എങ്ങോട്ടുള്ളവണ്ടിയിലും
പോകാവുന്ന
ചിലരുണ്ട്.
ആരും
കാത്തിരിക്കാത്ത
അവരുടേതാണ്
ഏകാന്തത.
കടലിൽ
മാത്രം കാലുറയ്ക്കുന്ന
നാവികരെപ്പോലെ
കരയിൽ
ഇളകിക്കൊണ്ടേയിരിക്കും
ചരരാശിസ്ഥിരരിൽ
അതിദേശാടനഭ്രമകല്പനകളിൽ
ദേശാന്തരങ്ങളെ
പുനഃസൃഷ്ടിച്ച്
വാഴ്വ്,
വഴിയാകുന്നിനി.
അവരിൽ
നിന്നുള്ള വഴികളിൽ
ആളൊഴിയുന്നില്ല,
അതിലാരും
അവരിലേക്കില്ല.
തുമ്പയിലയിൽ
ഉച്ചവെയിൽവിരൽ
മാരണം
വയ്ക്കുമ്പോൾ
ദാഹം
പെരുത്ത്
അവരിലൊരാൾ
നിന്റെ
കിണറ്റുവഴി വരും.
നീ
എന്തു പകരും?
ഇലകൾ
പഴുക്കും
അയാൾക്ക്
വഴി നീളും.
പുല്ലുമൂടിയകാട്ടുവഴിയിലെ
സന്ധ്യപോലെ
വിതുമ്പിനിൽക്കും
സങ്കടങ്ങൾ.
വീഞ്ഞുപോൽ
നുരഞ്ഞ്
സൗഹൃദങ്ങളിൽ
അവർ
മായന്തിരിക്കും.
ഓർമ്മകളുടെ
ഓരത്ത്
നിലാവിലെ
നിഴൽ പോലെ
മറഞ്ഞു പോകും.
ഏകാന്ത
അവരാണ്.