ഭയങ്കര
പ്രിയങ്കരീ,
1 മെയ് 2017
ബാഹുബലി-1
പോലും
കണ്ടിട്ടില്ലാത്ത ഒരാളെ
സങ്കല്പിക്കുക. രണ്ടാംഭാഗം
ഇറങ്ങിയത് അയാളെ ബാധിക്കുന്നില്ല.
കട്ടപ്പ
വാളുവച്ചത് അയാളെ അലട്ടുന്ന
ഒരു രഹസ്യം അല്ല. ഓവറായി
തണ്ണിയടിക്കുകയും കരൾ സാമാന്യേനെ
കണ്ടീഷനിൽ ആയിരിക്കുകയും
ചെയ്താൽ ആരും വാളുവയ്ക്കും
എന്ന ശാസ്ത്രസത്യം അയാൾക്ക്
അറിയാം. അയാൾ
ശാസ്ത്രത്തിൽ വിശ്വസികുന്നു.
തന്നെയുമല്ല
അയാളുടെ ശ്വാസകോശവും
സ്പോഞ്ച്പോലാണ്. ദിങ്ങനത്തെ
ഒരു ശരാശരി ഇന്ത്യാക്കാരന്
അംബാനി മൊയലാളി മൂന്നു
മാസത്തേക്ക് ജിയോ സിം
കൊടുക്കുന്നു. എന്തായിരിക്കും
ടിയാന്റെ അവസ്ഥ?
ഇനിയൊരറിയിപ്പുണ്ടാകുന്നത്
വരേക്കും നമ്മൾ പ്രേമത്തിലാണ്
എന്ന് നീ പ്രസ്ഥാവിച്ചതു
മുതൽ ഇവൻ ദദേ അവസ്ഥയിലാണ്.
എന്ത് ചെയ്യാനാണ്?
ആരോട് പറയാനാണ്?
പ്രഭാതങ്ങളെ
പുച്ഛാഭിഷിക്തരാക്കി
നിദ്രാലോലുപനായിരുന്ന
ഒരാത്മാവ് ഇപ്പോൾ അലാറം വച്ച്
എഴുന്നേൽക്കുന്നു;
ഗുഡ്മോണിംഗ്
സന്ദേശിക്കാനുള്ളതാണ്!
കസ്റ്റമർ
കെയറുകാരുപോലും വിളിക്കാറില്ലാത്ത
ഫോൺ അയാളിപ്പോൾ നിലത്ത്
വയ്ക്കുന്നില്ല.
എന്തിന്നേറെപ്പറയണം
ആയുസ്സൊടുങ്ങാറായ ആ ഫോണിനും
അയാൾ നമ്പർ ലോക്കിട്ടു!
ആ നിമഷം ഒന്നു
വൈബ്രേറ്റ് ചെയ്ത് ഫോണതിന്റെ
ആത്മഹർഷം രേഖപ്പെടുത്തിയതിനു
മച്ചിലുരുന്ന വാലുപോയ പല്ലി
സാക്ഷി.
ലേകിൻ,
ലോകം ഇപ്പോൾ
പ്രേമത്തിനു തീരെ അനുകുലമല്ല.
തൈമാവിൻ
മരതകക്കിങ്ങിണികൾ സ്വർണ്ണമാവും
മുന്നേ കരിഞ്ഞു പോകുന്നത്ര
ചൂട്. പീക്കിരിപ്പിള്ളേർ
പാറയിൽ മുള്ളുന്നതുപോലെ
വല്ലപ്പോഴും രണ്ടുതുള്ളി
മഴ പെയ്താലായി. ഒരു
ക്വാർട്ടർ റമ്മിനു തികയുന്നത്രേം
വെള്ളമില്ല ചുറ്റുമെന്ന്
സാരം. മുക്തകണ്ഠം
വിയർത്തുകുളിച്ചുകൊണ്ട്
സുന്ദരാത്രി എന്ന് എത്ര കാലം
സന്ദേശിക്കും? പ്രിയതമേ,
ആഗോളതാപനം
പ്രേമത്തിനും ഭീഷണിയാകുന്നു.
കൊഴമാന്തരങ്ങൾ
വേറെയുമുണ്ട്.
പ്രേമത്തിലായിരുക്കുമ്പോൾ
ലോകം കൊടും സുന്ദരമാണെന്നും
ഇച്ചിരിപ്രശ്നമുള്ളതിനെ
നമുക്കങ്ങ് നന്നാക്കാൻ പറ്റും
എന്നും തോന്നും. ചെറ്യേ
ചെറ്യേ പോരായ്മകൾ ക്ഷമിക്കാൻ
തുടങ്ങും. ഇന്നലെ
സംഭവിച്ചത് ഉദാഹരിക്കാം.
