Saturday, August 30, 2014

അവിശ്വസനീയതകൾ

തിരക്കില്ലാത്ത റോട്ടില്‍
ചുമ്മാ നടക്കുമ്പോൾ
മണലുവണ്ടിമുട്ടിയിട്ടും
ചാവാതെ രക്ഷപ്പെട്ട ഒരാളെ സങ്കല്പിക്കുക.
അയാള്‍ ഞാനാണെന്നും
ആ മണലുവണ്ടിയായിരുന്നു പ്രണയമെന്നും
ജീവനോടുള്ളത് പരിക്കേറ്റ ഒരു ഞാനാണെന്നും
നീ വിശ്വസിക്കില്ല.
അനുഭവിക്കും വരെ
അവിശ്വസിക്കപ്പെടുന്ന അപകടമാണ്‌ പ്രണയമെന്നും
തെളിവില്ലാത്ത മുറിവുകളിലാണ്‌
അത് മൂര്‍ത്തമാകുന്നതെന്നും
ഇനി പറഞ്ഞിട്ടെന്ത്‌?

കള്ളമണലിന്റെ മരണവേഗത്തിനു
മോര്‍ച്ചറിയെത്തേണ്ടതാണ്‌
പക്ഷേ,
എത്തേണ്ടിടത്ത് എല്ലാരുമെത്തിയാല്‍
വണ്ടിമുട്ടിയോരൊക്കെയും ചത്താല്‍
സഞ്ചാരത്തിന്റെ കഥകഴിയില്ലേ?
അതുകൊണ്ടാകാം
കഥകഴിയാതിരിയ്ക്കാനാകാം
ഞാന്‍ ബാക്കിയായതും
പരിക്കേറ്റവന്റെ സത്യവാങ്മൂലം
നീ അവിശ്വസിക്കുന്നതും.

Sunday, August 17, 2014

നനയല്‍


ഓര്‍മ്മയൊന്നും ബാക്കിയുണ്ടാകരുത്. ഓര്‍മ്മയുടെ മുട്ടകള്‍ പൊട്ടിയാണ്‌ ഭൂതകാലത്തിന്റെ സര്‍പ്പക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട്, അവള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. വേണമെങ്കില്‍ ഇങ്ങനെ തുടങ്ങാവുന്നതാണ്‌. അത്യാവശ്യത്തിനു ഗരിമ തോന്നിക്കുകയും ചെയ്യും. പക്ഷേ അതിലൊന്നും വല്യകാര്യം ഇല്ല.  അതുകൊണ്ട്, അവള്‍ മഴത്തിറങ്ങി നിന്നു എന്ന് നേരേ പറയാം.
കുട ഇല്ലായിരുന്നു. കുടയുംകൊണ്ട് മഴയത്തിറങ്ങിയാല്‍ അത് മഴകൊള്ളലല്ല എന്ന ധാരണയോ സ്വന്തമായി കുടയില്ലാഞ്ഞതോ ആകാം കാരണം. ആദ്യത്തേതാകും കാരണം എന്ന് കണക്കുകൂട്ടിയാണ്‌ "എന്നാത്തിനാ ഇങ്ങനെ മഴയത്തു നില്‍ക്കുന്നത് "എന്ന് വെറുതേ ചോദിച്ചത്‌.
മഴ കൊള്ളുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാകുന്നു.
മഴ പ്രണയത്തിന്റെ രൂപകമാകുന്നു.
അത് മരിച്ചവരുടെ തിരിച്ചുവരവാകുന്നു.
അത് ആകാശത്തിനു ഭൂമിയോടുള്ള പ്രണയമാകുന്നു.
എന്നിങ്ങനെ സമവാക്യത്തില്‍ ഉള്ളതൊന്നും അവള്‍ പറഞ്ഞില്ല. "എനിക്ക് സൗകര്യമുള്ളതുകൊണ്ട്" എന്ന തികച്ചും അകാല്പനികവും സ്വേച്ഛാധിപത്യപരവുമായ മറുപടി ഒരു കാലന്‍ കുടയിലേക്ക് എന്നെ ഉള്‍‌വലിയിച്ചു.

ഭരണകൂടതിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ അവള്‍ എന്ന പ്രജയിലേക്കും പടര്‍ന്നു കഴിഞ്ഞോ എന്ന് എന്നിലെ രാഷ്ട്രീയ നിരീക്ഷകന്‍ അപ്പോള്‍ സന്ദേഹിച്ചു. മാത്രവുമല്ല, മഴ നനയുന്നതിനു നികുതി ഏര്‍പ്പെടുത്തുക എന്ന ആശയം എനിക്ക് തോന്നിയതുപോലെ അധികാരിക്ക് തോന്നിയാല്‍ ഇവളൊക്കെ എന്തു ചെയ്യും എന്ന് ആശങ്കപ്പെട്ടു. പൊടുന്നനെ, ഇത്തവണ മഴകുറയും എന്ന കാലാവസ്ഥാപ്രവചനം ഓര്‍മ്മ വന്നു. അത്യാവശ്യമായി ഓര്‍മ്മ വരേണ്ട ഒന്നല്ല കാലാവസ്ഥാ പ്രവചനം എന്നിരിക്കിലും ഇപ്പോള്‍ ഇത് ഓര്‍മ്മ വന്നത് എന്തുകൊണ്ടാണ്‌?
അല്ലെങ്കിലും അത്യാവശ്യത്തിനു ഉപകരിക്കാത്ത നിക്ഷേപമാണ്‌ ഓര്‍മ്മകള്‍. ഈ ഡയലോഗ് കൊള്ളാലോ എന്ന് ഞാന്‍ എന്നെ അഭിനന്ദിക്കുമ്പോള്‍, അവള്‍ ഏതോ ഒരു അവളും ഞാന്‍ ഏതോ ഒരു അവനും ആയി തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്‌ എന്ന് ഒരു ഇടിമിന്നല്‍ അറിയിച്ചു.
അത് കേട്ട് പറമ്പില്‍ കൂണുകള്‍ കണ്ണുതുറന്നു. പക്ഷേ, അവള്‍ കൂസലില്ലാതെ മഴയത്ത്‌ തുടര്‍ന്നു.

കൂണൊക്കെ പറച്ച് ഒരു കുമ്പിളും കുത്തി ഞാന്‍ പിന്നേം അവള്‍ടെ മുന്നിലെത്തി. എന്നാ പ്രശ്നം? എന്നാ പറ്റ്യേ? എന്ന എന്റെ ചോദ്യങ്ങളെ കരപെരെ കലമ്പുന്ന കാറ്റുപോലും കേട്ടു. അവള്‍ക്ക്‌ ഒരു കൂസലും ഇല്ല. ഒന്നു മിഴിച്ച് നോക്കിയിട്ട് പിന്നേം മഴ.
സിനിമകളില്‍ പീഡനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഏണ്ണമറ്റ മഴകളെ എനിക്ക് ഓര്‍മ്മ വന്നു. ഒരുവട്ടം വില്ലനാകാനുള്ള ധൈര്യം  ഉണ്ടെന്ന് എനിക്ക് തോന്നി. അമ്മാതിരി വില്ലനാകാന്‍ ഏത് മക്കുണനും പറ്റുമെന്ന് പണ്ടൊരുവള്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നു. ഓര്‍മ്മ ഉപകാരമില്ലാത്ത നിക്ഷേപമാണ്‌ എന്ന് പിന്നേയും തെളിഞ്ഞു.

മഴ നനയുന്നത് എന്തിനാണ്‌? എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് ഒരു കാറ്റ് മരങ്ങളുടെ മുടിയഴിച്ചു. കൂണ്‍കുമ്പിള്‍ അവള്‍ടെ മുന്നില്‍ കൊണ്ടുവച്ചു. രണ്ടും കല്പിച്ച് ഞാന്‍ കുടമടക്കി. മഴ പൊലിപ്പിച്ചു. കാറ്റും വെള്ളവും മുഖത്തേക്ക് അടിച്ചു കയറി. എനിക്ക് ശ്വാസം മുട്ടി. അവള്‍ക്ക് ഒരു കൂസലും ഇല്ല. കുടയില്ലാതെ ഒരു മഴ മുഴവന്‍ നനയാന്‍ എന്നെക്കൊണ്ടാവുകേലെന്ന് തിരിഞ്ഞ്, ഞാന്‍ കുട വീണ്ടുമെടുത്തു.
എല്ലാ ചോദ്യത്തിനു ഉത്തരം ആവശ്യമില്ലെന്ന് പോന്നപോക്കില്‍ എനിക്ക് മനസ്സിലായി. അവള്‍ പനിപിടിച്ച് ചത്തുപോകട്ടെ എന്ന് പ്രാകിക്കൊണ്ട് ഞാന്‍ വീട് കേറി. അവള്‍ക്ക് വീടോ കൂടോ കൂട്ടോ ഉണ്ടോ എന്ന്  ഞാന്‍ ആശങ്കപ്പെട്ടതേ ഇല്ല. എനിക്ക് കുടയുണ്ട്. സന്തോഷത്തോടെ ഞാനും എന്റെ കുടയും ഒരു കാപ്പികുടിച്ചു.
ഒരു മഴ മുഴുവന്‍ നനയാന്‍ എന്നെക്കൊണ്ടായില്ലെന്ന അനാവശ്യമായ ഓര്‍മ്മയെ അടുത്ത വേനലിന്ന്‌ തിന്നാന്‍ കൊടുക്കണം എന്ന് ഞാനുറപ്പിച്ചു. അവളും അവളുടെ മഴയും അങ്ങനെ തുലഞ്ഞുപോകട്ടെ.

കടപ്പാട് :
അകാരണമായി ഇങ്ങനൊന്നിനു പ്രേരിപ്പിച്ച് ജിഗീഷിനോട്. ഇത് വായിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ശാപം അയാള്‍ക്ക് കിട്ടട്ടെ. 

Blog Archive