Saturday, November 18, 2017

പേരിൽ


നിന്റെ പേരിൽ 
നീ മാത്രമല്ലുള്ളത്.
ഒടുവിൽ സന്ദർശിച്ച
പോയപ്രതാപത്തിന്റെ
മുഷിഞ്ഞ ചുമരിൽ
മാറ്റാന്റെ കൈപ്പടയിൽ
നിന്റെ പേരിന്റെ തിളക്കം കണ്ടു.

ആതേ അക്ഷരങ്ങളെങ്കിലും 
ആ പേരു നിന്റേതെങ്കിലും  
അതുകുറിക്കുന്നത് 
നിന്നെയല്ല.
നിന്നെപ്പോലൊരാളെപ്പോലുമാകണമെന്നില്ല.

ചുവരുകൾ‌ നമുക്ക് എഴുതാനുള്ളതാണെങ്കിലും
ചരിത്രത്തിന്റെ ചുവരിലെ പേരുകൾ
ഇപ്പോൾ തർക്കവിഷയമാണെന്ന് നിനക്കറിയില്ലേ?  
ഒരേ പേരിൽ ഒരുപാടുപേരുള്ളപ്പോൾ
ഒരു പേരിൽ ഒരുപാടുപേരുണ്ടാകില്ലേ?

ഒരു പാട്
അതല്ലേ പേര്?
അതിലല്ലേ പെടുന്നത്?


അക്ഷരങ്ങളിലേക്ക്
ആളെ ആവാഹിക്കുന്ന മാന്ത്രികത
അനിശ്ചയങ്ങളിലേക്ക് ഉപേക്ഷിക്കയാൽ
ഞാനെഴുതുമ്പോൾമാത്രം രൂപപ്പെടുന്ന
ആ ഒരാൾ ആരാണെന്ന്,
എന്റെ കൈപ്പടയിൽ
നിന്റെ പേരിൽ
വരുന്നതാരെന്ന് 
സന്ദേഹമൊഴിയുന്നേയില്ല. 

ആ ഭിത്തിയിൽ
എഴുതിയത് ഞാനല്ല.
ആരൊക്കെയോ‌വന്നുപോയെന്നും 
പേരുകൾ ബാക്കിയായെന്നും
അതിൽ നിന്നും വായിക്കാം.
ഒരു പേരിലും ഒരാൾ മാത്രമല്ലെന്നും 
നിരൂപിക്കാം.

Monday, May 15, 2017

ആഗോളതാപനത്തിൽ ഒരു പ്രേമലേഖനംഭയങ്കര പ്രിയങ്കരീ,
1 മെയ് 2017


ബാഹുബലി-1 പോലും കണ്ടിട്ടില്ലാത്ത ഒരാളെ സങ്കല്പിക്കുക. രണ്ടാംഭാഗം ഇറങ്ങിയത് അയാളെ ബാധിക്കുന്നില്ല. കട്ടപ്പ വാളുവച്ചത് അയാളെ അലട്ടുന്ന ഒരു രഹസ്യം അല്ല. ഓവറായി തണ്ണിയടിക്കുകയും കരൾ സാമാന്യേനെ കണ്ടീഷനിൽ ആയിരിക്കുകയും ചെയ്താൽ ആരും വാളുവയ്ക്കും എന്ന ശാസ്ത്രസത്യം അയാൾക്ക് അറിയാം. അയാൾ ശാസ്ത്രത്തിൽ വിശ്വസികുന്നു. തന്നെയുമല്ല അയാളുടെ ശ്വാസകോശവും സ്പോഞ്ച്പോലാണ്. ദിങ്ങനത്തെ ഒരു ശരാശരി ഇന്ത്യാക്കാരന് അംബാനി മൊയലാളി മൂന്നു മാസത്തേക്ക് ജിയോ സിം കൊടുക്കുന്നു. എന്തായിരിക്കും ടിയാന്റെ അവസ്ഥ?
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരേക്കും നമ്മൾ പ്രേമത്തിലാണ് എന്ന് നീ പ്രസ്ഥാവിച്ചതു മുതൽ ഇവൻ ദദേ അവസ്ഥയിലാണ്. എന്ത് ചെയ്യാനാണ്? ആരോട് പറയാനാണ്?
പ്രഭാതങ്ങളെ പുച്ഛാഭിഷിക്തരാക്കി നിദ്രാലോലുപനായിരുന്ന ഒരാത്മാവ് ഇപ്പോൾ അലാറം വച്ച് എഴുന്നേൽക്കുന്നു; ഗുഡ്മോണിംഗ് സന്ദേശിക്കാനുള്ളതാണ്! കസ്റ്റമർ കെയറുകാരുപോലും വിളിക്കാറില്ലാത്ത ഫോൺ അയാളിപ്പോൾ നിലത്ത് വയ്ക്കുന്നില്ല. എന്തിന്നേറെപ്പറയണം ആയുസ്സൊടുങ്ങാറായ ആ ഫോണിനും അയാൾ നമ്പർ ലോക്കിട്ടു! ആ നിമഷം ഒന്നു വൈബ്രേറ്റ് ചെയ്ത് ഫോണതിന്റെ ആത്മഹർഷം രേഖപ്പെടുത്തിയതിനു മച്ചിലുരുന്ന വാലുപോയ പല്ലി സാക്ഷി.

ലേകിൻ, ലോകം ഇപ്പോൾ പ്രേമത്തിനു തീരെ അനുകുലമല്ല. തൈമാവിൻ മരതകക്കിങ്ങിണികൾ സ്വർണ്ണമാവും മുന്നേ കരിഞ്ഞു പോകുന്നത്ര ചൂട്. പീക്കിരിപ്പിള്ളേർ പാറയിൽ മുള്ളുന്നതുപോലെ വല്ലപ്പോഴും രണ്ടുതുള്ളി മഴ പെയ്താലായി. ഒരു ക്വാർട്ടർ റമ്മിനു തികയുന്നത്രേം വെള്ളമില്ല ചുറ്റുമെന്ന് സാരം. മുക്തകണ്ഠം വിയർത്തുകുളിച്ചുകൊണ്ട് സുന്ദരാത്രി എന്ന് എത്ര കാലം സന്ദേശിക്കും? പ്രിയതമേ, ആഗോളതാപനം പ്രേമത്തിനും ഭീഷണിയാകുന്നു.

