളവാക്കിനു ശേഷം ഏതെങ്കിലും ഇംഗ്ലീഷ് വാക്കും ചേർക്കുക. ഇതിന്റെ ശരിയും ശരികേടും വിശദീകരിക്കരുത്. ഇംഗ്ലീഷ്ഭാഷയിലുള്ള പദങ്ങൾ കടുംവെട്ട് മലയാളത്തിലേക്കാക്കുന്നവർ അതിന്റെ ഇംഗ്ലീഷ് കൊടുക്കാതിരിക്കുക്കന്നതാണ് ഗരിമകൂട്ടുന്നതിനു പലപ്പോഴും സഹായകരമാണ്. ഉദാ: ഘടനാനന്തരവാദം (post structuralism), ഘടനാവാദാനന്തര മനോവിശ്ലേഷണാത്മകത (post structural psycho analyticity), സാമ്രാജ്യത്വാനന്തര പുനർഭാവന (post colonial re-imagination)...
    പൊതുവിൽ വാരിവിതറപ്പെടുന്ന കുറച്ച് ഇംഗ്ലീഷ് വാക്കുകളും മലയാളം വാക്കുകളും. താഴെകൊടുക്കുന്നു.
    ഇംഗ്ലീഷ്: Ontology, Epistemology, Ontological negation, Epistemological violence, Critical perspective, Contradiction, Normative, Natural, deconstruction, post-[structural, colonial, imperial, modern...], neo-[clonialism, imperialism, modernity...],
    പോസ്റ്റ് ഏത് വാക്കിന്റേയും പിന്നിൽ കുഴിച്ചിടാവുന്നതാണ്. ആരും ചോദിക്കാൻ വരില്ല. മലയാളത്തിൽ നവം, ഉത്തരം എന്നീ വാക്കുകള്‌ ടി തൂണിനോട് കിടപിടിക്കുന്നവയാണ്.
    മലയാളത്തിൽ ചിലത്: സത്താപരം, തന്മാപരം, ജ്ഞാനപരം, ജ്ഞാനപരഹിംസ, വിമർശനാത്മകം, സ്വത്വപരം, അപരം, ഉത്തരാധുനികം, ഘടനാവാദാനന്തരം, വ്യാജബോധം, വ്യജബോധനിർമ്മിതികൾ, അപനിർമ്മിതി, പരികല്പന (പരികല്പന, സിദ്ധാന്തം, നിയമം ഇവകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ വാരിവിതറുക), പ്രശ്നവൽക്കരണം-സാമാന്യേന മാർക്കറ്റുള്ള ഒരു വാക്കത്രേ‌ ഇത്.
    പരത എന്ന വാക്ക് തോനെ പരത്തുക. ഉദാ: യുദ്ധപരത, സാമ്രാജ്യത്വപരത, ഹിംസാപരത, സമൂഹികപരത, അസഹിഷ്ണുപരത, സദാചാരപര, പാഠപരത, കർതൃനിഷേധപരത. ..
    ദെറിദ, ദെല്യൂസ്, ഫൂക്കോ, ലക്കാൻ, (ഫ്രോയ്ഡിനു പഴയ മാർക്കറ്റ് കാണുന്നില്ല), ബോർദ്യോ, അകമ്പൻ, ഗ്രാംഷി, അല്തൂസർ, മാർക്സ്(പാകത്തിനു) തുടങ്ങിയ പേരുകൾ വാരിത്തൂവുക. അയ്യോ! ഫൂക്കോയെ വിട്ടുപോയി. വിട്ടുപോയ മറ്റു പേരുകൾ നിങ്ങൾ തല്പര്യാനുസൃതം ചേർക്കുക.
ഇതുവരെ പറഞ്ഞ ചേരുവകളിൽ ചിലത് ചേർത്തുണ്ടാക്കിയ കുറച്ച് വാചകങ്ങൾ:
"ഉത്തരാധുനിക പരിപ്രേക്ഷ്യങ്ങളിൽ നിന്നും ഉരുവായ സ്വത്വപ്രശ്നങ്ങൾ ആധുനികതയിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ്. ഈ പാഠങ്ങളെ സൂക്ഷ്മവിശകലനത്തിലൂടെ മാത്രമേ നവസാമുഹ്യമുന്നേറ്റങ്ങളുടെ സത്താപരവും ജ്ഞാനപരവുമായ അടിസ്ഥാനങ്ങൾ വ്യക്തമാവുകയുള്ളു. ആധുനികയുക്തിയുടെ അസഹിഷ്ണുത അസന്നിഹിതപ്പെടുത്തിയ അപരസ്വത്വങ്ങൾക്ക് സദാചാരപരതയിലൂന്നിയ നിയമങ്ങൾ നിഷ്കർഷിക്കുന്ന സവർണ്ണയുക്തിഭാഷ്യങ്ങളുടെ വ്യാജബോധനിർമ്മിതികളെ അപനിർമ്മിച്ചാൽ മാത്രമേ നവലോകത്തിന്റെ പ്രാതിനിധ്യങ്ങളിലേക്ക് പുതുജ്ഞാനനിർമ്മിതികളെ ദൃഢീകരിക്കുവാൻ കഴിയുകയുള്ളു. ഇതിന്റെ തുടർച്ചകളിൽ, ആഗോളീകരണസാമ്രാജ്യത്വപ്രതിലോമശക്തികളുടെ ആർത്തിയിൽ മുങ്ങിയ പരികല്പനകളെ തിരിച്ചറിയുന്നതിനും ഹിംസാത്മകയുക്തി സന്നിവേശിപ്പിക്കുന്ന വൈരുധ്യനിഷ്ഠമായ അത്യാഗ്രഹങ്ങളെ ഗ്രഹിക്കുകയും വേണം. പൊതുബോധത്തിന്റെ പാഠപരതയിലൂന്നി അപനിർമ്മാണത്തിന്റെ വിശകലനോപാധികളോട് നവസാംസ്കാരികവിമർശനോപായങ്ങളെ വിളക്കിച്ചേർത്തു മാത്രമേ നവയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുതകുന്ന പുതുപാഠങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളു.”
  1. ഏറ്റവും പ്രധാനമായി, വിശദീകരണം ആവശ്യപ്പെടുകയോ വിമർശിക്കുകയോ കണ്റ്റില്ലെന്നു നടിക്കുക. അതിനു പറ്റിയില്ലെങ്കിൽ ചോദ്യത്തിൽ നിന്നും വഴുതിമാറുക. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നവളെ താറടിക്കുക. കൊഞ്ഞനം കുത്തൽ എന്ന നാറ്റൻ പ്രയോഗം പരിഗണിക്കാവുന്നതാണ്. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇടം തിരിഞ്ഞ്, ചോദ്യം ചെയ്യുന്നവളെ പുറത്താക്കുക. ചോദ്യത്തെ പുറത്താക്കാൻ പറ്റില്ല എന്നത് കാര്യമാക്കേണ്ട കാര്യമല്ല.
  2. ഇതുവരെ നിരത്തിയ (1-7) ചേരുവകൾ പൂർണ്ണമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും സാഹചര്യാനുസരണം മറ്റുമസാലകൾ ചേർക്കാൻ മറക്കരുത്.
ഒന്നുമുതൽ എട്ടുവരെയുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്ത് വാക്കുകള്‌ നിരത്തിയാൽ സൈദ്ധാന്തികനിഷ്ഠമായ ഒരു ലേഖനം തയ്യാർ. ഇനി രണ്ടാമതൊന്നു വായിക്കാതെ അവരവരുടെ ടീമുള്ള ഇടങ്ങളിൽ (വെബ് പോർട്ടലുകൾ, പ്രിന്റ് മീഡിയകൾ) പ്രസിദ്ധീകരിക്കൂ.

