Tuesday, August 2, 2011

സന്ദിഗ്ദ്ധം

അളിയാ
 
മൊബൈല് പോയി. പാന്റിനോടൊപ്പം സോപ്പ് വെള്ളത്തില്‍ കിടന്നു അതും കുതിര്‍ന്നു.
നോക്കിയോയെ നന്നായി നോക്കണം എന്ന് നീ പറയാറുള്ളാത് ശര്യാടാ.
ഒന്നലക്കിയെടുത്തപ്പോഴേക്കും അത് പോയി. പിന്നെ, ഉണ്ടായിരുന്ന പണീം പോയി. 
ആ മറ്റവന്മാര്‍ ശമ്പളം മൊത്തം തന്നില്ല.എന്തൊക്കെയോ കണക്ക് പറഞ്ഞ് കുറച്ച് പൈസ 
തന്നു പറഞ്ഞു വിട്ടു.പണിപോയല്ലോ എന്ന സന്തോഷത്തില്‍ ഒറ്റരാത്രി കറങ്ങിയപ്പൊഴേക്കും
അതും തീര്‍ന്നു. തല്‍ക്കാലം ഞാന്‍ റ്റ്യൂഷന്‍ പഠിപ്പിക്കാന്‍ ചേര്‍ന്നു.
കാലത്തും വൈകുന്നേരവും ആയി മൊത്തം ആറുമണീക്കൂര്‍.പറഞ്ഞത് കിട്ട്യാല്‌ കഷ്ടി ഒരഞ്ചര 
ഒക്കും.മുടിഞ്ഞ ഫീസാണ്‌ ഇവന്മാര്‍ പിള്ളേരുടേ കൈയ്യില്‍ നിന്നും വാങ്ങുന്നത്.  