കൊഴമാന്തരങ്ങൾ വേറെയുമുണ്ട്. പ്രേമത്തിലായിരുക്കുമ്പോൾ ലോകം കൊടും സുന്ദരമാണെന്നും ഇച്ചിരിപ്രശ്നമുള്ളതിനെ നമുക്കങ്ങ് നന്നാക്കാൻ പറ്റും എന്നും തോന്നും. ചെറ്യേ ചെറ്യേ പോരായ്മകൾ ക്ഷമിക്കാൻ തുടങ്ങും. ഇന്നലെ സംഭവിച്ചത് ഉദാഹരിക്കാം. കട്ടിലേൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ടി-ഷർട്ട് ഈ ഞാൻ കൊണ്ടുപോയി അലക്കി. അലക്കാൻ വെള്ളത്തിലിട്ടപ്പോഴാണ് ആ തുണിയില്ലാത്ത സത്യം ഓർമ്മ വന്നത്: ടിഷർട്ട് എന്റേതാണെങ്കിലും അത് നത്തോലിമോറനും നിത്യശത്രുവുമായ സ്വന്തം അനിയൻ ഉപയോഗിച്ചിട്ട് എറിഞ്ഞിട്ട് പോയതാണ്. സാധാരണ ഇമ്മാതിരി ഓർമ്മ വന്നാൽ ഷർട്ട് അലക്കാതെ അതേ കട്ടിലിൽ പുനസ്ഥാപിക്കേണ്ടതാണ്. എന്നാൽ അങ്ങിനെ ചെയ്തില്ല. ക്യോംകി, നോം പ്രേമത്തിലാണ്. ഈ വിവരം അവനെങ്ങാനും അറിഞ്ഞാൽ പഞ്ചാബി ഹൗസിലെ രമണനെപോലെ അലക്കിയലക്കി എന്റെ നടുവൊടിയും. പ്രേമം ആരോഗ്യത്തിനു അത്ര നല്ലതല്ല.

പറഞ്ഞു വന്നത് തൃശ്ശുർ പൂരത്തിനു കൊണ്ടുവന്ന ആനേടെ അവസ്ഥയാണ് പ്രേമത്തിൽ എനിക്ക്. കാഴ്ചക്കാർക്കൊക്കെ ഗംഭീരം. പൂരത്തിനു പൊലിമ. ഫാൻസിനു ഫ്ലക്സിൽ വച്ച് മേനിപറയാൻ ഫോട്ടംസ്. ആനേടെ വെഷമം ആനക്കല്ലേ അറിയൂ? പട്ട, കിട്ട്യാൽ കിട്ടി. എന്നാൽ എഴുന്നെള്ളത്തിനു വല്ല കുറവും ഉണ്ടോ? ഇല്ലതാനും. അതിനാൽ മഹിളകളിൽ ഇടങ്ങേർസ്വരൂപേ, നമ്മുടെ പ്രേമത്തിന്റെ അൽഗോരിതം തയ്യാറാക്കി ഇവനു അയച്ചു തരിക. അനിശ്ചിതത്വങ്ങളുടെ അൽകുൽത്തുകളിൽ നിന്നും ആശ്വാസം ഉണ്ടാകട്ടെ. തന്നെയുമ്മല്ല ഇന്ന് മെയ്ദിനമാണ്. ഈ പ്രേമത്തൊഴിലാളിക്ക് ഇന്നും അവധി ഇല്ല. പ്രേമം അവധിയെടുക്കാവുന്ന തൊഴിലല്ലഎന്ന് എനിക്കറിയാം. അങ്ങനാകുമ്പോഴും, വേതന വർദ്ധനവ് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആശിക്കട്ടെ.
ഇത് വായിച്ച് നീ പ്രേമത്തെ ശങ്കിക്കരുത്.
നമുക്ക് കണ്ടൽ കാടുകളിൽ അലഞ്ഞു നടക്കാം. ആവാസ്വ്യവസ്ഥ സന്തുലിതമാണോ എന്നും ജലചക്രങ്ങൾ ക്രമാനുഗതമാണൊ എന്നും നോക്കം. കണ്ടലുകളിൽ പ്രാന്തനെപ്പോലെ നമുടെ പ്രേമം വേരുപിടിക്കും. സ്വർണ്ണക്കണ്ടലുകൾ അതിൽ പൂത്തുനിൽക്കും. പുഴമുല്ലകൾ സുഗന്ധം പൂശും. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും. അതിൽ ഉപ്പട്ടിയിലകൾ രുചിക്കും. എന്തെന്നാൽ, പ്രേമം ആവാസവ്യവസ്ഥയുടെ ഉപ്പാകുന്നു.

NB: വൊഡോമാക്സ് എടുക്കൻ മറക്കരുത്. പ്രേമം കൊതുകിനെ പ്രതിരോധിക്കാനിടയില്ല!

