'ഒരാളുകൂടി
എഴുത്തു നിർത്തി.
'അഛേ'ദിൻ
അതായത് നല്ല ദിവസവം വന്നതാണ്.എഴുത്തോ
നിന്റെ കഴുത്തോ എന്ന ലളിതവും
നിസ്സാരവും തികച്ചും
നിരുപദ്രവകരവുമായ ഒരു ചോദ്യമാണ്
ഈ അഛേ ദിൻ മുന്നോട്ട് വച്ചത്.
എഴുത്തില്ലെങ്കിലും
കഴുത്തു വേണം എന്നതുകൊണ്ടും
കഴുത്തില്ലാതെ ഒരു മനുഷ്യനും
ഇതുവരെ എഴുതിയിട്ടില്ല,
എഴുതാനാകില്ല
എന്നതുകൊണ്ടും മുരുകൻ എഴുത്തു
നിർത്തി. കാരണം,
കഴുത്ത്
is a necessary condition
forഎഴുത്ത്
but എഴുത്ത്
is not even a sufficient
condition for കഴുത്ത്.
ഉദ്ധരിച്ച
ഹിന്ദുത്വത്തിനു മേല്പറഞ്ഞ
ആദ്ധ്യാത്മിക രഹസ്യം മുന്നേ
വെളിപ്പെട്ടിട്ടുള്ളതിനാൽ
അതിന്റെ പ്രയോഗക്ഷമത ഒന്നുകൂടി
തെളിയിച്ചതിൽ അവർ ആനന്ദതുന്ദിലരായി.
ഭരദ്വാജവിരചിതമായ
യന്ത്രസർവ്വസ്വാനുസൃതം
സൃഷ്ടിക്കപ്പെട്ട വിമാനങ്ങളിലേറി
ഭാരതം ഗോളാന്തരങ്ങളിലേക്ക്
കുതിക്കുന്നതിന്റെ ലക്ഷണമാകുന്നു
മുരുകന്റെ അവസ്ഥ.
അഛേ ദിൻഹേ
നാ.
ഒരാൾ
എഴുത്തു നിർത്തുന്നതുകൊണ്ട്
ഇവിടെ ഒരു മൈരും സംഭവിക്കുന്നില്ല
എന്ന് കരുതുന്ന നല്ല മനുഷ്യരുണ്ട്.
മൈർ ഒരു
തമിഴ് പേച്ചാണ്.
മുരുകൻഒരു
തമിഴ് എഴുത്തുകാരനും.
എഴുതണോ
വേണ്ടയോ എന്നത് എഴുത്താളരുടെ
ഇഷ്ടം. Author
മരിച്ചിരിക്കുന്നു
എന്ന് മുനിമാർ പണ്ടേ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട്
ഒരു മുരുകൻ എഴുത്തു നിർത്തി
സ്വന്തം മരണം പ്രഖ്യാപിച്ചതിൽ
ഒരു ഉൽപ്രേക്ഷ ഉണ്ടാക്കാനുള്ള
(വർണ്ണ്യത്തിൽ
ആശങ്കയുണ്ടാക്കാനുള്ള)
വഹ പോലും
ഇല്ല എന്ന് പറയാവുന്നതാണ്.
സമാധാനകാംക്ഷികളും
തദ്വാരാ തങ്കാര്യം നോക്കികളും
പലപ്പോഴും പച്ചക്കറിമാത്രം
തിന്നുന്ന അഹിംസാവ്രതരും
ആയ സുമനസ്സുകൾ ഇങ്ങനെ ഒക്കെ
വിചാരിക്കുന്നുണ്ട്.വികാരങ്ങളെ
വ്രണപ്പെടുത്തുന്ന രീതിയിൽ
എഴുതുന്നത് എന്തിനാണ് എന്ന്
മേല്പറഞ്ഞ ജീവികൾ ചോദിക്കുന്നുമുണ്ട്.
എന്തെന്നാൽ
എളുപ്പം വ്രണപ്പെടുന്ന
ഇളംമനസ്സാകുന്നു അവരുടേത്.
പാവങ്ങൾ.
