Friday, November 27, 2020

കവിത രാഷ്ട്രീയം ഇത്യാദികൾ

 

താൻ എഴുതുന്ന മാതിരി അല്ലെങ്കിൽ തനിക്കു പ്രിയപ്പെട്ടവർ എഴുതുന്ന മാതിരി എഴുതുന്നതാണ് മികച്ച സാഹിത്യം എന്ന തോന്നൽ കവികൾക്ക് ഉണ്ടാകാറുണ്ട്. അത് അത്യാവശ്വവുമാണ്. കാരണം, ഇത്തരം ഒരു കാവ്യബോധം ഇല്ലെങ്കിൽ എഴുത്ത് നടന്നില്ല എന്നു വരാം. പക്ഷേ, ഈ ബോധം മാത്രം വച്ച് കവിത അല്ലെങ്കിൽ സാഹിത്യം എന്ന സാമഗ്രിയെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് മികച്ച അബദ്ധമായിമാറും. ഉദാഹരണത്തിനു താൻ കവിതയെഴുതുന്ന മട്ടുവച്ച് വൈലോപ്പിള്ളി ചങ്ങമ്പുഴയെ (തിരിച്ചും) വിലയിരുത്താൻ ശ്രമിച്ചാകൽ എന്തു സംഭവിക്കും? വൈലോപ്പിള്ളിക്കവിതയ്ക് അകലം പാലിക്കാനുള്ള എതിരിയായി ചങ്ങമ്പുഴ ഉണ്ടായിരുന്നു എന്ന് വിജയന്മാഷ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ഇടപ്പള്ളിയിൽ നിന്നുള്ള അകലം കൊണ്ടുകൂടിവേണം വൈലോപ്പിള്ളിക്കവിതയെ മനസ്സിലാക്കാൻ എന്നും അദ്ദേഹം പറയുന്നു. കൊള്ളിവാക്കിലെ കൊള്ളിയെ വാസ്തവത്തിന്റെ നാളത്തിലേക്ക് ബന്ധിപ്പിക്കുന്ന സൂക്ഷ്മതയും ഭംഗിയും വൈലോപ്പിള്ളിയിൽ കാണാം (അക്കൊള്ളിവാക്കിലില്ലയോ വാസ്തവനാളം). ചങ്ങമ്പുയുടേത് വേറൊരു വഴിയാണ്. വാക്കുകൾ സുലഭതയും താളസമ്പന്നതയും അതിൽ കാണാം.