എന്ന്
എല്ലാ ആവാസവ്യവസ്ഥയിലും പ്രവാസിയായ കാമുകൻ

Friday, March 10, 2017

Those Melancholy Walks

I left that campus after six years of stay. Very few know the campus as an aquarium of freedom. It is a safe place guarded from the outside world with the walls of invisible bricks. It’s the ideal habitat where you could live in slow-motion. So, people presume that you have to feel a silent beckoning. They ask; don’t you the campus? I am asked to answer that question. I was wondering, didn’t I? 
None believes you, if you answer negatively. Everyone seems to expect the other to miss something. Many want someone to miss them. I would like to be an exception. But, am I really one? However, honestly speaking, I don’t think I miss anything or anyone in particular. Because, when I look back, I could see me with many groups without necessarily being essential to any one in particular. Those groups were incommensurable. You were everywhere but not anywhere in particular. You were a non-localized wave function. When you are a floating being, you are bound to be so. Then, the groups you associate with are but short stations in the long stretch of a single melancholy walk. In that vein, life has not changed much. I am still doing the same stuff. The slight difference is that I have to perform, even though I am not convinced about what I have read. That’s called teaching. Lecturing on those which you hardly like in accordance with the plan of someone unknown is, sometimes, teaching. The new place and seemingly new life, consequently, is not novel enough to miss someone or something. I still eat alone. And, if you eat alone, you are really alone.
But everyone seem to miss something. Anyone who says not, is a liar. But I am a liar. To lie is to be creative. And I am creative, occasionally. However, differentiating the creative and non-creative is difficult, if not impossible. Therefore, trusting my story might not be an act of sanity because no one knows, the narrator included, which part of the story is untrue. When you can’t know what is not-true, you can either believe everything or reject everything. But we, as intelligent rational believers, tend to believe selectively and proclaim that our beliefs are the truth. The proclamations, we trust, effectively hide our motives, which in reality are wide open. Fortunately, biases of the other is also wide open. In effect, we all know each other’s biases while keeping a blind eye towards ours. So, when I, the liar and the narrator bring a story, it’s nobody’s story but only the remnants of an invisible walk. This takes me back to my melancholy walks.
I had long walks in the evenings. I used to walk the same path for some period. But every second walk is novel. Because, I was arguing differently in each step. Most of the arguments I phrased later were shaped in such walks. I may meet familiar faces on the way. We might had a conversation in the last day. But, most of the times, I would fail to recall their name. So, I would share a smile and walk away. Most probably, I do not have anything specific to talk to them. If you don’t have anything specific to talk, don’t talk. That’s my principle. That makes it hard for me to initiate a conversation. And so, I don’t initiate conversations. I know that a gentle “Hi” has the potential to make people feel good and transform relationships. However, I generally fail to time such a “hi” perfectly. Knowing and doing are different. In my lonely steps, I was arguing with someone unknown in a different possible world. I was unsettling firm grounds and on the way I was unsettling myself. I am the Quixote without an accomplice
When I really want to avoid meeting anyone, I go onto the woods. The campus was blessed with areas that was ruled by huge rocks, thorny bushes, lonely palm trees and grandeur banyan trees. There won’t be any noisy crowd in that semi wild. You may meet peacocks, snakes, innumerous birds and occasionally couples in love. I ensure that I would not go anywhere near the privacy seeking couples. Since I walk silently, no one except the birds notice me. Hence I am safe from the disturbed gaze of the occasional couples there. I escape the unfriendliness of such regions before anyone recognizes my presence. In the woods I climb trees and rocks. I love these small trekking. On the top of a steep rock or on a tree, I dream. Silence rules. Thoughts wander in silence. Time ceases. Above the trees, the sun would be winding the day. In the heart of the woods, shadows come swiftly to reclaim their place. But, if it is near by the lake, the top of the rock would be the last place to show you a dark face. From there you witness the casting of a glittering magical net over distance lands. The sun doesn’t leave his presence, even after leaving the place. Slowly, shadows enfold. Nesting birds would signal that it’s time to bid good-by. Then, I too take my leave. In stillness, I walk back. For me, it is not an end of the day. Day and night never end but pause briefly before a transformation. Most probably, it would have filled me with nameless joys and sorrows. After that, sometimes, I walk straight into a bottle of rum. That would extrapolate of the stillness for a while. Probably, this explains my fondness for the burning sourness of rum, which once my friend told me with a smirk, is the only taste I savor without any complains.
If it’s late enough in the night, none except the campus dogs meet you on the road. Dogs in the campus are friendly creatures for they don’t overburden their face with political correctness. With them you feel that you are a ghost who walks. The night roads are entirely different. They show the signs of the season in which you are in. Winter nights are the best. Silence rein the land. Light posts paint the mist. You could spend hours with such a painting. I don’t prefer yellow but the painting a sodium vapor lamp does on the misty canvas of a cold night is something I marvel at. The mercury vapor lamp colours something entirely different. At the edges of white light, the shadows and mist of a winter night moor poetry. Then I may recall the beauty of the light spectrum I have observed in my physics lab. Prisms brought pieces of rainbow to the semidarkness of physics lab. I smile at the equations I have long forgotten. All that happened long back. Specters of the past will generally lead you to old love stories. Thoughts may wander around that rare beautiful face which once burdened itself with my love. I thank her for her braveness to move on. Even though it is almost morning, I wish her and her kids good night. That would then complete the circle. In the campus the roads somehow got the shape of a closed figure. I go back to the room. I would surely fall asleep before the mess time.
So, if you press, I may say, I miss those long melancholy walks. Here, you just can’t walk freely. The roads are noisy. In the night, you know, you are not free enough to travel by foot. In the evening you just don’t find silence. You may visit the nearby beach. But beaches are always crowded. So, go back to the dull silence of your room and eat alone.

Wednesday, March 8, 2017

അനന്തരം പ്രേമം

അനന്തരം അവന് പ്രേമിക്കാനും ചുംബിക്കാനും തോന്നി. തോന്നൽ നന്ന് എന്നുകണ്ട്‌ അവൻ ആഹ്ലാദിച്ചു. അവനവനെത്തന്നെ ചുംബിക്കാൻ പറ്റില്ലെന്നും ആ പ്രേമത്തിൽ ഒരിതില്ലെന്നും തിരിയുകയാൽ അവൻ ജന്നലുകൾ തുറന്നു മാനത്തേക്കു നോക്കി. പുച്ഛച്ചിരിയുമായി തെങ്ങിനു മുകളിൽ നിന്നും ചന്ദ്രൻ അവനെ നോക്കി. അവനോ‌ ആ പുച്ഛം മനസ്സിലായതില്ല. തലക്കുള്ളിൽ പ്രേമത്തിന്റെ നിലാവുദിച്ചനേരം ഒരുത്തനും പുച്ഛം മനസ്സിലാവുകയില്ല എന്നത് ഒരു കാര്യവുമില്ലാത്ത നേരാകുന്നു. പുച്ഛം ഇവന്റെ പ്രിയ ഭാവം. അത് തെളിയാൻ നേരം വെളുക്കണം.
പ്രപഞ്ചാരംഭം മുതൽ പ്രേമവും നിലാവും തമ്മിൽ അതിമനോഹരമായ അവിഹിതങ്ങൾ ഉണ്ടായിട്ടുള്ളത് അവൻ ഓർത്തു. വിഹിതത്തിലുള്ള വാടക ചോദിച്ചുകൊണ്ട് അരസികവർത്തമാനം വീട്ടുടമസ്ഥന്റെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു. വാടകക്കാര്യം അവധിക്കെടുപ്പിച്ചപ്പോഴേക്കും പുറത്ത് കാത്തുനിന്ന ചുംബനപ്രിയരാം കൊതുകുകൾ അകം പൂകി ആ രാവ് പ്രേമത്തിനുള്ളതാണെന്ന് ഉറപ്പാക്കി. നീലനിലാവിന്റെ നിർമ്മതയിൽ വാടകക്കാശെന്ന വകയ്ക്കു കൊള്ളാത്ത ദുരന്തം നഞ്ചുകലക്കിയതിൽ പ്രതിഷേധിച്ച് അവൻ ജന്നലുകൾ കൊട്ടിയടച്ചു.

