Saturday, December 13, 2014

വയ്ക്കോൽ മനുഷ്യർ കണ്ട ചുംബനങ്ങൾ

                         “പുലിക്കങ്ങനെ ജാതീം മതോം ഒന്നും ഇല്ലെഡേയ്. ആരെ കിട്ട്യാലും ചാമ്പും"- 'മൃഗയ' സിനിമയിൽ നിന്ന്.

[ഈ കുറിപ്പ് ഉത്തരകാലത്തിനു അയച്ചുകൊടുത്തിരുന്നു. ആഴ്ച ഒന്നിലേറെ ആയി. അവരിത് ഉറിയിൽ കെട്ടിത്തൂക്കി എന്നു തോന്നുന്നു. ഇതുവരെ മിണ്ടീട്ടില്ല. ആകയാൽ ഇതിവിടെ കിടക്കട്ടെ. അവനവൻ പ്രസിദ്ധീകരണത്തിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം എന്നെനിക്കറിയാം.]
    ഒരാൾ പറയാത്ത കാര്യത്തെ അയാളുടേതായി അവതരിപ്പിച്ചതിനോ അല്ലെങ്കിൽ അയാൾ പറഞ്ഞ കാര്യത്തെ ഏറ്റവും ദുർബ്ബലമായി അവതരിപ്പിച്ചതിനോ ശേഷം അതിനെ വിമർശിക്കുന്നതിനെ വയ്ക്കോൽമനുഷ്യരെ ഉണ്ടാക്കുന്നു എന്നു പറയാം (Strawman Fallacy). ഇത് ഒരു യുക്ത്യാഭാസമാണ്. ചില സൈദ്ധാന്തികവേഷക്കാരുടെ ഒരു പ്രധാന ആയുധമാണ് ഇത്തരം യുക്തിവിചാരം. കെ. കെ. ബാബു രാജ് ഉത്തരകാലത്തിൽ എഴുതിയ "ചുംബനസമരം അസന്നിഹിതമാക്കുന്നത്" എന്ന ലേഖനത്തിൽ ഇത്തരം വൈയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്നുണ്ടോ‌ എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിൽ ചെയ്യുന്നത്. ബൗദ്ധികസത്യസന്ധത എന്നത് കുറച്ചെങ്കിലും വിലയുള്ള ഒരു നാണയമാണെന്ന വിചാരം ഈ കുറിപ്പിനു പിന്നിൽ ഉണ്ട്.
 ബാബു രാജ് എഴുതുന്നു,
"ഇന്ത്യയിലെ മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും ‘വര്‍ഗ്ഗീയത’ എന്ന പരികല്പന ഉപയോഗിക്കുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിന്‌ വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ പരികല്പന ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്. അതേപോലെ മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.
ബാബു രാജ് പറയുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുവാൻ അക്കാദമിക്കുകൾ ഉപയോഗിക്കുന്ന പദമാണ് വർഗ്ഗീയത എന്നാണ്. (മാധ്യമങ്ങൾ  ഈ പദത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഈ കുറിപ്പിൽ അന്വേഷിക്കുന്നില്ല. ബാബു രാജ് പറയുന്ന വിധത്തിൽ മാത്രം വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്ന മാധ്യമങ്ങൾ‌ ഉണ്ടാകാം). ഏറ്റവും ചുരുങ്ങിയത് ഹിന്ദുഫാഷിസത്തെക്കുറിക്കാനാണ് ആക്കദമിക്കുകൾ വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്. ബാബു രാജ് പറയുന്ന രീതിയിൽ മാത്രം വർഗ്ഗീയത എന്ന പരികല്പനയെ ഉപയോഗിക്കുന്ന അക്കാദമിക്കുകൾ ഉണ്ടോ? ഉണ്ടാകാം? ഒരുപാട് കുമ്പിടികൾ1 ഉള്ള ഇടമാണ് അക്കാദമികം. അങ്ങനെ വരുമ്പോള്‌ ഏതെല്ലാം അക്കാദമിക്കുകളാണ് ബാബു രാജ് പറയുന്ന രീതിയിൽ വർഗ്ഗീയത എന്ന പരികല്പന ഉപയോഗിക്കുന്നത് എന്നു പറയേണ്ടത് അത്യാവശ്യമാണ്. ബാബു രാജ് അത് പറയുന്നില്ല. അതങ്ങിനെ ഇരിക്കട്ടെ. ഈ ഹിന്ദുത്വം എന്താണെന്ന് നോക്കാം. ഹിന്ദുത്വം എന്നതിനും ഹിന്ദു എന്നതിനും വ്യത്യാസം ഉണ്ടോ‌ എന്നും പരിശോധിക്കാം.  