മാനസാന്തരം ബൈബിളിനോളമെങ്കിലും പഴക്കമുള്ള ഒരു വാക്കാണ്. അതൊരു
പ്രവൃത്തിയുമാണ്. മാനസാന്തരപ്പെടുവിന്‍. അന്ത്യവിധിനാള്‍ അടുക്കാറായി
എന്ന് സ്നാപകയോഹന്നാന് മുതല്ക്കുള്ളവര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്
മാനസാന്തരം എന്നതിനു മതപശ്ചാത്തലവുമുണ്ട്. ഇതുവരെയുണ്ടായിരുന്ന
വിശ്വാസപ്രമാണങ്ങൾ തെറ്റെന്ന് തിരിച്ചറിഞ്ഞ്, ഏറ്റുപറഞ്ഞ് കര്‍ത്താവില്‍
അഭയം പ്രാപിക്കുന്ന ഒരു പ്രക്രിയയായാകാം ക്രിസ്തീയ വിശ്വാസത്തില്‍ അത്.
സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് വരും എന്ന് പറഞ്ഞവനെ കുരിശ്ശേറ്റിയതിനാലും
ഇക്കാലമത്രയും പ്രതീക്ഷിച്ച സ്വര്‍ഗ്ഗം ഇങ്ങ് വന്നെത്തിയിട്ടാല്ലത്തിനാലും
മറ്റെന്തിനും എന്നതുപോലെ മാനസാന്തരത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പക്ഷേ, അതിപ്പോഴും ഒരു ചട്ടക്കൂടില്‍ നിന്നു മറ്റൊന്നിലേക്കുള്ള
പരിണാമത്തിനു പറയുന്ന പേരാണ്. കുറേ ആചാരങ്ങളെ ഉപേക്ഷിച്ച്
മറ്റുചിലതിലേക്കുള്ള ഒരു കൂടുമാറ്റം.
മതം മനുഷ്യര്‍ പാര്‍ക്കുന്ന ഒരു കൂടാണ്. രാഷ്ട്രീയം അതുപോലെ മറ്റൊരു കൂടാണ്. കൂടുവിട്ട് കൂടു മാറുന്ന പ്രക്രിയയാകുന്ന മാനസാന്തരം അപ്പോൾ ഒരു രാഷ്ട്രീയപ്രക്രിയയാകുന്നു. എന്നാല്‍ മാനസാന്തരം എന്നത് മനപരിവര്‍ത്തനമാണെന്നും അത് കേവലം ആചാരങ്ങളുടെ മാറ്റം മാത്രമല്ലെന്നും കരുതുന്നുവരുണ്ട്. അങ്ങുനുള്ളവര്‍, സംശയാലുവായ തോമസിനെപ്പോലെ മാനസാന്തരം സംഭവിച്ചു എന്നതിനും തെളിവു ചോദിച്ചു കൊണ്ടിയിരിക്കുന്നു. സംശയയിക്കുന്നതും ചോദ്യം ചോദിക്കുന്നതും സകലമതത്തിലും വര്‍ജ്ജ്യമായതിനാല്‍ ചോദിക്കുന്നവര്‍ പലപ്പൊഴും പുറത്താകും. വിജയന്മാഷ് പറഞ്ഞതുപോലെ ചോദ്യം ബാക്കിയാകും.