ഫോണ്‍ പോയതും പണിപോയതും ഒന്നുമല്ല പ്രശ്നം.കാര്യങ്ങളൊക്കെ കൈ വിട്ടുപോയി. 
ഫോണ്‍ പോയതുകൊണ്ട് നിന്നെ അറിയിക്കാന്‍ പറ്റിയില്ല.
അവള്‍ക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നു നിന്നോട് പറഞ്ഞിരുന്നില്ലേ.
അതിലൊരെണ്ണംകേറി മൂത്തു.പെണ്ണുപാക്കാന്‍ വന്ന ഒരുത്തന് അവളെ മതീന്ന്.
ഇവള്‍ ഇത്രേം സുന്ദരിയാണെന്ന് എനിക്ക് പോലും തോന്നിയിട്ടില്ല. 
അവന്‍ എന്ത് കണ്ടിട്ടാണാവോ? 
ഒന്നും വേണ്ടാന്ന് ആ മറ്റവന്‍ പറഞ്ഞിട്ടും അവടപ്പന്‍ പൊന്നില്‍ പൊതിഞ്ഞു വിട്ടേക്കാം 
എന്ന്‌ വീരവാദവും വിട്ടിട്ടുണ്ട്.മിനിഞ്ഞാന്നാണ്‌ അവളിത് വിളിച്ച് പറഞ്ഞത്.
അവളോട് ആ മണകൊണാപ്പന്റെ കൂടെപൊയ്ക്കോന്ന് പറഞ്ഞതാ.
പെണ്ണ് സമ്മതിച്ചില്ല.ഇപ്രാവശ്യം കെട്ട് നടക്കും എന്ന് ഉറപ്പാണെന്നും പറഞ്ഞാണ്‌ 
അവള്‍ ഫോണ്‍ വച്ചത്.
നീ പണ്ട് പറഞ്ഞില്ലേ അവള്‍ നല്ല കുട്ടിയാണ്‌.ധീരയാണ്‌.
പ്രായോഗികബുദ്ധിമതിയാണ്‌ ആനയാണ്‌ ചേനയാണ്‌ മാങ്ങാത്തൊലിയാണ്‌ എന്നൊക്കെ.
ഒക്കെ ശര്യാടാ.ഞാന്‍ നോക്കിയ വെള്ളത്തിലിടും മുന്നെ, അതായത്‌ ഇന്നലെ, 
അവള്‌ പിന്നേം വിളിച്ചു.വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ കുറച്ച് ചൂടായി.
പുതിയ ജോലീടെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. മനുഷേന് ടച്ചിംങ്സിനു ഇത്തിരി അച്ചാറ് വാങ്ങാന്‍ പോലും കാശില്ല. 
അപ്പോഴാണ്‌ അവള്‍ക്ക് കല്യാണം.കുറേ അങ്ങ് പറഞ്ഞു.
എല്ലാം കേട്ടിട്ട് ചത്തുകളയുംന്നോ മറ്റോ പറയുംന്നാണ്‌ കരുതീത്.  
പിശാശ് പറഞ്ഞത് കൊന്നും കളയുംന്നാണ്‌!!
പണ്ടൊരാവേശത്തില്‌ നീ പെങ്ങളായി ദത്തെടുത്തതല്ലേ അവളെ. 
എന്റളിയോ, നിന്റെ പെങ്ങള്‌ ഒരുണ്ണിയാര്‍ച്ചയാണെന്നറിയാര്‍ന്നു.ഇത്രേം പ്രതീക്ഷിച്ചില്ല.  
അവള്‌ സ്കൂളീന്ന് രണ്ട് മാസത്തേക്ക് അവധി കഴിഞ്ഞാഴ്ചയേ പറഞ്ഞ് വച്ചു. 
നാളേ ബാംഗ്ലൂര്‍ക്ക് പോകണം എന്നാണ്‌ പറഞ്ഞിരിക്കുന്നത്. 
നീ പറഞ്ഞില്ലേ അവള്‍ക്ക് നല്ല ബുദ്ധിയാണേന്ന്.അക്കാര്യത്തില്‍ സംശയം ഇല്ല.
അതുകൊണ്ട് റിസര്‍‌വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ്‌ 
അവളുടെ അഭിപ്രായം. തല്‍ക്കാലം നാട്ടീന്നു പോകണം. 
ബാഗ്ലൂരില്‍ നിന്നും വേറെ എങ്ങോട്ടെങ്കിലും.അങ്ങനെ ഒരു രണ്ടാഴ്ചതെ ഭാരതപര്യടനം. 
പിന്നെ വേറൊരുത്തനും അവളേ കെട്ടാന്‍ വരില്ലെന്ന്.
കെട്ടിക്കാന്‍ വീട്ടുകാരും വരില്ലെന്ന്. എങ്ങനുണ്ട് ആശയം?
ഒരു താലി വാങ്ങി. ഞാനല്ല അവള്‌ തന്നെ.നമ്മളെക്കൊണ്ട് കെട്ടിക്കും എന്നു കരുതി. 
തഥൈവ.അതവള്‍ക്ക് ഉണ്ടായിരുന്ന മാലയില്‍ കോര്‍ത്ത്‌ അവള് സ്വയം കെട്ടി. 
കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തിയതിനു ശേഷം താലി കെട്ടിയത് കാണിക്കാന്‍ 
ഇന്നലെ അവള്‍ വന്നിരുന്നു. നാളെ കാലത്ത് പോകണം എന്നും പറഞ്ഞു.
അവളെക്കണ്ട് അസ്ഥിക്ക് പിടിച്ചവനലില്ലേ, അവനോട് ഇവള്‌ മര്യാദക്ക് പറഞ്ഞതാ 
കെട്ടാന്‍ അവനെ മനസ്സിലെന്ന്.ക്ണാപ്പന് ഇവളേ മതീന്നു.
ഇപ്പോ നമ്മക്ക് പണിയാക്കി.കല്യാണം ഉടനെ വേണ്ടാന്ന് പറഞ്ഞപ്പോ 
പുന്നാര മോളേ ഇപ്പൊത്തന്നെ കെട്ടിക്കൂന്ന്‌ അവടപ്പനും വാശ്യാണത്രെ. 
എന്നാ ഇപ്പോതന്നെ കെട്ടൂന്ന് അവക്കും വാശി.
എന്റളിയാ അങ്ങനെ എല്ലാരുടേം വാശിക്ക് നമ്മള്‍ 
നാളെ റിസര്‍‌വേഷന്‍ ഇല്ലാതെ ഭാരതപര്യടനത്തിനുപോകുന്നു.
അല്ല നമ്മളെ കൊണ്ടുപോകുന്നു.കൊറേ യാത്രപോകണം എന്നു പണ്ട് ഞാന്‍ ആഗ്രഹം 
പറയാറില്ലേ അതെന്തായാലും  സംഭവിക്കുന്നു. 
പ്രണയം ഇത്രയും അപകടം പിടിച്ച് ഒരു യാത്രയായിരിക്കുമെന്ന് പൊന്നളിയാ, ബുദ്ധിജീവീ, 
നിനക്കന്നേ പറയാന്‍ മേലായിരുന്നോ? 