ആക്കാദമിക്കുകൾക്കിടയിൽ ഉള്ള ഒരഭിപ്രായം, ഹിന്ദുത്വം എന്ന ഒറ്റവാക്കുകൊണ്ട്‌ കുറിയ്ക്കാവുന്ന, ഒരേരീതിയിൽ തുടരുന്ന (ഏകശിലാത്മകം എന്നും പറയാം) ഒരു സംസ്കാരമോ മതമോ ഇന്ത്യാമഹാരാജ്യത്തില്ല. പിന്നുള്ളത് വിവിധങ്ങളായ ജാതികളുടേയും ആചാരങ്ങളുടേയും ഒക്കെ ഒരു കൂട്ടമാണ്. അതിനെ വിശേഷിപ്പിക്കാൻ 'തമ്മിലിണങ്ങാത്ത തങ്ങളിലിണങ്ങാത്ത' എന്ന കവിവാക്യം ഉപയോഗിക്കാം (ഒ.എൻ.വി. ഭൂമിക്ക് ഒരു ചരമഗീതം). അങ്ങിനുള്ള ഇന്ത്യാമഹാരാജ്യത്തെ സകലമാന ജാതിമതാചാരക്കൂട്ടങ്ങളെയും ഒന്നിച്ച് എളുപ്പത്തിൽ കുറിക്കാൻ ആരോ‌ പ്രയോഗിച്ച ഒരു വാക്കാണ് ഹിന്ദു. (എപ്പോൾ? ആര്? എന്നൊക്കെ ചരിത്രത്തിൽ ഉണ്ട്. അന്വേഷിപ്പിൻ. കണ്ടെത്തും.). അതുകൊണ്ട് ഈ ഹിന്ദുത്വം എന്ന ഏകശിലാത്മകമായ സംഭവം ശരിക്കും ഉള്ള ഒന്നല്ല. എന്നാൽ, ഇതൊന്നും ഇങ്ങനല്ല. ഹിന്ദു എന്നത് ഹിന്ദുത്വം പിന്തുടരുന്ന ഒരുവനാണ്.( ഒരുവളുമാർക്ക് അതിൽ ചെറ്യ വേഷം-വീരപ്രസു-പെറൽ- മാത്രം. അതാണ് ഒരുവനിൽ നിർത്തിയത്). ഹിന്ദുത്വം എന്ന ഏകശിലാത്മകമായ ഒരു സംഗതി ഉണ്ട്‌ എന്നൊക്കെ ആവശ്യമുള്ളവർ സവർക്കറുടെ "ഹിന്ദുത്വ" എന്ന പുസ്തകം നോക്കുക. ഒരു ഏകശിലാത്മക ഹിന്ദുത്വം ഉണ്ടാക്കാൻ മൂപ്പർ പെടുന്ന പാട് കാണുക. രാമായണമഹാഭാരതാദികളാലും സംസ്കൃതഭാഷയാലും ഒക്കെ കെട്ടപ്പെട്ട ഒരു ഗഡാഗഡിയൻ സംസ്കാരമാണ്, സവർക്കർജി ഭഗീരഥയത്നം ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഹിന്ദുത്വം. പക്ഷേ, രാമായണം തമ്മിൽ ചേരാത്തവിധം നൂറുകണക്കിനുണ്ടെന്ന് ഒരു രാമാനുജൻ തെളിവു നിരത്തുന്നതോടെ സവർക്കർജി കിനാവുകണ്ട ഹിന്ദുത്വകിനാശേരി2 കടലെടുക്കും. അതുണ്ടാകാതിരിക്കാനാണ്, രാമാനന്ദ സാഗർജിമാർ സീരിയലാക്കിയത് മാത്രമേ‌ രാമായണമായി ഭൂലോകത്തൊള്ളൂ എന്നു സ്ഥാപിക്കാനാണ്, രാമാനുജന്റെ പ്രബന്ധം മാലോകർ പഠിക്കരുത് എന്ന് ഡൽഹി സർവ്വകലാശാലയിലെ കുറച്ച് പണ്ഡിതരും അന്വേഷണകുതുകികളാം വിദ്യാർത്ഥികളും കൂടി തിട്ടൂരമിറക്കി നടപ്പാക്കിയത്. ഹിന്ദുത്വം എന്നത് അത്ര നിസ്സാരമായ ഒരു വാക്കല്ല എന്ന് സാരം. മേല്പറഞ്ഞ തരം തിട്ടൂരക്കാരാണ് ബാബു രാജിന്റെ കിനാശേരിയിലെ അക്കാദമിക്കുകള്‌ എങ്കിൽ ഹിന്ദുത്വം= വർഗ്ഗീയത ആണ്. ഇന്ത്യയിൽ വർഗ്ഗീയതയുടെ കച്ചവടത്തിന്റെ പ്രധാന ഓഹരികൾ ടി. ഹിന്ദുത്വക്കാരിലാണ്. പക്ഷേ, വർഗ്ഗീയത എന്ന വാക്കിനു ഹിന്ദുത്വവർഗ്ഗീയത