നിന്റെ പേരിൽ നീ മാത്രമല്ലുള്ളത്. ഒടുവിൽ സന്ദർശിച്ച പോയപ്രതാപത്തിന്റെ മുഷിഞ്ഞ ചുമരിൽ മാറ്റാന്റെ കൈപ്പടയിൽ നിന്റെ പേരിന്റെ തിളക്കം കണ്ടു. ആതേ അക്ഷരങ്ങളെങ്കിലും ആ പേരു നിന്റേതെങ്കിലും അതുകുറിക്കുന്നത് നിന്നെയല്ല. നിന്നെപ്പോലൊരാളെപ്പോലുമാകണമെന്നില്ല. ചുവരുകൾ നമുക്ക് എഴുതാനുള്ളതാണെങ്കിലും ചരിത്രത്തിന്റെ ചുവരിലെ പേരുകൾ ഇപ്പോൾ തർക്കവിഷയമാണെന്ന് നിനക്കറിയില്ലേ? ഒരേ പേരിൽ ഒരുപാടുപേരുള്ളപ്പോൾ ഒരു പേരിൽ ഒരുപാടുപേരുണ്ടാകില്ലേ? ഒരു പാട് അതല്ലേ പേര്? അതിലല്ലേ പെടുന്നത്? അക്ഷരങ്ങളിലേക്ക് ആളെ ആവാഹിക്കുന്ന മാന്ത്രികത അനിശ്ചയങ്ങളിലേക്ക് ഉപേക്ഷിക്കയാൽ ഞാനെഴുതുമ്പോൾമാത്രം രൂപപ്പെടുന്ന ആ ഒരാൾ ആരാണെന്ന്, എന്റെ കൈപ്പടയിൽ നിന്റെ പേരിൽ വരുന്നതാരെന്ന് സന്ദേഹമൊഴിയുന്നേയില്ല. ആ ഭിത്തിയിൽ എഴുതിയത് ഞാനല്ല. ആരൊക്കെയോവന്നുപോയെന്നും പേരുകൾ ബാക്കിയായെന്നും അതിൽ നിന്നും വായിക്കാം. ഒരു പേരിലും ഒരാൾ മാത്രമല്ലെന്നും നിരൂപിക്കാം.
അടയാളങ്ങളോ അനുഗാമികളോ ഇല്ലാതെ, പൂവൊന്നും നുള്ളാതെ, പാട്ടൊന്നുമെടുക്കാതെ, കൈരണ്ടും വീശി കടന്നു പോകണം.
Saturday, November 18, 2017
പേരിൽ
Subscribe to:
Posts (Atom)