Thursday, December 16, 2010

ചറിയ ഡ്രാക്കുള*

ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍-
നിലത്ത് നിന്‍‌ വഴി
വിലങ്ങനെ മൊഴി
അഴകളവ് തെറ്റിച്ച പഴി.
മുതുക്കന്‍ മുത്തച്ചന്‍
ശവക്കോട്ടയിലെ
അഴുക്കുചാലില്‍ നിന്നുറക്കെ പ്രാകുന്നു.

പകല്‌ പാറും പാറാട പോലെ
പലചാലില്‍ നിന്റെ പറക്കല്‍
ചോരക്ക് തിരച്ചില്‍
പിന്നെ
തോറ്റുമടക്കത്തില്പോലും
പുഴുപ്പല്ലിന്‍ ചിരി.

ശവക്കോട്ടയ്ക്കുമേല്‍
"മുടിച്ചു നീ കുല മഹിമ"
മുത്തച്ചനുറക്കെ പ്രാകുമ്പോള്‍
നിനക്കതേ ചിരി.

ചെറിയ ഡ്രക്കുളേ
നിനക്കറിയാം
ചോര അപൂര്‍‌വ്വമിന്നെന്നും
പല നിറത്തിലാണതിന്‍ പരപ്പെന്നും.

ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍നിലം വിലങ്ങനെ
ചിറകു കൊണ്ട് നീ
ചിറ കെട്ടുന്നെന്നോ?

*ലിറ്റില്‍ ഡ്രാക്കു-ബാലരമയില്‍ മുന്‍പ് വന്നിരുന്ന ഒരു തുടര്‍ച്ചിത്രകഥ. ഡ്രാക്കൂളപ്രഭുവിന്റെ കൊച്ചുമോനായ ലിറ്റില്‍ ഡ്രാക്കു ചോര കുടിക്കാന്‍ നടന്നും പറന്നുമായി ചെന്ന് ചാടുന്ന അബദ്ധങ്ങളാണ്‌ അതിലെ വിഷയം.

Sunday, November 21, 2010

എന്റെ പറമ്പ്.

ആലും മാവും ഒന്നിച്ച് അധികാരത്തോടെ നില്‍ക്കുന്നു. അവരെ അധികം ബഹുമാനിക്കാതെ ഒരു പാല. പല പല യക്ഷിയക്ഷഗന്ധര്‍‌വ്വകിന്നരാദികള്‍ അതിലായിരിക്കണം വസിച്ചത്. ആലിനും മാവിനും അര്‍ഹിക്കുന്ന ബഹുമാനം കൊടുത്ത് ഒരു വാളന്‍ പുളി. ഇവരാണ്‌ ആ പറമ്പിലെ അതികായര്‍. ദോഷം പറയരുത്, കായ്ക്കാന്‍ തുടങ്ങിയ പ്ലാവൊന്ന് ഒരു മൂലയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുറ്റ്ലയായതും അല്ലാത്തതുമായ കുറച്ച് വാഴകള്‍.(ഞാന്‍ വച്ച വാഴ കുറ്റ്ലയായിപ്പോയതിനാല്‍ 'എന്റെ വാഴക്കുല' എന്നിനിയും എഴുതീട്ടില്ല.) മച്ചിങ്ങയാണോ തേങ്ങയാണോ വലുതെന്ന് നിശ്ചയമില്ലാതെ അഞ്ചാറ്‌ കൊന്നത്തെങ്ങുകള്‍. കാട്ടപ്പ(നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച),തൊട്ടാവാടി, ഞൊട്ടാഞൊടിയന്‍, ചൊറിയണം ഇത്യാദി വെറും ലോക്കല്‍സും സമാധാനത്തോടെ വാഴുന്ന ഇടമായിരുന്നു എന്റെ ആ പറമ്പ്. കുറുന്തോട്ടി, വാതമില്ലാത്ത അവിടെ ബാക്കിയുണ്ട്. ഇവയ്ക്കിടയില്‍ പഴുതാര മുതല്‍ പാമ്പുവരെയും പാറാട മുതല്‍ കാക്ക വരെയും അത്യാവശ്യം അലമ്പും  കലമ്പലുമായി അവിടെ ഉണ്ടായിരുന്നു.

ഒരു പറമ്പ് ഇങ്ങനെ സമാധാനത്തില്‍ മരുവുന്നതില്‍ പ്രതിഷേധിച്ച് ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേതമന്യേ ചീട്ടുകളിക്കാര്‍ എപ്പോഴാണ്‌ അവിടേക്ക് അധിനിവേശിച്ചത് എന്നറിയില്ല. 'വട്ടമെത്തുമ്പോള്‍' വല്ലപ്പോഴും ഒരു കമ്പനി നടത്തുവാന്‍ സ്ഥലത്തെ യുവത്വം ആഴ്ച്ചയില്‍ അഞ്ചോ ആറോ തവണ അവിടെ മേളിക്കാറുണ്ട്. ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് പറക്കുകയും ഇഴയുകയും ചെയ്യുന്ന സ്ഥലവാസികളില്‍ പലരും വേറെ ഇടം അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കാലം പോക്കുന്നതിനടിയിലെപ്പൊഴോ പുളിമരത്തിന്റെ ചുവട്ടില്‍ ആരോ ഒന്നു നിസ്കരിച്ചു. തുടര്‍ന്ന് ആ പുളിമരച്ചോട്  ആ വഴിപോകുന്നവരുടെ നിസ്കാരസ്ഥലമായി മാറി. ഏതൊരിടം പോലെയും ഒരു പുണ്യസ്ഥലം!

ചീട്ടുകളി അഭംഗുരം തുടരുന്നതിന്നിടയില്‍ മുള്ളാന്‍ പോയ ഒരാളാണ്‌ ആലിന്റെ ചോട്ടില്‍ വിശേഷാല്‍ വിശേഷമുള്ള ഒരു പാമ്പിനെ കണ്ടത്. ഉള്ളിലുള്ളവന്റെ മറിമായം! മുള്ളാന്‍ ചെന്നവന്‍ കണ്ടത് സ്വര്‍ണ്ണനാഗത്തെയാണത്ര! പലപ്പോഴായി ആ വഴിപോയിട്ടുള്ള പാമ്പുകളില്‍ ഒരുത്തനു മാത്രം, ഇല്ലാത്ത പ്രാധാന്യം നല്‍കിയതില്‍ ഉരഗവര്‍ഗ്ഗമാകെ പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് മുള്ളാന്‍ ചെന്ന ഒരാള്‍ ആ പ്രതിഷേധം ഏറ്റ് വാങ്ങി ദിവംഗതനായി. സ്വര്‍ണ്ണനാഗം, നാഗകോപം, പ്രശ്നം, പരിഹാരം, ചക്ക, മാങ്ങ, തേങ്ങ... ഒരു ദിവസം വെളുത്തപ്പോള്‍ ആല്‍ച്ചുവട്ടില്‍ പുണ്യപുരാതനമായ ക്ഷേത്രാവശിഷ്ടങ്ങള്‍. പാലച്ചുവട്ടില്‍ വിചിത്രശിലാരൂപങ്ങള്‍. എന്തിന് നാട്ടില്‍ കാവിയുടുത്തവരുടേം അല്ലാത്തവരുടേം ശ്രദ്ധ എന്റെ പറമ്പിലായി. ഉടുക്കാനില്ലാത്തവര്‍ ഇതിലൊന്നും ശ്രദ്ധിച്ചില്ല.

കണ്ട കാക്കാന്മാര്‍ ക്ഷേത്ര പരിസരം അശുദ്ധമാക്കിയതില്‍ നാഗങ്ങള്‍ കോപിച്ചതാണെന്ന് പേരിനൊപ്പം വിദ്വാനുള്ള ഒരാള്‍ കക്ക അല്ല കവടി നോക്കി പറഞ്ഞു. സനാതനധര്‍മ്മക്കാര്‍ എന്നും അല്ലാത്തവര്‍ എന്നും ചീട്ടുകളിക്കാര്‍ രണ്ടായിത്തിരിഞ്ഞു. കഴുതകളി മൂര്‍ച്ഛിച്ചു. പുളിഞ്ചോട്ടില്‍ നിസ്കരിക്കുമെന്നും എന്നാലതൊന്ന് കാണണമെന്നും ആക്രോശങ്ങള്‍ മുഴങ്ങി. ഈ ചൊറിച്ചിലില്‍ പറമ്പിലെ ചൊറിയണങ്ങള്‍ നാണിച്ചു. ചീട്ടുകളി കയ്യാങ്കളിക്ക് വഴിമാറി. എല്ലാരുടേം ചോരക്ക് ചുവന്ന നിറമാണെന്ന് പച്ചയിറച്ചിയില്‍ കത്തികേറിയപ്പോഴും ആര്‍ക്കും പിടികിട്ടിയില്ല.
കാക്കാന്മാര്‍ അമ്പലം കയ്യേറിയിരിക്കുകയാണെന്നും അത് പൊളിച്ച്  വേറെ അമ്പലം പണിയണമെന്നും അഖിലഭാരതീയ സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആഹ്വാനിച്ചു. ഒരു സുപ്രഭാതത്തില്‍ രാമന്‍ മുതല്‍ ഹനുമാന്‍ വരെയുള്ള പേരുകള്‍ മുഴക്കിക്കൊണ്ട് കുറച്ചാളുകള്‍ പറമ്പ് കയ്യേറി. പഴുതാര, പച്ചിലപ്പാമ്പ്, മരപ്പട്ടി, തൊരപ്പന്‍ ഇങ്ങനെ കുറേ അന്തേവാസികള്‍ക്ക് ജീവന്‍ പോയി. പറക്കാന്‍ കഴിയുന്നവര്‍ക്ക് ജീവന്‍ ബാക്കി കിട്ടി. പഞ്ചായത്തില്‍ നിന്നും അവരോധിച്ച പോലീസുകാര്‍ അക്രമികള്‍ക്ക് അപകടം പറ്റാതെ സ്തുത്യര്‍ഹമാം വണ്ണം സ്വവേല നിര്‍‌വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്ന് റിയാലിറ്റി ഷോയില്‍ അഥിതിയായിചെന്ന് നാട്ടുകാരെ സംഗതി പഠിപ്പിക്കുകയായിരുന്നു.തിരക്ക്!

