Tuesday, December 27, 2016

ചിലർ തനിച്ച്


ഉള്ളിൽ പെയ്യുന്നോളം
പുറത്തേക്കു ചാറാത്തൊരുവൾ
ഏകാന്തതയോട് ചതുരംഗം വയ്ക്കുന്നു.
വിരസതയുടെ കളത്തിൽ
വിശ്രമിക്കുന്ന കുതിരകളിൽ
കളി പുരോഗമിക്കുന്നു.

അവൾക്കറിയാലിപികളിൽ
അവളെയെഴുതി
ഒരുവൻ ഒറ്റയാകുന്നു.
ഉന്മാദിയുടെ രഹസ്യങ്ങൾ
വിനിമയം ചെയ്യാത്ത ഭാഷയിൽ
പരാജയപ്പെടുന്നു.

പരസ്പരം പുറത്താക്കിയ രണ്ടുപേർക്ക്
ഏകാന്തത്തിലേക്ക്
ഗൃഹപ്രവേശത്തിനു മുഹൂർത്തമകുന്നു.

മിന്നലേറ്റ തെങ്ങിന്റെ
ഏകാന്തതയെ
ഒരോലേഞ്ഞാലി ചുറ്റുന്നു.
അതിന്റെ ചിറകിൽ കനക്കുന്നു
കുരുത്തോലമഞ്ഞ.
തെങ്ങിന്റെ ധ്യാനം
കാറ്റിലേക്ക് ചില്ലനീട്ടുന്നു.
കുന്നിനപ്പുറത്തേയ്ക്ക് കുടിവയ്ക്കുന്നു
മഞ്ഞച്ചിറകുകൾ.

വെയിൽച്ചീളുകൾ പകിടകളിച്ച മദ്ധ്യാഹ്നങ്ങളെ
സന്ധ്യയിലേയ്ക്ക് കുടിപാർത്ത ഓർമ്മകൾ അയവിറക്കുന്നു.
ഒന്നും പുറത്തേയ്ക്ക് ചാറാതെ
വേലിചാരി
മറ്റൊരുരാവൊരുങ്ങുന്നു.

പനഞ്ചോട്ടിൽ
പകൽ വീതുവച്ചതു തിരഞ്ഞ്
വിളറിയ നിലാവെത്തുന്നു.
എത്രമോന്തിയിട്ടും മത്താകാതെ
നിഴലേണിചവിട്ടി
മാട്ടക്കുടം തിരയുന്നു.

ഉള്ളിൽപെയ്യുന്നതിനു
പുറത്തുകുടചൂടി
ഇടവഴിനടന്ന്
പിരിയുന്നു.