മനുഷ്യൻഅപ്പം
കൊണ്ടു മാത്രമല്ല വചനം കൊണ്ടു
കൂടിയാണ് ജീവിക്കുന്നത്
എന്ന് പണ്ടേ ഒരു
മനുഷ്യൻപറഞ്ഞതാണ്.(അയാൾക്ക്കിട്ടീത്
ആലോചിച്ചാൽ പിന്നെ പ്രാണഭയം
ഉള്ളവർ എഴുതൂല.അതുകൊണ്ട്
അത് വിസ്മരിക്കുക)
.അതായത്,
അപ്പം
തദ്വാരാ അത് വയറ്റിലെത്തിക്കാനുള്ള
കഴുത്ത് എന്നിവ മനുഷ്യജീവിതത്തിനു
necessary ആണ്
but not sufficient എന്ന്.
ലളിതമാക്കിയാൽ,
ചുമ്മാ
തിന്ന് തീരാനുള്ളതല്ല
മനുഷ്യജീവിതം എന്ന്.
എഴുത്തോ
നിന്റെ കഴുത്തോ എന്ന
അദ്ധാത്മികചോദ്യക്കാർ,
ചുമ്മാതിന്നു
തീർക്കാനുള്ളതാണ് ജീവിതം
എന്ന, അന്നം
മാത്രമാണ് ഈശ്വരൻ എന്ന,
സൂക്ഷ്മസൂക്തത്തിലേക്കാണ്
നമ്മെ നയിക്കുന്നത്.
അന്നം
നല്ലതും സകലർക്കും വേണ്ടതുമാകുന്നു.
ലേകിൻ,
എന്തുതിന്നണം
എന്ന് കൂടി അവർ പറഞ്ഞുതരും.
അതായത്
നിങ്ങള് തിന്നേണ്ട ആഹാരം,
നിങ്ങൾവായിക്കേണ്ട
പുസ്തകം, നിങ്ങൾ
വിശ്വസിക്കേണ്ട ഈശ്വരൻ,
നിങ്ങള്‌ചൊല്ലേണ്ട
കീർത്തനം എന്തിനു നിങ്ങൾ
യൂറോപ്യൻ ക്ലോസറ്റിലാണോ
പോകേണ്ടത്,
പോയാൽ അത്
ഭാരതീയമല്ലാതാകുമോ എന്നു
വരെ വികാരം വ്രണപ്പെടുന്ന
ഈ ലളിതമാനസർ പറഞ്ഞു തരും.
നിങ്ങൾക്ക്
സ്വന്തം പ്രായം എത്രവേണേലും
ആകാം പക്ഷേ അഭിപ്രായം
ഉണ്ടാകാൻപാടില്ല.
അഥവാ
അബദ്ധത്തിൽ നിങ്ങൾക്ക്
എന്തേലും അഭിപ്രായം ഉണ്ടായിപ്പോയാൽ
അത് വികാരജീവികളായ ലളിതമാനസരുടെ
അഭിപ്രായത്തോട് ചേരുന്നത്
ആയിരിക്കണം.
ഇല്ലേൽ,എഴുത്തോനിന്റെ
കഴുത്തോ എന്ന് ആദ്ധ്യാത്മികം.
വികാരലോലർ
സംഘശക്തരായി മുരുകന്റെ എഴുത്തി
നിർത്തിച്ചു.പെരുമാൾ
മുരുകൻ എന്നാണ് അദ്ദേഹത്തിന്റെ
മുഴുവൻ പേര്.
മണ്ണിതിൽ
പെരുമാക്കൾ മറ്റാരൊക്കെയോ
ആയതിനാൽ മുരുകൻ എന്ന പാവം
മനുഷ്യനു എഴുത്തു നിർത്തേണ്ടിവന്നു
എന്ന വികാരതരളിതമായ ഡയലോഗ്
ഭരതവാക്യമാക്കി നമുക്ക്
നിർത്താം.
അഭിപ്രായം
ഇല്ലെങ്കിലെന്താ പ്രായം
തീരും വരെ പുലർന്നാൽ മതിയല്ലോ.
അഛേ
ദിൻ ഹേ.
എഴുത്തോ
നിന്റെ കഴുത്തോ?