Tuesday, March 24, 2015

നരക പ്രേമത്തിന്റെ കവിത.

ഷംസു പനമണ്ണയുടെ എന്റെ വെള്ളിയാഴ്ച എന്ന കവിതയെക്കുറിച്ച്

ആടുകളെ മാത്രമല്ല ആളുകളേയും ആലയിലാക്കാം. അങ്ങനെ ആളുകളെ കയറ്റിയ ആലകളിലൊന്നാണ് സംഘടിതമതം. വിശ്വാസമാണ് കയർ. അടയാളമാകുന്നു പ്രാർത്ഥന. അതുകൊണ്ടു തന്നെ പ്രാർത്ഥനയിലേക്ക് കൊണ്ടുപോവുകയാണ്, പ്രാർത്ഥന കൊണ്ടുതരുകയല്ല. മെരുക്കാവുന്ന ഒരു മൃഗമാണ് മനുഷ്യൻ എന്നതുകൊണ്ടും ചട്ടംപഠിപ്പിക്കാൻ ചെറുതിലേതുടങ്ങണം എന്നതിനാലും കുഞ്ഞുന്നാളിലെ നമ്മളെ കൂപ്പാൻ പഠിപ്പിക്കുന്നു. പേടിപ്പിച്ചും പ്രലോഭിപ്പിച്ചും നമ്മെ കൊണ്ടുപോകുന്നു. പ്രാർത്ഥിക്കാൻ കാരണങ്ങൾ മാത്രമല്ല വിശേഷ ദിവസങ്ങളും ഉണ്ടാക്കുന്നു. കൂട്ടം ചേരാൻ അത് സഹായിക്കുന്നു. വെള്ളിയാഴ്ച അങ്ങനത്തെ ഒരു വിശേഷ ദിവസമാണ്. ഞായറാഴ്ചയും അങ്ങനത്തെ ഒരു വിശേഷ ദിവസമാണെന്ന് കാണുമ്പോള്‌ ഏത് ദിവസവും ഒരു വെള്ളിയാഴ്ചയാകാം എന്നുമാകുന്നു. അങ്ങനൊക്കെയാണെങ്കിലും, പഠിപ്പിച്ചചട്ടങ്ങൾക്ക് പുറത്ത് പോകുന്ന മനുഷ്യരുണ്ട്. പ്രാർത്ഥിക്കാത്തവരും പരലോകനിഷേധികളും ഒക്കെയായ മനുഷ്യര്-. ഇവരെ-പ്രാ‌‌ർത്ഥിക്കാത്തവരെ- എന്തു ചെയ്യണം എന്നത് വിശേഷദിവസങ്ങളുണ്ടാക്കി കൂട്ടു ചേരുന്നവരുടെ ഒരു പ്രശ്നമാണ്. അതിലേക്കും കൂടിയാണ് ഷംസുവിന്റെ 'വെള്ളിയാഴ്ച' പുലരുന്നത്.
"അവിടം വരെ ഒന്ന് പോകാന്‍ പറഞ്ഞു..
ഞാന്‍ പോയില്ല..
രക്തം കരഞ്ഞു പറഞ്ഞു..
ഞാന്‍ പോയില്ല..
അയല്‍ക്കാര്‍ തുറിച്ചു നോക്കി..
പിറുപിറുത്തു...
ഞാന്‍ പോയില്ല."  “അവിടം" എന്നത് എവിടമാണെന്ന് ഈ കവിക്കറിയാം. ആ ഇടം പ്രധാനമാണ്. അവിടമാണ് വിശ്വാസിയുടെ ആല. അഭയം. ഭയങ്ങളിൽ നിന്നും മുക്തി. അവിടേക്കെത്തിക്കാനാണ് പ്രലോഭനങ്ങൾ. ഇവിടെ ചെയ്യുന്നതിന് അവിടെ കിട്ടും കൂലി. കൂലിയുള്ള വേലയാണ് പ്രാ‌‌ർത്ഥന എന്ന് സാരം. അങ്ങനെ, കണക്കനുസരിച്ചും