ഇതേമാതിരിയോ ഇതിലധികമോ വ്യത്യാസം ഇന്നെഴുതന്നവർക്കിടയിലുമുണ്ട്. അനൂപ് കെ.ആറിനേയും ഹരിശങ്കരൻ അശോകനേയും പരിഗണിക്കുക. വീട് പലമാതിരി വരുന്നുണ്ട് അനൂപിന്റെ കവിതകളിലെങ്കിൽ (സേവിഡോസെഡമോർ) ചൊറി രൂപകമായി ആവർത്തിക്കുന്നു ഹരിയിൽ (പിസ്കോണിയ മസ്കു, എഗോസിപ്പ് അക്കോർഡിംഗ് റ്റോ ഹിശങ്കരൻ അശോകൻ). താളപദചേരുവകൾ പലരൂപങ്ങൾ (അവന്റെ പ്രായക്കാരുടെ കവിതയിൽ കാണാത്തത്ര അളവിൽ) ഹരിയുടെ എഴുത്തിൽ കാണാം. കടലിന്നുള്ളിൽ കാഞ്ചനവീട്ടിൽ/കഞ്ചാവൂതുംകന്യകയിൽ (നിനക്ക് മനസ്സിലാകരുതെന്ന് എനിക്ക് വാശിയൊന്നുമില്ല ശ്ശോ) എന്നും "ഏത് നേരത്തുദിച്ചതീ മാരക ചന്ദ്രൻകൊള്ളാ-/മീവഴിക്ക് വന്നകൊണ്ട് കാണാനൊത്തല്ലോ (അമ്പിളിവേല) എന്നും ഒക്കെ അതിൽ കാണാം. ഇത്തരത്തിലുള്ള താളം അനൂപിൽ പ്രത്യക്ഷപ്പെടുകയില്ല. എന്നാൽ, മലയാളത്തിൽ ആശാനോളമെങ്കിലും പഴക്കമുള്ള പ്രണയത്തിന്റെ തീവ്രരൂപം "പീറ്റർ മരിച്ചു വന്ന നട്ടുച്ച/ അവളിൽ വൈകുന്നേരമായില്ല" എന്ന വരികളിൽ കാണാം. ഇത്തരമൊന്ന് ഹരിയുടെ വരികളിൽ കാണുക പ്രയാസം. ഇതേപോലെ വൈജാത്യങ്ങൾ സിന്ധു കെ.വിയും രേഷ്മ സി. യും എഴുതുന്നതിൽ കാണാം. ആറ്റൂർ കവിതയുടെ രൂപഭാവബോധ്യങ്ങളല്ല അനിത തമ്പിയുടെ കവിതയ്ക്ക്. തന്റെ പ്രിയകവികളിൽ ഒരാൾ ആറ്റൂരാണെന്ന് അനിത പറയുന്നുണ്ട്. പക്ഷേ, ജലം എന്നു വേണ്ടിടത്ത് അങ്ങനെത്തന്നെ വേണമെന്നും മുതിർന്നവരേർപ്പാടാക്കുന്ന തിരുത്തിലല്ല വാക്കുകളും അതുകൊണ്ട് കവിതയും പ്രവർത്തിക്കുന്നതെന്നും അനിതയുടെ ആലപ്പുഴവെള്ളം വായിച്ചവർക്ക് മനസ്സിലാകും. അന്ധർ നിൻ തുമ്പിയോ കൊമ്പോ/ പള്ളയോ തൊട്ടിടഞ്ഞിടാം/എനിക്കുകൊതി നിൻ വാലിൻ/ തുമ്പുകൊണ്ടൊരു മോതിരം (മേഘരൂപൻ) എന്ന്, തന്റെ കൊതി വേറെത്തന്നാണെന്ന്, മുന്നേ പറഞ്ഞ കവിയാണ് ആറ്റൂർ. ആലപ്പുഴവെള്ളം ഒരു ആറ്റൂർ തി(തു)രുത്തിനെ ഭേദിക്കുന്നതിന് ഇത്തരത്തിലും ചില രസങ്ങളുണ്ട്. ( ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ എഴുതുന്ന സ്ത്രീപുരഷവിജ്ഞരെ ഇവിടെ പരിഗണിക്കുന്നില്ല. അത്തരം രണ്ട് കവികളെപ്പറ്റിയോ ഒരാളുടെ തന്നെ കവിതകളെപ്പറ്റിയോ പറഞ്ഞ് ആയതിനുള്ള ശിക്ഷ സുജീഷ് മുന്നേ ഏറ്റു വാങ്ങിയതാണ്.അതിനി ആവർത്തിക്കേണ്ടതില്ലല്ലോ). പറഞ്ഞു വന്നത് കവിതയ്ക്ക് പലരൂപമുണ്ടെന്ന പഴയകാര്യമാണ്.