എന്തായാലും കയ്യില്‍ കാശില്ലാത്തതുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഡയറിയില്‍ നീ 
സൂക്ഷിച്ച് വച്ചിരുന്ന തിളക്കമുള്ള അഞ്ഞൂറു രൂപ ഞാന്‍ എടുക്കുന്നു.
ഇന്നലെ കഴുകിയിട്ടതൊന്നും ഉണങ്ങിയില്ല.അതുകൊണ്ട് നിന്റെ ജീന്‍സില്ലേ, 
കഴിഞ്ഞാഴ്ച വാങ്ങിച്ചത്,അത് ഞാന്‍എടുത്തൂട്ടോ.
ബെല്‍റ്റ് എനിക്കുണ്ട്.പിന്നെ രണ്ട് ഷര്‍ട്ടും.പുതിയ ഷര്‍ട്ട് വാങ്ങാനിരുന്നപ്പോഴാ ശമ്പളം 
മൊത്തം തരാതെ അവന്മാര്‍ പറഞ്ഞു വിട്ടത്.
ഡാ വാടകകൊടുക്കാന്‍ നീ തന്ന കാശ് കൊടുക്കാന്‍ പറ്റിയില്ല.
ഓണറ്‌ വരാന്‍ വൈകി. നീ പോയതോടേ പൈസക്ക് ഭയങ്കര ചിലവായിരുന്നു.
പിന്നെ, എന്നെ ഒരുത്തി തട്ടിക്കൊണ്ടുപോയി എന്ന് അമ്മയെ വിളിച്ച് പറയരുത്. 
വേറെന്തെങ്കിലും നുണ പറഞ്ഞാ മതി. രണ്ടുമാസത്തേക്ക് എന്നെ നോക്കണ്ടാ. 
ഇപ്പോ ഞാന്‍ അമ്മേനെ വിളിച്ചാ ശര്യാകില്ല.അവളെക്കൊണ്ട് വിളിപ്പിച്ചോളാം.  

കൊല്ലൂന്നൊക്കെ പറഞ്ഞെങ്കിലും പോകാന്‍ നേരത്ത് അവളെന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മതന്നു. 
ഇത്രേം കാലം ചോദിച്ചിട്ട് അവള്‍ക്ക് ഉമ്മ തരാന്‍ കണ്ട സമയം.
ഞാന്‍ പല്ലുപോലും തേച്ചില്ലായിരുന്നു.
ഗേറ്റീന്നെറങ്ങിയപ്പോ പതിവില്ലാതെ കൈ പിടിച്ചിട്ട് കണ്ണിലോട്ട് നോക്കി ഒരു ചിരീം. 
എന്നിട്ടാണ്‌ പോയത്. 
എന്നാപിന്നെ ഇതിന്റെ പിന്നാലെതന്നെ പോയേക്കാം എന്ന്‌ എനിക്കും തോന്നി. 
ഇത് ഞാന്‍ നാളെ പോകണ 
വഴിക്ക് എവിടുന്നെങ്കിലും പോസ്റ്റ് ചെയ്യും. സ്പീഡ്പോസ്റ്റിട്ടോളാം. 

രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കുമ്പോഴൊക്കെ നീ ചോദിക്കാറില്ലേ നമുക്കിടയില്‍ എന്നാ 
കോപ്പാ ഒള്ളേന്ന്.ഇപ്പോ, ഒരു പാന്റും രണ്ട് ഷര്‍ട്ടും അഞ്ഞൂറു രൂപയും പോസ്റ്റുചെയ്യാന്‍ 
പോകണ ഈ കത്തും ഉണ്ട്. 
ഈ കടം വീട്ടാന്‍ എന്റെ ആദ്യത്തെ കുട്ടിക്ക് നിന്റെ പേരിടണം എന്നൊന്നും പറഞ്ഞേക്കരുത്. 
അതോണ്ട് അളീയാ നാളേ പോകണ പോക്കില്‌ അവള്‍ടെ ഫോണീന്ന് വിളീക്കാം. 
നമുക്കിടയില്‍ ഇത്രേമൊക്കെ ഉണ്ട്. 
ഇനി എനിക്കും അവള്‍ക്കുമിടയില്‍ എന്തോക്കെയാണാവോ ഉള്ളത്? 
പൊന്നളിയാ നിനക്ക് ഉത്തരം വല്ലതും തോന്നിയാല്‍ എഴുതി വച്ചേരെ. 
യാത്ര കഴിഞ്ഞിട്ട് ഞാന്‍ ബാക്കി ഉണ്ടേങ്കില്‍ വായിച്ചോളാം.

