Sunday, July 31, 2011

ആ വാക്ക് എവിടെയാണ്‌?

ആ വാക്ക് എവിടെയാണ്‌?
പോകാന്‍ ഇടമില്ലാത്തവന്റെ
ഒടുക്കത്തെ ആശ്രയമായ ആ വാക്ക്
അതെവിടെയാണ്‌?

ഇത്തിരി മുമ്പടക്കിയ
സൗഹൃദത്തിന്റെ
ഹൃദയത്തില്‍ പെട്ടുപോയിരിക്കുമോ?
മേലേക്കുമേലേക്കുപോയ മഴയത്ത്
ഒലിച്ചുപോയിരിക്കുമോ?
പറയാതെ പോയ അവള്‍
കൊണ്ടുപോയിരിക്കുമോ?
ജീവിതത്തിന്റെ പ്രകടനപ്പട്ടികയില്‍
ചേര്‍ക്കാന്‍ വിട്ടുപോയിരിക്കുമോ?
ഭവിക്കാത്തനുഭവങ്ങളില്‍
അത് ഭദ്രതതേടിയതാകുമോ?
നിലവിളിയിലേക്ക് നിലച്ച സഞ്ചാരങ്ങളില്‍
കുരിശ്ശേറ്റിയത് അതിനെയാകുമോ?

പോയ വണ്ടിക്ക് നീട്ടിയ
കൈയ്യില്‍ രേഖകളില്ലല്ലോ
നില്പ് നിരത്തിലാണല്ലോ
നിന്നിലേക്ക് ഞാന്‍ തെളിയുന്നില്ലല്ലോ

ഒടുക്കത്തെ ഇടമായ വാക്കേ
നീ എവിടെയാണ്‌?

9 comments:

- സോണി - said...

ആ വാക്കെവിടെയെന്നു ഞാനും അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്തൊക്കെയോ ഓര്‍മ്മിപ്പിച്ച വരികള്‍.

"പോയ വണ്ടിക്ക് നീട്ടിയ
കൈയ്യില്‍ രേഖകളില്ലല്ലോ"
- ഇഷ്ടമായ വരികള്‍.

വെള്ളരി പ്രാവ് said...

തോറ്റവാക്കിന്റെ ഒറ്റത്തോറ്റം.

Arjun Bhaskaran said...

കൊള്ളാം ഇഷ്ട്ടപെട്ടു ഗവേഷകാ !!

Pradeep Kumar said...

തത്വശാസ്ത്രങ്ങളുടെ പൊരുള്‍ അന്വേഷിക്കുന്ന കേവല മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഉത്ഭവിക്കുന്ന വരികള്‍.

ഇഷ്ടപ്പെട്ടു., ഈ ചിന്തകളും, കവിതയും,വരികളില്‍ അറിഞ്ഞോ അറിയാതെയോ വന്നു ചേര്‍ന്ന താളക്രമവും... എല്ലാറ്റിനുമുപരി തത്വജ്ഞാനികള്‍ക്കിടയില്‍ വിരളമായ ആശയ വിനിമയത്തിലെ ലാളിത്വവും.

Unknown said...

വലുതായൊന്നും കയറിയില്ല തലയില്‍.
എന്നാലും വായിക്കാന്‍ രസമുണ്ട്
ആശംസകള്‍

ഋതുസഞ്ജന said...

അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന് അക്ഷരപ്പിച്ച നടന്നൂ.... ആ കവിത ഓർമ്മിപ്പിച്ചു. നന്നായിട്ടുണ്ട് കവിത

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu...... ashamsakal.......

ശങ്കരനാരായണന്‍ മലപ്പുറം said...

കൊള്ളാം!

കൊമ്പന്‍ said...

വാക്കുകളെ തേടുന്ന വാക്കിലും വാക്കുകള്‍ ഉണ്ട്
ആ വാക്കുകളെ കണ്ടെത്തുക വിജയം

Blog Archive