ഭാഷയിലും ഭാവനയിലുമായിരിക്കണം ഒരു കവിയുടെ മികവ് എന്നും ഭാവനയെ കാത്തുസൂക്ഷിക്കുകയാണ് കവിതയുടെ കർതവ്യമെന്നും സുജീഷ് അടുത്തകാലത്തെഴുതിയതാണ് ഈ കുറിപ്പിന്റെ പശ്ചാത്തലം. മുന്നേ പറഞ്ഞ കവികൾ, വൈലോപ്പിള്ളിയും അനൂപും ചങ്ങമ്പുഴയും ഹരിയും സിന്ധുവും രേഷ്മയും ആറ്റൂരും അനിത തമ്പിയും ഒക്കെ എഴുതിയ മികച്ച കവിതകൾ വായിച്ചാൽ ഭാഷയിലും ഭാവനയിലുമുള്ള മികവ് എന്ന സുജീഷിന്റെ പ്രയോഗത്തെ ഏതെങ്കിലും തരത്തിൽ സാമാന്യവൽക്കരിച്ച് മനസ്സിലാക്കാൻ പറ്റും എന്നും തോന്നുന്നില്ല. ഇനി, ഓരോകവിയിലും ഓരോതരത്തിലാണ് ഈ മികവുകൾ എന്നാണെങ്കിൽ അതിനെ മനസ്സിലാക്കുക കൂടുതൽ പ്രയാസമാവും. അതെന്തേലുമാകട്ടെ. അതിനേക്കാൾ ഗുരുതരമായ പ്രശ്നങ്ങളുണ്ട്.

ശരിതെറ്റുകൾ ബോധ്യപ്പെടുത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനുമൊക്കെ കവിതയല്ല ഗദ്യമാണ് നല്ലതെന്നും കവിത ആത്യന്തികമായി ഭാഷയുടെയും ഭാവനയുടേയും സാധ്യതകൾ തേടുന്ന കലയാണെന്നും ഉള്ള സുജീഷിന്റെ നിരീക്ഷണം പരിഗണിക്കാം. പ്രത്യക്ഷത്തിൽ തലയാട്ടാൻ തോന്നിപ്പിക്കുന്ന ഈ വിചാരത്തിൽ ചില കുരുക്കുകളുണ്ട്. ഗദ്യം പദ്യം എന്നല്ല ഗദ്യവും കവിതയും തമ്മിലാണ് സുജീഷ് വേർതിരിവ് പറഞ്ഞത്. ഇതുവരെയുള്ള വായനയിൽ പദ്യത്തിലെഴുതിയ ഒന്നും തന്നെ സുജീഷ് പ്രസിദ്ധപ്പെടുത്തിയതായി കണ്ടിട്ടില്ല. വെയിൽ എന്ന കവിതാസമാഹാരത്തിൽ പദ്യമേയില്ല. കവിതയെ പദ്യത്തോട് സമീകരിക്കുന്ന ആളല്ല സുജീഷ്. അതുകൊണ്ടു തന്നെ മുന്നേ അവതരിപ്പിച്ച നിരീക്ഷണം എങ്ങനെ മനസ്സിലാക്കണം എന്നത് വ്യക്തമല്ല. ഒരു പക്ഷേ, കവിതയെ പദ്യമായി കാണുന്ന, വളരെ പഴക്കവും വേരോട്ടവുമുള്ള ശീലമാകണം ഇതിന്ന് തലയാട്ടാൻ പലരേയും സന്നദ്ധരാക്കിയത്. കവിതയിൽ മാത്രമല്ല അതിനെപ്പറ്റിയുള്ള എഴുത്തിലും അബോധതലത്തിൽ ചില ഭൂതങ്ങൾ പ്രവർത്തിക്കുന്നതുമാകാം.