അതിലേറെയും പതമ്പളക്കുന്നിടമാണ് അവിടം. തിന്നാനും കുടിക്കാനും കൂടെ കിടപ്പാനും വേണ്ടുവോളം. കൂടെക്കിടപ്പിനു ആളെക്കിട്ടുന്നത് പുരുഷപ്രജകൾക്ക് മാത്രമാകണം. എന്റെ പരിചയത്തിലുള്ള സ്വർഗ്ഗത്തിലൊന്നും പെണ്ണുങ്ങൾക്ക് ആണുങ്ങളെ കൊടുക്കുന്ന കാര്യം നടക്കുന്നതായി പറഞ്ഞു കണ്ടിട്ടില്ല. അതും ഈ കവിക്കറിയാം. മാത്രമല്ല, പലരും ഇതറിയില്ലെന്ന് നടിക്കുന്നതാണെന്നും ഈ കവിക്കറിയാം. കാറിന്റെ പരസ്യത്തിൽ, കാറിനെ കെട്ടിപ്പിടിച്ച് സുന്ദരിമാർ നിൽക്കുന്നത് എളുപ്പത്തിൽ വശീകരിക്കാവുന്ന പുരുഷകാമനകളിലാണ് കച്ചവടത്തിന്റെ കണക്ക് എന്ന് കച്ചവടക്കാർക്ക് അറിയാവുന്നതിനാലാണ്. വിശ്വാസത്തിന്റെ പരസ്യങ്ങളും അങ്ങനത്തെ ഒരേർപ്പാടാണ്. ഇവിടെ വിൽക്കുന്നത് വാഗ്ദാനങ്ങളാണെന്നു മാത്രം. അങ്ങനെ പരലോകത്തെക്കുരിച്ചുള്ള മോഹിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വാഗ്ദാനങ്ങളിലേക്കാണ് പലപ്പോഴും പ്രാർത്ഥനകൾ പുലരുന്നത്. ഇതറിയുന്നതുകൊണ്ടാണ് സ്വർഗം സകലരാലും ഭോഗിക്കപ്പെടുകയാണ്‌എന്ന് എഴുതുന്നത്. കാമനകളുടെ കേളികൾ ഇവിടെ സാധ്യമാകായ്കയാൽ അവിടേക്ക് നീക്കിവയ്ക്കുന്നു അല്ലെങ്കിൽ നീട്ടിവയ്ക്കുന്നു എന്നു മാത്രം. പക്ഷേ, അവിടെ കിട്ടും എന്ന ഇവിടത്തെ പ്രലോഭനത്തിൽ വഴങ്ങാത്തവരുണ്ട്. അവർക്ക് കുരിശേറ്റത്തിന്റെ പീഡാനുഭവം ഉണ്ടെന്ന് ദുഃഖവെള്ളിയാഴ്ച നമ്മോട്‌ പറയുന്നു. ദുഃഖവെള്ളിയുടെ സാംഗത്യം അറിയുന്നതുകൊണ്ടുകൂടിയാകണം പ്രലോഭനാന്തരം "പീഡനക്കാഴ്ചകള്‍ കൊണ്ട്
പേടിപ്പിച്ചു.."എന്ന് ഇവനെഴുതുന്നത്. ചതുരുപായങ്ങളും പ്രയോഗിച്ചാണ് കൂട്ടം ചേരാത്ത അവിശ്വാസിയെ എതിരിടുന്നത് എന്നു സാരം. എന്നിട്ടും
"ഞാൻ പോയില്ല. കാരണം മറ്റൊന്നുമല്ല..സ്വര്‍ഗം സര്‍വരാലും
ഭോഗിക്കപെടുന്ന കാലത്ത്
ഞാന്‍ നരകവുമായി പ്രേമത്തിലാണ്....”