ആതിക്രമിച്ചവര്‍ക്കിടയില്‍ അമ്പലം ആരുടെ പേരില്‍ വേണം എന്നതിനെ കുറിച്ച് ചര്‍ച്ച നടന്നു. വരദമാരായ സീതയോ ഗൗരിയോ ലക്ഷ്മിയോ വേണം പ്രതിഷ്ഠ എന്ന് മഹിളാ വിഭാഗം. ഹനുമാന്‍ വേണം എന്ന് ജന്തുസ്നേഹികള്‍. എണ്ണത്തിലും വണ്ണത്തിലും കൂടുതലായ പുരുഷകേസരികള്‍ എതിര്‍ത്തു. ഒടുവില്‍ മുഖ്യ പ്രതിഷ്ഠ രാമനാകട്ടെ എന്നും കൂടെ സീതയും ഹനുമാനും ആകാമെന്നും ആള്‍ക്കൂട്ടത്തിന്റെ ഗുരു സമാധാനം കണ്ടെത്തി. പാലച്ചോട്ടില്‍ യക്ഷീപ്രതിഷ്ഠ ബോണസ്. അമ്പലം നിര്‍മ്മാണത്തിനായി രാമനാമത്തില്‍ ഇഷ്ടികകള്‍ കുമിഞ്ഞ് കൂടി.  മുറ്റത്തെ കമിഴ്ന്ന പ്ലാവില മലര്‍ത്താത്ത പലരും സ്വയം സേവന സന്നദ്ധരായി. പ്രശ്നം വഷളായി.

എന്റെ പറമ്പില്‍ നിങ്ങള്‍ക്കെന്ത് കാര്യം എന്നു ചോദിച്ചതിന് നെടും കുറിയണിഞ്ഞ ഒരുവന്‍ എന്റെ പച്ചക്കള്ളിമുണ്ടിലേക്ക് തുറിച്ച് നോക്കി. നമ്മുടെ നാട്ടിലെ മതേതരവേഷം പാന്റാണെന്ന് ബോധ്യപ്പെട്ട് ഞാന്‍ ജീവനും കൊണ്ട് ഓടി.

അമ്പലപ്രശ്നത്തില്‍ പഞ്ചായത്താകെ അല്‍ക്കുല്‍ത്തായി. കേസായി. ഒടുക്കം വിധിവന്നു.
സനാതനധര്‍മ്മക്കാരുടെ വിശ്വാസത്തെ തെളിവായെടുത്ത് ആലും മാവും പാലയും ഉള്‍പ്പെടുന്ന സിംഹ ഭാഗം അവര്‍ക്ക് വിട്ട് കൊടുത്തു. പുളിമരവും ചുറ്റുവട്ടവും കാക്കാന്മാര്‍ക്ക്. ഇടയ്ക്ക് കേസില്‍ കക്ഷിച്ചേര്‍ന്ന കുരിശിന്റെ വഴിക്കാര്‍ക്ക് സ്വകുരിശ് നാട്ടാനും ഇത്തിരി സ്ഥലം. എല്ലാരും ഹാപ്പി.

പക്ഷേ എന്റെ പറമ്പ്. എന്റെ  പല പല വാഴകള്‍ കുറ്റ്ലയാക്കിക്കളഞ്ഞ ആ പറമ്പ്. അവിടെ ഒരു വാഴ കുലച്ചിട്ട് , 'എന്റെ കുല' എന്ന മഹാകാവ്യം എഴുതാനിരുന്ന, ആ കാവ്യവഴിയില്‍ വിശ്വസാഹിത്യകാരനാകേണ്ട ഞാന്‍. ആ ഞാനിപ്പം വെറുമൊരു ചരിത്രകാരന്‍. കേസില്‍ കക്ഷിചേര്‍ന്നിരുന്നെങ്കില്‍ ഒരു വാഴയ്ക്കുള്ള സ്ഥലം എനിക്കും കിട്ടുമായിരുന്നെന്ന് ഒരു ന്യായാധിപന്‍ പിന്നീട് എന്നോട് സ്വകാരിച്ചു. പറമ്പിന്റെ ചരിത്രത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ ക്ഷണമുണ്ട്. ചര്‍ച്ചയൊതുങ്ങി, ഒക്കെ ഒടുക്കി തനിച്ചാകുമ്പം തേട്ടിവരും, എന്റെ പറമ്പ്.

Friday, November 19, 2010

മണം

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍ തണ്ട് മണക്കും വഴികള്‍/ എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു.
വഴിമണക്കുന്നത് തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ച് പോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു. അന്നൊന്നും ഈ ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലത്രെ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു. പനഞ്ചോട് ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്ത് എത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം(കള്ള് ശേഖരിക്കുന്ന മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്റ്റ്രോ ആകുന്നു ആ പപ്പായത്തണ്ട്.
വിതയ്ക്ക് മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞ കാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണം പിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍ വല്ല മുറിവുമുണ്ടേലറിയം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍ തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലം വരെ പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട് നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാന്‍ വീട്ടുകാര്‍ക്കൊപ്പം ഇറങ്ങിയവര്‍ക്കേ മൂത്ത നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ആണ്‍കുട്ടിയായതുകൊണ്ട് കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു.(നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല).
കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍ നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റ കൂട്ടിയിട്ടമുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. എല്ലാറ്റിനും മീതെ പച്ചവയ്ക്കോലിന്റെ മണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകം മെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്കേണ്ടിക്കൂടിവരുമ്പോള്‍ പിന്നോട്ട്‌പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വമണം.
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല.(ആന്ധ്രയിലും തമിഴ്നാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍ നമുക്കറിയാം.) എന്തായാലും ഒണത്തിന്‌ പൂമണമാണ്‌. പക്ഷെ കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടയും വറകലത്തില്‍ ചുട്ട അടയും തമ്മിലുള്ള വ്യത്യാസോം മണത്ത് തന്നെ അറിയണം. ചുട്ട അടയിലെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും ഇവിടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും അവളെക്കാണാന്‍ ഭക്തവേഷം കെട്ടിയകാലത്ത് അവള്‍ക്ക് കല്പിച്ചതും അതേമണം. പുഷ്പാഞ്ജ്ലിയുടെ മണം.( അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളെ ഇഷ്ടായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌ പ്രണയം എന്ന് അന്നറിയില്ലായിരുന്നു. അത് കാലം ലൗ ജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌.) അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോരമണക്കും എന്നു കരുതിയില്ല. പള്ളിക്ക് പ്രധാനമായും കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേ പള്ളിയെനിക്ക് തന്നപ്രധാന മണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍.
പള്ളിക്കേറ്റം കേയറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍ കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരനായി നാണിച്ചു നിന്ന മണങ്ങള്‍ അനവധിയാണ്‌. തൊഴുത്തുകളെ ഇവിടെ ഓര്‍ക്കരുത്. കാരണം പശുവിന്റെ വീടെന്ന പരിഗണനയില്‍ അത് നിത്യം വൃത്തിയാക്കുന്നതാണ്‌. റേഷന്‍ കടയ്ക്ക് മുന്നില്‍ ആളുകള്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്.
അവധിക്കാലം വായനശാലാക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലുകൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകള്‍ അറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ് തീര്‍ക്കാനാകില്ല. മഴ വന്നു എന്നു പറഞ്ഞാല്‍ സ്കൂള്‍ തുറന്നു എന്നു കൂടി ആണ്‌. പുത്തന്‍ പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടി നിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട്  മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലലൊ. കഞ്ഞി വച്ച് ഞങ്ങളെ ഊട്ടിയ പ്രഭ ചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുക്കിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണാം. ഒളിച്ചുകേറി മരത്തില്‍ വച്ച് തന്നെ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടി പിരിച്ച് പഴുപ്പിച്ച ചക്കപ്പഴത്തിന്റെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. അക്ക് കളിക്കാന്‍ കൂട്ടുന്ന കൂട്ടുകാരികള്‍ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെ മണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു. ലോകത്തെ ഭരിച്ചത് തന്നെ മണങ്ങളായിരുന്നു. ഇനിയും പറയാന്‍ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും. അടയാളപ്പെടുത്തനാകാത്ത ഇത്തരം എന്തോക്കെയോ ആണ്‌ ഓര്‍മ്മയുടെ പച്ച. ഈ ഒസ്യത്തിന്റെ അഹങ്കാരത്തിലാണ്‌ ആങ്കലേയം പച്ചവെള്ളം പോലെ പറയണ പല മലയാലത്താന്മാര്‍ക്കും(മാരികള്‍ക്കും) മുന്നില്‍ പിടിച്ചു നില്‍കുന്നത്.
"അമൃതിന്‍ സുഗന്ധമെന്‍ ആത്മാവില്‍ തളിച്ചിട്ടുണ്ട-
തിലല്പമെന്‍ പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍"- എന്നു നമ്മുടെ വയ്ലോപ്പിള്ളി. കൂട്ടുകാരേ നമുക്ക് പിന്നാലെ വരുന്നവര്‍ (അവരേപോലെ തന്നെ ഒപ്പമുള്ള പലരും) എന്തെടുത്ത് വാറ്റും?

Thursday, October 28, 2010

പറന്നുപോയ പക്ഷി-അയ്യപ്പന്‌

കവിയും കഴുവേറിയുമായ ഒരാള്‍
സ്വന്തം തെരുവിന്റെ മൂലയ്ക്ക്
എന്നേക്കുമായി കമിഴ്ന്ന് കിടന്നു.
കാഴ്ചയില്‍ കറുപ്പ് കുത്തിയിരിക്കയാല്‍
അവനെ മാത്രം കാണാതെ
ആള്‍ക്കൂട്ടത്തില്‍ ഞാനാവഴി പിന്നിട്ടു.
ഹൃദയത്തില്‍ പൂവേന്തിയ അവന്‍
തുറന്ന ശവപ്പെട്ടിയില്‍
ചുമട്ടുകാരെ കാത്തുകിടന്നു.
ചുമട്ടുകാരോ
ആകാശവെടിക്ക് ഉണ്ട തിരയുന്ന തിരക്കിലായിരുന്നു.
മരണശേഷം മാത്രം നല്ലവരാകുന്നവര്‍
വെയില്‍ തിന്നുന്ന കവിയെ പകുത്തെടുത്തു.
രഹസ്യങ്ങളില്ലാതെ ജീവിച്ചുമരിച്ച കഴുവേറി,
മനുഷ്യന്‍ ഉണ്ടായിരുന്നെന്ന
ഓര്‍മ്മയ്ക്ക് ഉപലബ്ധിയായി.
ഉപലബ്ധികളില്‍ ഭ്രമിച്ചവര്‍
അത് കാണാതെപോയി.
കണ്ടവര്‍ക്കൊന്നും കിട്ടാതെപോയി.
വെയില്‍മോന്തിത്തീര്‍ത്ത് ആ പക്ഷി പറന്നുപോയി.

Thursday, October 7, 2010

കടല്‍

കടല്‍ കടക്കുവാന്‍ കിനാവിന്‍ തോണിയില്‍
കരുത്തനായൊരാള്‍ തുഴയെടുക്കണം
കടലറിയുവാന്‍ കനവില്‍ കാലത്തെ
കൊരുത്തെടുക്കുന്ന കൊളുത്തു പേറണം.

കടല്‍: കരുത്തെഴും കരങ്ങളാല്‍ മണ്ണിന്‍
മനസ്സ് കാക്കുന്ന കനത്ത പൗരുഷം
കടല്‍: കലങ്ങാതെ, കറയൊഴുകുന്ന
പുഴകള്‍ക്കായാഴമൊരുക്കും ആശ്രയം.