ആരുടെയൊക്കെ മാനസാന്തരം സാധുവാണ് എന്നത് ഇപ്പോള്‍ ഒരു രാഷ്ട്റീയ പ്രശ്നമാണ്. ഇതേക്കുറിച്ച് വേദപുസ്തകങ്ങള്‍ ഒന്നും പറയുന്നുമില്ല. ഏവരും മാനസാന്തരപ്പെടുവിന്‍ എന്നാണ് സുവിശേഷം. പക്ഷേ, പുതിയ സുവിശേഷങ്ങളില്‍ മാനസാന്തരം ഏവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അറിവില്ലാപ്പൈതങ്ങളായിരുന്ന കാലത്ത് തങ്ങൾ ചെയ്ത തെറ്റുകളെ ഉപേക്ഷിച്ച് പുതിയ കൂട്ടിലേക്ക് പോയവരോട്, ഇപ്പോഴത്തെ കൂടുകളുടെ ശരിയായ വിലാസവും വിവരവും തിരക്കരുത്. മുതിര്‍ന്നു എന്നതും അറിവായി എന്നതും ഒരു വിശ്വാസമാണെന്നിരിക്കെ, ഇപ്പൊഴത്തെ വിശ്വാസവും വരാന്‍ പോകുന്ന വിശ്വാസവും തമ്മില്‍ ചേരാതെപോകാമെന്നുമിരിക്കെ ഒന്നിനും അടയളം ചോദിക്കരുത്. എങ്കിലും ആരുടെയൊക്കെ മാനസാന്തരമാണ് സാധുവാകുന്നത് എന്ന ചോദ്യം ആദ്യം കൂടുവിട്ടവര്‍ ചോദിക്കുന്നത് ഒരു തമാശയാണ്. അവകാശവാദങ്ങള്‍ അപ്പോള്‍ ബഡായികളായും ആരോപണങ്ങള്‍ ആത്മനസ്യമായും മാറുന്നത് അവരറിയത്തതാകാം.
ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ദിനേന മാനസാന്തരം വരുന്ന, മുതിര്‍ന്നെന്നു കരുതുന്ന കുഞ്ഞുങ്ങള്‍ പുതിയ മാനസാന്തരങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ട് എന്റെ ബലി നിരസിക്കപ്പെട്ടു എന്ന കായേന്റെ ചോദ്യവും "നിങ്ങള്‍ ചെയ്യുമ്പോ പ്രേമം. നമ്മളൊക്കെ ചെയ്യുമ്പോ വെറും കമ്പി. എന്ന സിനിമാ ഡയലോഗും ഒപ്പത്തിനൊപ്പം വരുന്നത് അപ്പൊഴാണ്
വാക്ക് ഏതര്‍ഥത്തിനും വഴങ്ങുന്ന ഒന്നായതിനാലാണ് മാനസാന്തരപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നവരുടെ വാക്കിനെ വിശ്വസിക്കാന്‍ വയ്യാത്തത്. അതുകൊണ്ടാണ് വാക്കിന്റെ അര്‍ത്ഥം പ്രവൃത്തിയില്‍ പൂര്‍ത്തിയാകണം എന്ന ശഠിക്കേണ്ടി വരുന്നത്. പറച്ചിലല്ലാതുള്ള പ്രവൃത്തിയിലേക്ക് നോക്കുന്നതുകൊണ്ടാണ് മാനസാന്തരംവന്നു, ഇപ്പൊള്‍ തിരിച്ചറിവായി ഞങ്ങള്‍ മുതിര്‍ന്നു എന്നെല്ലാം പറയുന്ന ചിലരെയെങ്കിലും സംശയിക്കേണ്ടി വരുന്നത്. സിദ്ധാന്തങ്ങളുടെ സാധുത പ്രയോഗത്തിലാണ് എന്നത് പഴയ ഒരു നിയമമാണ്. പഴയതെല്ലാം പാഴല്ല എന്നത് ചിലപ്പൊഴെങ്കിലും ശരിയാണ്. ശരികളെയും സാധുതയേയും തീരുമാനിക്കുന്ന അളവുകോലുകള്‍ ഏതൊക്കെയാണ്?
ശതഭാസ്കര ദീപ്തി ദീപ്തമാം
ഗഗനം പോലെ തെളിഞ്ഞു മാനസം
നിലകൊള്ളണമേ കൊലക്കുരു-
ക്കിറുകുമ്പോഴുമെനിക്കു ദൈവമേ- (മാനസാന്തരം, ബാലചന്ദ്രന് ചുള്ളിക്കാട്) എന്നത് മാനസാന്തരത്തിന്റെ ഒരു പഴയ പ്രാര്‍ത്ഥനയാണ്.