വിശ്വാസങ്ങളിലെ വ്യാജത്തെക്കുറിച്ചും പ്രാർത്ഥനകളിലെ സ്വാ‌ർത്ഥത്തെകുറിച്ചും അറിയുന്നതുകൊണ്ടും ഇവിടം ഏതിടമാണ് എന്ന സംശയയമില്ലാത്തതുകൊണ്ടും ആകണം ഇയാൾ നരകത്തോട്‌ പ്രേമത്തിലായത്. ഇവിടത്തെക്കുറിച്ചാണ് എഴുതേണ്ടത്. ഇവിടെ ആരെല്ലാം ഉണ്ടെന്നും ആർക്കൊക്കെ ഇവിടെ ഇടമുണ്ടെന്നും ആരെല്ലാമാണ് ഇവിടെ നിന്നും പുറത്താക്കപ്പെടുന്നതെന്നും ഈ കവിക്ക് അറിയാം. അകലെയെങ്ങോ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന സ്വർഗത്തേക്കാള്‌ ഇവിടെയുള്ള, ഈ നരകത്തോട് പ്രേമത്തിലാകുന്നത് അതുകൊണ്ടാണ്. ഈ കിതവി ഞങ്ങൾക്ക് നരക ദേശമാണെങ്കിലും ഇവിടെ ദുഃഖിച്ച് ആശിച്ച് മരിക്കുന്നതാണ് സ്വർഗ്ഗം എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. സ്വർഗം സകലരാലും ഭോഗിക്കപ്പെടുന്ന കാലത്ത്, ഈ നരകത്തീന്നെന്നെ കരകേറ്റീടണേ എന്ന പഴയ പ്രർത്ഥനകൾക്ക് കാര്യമില്ലെന്ന് ഈ കവിക്കറിയാം. അതുകൊണ്ടാണ് ആണിപോലെ തറയ്ക്കുന്ന വാക്കുകളിൽ വിശ്വാസങ്ങളിലേക്ക് കൂട്ടുചേരാൻ വിസമ്മതിക്കുന്ന ഒരു മനസ്സിനെ ആവിഷ്കരിക്കുന്നത്. പ്രലോഭനങ്ങളാൽ പുരസ്കരിക്കുകയും പീഡനക്കാഴ്ചകളാൽ ഭീഷണിപ്പെടുത്തുകയുമാണ് വിശ്വാസത്തിന്റെ ആലകള്‌ എന്ന് എല്ലാവർക്കും അറിയാം. അറിയുന്നതെല്ലാം പറയാതിരിക്കാനുള്ള മിടുക്ക് ആലയുടെ അധിപർക്ക് ഏറെയുണ്ട്. അങ്ങനാണ് ഫൂക്കോവിനേയും മാർക്സിനേയും സഹോദരൻ അയ്യപ്പനേയും എല്ലാം ഉദ്ധരിച്ചുകൊണ്ട് ആളുകള്‌ പ്രാർത്ഥാനാലയങ്ങളിൽ കൂട്ടം ചേരുന്നത്. അതുകഴിഞ്ഞാണ്, രണ്ടുപേരുമ്മവയ്ക്കുമ്പോൾ തങ്ങൾ നിരന്തരം ഭോഗിച്ചുകൊണ്ടിരുന്ന സ്വർഗത്തിന് ഊനം വരുന്നതായി തോന്നി ഇവർ അക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. സകല‌‌രും അറിഞ്ഞിട്ടും പറയാൻ മടിച്ചതാണ് ഈ കവി പറയുന്നത്. മൂർച്ചയുള്ള ഈ കവിത കൃത്യമായ ഇടങ്ങളിൽ തറച്ചിട്ടുണ്ട് എന്നതിനു ഈ കവികേട്ട ശകാരങ്ങൾ സാക്ഷ്യം. ഇടത്തിന്റെ സാംഗത്യവും എഴുത്തിന്റെ സാകല്യവും ചിലപ്പോൾ ഇങ്ങനാകും വെളിവാകുക. പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാവുന്നതോ‌ അല്ല ഈ കവിയുടെ കവിതകൾ. എതിർക്കപ്പെടുന്നതുകൊണ്ട് തന്നെ ഷംസു എന്ന കവിയും അവന്റെ കവിതയും ഉണ്ട്.