എന്ന്  
സ്വന്തം  
കൂട്ടുകാരന്‍
 

12 comments:

ഇഗ്ഗോയ് /iggooy said...

എനിക്കും നിനക്കും ഇടയില്‍
എന്ന വിഷയത്തില്‍ വാക്കിലെ കഥക്കളരിയില്‍ വാരിത്തൂവിയത്.
പ്രേരണക്കുറ്റം ജിഗീഷില്‍ ചാര്‍ത്തുന്നു.

mad|മാഡ് said...

കലക്കന്‍ പോസ്റ്റ്‌ മച്ചൂ.. ഈ കഥയുടെ പ്രത്യേകത എന്താണ് എനിക്ക് തോന്നിയതെന്നോ. ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നും ഇത് തനിക്കുള്ള കത്ത് ആണെന്ന്. അത് തന്നെ ഗവേഷകാ തന്റെ എഴുത്തിന്റെ വിജയം. രസകരമായി അവതരിപ്പിച്ചു.

- സോണി - said...
This comment has been removed by a blog administrator.
an autorikshaw can enter anywhere said...

therez nthng inbetwn you n her?even a bedsheet,shinu?

JIGISH said...

കെ.പി.എ.സി.ലളിതയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല കലക്കൻ സാധനം..! നർമ്മം നന്നായി സാധകം ചെയ്തോളൂട്ടാ..ഏൽക്കുന്നൊണ്ട്..വീകെയെന്നെ മനസ്സിൽ ധ്യാനിച്ചോളൂ..നന്നായി ബെരും..!

Neethu Chandra said...

i had difficulty understanding certain lines coz my malayalam is not so strong...but i liked ur concept...keep writing...to say... this letter brought a smile on a sulky face...a letter with life...

കൊമ്പന്‍ said...

ഡാ അവളെ ആ ക്ണാപ്പന്‍ കെട്ടുക യാണെങ്കില്‍ കെട്ടിക്കോട്ടേ വെറുതെ എന്തിനാ വയ്യാ വേലി എടുത്ത് തലയില്‍ വക്കുന്നത്
അടിപൊളി

Rare Rose said...

തകര്‍പ്പനായി എഴുതി..
ഒരു ദേവദാസ് സ്റ്റൈലിലേക്കാവും എഴുത്തിന്റെ പോക്കെന്നും കരുതി വായിക്കുമ്പോ ഒരുണ്ണിയാര്‍ച്ച വന്ന് ജീവിതത്തിന്റെ റൂട്ട് ഇങ്ങനേം മാറ്റിക്കൊണ്ട് പോവാമെന്നു കാണിച്ച് തരുന്നത് നല്ല രസാരുന്നു.:)
ഇത്തരം ഭംഗിയുള്ള ട്വിസ്റ്റുകള്‍ ശരിക്കും ജീവിതത്തിലുമുണ്ടായിരുന്നെങ്കില്‍ എത്ര രസായേനേ..

jafar said...

നന്നായിട്ടുണ്ട്‌

വിധു ചോപ്ര said...

കഥക്കൊരു ഇതൊക്കെയുണ്ട്.കീപ്പിറ്റപ്പ്
പിന്നേയ്, കഥ അല്പാല്പമായി വലത്തോട്ട് തള്ളി നിൽക്കുന്നത് ഗവേഷകൻ ശ്രദ്ധിച്ചോ?

Mind Butterfly said...

super....:)

Pradeep Kumar said...

ഷിനോദ് കവിതയുടെ മാത്രമല്ല കഥയുടെയും രൂപ-ഭാവുകത്വ മേഖലയില്‍ ഗവേഷണം നടത്തുന്നുണ്ടോ.... പ്രമേയത്തിന്റെ അടിത്തട്ടിലൂടെ തത്വജ്ഞാനത്തിന്റെ നീരുറവകള്‍ പതിയെ ഒഴുകുന്നുണ്ടോ....തത്വശാസ്ത്രത്തിന്റെ അന്വേഷണ പരിധിയില്‍ വരാത്ത മനുഷ്യജീവിതത്തിന്റെ ഏതു മേഖലയാണ് ഉള്ളത്...

നന്നായി എഴുതി ഷിനോദ്- എനിക്കിഷ്ടപ്പെട്ടു - പ്രത്യേകിച്ച് കഥയെഴുത്തിലെ പരമ്പരാഗതമായ ചില രൂപ മാതൃകകള്‍ തച്ചുടക്കാനുള്ള ആ പരിശ്രമം....

Blog Archive