കടല്‍: കലികേറി കര വിഴുങ്ങുവോന്‍
കരഞ്ഞുകൊണ്ടാഴക്കറുപ്പില്‍ മുങ്ങുവോന്‍
കഴിഞ്ഞതൊന്നുമേ മറക്കാതുപ്പായി
കരള്‍ത്തടങ്ങളില്‍ കരുതി വച്ചവന്‍.

കുരുന്നായ് ജീവനന്നുണര്‍ന്നതും പിന്നെ
പെരുത്തതും കടല്‍ വെടിഞ്ഞു പോയതും
കരനിറഞ്ഞതും കറയായ് മണ്ണിനെ
പൊതിഞ്ഞതും മഴ തികയാതായതും

മറക്കാനാകാതെ, മനുഷ്യനെയോര്‍ത്ത്
കരഞ്ഞുതീരാതെ, കലിയടങ്ങാതെ
കരയോടൊന്നുമേ പറഞ്ഞു തീരാതെ
കടല്‍ കലമ്പുന്നു നിറുത്താതിപ്പൊഴും.

കടല്‍ കടക്കുവാന്‍ കരുത്തു പൊരാതെ
കരക്കിരുന്നു ഞാന്‍ തിരകളെണ്ണുന്നു

Monday, July 19, 2010

കൊഴുക്കട്ട

കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണ്‌ -നല്ല ഉണക്കലരിപ്പൊടികൊണ്ട് ഉണ്ടാക്കിയ കൊഴുക്കട്ട.
തേങ്ങ ചിരകി അതില്‍ ശര്‍ക്കരയും പാകത്തിനു ജീരകവും ചേര്‍ക്കണം. പൊടി കുഴച്ച്‌ ഉരുട്ടിയെടുത്ത് അതിനുള്ളില്‍ തേങ്ങാശര്‍ക്കര മിശ്രിതം വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം അതാണ്‌ കൊഴുക്കട്ട.

ഇനി പറയാന്‍ പോകുന്നത് ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യത്തെ കുറിച്ചാണ്‌.

നാട്ടിലേക്ക് കഴിഞ്ഞതവണ ശബരി എന്നെ തനിച്ചല്ല രണ്ടുകൂട്ടുകാരെക്കൂടി ചേര്‍ത്താണ്‌ കൊണ്ടുപോയത്. ആദ്യമായാണ്‌ ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യുന്നത്. സഞ്ചീം തൂക്കി ഓര്‍ക്കാപ്പുറത്ത് ഒരിറക്കമാണ്‌ പതിവ്. പക്ഷേ കഴിഞ്ഞ തവണ ഇമ്മിണി നേരത്തേ തീരുമാനിച്ച് ഞങ്ങള്‍ മൂന്നും ഒന്നിച്ച് ടിക്കറ്റെടുത്തു.

അങ്ങനെ തീവണ്ടി ഓടിത്തുടങ്ങി. തുണിസഞ്ചി ബര്‍ത്തില്‍ നിക്ഷേപിച്ച് ഞാന്‍ അവരുടെ കൂടെ കൂടി.
ഞങ്ങള്‍ മൂന്നും തിരുക്കുടുംബം പോലെ തികഞ്ഞ സന്തോഷത്തില്‍. തീവണ്ടി യാത്രയുടെ ഒരു പ്രത്യേകത വണ്ടിയേക്കാള്‍ വേഗത്തില്‍ അതിനകത്തുകൂടി കുതിക്കുന്ന ആളുകളാണല്ലോ. ആളുകള്‍ കുതിച്ച് പായുന്നുണ്ട്. ഞാന്‍ നമ്മുടെ കൂട്ടരുടെ കൂടെ തൊട്ടപ്പുറത്തെ കാഴചകളില്‍ നോട്ടം കിട്ടാന്‍ പാകത്തിന്‌ സൈഡ്സീറ്റില്‍ ഇരുപ്പായി. വേറെ ആരേം നോക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ ഇടം കണ്ണിട്ട് നോക്കാവുന്ന വിധത്തില്‍ അവനും സ്വസ്ഥനായി.
ആഗോള സാമ്പത്തികം മുതല്‍ ആഴമേറിയ തത്വചിന്തകര്‍ വരെ ഞങ്ങള്‍ മൂന്നിന്റേയും നിശിത വിമര്‍ശനത്തിന്‌ പാത്രമായി.
ഇതിനിടയില്‍ ഒപ്പം യാത്രചെയ്യുന്ന ഒരച്ചായനേം സഹധര്‍മ്മിണിയേം അവന്‍ പരിചയപ്പെട്ടു.പറഞ്ഞു വന്നപ്പോള്‍ അച്ചായന്‍ അറിയാത്ത ഒരു മുക്കും ഹൈദരാബാദിലോ ഞങ്ങടെ കലാലയത്തിലോ ഇല്ല. ഭൂമിശാസ്ത്രം സാമാന്യം അറിയാവുന്നതിനാല്‍ നമ്മുടെ സ്വന്തം തത്വചിന്തക സുഹൃത്ത് അച്ചായനോട് കൂടുതല്‍ അടുത്തു.അച്ചായനോട് തുടക്കത്തിലേ ഇത്തിരി അകലം പാലിക്കാന്‍ മറക്കാതിരുന്നത് നമുക്ക് ഗുണമായി.വേറൊന്നുമല്ല നാക്കത്ത് സ്വന്തമായി സൂക്ഷിക്കുന്ന ഗുളികന്‍ എപ്പഴാണ്‌ വെളിച്ചപ്പെടുക എന്നു പറയാന്‍ പറ്റില്ല. വല്യ പരിചയമില്ലാത്തവരോട് അധികം മിണ്ടാന്‍ നിന്നാല്‍ ഗുളികന്‍ വിളയാടും. നമ്മളുദ്ദേശിക്കാത്ത പലതും അവര്‍ കണ്ടെത്തും. അതുവരെ വലരെ സ്നേഹത്തില്‍ മോനേ എന്നു വിളിച്ച വിദ്വാന്‍മാര്‍ അവനവന്‌ കൊള്ളുമ്പം വിശേഷണ സഹിതം വിളിക്കാന്‍ തുടങ്ങും. അതോണ്ട് ഇത്തിരി അകലം വച്ച് നമ്മള്‌ വെറും സാക്ഷിയായി അങ്ങനെ ഇരിന്നു.
ഇന്ത്യയില് ഒന്നാമത് വിരാചിക്കും സര്‍‌വ്വകലാശാലയില്‍ ഒന്നാന്തരം ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന മഹാന്മാരാകുന്നു ഞങ്ങളെന്ന് അപ്പോഴേക്കും അവര് രണ്ടുംകൂടി അച്ചായെനെ അറിയിച്ച് കഴിഞ്ഞു. കാഴ്ച്ചയില്‍ പറയില്ലേലും, ഗവേഷകഗണത്തില്‍ ഞാനുമുണ്ടെന്ന് വിനയപുരസ്സരം തെര്യപ്പെടുത്തി. അച്ചായന്‍ വിശ്വസിച്ചോ ആവോ?
വേറോരു ദമ്പതിമാര്‍ കൂടെയുള്ളത് പുതുമോടിമാറാത്തതു കൊണ്ടാകാം ഞങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ച് 'നമുക്ക് നാമേ പണിവത് നാകം' എന്ന കവ്യശകലത്തെ അന്വര്‍ഥമാക്കുന്നു.
ശബരി നിസ്സങ്കോചം കുതിച്ചു പായുമ്പോള്‍ അച്ചായന്‍ ആദ്യ വെടിപൊട്ടിച്ചു.
എത്രകുട്ടികളുണ്ട്???
കര്‍ത്താവ്വേ സ്തോത്രം! ഗുളികന്‍ വിളയാടാതിരിക്കാന്‍ ഞാന്‍ നാക്ക് കടിച്ച് പിടിച്ചു.
അവന്റെ മുഖത്ത്, പ്രത്യുല്‍പ്പാദനപരമായ കര്യങ്ങള്‍ ആദിപാപത്തില്‍ പെടുന്നു. അതേപ്പറ്റി ചോദിക്കാന്‍ പാടുണ്ടോ എന്നൊരു വല്യ ചോദ്യചിഹ്നം.
കുട്ടികള്‍ ഉണ്ടാകുക എന്നത് ഇന്ത്യാമഹാരാജ്യത്ത് വല്യ സംഭവമല്ല എന്ന ബോധ്യത്തിലാണ്‌ അച്ചായന്റെ ചോദ്യം.
കുട്ടികള്‍ ഉണ്ടാകുന്നത് എന്തോ ഭയങ്കര നാണക്കേടാണെന്ന പോലാണ്‌ അവന്റെ ഭാവം.
അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല. നോക്കിയാല്‍ വല്ലതും പറഞ്ഞുപോകും.
ആദ്യത്തെ അങ്കലാപ്പിനു ശേഷം അവന്റെ മറുപടി വന്നു.
"അയ്യോ! ഞങ്ങള്‌ കല്യാണം കഴിച്ചിട്ടില്ല."
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കല്യാണം കഴിഞ്ഞിട്ടില്ല.
ഞാന്‍ വീണ്ടും നാക്ക് കടിച്ചു.
എത്രകുട്ടികള്‍ എന്നു ചോദിച്ചാല്‍ കല്യാണം കഴിഞ്ഞില്ല എന്നാണോ ഉത്തരം.
ഒന്നുമല്ലേലും അവനും ഇരുന്നതല്ലേ ലോജിക്കിന്റെ ക്ലാസ്സില്‍? പ്ലാവ്വ് കായ്ച്ചോ എന്ന് ചോദിച്ചാല്‍ മാവ് നട്ടില്ലല്ലോ എന്നുത്തരം പറയരുത് എന്നറിയാന്‍ ലോജിക്ക് ക്ലാസ്സിലിരിക്കണോ ആവോ.( NB:ഫിസിക്സ് കാര്‍ക്ക് കണക്ക് പോലാണ്‌ ഞങ്ങള്‍ ഫിലോസഫിക്കാര്‍ക്ക് ലോജിക്ക്.)
അച്ചായനോടുള്ള സംസര്‍ഗ്ഗത്തിനു തല്‍ക്കാലം ഇടവേളകൊടുത്ത് ലോകത്തിനു ചുമ്മാ വ്യാഖ്യാനം ചമക്കുന്ന ചിന്തകരുടെ പണിയിലേക്ക് അവന്‍ തിരികെ വന്നു.
അച്ചായന്റെ കൂടുതല്‍ ചോദ്യങ്ങളില്ലാതെ ആ ദിവസം കഴിഞ്ഞു.
എന്തോ ശബരി ഏറേകുറേ സമയത്തിനു തന്നെ കേരളത്തിലേക്ക് കേറി.