ഷംസുവിന്റെ കവിത ഫേസ്ബുക്കിൽ വായിക്കാൻ എന്റെ വെള്ളിയാഴ്ച

Monday, March 16, 2015

വാക്കും വക്കാണവും


നിന്നെക്കുറിച്ചുമാത്രമെന്ന്
നീയും കരുതുമെന്ന് പേടിച്ച്
പ്രേമത്തെ എഴുതുന്നില്ല.
തെറ്റിദ്ധരിക്കാൻ‌ പോലും
തുല്യാവകാശമല്ല,
തന്നിലേക്കെത്താത്ത
അളവുകോലുകളിൽ
കോലംവരച്ച നമുക്ക്.
(ധാരണകളേ ഇല്ലാത്തവരുടെ തെറ്റിദ്ധാരണകളെക്കുറിച്ചും
തെറ്റിദ്ധാരണയുമൊരു ധാരണയാണെന്നതിനെക്കുറിച്ചും
നമുക്ക് ഉപന്യസിച്ച് രസിക്കാം.)


വിഷത്തിനുമാത്രം വിലകുറഞ്ഞ ബജറ്റില്
പ്രേമം പരാമർശിയ്ക്കപ്പെടുന്നില്ല.
പ്രേമം നികുതിവിമുക്തമാക്കാൻ
ആരോ കോഴകൊടുത്തിട്ടുണ്ട്.
(ഹോ! അത് ഞാൻ പോലുമാകാം.)
വാർത്തയാകായ്കയാൽ
വിശ്വസിക്കപ്പെടാത്ത
ഒരു ധനകാര്യ.
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച്
പ്രേമമേജീവിതക്കാർ തർക്കിക്കട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.)
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച് 
പ്രേമമേജീവിതക്കാർ നടുത്തളത്തിലിറങ്ങട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.

വകമാറ്റിച്ചെലവഴിച്ച
വെളിവുകേടത്രേ പ്രേമം.
കലഹാന്തരവിശ്രാന്തികളെ
ജീവിതമെന്ന് ചമയിച്ചപ്പോൾ
അതോർക്കാതിരുന്നതാണ്. 

ഓർമ്മ പ്രേമത്തിനു ഹാനികരം
എന്ന് ഞാനിനി ടീഷർട്ടിൽ കുറിക്കും.
വൈകിയ വെളിവ് ആറിയ കഞ്ഞി
എന്ന് നിനക്കും കുറിക്കാം.

വാക്കും വക്കാണവുമാണ് നമ്മുടെ ഉണ്മ.

Saturday, March 7, 2015

ഫേസ്‌‌ബ്ബുക്കിൽ ഒരു പ്രണയ വിലാപം


ഏത് നിമിഷവും അൺഫ്രണ്ട് ചെയ്യപ്പെട്ടേക്കാവുന്ന
എന്തോ ഒന്നു മാത്രമാണ്
നമ്മുടെ പ്രൊഫൈലുകളെ ബന്ധിപ്പിക്കുന്നത്.
എന്നിട്ടും,
ഓരോ‌ ലോഗിനിനു ശേഷവും
നിന്റെ ഫ്രണ്ട് ലിസ്റ്റിൽ
ഞാൻ എന്റെ പേരു തിരയുന്നു.

ഞാൻ പ്രൊഫൈൽ പിക് മാറ്റി
നീ ലൈക്ക് ചെയ്തില്ല.
ഞാൻ പോസ്റ്റിട്ടു
നീ ഷേർ ചെയ്തില്ല
ഞാൻ ഫീലിംഗ്സ് സ്റ്റാറ്റസിട്ടു
നീ ഒരു സ്മൈലിപോലും തന്നില്ല.

