Friday, August 21, 2009

പിന്‍‌വിളി

വെയില്‍ വിരലിനാല്‍ ഇലഞരമ്പിന്‍‌റ്റെ
ഹരിതചിത്രങ്ങള്‍ വരച്ച മാന്ത്രികാ
വിടര്‍ത്തുക, ഇരുളിഴഞ്ഞ ബോധത്തിന്‍
വഴിയിലും നറും വെളിച്ചപ്പൂവുകള്‍.

മണ്മറഞ്ഞ ജന്മങ്ങള്‍ തിരഞ്ഞു
മണ്ണടര്‍ പിളര്‍ന്ന് വേരുകള്‍
കുതിച്ച് പായുമ്പോള്‍
പഴയ ജന്‍‌മത്തെ ഇലക്കു മീതെ
പൂവിതളായിയെപ്പൊഴും പകര്‍ത്തിവയ്ക്കുന്നു

ഇരയിലേക്കുള്ളം കൊരുത്ത പൊന്‍‌മതന്‍
ചിറകടി കേട്ടു മുഖം ചുളിക്കുന്ന
ജലരാശി, അതിന്‍ സുതാര്യതകളില്‍
പതിയിരിക്കുന്നു നിഗൂഢമാഴങ്ങള്‍.
നിഴലില്‍ നീ നീലം വരച്ചു കാട്ടുന്നു.

തകര്‍ന്ന കപ്പലില്‍ തനിച്ചിരുന്ന്
നീര്‍വിരിപ്പ് നെയ്യുന്ന തളരാ നാവികന്‍
കടല്‍ നിവര്‍ത്തി വെണ്‍നിലാവ് ചാലിച്ച്
വരച്ച ചിത്രം കാറ്റെടുത്ത് പായുന്നു.

മരതക ദ്വീപില്‍ മരണദേവതയ്ക്കുതിര
സ്നാനനിര്‍വൃതി, കടും നിറം
ജലച്ചായങ്ങളില്‍ കടുപ്പമാകുന്നു
വരകളില്‍ നീയും മടുപ്പു ചാലിച്ചോ?

നിര്‍ജ്ജലീകരിച്ച മണ്ണടരിന്‍ മേല്‍ മാനം
തപിച്ച വാതകപ്പുതപ്പ് ചാര്‍ത്തുന്നു
മറയുന്നൂ പച്ച, നഗര ഭിത്തിയില്‍
പുകമഞ്ഞിന്‍ മഞ്ഞപ്പുഴുപ്പല്ലാഴുന്നു
നിറം പോരാഞ്ഞ് നീ തളര്‍ന്നോ മാന്ത്രികാ?

മഴനൂല്‍പോല്‍ നേര്‍ത്ത് പുഴ വരക്കുന്ന
വരകളില്‍ കാലം വെറുങ്ങലിക്കുമ്പോള്‍
വരകളും വാക്കും വിഴുങ്ങിനാവിന്മേല്‍
തറച്ച നാരായത്തളര്‍ച്ചയേറുമ്പോള്‍

സിരയിലൂര്‍ജ്ജരവി കിരണശോഭ
നിറനിരയൊരുക്കുവാന്‍
വരവടിവിലൂടെ
മഴയഴകിലൂടെ
പുഴവഴിയിലൂടെ
വരിക മാന്ത്രികാ
ഹരിതബോധതരുനിര വിളിപ്പു
നീ തിരികെ എത്തുക.

Blog Archive