പൂരത്തിന്റെ നാട്.
നമ്മുടെ ഗിടി അവിടം കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സ്വതന്ത്രനാകും- a free variable for the time being.
വണ്ടി നിന്നു.
അവളെ സ്വീകരിക്കാന്‍ അമ്മ എത്തിയിട്ടുണ്ട്.
അമ്മയെ കാണാന്‍ ഞാനും ഇറങ്ങി. ഞങ്ങള്‍ ആദ്യായി കാണുന്നതാണ്‌.
ഇതിനു മുന്നേ ഞങ്ങള്‍ കാണേണ്ടതായിരുന്നു. ശബരിവണ്ടിയുടെ സമയനിഷ്ഠ കാരണം അതിങ്ങനെ ആയി.
അമ്മ വന്നു. പരിചപ്പെട്ടു.
കൂട്ടത്തില്‍ പുതുമുഖം ഞാന്‍ മാത്രമാണ്‌ കേട്ടോ.
അമ്മ എവിടെ വന്നാലും എപ്പോള്‍ വന്നാലും അമ്മയാണ്‌. അതല്ലേ ആദ്യമായിട്ട് കണ്ടപ്പോ വെറും കയ്യോടെ വരാതെ കൊഴുക്കട്ട വാങ്ങിക്കൊണ്ടുവന്നത്.
കൊഴുക്കട്ടപ്പൊതി അമ്മ എന്നെ ഏല്പ്പിച്ചു. തികഞ്ഞ സന്തോഷം. ഈ അമ്മയെ നേരത്തേ കാണേണ്ടതായിരുന്നു.
അമ്മ വന്നിരിക്കുന്നു,അവളെ യാത്രയാക്കണം ഇതൊന്നും തീവണ്ടിക്ക് അറിയേണ്ടല്ലോ? അത് അനങ്ങിത്തുടങ്ങി.
അമ്മയോട് നന്ദി പറയാതെ ഞാന്‍ ഓടി വണ്ടീല്‍ കേറി.( അമ്മയോട് നന്ദി പറയുന്നവനെ പട്ടിണിക്കിട്ട് കൊല്ലണം എന്ന വിദഗ്ദാഭിപ്രായം എന്റേതാകുന്നു. അമ്മയോട് നന്ദി പറഞ്ഞു തീര്‍ക്കാം എന്നായാല്‍ പിന്നെ എന്തോന്ന് ജീവിതം.)
അവന്‍ ഒരു റ്റാറ്റാകൊടുത്തെന്ന് തോന്നുന്നു.
ശ്രദ്ധ കൊഴുക്കട്ടയിലായതിനാല്‍ അത് വ്യക്തമായില്ല.
നോക്കിയപ്പോള്‍ ആറ് കൊഴുക്കട്ട. അച്ചായനും ഭാര്യക്കുമായി ഒരെണ്ണം കൊടുത്തു. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ രണ്ടുപേര്‍ക്കുമായി അവര് ഒരെണ്ണം വാങ്ങീത്. അച്ചായന്‍ കൊഴുക്കട്ടയോട് ചേര്‍ത്ത് ഒരു തമാശക്കഥ പറഞ്ഞു. എനിക്കത് കിട്ടണം. തെറ്റ് എന്റെ ഭാഗത്താണ്‌. കൊഴുക്കട്ട നിര്‍ബന്ധിച്ച് അവര്‍ക്ക് കൊടുക്കരുതായിരുന്നു.
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. തന്ത്രപൂര്‍‌വ്വം മറ്റേ ദമ്പതിമാരെ നിര്‍ബന്ധിച്ചില്ല. തികഞ്ഞ സന്തോഷം.
കൊഴുക്കട്ട രണ്ടെണ്ണം അവന്‌ കോടുത്തു .
രണ്ടെണ്ണം എനിക്കും.
ഒരെണ്ണം ബാക്കി.
അവള് പോയ സ്ഥിതിക്ക് അവന്‍ വെറെന്ത് ചെയ്യാന്‍. മലയാളസിനിമാഗാനങ്ങള്‍ ഞങ്ങടെ ശിക്ഷ ഏറ്റ് വാങ്ങിത്തുടങ്ങി.
കിലുക്കത്തില്‍ ജഗതി പൊറോട്ടയും ചിക്കനും പങ്കുവച്ചതാണ്‌ പാടുമ്പോഴും എന്റെ മനസ്സില്‍.
പക്ഷേ എവിടെയോ ഒരു പന്തികേട്. പൂരത്തിന്റെ നാട്ടീന്ന് വണ്ടിവിട്ട ശേഷം ഏതാണ്ട് വെടിക്കെട്ടിന്റെ പിറ്റേന്നാളത്തെ അമ്പലപ്പറമ്പ് പോലാണ്‌ അവന്റെ മുഖം .
ഇത്തവണ തെറ്റെന്റെയല്ല.
അമ്മ തന്നു.
ഞാന്‍ വാങ്ങി. പക്ഷേ അങ്ങനാണോ വേണ്ടിയിരുന്നത്?
ശരിക്കും അവന്‍ വാങ്ങി എനിക്ക് തരേണ്ടതായിരുന്നു. അതല്ലേ ലോകമര്യാദ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. കൊഴുക്കട്ട എന്നു കേട്ടപ്പം ഒന്നും ഓര്‍ത്തില്ല.
ഭാഗ്യത്തിന് കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണെന്ന് മിണ്ടീട്ടില്ല.
ഒരെണ്ണം ബാക്കിയുണ്ട്.
ജഗതിയെ മനസ്സീന്ന് പടിയിറക്കി ഞാന്‍ ഉദാരമനസ്കനായി അതവനങ്ങ് നിവേദിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ. ഇപ്പോ വേണ്ടാ, എന്നാലും പിന്നെ കഴിച്ചോളാം എന്നും പറഞ്ഞ് മഹാനത് ശടേന്ന് കയ്ക്കലാക്കി.
"കുടമാറ്റം ആ മുഖത്ത് കണ്ടു" എന്ന് കാമുകിയേക്കുറിച്ച് കാമുകന്‍ എഴുതേണ്ടതാണ്‌.
പക്ഷേ അവന്റെ ആ നേരത്തെ മുഖം വര്‍ണ്ണിക്കാന്‍ വേറെ അലങ്കാരം ഇല്ല.
ഈ കുടമാറ്റത്തിന്റെ ഗണിതം ലളിതമാണ്‌.
ആമ്മ തന്ന ആകേ കൊഴുക്കട്ട=6
ഞാനെടുത്തത്=2
അവനെടുത്തത്=2
അച്ചായന്‌ കൊടുത്തത്=1
ശിഷ്ടം=1
ശിഷ്ടം അവന്റെ കൂടെ കൂട്ടിയാല്‍, അവന്‌ കിട്ടിയത്=3
അപ്പോ അവനവകാശപ്പെട്ട കൊഴുക്കട്ടയുടെ പാതിയും അവന് തന്നെ കിട്ടി. ബാക്കി പാതിയേ വീതം വയ്പ്പില്‍ പോയൊള്ളൂ.
പിന്നെ ഞങ്ങടെ പാട്ട് മുറുകി.
കൊഴുക്കട്ട കൈമാറ്റം ചെയ്തതിലെ പന്തികേട് വണ്ടിവിടും മുന്നേ തിരുമുഖത്ത് തെളിഞ്ഞതു കൊണ്ടാണോ എന്നറിയില്ല പൂരത്തിന്റെ നാട് കടക്കും മുന്നേ അവന്‌ ഫോണ്‍ വന്നു.
ആശ്വാസവാക്കുകളാകാം ഒഴുകിയെത്തിയത് എന്ന് ഊഹിക്കാവുന്നത്.
ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യം എനിക്ക് ബോധ്യമായി.
അവനോട് യാത്രപറഞ്ഞ് വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോഴും ഓര്‍ത്തത് കൊഴുക്കട്ടയെപ്പറ്റിയായിരുന്നു.
മറ്റേ ദമ്പതിമാര്‍ ഒരെണ്ണം വാങ്ങിയിരുന്നെങ്കില്‍, അച്ചായനും ഭാര്യയും ഒരെണ്ണം കൂടി വാങ്ങിയിരുന്നെങ്കില്‍ അതുമല്ലെങ്കില്‍ കിലുക്കത്തില്‍ ജഗതി ചെയ്തപോലെ ഞാന്‍ അവസാനത്തെ കൊഴുക്കട്ട ഗ്ലും എന്നു വിഴുങ്ങിയിരുന്നെങ്കില്‍... കര്‍ത്താവേ സ്തോത്രം!
പോസ്സിബിള്‍ വേള്‍ഡിനെ കുറിച്ച് എന്റെ മാഷ് ഘോരഘോരം പറയുന്നതില്‍ കാര്യമുണ്ടെന്നതിന്‌ നിത്യജീവിതനിദര്‍ശനം.

എന്റമ്മച്ചി എനിക്കിഷ്ടപ്പെട്ടത് എന്തേലുമൊക്കെ ഉണ്ടാക്കി തരാറുള്ളതാണ്‌.
പക്ഷേ ഇത്തവണ ഞാന്‍ കൊഴുക്കട്ട ഉണ്ടാക്കാന്‍ പറഞ്ഞില്ല.

അടിക്കുറിപ്പ്

1.ഈ പ്രസ്താവ്യത്തിന്‌ ഏതെങ്കിലും ഗവേഷകരോട് സാദൃശ്യം തോന്നുണ്ടെങ്കില്‍ അത് കുറിപ്പിന്‌ കാരണമായ വസ്തുതകളുടെ വസ്തുനിഷ്ഠതയാലാകുന്നു.
2.ഒറ്റാന്തടിയും മുച്ചാണ്‍ വയറുമായി തനിച്ച് യാത്രചെയ്യുന്നവര്‍ ഈ കൊഴുക്കട്ടയുടെ പരിധിയില്‍ വരുന്നില്ല.

റഫറന്‍സ്

ശബരി തീവണ്ടിയിലെ ഒരു യാത്ര.

Wednesday, June 2, 2010

അമ്മ

ആഴ്ന്ന രുചിഭേതങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം

Saturday, May 29, 2010

ടൊട്ടോയ്ക്കൊരു വേളി

ആത്മാര്‍ത്ഥത, അകളങ്കസ്നേഹം, വാനിറച്ചും മുറുക്കാനും കവിതയും, ആവശ്യത്തിലും അതിലേറെയും വങ്കത്തരം. അറിയാതെ പോലും സമയത്തിനെത്താതിരിക്കല്‌, ഇത്തരം വിശിഷ്ടഗുണങ്ങള്‍ക്ക് വിദ്യാപീഠത്തിലെ പീഠമായിരുന്നു ഞങ്ങളൂടെ നമ്പു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരത്ത് നിന്നും (SSV-സദാ സമര വിദ്യാപീഠം) നൂറുശതമാനം വിജയത്തോടെ പുറത്ത് ചാടിയ ആദ്യ ഫിസിക്സ് ബാച്ചിലെ എണ്ണം പറഞ്ഞ വിദ്വാന്‍.കാലം 2002-2005.ഞങ്ങടെ ഭാഷയിലെ ഫൈറ്റര്‍ഫിസിക്സിന്റെ സ്വന്തം നമ്പു. യോഗക്ഷേമസഭക്കാര്‌ വേറെയും ഉണ്ടായിട്ടും നമ്പു എന്നും പൊട്ടന്‍ നമ്പു എന്നും പിന്നെ ചുരുങ്ങി ടൊട്ടോ എന്നും അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചത് അവനാണ്‌. നമ്പുവിനൊരു വേളി. അതാണ്‌ ഈ എഴുത്തിന്റെ കേന്ദ്രം.