Sunday, December 25, 2016

ക്രിസ്തുമസോർമ്മകൾ

കാര്യസാധ്യത്തിനു കർത്താവെന്നും അല്ലാത്തപ്പോൾ യേശു ക്രിസ്തു എന്നും മലയാളത്തിൽ അറിയപ്പെടുന്ന ജീസസ് ക്രൈസ്റ്റുമായി നമുക്കുള്ളത് ചില സാമ്പത്തികബന്ധങ്ങളാണ്. ജീവിതത്തിൽ നമുക്ക് ഉപകാരപ്പെട്ടിട്ടുള്ള ജന്മദിനം ടിയാന്റേതുമാത്രമാണ്. മൂപ്പരുടെ ബർത്ത്ഡേ ആഘോഷിക്കാൻ കരോൾ നടത്തിക്കിട്ടിയ കാശാണ് നമ്മുടെ കയ്യിൽ കൊള്ളാവുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ടു തന്നത്. വരുമാനമില്ലാത്ത വായനശാലകളുടെ ചാകരക്കാലമാണ് ക്രിസ്തുമസ്. ഈ സാമ്പത്തിക ബന്ധം കൊണ്ട്‌ ശ്രീകൃഷ്ണജയന്തിയേക്കാൾ ക്രിസ്തുമസ്സായിരുന്നു നമുക്ക് പ്രിയം. ഗായകൻ, ഡ്രൈവർ, യോദ്ധാവ്, മോഷ്ടാവ് എന്നു വേണ്ടാ കുളിസീൻപിടുത്തത്തിൽ വരെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടും കണ്ണൻ വൃന്ധാവനം നമ്മുടെ ഫേവറൈറ്റ് ആയില്ല. കാരണം, ടിയാന്റെ ജന്മദിനത്തിനു വേഷം കെട്ടിച്ച് കിലോമീറ്ററുകൾ നടത്തിയിട്ട് നമുക്ക് തന്നത് ഒരു പിടി അവലാണ്. തന്നെയുമല്ല അവനൊരു കൃഷ്ണനാ എന്നതിന് കള്ളനാണെന്നും കോഴിയാണെന്നും അർത്ഥമുണ്ട്‌ നാട്ടിൽ. യേശൂവിന്റെ മാർഗത്തിൽ ഇത്തരം പൊല്ലാപ്പൊന്നുമില്ല. ഇതാണ് ക്രിസ്തുമസുമായി നമുക്കുള്ള ആദ്ധ്യാത്മിക ബന്ധം.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും സോഫിയയും ശാ.ശീ 3:4 എന്നെഴുതിക്കളിക്കുന്നത് കണ്ടപ്പോഴാണ് ബൈബിള്‌ നോക്കിയാലെന്താ എന്ന് ആദ്യമായിത്തോന്നിയത്. ആ വൈകുന്നേരം, ബാപ്പുജിസ്മാരക വായനശാലയിൽ, ഞങ്ങൾക്കു മുന്നിൽ പഴയ നിയമം തുറക്കപ്പെട്ടു. എന്റെ സുന്ദരീ എന്നുംനിന്റെ മുലകൾ പ്രാവുകളെപ്പോലെ എന്നുമൊക്കെ വേദവചനം വായിച്ച് ഞങ്ങൾ വണ്ടറടിച്ചു. ബാപ്പുജിസ്മാരകവായനശാലയുടെ പാതിപൊളിഞ്ഞ മതിലിൽ ഇരുട്ടാക്കിയ സന്ധ്യകളറിഞ്ഞ മലയാളത്തിൽ പറഞ്ഞാൽ പ്രേമവും പീസുമുള്ള ഈ വേദപുസ്തകം കിടിലൻ. മുല എന്നെഴുതുന്നത് അന്ന് പീസാണ്. മൊബൈൽ പൂർവ്വകാലമാണ്. പുള്ളേർക്കാശ്വാസം പമ്മനാണ്. അയ്യനേത്തിന്റെ വേട്ടയിലെ 'ജഘനം' അന്ന് കട്ടിമലയാളമാണ്. എന്തായാലും ബൈബിൾ എന്ന വേദപുസ്തകത്തിലേക്ക് ഞാനസ്നാനം ചെയ്യപെട്ടത് ആ വൈകുന്നേരമാണ്. തുടർദിവസങ്ങളിൽ വായനശാലയിലെ വേദപുസ്തകത്തിനു ചുറ്റും അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ക്രിസ്തുമസിനു ഏകദേശം അഞ്ച് ദിവസം മുന്നേ നമ്മൾ കരോൾ തുടങ്ങും. ബാപ്പുജിസ്മാരകവായനശാലയുടെ ഇടവകയിലെ ജനങ്ങൾക്കിടയിലെല്ലാം കർത്താവിന്റെ ബർത്ത്‌‌ഡേകാര്യം എത്തിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വേണം. അശ്വാരൂഢനും ആയുധധാരിയുമായ വി:ജോർജ്ജാണ് ഞങ്ങൾടെ പള്ളീടെ മൊതലാളി. പുള്ളീടെ പേരിലുള്ള കരോൾ പിരിവ് സംഘവുമായി ഏരിയകൾ ക്ലാഷാകാതെ വേണം നടവണ്ടിയും ഊന്നുവടിയും മാത്രം കയ്യിലുള്ള ബാപ്പുജി മൊതലാളിയായ വായനശാലയുടെ കരോൾ നടത്താൻ. ചില്ലറ പ്ലാനിംങ്ങൊന്നും പോരാ എന്നു സാരം. പള്ളിയോട് ചേർന്നുള്ള എല്ലാ വീടുകളിലും പാടുമെങ്കിലും (ഇത് പഴയ കഥ. ഇപ്പോൾ ട്വിസ്റ്റായിട്ടുണ്ട്.) അകലങ്ങളിലെ അക്രൈസ്തവ വീടുകളിൽ പള്ളീടെ കരോൾ പാടാറില്ല. കർത്താവിനും ഇന്ത്യൻ റുപ്പിക്കും മതമില്ലാത്തതിനാൾ ഞങ്ങൾ എല്ലായിടത്തും പാടും. സാന്റാക്ലോസിനെ കാണാൻ കണ്ണുമിഴിച്ചിരിക്കുന്ന കുഞ്ഞുങ്ങളുള്ള അക്രൈസ്തവർ ഞങ്ങളെ വിളിച്ചു പാടിച്ചിരുന്നു. കുഞ്ഞുപിള്ളേരുള്ളതല്ലേ പോയേക്കാം എന്ന് ഉദാരമനസ്കരായി ഒറ്റപ്പെട്ട വീടുകളിലേക്കും ഞങ്ങൾ കയറിച്ചെന്നിരുന്നു. അഴിച്ചുവിട്ട പട്ടിമുതൽ സ്നേഹത്തിന്റെ കട്ടഞ്ചായവരെ ആ രാത്രികളിൽ ഞങ്ങളെ കാത്തിരുന്നു.
സിനിമാപ്പാട്ടിന്റെ ക്രിസ്തീയവേർഷനാണ് ഇവിടേം കരോളിന്റെ പ്രധാന ആകർഷണം. കാലിത്തൊഴുത്തിൽ പിറന്നവൻ ജീസസ്/കുരിശിൽ കിടന്നു പിടഞ്ഞവൻ ജീസസ്/ മൂന്നാം നാളിൽ ഉയർന്നവൻ ജീസസ്/ റെയിൻബോ ജീസസ്- എന്ന് അന്യൻ സിനിമയിലെ റെമോ‌ സോങ്ങിന്റെ ഒറിജിനൽ ഞങ്ങളുണ്ടാക്കിയതാണ്. തേടിവരും കണ്ണുകളിൽ ഓടിയെത്തും യേശൂ/ബദ്‌‌ലഹേമിൽ പുൽത്തൊഴുത്തിൽ പിറന്ന വീണ യേശൂ/ അയ്യപയീശോ‌ അയ്യപ്പയീശോ എന്നതും ഞങ്ങളുടെ കലാകാരന്മാർ പടച്ചതാണ്. ഇത്തരം അപൂർവ്വയിനം കലാസൃഷ്ടികൾ അധികമാരും കേൾക്കാതെപോയി. പാട്ടിനു ശേഷമാണ് ഡയലോഗ്. "സർവ്വജനത്തിനുമുണ്ടാകുമാറുള്ളോരു മഹാസന്തോഷം ഞങ്ങൾ നിങ്ങളോട്‌ സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ബദ്‌‌ലഹേമിൽ ജനിച്ചിരിക്കുന്നു. നിങ്ങൾക്കടയാളമോ‌ ശീലകൾചുറ്റി പശുതൊട്ടിയിൽ കിടക്കുന്നോരു ശിശുവിനെ നിങ്ങൾ കാണും.” ഈ മൂന്നു മഹാ വാക്യങ്ങളാണ് ഒരോ വീട്ടിലും പോയി ഞങ്ങൾ പറഞ്ഞിരുന്നത്. പറഞ്ഞുപറഞ്ഞ് ഒടുക്കം "ശിശുത്തൊട്ടിയിൽ കിടക്കുന്ന പശുക്കുട്ടിയെ നിങ്ങൾ കാണും" എന്നായിപ്പോയിട്ടുമുണ്ട്. ഇതൊക്കെ ബൈബിളിൽ ഉണ്ടോ‌ ആവോ? എന്തായാലും ഞങ്ങൾക്ക് ഞങ്ങൾടേതായ ഒരീശോ‌ ഉണ്ടായിരുന്നു.
