Monday, October 27, 2014

പല്ലുതേയ്ക്കാത്ത പ്രേമം


ഒന്നാമത്തെ ഉമ്മയ്ക്കുശേഷം
വായ്നാറ്റത്തെപ്പറ്റിപ്പറഞ്ഞതിനാല്‍
പ്രണയത്തില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാള്‍
സഹനത്തെ ഉപന്യസിച്ച്
സമരസത്തെ തിരിച്ചറിയുന്നു.

ഓടക്കുഴല്‌
ആട്ടിന്‍‌പറ്റം
മലഞ്ചെരിവുകള്‍.
മുന്തിരിത്തളിരുകള്‍
മാതളനാരകങ്ങള്‍
അതികാലത്തെ ഗ്രാമത്തുടിപ്പുകള്‍.
ഹോ...
എന്തൊക്കെയയാരുന്നു...

ഇപ്പോൾ
കാല്പനികതയില്‍ നിന്നും പുറത്താക്കപ്പെട്ട രൂപകം
വാസ്തവത്തിന്റെ കല്ലിൽ
തലതല്ലുന്നു.
ഓടക്കുഴല്‍ മധുരയ്ക്കോ
മാവിന്റെ മുകളിലേക്കോ പോകുന്നു.
കാലിൽക്കൊണ്ടമുള്ളാണ്
മാരമുദ്രയെന്ന്
ശകുന്തള തിരിച്ചറിയുന്നു.
'ആ മനുഷ്യന്‍ താന്‍ തന്നെയെന്ന്'
സോളമന്ന് വെളിപ്പെടുന്നു.

ആകയാല്‍,
പാട്ടിലാക്കാതെ
പാട്ടിലാക്കാതെ
പല്ലുതേയ്ക്കാത്ത പ്രേമമേ...
പാടുപെട്ടാണ്‌
പാടുപെട്ടാണ്‌
പാടുനോക്കുന്നതിപ്പൊഴും.

Friday, October 3, 2014

മണങ്ങള്‍

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍തണ്ട് മണക്കും വഴികള്‍/എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു. വഴികള്‍ക്ക് ഗന്ധമുണ്ടാകുന്നത് നമ്മള്‍ തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയിലാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ചുപോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു.അന്നൊന്നും ഈ  ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലാണ്‌ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു.പനഞ്ചോട്ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്തെത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം (കള്ള് ശേഖരിക്കുന്ന പാവനമായ മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്ട്രോ ആകുന്നു ആ പപ്പായത്തണ്ട്. വിതയ്ക്ക്മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞകാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണംപിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍വല്ല മുറിവുമുണ്ടേലറിയാം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലംവരെ വല്ലോരുടേം പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട്നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാൻ ഇറങ്ങിയവർക്കേ നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ഞാന്‍ കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു. (നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല). കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റകൂട്ടിയിട്ട മുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. പച്ചവയ്ക്കോലിന്റെമണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ ഒരോയിടത്തും നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകംമെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്ക്കേണ്ടിക്കൂടി വരുമ്പോള്‍ പിന്നോട്ട്‌ പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വ മണം. 
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല. (ആന്ധ്രയിലും തമിഴനാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍നമുക്കറിയാം.) എന്തായാലും ഓണത്തിന്‌ സാമ്പ്രദായികമായി പൂമണമാണ്‌. പക്ഷെ, കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടേം വറകലത്തില്‍ ചുട്ട അടേം തമ്മിലുള്ള വ്യത്യാസോം മണത്തില്‍ തന്നെ അറിയാം. ചുട്ട അടയുടെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും കൂടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും ഭക്തവേഷം കെട്ടി അവളെക്കണ്ട കാലത്ത് അവള്‍ക്ക് കല്പിച്ചതും അതേ പുഷ്പാഞജലി മണം. അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളോട് മുഹബത്തായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌, ഗന്ധമാണ് പ്രണയം എന്ന് അന്നറിയാമായിരുന്നോ? അത് കാലം ലൗജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌. അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോര മണക്കും എന്നു അന്നാരും കരുതിയിരിക്കില്ല .ഇത്തരം അപകടങ്ങളെ മുന്നേ മണത്തറിയേണ്ടത് അതുകൊണ്ട് ഒരു സാമൂഹ്യാവശ്യമാകുന്നു.
പള്ളിക്ക് കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേപള്ളിയെനിക്ക് തന്ന പ്രധാനമണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍. പള്ളിക്കയറ്റം കേറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരരായി നാണിച്ചുനിന്ന മണങ്ങള്‍ അനവധി. വായനശാലാക്കാലം അവധിക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലു കൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി പേരറിയാത്ത ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകളെ ശരിക്കറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ്തീര്‍ക്കാനാകില്ല. പുത്തന്‍പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടിനിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട് മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലല്ലോ.. കഞ്ഞിവച്ച് ഞങ്ങളെ ഊട്ടിയ പ്രഭചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുകിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപ്പൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണം. ഒളിച്ചുകേറി, മരത്തില്‍വച്ചേ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടിപിരിച്ച് വച്ച് പഴുപ്പിച്ച ചക്കയുടെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. കൂട്ടുകാരികൾ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെമണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു.