അവനില്‌ ഇപ്പോളാരോപിക്കപ്പെട്ട ഗുണങ്ങളൊക്കെ കെട്ടുകഥകളല്ലെന്ന തെളിവോടെ തുടങ്ങാം. ആത്മാര്‍ത്ഥത-അതിന്‌ വേറെ പര്യായം അന്നില്ലായിരുന്നു. ഒരമ്പലത്തില്‌ ഇഷ്ടന്‌ പൂജയുണ്ട്. പ്രസാദം കൊടുക്കലിലെ പ്രസാദാത്മകതയുടെ നാനാത്ഥത്ഥങ്ങളെക്കുറിച്ച് ശങ്കറ് എത്ര പറഞ്ഞിരിക്കുന്നു. പന്തിയില്‌ പക്ഷഭേദമില്ലാതെ ഏവര്‍ക്കും ഫിസിക്സുകാരുടേതായ പേരിടല്‍ കര്‍മ്മത്തിന്റെ മുഖ്യകര്‍മ്മിയായിരുന്നു ശങ്കറ് എന്നത് പ്രസ്താവ്യം.

നമ്പുവിലേക്ക് വന്നാല്‍, എന്നു വച്ചാല്‌ ആള്‌ കോളേജിലേക്ക് വന്നാല്‌ അത് ആദ്യത്തെ രണ്ടവറ് കഴിഞ്ഞാകും. നടയടക്കുമ്പം വൈകും അതോണ്ടാണ്‌. നമ്പു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആണ്‌. അപ്പൊപ്പിന്നെ ഉച്ചയ്ക് ക്ലാസ്സിലേക്ക് വരുമ്പം കോളേജ് ടീം (ഒരൊന്നൊന്നര ടീമത്രേ അത്) പരിശീലനത്തിന്‌ വെയില്‌ കൊള്ളുന്നത് കണ്ടാല്‌ സഹിക്കാനൊക്വോ. നമ്പു മൈതാനത്തിലേക്ക്. നാട്ടില്‍ ഏത് ക്രിക്കറ്റ് ടീമിലും ആളില്ലാത്ത ഏക വിഭാകം ഫീല്‍ഡിങ്ങാന്ന് ഇന്ത്യന്‍ ടീമിനെ കാണുന്നോര്‌ക്ക് അറിയാം. അവിടെയാണ്‌ നമ്പുവിന്റെ ആത്മാര്‍ത്ഥത വെളിവാകുക. ഒരോവറ്‌ ബാറ്റിങ്ങിനോ ബൌളിങ്ങിനോ വേണ്ടി ആ പൊരിവെയിലത്ത് , മൈതാനത്തിന്റെ വിവിധഭാഗങ്ങളീലേക്ക് ഒളിച്ച് പോകുന്ന പന്തിനെ ഓടിച്ചിട്ടോ തിരഞ്ഞോ പിടിക്കും-തിരിച്ചെത്തിക്കും, അതാണവന്‍.  കോളേജ് ടീം സരസം സസുഖം കളിക്കും. ഞങ്ങടെ നമ്പു ഒരോവറ്‌ ചിലപ്പോ ബാറ്റ് ചെയ്യും. എന്തായാലും അവന്മാര്‍ക്ക്‌ മടുത്താലൂം ഞങ്ങടെ മുത്ത് ബോള്‌ ചെയ്യും. കളിയോടുള്ള ആത്മാര്‍ത്ഥത അതാണ്‌ കാര്യം. (ദോഷം പറയരുത് അവന്‍ സാമാന്യം നന്നായി ബാറ്റ് ചെയ്യും).

അടുത്ത ഉദാഹരണം. ഞങ്ങള്‌ മൂന്നാം വര്‍ഷത്തിലേക്കും ഡിപ്പര്‍ട്ട്മെന്റ് കോളെജിന്റെ മുന്നിലേക്കും വന്ന കാലം. നമ്പൂന്‌ മൂന്നു സുന്ദരിമാരോട് സ്നേഹം. ആരോടും കൂടുതലില്ല. കുറവും ഇല്ല. (അവനേക്കാളിത്തിരി ഉയരക്കൂടുതല്‌ അവര്‍ക്കുണ്ടായിരുന്നെന്നത് അവനിന്നും സമ്മതിക്കാത്ത ഒരു ഭൗതിക ശാസ്ത്ര സത്യം). അതില്‍ രണ്ട്പേര്‍ രസതന്ത്രഞ്ജകള്‍. കെമിസ്ട്രി അന്നും ഫിസിക്സിന്റെ ശത്രുവാണ്‌, അതോര്‍ക്കണം. അവരേവരും ഒന്നാം വര്‍ഷം. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ സ്നേഹത്തിന്‌ വേറെന്ത് നിദര്‍ശനം.
(ബികോമിന്‌ ഹിസ്റ്ററി എന്നപോലെ കെമിസ്ട്രി അന്ന് ഫൈറ്റര്‍ഫിസിക്സിന്റെ ഔദ്യോഗിക ശത്രുവാണ്‌. അദ്ധ്യാപകരോ കുട്ടികളോ തമ്മില്‍ ശത്രുത ഉണ്ടെന്നല്ല ഇതിന്റെ വിവക്ഷ. ഐരാപുരത്ത് പഠിച്ചവര്‍ക്കേ ഈ ഔദ്യോഗിക ശത്രുത എന്തെന്ന് മനസ്സിലാകൂ. ഈ ശത്രുത രണ്ട് ലേബലുകള്‍ തമ്മിലുള്ളതാണ്‌. ഫിസിക്സ് പഠിക്കാതെ കെമിസ്ട്രിക്കാര്‍ക്കോ കെമിസ്ട്രി പഠിക്കാതെ ഫിസിക്സ്കാര്‍ക്കൊ കോഴ്സ് ജയിക്കാന്‍ പറ്റില്ല. ഇത്തരം ഒരു ബന്ധം ബികോമിന്‌ ഹിസ്റ്ററി മാര്‍ക്കിടയില്‍ ഇല്ല. അപ്പോള്‍ ഈ ശത്രുത എന്നു പറഞ്ഞാല്‍, മത്സരങ്ങള്‍ക്ക് എതിരാളി വേണം. ആര്‍ട്സിലെ തടിമാന്മാരോട് ജയിക്കാന്‍ വയ്യാത്തതുകൊണ്ട് വലിപ്പത്തില്‍ തരപ്പടിക്കാരായ നമ്മള്‍ക്ക് തമ്മില്‍ ഔദ്യോഗികശത്രുക്കളാകാം എന്ന് തലക്കകത്ത് ആള്‍ത്താമസവും ശരീരചിന്തയുമുള്ള പൂര്‍‌വ്വികരാല്‍ (പരസ്പര ധാരണപ്രകാരം) നിശ്ചയിക്കപ്പെട്ടതല്ലേ എന്നു സംശയിക്കവുന്നതാണ്‌. എന്തായാലും ആരോട് തോറ്റാലും പാകിസ്ഥനോട് തോല്‍ക്കരുത് എന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥയ്ക്ക് സമാനമായി കെമിസ്ട്രിയോട് ജയിച്ചിട്ട് പിന്നെ ആരോടും തോല്‍ക്കാം എന്നായിരുന്നു അന്ന് ഞങ്ങടെ മതം. ഔദ്യോഗിക
ശത്രുക്കളില്ലാത്ത മറ്റു ദുര്‍ബ്ബലര്‍ക്കിടയില്‍(ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്,ഇംഗ്ലീഷ്, എകണോമിക്സ്...) അത്തരം ഒന്നുള്ള നമ്മള്‍ പ്രബലര്‍ തന്നെ. ഇക്കണോമിക്സും ഇംഗ്ലീഷുകാരും തമ്മില്‍ ഔദ്യോഗിക
ശത്രുത വല്ലതും ഉണ്ടായിരുന്നോ എന്ന് ഇപ്പൊള്‍ ഓര്‍മ്മയില്ല. എന്തായാലും ഫൈറ്റര്‍ഫിസിക്സിന്‌ ഇല്ലായിരുന്നു.)


കവിതയെഴുത്തില്‌ അവനായിരുന്നു രാജാവ്‌. മത്സരങ്ങള്‍ക്ക് അരമണിക്കൂറ് വരെ താമസിച്ച് വരാമെന്നത് അവന്‌ വേണ്ടി ഉണ്ടാക്കിയ നിയമമത്രേ,
"നേരിന്റെ മുന കൊണ്ട് നെഞ്ചകം മുറിയുമ്പോള്‍
പോരാട്ടാവീര്യത്തെ നാം എങ്ങനെ ഗണിച്ചീടൂം"
എന്നു കുരുക്ഷേത്രം എന്ന കവിതയിലും
"എന്നും നിനക്കു പകരം തരും എന്റെ ഉള്ളില്‍
ആറിത്തണുത്ത് രുചിയറ്റ നിവേദ്യപാത്രം
മണ്ണിന്മനം പിറവി നല്‍കിയ വറര്‍ണ്ണ ജാലം
എന്നിഷ്ട്തൂലികയിലൊന്നു പകര്‍ന്നിടൂ നീ"
എന്ന് വേറൊരു കവിതയിലും അന്നേ എഴുതിയ കേമനാണ്‌. മുറുക്കാന്‍ വായിലിട്ട് കവിത ചൊല്ലുന്ന ദുശ്ശീലം അവനില്ലയിരുന്നു എന്നതും എന്നെ മുറുക്കു പഠിപ്പിച്ചു എന്നതും പ്രത്യേകം ഓക്കേണ്ടതാണ്‌. മുറുക്കിനൊപ്പം സാമാന്യം നന്നായി ചായകുടിയും ഉള്ളതിനാല്‌ സംഖ്യ സാരമായിത്തന്നെ രാജുച്ചേട്ടനും തിരുമനസ്സിനും കൊടുക്കാന്‍ ഇഷ്ടന്‍ ബാധ്യസ്ഥനാണ്‌. കോളേജിലെ ഞങ്ങടെ അന്നദാതാവ് എന്ന പദവി ഒന്നാം വര്‍ഷം കാന്റീന്‍ നടത്തിയും ശേഷം ഇന്നുവരേക്കും അഭംഗുരം തുടരുന്ന പുറത്തെ ചായക്കടയും കൊണ്ട് രാജു ചേട്ടന്‍ നേടിയെടുത്തതാണ്‌. ചായക്കടയെക്കുറിച്ച് പറഞ്ഞാല്‌ നമ്മള്‌ നമ്പുവിന്റെ വേളിയിലെത്താന്‍ വൈകും. തിരുമനസ്സാണ്‌ ശീതളപാനീയങ്ങളും മുറുക്കാനുമായി ഞങ്ങള്‍ക്ക് കൂട്ട്. ഞങ്ങളില്‌ സാറന്മാരും പെടൂം. മുറുക്കുന്ന സാറന്മാര്‍ ഇപ്പൊഴും റിട്ടയര്‍മെന്റും കാത്ത് കോളേജില്‍ ബാകിയാണ്‌.