നിയമങ്ങളിൽ പുതിയതിലാണ് യേശുവുള്ളതെന്ന് പിന്നീടാണ് പിടികിട്ടിയത്. ആർക്കറിയാം എന്ന സക്കറിയയെഴുതിയ കഥ പ്ലസ്‌‌ടൂനു പഠിക്കാനുണ്ടായിരുന്നു. ‘എല്ലാ രക്ഷകന്മാരും കുഞ്ഞുങ്ങളുടേ ചോരയിലൂടെയാണ് വരുന്നത് എന്നോ മറ്റോ‌ ആ കഥയിൽ പറയുന്നുണ്ട്. പയ്യൻസ് ജന്മനാ പ്രശ്നക്കാരനാണ്! ബൈബിളിൽ നോക്കിയപ്പൊഴാണ് പിടികിട്ടിയത്- ആൾ ആശാരിയാണ്. കണ്ണാടി കാൺമോളവും എന്ന സക്കറിയാക്കഥയിൽ കർത്താവിനെ മരപ്പണിക്കാരന്റെ വേഷത്തിൽ കണ്ടു. വാക്കുകൾ‌കൊണ്ട്‌ ചിന്തേറിടാനുള്ള കഴിവ് പുള്ളിക്ക് അങ്ങനെ കിട്ടീതാകും. എന്തായാലും നമ്മെ ഹഠാദാകർഷിച്ചത് ഗിരിപ്രഭാഷണങ്ങളൊന്നുമല്ല. മറ്റൊരു കഥയാണ്. കാനായിലെ കല്യാണത്തിന്റെ കഥ. വെള്ളം വാറ്റി വീഞ്ഞാക്കി മായന്തിരിച്ചു ആശാരിച്ചെക്കൻ. അന്നു നമിച്ചതാണവനെ. വെള്ളം വീഞ്ഞാകുന്നത് കല്യാണ നാളിലാണ്/ വീഞ്ഞാകാത്ത വെള്ളം വിനാഗിരിയായി മാറുന്നു എന്ന് മേതിൽ. പ്രേമത്തിന്റെ ഏത് മാന്ത്രികസ്പർശമാണാവോ‌ ആശാരി ഉപയോഗിച്ചത്. വാറ്റുകാരിൽ വാഴ്തപ്പെടേണ്ടവൻ അവൻ തന്നെ. ശിഷ്യന്മാരിലൊരുത്തനെയെങ്കിലും ആ വിദ്യ പഠിക്കാമായിരുന്നില്ലേ എന്ന് സുവിശേഷം വായിച്ചപ്പോഴെല്ലാം ഓർത്തു. എവിടന്നു? ഒരുത്തനും പഠിച്ചില്ല. ഉയർത്തെഴുന്നേറ്റിട്ടും അവൻ ഈ വിദ്യ ആർക്കും പറഞ്ഞുകൊടുത്തില്ല. എന്തിന്നു മഗ്ദലനാക്കാരത്തി മറിയയല്ലാതെ ഉയർത്തെഴുന്നേറ്റ അവനെ ആരേലും കണ്ടിട്ടുണ്ടോ? സെകന്റ് ചാൻസായി ശിഷ്യർക്ക് ദർശനം കിട്ടി എന്നു പറയപ്പെടുന്നു. ആർക്കറിയാം. എന്തായാലും, വാഴ്തിയ വെറും വെള്ളം വീഞ്ഞാണെന്നും തിരുരക്തമാണെന്നും ചുമ്മാ വിശ്വസിച്ചാശ്വസിക്കുന്നു ഇപ്പോൾ സകലർക്കും.
ദുഃഖവെള്ളിയുടെ തലേരാവ് ഉള്ളിൽ പതിഞ്ഞത് പിന്നീടാണ്. മനുഷ്യപുത്രൻ പ്രാർത്ഥിച്ചിട്ട് തിരിച്ചു വരുമ്പോൾ സകല ശിഷ്യരും കൂർക്കം വലിച്ചുറങ്ങുന്നു. ഉണർന്നിരിക്കാൻ പറഞ്ഞിട്ട് പോയതാണ്. പക്ഷേ, ഒരുവനും അവനെ കാത്തിരുന്നില്ല. ഹൈഡ്രജൻ ആറ്റത്തിന്റുള്ളിലെ പ്രോട്ടോണിനെപ്പോലെ ഫുൾടിഫുൾ ഏകാകിയായി ക്രിസ്തു. ശിഷ്യരെ അവൻ മനുഷ്യരെപ്പിടിക്കാൻ പഠിപ്പിച്ചു. അതിലൊരുത്തൻ അവനെ ഒറ്റുകൊടുത്തു. മറ്റൊരുവൻ മൂന്നുവട്ടം തള്ളിപ്പറഞ്ഞ് സ്വന്തം തടി കഴിച്ചിലാക്കി. എല്ലാറ്റിനും നാന്ദി ആ രാവാണ്. കൂട്ടിനാരുമില്ലാത്ത പ്രവാചകന്റെ ആ രാത്രി. എല്ലാ ക്രിസ്തുമസ്സിനും ഞാൻ‌ ആ രാത്രിയെക്കുറിച്ചോർക്കുന്നു. ചോരയും വിലാപവും പലായനവും കൂടപ്പിറാപ്പായ നിനക്കുമെനിക്കുമിടയിലെന്തെന്ന് തിരഞ്ഞുകൊണ്ടേയിരുന്ന ഒരുവന്റെ പിറന്നാളിനു വേറെന്തോർക്കാനാണ്?

Blog Archive