എന്നു മാത്രം അർത്ഥം കല്പിക്കുന്നത് നല്ല ഒരു അബദ്ധമാണ്. താലിബാൻ എന്നു കേൾക്കുമ്പോള്‌ മുസ്ലീം എന്നു പൂരിപ്പിക്കുന്നതരം സൈദ്ധാന്തിക കുമ്പിടികൾക്ക് ഏറെ താല്പര്യമുള്ളതരം ഒരബദ്ധമാണ് വർഗ്ഗീയത എന്നതിനെ ഹിന്ദുത്വം എന്നു മാത്രം എടുക്കുന്നത്. സവർക്കർജിയുടെ തുടർച്ചയിൽ വരുന്ന ഹിന്ദുത്വമാണ് ഈ ഹിന്ദുത്വം എന്ന് എടുത്താൽ നിസ്സംശയം  ഹിന്ദുത്വം=വർഗ്ഗീയത എന്നെഴുതാം. ബാബു രാജ് അതാണ് ഉദ്ദേശിക്കുന്നത് എന്നു കരുതാം. അങ്ങനല്ലെങ്കിൽ,  ഈ നാട്ടിലെ ഏത് ഹിന്ദു വിശ്വാസിയും വർഗ്ഗീയവാദിയാകും. കാരണം ഹിന്ദുവിശ്വാസി=ഹിന്ദുത്വവിശ്വാസി= വർഗ്ഗീയവാദി. (ഹിന്ദു വിശ്വാസം- കാക്കത്തൊള്ളായിരം ജാതികൾ ഉപജാതികൾ, ബുദ്ധിസം അതിന്റെ പിരിവുകൾ, ജൈനിസം അതിന്റെ പിരിവുകൾ എന്തിനു ചാർവാകർ എന്ന നാസ്തികർ (വിശ്വാസികളാൽ കൊന്നു തീർക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ‌ ചാർവാകർ എന്ന ജീവികളെ ഇന്ത്യയിൽ കാണാൻ കിട്ടൂ)  വരെ ഹിന്ദുവിശ്വാസികളാണ്!). അപ്പോൾ സകലമാന ഹിന്ദുക്കളും വർഗ്ഗീയവാദികളാണ്. അക്കാദമിക്കുകൾക്ക് ഇങ്ങനൊരു അഭിപ്രായം ഇല്ല. ഇങ്ങനെല്ലാം  വിചാരിക്കുമ്പോൾ,
ബാബു രാജ് എഴുതുന്നു,
"യഥാര്‍ത്ഥത്തില്‍ ഈ പരികല്പന [വർഗ്ഗീയത] ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്.”
അപ്പോള്‌ ഇന്ത്യയിലെ ലിബറലുകളും ഇടതുകളും കീഴാള സമുദായങ്ങളെ കേവലം ഹിന്ദുത്വത്തിന്റെ (സവർക്കർജിയുടെ കിനാശ്ശേരിയിലെ ഹിന്ദു) ഭാഗമായി മാത്രമേ‌ കണ്ടിട്ടൊള്ളൂ എന്നാണ് മേലുദ്ധരിച്ച വാചകത്തിന്റെ ഒരർത്ഥം. തന്നെയുമല്ല, വർഗ്ഗീയത എന്ന പരികല്പന ശരിക്കും ഉണ്ടായത് ഈ ടീംസിന്റെ ഭയത്തിൽ നിന്നുമാണ്.  അതായത്, പൊളിച്ചിട്ട ബാബറി-മസ്ജിദും (ഇപ്പോൾ തർക്ക മന്ദിരം എന്നു പറയണം.) വികസനനായകന്റെ നാട്ടിലെ ഗോധ്രയും ലിബറലിടതു ജീവികൾക്ക് കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവൽക്കരണത്തോടുണ്ടായ ഭയങ്ങളുടെ ഉത്പന്നം മാത്രമാണ്. ത്രിശൂലധാരികളും തദ്ഭാവേ സമാധാനികളുമായ പരിവാരങ്ങൾക്ക് മേല്പറഞ്ഞ അക്രമങ്ങളിൽ ഒരു പങ്കും ഇല്ല! ഇത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്ന ആളെ ജനകോടികളുടെ വികസനനായകൻ തന്റെ കൂടെ ഇരുത്തും. “But still people call you a mass murderer. Do you have an image problem”- എന്ന കരൺ ഥാപ്പറുടെ ചോദ്യം കേട്ട് പാനി (മലയാളത്തിൽ വെള്ളം) കുടിച്ചത് ഒരു ഇടതു-ലിബറൽ ഭയമായിരുന്നല്ലോ? സൈദ്ധാന്തിക പ്രഭൃതികളുടെ ഇത്തരം സുപ്രധാന കണ്ടെത്തലുകളോട് "നാവുകൊണ്ടേവം നീട്ടിയാൽ പോരാ/നീട്ടിക്കൊയ്യണം നീ അനുജത്തീ" എന്ന കന്നിക്കൊയ്തിലെ വയ്‌‌ലോപ്പിള്ളിയുടെ രണ്ടു വരികള്‌ സമാധാനം പറയും.