പ്രേമിക്കുന്നവരുട പാരമ്പര്യത്തിനു ഊനം വാരാതിരിപ്പൻ അവൻ ഉത്തമഗീതമെടുത്ത് വായിച്ചു. പ്രേമവും വീഞ്ഞും കാമുകിയുടെ സൗന്ദര്യവും പാതിരിമാരുടെ പെഴപ്പുകളെ വകവയ്ക്കാതെ ബൈബിളിൽ വഴിഞ്ഞൊഴുകുന്നത് കണ്ട് അവൻ അഹ്ലാദിച്ചു. "നിന്റെ പ്രേമത്തെ വീഞ്ഞിനേക്കാൾ ശ്ലാഖിക്കും" എന്ന വാചകം അവനെ ഹഠാദാകർഷിച്ചു. എന്നാലും കുറച്ചു കൂടി നന്ന് റമ്മായിരിക്കും എന്ന് അവൻ ഉള്ളിൽ പറഞ്ഞു. "എന്റെ പ്രിയേ‌, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു” എന്ന് അവൻ വായിച്ചു. തലേ ഞായറാശ്ച കഴുകിയിട്ട ഷർട്ടിൽ തൂറിയിട്ട് പറന്നു പ്രാവുകൾ ഒരു കാര്യവുമില്ലാതെ അവന്റെ ഓർമ്മയിലേക്ക് പറന്നു വന്നു. പ്രേമിക്കുകയല്ലേ‌, കറ നല്ലതാണ് എന്നവൻ സമാധാനിച്ചു. ഉത്തമഗീതത്തിൽ പ്രേമം കടുത്തു. അതിൽ മുലകളെയും ഉമ്മകളെയും പറ്റി പറയാൻ തുടങ്ങി. പ്രേമമില്ലാത്ത ജീവിതം ബിറ്റില്ലാത്തെ എ പടം പോലെ നിരർത്ഥകമെന്ന് അവനു തോന്നി. സത്യവേദപുസ്തകം താഴെവച്ചു.
ജനൽ വീണ്ടും തുറക്കപ്പെട്ടു. ചന്ദ്രൻ കാർമേഘങ്ങളാൽ പുച്ഛം മറച്ചു. തട്ടമിട്ട മുഖം മറച്ച് ഏതോ സുന്ദരിയാണ് ചന്ദ്രൻ എന്ന് അവനു തോന്നു. ആ മണ്ടത്തരത്തിനു നേരെ നക്ഷത്രങ്ങള്‌ കണ്ണടച്ചു.
പ്രേമം സ്റ്റാറ്റസ് ആക്കാൻ അവൻ ഫേസ്ബുക്ക് മലർക്കെ തുറന്നു. ഉദ്ധരിച്ച ലിംഗാരാധകർ പ്രേമത്തെ ചൂരലിനടിക്കുന്നതിന്റെ ഫോട്ടംസ് ഫേസ്‌‌ബുക്കിൽ കണ്ടു. പകലുകൾ‌ പ്രേമിക്കാൻ പറ്റിയതല്ലെന്ന് അവനു വെളിപാടുണ്ടായി. ഉമ്മവയ്ക്കേണ്ടത് വീട്ടിൽ വച്ചാണെന്ന മഹദ്വചനം പതിയെ തെളിഞ്ഞു വന്നു.
പ്രേമം ഉണ്ടാകുന്നതിന്നും മുന്നേ‌യുണ്ടായ ആദിപുരാതനമായ ഗദ്ഗദം അവനെ പൊതിഞ്ഞു.