നമ്പുവിന്റെ സമയത്ത് വരായ്കയ്ക്ക് നല്ല മാതൃകയായി ഞങ്ങടെ നടക്കാത്ത നാടകമുണ്ട്. ഒന്നാം വര്‍ഷം നാടകം കളിക്കാന്‍ ചുമ്മാ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സിലെ സുന്ദരിമാരെ ഉപേക്ഷിച്ച് ഞങ്ങള്‌ റിഹേഴ്സല്‌ ചെയ്തു. കഥ സംവിധാനം പിന്നീട്‌ തേള്‌ഗിലെന്ന് അറിയപ്പെട്ട നവീന്‍. പണ്ടെന്നോ നാടകം കളിച്ചിട്ടുണ്ടെന്ന വാദബലത്തില്‌ നായകനായി നമ്പു. വില്ലനായി, തികഞ്ഞ് വിനയത്തോടെ ഈ ഞാനും.
ആത്മാര്‍ത്ഥതയ്ക്ക് നമ്പുവിന്റെ ഏക എതിരാളിയായിരുന്നു തേള്‌ഗില്‌. പാടും വരക്കും എഴുതും. അത്യാവശ്യം പഠിക്കും സര്‍വ്വോപരി NCC കേഡറ്റും. അങ്ങനെ എല്ലാം കൊടുത്തിട്ടും ദൈവം ബോധം മാത്രം തേള്‌ഗിക്ക് കൊടുക്കാന്‍ മറന്നു എന്നാണ്‌ മുരളീമതം. കൂട്ടത്തില്‌ സ്വന്തം പേരിലറിയപ്പെടുന്ന ഏക മഹാനത്രേ മുരളി. ചിലപ്പോളൊക്കെ മുരളീടെ ആംഗലേയം ഫ്ലൂട്ടേന്നു ഞങ്ങളാല്‌ വിളിക്കപ്പെടുന്നതൊഴിച്ചാല്‍ പ്രശ്നരഹിതം അവന്‌ കോളേജ് ജീവിതം. മേല്പറഞ്ഞ നാടകം അരങ്ങേറാറായി. എന്നു വച്ചാല്‌ നായകനൊഴികെ ബാക്കി എല്ലാരും മേയ്ക്കപ്പിട്ട് തയ്യാറായി (നല്ല കട്ടിയില്‍ പൌഡറും ഇത്തിരി കണ്മഷിയും. എല്ലം സംവിധായകന്റെ വക). വില്ലന്‌ സ്വര്‍ണ്ണത്തിന്റെ വീതിക്കസവുള്ള മുണ്ട് സംവിധായകന്‍ സ്വന്തം അമ്മേടെ നേരിയതു കൊണ്ട്‌വന്ന്‌ ഒപ്പിച്ചു. ആര്‍ക്കും ഡയലോഗോ മൂവ്മെന്റൊ കൃത്യമായി അറിയില്ല. എന്നാല്‌ അതിലൊരുപോരായ്മയും ഞങ്ങക്ക് തോന്നിയില്ല. സ്റ്റേജില്‌ സ്വന്തമായി ഡയലോഗിടാമെന്നാണ്‌ സംവിധായകനായ തേള്‍ഗിലറിയാതെയുള്ള അഭിനേതാക്കാളുടെ പരസ്പര ധാരണ. പതിവ് പോലെ താമസിച്ച് പോലും നമ്പുവന്നില്ല. നാടകം നടന്നില്ല. എല്ലാരും കുപിതരായി. ഉള്ളാലെ തികഞ്ഞ് സന്തുഷ്ടരും. കാരണം ഞങ്ങളേപ്പോലെ തന്നെ നന്നായി കൂവുന്നോരാണ്‌ കാണാനിരിക്കുന്നവരും. ഒപ്പം പറയേണ്ടത് വില്ലനായ നമ്മെ ഉടുപ്പിച്ച നേരിയത് അക്ഷരാര്‍ഥത്തില്‍ ഒരു നേരിയതായിരുന്നു. അതും ഉടുത്ത് സ്റ്റേജില്‌ കേറിയിരുന്നെങ്കില്‌ അര്‍ത്ഥതാര്യ വസ്തുവിനു ഉദാഹരണമായി നിന്ന് മാനം പോയേനെ. അന്നു കൃത്രിമ ദേഷ്യം കാട്ടി കളിയാക്കിയെങ്കിലും മേല്പറഞ്ഞ ദുര്യോഗത്തില്‌ നിന്നും ഒഴിവാക്കി തന്നതിന്റെ കടപ്പാട് ഇനിയും പറഞ്ഞിട്ടില്ല. അതിനാല്‌ തീര്‍ന്നിട്ടുമില്ല.

നമ്പൂന്റെ സമയനിഷ്ടയ്ക്കും നിഷ്കളങ്കതയ്ക്കും വേറോരുദാഹരണം. പതിവ് പോലെ നമ്പു അന്നും കൃത്യം ഉച്ചതിരിഞ്ഞ് കോളേജിലെത്തീ. അന്നാണേല്‌ ലാബുണ്ട്. ലാബില്‌ ഞങ്ങളാല്‍ കണ്ടെത്തേണ്ട പുതിയ തത്വങ്ങളോ പ്രതിഭസങ്ങളോ ഇല്ലെന്നും ശാസ്ത്രരീതിയാണ്‌ അവിടെ പഠിക്കേണ്ടതെന്നും മാഷ്-ബാബു മാഷ്- പണ്ടേ പറഞ്ഞിട്ടുണ്ട്. പലരാല്‍ പലവട്ടം ആവര്‍ത്തിച്ച അഭ്യാസങ്ങളാണ്‌ ഞങ്ങളും ചെയ്യുന്നത്. മാഷിനതറിയാം. പക്ഷേ സ്പെക്ട്രോമീറ്ററിലെ ടെലിസ്കോപ്പിന്റെ ഫോക്കസിലേക്ക് ഞങ്ങളാവാഹിച്ചിരുന്ന സുന്ദര രൂപങ്ങള്‌ പുതുപുത്തനാണെന്ന് മാഷിനോട് പറായാനൊക്ക്വോ. ഉച്ചതിരിഞ്ഞ് ഞങ്ങള്‌ ശാസ്ത്രം പരീക്ഷിക്കും. മാനവീക വിഷയജ്ഞകളൂം വിഷയജ്ഞരും ലാബിനു മുന്നിലെ നീണ്ട പടവുകളിലുപസ്ഥിതരായി പുതുമാനവികത സൃഷ്ടിക്കുകയാകും അന്നേരം. അതിനെ തലകീഴായി ടെലിസ്കോപ്പ് ലാബിലെത്തിക്കും. പറഞ്ഞു വന്നത് നമ്പുവിന്റെ നിഷ്ഠയാണ്‌. സാറിന്റെ മുന്നില്‌ മുരളി നിന്നുരുകുന്ന നേരത്താണ്‌ അന്ന് നമ്പുവിന്റെ വരവ്. അവന്‌ നേരെ ലാബിലേക്ക് പോരാം. ഞങ്ങളാരായാലും ആ അവസരത്തില്‍ മുരളിയെ ആശ്വസിപ്പിക്കാന്‍ അതിനിടയില്‍ ചാടില്ല. പക്ഷേ ഇത് ടൊട്ടോ ആണ്‌. ആള്‌ വേറേ. മാഷ് ടൊട്ടോയെ നോക്കുന്നില്ല. ശ്രദ്ധ മുഴുവനും മുരളീലാണ്‌. ടൊട്ടോയ്ക്ക് മിണ്ടാതെ പോകാന്‍ പറ്റ്വോ. വന്ന വഴി ആള്‌ പ്രസ്ഥാവിച്ചു. "സാറേ നട അടയ്ക്കാന്‍ തുടങ്ങീതാ. ദാ വരണൂ ഒരെള്ളു പായസം." മാഷ് അപ്പഴാണ്‌ ടോട്ടോയെ ശ്രദ്ധിക്കണത്. മാഷും, പറഞ്ഞ് വന്നാല്‌ യോഗക്ഷേമസഭക്കരുടേ ഇടയിലെ ആളാന്നേ. ആ മാഷിനറിയില്ലേ ഒരെള്ളുപായസം വെന്ത് വാങ്ങി പൂജിച്ച് കൊടുക്കുമ്പഴേക്കും കാലതാമസം വരൂന്ന്. ഉച്ചകഴിഞ്ഞ് പൂജാരിക്ക് (അയ്യോ തിരുമനസ്സിന്‌) കോളേജില്‌ ഫിസിക്സ് ലാബുണ്ടെന്ന് കരുതി അമ്പലത്തില്‌ ഗ്യാസടുപ്പും കുക്കറും ആക്കാനൊക്ക്വോ. ഇതൊക്കെ ടോട്ടോമാനസത്തില്‌ ഉണ്ടായിരുന്നൊ. അറിയില്ല. എന്തായാലും മുരളി നന്ദിയോടെ ഇങ്ങനെ സ്മരിക്കുന്നു. 'ടൊട്ടോയുടെ സമയോചിതമായ ഇടപെടല്‌ കാരണം രക്ഷപ്പെട്ട് ലാബിലേക്കെത്തി. ടൊട്ടോയും മാഷും അന്ന് ലാബിലെത്തിലെത്തീതേയില്ല. അത്രയേറെ അവര്‍ക്ക് തമ്മില്‌, അല്ല മാഷിന്‌ അവനോട് പറയാനുണ്ടായിരുന്നു.

ഫിസിക്സ് പഠനക്കാരില്‌ നൂറ് ശതമാനം വിജയം എന്ന മാന്ത്രിക അക്കത്തിലേയ്ക്, പണ്ട് ബ്രാഡ്മാന്‌ പറ്റിയ പോലത്തെ അബദ്ധമൊന്നും പറ്റാതെ ആദ്യം എത്തിയത് ബാബു മാഷിന്റെ ഞങ്ങളായിരുന്നു. ആ അത്ഭുതകൂട്ടത്തില്‌ ഉന്നത വിജയം നേടിയവരില്‌ ഒരാളായി (രണ്ടാം ക്ലാസ്സ് ഫിസിക്ക്സ് ബിരുദം. ഫിസിക്സ് ഫസ്റ്റ്ക്ലാസ്സെന്നു ഒരു മോഹന്‍ലാല്‍ കഥാപാത്രവും മേനിപറഞ്ഞ് നടന്നിട്ടില്ല) നമ്പുവും കോളേജ് വിട്ടു.