    തനിക്കുതോന്നും‌‌വിധം-അതായത് ഉപകരിക്കും വിധം ചരിത്രത്തെയും വാക്കുകളെയും തെളിക്കുന്ന കുറുക്കുവഴിയിൽ നിന്നാണ് ഈ "ലിബറൽ-ഇടത് ഭയം" എന്ന സങ്കല്പം ഇപ്പോൾ കൊണ്ടു വന്നത്. മാത്രവുമല്ല, കീഴാളരെ ഹിന്ദു എന്ന് വിശേഷിപ്പിക്കുകയാണ് ലിബറലുകളും ഇടതും എന്നും  പറയുന്നു. ഇതൊക്കെ എപ്പോള്‌ എന്ന് ചോദിച്ചാൽ കള്ളി വെളിപ്പെട്ടുപോകും. മാത്രവുമല്ല, ഇടത് എന്നതുകൊണ്ട്‌ ബാബു രാജ് അക്കാദമിക്കുകളെയാണോ‌ ഇന്ത്യയിലെ ഇടതുപാർട്ടികളെയാണോ‌ സൂചിപ്പിക്കുന്നതെന്നും പറഞ്ഞിട്ടില്ല. ലിബറലുകള്‌ ആരെന്നു എനിക്കറിയില്ല. കീഴാളരാഷ്ട്രീയത്തെ ഹിന്ദു രാഷ്ട്രീയം എന്ന് വിളിക്കുന്ന ലിബറൽ ഇടത് ഭയങ്ങൾ ഏതെന്നറിയാൻ കൗതുകമുണ്ട്. പറഞ്ഞുവന്നത്, ആരെന്നോ എപ്പോഴെന്നോ‌ പറയാതെ കാടടച്ച് വെടിവയ്ക്കും പോലെ ഇങ്ങനെ എഴുതാൻ എളുപ്പമാണ്. തന്നെയുമല്ല അത് മറ്റൊരാളുടേതായി അവതരിപ്പിച്ചാൽ പിന്നെ അതിനെ വിമർശിക്കാൻ എളുപ്പവുമാണ്. വയ്ക്കോൽ മനുഷ്യരെ എളുപ്പം കത്തിച്ചു കളയാം. ഈ വയ്ക്കോൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ, മറയ്ക്കപ്പെട്ടത് ഹിന്ദുഫാഷിസത്തിന്റെ ഹിംസാത്മകതയാണ്. കാരണം, ബാബു രാജിന്റെ വിശകലന മഷിനോട്ടത്തിൽ തെളിഞ്ഞത് ലിബറല്-ഇടതു ഭയങ്ങൾ ഹിന്ദുത്വം എന്ന വർഗ്ഗീയത ഉല്പാദിപ്പിക്കുന്നതാണ്. അതിൽ സംഘപരിവാരാദി പ്രഭൃതികൾ തെളിഞ്ഞില്ല. ഉമ്മകള്‌ കണ്ട്‌ വിറളിപിടിച്ചപ്പോഴുണ്ടായ സ്ഥലജലഭ്രമം‌ ആണോ‌ എന്ന്  സംശയിക്കാൻ ന്യായമുണ്ട്.
    വർഗ്ഗീയതയ്ക്ക് ബാബു രാജ് കണ്ടെത്തിയ കാരണങ്ങളിൽ ചിരിച്ചൊടുങ്ങാതെ ശ്വാസം പിടിച്ച് അടുത്ത വാചകം വായിച്ചാല്-"മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.” എന്നു കാണാം. ഏത് മരത്ത(ല)ണൽ നല്കിയ ബോധോദയമാണ് ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിൽ മോറൽ പോലീസ് എന്ന വാക്കുണ്ടായത് എന്നു മുതലാണ് എന്നെനിക്കറിയില്ല. പക്ഷേ, അത് മുസ്ലീംസമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റികണ്ട് സവർണ്ണ ഹിന്ദുക്കളിൽ ഉണ്ടായ അങ്കലാപ്പിൽ നിന്നും ഉണ്ടായതാണ് എന്ന് പറയുന്നത് ഭോഷ്കാണ്. കാരണം, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്തേയ്ക്ക് അധികാരത്തോടെ ചോദ്യങ്ങളുമായി കടന്നുകയറിയ ആണുങ്ങൾക്ക് ജാതിമതവ്യത്യാസം ഒരു പ്രശ്നമായിരുന്നില്ല. ഇത് മലയാളത്തിലെ ഒരു ചെറ്യ ഒരു നേരാണ്. മുസ്ലീംങ്ങളുടെ സോഷ്യൽ മൊബിലിറ്റി കണ്ടുണ്ടായ സവർണ്ണ അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന് പറയുമ്പോള്‌, ചുരുങ്ങിയത് സവർണ്ണ സിങ്കങ്ങള്‌‌‌ മുസ്ലീംങ്ങളെ സദാചാരവിരുദ്ധരായി കാണുന്നു എന്നാണ് വരുന്നത്. മുസ്ലീങ്ങൾ സദാചാരവിരുദ്ധരാണ് എന്നത് ഒരു യുവമൂർച്ചക്കാരന്റെ തോന്നലാകാം. മുസ്ലീംങ്ങള്‌ സദാചാരവിരുദ്ധരാണെന്നും അവർ ഇന്ത്യൻ രക്തത്തെ (ഇന്ത്യൻ രക്തം, ഗംഗാജലം പോലെ- പാതിവെന്ത ശവങ്ങള്‌ ഒഴുകുന്ന നമ്മുടെ വിശുദ്ധഗംഗ- പരിശുദ്ധമാണത്രേ) മലിനമാക്കുന്നു എന്നും ഹിന്ദുഫാഷിസത്തിന്റെ പഴയതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ ഒരു വാദമാണ്. തന്നെയുമല്ല ഈ മുസ്ലീംങ്ങളൊന്നും ശരി ഇന്ത്യനല്ലെന്ന് സവർക്കർജി പണ്ടേ‌വാദിച്ചിട്ടുണ്ട്. (അതുകൊണ്ടൊക്കെയാണ് ബാബുരാജ് തള്ളിക്കളയുന്ന cultural/moral വാദങ്ങൾ പ്രസക്തമാകുന്നത്.) ഇത് ആവർത്തിക്കേണ്ടിയിരുന്നില്ല. ആവർത്തിച്ചിട്ട് അതിനെ നിഷേധിക്കാതിരുന്നത് തെറ്റായിപ്പോയി.  തന്നെയുമല്ല, മോറൽ പോലീസിംഗ് മുസ്ലീംസമുദായവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണെന്ന ധാരണ ഉണ്ടാക്കുകയും ചെയ്തു. മോറൽ പോലീസ് = മുസ്ലീം എന്ന ബാബു രാജിന്റെ ഈ വയ്ക്കോൽ മനുഷ്യൻ തുലോം വികൃതമായ ഒന്നായിപ്പോയി.
    ഇനി വാദത്തിനു വേണ്ടി ബാബു രജ് പറയുന്നത് ശരിയെന്ന് സമ്മതിക്കുക. അതായത് മുസ്ലീം സമുദായത്തിന്റെ സോഷ്യൽമൊബിലിയിൽ സവർണ്ണ ഹിന്ദുക്കൾക്കുണ്ടായ അങ്കലാപ്പിൽ നിന്നുണ്ടായതാണ് മോറൽ പോലീസിംഗ് എന്ന പരികല്പന. പോത്തിനേയും കൊണ്ട്‌ (ഹേയ്, അല്ല. കാലനല്ല!) സദാചാരത്തിന്റെ കാവലാളുകൾ  കൊച്ചിയിൽ ചുംബനസമരത്തെ എതിർക്കാൻ വന്നപ്പോൾ കൂട്ടത്തില് ചില മുസ്ലീംസംഘടനകളും ഉണ്ടായിരുന്നു. അതുകൊണ്ടാണോ ഇതൊക്കെ മുസ്ലീംങ്ങള്ക്കെതിരാണെന്ന് ബാബു രാജിനു തോന്നിയത്? ഇതിനെ വക വച്ചുകൊടുക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. എന്തെന്നാൽ, ഈ മുസ്ലീംസഘടനക്കാരുടേത് സവർണ്ണ അങ്കലാപ്പാണോ? ആണെന്ന് ബാബു രാജ് പറാഞ്ഞാൽ അവർ സമ്മതിക്കുമോ? അവരും ബാബുരജും സമ്മതിച്ചാലും  മുസ്ലീംസമുദായത്തിന്റെ കുത്തക, പോത്തായും സോറി പോത്തുമായും അല്ലാതും കൊച്ചിയിലെത്തിയ സമുദായ സംഘടനകൾക്ക് തീറെഴുതിക്കൊടുക്കാൻ എനിക്ക് സമ്മതമില്ല.
    സദാചാരപ്പോലീസിംഗ് സവർണ്ണ ഹിന്ദുക്കളുടെ ഒരു പരിപാടിയാണ് എന്നെഴുതിയത് നല്ല തമാശയായി. അതെപ്പോഴും മുസ്ലീം സമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റിയോടുള്ള അങ്കലാപ്പായത് അതിലും രസായി. പക്ഷേ, ഞങ്ങൾ കൃസ്ത്യാനികളെ സദാചാരത്തിൽ കൂട്ടാത്തതെന്തേ എന്ന് എമ്പാടുമുള്ള സഭകളുടെ ഇടയർ ചോദിച്ചാൽ എന്തു പറയും? അപോസ്ഥലൻ നേരിട്ട് നമ്പൂതിരിയെ സ്നാനപ്പെടുത്തി ഉണ്ടാക്കിയ ഒന്നാന്തരം കൃസ്ത്യാനികളാണ് തങ്ങൾ എന്നഭിമാനം കൊള്ളുന്ന ഇടയജനങ്ങൾ ഉള്ള കേരളം സദാചാരപ്പോലീസിം‌‌ഗിന്റെ കുത്തക ഇപ്പോഴത്തെ സവർണ്ണ ഹിന്ദുക്കൾക്ക് മാത്രമായി കൊടുത്തതിൽ ബാബു രാജിനെ വെറുതെ വിടുമോ? ഒന്നുമല്ലെങ്കിലും, പാരിത് ഭരിച്ച വിക്ടോറിയയുടെ പേരിലുള്ള മൊറാലിറ്റിയല്ലേ ഇപ്പോഴും  മലയാളക്കരയിൽ പ്രബലം. പോരാത്തതിന് വിക്ടോറിയാജി കൃസ്ത്യാനിയാണ്! 