Tuesday, February 21, 2017

പാട്ടിലാക്കിയവര്‍

ചിക്കുപക്ക് ചിക്കുപക് റൈലേ/കലക്കത് പാടെടീ സ്റ്റൈലേ" എന്ന് പാടിയ സനലാണ് പാട്ടുകൊണ്ട്‌ അത്ഭുതപ്പെടുത്തിയ ആദ്യത്തെ ആള്. റേഡിയോ‌ പാട്ട് റിയലല്ല. കാരണം, മെഷീനിൽ ട്രിക്കുണ്ട്. ഇതാണ് അന്നേ നമ്മുടെ ബോധ്യം. കുങ്കുമ നിക്കറും ക്രീംഷർട്ടുമുള്ള എൽ.പി.സ്കൂൾ‌ കാലമാണ്. ഞങ്ങൾടെ മർതോമ എൽ.പി.സ്കൂൾ, പാനിപ്രയിൽ അന്ന് കരണ്ടില്ല. ആ വഴിക്ക് ബസ്സും ഇല്ല. മീഡിയം മലയാളം ആയതുകൊണ്ട്‌ ഇംഗ്ലീഷിന്റെ ഉപദ്രവവവും ഇല്ല. എന്നിരുന്നാലും പാട്ടുണ്ട്. അതിൽ പോരിമ ഒപ്പനപ്പാട്ടിനാണ്. ഒപ്പന അവിടത്തെ സ്ഥിരം കലാരൂപമാണ്. ആനുവേഴ്സറിക്ക് ഒപ്പന പഠിപ്പിക്കാൻ വന്ന ആളുടെ കൂടെയാണ് ഹാർമോണിയം എന്ന ജീവിയെ ആദ്യമായി ജീവനോടെ കണ്ടത്. ലേകിൻ, ഒപ്പന ഒരു ഗ്രൂപ് ഐറ്റമാണല്ലോ? പാട്ടിൽ കോൺസന്റ്രേഷൻ കൊടുത്താൽ സ്റ്റെപ്പിൽ ശ്രദ്ധ പോകും. ഒറ്റക്കു പാടാൻ ചങ്കൊറപ്പൊള്ള പൂങ്കുയിലുകൾ തുലോം കുറവായ അവിടെയാണ് സനൽ എന്ന പാട്ടുകാരൻ നമ്മുടെ ഉള്ളിൽ കേറിയത്. അവനാണ് ഞാൻ കണ്ട ആദ്യത്തെ സമ്പൂർണ്ണ കലാകാരൻ. പാടുകയും വരക്കുകയും ചെയ്യുന്ന ആളാണ് നമ്മെ സംബന്ധിച്ചിടത്തോളം സമ്പൂർണ്ണ കലാകാരൻ. ഒരാക്ടറും അക്കാലത്ത് കംപ്ലീറ്റല്ല. ഇന്ത്യാമഹാരാജ്യത്ത് അന്നാർക്കും ബ്ലോഗുമില്ല. എന്തിന്നധികം, എസ്.റ്റി.ടി. ബൂത്തിലെ ബില്ലടിക്കണ മെഷീനാണ് അന്ന് ഞങ്ങൾ കണ്ടിട്ടുള്ള ഏക കംപ്യൂട്ടർ. ആ ശുഷ്കകാലത്ത് നോട്ടുബുക്കിൽ ബസ്സിന്റെ പടം വരച്ചു തരാൻ സനലേ ഒള്ളൂ. നാലുവീലും ചതുരബോഡിയും ഇഷ്ടപ്പെട്ട പേരും ഒക്കെ നമ്മൾ‌ വരയ്ക്കുമ്പോഴും ഉണ്ടാക്കും. പക്ഷേ, എന്തോ ഒരു കുറവുണ്ട്‌ നമ്മള്‌ വരച്ച വണ്ടിക്കെന്ന് കാണുമ്പോഴേ അറിയാം. സനൽ വരക്കുമ്പോൾ കടലാസിലെ വണ്ടിയും ഓടും. നമ്മൾ‌ വരച്ചത് കാണുന്നവർ ഓടും. ഇതാണ് ആ വ്യത്യാസം. പാട്ടും അങ്ങനെ തന്നെ. അന്ന് വെള്ളിയാഴ്ചകൾ കലാദിവസം ആണ്. അവസാനത്തെ പിരിയഡ് നിർബന്ധമായും കലാപ്രവർത്തനം. ആത്മസ്നേഹിതൻ ഷാമോനും ( ഈ അടുത്ത കാലത്ത് നിക്കാഹ് കഴിഞ്ഞപ്പോഴാണ് അവൻ ഫിറോസ് ആയത്!) ഞാനും എല്ലാ വെള്ളിയാഴ്ചയും ഒരേ പാട്ടിന്റെ നാല് വരി പാടും. “ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ/എന്റെ രോഗമൊന്നു നോക്കണേ ഫീസില്ലാതെ" എന്ന സിനിമാ പാട്ട് എവിടെ നിന്നു കിട്ടിയെന്ന് ഇപ്പോൾ‌ ഒരു പിടീം കിട്ടുന്നില്ല. ആരും പറഞ്ഞു തന്നില്ലെങ്കിലും ഞങ്ങൾടെ പാട്ട് ഞങ്ങൾക്ക് മാത്രം കേൾക്കാൻ കൊള്ളാവുന്ന ഒന്നാണെന്ന് അന്നേ‌ അറിയാമായിരിന്നു. എന്നിട്ടും പാടാനുള്ള ധൈര്യം അവനും എനിക്കും എവിടെ നിന്ന് കിട്ടിയോ‌ ആവോ?
സനൽ ഇന്നും കലാകാരനാണ്. മുടി മുറിച്ച് ആളെ സുന്ദരനാക്കുന്ന വിദ്യ അവൻ സ്വായത്തമാക്കി. ഈ വിദ്യയിൽ ഞങ്ങൾടെ നാട്ടിലെ കുലപതിയായിരുന്ന മണിച്ചേട്ടന്റെ ശിഷ്യനാണവൻ. ഞാനടങ്ങുന്ന പല മരമോന്തരുടേയും മുടി ആദ്യകാലം മുതലേ മുറിച്ചത് മണിച്ചേട്ടനാണ്. എന്തിന്നേറെപ്പറയണം, ഇതെഴുതുന്നവന്റെ മോന്ത അതിമനോഹരമായി തോന്നിയത് മണിച്ചേട്ടന്റെ ബാർബർഷോപ്പിലെ കണ്ണാടിയിൽ കണ്ടപ്പോഴാണ്. നിന്റെ കണ്ണിൽ പ്രതിബിംബിച്ചപ്പോഴാണ് എന്റെ മുഖം ഏറ്റവും സുന്ദരമായത് എന്നത് പടച്ചുവിട്ട പെരുംനുണകളിൽ ഒന്നുമാത്രം. എന്തു നുണയും പാസാക്കുന്ന നയമല്ലോ പ്രണയം. പാനകത്തിനു ചിന്തുപാടുമ്പോഴാണ് ഇപ്പോൾ സനലിന്റെ പാട്ട് കേൾക്കാറ്. “ഏഴുനിലമാളികമേലെ തിങ്കളാഴ്ച നോമ്പ് നോറ്റ്/തിങ്കൾക്കല പോലൊരു പെൺകൊടി കാത്തിരിക്കുന്നേ അയ്യാ..” എന്ന് അവൻ ചിന്തടിച്ച് പാടുമ്പോൾ അവിശ്വാസിയുടേയും പള്ളക്കു പിടിക്കുന്ന ഒരു സാധനമായി മാറുന്നു ഭക്തിഗാനം. ചുരുക്കിയാൽ, മുടി നീട്ടി വളർത്തിയ ഇവനോട്‌, പൊളിച്ചു! ഇതിനി ഇങ്ങനെ മതി എന്നു പറഞ്ഞ ഏക ബാർബർ തൊഴിലാളിയും ഫ്രീക്കനല്ലാത്ത സുഹൃത്തും സനലാണ്. കലാകാരന്മാർ മറ്റുള്ളോരെ സമാധാനിപ്പിക്കുന്ന മാന്ത്രികരാണ്.