ഇക്കേം ഇത്തേം കൂടി വച്ചു തന്ന ഏഷ്യാഡിന്റെ ഉഗ്രന്‍ മണം. ഏഷ്യാഡ്, കപ്പയും പോത്തിന്റെ മൊഴനെഞ്ചും കുറച്ചു ഇറച്ചീം കൂട്ടി ഉണ്ടാക്കുന്ന ഒരു ഗംഭീര സംഭവമാണ്‌. കപ്പബിരിയാണി എന്നത് അതിന്റെ അയലത്ത് നില്‍ക്കില്ല. പോത്ത് അന്നൊരു സാമുദായികപ്രശ്നമല്ലായിരുന്നു. ആകയാല്‍ അരിപ്പത്തിരിയിലേക്ക് നല്ല പോത്തുംചാറ് (ബീഫ്എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ) ആരൊഴിക്കുമ്പോഴും ഗുമുഗുമാന്ന് ആവി വരും. അതിലറിയാം പോത്തിന്റെ ഗുണം. ആകെ ഉള്ള അമ്മച്ചിയ്ക്ക് പോത്തുണ്ടാക്കനോ കഴിക്കാനോ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഒന്നാന്തരം പോത്തുകറിയുടെ മേത്തരം മണത്തിനു നമ്മള്‍ ആജീവനാന്തം ഇക്കയോടും ഇത്തയോടും കടപ്പെട്ടിരിക്കുന്നു. മാതാശ്രീയ്ക്ക് പറ്റുന്നത് സാമ്പാറും മീങ്കറിയുമൊക്കെയാണ്. തേങ്ങവറുത്തരയ്ക്കുന്നത് ഇമ്മിണിപാടാണെങ്കിലും നല്ല മൂഡുള്ളപ്പോള്‍ മൂപ്പത്യാര്‍ക്ക് സാമ്പാറുവയ്ക്കല്‍ ഒരു ഹരമാണ്‌. അതിന്റെമണം നമ്മുടെ വേറൊരു ഹരം. അന്ന് ലോകത്തെ ഭരിച്ചതുതന്നെ മണങ്ങളായിരുന്നു. ഉഗ്രൻ വാറ്റു ചാരായത്തില്‍ നല്ല കരിക്കിന്‍ വെള്ളം, ചെന്തെങ്ങാണ് പഷ്ട്, ചേര്‍ക്കുമ്പോളാണ്‌ ലഹരിയുടെ ഉത്തമ ഗന്ധങ്ങളില്‍ ഒന്നുണ്ടാകുന്നതെന്ന് പഠിച്ചത് പിന്നീടാണ്. എന്തായാലും, അതിനോളംവരുന്നില്ല വിദേശികളും സ്വദേശത്തുണ്ടാക്കി നിറംചേര്‍ത്ത വിദേശികളും.

ഓര്‍ക്കാന്‍ എത്രയോ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും? അടയാളങ്ങളിലേക്ക് ചുരുങ്ങാത്ത ഇത്തരം എന്തൊക്കെയോ ആണ്‌ ഓര്‍മ്മകളുടെ പച്ച. അതുകൊണ്ടാണ്‌, ഗന്ധം ഓര്‍മ്മയായി പരിണമിക്കുന്നതും അത് ഒസ്യത്താകുന്നതും ചിലപ്പോഴെങ്കിലും അതിൽ അഭിരമിച്ച് പോകുന്നതും.
"അമൃതിന്‍ മണമെന്റെ
ജീവനിൽ തളിച്ചിട്ടു-
ണ്ടതിലല്പമെന്‍ പാട്ടില്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍" എന്നു നമ്മുടെ വയ്‌‌ലോപ്പിള്ളി പറഞ്ഞതും അതുകൊണ്ടാകാം. ഗന്ധമുദ്രകളുടെ ജൈവവൈവിധ്യം, മൂടിപ്പോയ ഇടവഴികൾക്കൊപ്പം മായുന്നുണ്ട് എന്ന തിരിച്ചറിവ് സംഭ്രമിപ്പിക്കുന്നതും അതുകൊണ്ടാണ്.

2010/2014

Blog Archive