    മുകളിലെ ചോദ്യങ്ങള്‌ എല്ലാം തമാശയയി കണ്ടാലും, സദാചാരപ്പോലീസ് സവർണ്ണ ഭാഷ്യത്തിൽ മുസ്ലീംങ്ങളാണ് എന്ന ധ്വനി ബാബു രാജിന്റെ വാചകത്തിൽ ഉണ്ട്. അതായത് മുസ്ലീംങ്ങളല്ലാത്തവരൊന്നും സവർണ്ണഭാഷ്യത്തിലെ സദാചാരപ്പോലീസിൽ പെടുന്നില്ല എന്ന്. പിന്നീടത് മുസ്ലീംങ്ങളുടെ സദാചാരവിരുദ്ധതയ്ക്കെതിരെയാണ് സദാചാര പോലീസിംഗ് എന്നായി. ഹിന്ദുത്വമല്ല മാറ്റാരോ‌ ആണ് പ്രതിസ്ഥാനത്തെ എന്നാണ് ബാബു രാജ് പറയുന്നത്. ആ ആരാൻ മുസ്ലീം ആണ് എന്ന് മൂപ്പർ വ്യക്തമാക്കുന്നുമുണ്ട്.   ഇനിയും ചുരുക്കിയാൽ മുസ്ലീംവിരുദ്ധതയാണ് സദാചാര പോലീസിംഗ് എന്ന പരികല്പനയ്ക്ക് പിന്നിൽ എന്ന് പറഞ്ഞു നിർത്തുന്നു.  എന്തിനാണ് സകല പരികല്പനകളേയും മുസ്ലീം വിദ്വേഷത്തിൽ കൊണ്ടുചെന്ന് കെട്ടുന്നത്? "നിന്റെ അമ്മേം പെങ്ങളേം വിടെടാ" എന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ (ചുംബനസമരം നടന്ന കൊച്ചീല് അങ്ങനേം ചിലർ ആഹ്വാനിച്ചിരുന്നു) ആക്രോശത്തെ ബാബുരാജ് കാണാത്തതാണോ? കീഴാള രഷ്ട്രീയത്തോടുള്ള ഇടതു ഭയത്തിന്റെ ഉല്പ്പന്നമാണ് വർഗ്ഗീയത എന്നതിന്റെ അടുത്ത വാചകമായാണ് സവർണ്ണർക്ക് മുസ്ലീംസമുദായത്തോടുള്ള അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന പരികല്പന ഉണ്ടാക്കിയത് എന്നെഴുതുന്നത്. എത്ര എളുപ്പത്തിലാണ് പ്രശ്നങ്ങളെ ഒരേ മാനത്തിലേക്ക് ലളിതവൽക്കരിക്കുന്നത്. ജാതിസ്വത്വവും മതസ്വത്വവും രണ്ടാണ് എന്നെങ്കിലും ഓർക്കേണ്ടതല്ലേ? അതൊക്കെ നിൽക്കട്ടെ, മോറൽപോലീസ്=മുസ്ലീം എന്ന സമവാക്യം എങ്ങനെയാണ് ഉണ്ടാക്കിയത്?
         ബാബുരാജിന്റെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ ആദ്യത്തെ മൂന്നു വാചകങ്ങളെക്കുറിച്ച് മാത്രമാണ് ഇതുവരെ എഴുതിയത്. ഇതുപോലെ ഒട്ടേറെ വയ്ക്കോൽ മനുഷ്യരെ അദ്ദേഹം വേറെയും ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിനു, വർഗ്ഗീയത, മോറൽ പോലീസിംഗ് എന്നീ പരികല്പനകളിൽ കാണുന്ന പോരായ്മകൾ (ഈ പോരായ്മകളിലെ പിശകുകൾ കണ്ടെത്താൻ നിന്നാൽ അതിനേ നേരം കിട്ടൂ) കുറിച്ചതിനു ശേഷം അദ്ദേഹം എഴുതുന്നു,
“ഇതേസമയം, വര്‍ഗ്ഗീയത എന്ന പദം കീഴാളസമുദായങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്താനും മോറല്‍പോലീസ് എന്ന പദം സെമറ്റിക് മതങ്ങളെ പ്രതിസ്ഥാനത്ത് എത്തിക്കാനും പര്യാപ്തമാണ്.”
അത് രസായി. അപ്പോള്‌ കീഴാള സമുദായക്കാർ ആരായി-വർഗ്ഗീയക്കാരായി. സെമറ്റിക് മതക്കാരോ (എന്നു വച്ചാൽ‌ പ്രധാനമായും ഇന്ത്യയിൽ മുസ്ലീംങ്ങളും കൃസ്ത്യാനികളും ) മോറൽ പോലീസായി. ഇതെങ്ങനെ ഉണ്ടാക്കിയെടുത്ത ധാരണയാണ്? ബാബു രാജ് ഇതിനു കാരണമൊന്നും നിരത്തുന്നില്ല. ആട്ടം  തീർന്നില്ല, അദ്ദേഹം പിന്നേം എഴുതി, “ഫാഷിസ്റ്റ് കടന്നാക്രമണം എന്ന വിഷയം തന്നെ വിട്ടുകളഞ്ഞുകൊണ്ട് മുസ്ലീംസമുദായത്തെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ദൗത്യവാഹകരായി ചുംബന സമരക്കാര്‍ മാറി.”
മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനാണ് ചുംബനസമരക്കാർ ചുണ്ടും കൊണ്ട് ഇറങ്ങിയത് എന്ന്. ഇതാരു പറഞ്ഞു. ബാബു രാജ് പറഞ്ഞു. മൂപ്പരോട്‌ ആരു പറഞ്ഞു? അറിയില്ല. ഇതെവിടെ നിന്നു കണ്ടെടുത്ത എങ്ങിനുണ്ടാക്കിയ അഭിപ്രായമാണ്? അറിയില്ല. പരസ്യമായി ഉമ്മവയ്ക്കാത്തവർ അപരിഷ്കൃതരാണെന്ന് ചുംബനസമരക്കാർ പറഞ്ഞോ? ഇല്ലെന്നാണ് എന്റെ അറിവ്. നിങ്ങള്‌ ഉമ്മവയ്ക്കുന്നില്ലെങ്കിലും ഉമ്മവയ്ക്കുന്നവരെ അവരുടെ പാട്ടിനു വിടുവിൻ എന്ന ചെറ്യ കാര്യമാണ് ചുംബനസമരക്കാർ പ്രധാനമായും ഉറക്കെ പറയുന്നത്. ബാബു രാജ് അത് മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനുള്ള പരിശ്രമമായി കണ്ടു. പക്ഷേ, ഒരു ചോദ്യം. അതെന്നാ, ഈ മുസ്ലീം‌‌ങ്ങളെ മാത്രം പരിഷ്കരിച്ചാൽ മതിയോ? മുസ്ലീംങ്ങള്‌ അത്ര അപരിഷ്കൃതരാണെന്ന് ബാബു രാജിനു വല്ല തോന്നലും ഉണ്ടോ‌ എന്ന് ഇതു വായിച്ചാൽ ആരും സംശയിക്കും.  അങ്ങനെ ഒരു ബേജാറില്ലെങ്കിൽ മുസ്ലീംങ്ങളെ പച്ചപ്പരിഷ്കാരികളാക്കാൻ ഇറങ്ങിപ്പുറപ്പെവരാണ് ചുംബനസമരക്കാർ എന്ന് ബാബു രാജ് കഥമെനഞ്ഞത് എന്തിന്? ബാബു രാജിന്റെ ഈ വിചാരത്തിന്റെ രഹസ്യം ഇനി ചേർക്കുന്ന വാചകത്തിൽ ഉണ്ടെന്നു തോന്നുന്നു. മൂപ്പർ എഴുതുന്നു, "മാത്രമല്ല, പലരും ആഗ്രഹിക്കുന്നത്‌പോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീംങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, ഞങ്ങള്‍ ചരിത്രത്തിന്റെ പ്രസവം നടത്തിച്ചിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രകടനപരത ഫ്യൂഡല്‍ സമരമുറയാണെന്നതിനെ ഉറപ്പാക്കുന്നു.”
മുസ്ലീംങ്ങൾക്ക് മാറാൻ കഴിയാത്തതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രസവം എന്ന വാദം പ്രകടനപരമാകുന്നത് എന്നാണ് മേല്പറഞ്ഞ വാചകത്തിന്റെ ഒരർത്ഥം. മറ്റൊന്നു, മുസ്ലീംങ്ങള്‌ മാറേണ്ടവരാണ് എന്നാണ്. മതപരത, സദാചാരം എന്നിവകളിൽ നിന്നും മുസ്ലീംങ്ങൾ മാറേണ്ടവരാണ് എന്ന കാര്യത്തിൽ ബാബു രാജിനു സംശയം ഇല്ലെന്ന് തോന്നുന്നു. (ആ 'പലരും' എന്നതിൽ താനില്ലെന്ന് പറഞ്ഞ ബാബു രജിനു വേണമെങ്കില് കൈകഴുകാം). മുസ്ലീംങ്ങൾക്ക് മാറാൻ കഴിയില്ലെന്ന്-എളുപ്പത്തിൽ മാറാൻ കഴിയില്ലെന്ന്-എല്ലാവർക്കും അറിയാമത്രേ. എങ്ങോട്ട് മാറണം എന്നാണ്?  ആരെല്ലാമാണ് ഈ "എല്ലാവരും" എന്നൊന്നും എനിക്കറിയില്ല. ബാബു രാജ് പറയുന്ന ആ "പലരുടേയും ആഗ്രഹം" എന്തെന്നും വ്യക്തമല്ല.  മതപരതയേയും സദാചാരത്തേയും മുസ്ലീംങ്ങൾക്ക് എളുപ്പത്തിൽ ‌‌ കുടഞ്ഞു കളയാൻ ആകാത്തതുകൊണ്ടും, ഇതെല്ലാവർക്കും (ആർക്കൊക്കെയാണാവോ?) അറിയാവുന്നതുകൊണ്ടും ചരിത്രത്തിന്റെ പ്രസവം എന്ന അവകാശവാദം  (എന്താണാവോ‌ ഇപ്പറഞ്ഞ "ചരിത്രം”?) പ്രകടനപരതയായി എന്നെഴുതുന്നത് മുസ്ലീംഭയം അഥവാ Islamofobia എഴുത്തുകാരനുള്ളതിന്റെ ലക്ഷണമാണെന്ന് വായിക്കുന്നർക്കു തോന്നാം. അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം, മാറേണ്ടവരും പരിഷ്കരിക്കപ്പെടേണ്ടവരുമാണ് മുസ്ലീംങ്ങൾ എന്നാണ് എഴുത്താളൻ കുറിച്ചു വച്ചതിന്റെ ഒരു പ്രധാന വിവക്ഷ.  ബാബു രാജിനു ഇസ്ലാമോഫോബിയ എന്ന രോഗം ഉണ്ടോ‌ എന്ന് എനിക്കറിയില്ല. പക്ഷേ, വയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്ന തിരക്കിൽ പടച്ചുവിട്ടതിൽ നിന്നും വെളിവാകുന്ന ഒന്ന് എഴുത്താളന്റെ ഇസ്ലാമോഫോബിയ ആണെന്നു ഒരാള്‌ പറഞ്ഞാൽ, ആ ആരോപണം അസന്നിഹിതപെടുത്തൽ (വെറുതേ കനമാക്കിയതാണ്-ആരോപണത്തെ അകറ്റി നിർത്താൻ, തടയാൻ എന്ന് മലയാളം) എളുപ്പമാകില്ല. ഇതിങ്ങനെ തീരുന്നില്ല. ഖജുരാവോ പ്രതിമകള്‌‌‌ തുടങ്ങിയ മറ്റു വയ്ക്കോൽമാനവരുടെ പൊള്ളത്തരം വ്യക്തമാകാൻ ശ്രീജിത്ത്3 എഴുതിയ “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning.” എന്ന കുറിപ്പ് നോക്കുക.