കവിത പ്രചരണത്തിനു നന്നല്ല എന്ന കാര്യം പരിഗണിക്കാം. പ്രചരണം എന്നതുകൊണ്ട് മിക്കവാറും ഉദ്ദേശിക്കുക രാഷ്ട്രീയമായിരിക്കും. ശുദ്ധസൗന്ദര്യപക്ഷക്കാർ മിക്കവാറും ഈ നിലപാടുകാരാണ്. മികച്ച കല ഒരു പ്രസംഗമല്ല സൗന്ദര്യോൻമുഖതയാണെന്നൊക്കെ കേൾക്കാൻ രസമുണ്ടെങ്കിലും, എഴുത്തുകാരി പ്രതീക്ഷിക്കാത്ത വിധത്തിൽ രാഷ്ട്രീയം എഴുത്തിൽ ഇടപ്പെട്ടുകളയും. "പൂവുകളൊക്കെയും കീറിമുറിച്ചു ഞാൻ/ പൂവിന്റെ തത്വം പഠിക്കാൻ, "ഭൂമികന്യയെ വേൾക്കാൻ വന്ന മോഹമേ ഇന്ദ്ര-/കാർമുകമെടുത്തു നീ കുലച്ച് തകർത്തല്ലോ" എന്നീ കാല്പനിക വിലാപസ്വരത്തിന് കമ്മ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിന്റെ പശ്ചാത്തലമാണെന്ന് അറിഞ്ഞാൽ ഓ.എൻ.വിയിൽ സൗന്ദര്യപക്ഷക്കാർ എന്തുകാണും? ഇതൊന്നും കവിതയല്ലന്ന് പറയാം. അന്തരിച്ച മുണ്ടശ്ശേരി തർക്കത്തിനു വരില്ലല്ലോ. അതുകൊണ്ട്, ഇപ്പോഴത്തെ കവിത പരിഗണിക്കാം. ബ്രേക്അപ് പാർടി എന്ന അരുൺ പ്രസാദിന്റെ കവിതയിൽ ആശാന്റെ കാലത്തിനോ അതിന്റെ തുടർച്ചകൾക്കോ ആലോചിക്കാൻ കഴിയാത്ത സാമൂഹികതയാണ് പ്രവർത്തിക്കുന്നതെന്ന് കവിതയിൽ രാഷ്ട്രീയം കാണുന്നവർക്ക് കണ്ടെടുക്കാം. ഇത് പ്രസക്തമാകുന്നത് പ്രണയത്തിന്റെ ശക്തവും സാമാന്യവുമായ ഒരുരൂപം മലയാളത്തിൽ ഇന്നും ലീലയായതിനാലാണ്. "പഴകിയ തരുവല്ലി മാറ്റിടാം/ പുഴയൊഴുകും വഴിവേറെയാക്കിടാം/കഴിയുമവ, മനസ്വിമാർ മന-/സ്സൊഴിവത ശക്യമൊരാളിലൂന്നിയാൽ" എന്നതിന്റെ അനുരണനം "പീറ്റർ മരിച്ചു വന്ന നട്ടുച്ച അവളിൽ വൈകുന്നേരമായില്ല" എന്ന അനൂപിന്റെ വരികളിലുണ്ട്. പക്ഷേ, അനൂപന്റെ കവിതയിൽ വയനാടിന്റെ അസംസ്കൃതമായ അഥവാ സംസ്കൃതം കലരാത്ത പ്രകൃതികൂടിയുണ്ട്. പറഞ്ഞു വന്നത് സുന്ദരമാക്കാനും വ്യത്യസ്ഥമാകാനുമുള്ള പരിശ്രമങ്ങളിലും, ബ്രേക്അപ് പാർടിയിലെന്നപോലെ, കവിതയിൽ രാഷ്ട്രീയം വന്നേക്കുമെന്നാണ്. (ബ്രക് പാർടിയിലും, പക്ഷേ ലീലാവിഷ്ട പ്രണയത്തിന്റെ ചിലഭാഗങ്ങളും ഉണ്ട്. ആയതിലെ വിഷാദം ഉദാഹരിക്കാം. കൂടുതൽ വിശദീകരിക്കുന്നില്ല.) ഡേറ്റിങ്ങിനു ശേഷം പ്രണയം പഴയമല്ല എന്നും അതിന്റെ രാഷ്ട്രീയം പഴയതല്ല് എന്നുമാണ് പറഞ്ഞത്. രാഷ്ട്രീയത്തിന്റെ ഇത്തരം വരവിനേക്കാൽ ചാരുതയും ഉപകാരവും