സനലിനു ശേഷം പിന്നെയൊരു പാട്ടുകാരൻ നമ്മെ ഹഠാദാകർഷിക്കുന്നത് ഡിഗ്രീ‌കാലത്താണ്. ഇഹത്തിലും പരത്തിലും ഗതി തരാത്ത ഇംഗ്ലീഷ് ക്ലാസ് കട്ട് ചെയ്യാതിരിക്കുന്നതിനു അന്നത്തേയും എന്നത്തേയും കാരണം അതൊരു കമ്പൈൻ ക്ലാസ്സ് ആണെന്നതാണ്. ശാസ്ത്രം പഠിക്കുന്ന സകല ഡിഗ്രീക്കാർക്കും കൂടി ഒരേ ഒരു ഇംഗ്ലീഷ് ക്ലാസ്സ്. ലേകിൻ, തേങ്ങ എത്ര അരച്ചാലും താളല്ലേ കറി. ആ ന്യായേന മടുത്ത് മരവിച്ചിരുന്ന ഒരിംഗ്ലീഷ് ക്ലാസ്സിലാണ് ജിതൻ എന്ന നമ്മുടെ ക്ലാസ്‌‌മേറ്റിനോട് ഒരു പാട്ട് പാടാൻ ടീച്ചർ പറഞ്ഞത്. അഹോ ഉദാര രമണീയ പൃത്ഥ്വീ. എത്ര ഉദാരമതിയാണ് രമണീ എന്ന് പറയുന്നതു പോലെ ലവൻ "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടു ഞാൻ" എന്ന് തൊള്ള കീറി. പാട്ട് കിടിലോൽക്കിടിലം. മുക്തകണ്ഠം പ്രശംസിക്കാൻ ആർക്കായാലും തോന്നും. പക്ഷേ, നമ്മളത് ചെയ്തില്ല. എന്തെന്നാൽ, ടി ക്ലാസ്സിലെ തരുണീ നയനങ്ങളെല്ലാം ലവന്റെ മോറിലും ലതുങ്ങടെ മനസ്സ് ആ പാട്ടിലും ആയിരുന്നു. അത് ആർക്ക് സഹിക്കും? എം.ഫിൽ ടൈമിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിച്ചപ്പോൾ എം.ജി. ശ്രീകുമാറിന്റെ ഒച്ചയിൽ അതേ പാട്ട് കേട്ടു. മൊബൈലിൽ ഇപ്പോഴും അതുണ്ട്. പക്ഷേ, അന്നവൻ പാടിയപ്പോൾ കിട്ടിയ ആ ഫീലും ഗുമ്മും പിന്നെ കിട്ടീട്ടില്ല. ക്ലാസ്മേറ്റ് എന്ന അധികാരം ഉള്ളതിനാൽ പലവട്ടം അവനെ പാടിച്ചു. ജാഡത്തെണ്ടിയായ അവൻ തൊണ്ടവേദനയാണെന്നും പറഞ്ഞ് പലപ്പൊഴും ഞങ്ങളെ ഒഴിഞ്ഞു. എന്നിട്ട് സീനിയർ ചേച്ചിമാരുടെ നടുക്കിരുന്നു പാടി. അങ്ങനെ പാടിയ ദിവസങ്ങളിലെല്ലാം ഉച്ചയൂണിനു ശേഷം ഘടാഘടിയന്മാരായ മുരളിയും അരുണും അവന്റെ കഴുത്തിനു പിടിച്ചും പിടിക്കാതെയും ഗാനമേള നടത്തിച്ചു. പാട്ടിലാക്കി ഞങ്ങളെ ആ പരമ പൂരുഷൻ. അന്നൊരിക്കൽ അവൻ നമുക്കുമാത്രമായി പാടിത്തന്ന "പ്രദക്ഷിണ വഴിയിൽ നൂപുരധ്വനികേട്ട് പ്രസാദം തൊടുവാൻ മറന്നുപോയി" എന്ന ലളിതഗാനം അവന്റെ ശബ്ദത്തിൽ ഇപ്പോഴും ഉള്ളിലുണ്ട്. പിന്നീടിതേവരെ ആ പാട്ട് കേട്ടിട്ടില്ല. പുറത്തെടുക്കാനാകാതെ ഉള്ളിൽ സൂക്ഷിക്കുന്ന പലതിനുമൊപ്പം ആ പാട്ടും അവിടിരിപ്പുണ്ട്. അവനെ കണ്ടിട്ട് ചുരുങ്ങിയത് പത്തു വർഷമെങ്കിലും ആയി. അവനിപ്പോ‌ൾ താരാട്ട് പാട്ടിൽ സ്പെഷ്യലൈസ് ചെയ്യുന്നുണ്ടാകും. ദശാബ്ധം എന്നത് എത്ര ചെറുതാണ്.
സ്വന്തം പാട്ടുകാരൻ അന്നും ഇന്നും വിനോദാണ്. (ജെവ്സ് എന്നാണ് ആദ്യമേ വായിൽ വന്നത്). വിനോദിനാകുമ്പോൾ‌ നോ ജാഡ. പാടെടാ എന്ന് പറഞ്ഞാൽ പാടും. മുടിഞ്ഞ ശബ്ദം. ഹമാരാ യേശുദാസ്. അവനെന്നെ ഞെട്ടിച്ചത് ഒരു ഗാനമേളക്കാണ്. കോളേജിലെ ഗാനമേള എന്ന് പറഞ്ഞാൽ നമ്മുടെ ഗായകർക്ക് തിളങ്ങാനുള്ള ചാൻസാണ്. കോളേജ് യൂണിയൻ വഹ ഗാനമേളക്ക് ഞങ്ങൾ ഫിസിക്സിനു വേണ്ടി വിനോദ് പാടുന്നു. ചുമ്മാ കിട്ടിയ അവസരമല്ല. ആളും നേതാക്കളും കുറവാണെങ്കിലും ഉശിരിന്ന് ലവലേശം കുറവില്ലാത്ത എ.ഐ.എസ് എഫിലെ ഞങ്ങൾടെ സ്വന്തക്കാരൻ അരുൺ‌ പടപൊരുതി നേടിയ അവസരമാണ്. അവസാന നിമിഷത്തെ ചാഞ്ചല്യത്തിന്‌ പാമ്പരുൺ വഹ തെറികൂടികേട്ട ശേഷം വിനോദിന്റെ പാട്ട്. സമയം ഉച്ചരയാണ്. “എന്തു സുഖമാണീ നിലാവ്" എന്ന് മൈക്കിൽ വിനോദ്. സകലമാന മനുഷ്യരും അതുകേട്ട് ഉളുപ്‌ലെസ്സായി നിശ്ശബ്ദരായി. പടവുകളിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ സ്റ്റേജിലാണ്. പഹയൻ പാടി പൊലിപ്പിച്ചു. അവനെക്കൊണ്ട്‌ പാടിക്കണ്ടായിരുന്നെന്ന് എനിക്ക് മാത്രമാകില്ല തോന്നിയത്. ഒടുക്കം കൂവാൻനേരം അവനെ സ്റ്റേജിലേക്ക് ഉന്തിക്കയറ്റിയ ഞാനും സുഹൃത്തുക്കളും മാത്രം. പിന്നെ പലപ്പോഴായി പ്രമദവനാദിവനങ്ങളിലൂടെ വീണ്ടും വീണ്ടും ലവന്റെ പാട്ട്. അവനിപ്പോ ടെക്കിയാണ്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ മാസം കഴിഞ്ഞു. ആനിക്കെന്തായാലും അവൻ പാട്ടുമൂളിക്കൊടുക്കും.