Monday, June 23, 2008

രാധക്ക്

രാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചോട്ടിലൊറ്റക്കിരുത്തി മറയുമ്പോള്‍
രത്നഭൂഷിതം രാജമകുടം തളര്‍ത്തിയ
നഗ്നഗാത്രം ഞാന്‍ സ്നിഗ്ദ്ധശയ്യയില്‍ തനിച്ചല്ലോ.

രാജനീതികള്‍ ജരാസന്ധഭിഷ്ടഭീതികള്‍
പരിവേദനപാര്‍ഥസൗഹൃദ വിഷാദങ്ങള്‍
നഗരത്തിരക്കിന്റെ നരച്ച ചതുരത്തില്‍
നിഴല്‍ക്കുത്തൊരുക്കുന്ന നശിച്ച നിമിഷങ്ങള്‍
ഗോവും ഗോപികാവൃന്ദവൃന്ദാരണ്യവും  മൂര്‍ത്ത-
മാക്കിയ മുളന്തണ്ടും തോറ്റുപോമസ്വാസ്ഥ്യങ്ങള്‍.
അഴിച്ചെറിയാനാകുന്നില്ലല്ലോ വഴിക്കെന്നോ
എടുത്തണിഞ്ഞ നിത്യരക്ഷകപരിവേഷം.

യാദവന്‍ തെളിക്കണം സ്യന്ദനം സവ്യസാചീ-
യാത്രയില്‍ രക്തസ്നാത രാജനീതി ചൊല്ലണം.
ഭ്രാതൃഹത്യാപ്രേരിത പാപബോധത്തിന്‍ ശര-
ശയ്യയില്‍ മനസ്സുത്തരായനം തിരിയണം.

നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-
വീഥിയില്‍ തെളിയുന്ന ദുരന്തം നടുക്കുമ്പോള്‍
ചമയങ്ങളില്‍ ഉഷ്ണം പുകയുമ്പോള്‍ ഞാനോര്‍‌മ്മ-
കാളിന്ദീയാഴങ്ങളില്‍ തണുപ്പു തിരയുന്നു.
മറന്നിട്ടില്ല, നമ്മള്‍ നടന്ന നടക്കാവിന്‍ തണലും
തണുപ്പത്തുതനിച്ചായപ്പൊള്‍ തന്ന മധുവും
കനല്‍മീതെ നടക്കുമ്പോഴീയോര്‍മ്മക്കുളിരേ കൂട്ട്
നീയീയകലം പൊറുക്കുക.

വേടശസ്ത്രാഗ്രം കഴിഞ്ഞൊരുനാള്‍ വരും, അന്ന്
കാളിന്ദി നമ്മോടസൂയാലുവായ് കലഹിക്കും...

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഒരു പഴയ കവിത ഓര്‍ത്തു പോയി

കവിത: ചൊല്ലൂ നീ...... എന്‍ രാധേ.........

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

ഒരിക്കല്‍ പോലും കരയിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

അപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കിയീകൃഷ്ണന്‍ ഞാന്‍!

ഒരിക്കല്‍ നീ കരഞ്ഞനാള്‍,
കരയുന്നതെന്തേയെന്നുചോദിച്ച നേരം,

വാക്കാലീകൃഷ്ണന്‍ നോവിച്ചുവെന്‍
രാധയെയെന്നു ചൊല്ലിയ നിന്നോടീകൃഷ്ണന്‍

ക്ഷമ ചൊല്ലിയ നേരം നിന്നില്‍
വിരിഞ്ഞയാപാല്‍ പുഞ്ചിരി,
ഇന്നും മറന്നില്ലയീകൃഷ്ണന്‍.

നിനക്കായ്‌ എത്തിടാംമീകൃഷ്ണന്‍
എവിടെയെന്നു ചൊല്ലൂ എന്‍ രാധേ,
ചൊല്ലൂ നീ...... എന്‍ രാധേ.........

എന്തേ നീ ചൊല്ലാതെയീ-
കൃഷ്ണനെ വിട്ടകന്നു,എന്തേ നീ വിട്ടകന്നു.

ആകുമോ ഒരു ജീവിതം നിനക്കീ-
കൃഷ്ണനില്ലാതെയെന്‍ രാധേ.......

ചേര്‍ന്നിടാം വീണ്ടും നമ്മുക്കെന്‍ രാധേ.........
നിനക്കായ്‌ ഞാനും,എനിക്കായ്നീയും,

എകാന്തമാം എന്‍ ജീവിതത്തില്‍,
നീവരും കാലത്തിലേക്കായ്‌,
എത്രകാലവും കാത്തിരിക്കാം
ഞാനെന്‍ രാധേ,എന്‍ രാധേ......

എന്‍ നോവും ഹ്യദയത്തിനു-
കുളിരായെത്തീടുക നീ എന്‍ രാധേ......

http://sageerpr.blogspot.com/2008/05/blog-post_15.html

ഇഗ്ഗോയ് /iggooy said...

രാധയ്ക്ക് എന്നത് ആദ്യം കുറിച്ചിട്ടത്
സഗീരിന്‍റ്റെ കവിതക്കുള്ല പ്രതികരണമായാണ്,.
അതിപ്പൊഴും അവിടെ തന്നെ കാണൂം.

യാദവന്‍ സത്യത്തിന്‍റ്റെ സ്യന്ദനം തെളിച്ചിട്ടും
സവ്യസാജിയും തേരിലിടറി അരക്ഷണം

എന്നു എഴുതിയത് ഒത്തിരി മുമ്പാണ്.
നമ്മുടെ കൃഷ്ണന്‍മാര്‍ സരമായ വ്യത്യസം ഉള്ളവരാണ്
അല്ലേ

ശ്രീ said...

:)

ajay said...

Sambhavam kalakki. Sarikkum ishtappettu. kavithayile vakkukalkkullil oru parasparyam ullathu pole. Pakshe Mukalil kodutha sigeerinte kavithayodo/ganathodo karyamaya mathipponnum thonnunnilla.

Blog Archive