"അത് തിന്നരുത്
ഇത് തിന്നരുത്
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവര്‍ക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാവണേ" (ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്) എന്ന ടി.പി.വിനോദിന്റെ വരികൾക്കാണ്. അവനവന്റെ കാലത്തോട് പ്രതികരിക്കുകയാണ് മികച്ച കലയുടെ പണി എന്ന ബോധ്യമാണിത്. മോശം കലയിലും കേവലസൗന്ദര്യപക്ഷക്കാരിലും അവരറിയാതെ രാഷ്ട്രീയം പ്രവർത്തിക്കും. അതാകട്ടെ, പിൻതിരിഞ്ഞു നോക്കുമ്പോൾ പ്രതിലോമകരമായിരുന്നെന്ന് വെളിപ്പെടുകയും ചെയ്യും.


പഴമക്കാർ ശ്ലോകം വച്ച് സമർത്ഥിച്ചിരുന്നതിന്ന് പകരമായി അല്ലെങ്കിൽ പ്രതികാരമായി ഇക്കാലം സായ്പിനെ വച്ചാണല്ലോ സമർത്ഥിക്കുക. തദ്വാരേ ഒന്നു നോക്കാം. The Best of American Poetry 2015 ന്റെ മുഖവുരയിൽ അതിന്റെ എഡിറ്ററും കവിയുമായ David Lehman, The New York Times 2014-നടത്തിയ The New Verse News” എന്ന ഏർപ്പാടിനെപ്പറ്റി പറയുന്നുണ്ട്. സംഗതി എളുപ്പമാണ്. നമ്മുടെ ചില കവികൾ നിസ്സാരമെന്ന് പുച്ഛിക്കുകപോലും ചെയ്തേക്കാം. (സാധ്യത കുറവാണ്. സായിപ്പിനെ ഇവിടുള്ളവർ പുച്ഛിക്കുമോ?). അതാത് ദിവസത്തെ വാർത്തയെ പ്രമേയമാക്കി കവിതയെഴുതാൻ ടൈംസ് കവികളോട് ആവശ്യപ്പെട്ടു. കവിത പിന്നെ പത്രത്തിൽ പ്രസിദ്ധികരിക്കും. ലേഹ്മാനും ഇത്തരത്തിൽ ഒരു കവിതയെഴുതിക്കൊടുത്തു. കൊളമ്പിയ സർവ്വകലാശാലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഡിസംബർ 2014 Ariel Kaminer എഴുതിയ Accusers and the Accused, Crossing Paths at Columbia University ലേഖനത്തെയാണ് ലേഹ്മാൻ കവിതയാക്കിയത്. മൂപ്പർ കൊളമ്പിയയിലെ പൂർവ്വവിദ്യാർത്ഥിയുമാണ്. പക്ഷേ, പത്രം കവിത പ്രസിദ്ധീകരിച്ചില്ല. മുതിർന്ന എഡിറ്റർമാരും നിമയവിദഗ്ധരും "The subject was too hot to handle in a poem” എന്ന് കണ്ടെത്തി. തന്റേത് മികച്ച കവിതയൊന്നുമായിരുന്നില്ലെന്ന് ലേഹ്മാൻ. പോരാത്തതിനു, മുന്നേ പറഞ്ഞ ലേഖനത്തിൽ ഇല്ലാത്ത യാതൊന്നും (വാക്കുകൾ പോലും അതിൽ നിന്നെടുത്തതാണ്) കവിതയിൽ ചേർത്തിട്ടുമില്ല. പക്ഷേ, ലേഖനത്തേക്കാൾ തീവ്രത കവിതയ്ക് അനുഭവപ്പെട്ടു. ലേഹ്മാൻ പറയുന്നത്, ഒരു ലേഖനത്തിലുള്ള വസ്തുുതകൾ കവിതയായി വരുമ്പോൾ കുടുതൽ അപകടകരമായേക്കും എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ സുദീർഘമായി പകർത്താം