    കുമ്പിടികൾ അബദ്ധങ്ങളുടെ അടുപ്പിൽ പാചകം ചെയ്തുവിളമ്പിയ ഏതാനും  വാചകങ്ങളുടെ ചില അനുരണനങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. ബാബു രാജിന്റെ ലേഖനത്തിലെ വയ്ക്കോൽമാനവരാദി പിശകുകൾ എല്ലാം കൂടി ഒറ്റക്കുറിപ്പിൽ ഒതുങ്ങാത്തതിനാൽ ഇവിടെ നിർത്തുന്നു.  "വെടക്കാക്കി തനിക്കാക്കൽ" എന്ന മലയാളച്ചൊല്ലിനെ ചുമ്മാതെ ഓർക്കുവിൻ.

1.കുമ്പിടി-നന്ദനം എന്ന മലയാള സിനിമയിൽ ജഗതി അഭിനയിച്ച കള്ളസന്യാസിയുടെ പേര്. അക്കാദമികരംഗത്തെ കപവേഷക്കാരെയാണ് കുമ്പിടിഎന്നു ഇവിടെ വിളിക്കുന്നത്.
2. കിനാശേരി-മനസ്സിനക്കരെ എന്ന സിനിമയിലെ  ഗ്രാമം. മദ്യവിമുക്തമായ കിനാശേരി.അതായിരുന്നു ഗാന്ധിജികണ്ട സ്വപ്നം എന്ന ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പ്രശസ്തം.
3. ഈഘണ്ഡികയിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് ഇതേ ശ്രീജിത്താണ്.

നന്ദി
ഈ കുറിപ്പിന്റെ ആദ്യവായനക്കാരനും അബദ്ധങ്ങളിൽ നിന്നും എന്നെ രക്ഷിച്ചവനും കൂടെ പഠിക്കുന്നവനുമായ ശ്രീജിത്തിന്. ശേഷിക്കുന്ന പിശകുകൾ എന്റെ മാത്രമാണ്.
റഫറൻസ്
കെ.കെ.ബാബുരാജ്, ചുംബനസമരംഅസന്നിഹിതമാക്കുന്നത്, http://utharakalam.com/?p=12076 / 25/11/2014
A.K. Ramanujan, Three Hundred Ramayanas: Five Examples and Three Thoughts on Translation, in The Collected Essays of A K Ramanujan, Oxford University Press, New Delhi, 1999.
V.D.Savarkar, Essentials of Hindutva.
Devil's Advocate, https://www.youtube.com/watch?v=QHS_eSoOBzg/25/11/2014
Straw Man, http://www.nizkor.org/features/fallacies/straw-man.html 25/11/2014
Sreejith. K.K, “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning”, https://epistemepuzzles.wordpress.com/2014/11/26/kiss-of-love-hindutva-orand-hinduism-kamasutra-etc-some-basic-lessons-of-reasoning/

Monday, December 8, 2014

അയാളും ഞാനും തമ്മിൽ


താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്.
ഉള്ളിലേക്കുള്ളിലേയ്ക്ക്
വേവാഴ്തിയ ഗ്രീഷ്മം
ശിലാഹൃദയം കൊടുത്തത്
കാണുന്നുണ്ട്.
ശില്പമായ് കണ്ടെടുക്കപ്പെടാത്ത
ശിലയുടെ ധ്യാനാതപം
പൊള്ളിക്കുന്നുണ്ട്.
വരാത്ത വർഷത്തിന്റെയും
മിന്നലെയ്ത മേഘത്തിന്റേയും കൗര്യം
അനുഭവിക്കുന്നുണ്ട്.
ചുംബിക്കാതെ പിരികയാൽ
മുറിവായിത്തുടരുന്ന
ചുണ്ടുകളുടെ പിടച്ചിൽ പേറുന്നുണ്ട്.

മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്.

ഇപ്പോൾ
നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു.

Blog Archive