പലവഴിയ്ക്ക് പിരിഞ്ഞ ശാസ്ത്രമുകുളങ്ങളീലെ ഈ ടോട്ടോമുകുളം തിരിഞ്ഞത് മാനേജ്മെന്റിലേക്കായിരുന്നു. സഹായത്തിനെത്തിയ ബാങ്കിന്റെ മാനേജറ്‌ ആഴ്ചതോറും വിളിക്കുമായിരുന്നത്രേ. ടൊട്ടോടെ പഠന വിവരം അറിയാന്‍. എന്തിന്‌ ഞങ്ങളോ അവന്റെ വീട്ടുകാരോ പോലും അങ്ങനെ അന്വേഷിച്ചിട്ടില്ല. എന്തായാലും മാനേജറുടെ ഭാഗ്യം. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായിത്തന്നെ നമ്പു പുറത്തിറങ്ങി. അതെങ്ങനെ സാധിച്ചു എന്നത് "ചുരുളഴിയാത്ത രഹസ്യങ്ങള്‌" എന്ന തലക്കെട്ടില്‌ ഭാവിതലമുറ ബാലരമയില്‌ വായിക്കും.( ബാലരമേം അത് വായിക്കണ പിള്ളേരും ബാക്കി ഉണ്ടായാല്‌). ഇനി ഏതൊരു മനേജ്മെന്റ് പഠിതാവിനേയും പോലെ തൊഴിലന്വേഷണം. തൊഴില്‌ കിട്ടുന്നു. അത് കളയുന്നു. വെറുതിരിക്കുന്നു. പിന്നേം തോഴില്‌ കിട്ടുന്നു. അങ്ങനെ സരസമനോഹരമായി പണ്ട് ഫോണ്‍നമ്പര്‌ പറഞ്ഞപ്പം നമ്പൂന്റെ തിരുവായീന്നൊഴുകിയ മുറുക്കാഞ്ചാറ്‌ പോലെ അഭംഗുരം കാലമൊഴുകവേ സമക്ഷത്ത് സാമ്പത്തികമാന്ദ്യം. ശമ്പളത്തില്‌ കുറഞ്ഞാലും മുറുക്കാന്റെ വിലപോലും കുറയാത്ത ആഗോള പ്രതിഭാസം. പണ്ടത്തെ മുറുക്കാന്റേയും ചായയുടേം അങ്ങനെ പലതിന്റേം കടം അല്പാല്പം വീട്ടിവന്നപ്പോഴാണ്‌ മാന്ദ്യം. മാന്ദ്യത്തേ പറ്റി ബോസ്സ് പറയുന്നത് മനേജ്മെന്റും അതില്‌ കുറച്ച് ഇക്കണോമിക്സും പഠിക്കയാല്‌ ഈ (ഏത്) ടോട്ടോയ്ക്കും മനസ്സിലാകും. പക്ഷേ കാശ് വാങ്ങാന്‍ വരുന്നവര്‌ ചെലപ്പോ ഇത്യാതി വിഷയങ്ങളില്‍ അവഗാഹമില്ലാത്തവരാകും. അവര്‌ പറയണ ഭാഷ ടൈ കെട്ടിക്കഴിഞ്ഞ ബോസ്സിനോട് പറായാനൊക്ക്വോ. പറഞ്ഞേനെ പണ്ട് അമ്പികാമഠത്തിലും കര്‍ത്താവുംപടിയിലും പോയി വന്ന ചേലിലായിരുന്നെങ്കില്‌. പക്ഷേ ഇപ്പൊ കഴിക്കണത് ശീതീകരിച്ച മുറിയില്‍ ശീതീകരിച്ച് വച്ച സ്വദേശനിര്‍മ്മിത വിദേശിയാകയാല്‌ വയ്യ. (അമ്പികാമഠം, കര്‍ത്താവുംപടി- ഐരാപുരം പഠിതാക്കളൂടെ ഗൃഹാതുരതയില്‍ അമൃതം വര്‍ഷിക്കും ഷാപ്പുകള്‍ കുടികൊള്ളുമിടം.)

കേരളത്തില്‌ വില ഇടിയാത്തതായി എന്തുണ്ട്. റബ്ബറിന്‌ തല്‌ക്കാലം നല്ല വിലയുണ്ട്. പക്ഷേ ടൊട്ടോയ്ക്ക് റബ്ബറില്ല. പൂജയ്ക്ക് നല്ല മാര്‍ക്കറ്റുണ്ട്. പക്ഷേ ഇപ്പോ പൂജാരി അല്ല. സ്വര്‍ണ്ണത്തിന്‌ കുതിച്ചേറുന്ന വിലയുണ്ട്. പക്ഷേ പിറവി അലൂക്കാസിലും ആലപ്പാട്ടിലും ഭീമയിലുമൊന്നും അല്ല. കേരളമഹാരാജ്യത്ത് മാന്ദ്യകാലത്തും വിലയിടിയാത്തതായി ഇനി ഒന്നേ ബാക്കിയൊള്ളൂ- സ്ത്രീധനം. ടൊട്ടോ പണ്ട് രക്ഷപ്പെടുത്തിയ മുരളി ഇതിനിടയില്‌ പൂനയില്‌ പോയി മനേജ്മെന്റ് പഠിച്ച് ജോലിവാങ്ങി. കെട്ടുകേം ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഒരേയൊരുവട്ടം നാട്ടില്‌ വന്നുപോവുകയും ചെയ്തു. അപ്പോ കടം തീര്‍ക്കാന്‍ വേളി. പെങ്കുട്ടി പണ്ട് ഒപ്പം പഠിച്ചതാണെന്നൊ ചുഴിഞ്ഞാലോചിച്ചാല്‌ അയല്പക്കകാരിയാണെന്നോ ഒക്കെ ശങ്കറ്‌സാറും അച്ചായനും പറയും. സാരമാക്കാനില്ല. (ശങ്കറേപറ്റി മുന്നേ പറഞ്ഞപ്പം അച്ചായനെ മറന്നതല്ല. അവസരം നോക്കീരുന്നതാണ്‌. ശങ്കറ്‌ ഇങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ വലങ്കൈ. ശങ്കറ് വലങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ ഇടങ്കൈ. അത്ര കൂട്ടാണവര്‌. എന്തിനു അച്ചായനെന്ന ഈ പേരുപോലും ശങ്കറാല്‌ സമര്‍പ്പിതം).

വേളിക്ക് മുന്ന് നിശ്ചയം എന്ന വല്യ ചടങ്ങുണ്ട്. നാട്ട്നടപ്പ് പ്രകാരം, രാവെളുക്കുവോളാം മോബൈല്‍ കമ്പനിക്കാര്‍ക്ക് സമ്പാദ്യം ഉണ്ടാക്കി കൊടുക്കാന്‍ മുന്‍പരിചയരഹിതരായ പെണ്ണിനും ചെറുക്കനും ലൈസന്‍സ് കൊടുക്കുന്ന ഇടപാടാകുന്നു നിശ്ചയം. നിശ്ചയത്തിനും മൊഹൂര്‍ത്തമൊക്കെയുണ്ടെന്ന് ലോകലൌകീകര്‍ സമ്മതിച്ചിട്ടൂള്ളതാകുന്നു. എന്നു വച്ചാല്‌ നിശ്ചയം മുഹൂര്‍ത്തത്തില്‌ തന്നെ നടക്കണം.

ഇനിയാണ്‌ ചീട്സ് എന്ന ഞങ്ങടെ ചീടാന്‍ അരങ്ങത്തെത്തുന്നത്. ഇവിടെ രംഗപ്രവേശം വൈകിയത് കൊണ്ട് ആപ്രധാന കഥാപാത്രണെന്ന് കരുതരുത്. "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടൂ ഞാന്‍"... എന്ന ഗാനം തികഞ്ഞ മനോഹാരിതയോടേ ഇംഗ്ലീഷ് ക്ലാസ്സില്‌ ബാക്കിവന്ന ഇത്തിരി നേരത്ത് ടീച്ചറിന്റെ പ്രത്യേകതല്പര്യപ്രകാരം പാടി പെങ്കുട്ട്യോളുടെ ഇഷ്ടോം ഞങ്ങടെ ഇഷ്ടക്കേടും ആദ്യത്തെ കൊല്ലം തന്നെ നേടിയെടുത്ത വിദ്വാനാണ്‌. (സംഗതികളേക്കുറിച്ച് ഞങ്ങക്ക് മാത്രമല്ല ഭൂമിമലയാളം മൊത്തം അജ്ഞരായിരുന്നത് അന്നവന്‌ ഗുണമായി. ഇന്നായിരുന്നേല്‌ കാണായിരുന്നു. ചീടാ പാട്ട് നന്നായി കേട്ടോ. എന്നാലും സെക്കന്റ് ചരണത്തിലെ മൂന്നാം വാക്കില്‌... അതവന്റെ ടൈം.) പിന്നീട് കോളേജിന്റെ ആസ്ഥാന ഗായകനായി വിദ്വാന്‍. ആരാധികമാരിലൊരാള്‌ ഒരുമ്മ തരട്ടേന്ന് ചോദിച്ചാല്‌ ,അവള്‌ സുന്ദരി അല്ലേല്‌, വേണ്ടാ എന്ന് പറയുന്ന പാവം. ഇനിയിപ്പോ സുന്ദരി ആയാലും അവന്‍ വേണ്ടാന്നേ പറായൂ. ഞെട്ടണ്ടാ ഒരുമ്മ വേണ്ടാ. രണ്ടെണ്ണം ആയ്ക്കോട്ടേ. ലൈബ്രറിയുടെ അങ്ങേവശത്ത് ആരുമില്ലെന്നു പ്രതിവചിക്കണ പഞ്ചപ്പാവം. ഈ പാവംമാനവഹൃദയം ടോട്ടോയുടെ ആടുത്ത അടുത്ത കൂട്ടുകാരനും കൂടിയാകുന്നു. അക്കാലത്ത് രണ്ടും പൊറുതി ഒരിടത്ത്. പിന്നെ വല്ലപ്പോഴും ഒക്കെ സമയത്ത് വരണ സ്വഭാവം ചീടനുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളറിയാവുന്ന അച്ചായനും ശങ്കറും അടുത്ത് തന്നെ തിരുമൊഴിയുതിര്‍ത്ത് ദുരൂഹതകള്‍ തീര്‍ക്കുമായിരിക്കും. അങ്ങിനെ സംഭവിച്ചാല്‍ ആ ചരിത്രവും വിനീതനായ ഈ ചരിത്രകാരന്‍( ഒരു ബഷീര്‍ പ്രയോഗം) രേഖപ്പെടുത്തുന്നതായിരിക്കും.