കട്ടിലേൽ
ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട
ടി-ഷർട്ട്
ഈ ഞാൻ കൊണ്ടുപോയി അലക്കി.
അലക്കാൻ
വെള്ളത്തിലിട്ടപ്പോഴാണ് ആ
തുണിയില്ലാത്ത സത്യം ഓർമ്മ
വന്നത്: ടിഷർട്ട്
എന്റേതാണെങ്കിലും അത്
നത്തോലിമോറനും നിത്യശത്രുവുമായ
സ്വന്തം അനിയൻ ഉപയോഗിച്ചിട്ട്
എറിഞ്ഞിട്ട് പോയതാണ്.
സാധാരണ ഇമ്മാതിരി
ഓർമ്മ വന്നാൽ ഷർട്ട് അലക്കാതെ
അതേ കട്ടിലിൽ പുനസ്ഥാപിക്കേണ്ടതാണ്.
എന്നാൽ അങ്ങിനെ
ചെയ്തില്ല. ക്യോംകി,
നോം പ്രേമത്തിലാണ്.
ഈ വിവരം
അവനെങ്ങാനും അറിഞ്ഞാൽ പഞ്ചാബി
ഹൗസിലെ രമണനെപോലെ അലക്കിയലക്കി
എന്റെ നടുവൊടിയും. പ്രേമം
ആരോഗ്യത്തിനു അത്ര നല്ലതല്ല.
പറഞ്ഞു
വന്നത് തൃശ്ശുർ പൂരത്തിനു
കൊണ്ടുവന്ന ആനേടെ അവസ്ഥയാണ്
പ്രേമത്തിൽ എനിക്ക്.
കാഴ്ചക്കാർക്കൊക്കെ
ഗംഭീരം. പൂരത്തിനു
പൊലിമ. ഫാൻസിനു
ഫ്ലക്സിൽ വച്ച് മേനിപറയാൻ
ഫോട്ടംസ്. ആനേടെ
വെഷമം ആനക്കല്ലേ അറിയൂ?
പട്ട,
കിട്ട്യാൽ
കിട്ടി. എന്നാൽ
എഴുന്നെള്ളത്തിനു വല്ല കുറവും
ഉണ്ടോ? ഇല്ലതാനും.
അതിനാൽ മഹിളകളിൽ
ഇടങ്ങേർസ്വരൂപേ, നമ്മുടെ
പ്രേമത്തിന്റെ അൽഗോരിതം
തയ്യാറാക്കി ഇവനു അയച്ചു
തരിക. അനിശ്ചിതത്വങ്ങളുടെ
അൽകുൽത്തുകളിൽ നിന്നും ആശ്വാസം
ഉണ്ടാകട്ടെ. തന്നെയുമ്മല്ല
ഇന്ന് മെയ്ദിനമാണ്. ഈ
പ്രേമത്തൊഴിലാളിക്ക് ഇന്നും
അവധി ഇല്ല. പ്രേമം
അവധിയെടുക്കാവുന്ന തൊഴിലല്ലഎന്ന്
എനിക്കറിയാം. അങ്ങനാകുമ്പോഴും,
വേതന വർദ്ധനവ്
അനുഭാവപൂർവ്വം പരിഗണിക്കുമെന്ന്
ആശിക്കട്ടെ.
ഇത്
വായിച്ച് നീ പ്രേമത്തെ
ശങ്കിക്കരുത്.
നമുക്ക്
കണ്ടൽ കാടുകളിൽ അലഞ്ഞു നടക്കാം.
ആവാസ്വ്യവസ്ഥ
സന്തുലിതമാണോ എന്നും ജലചക്രങ്ങൾ
ക്രമാനുഗതമാണൊ എന്നും നോക്കം.
കണ്ടലുകളിൽ
പ്രാന്തനെപ്പോലെ നമുടെ പ്രേമം
വേരുപിടിക്കും.
സ്വർണ്ണക്കണ്ടലുകൾ
അതിൽ പൂത്തുനിൽക്കും.
പുഴമുല്ലകൾ
സുഗന്ധം പൂശും. അവിടെ
വച്ച് ഞാൻ നിനക്കെന്റെ പ്രേമം
തരും. അതിൽ
ഉപ്പട്ടിയിലകൾ രുചിക്കും.
എന്തെന്നാൽ,
പ്രേമം
ആവാസവ്യവസ്ഥയുടെ ഉപ്പാകുന്നു.
NB:
വൊഡോമാക്സ്
എടുക്കൻ മറക്കരുത്.
പ്രേമം കൊതുകിനെ
പ്രതിരോധിക്കാനിടയില്ല!
എന്ന്
എല്ലാ
ആവാസവ്യവസ്ഥയിലും പ്രവാസിയായ
കാമുകൻ