ബ്ലോക്കു ചെയ്യപ്പെടും മുമ്പ്,
ഫേക്കാകാനാകാതെപോയൊരു പ്രൊഫൈൽ
അപ്ഡേറ്റ് ചെയ്തത്
ഞാൻ റീപോസ്റ്റ് ചെയ്യുന്നു.
"നമ്മുടെ പ്രൊഫൈലുകൾക്കിടയിൽ എന്താണ്?”
കപടലൈക്കുകാരായ കള്ളപ്രൊഫൈലുകളെ
നീ കരുതിക്കോൾക.
പരദൂഷകരായ മ്യൂച്വൽ ഫ്രണ്ടുകളെ
നീ ശ്രദ്ധിച്ചു കൊൾക.
ഫോട്ടോഷോപ്പ് ചിത്രങ്ങളില്
വൈറസുകൾ ഒളിപ്പിച്ച്
വെബ്ബിടങ്ങളെ അവർ പ്രലോഭിപ്പിക്കുന്നുണ്ട്.

നീ എന്ന ട്രോജൻകുതിര
എന്റെ ഹാർഡ്‌‌ഡ്രൈവിനെ
മാൽവേർകോളനിയാക്കിയിരിക്കുന്നു.
ഒരു റീസ്റ്റാർട്ട് ഇനി വേറുതെയാണ്.
ആകയാൽ
ഡീ ആക്റ്റിവേഷനെന്ന ഒളിയിടം ഉപേക്ഷിച്ച്
ഉയിർപ്പിന്റെ സാധ്യതകളെ നിഷേധിച്ച്
എന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യുന്നു.

Wednesday, March 4, 2015

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ...


അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു. പശുവിറച്ചി പണ്ടേ‌ നിരോധിച്ചതാണ്. നിങ്ങൾടെ കൈയ്യിൽ നിന്നു ഇനി കാളയിറച്ചി പിടിച്ചാൽ 5 വർഷം ജയിൽ വാസവും 10000 രൂപ പിഴയും. കാളയിറച്ചി തിന്നതിന്റെ മണംമാത്രമാണ് കിട്ടിയതെങ്കില് എന്തു ചെയ്യും എന്നറിയില്ല. പോത്തിറച്ചി (carabeef) നിരോധിച്ചിട്ടില്ല. ഇത്രയും വിവരം ഇന്ത്യൻ എക്സ്പ്രസ്സ് പറഞ്ഞു തന്നു.
ആലോചിച്ചാൽ, ഹൈദരാബദ് സർവ്വകലാശാലയിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. പോത്തിറച്ചിയോട് പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പേ ഇല്ല. 2010 മുതൽ ഇങ്ങോട്ട് കാമ്പസ്സിൽ പോത്തിറച്ചി എതിർപ്പില്ലാതെ വല്ലപ്പോഴുമൊക്കെ വിളമ്പാൻ പറ്റിയിട്ടുണ്ട്. സുക്കൂണിനു (ഈ കാമ്പസ്സിലെ ഒരു ഉത്സവം) കല്യാണി ബിര്യാണി കിട്ടുന്ന കടകള്‌ വരാറുണ്ട്. പറഞ്ഞുപഠിപ്പിച്ച നുണകളിലെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ ഉത്തമ മാതൃക എന്ന് ആർക്കും തോന്നും. പക്ഷേ, വിശേഷാവസരങ്ങളിൽ പ്രത്യേകം സംഘടിച്ചു വേണം ഈ പോത്തിറച്ചി വിളമ്പൽ നടത്താൻ. വിശേഷാവസരങ്ങൾ എന്നാൽ- രാഷ്ട്രീയ പാർട്ടികളുടെ മഹാസമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ,സുക്കൂൺ-ഇവയാണ്. അല്ലാത്തപ്പോൾ, കല്യാണിബിര്യാണി (ഹൈദരബാദിലെ ബീഫ് ബിര്യാണിക്ക് കല്യാണി എന്നാൺ പേർ.) വാങ്ങിക്കൊണ്ടു വരാം. തനിച്ചോ‌ കൂട്ടമായോ തിന്നാം. അതിനപ്പുറം, പരസ്യമായി പോത്തുകൾ നടക്കും. പക്ഷേ, പോത്തിറച്ചി തിന്നുന്നവർക്ക് പറ്റില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കാമ്പസ്സിൽ ഒരു കല്യാണം നടക്കുനു എന്നു വയ്ക്കുക. കേരളത്തിലേതുപോലെ, പോത്തിറച്ചീം നെയ്ചോറും സദ്യകൊടുക്കാം എന്ന് കരുതേണ്ട. നടക്കില്ല. (കേരളത്തിൽ എല്ലായിടത്തും ഇത് പറ്റുമോ എന്നറിയില്ല. എന്റെ നാട്ടിൽ പറ്റുന്നുണ്ട്. എത്ര കാലത്തേക്ക് എന്ന് തിട്ടമില്ല). ഉദാ: 2012 ൽ ഓസ്മാനിയ സർവ്വകലാശാലയിൽ പരസ്യമായി പോത്തിറച്ചിവിളമ്പിയപ്പോൾ (ബീഫ് ഫെസ്റ്റ്) ഉണ്ടായ പുകിലുകൾ. ഇറച്ചി വിളമ്പിയവരെ അപ്പോൾത്തന്നെ വന്യമായി ആക്രമിച്ചു; പട്ടാപ്പകൽ. പക്ഷേ അക്രമികൾക്ക് പത്രഭാഷയിൽ പേരില്ല. എങ്കിലും, പിറ്റേന്ന്, പോത്തിറച്ചി വിളമ്പിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ABVP‌ സംസ്ഥാനവ്യാപകമായി കാമ്പസ്ബന്ദ് നടത്തി എന്ന് പത്രത്തിൽ ഉണ്ട്.
എന്തുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രതീകാത്മകമായി പോത്തിറച്ചി വല്യഎതിർപ്പില്ലാതെ കിട്ടുന്നു എന്നതിനു പലകാരണങ്ങൾ ഉണ്ടാകും. ഒന്ന് ദലിത് രാഷ്ട്രീയത്തിന്റെ ശക്തിതന്നെ. ഇടതു രാഷ്ട്രീയവും ശക്തമാണ്. ഇപ്പോൾ വിദ്യാർത്ഥിയൂണിയൻ നയിക്കുന്നത് ദലിത് സഖ്യമാണ്. (ASA+DSU+BSF+NSUI+others). കഴിഞ്ഞ വർഷം SFI യും അതിനും മുന്ന് SFI+ASA സഖ്യവും ആയിരുന്നു. അതായത് 2010 മുതൽ ABVP കാമ്പസ് യൂണിയൻ ഭരിച്ചിട്ടില്ല. അതൊരു പ്രധാനകര്യം തന്നെ.