Saturday, January 22, 2011

അമ്മ

ആഴ്ന്ന രുചിഭേദങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
ആദ്യത്തെ ചൂരപ്പഴം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.
ഒക്കെയും നീയാകുന്നു.

രസന നീ തന്നത്
ചെന്നിനായകം കൊണ്ട്
ഉലകിന്‍സത്തയതില്‍
തേച്ചുതന്നതും നീയ്.
അടുപ്പിലെരിഞ്ഞിട്ടും
ചാരമാകാഞ്ഞതും
കലത്തില്‍ തിളച്ചിട്ടും
ആവിയായ് മായാഞ്ഞതും
അമ്മിയിലരഞ്ഞിട്ടും
മിനുത്ത് തീരാഞ്ഞതും
സര്‍‌വതും
പുകയൂതിപ്പുകഞ്ഞ അതേ നീയ്.

അഗതിമന്ദിരാകത്തണുപ്പിലേക്ക്
തള്ളിയിട്ടിട്ടും
പേക്കിനാക്കളില്‍ ഞെട്ടിയുണരും രാക്കളില്‍
നാവിലിന്നുമാദ്യം തിളയ്ക്കുന്നു നീയ്.

നെറുകിലെ പുരാതന ചുംബന മുദ്ര.
വടിച്ചിട്ടും നാത്തുമ്പത്തെ പോകാത്ത പേച്ച്.
പൊയ്യല്ല പൊയ്ക്കാലിലീനില്പിലും
ഉള്ളിന്നുള്ളില്‍ പോറലായ്
പോകാന്‍ കൂട്ടാക്കാത്തതതാം ജലമുദ്ര.
തന്നത് നീയാണി,നി ഒസ്യത്തിലതേയുള്ളൂ.

മുറിവ് തോറും മുറിയടന്തശ്ശീല്
മുഴുമിക്കുവാന്‍ വഴി തിരയുമ്പോഴിപ്പോഴും
തോറ്റ വാക്കിന്‍ തോറ്റത്തില്‍
തോരാതെ കനിഞ്ഞിന്നും
പെയ്കയാണല്ലോ നിന്റെ
കണ്ണിലെ മാനുഷ്യകം.

Sunday, January 9, 2011

രസതന്ത്രം

അമ്ലരൂക്ഷേ
ഏതാവര്‍ത്തനപ്പട്ടികയിലാണ്‌
നിന്റെ ചുരുക്കെഴുത്ത്.
സ്ഫടികപ്പാത്രങ്ങളിലേക്ക്
പരാവര്‍ത്തനം ചെയ്യപ്പെട്ട
ഏത് താളിലായിരുന്നു
നിന്റെ പേരെഴുതിയിരുന്നത്.
അജ്ഞാത സന്ധികളില്‍
നിറം മാറുന്ന ലായനികള്‍
ആരെയാണ്‌ കുറിക്കുന്നത്.
പ്രണയത്തിന്റെ ലിറ്റ്മസ്‌ടെസ്റ്റ് തോറ്റ വാക്ക്
പൊട്ടിയ ടെസ്റ്റ്യൂബുപോലെ
ലാബിന്നു പുറത്ത്
അനാഥമാകുന്നു.

2.

രാസഗതികത്തിന്റെ
കാണാവഴികളില്‍
തളര്‍ന്നുപോയ തുമ്പപ്പൂമണം
തനിച്ചാകുന്നുണ്ട്.
നീരവം നിന്റെ ലാബിന്റെ മുറ്റത്ത്
നീ അറിയാത്ത ചെടിയൊന്നു പൂത്തത്
തുറക്കാത്ത ജാലകം കണ്ടിട്ടുണ്ട്.
സമീകരികാനാകാത്ത രാസവാക്യങ്ങളില്‍
ജീവിതം എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.
രസതന്ത്രത്തിലെ രസവും തന്ത്രവും
ഇഴപിരിക്കാനാകാതെ ഞാന്‍ പരിഭ്രമിക്കുന്നുണ്ട്.

Friday, January 7, 2011

മോഹം

ഒറ്റതുള്ളികൊണ്ട്
ദാഹം തീര്‍ത്ത മണ്ണില്‍
ഒരിക്കല്‍ക്കൂടി ചുണ്ടുചേര്‍ക്കണം.

സ്മൃതിഭ്രംശത്തിന്‌
ശിശിരവൃക്ഷത്തിന്റെ ഒരിലയില്‍
പേരുചേര്‍ക്കണം.

കാറ്റിന്റെ കൈപിടിക്കണം.

അടയാളങ്ങളോ
അനുഗാമികളോ
ഇല്ലാതെ
പൂവൊന്നും നുള്ളാതെ
പാട്ടൊന്നുമെടുക്കാതെ
കൈരണ്ടും വീശി
കടന്നുപോകണം

Saturday, January 1, 2011

വര്‍ഷാന്തം

1.
വിശേഷങ്ങള്‍ക്ക്
ചുവപ്പടയാളം കൊടുത്ത
ഒരു താള്‍ കൂടി
ചുമരെഴുത്തില്‍ നിന്നും
താഴേക്ക്.
ചുവപ്പിന്‌ ശേഷം
ഇരുളെന്നും വെളിച്ചമെന്നും
സന്ധ്യകളുടെ തീരാത്തര്‍ക്കം
വിചാരണാനന്തരം
വാദിക്ക് ജീവപര്യന്തം.
2.
ഭൂമി
പഴേപോലെ സൂര്യനു ചുറ്റും.
ഞാന്‍ എനിക്കു ചുറ്റും.
മുളയ്ക്കാത്ത വാക്ക് വിതച്ച പാടത്ത്
നീരവം നീ ചുറ്റുന്നുണ്ടോ?
3.
മെല്ലിച്ച മഴയില്‍
വളരെ നനഞ്ഞാരോ
വിളക്കും പാട്ടുമായ്
തനിച്ചു പോകുന്നു.
തണുപ്പില്ലാഞ്ഞിട്ടും
വിറച്ചുകൊണ്ട് ഞാന്‍
അയാളെ എന്തിനോ
തുറിച്ച് നോക്കുമ്പോള്‍
കരങ്ങളില്‍ ചെറുചിരാതുമായ്
കുഞ്ഞുകരങ്ങളപ്പാട്ടിന്‍ വിരല്‍ പിടിയ്ക്കുന്നു.
അവര്‍ക്കുമേല്‍ സൂര്യന്‍ ചിരിച്ചുദിക്കുന്നു.

Blog Archive