Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

7 comments:

Pradeep Kumar said...

മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി!… - മഴയെ ആദ്യമായി വായിച്ചത് ഇവിടെയാണ്....

പിന്നീട് പലപ്പോഴും മഴയും, മഴയോടു ചേര്‍ത്തുവെച്ച ബിംബകല്‍പ്പനകളും വായിച്ചു. പിന്നെയും പിന്നെയും പുത്തന്‍ വാങ്മയങ്ങളായി മഴ പെയ്തുകൊണ്ടിരിക്കുന്നു......

ഇതും ഒരു പുതുമയുള്ള വായന. നന്ദി മഴയുടെ താളത്തിലേക്ക് എന്നെയും കൂടെ കൂട്ടിയതിന്....

ajith said...

ഒറ്റഫ്ലാഷിന്റെ ഇടയില്‍ മഴ കൊണ്ടുപോയ ഒരുവന്‍

സൗഗന്ധികം said...

ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഈ കവിതയും.

ശുഭാശംസകൾ....

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

മഴയെപ്പോലെ മനസ്സിലെക്കൂര്‍ന്നിറങ്ങുന്ന മനോഹരമായ വരികള്‍ ..
അവസാനത്തെ വരികളില്‍ ഉള്ളടക്കിയത്
പെരുമഴയായിരിക്കാം..
അതിന്‍റെ അര്‍ത്ഥതലങ്ങളിലെക്കെത്താന്‍ മനസ്സിന് കഴിയാതെ പോയി.

ശ്രീ said...

നല്ല വരികള്‍

Anu Raj said...

മഴ ഒരു പിഴച്ചപെണ്ണാണ്....

ഇഗ്ഗോയ് /iggooy said...

സന്തോഷം പ്രിയപ്പെട്ടവരേ.
അനുരാജ് ഞാന്‍ അങ്ങനെ കരുതുന്നില്ല.

Blog Archive