പലകാരണങ്ങൾ ഇനിയും കണ്ടെത്താം. എന്തൊക്കെയായാലും, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് പോത്തിറച്ചി എന്ന വാസ്തവം നമ്മെ നോക്കി ചിരിക്കുന്നു. കാമ്പസ് ഇലക്ഷനിൽ വിജയിച്ചാൽ ഹോസ്റ്റൽ മെസ്സിൽ ബീഫ് തരാക്കുമോ എന്ന ചോദ്യത്തിനു, എല്ലാവരോടും ആലൊചിച്ച് വേണ്ടത് തീരുമാനിക്കാം എന്നാണ് ദലിത് സംഘടനയിലെ കൾചറൽ സെക്രട്ടറിയായി മത്സരിച്ച വിദ്യാർത്ഥിനി 2012ൽ പറഞ്ഞത്. സ്ഥാനാർത്ഥികളോട്‌ വിദ്യാർത്ഥികള്‌ സംവദിക്കുന്ന വേദിയിലായിരുന്നു ടി. ചോദ്യവും ഉത്തരവും. സമവായത്തിന്റെ സാധ്യതകൾ ആരറിയുന്നു.
ഇനി മലയാളികളുടെ കാര്യമെടുത്താൽ, കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അവർ മലയാളികളുടെ എന്നെ പേരിൽ ആഘൊഷങ്ങൾ നടത്താറുണ്ട്. 'മലയാളികളുടെ എന്ന പേരിൽ' എന്ന് എടുത്ത് പറഞ്ഞത് കൈരളിയില് ചേരാത്തവരും ചേർന്നിട്ട് ബഹിഷ്കരിച്ചവരും എന്നിങ്ങനെ പല കൂട്ടർ ഉള്ളതിനാലാണ്. ഓണത്തിനു ഇറച്ചി വിളമ്പണോ എന്ന കാര്യത്തിൽ 2012 മുതൽ പ്രസ്തുത കൂട്ടായ്മയില് സജീവ ചർച്ചകൾ ഉണ്ട്. (അതിനുമുന്നുള്ളതിനെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ല. ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നാണറിവ്). 2012 ൽ ഓണാഘോഷം ഇല്ലാതാവുകയും കേരളീയം എന്ന സംഭവം ഉണ്ടാവുകയും ചെയ്തു. ചിങ്ങമാസത്തിലെ ആലോചനകൾ പോലും സവർണ്ണതയായതിനാൽ 2013 മുതൽ കേരളീയം പരിപാടി ഓണക്കാലത്തു നിന്നും വേനക്കാലത്തേക്ക് മാറ്റി. സദ്യയിൽ കോഴിയിറച്ചി 2012 ലേ വന്നു. അത് സമവായത്തിന്റെ കോഴിയാണ് എന്ന് അന്നുമുതലേ ആരോപണവും വന്നു. ബീഫ് എന്ന് പയുമ്പോഴേല്ലാം പതിവുപോലെ പന്നി എന്നു പറയാൻ ആളുണ്ട്. അതുകൊണ്ട്‌ ഇതുവരേക്കും പോത്തോ പന്നിയോ സദ്യയ്ക്ക് വിളമ്പിയിട്ടില്ല. ഒരിക്കൽ (2012ല്) സദ്യക്ക് പന്നി വിളമ്പാൻ തീരുമാനിച്ചതാണ്. പിന്നീടുണ്ടായ ഗംഭീരസഹകരണം അവസാനം പന്നിയെ കോഴിയാക്കി മാറ്റി.കോഴിയും മീനും പച്ചക്കറിക്കൊപ്പം വിളമ്പിയ സദ്യയോടെ കേരളീയം ഈ കഴിഞ്ഞ ആശ്ച നടന്നു. എന്നാലും, തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.
അത് തിന്നരുത് 
ഇത് തിന്നരുത് 
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത് 
എന്നൊക്കെ അനുശാസിക്കുന്നവർക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാകണേ."(ടി.പി.വിനോദ്, ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്) നമുക്ക് പ്രാകാം. പ്രാക്കും ഒരു പ്രതിരോധപ്രവർത്തനമാണ് (കവി ഹരിശങ്കരൻ അശോകൻ).  
പ്രാക്കുകൾകൊണ്ട്‌ തീരുന്നതാണോ സ്വച്ഛഭാരതത്തിലെ തിട്ടൂരങ്ങൾ എന്ന് സംശയമുള്ളതിനാൽ
"അതുകൊണ്ട്‌, ഏയ് ഇല്ല 
എന്നെയൊന്നും ആരും നിരോധിക്കില്ല 
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല.
പിന്നെയല്ലേ...”(ടി.പി.വിനോദ്) എന്ന് ആശ്വസിക്കാതിരിക്കാം.
അല്ലാത്തവർ, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്തുതരുന്ന ഒരു കഷണം ഇറച്ചി നുണഞ്ഞ് ആഹ്ലാദിപ്പിൻ

03 മാർച്ച് 2015 ന്  News Moments  ൽ വന്നത്. 

Blog Archive