കൂടുതൽ സരസമായും കാര്യമാത്രപ്രസക്തമായും ഇതുപോലൊരു കുറിപ്പ് മറ്റൊരുവൻ ഇംഗ്ലീഷിൽ പണ്ടേപടച്ചത് ഒരു കൂട്ടുകാരൻ ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു കാരണവുമില്ലാതെ കാട്ടിത്തന്നു. ഈ കുറിപ്പെഴുതിയ ആളുടേതല്ലാത്ത കാരണത്താൽ ആ കുറിപ്പെഴുതിയ ഹൃദയരഞ്ജനും അത് കാട്ടിത്ത കശ്മലനും യാതൊരു നന്ദിയും കടപ്പാടും ഇവിടെ ചേർക്കുന്നില്ല. എന്നിരുന്നാലും സാമാന്യം നഷ്ടമൊന്നും വരാതെ വായിക്കാവുന്ന ഒന്ന് എന്ന ധാരണയിൽ ഹൃദയരഞ്ജന്റെ കുറിപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ആഹ്ലാദിപ്പിൻ.

ജാമ്യം: എഴുതുന്ന ആളുടെ വായനക്കുറവിനാൽ ഫെമിനിസം തുടങ്ങി ഇപ്പോള്‌ കൊടും പ്രചാരത്തിലുള്ള പല ചിന്താധാരകളിലേയും സൈദ്ധാന്തികർക്കും വാക്കുകൾക്കൂം ഈ കുറിപ്പിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. എഴുതിയ ആള്ടെ വിവരക്കുറവ് എന്നു നിനച്ച് ക്ഷമിക്കുകയും പോരാത്ത ചേരുവകൾ നിങ്ങൾ ചേർക്കുകയും ചെയ്യുമല്ലോ.

Thursday, February 12, 2015

മരത്തിന്റെ കഥ


കാറ്റെഴുതിയ ആമുഖം

നിന്നേടത്തുനിന്ന്
ലോകം ചുറ്റിയ മരത്തിൽ
ദേശാടനത്തിന്റെ രഹസ്യങ്ങൾ കൂടുവയ്ക്കുന്നു.

ഒന്നാമദ്ധ്യായം: വിത്ത്
മണ്ണിനുമാത്രം വായിക്കാവുന്ന
ജലംകൊണ്ടു തെളിയുന്ന ഓർമ്മകൾ.

രണ്ടാമദ്ധ്യായം: വേര്
ആഴത്തിന്റെ രഹസ്യത്തെ
കെട്ടിപ്പുണരുന്ന ജീവിതം.

മൂന്നാമദ്ധ്യായം: പച്ച
സൗരമഞ്ഞയുടെ പ്രണയഗേഹം.

നാലാമദ്ധ്യായം: ഇല
ചിറകില്ലാത്തതെല്ലാം ചിതലെടുമെന്ന്
തിരിച്ചറിയുന്ന ഹേമസംക്രമം.

അഞ്ചാമദ്ധ്യായം: ഉടൽ
കാലം വളയിടുന്ന കാതൽ.

ആറാമദ്ധ്യായം: പൂവ്
വസന്തത്തിന്റെ രൂപകം.

ഏഴാമദ്ധ്യായം: കനി
വേനലുമ്മകൾ തുടുപ്പിച്ച മാംസം.

Blog Archive