Friday, November 19, 2010

മണം

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍ തണ്ട് മണക്കും വഴികള്‍/ എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു.
വഴിമണക്കുന്നത് തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ച് പോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു. അന്നൊന്നും ഈ ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലത്രെ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു. പനഞ്ചോട് ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്ത് എത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം(കള്ള് ശേഖരിക്കുന്ന മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്റ്റ്രോ ആകുന്നു ആ പപ്പായത്തണ്ട്.
വിതയ്ക്ക് മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞ കാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണം പിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍ വല്ല മുറിവുമുണ്ടേലറിയം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍ തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലം വരെ പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട് നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാന്‍ വീട്ടുകാര്‍ക്കൊപ്പം ഇറങ്ങിയവര്‍ക്കേ മൂത്ത നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ആണ്‍കുട്ടിയായതുകൊണ്ട് കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു.(നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല).
കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍ നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റ കൂട്ടിയിട്ടമുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. എല്ലാറ്റിനും മീതെ പച്ചവയ്ക്കോലിന്റെ മണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകം മെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്കേണ്ടിക്കൂടിവരുമ്പോള്‍ പിന്നോട്ട്‌പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വമണം.
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല.(ആന്ധ്രയിലും തമിഴ്നാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍ നമുക്കറിയാം.) എന്തായാലും ഒണത്തിന്‌ പൂമണമാണ്‌. പക്ഷെ കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടയും വറകലത്തില്‍ ചുട്ട അടയും തമ്മിലുള്ള വ്യത്യാസോം മണത്ത് തന്നെ അറിയണം. ചുട്ട അടയിലെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും ഇവിടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും അവളെക്കാണാന്‍ ഭക്തവേഷം കെട്ടിയകാലത്ത് അവള്‍ക്ക് കല്പിച്ചതും അതേമണം. പുഷ്പാഞ്ജ്ലിയുടെ മണം.( അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളെ ഇഷ്ടായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌ പ്രണയം എന്ന് അന്നറിയില്ലായിരുന്നു. അത് കാലം ലൗ ജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌.) അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോരമണക്കും എന്നു കരുതിയില്ല. പള്ളിക്ക് പ്രധാനമായും കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേ പള്ളിയെനിക്ക് തന്നപ്രധാന മണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍.
പള്ളിക്കേറ്റം കേയറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍ കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരനായി നാണിച്ചു നിന്ന മണങ്ങള്‍ അനവധിയാണ്‌. തൊഴുത്തുകളെ ഇവിടെ ഓര്‍ക്കരുത്. കാരണം പശുവിന്റെ വീടെന്ന പരിഗണനയില്‍ അത് നിത്യം വൃത്തിയാക്കുന്നതാണ്‌. റേഷന്‍ കടയ്ക്ക് മുന്നില്‍ ആളുകള്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്.
അവധിക്കാലം വായനശാലാക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലുകൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകള്‍ അറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ് തീര്‍ക്കാനാകില്ല. മഴ വന്നു എന്നു പറഞ്ഞാല്‍ സ്കൂള്‍ തുറന്നു എന്നു കൂടി ആണ്‌. പുത്തന്‍ പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടി നിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട്  മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലലൊ. കഞ്ഞി വച്ച് ഞങ്ങളെ ഊട്ടിയ പ്രഭ ചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുക്കിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണാം. ഒളിച്ചുകേറി മരത്തില്‍ വച്ച് തന്നെ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടി പിരിച്ച് പഴുപ്പിച്ച ചക്കപ്പഴത്തിന്റെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. അക്ക് കളിക്കാന്‍ കൂട്ടുന്ന കൂട്ടുകാരികള്‍ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെ മണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു. ലോകത്തെ ഭരിച്ചത് തന്നെ മണങ്ങളായിരുന്നു. ഇനിയും പറയാന്‍ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും. അടയാളപ്പെടുത്തനാകാത്ത ഇത്തരം എന്തോക്കെയോ ആണ്‌ ഓര്‍മ്മയുടെ പച്ച. ഈ ഒസ്യത്തിന്റെ അഹങ്കാരത്തിലാണ്‌ ആങ്കലേയം പച്ചവെള്ളം പോലെ പറയണ പല മലയാലത്താന്മാര്‍ക്കും(മാരികള്‍ക്കും) മുന്നില്‍ പിടിച്ചു നില്‍കുന്നത്.
"അമൃതിന്‍ സുഗന്ധമെന്‍ ആത്മാവില്‍ തളിച്ചിട്ടുണ്ട-
തിലല്പമെന്‍ പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍"- എന്നു നമ്മുടെ വയ്ലോപ്പിള്ളി. കൂട്ടുകാരേ നമുക്ക് പിന്നാലെ വരുന്നവര്‍ (അവരേപോലെ തന്നെ ഒപ്പമുള്ള പലരും) എന്തെടുത്ത് വാറ്റും?

No comments:

Blog Archive