Wednesday, March 8, 2017

അനന്തരം പ്രേമം

അനന്തരം അവന് പ്രേമിക്കാനും ചുംബിക്കാനും തോന്നി. തോന്നൽ നന്ന് എന്നുകണ്ട്‌ അവൻ ആഹ്ലാദിച്ചു. അവനവനെത്തന്നെ ചുംബിക്കാൻ പറ്റില്ലെന്നും ആ പ്രേമത്തിൽ ഒരിതില്ലെന്നും തിരിയുകയാൽ അവൻ ജന്നലുകൾ തുറന്നു മാനത്തേക്കു നോക്കി. പുച്ഛച്ചിരിയുമായി തെങ്ങിനു മുകളിൽ നിന്നും ചന്ദ്രൻ അവനെ നോക്കി. അവനോ‌ ആ പുച്ഛം മനസ്സിലായതില്ല. തലക്കുള്ളിൽ പ്രേമത്തിന്റെ നിലാവുദിച്ചനേരം ഒരുത്തനും പുച്ഛം മനസ്സിലാവുകയില്ല എന്നത് ഒരു കാര്യവുമില്ലാത്ത നേരാകുന്നു. പുച്ഛം ഇവന്റെ പ്രിയ ഭാവം. അത് തെളിയാൻ നേരം വെളുക്കണം.
പ്രപഞ്ചാരംഭം മുതൽ പ്രേമവും നിലാവും തമ്മിൽ അതിമനോഹരമായ അവിഹിതങ്ങൾ ഉണ്ടായിട്ടുള്ളത് അവൻ ഓർത്തു. വിഹിതത്തിലുള്ള വാടക ചോദിച്ചുകൊണ്ട് അരസികവർത്തമാനം വീട്ടുടമസ്ഥന്റെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു. വാടകക്കാര്യം അവധിക്കെടുപ്പിച്ചപ്പോഴേക്കും പുറത്ത് കാത്തുനിന്ന ചുംബനപ്രിയരാം കൊതുകുകൾ അകം പൂകി ആ രാവ് പ്രേമത്തിനുള്ളതാണെന്ന് ഉറപ്പാക്കി. നീലനിലാവിന്റെ നിർമ്മതയിൽ വാടകക്കാശെന്ന വകയ്ക്കു കൊള്ളാത്ത ദുരന്തം നഞ്ചുകലക്കിയതിൽ പ്രതിഷേധിച്ച് അവൻ ജന്നലുകൾ കൊട്ടിയടച്ചു.

പ്രേമിക്കുന്നവരുട പാരമ്പര്യത്തിനു ഊനം വാരാതിരിപ്പൻ അവൻ ഉത്തമഗീതമെടുത്ത് വായിച്ചു. പ്രേമവും വീഞ്ഞും കാമുകിയുടെ സൗന്ദര്യവും പാതിരിമാരുടെ പെഴപ്പുകളെ വകവയ്ക്കാതെ ബൈബിളിൽ വഴിഞ്ഞൊഴുകുന്നത് കണ്ട് അവൻ അഹ്ലാദിച്ചു. "നിന്റെ പ്രേമത്തെ വീഞ്ഞിനേക്കാൾ ശ്ലാഖിക്കും" എന്ന വാചകം അവനെ ഹഠാദാകർഷിച്ചു. എന്നാലും കുറച്ചു കൂടി നന്ന് റമ്മായിരിക്കും എന്ന് അവൻ ഉള്ളിൽ പറഞ്ഞു. "എന്റെ പ്രിയേ‌, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു” എന്ന് അവൻ വായിച്ചു. തലേ ഞായറാശ്ച കഴുകിയിട്ട ഷർട്ടിൽ തൂറിയിട്ട് പറന്നു പ്രാവുകൾ ഒരു കാര്യവുമില്ലാതെ അവന്റെ ഓർമ്മയിലേക്ക് പറന്നു വന്നു. പ്രേമിക്കുകയല്ലേ‌, കറ നല്ലതാണ് എന്നവൻ സമാധാനിച്ചു. ഉത്തമഗീതത്തിൽ പ്രേമം കടുത്തു. അതിൽ മുലകളെയും ഉമ്മകളെയും പറ്റി പറയാൻ തുടങ്ങി. പ്രേമമില്ലാത്ത ജീവിതം ബിറ്റില്ലാത്തെ എ പടം പോലെ നിരർത്ഥകമെന്ന് അവനു തോന്നി. സത്യവേദപുസ്തകം താഴെവച്ചു.
ജനൽ വീണ്ടും തുറക്കപ്പെട്ടു. ചന്ദ്രൻ കാർമേഘങ്ങളാൽ പുച്ഛം മറച്ചു. തട്ടമിട്ട മുഖം മറച്ച് ഏതോ സുന്ദരിയാണ് ചന്ദ്രൻ എന്ന് അവനു തോന്നു. ആ മണ്ടത്തരത്തിനു നേരെ നക്ഷത്രങ്ങള്‌ കണ്ണടച്ചു.
പ്രേമം സ്റ്റാറ്റസ് ആക്കാൻ അവൻ ഫേസ്ബുക്ക് മലർക്കെ തുറന്നു. ഉദ്ധരിച്ച ലിംഗാരാധകർ പ്രേമത്തെ ചൂരലിനടിക്കുന്നതിന്റെ ഫോട്ടംസ് ഫേസ്‌‌ബുക്കിൽ കണ്ടു. പകലുകൾ‌ പ്രേമിക്കാൻ പറ്റിയതല്ലെന്ന് അവനു വെളിപാടുണ്ടായി. ഉമ്മവയ്ക്കേണ്ടത് വീട്ടിൽ വച്ചാണെന്ന മഹദ്വചനം പതിയെ തെളിഞ്ഞു വന്നു.
പ്രേമം ഉണ്ടാകുന്നതിന്നും മുന്നേ‌യുണ്ടായ ആദിപുരാതനമായ ഗദ്ഗദം അവനെ പൊതിഞ്ഞു.

No comments:

Blog Archive