Friday, June 27, 2008

അന്ധം

അന്ധമായതിനാലാവാം
എന്‍റ്റെ പ്രണയം
നിന്നെ കാണുന്നേ ഇല്ല,
നമുക്കിടയിലെ ദൂരം അറിയുന്നേ ഇല്ല,
ഏകദിശാപ്രയാണം നിര്‍ത്തുന്നെയില്ല.

Monday, June 23, 2008

രാധക്ക്

രാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചോട്ടിലൊറ്റക്കിരുത്തി മറയുമ്പോള്‍
രത്നഭൂഷിതം രാജമകുടം തളര്‍ത്തിയ
നഗ്നഗാത്രം ഞാന്‍ സ്നിഗ്ദ്ധശയ്യയില്‍ തനിച്ചല്ലോ.

രാജനീതികള്‍ ജരാസന്ധഭിഷ്ടഭീതികള്‍
പരിവേദനപാര്‍ഥസൗഹൃദ വിഷാദങ്ങള്‍
നഗരത്തിരക്കിന്റെ നരച്ച ചതുരത്തില്‍
നിഴല്‍ക്കുത്തൊരുക്കുന്ന നശിച്ച നിമിഷങ്ങള്‍
ഗോവും ഗോപികാവൃന്ദവൃന്ദാരണ്യവും  മൂര്‍ത്ത-
മാക്കിയ മുളന്തണ്ടും തോറ്റുപോമസ്വാസ്ഥ്യങ്ങള്‍.
അഴിച്ചെറിയാനാകുന്നില്ലല്ലോ വഴിക്കെന്നോ
എടുത്തണിഞ്ഞ നിത്യരക്ഷകപരിവേഷം.

യാദവന്‍ തെളിക്കണം സ്യന്ദനം സവ്യസാചീ-
യാത്രയില്‍ രക്തസ്നാത രാജനീതി ചൊല്ലണം.
ഭ്രാതൃഹത്യാപ്രേരിത പാപബോധത്തിന്‍ ശര-
ശയ്യയില്‍ മനസ്സുത്തരായനം തിരിയണം.

നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-
വീഥിയില്‍ തെളിയുന്ന ദുരന്തം നടുക്കുമ്പോള്‍
ചമയങ്ങളില്‍ ഉഷ്ണം പുകയുമ്പോള്‍ ഞാനോര്‍‌മ്മ-
കാളിന്ദീയാഴങ്ങളില്‍ തണുപ്പു തിരയുന്നു.
മറന്നിട്ടില്ല, നമ്മള്‍ നടന്ന നടക്കാവിന്‍ തണലും
തണുപ്പത്തുതനിച്ചായപ്പൊള്‍ തന്ന മധുവും
കനല്‍മീതെ നടക്കുമ്പോഴീയോര്‍മ്മക്കുളിരേ കൂട്ട്
നീയീയകലം പൊറുക്കുക.

വേടശസ്ത്രാഗ്രം കഴിഞ്ഞൊരുനാള്‍ വരും, അന്ന്
കാളിന്ദി നമ്മോടസൂയാലുവായ് കലഹിക്കും...

Wednesday, June 18, 2008

സമര്‍പ്പണം

അഹം ബോധമേറ്റം വളര്‍ന്നൊടുവിലെല്ലാം
നശിചൊന്നുമില്ലാതിവന്‍ വന്നു നില്‍ക്കവെ
വരള്‍ച്ചുണ്ടിലക്ഷരത്തേന്‍തുള്ളിയിറ്റിച്ച
വാക്കിന്‍റ്റെ വിദ്യേ നിനക്കുനല്‍കാന്‍
അര്‍ഥശൂന്യമീ ഭിക്ഷാപാത്രത്തിലുണ്ടൊരുതുള്ളിതീര്‍ഥം
നിരാസം ലയിപ്പിച്ച പുണ്യം

വിറപൂണ്ട പാണിയിലെടുപ്പൂ വെറും മണ്ണില്‍ -
വീണെങ്കിലോ, വിതുമ്പുംചുണ്ടില്‍ നിന്‍റ്റെ-
പേരൂറുന്നു, ശ്രീയറ്റ ദേഹത്തിനിനി
സര്‍വമന്യം സമര്‍പ്പിപ്പതവസാനബിന്ദു
കൈ നീട്ടാം, കരം തട്ടി നീക്കാം തവേഛപോല്‍

Monday, June 16, 2008

പ്രണയം

ഭൂതകാലത്തില്‍ നിന്നും ഭാവിയിലേക്കുള്ള

പണി തീരാത്ത പാലം.

ആകുലതകളുടെ വര്‍ത്തമാനത്തില്‍ ഇടം നേടാന്‍

അതിനാകാതെപോയി.

തുറക്കുന്തോരും അടയുന്ന ഒറ്റവാതില്‍ മാത്രമുള്ള മുറി

അതിലകപ്പെട്ട കിനാവുകള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു

അവള്‍

ആഗ്രഹിക്കുന്നത് അവളെ ആണ്

ചുമരുകളുടെ ഈ കൂട്ടാതെ

സ്വപ്നങ്ങളുടെ മേല്‍കൂരയുള്ള

വീടാക്കി മാറ്റുന്നവളെ

ചെമ്പരത്തി

ഓര്‍മ്മയില്‍ വാടാത്തൊരു പൂവുണ്ടെനിക്ക് മാത്രം
നീട്ടാതെ ചുണ്ടത്തു നീ കാത്ത ചെമ്പരത്തി പൂ.

Blog Archive