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ ലൈബ്രറിയിൽ ചെന്നിരുന്ന് ഉറക്കം തൂങ്ങിയ ഒരു ബോറൻ ഉച്ചയ്ക്കാണ് ഹരികൃഷ്ണന്റെ പാട്ട് കേൾക്കുന്നത്. “മാനത്തെ മണിത്തുമ്പമേട്ടിൽ മേട സുര്യനോ‌..” എന്ന്. ഉറക്കവും ലൈബ്രറിയും ഉപേക്ഷിച്ച് നമ്മൾ ശടേന്ന് മുകളിലത്തെ ഓഡിറ്റോറിയത്തിലെത്തി. “എല്ലാം ഓർമ്മകൾ മാത്രമായ്/ ഏതോ നേർത്ത തേങ്ങലായി" എന്ന് ഗയകൻ ഉച്ചസ്ഥായിയിൽ. നൻപരിൽ മുൻപനായ ഷിജൂനോട് ചോദിച്ചപ്പോഴാണ് ബി.കോമിൽ ലവന്റെ സഹപാഠിയാണ് പാട്ടുകാരൻ എന്നറിഞ്ഞത്.
കൂട്ടത്തിൽ പാട്ടുകാർക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. പതിമൂന്നു പേരുള്ള ഫിസിക്സ് ക്ലാസ്സിൽ ഏകദേശം ആറ് പാട്ടുകാർ. ക്ലാസിക്കലിനു ക്ലാസിക്കൽ. നാടനു നാടൻ. സകലതും സുലഭം. ഒടുക്കം, അന്നത്തെ ഞങ്ങടെ മൊതലാളിയായിരുന്ന ബാബു സാറിന്റെ വീട്ടിൽ ചെന്നപ്പോൾ‌ ആണ്ടെ അവടിരിക്കുന്നു ഒരു തബല. ചുമ്മാതല്ല അവസാനവർഷത്തെ പരിപാടിക്ക് "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമൺവിളക്കൂതിയില്ലേ/ബാബുസർ മൺവിളക്കൂതിയില്ലേ/ പ്രാക്ടിക്കൽ ലാബിന്റെ മുറ്റത്തെ വാകപോൽ ഒറ്റക്കു നിന്നില്ലേ" എന്ന് ഞങ്ങള്‌ കോറസിൽ പാരടിയിട്ടപ്പോ ഇതൊക്കെ എന്നത് എന്ന ഭാവത്തിൽ മൂപ്പിലാൻ പ്രോത്സാഹിപ്പിച്ചത്. അതേ സ്പിരിറ്റുള്ളതുകൊണ്ടാണല്ലോ ഫിസിക്സ് ഡിപ്പാർട്ട്‌‌മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനത്തിനു ടി.വിയിൽ മാത്രം കണ്ടുവരുന്ന, വ്യത്യസ്ഥങ്ങളായ വട്ടംകറക്കലുകളും അവതാരകരും ഒക്കെയുള്ള സംഗീതമത്സരം നടത്തിയത്. ടി പരിപാടിയിലെ സർപ്രൈസ് റൗണ്ടിലാണ് "ഒരു മുറൈ വന്ത് പാർതായ" എന്നൊക്കെ വയലിനിൽ പാടി ഹരീഷ് ഞങ്ങളെ തൃല്ലടിപ്പിച്ചത്. അവനിപ്പോ കച്ചേരിക്ക് വയലിൻ വായിച്ചു തുടങ്ങി.
സരസ്വതി ദേവി.സി.ജി എന്ന ഞങ്ങൾടെ സ്വന്തം ക്ലാസ്മേറ്റ് ഡിപ്പാർട്ട്മെന്റ് പരിപാടിക്ക് മാത്രമേ‌ പാടികേട്ടിട്ടുള്ളൂ. അയാളുടെ പ്രധാനപാട്ടുകൾ "ആറ്റുനോറ്റുണ്ടായൊരുണ്ണിയും” "എങ്ങിനെ ഞാൻ ഉറക്കേണ്ടൂ”.. എന്നതുമായിരുന്നു. ഡിപ്പാർട്ട്മെന്റിനെ നയിക്കുന്ന അദ്ധ്യാപകരിൽ പ്രധാനികൾ ദൈവവിശ്വാസികൾ അല്ലായിരുന്നെങ്കിലും പരിപാടികൾ പ്രാർത്ഥനയോടെ തുടങ്ങണം എന്ന ആചാരത്തോട് അസഹിഷ്ണുത ഇല്ലായിരുന്നു. ഞങ്ങൾക്കെല്ലാം വേണ്ടി സരസ്വതിയായിരുന്നു പ്രാർത്ഥിച്ചിരുന്നത്. പാട്ട് ഹൃദ്യമായതിനാൽ പ്രാർത്ഥനയാണല്ലോ ഈ കേൾക്കുന്നത് എന്നത് നമ്മൾ ക്ഷമിച്ചു. സരസ്വതി പ്രാർത്ഥിച്ച് മംഗളകരമായി തുടങ്ങിയ പരിപാടികൾ ധൃതിയിൽ നന്ദിപറഞ്ഞ് അവസാനിപ്പിച്ചിരുന്നത് ഇവൻതന്നെ. നന്നായിത്തുടങ്ങിയതൊക്കെയും ധൃതിയിൽ നിർത്തുക എന്ന സ്വഭാവത്തിന്റെ ഒരു പഴേ ഉദാഹരണം.
നിനവിലെ ആദ്യത്തെ പാട്ടുകാരികൾ മാനസിയും ഷീബയുമാണ്. "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ" എന്ന് മാനസിയും "അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു മുഗ്ദ്ധവൃന്ദാവനമായ് മാറിയെങ്കിൽ" എന്ന് ഷീബയും മനോഹരമായി പാടി. പെണ്ണുങ്ങളോട് മിണ്ടാൻ പേടിയുള്ള യു.പി സ്കൂൾ കാലമായതിനാൽ പാട്ടുകൾ ഉഷാറായെന്നും ഇഷ്ടായെന്നും പറഞ്ഞില്ല. പകരം "ചെപ്പടിക്കുന്നിൽ ചിമ്മിച്ചിണങ്ങും ചക്കരപ്പൂവേ " എന്ന ജംഗിൾബുക്ക് ഗാനം നമ്മുടെ ടീംസ് ഹണിയും കൂട്ടരും പാടിയതിനെ വാനോളം പുകഴ്തി. ഈ പാട്ടുപാടി ഹണിയും ടീംസും ഞങ്ങൾ ആണുങ്ങൾക്ക് വേണ്ടി സ്കൂൾതലത്തിൽ കുറേ സമ്മാനം മേടിച്ചിട്ടുണ്ട്. ഇതൊക്കെ നടക്കുന്നത് വടാശേരി സ്കൂള്‌ എന്ന് ഞങ്ങൾക്കിടയിലും ഗവൺമെന്റ് യു.പി.സ്കൂൾ‌ പാനിപ്ര എന്ന് സർക്കാർ തലത്തിലും അറിയപ്പെടുന്ന യു.പി. കാലഘട്ടത്തിലാണ്. പെൺകുട്ടികളോട്‌ സംസാരിക്കാൻ സാമാന്യേന സ്വാതന്ത്ര്യം ഉള്ള, പേടി ഇല്ലാത്ത ഇപ്പൊഴത്തെ സ്കൂൾ കുട്ടികളോട് അതുകൊണ്ട്‌ അസൂയയിൽ പൊതിഞ്ഞ സ്നേഹം. പാട്ടുകേട്ട് ഒരുത്തിയോട് പ്രേമം തോന്നിയ ചപ്പടാച്ചിക്കഥ ഇവിടെ നിരത്തുന്നില്ല. പാട്ടിലാക്കൽ എന്നുംകൂടിയാണല്ലോ പ്രേമത്തിന്റെ അർത്ഥം.