ലക്ഷാര്‍ച്ചനക്കുമുതല്‍ കഥകളിക്ക് വരെ ഒന്നിച്ച് പോകുന്ന സൌഹൃദം. നമ്പു പതിവുപോലെ താമസിച്ച് വരുന്ന ഇടങ്ങളില്‍ അവന്‌ താലക്കാലിക പകരക്കാരനാവുക നമ്മുടെ ചീടനാണ്‌.

നിശ്ചയത്തിന്‌ നേരവുംകാലവും കുറിച്ചു. ആളുകളൊക്കെ എത്തിപ്പെട്ടു. നാലുംകൂട്ടിമുറുക്കലും നാല്‌ വിശേഷം പറയലും തകൃതിയായി നടക്കുന്നു. ആളുകളങ്ങനാണ്‌. എന്നും കാണുന്ന മിണ്ടാത്തവര്‌ക്കും ഇങ്ങനത്തെ വിശേഷാല്‍ ദിനങ്ങളില്‌ പെരുത്ത് പറയാനുണ്ടാകും. ഒരാളെ മാത്രം കാണാനില്ല. നമ്മുടേ ടൊട്ടോയെത്തന്നെ. മുഹൂര്‍ത്തം അറിയാഞ്ഞിട്ടോ അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടോ അല്ല. ആ നേരത്ത് ഒഴിവാക്കാനാകാത്ത ഒന്നു വന്നുചേര്‍ന്നു. പോയി സമയത്ത് വരാവുന്നതേ ഒള്ളു. അങ്ങനാണ്‌ ടൊട്ടോ പുറപ്പെട്ടത്. സമയമടുക്കുന്നു. ടോട്ടോയെ അറിയാവുന്ന വീട്ടുകാര്‍ക്ക് അങ്കലാപ്പായിത്തുടാങ്ങി. പൂജാദിചടങ്ങുകളൊത്തിരി ഉള്ളതാണ്‌. ടൊട്ടോയെ നന്നായി അറിയാവുന്ന ചീടനങ്ങിനെ കൂസലില്ലാതെ നില്‍ക്കുമ്പം ദാ വരണു ടൊട്ടോടേ കാള്‌. "ചീടാ വണ്ടി നിര്‍ത്തീപ്പം ഒന്നു മുറുക്കാന്‍ ഇറങ്ങിതാ. വണ്ടി മിസ്സായി. ഇനി കാറ് വിളിച്ചാലും മുഹൂര്‍ത്തതിന്‌ എത്താനൊക്കില്ല. നീ ഒരുകാര്യം ചെയ്യ്. തല്‍കാലം ഞാനെത്തും വരെ കല്യാണച്ചെക്കന്റെ സ്ഥനത്തിരുന്ന് പൂജയൊക്കെ ഒന്നു ചെയ്യ്. എന്തായലും ഇല ഇടാറാകുമ്പഴേക്കും ഞാനെത്തും". ചീടനെന്തു ചെയ്യും. അവനും സ്വന്തമായി വേളി വേണം എന്നൊക്കെയുള്ളതല്ലേ. വീട്ടുകാരെന്തുചെയ്യും. മുഹൂര്‍ത്തം തെറ്റിക്കാനൊക്കുമോ? ചെക്കനില്ലാതെ പൂജ പറ്റുമോ?

ശേഷം ചിന്ത്യം എന്നെഴുതി എനിക്ക് വേണേലവസാനിപ്പിക്കം. പക്ഷേ എന്തായാലും ടൊട്ടോയുടെ വേളി ഉറച്ചു. അടുത്ത് തന്നെ വേളീണ്ടാകും. അന്നും ടൊട്ടോ വഴിക്ക് മുറുക്കാനെറങ്ങുമോ? ചീടനന്നും സമയത്തുണ്ടാകുമോ? ഇത്യാദി ചോദ്യങ്ങള്‍ ഭാവിയെക്കുറിച്ചുള്ളവയാകയാല്‍ അഭിപ്രയം പറയുന്നില്ല. എന്തായാലും രാജുച്ചേട്ടനും തിരുമനസ്സിനും സംഖ്യ കിട്ടുമായിരിക്കും, വേളി ഉറച്ചല്ലോ.
ഞങ്ങടെ ടോട്ടോയ്ക്ക് ഭാസുരമായ ജീവിതം നേരാന്‍ നിങ്ങളൂം കൂടുമല്ലോ.

കടപ്പാട്: ശങ്കറിനും അച്ചായനും.
മുങ്കൂര്‍ജാമ്മ്യം: ഇത് ആരേയും നോവിക്കാനല്ലെന്ന് ധരിക്കുമല്ലോ. ഭാവിജീവിതത്തെ ഭാസുരമല്ലാത്ത രീതിയില്‍ ബാധിച്ചേക്കാവുന്ന വല്ലതും ഇതിലുള്ളതായി തോന്നുന്നവര്‍ക്ക് പറയാം. സവ്യാജഖേദപ്രകടനം ഉണ്ടായില്ലെങ്കിലും അവ മായ്ച്ചുകളയല്‍ പരിഗണിക്കും.

വാല്‍ക്കഷ്ണം
1.മേല്പറഞ്ഞവ നടന്നതാണോ? നടക്കാവുന്നതാണോ? ടൊട്ടോയെ അറിയാവുന്ന ആരും ഈ എഴുത്തിന്‌ എതിരഭിപ്രായം പറയില്ല. എന്തിനു ടൊട്ടോയോട് ചോദിക്കൂ.ഒരാളൊര്‍ന്ന് മുറുക്കനിറങ്ങി. വണ്ടി മിസ്സായി.കല്യാണമൊഹൂര്‍ത്തത്തില്‌ വരാനായില്ല. മോശമായോ?ടൊട്ടോ ഇപ്രകാരം പ്രതിവചിക്കും. വിവാഹ മുഹൂര്‍ത്തത്തിന്‌ വരാതിരിക്കലില്‌ വല്യകാര്യമില്ല മുറുക്കുമ്പോഴ് അടയ്ക ചൊരുക്കാതിരുന്നാ മതി.
2.മേല്പറഞ്ഞ വങ്കത്തരങ്ങള്‍ സ്വന്തമായുള്ളതില്‍ അഹങ്കരിച്ചില്ലെന്ന് മാത്രമല്ല വന്നതിനു ശേഷം കോളേജില്‍ നടക്കാറുള്ള കവിതാ രചനാ മത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനക്കാരന്‍ ഇതേ നമ്പുവായിരുന്നു. അവസാന വര്‍ഷം മാത്രം ശരത്തിനു(നമ്മടെ കനക്കിലെ ശരത്തേ, ആള്‌ എലിയല്ലായിരുന്നൂന്ന് കുറച്ച്പേര്‍ക്കേ അറിയൂ) പിന്നില്‍ രണ്ടാമതായതിന്റെ രഹസ്യം അറിയില്ല.

Saturday, March 27, 2010

ചെറുവരികൾ

മുറ്റം

വീടിനും വഴിക്കുമിടയിലെ നേര്‍ത്ത രേഖ.
അമ്മയുടെ ചൂലിന്‍‌റ്റെ അതിര്.
പെങ്ങടെ സ്വാതന്ത്ര്യത്തിന്‍റ്റേയും.

വീട്

ചോരുന്ന മേല്‍ക്കൂരക്കീഴിലും
ചുമരിന് പ്രധാന്യം കിട്ടുന്ന ഇടം.

ശമ്പളം

കിട്ടും മുമ്പൊത്തിരി
കിട്ടുമ്പോള്‍ ഇത്തിരി
അദ്ധ്വാനത്തിന്റിത്തരം
(അ)സാധാരണ രൂപം

പ്രണയം

ഭൂതകാലത്തില്‍ നിന്നും
ഭാവിയിലേ‍ക്ക് പണിത പാലം.
ആകുലതളുടെ വര്‍ത്തമാനത്തെ
അത് തൊടുന്നേയില്ല.

പ്രണയശിഷ്ടം

ചോദിക്കാത്തതുകൊണ്ട്
കിട്ടാതെപോയ ഉമ്മകള്‍.

Tuesday, February 2, 2010

ഋതുസംക്രമം

ഓര്‍മ്മയുണ്ടിന്നും ആദ്യ ഋതുസംക്രമം
ഉടലറിയാമിടങ്ങളില്‍ ചുഴലും പരിഭ്രമം
നീരവനിഗൂഢനവ്യായിരമറിവിന്നുദ്ഗമനം
ഉടല്‍ പേടിയാക്കും കൌതുക വസ്തു.

ശാരദാകാശശുഭ്രസരളം ബാല്യം.
നുണ നുണഞ്ഞ കാലം.
എതുതൊടിയും തോടും താണ്ടി
തനു പാഞ്ഞതാം അതിര്‍ വരമ്പറിയാക്കാലം.

തുടയിടയില്‍ ചുവപ്പിന്റെ നനവ് , സസംഭ്രമം
ഉറയും നാണം, ഒറ്റയ്ക്കാകവേ ഭയം, അതിര്‍വരകള്‍,
കൈതമുള്ളിന്‍ മൂര്‍ച്ചയേറ്റിയ നോക്കും വാക്കുമായ്
ഇരുള്‍രൂപസഹസ്രാവൃതപൊതുസ്ഥലിയില്‍
ആകെ പൊള്ളിച്ചെടുക്കും ഗ്രീഷ്മാഗമം.

നിശകള്‍ നിദ്രാടനഭരിതം, നിറങ്ങളില്‍
തരളം മനം മൂകകാതരം, അകാലത്തില്‍
പൊതിയും വിഷാദത്തിന്‍ മാസ്മര മാധുര്യമായ്
പ്രണയസ്പര്‍ശം, ഉള്ളില്‍ ദോഹദം വാസന്തമായ്.

വിലക്കും അസ്പൃസശ്യതാബോധവും വെടിഞ്ഞ നാള്‍
ഉരുവമാര്‍ന്നതേത് വികാരം, അറിയില്ല.

പുതുജീവന്ന് വാതിലായത്, വേര്‍പാടിന്റെ -
ഇടിവാള്‍, നോവിന്‍ നീണ്ടനിരയിലണിയായി
പിറവി, മിഴികളില്‍ കനക്കും മഴ, പൊള്ളി-
പ്പനിക്കുമോര്‍മ്മയ്ക്കുള്ളില്‍ തിളയ്ക്കും വേനല്‍
പല ഋതുക്കളുടലിനെ ഭരിച്ചു മുടിക്കുന്നു.


ഉടലിന്‍ ഋതം ഋണഭാരം, ചാക്രിക-
മെല്ലാമൊടുങ്ങി, വരവീണ തൊലിയില്‍
നരവന്ന മുടിയില്‍ ഇനിയില്ല വസന്തം
ഒടുക്കത്തെ ഗ്രീഷ്മ സന്നിവേശത്തിന്‍
ഋതുസംക്രമം മാത്രം ബാക്കിനില്‍ക്കുന്നു
ഓര്‍മ്മ മഞ്ഞയായ് മറയുന്നു

Blog Archive