വഴിതെറ്റി തത്വചിന്തപഠിക്കാൻ ചേർന്നതിനു ശേഷം ഒരു പാട്ടുകാരനെയും കിട്ടിയിട്ടില്ല. ഗവേഷണകാലമായിരുന്നു ഏറ്റവും ശുഷ്കം. ജയചന്ദ്രനേയും റാഫിയേയും ഗുലാം അലിയേയും മെഹ്ദി ഹസനേയുമൊക്കെ ആശ്രയിക്കേണ്ടി വന്നു ആൽക്കഹോളിക് ആയ രാത്രികളിൽ. "സബ്കോ‌ മാലൂം ഹേ മേം ഷരാഭി നഹീ‌ം/ഫിർ ഭീ കോയീ പിലായേ തോ മേം ക്യാം കരൂം" ഗവേഷണ കാലത്ത് ഉള്ളിൽ കൊണ്ട ഒരെണ്ണം. “പ്യാർ ഭരേ/ ദോ ഷെർമിലെ നൈൻ/ ജിൻസേ മിലാ...” മെഹ്ദി ഹസൻ നമ്മെ ഗദ്ഗദപ്പെടുത്തി. ഗസലുകളും കേട്ടുകിടന്ന് വിഷാദം പിടിച്ചിട്ട്, അത് മാറ്റാൻ ഡിപ്പാർട്ട്മെന്റിൽ സെമിനാറിനു പോകേണ്ടി വന്നു ഒരു ദിവസം. സംഭവം കേട്ടിട്ട്, ഗസലിനു അങ്ങനൊക്കെ സാധിക്കും എന്ന് ആശ്വസിപ്പിച്ചു നൻപരിൽ നല്ലവനും പാട്ടുകാരനുമായ തത്വചിന്തകൻ. അവനാണ് ഹിന്ദു സ്ഥാനിപ്പാട്ടുകൾ കേൾക്കേണ്ടതാണന്നും പറഞ്ഞ് ഒരു പെൻഡ്രൈവ് നിറച്ചു തന്നത്. അവന്റെ നാമം വാഴ്തപ്പെടട്ടെ. എന്തെന്നാൽ അവന്റെ പ്രേമത്തിലും ഒരു പാട്ടുണ്ടായിരുന്നു എന്നെനിക്കറിയാം. “Riders on the Storm” എന്ന Doors ന്റെ പാട്ട് കേൾപ്പിച്ച് തന്നത് മറ്റൊരു സഹഗവേഷകനാണ്. ഇംഗ്ലീഷിലും പാട്ടുണ്ട് എന്ന തോന്നലേ ഇല്ലാതിരുന്ന നമ്മൾ കുറച്ചെങ്കിലും വിദേശപ്പാട്ട് കേട്ടത് അങ്ങനാണ്. ഗവേഷണക്കാലത്ത് നെറ്റ് സുലഭമായതുകൊണ്ട് പീസുമാത്രമല്ല പാട്ടുകളും തോനെ കിട്ടി. ഇന്റർനെറ്റ് സുലഭമായതിനാൽമാത്രം കിട്ടിയ പാട്ടുകൾ ഗവേഷണകാലത്തെ ഓർക്കാൻ കൊള്ളാവുന്ന ഒരു മനോഹാരിതയാണ്. അല്ലാതെ, ഇക്കേട്ട പാട്ടുകളൊന്നും നാഗഞ്ചേരിയിലേക്ക് വന്ന് നമ്മെ വിളിക്കുകയൊന്നുമില്ലല്ലോ..
ഇഷ്ടപ്പെട്ട പാട്ടുകളാണ് പള്ളിയിൽ വയ്ക്കുന്നതെങ്കിൽ അത് കേൾക്കാൻ വേണ്ടി വെളുക്കും മുന്നേ ഉണർന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല. കുതിരപ്പുറത്തിരിക്കുന്ന കുന്തക്കാരനാണ് ഞങ്ങൾടെ പുണ്യാളനെങ്കിലും പാട്ടിനോട്‌ പുള്ളിക്ക് വിരോധമില്ലായിരുന്നു. അതുകൊണ്ടായിരിക്കാം അതികാലത്ത് മണിയടിച്ചിട്ട് പള്ളിയിൽനിന്നും പാട്ടുകേൾപ്പിച്ചത്. "പാട്ടുകുർബാന" ഉണ്ടാക്കിയ ആൾ ആരായാലും ഒരു വിശുദ്ധനാകാതിരിക്കാൻ തരമില്ല. "യഹൂദിയായിയിലെ ഒരു ഗ്രാമത്തിൽ താരകത്തെ നോക്കി ആട്ടിടയർ നടന്നത്, അനന്തസ്നേഹത്തിൽ ആശ്രയം തേടി മരിച്ചവനൊരുനാൾ തിരിച്ചു വന്നത്, കർത്താവു ഭവനം പണിയതിരുന്നാൽ നിഷ്ഫലമാകും പ്രയത്നമെല്ലാം എന്നറിഞ്ഞത് അതെല്ലാം പള്ളീന്ന് പുറപ്പെട്ട പാട്ടുകളിലായിരുന്നു. തിരുനാമ കീർത്തനം പാടുവാൻ എന്നു തുടങ്ങുന്ന പാട്ടിൽ "പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന/കിളികളോടൊന്നു ചേർന്നാർത്തു പാടാം" എന്നതിലെ "ആർക്കല്" പിന്നീട് കല്ലുകടിയായിത്തോന്നിയെങ്കിലും ആ വരികൾ പാട്ടിലായപ്പോൾ ഗംഭീരമായിരുന്നു. "ശാന്തപ്രശാന്തം ഈ ഭവനം/ശാന്തിനികേതനം ദേവാലയം" എന്നതാണ് ഈ ഗണത്തിൽ ഏറെ പ്രിയപ്പെട്ടത്. അത് കേൾക്കാൻ വേണ്ടി മാത്രം ഒരാഴ്ചക്കാലം കാലത്തേ‌ കണ്ണു തുറന്ന് പായേൽ കിടന്നതാണ്. ഉറക്കെ വയ്ക്കുന്നപാട്ടുകൾക്കും പുഴയിലെ വെള്ളത്തിനും സകലരും അവകാശികളത്രേ. വചനമാണല്ലോ രൂപത്തേക്കാൾ മുന്നേ ഉണ്ടായത്. നാദമാണ് ശൂന്യതയിൽ അമൃതം വർഷിച്ചത്. അതുകൊണ്ട്, പാട്ടുണ്ടാക്കിയവനാണ് പടച്ചോൻ.

Blog Archive