The lesson, so far as I can see, is that what is acceptable in a fact-checked newspaper article becomes dangerous, or potentially dangerous, in a poem—even if the poem is absolutely faithful to the facts as reported. A poem is not a straightforward article; its meaning is not self-evident; it can be ambiguous, and if it is, it is dangerous, the more so at a time when the “sensitivities” of special-interest groups play a decisive part in limiting free speech on campus and everywhere else. From the newspaper’s point of view, there was only a downside in posting my poem. They had wanted something harmless, or funny, or “poetic,” not anything that could stir up emotions about “such timely campus subjects as rape and sexual assault, “yes means yes” contracts preceding the consummation of an affair, the rights of the accused in rape cases, the effects on the accusers, the artwork as a substitute for a conventional “senior thesis,” the way language reflects these tensions, the resort to platitudes by the university leadership.” (David Lehman 2015, Forward, The Best American Poetry 2015).

അതായത്, രാഷ്ട്രീയാദി ആശയങ്ങൾ അപകടകരമാം വിധം ഭംഗിയായിപ്പറയാനും കവിതയക്ക് കഴിയും. അത്ഭുതപ്പെടേണ്ടകാര്യമൊന്നുമില്ല. കാരണം, എന്റെ പരിചയത്തിലെ ഏറ്റവും നാടകീയവും കാവ്യാത്മകവുമായ ആദ്യവാചകങ്ങളിൽ ഒന്ന് ഒരു പ്രചരണപുസ്തകത്തിന്റേതാണ്. ആ ആദ്യവാചകം ഇതാണ്: “A spectre is haunting Europe-the special of communism.” പുസ്തകത്തിന്റെ പേര് കമ്മ്യണിസ്റ്റ് മാനിഫെസ്റ്റോ.

പിൻകുറിപ്പ്

ഇപ്പറഞ്ഞതൊന്നുമല്ലാതെ, കവിതയും രാഷ്ട്രീയവും തമ്മിലുള്ള ഇടപാടിനെ വ്യക്തമാക്കാൻ, അവ്യക്തമാക്കാനുമാകാം, യാത്രാശേഷമുള്ള പ്രാർത്ഥന നിർദ്ദേശിക്കുന്നുണ്ട് ഹരിശങ്കരൻ. പ്രാർത്ഥിക്കുവാൻ ഓരോരുത്തർക്കും ഓരോകാരണങ്ങൾ. എന്തായാലും, "സജ്ഞയാ അന്ധത ഒരുത്തമ കവചമല്ലാതായിരിക്കുന്നു."

Wednesday, November 18, 2020

തഗ് ലൈഫ്

“എഴുതാതിരിക്കാനുള്ള കാരണങ്ങളിൽ
മടി എഴുന്നേറ്റു നിന്നു.”
ഇതെഴുതിയതോടെ
പ്രാചീനമായ ആ പ്രഹേളിക ആവർത്തിച്ചു.
 
അത്രയും വായിച്ചതോടെ
പ്രഹേളികയെന്ത് വ്യാളിയാണെന്നും
യവനേത് മലയാളം മുൻഷിയെന്നും
നിങ്ങൾ മനസ്സിൽ പറഞ്ഞു.
(വിചാരിക്കും മുന്നേ
വെളിപ്പെട്ടല്ലോയെന്ന്
വികാരംകൊള്ളേണ്ടതില്ല.
അത്ര പഴേ സൂത്രമാണിത്)
 
പരിചയം ഭാവിക്കാത്ത പരിഭവക്കാരേ,
ആദ്യവരികളിലാവർത്തിച്ചത്
“ഇത് കള്ളമാണ്” എന്ന
പഴയ കുരുക്കാണ്.
സുവ്യക്തതയെ വിശദീകരിച്ച് നാണംകെടുമ്പോൾ
പേരുമാറ്റപ്പെരുമാക്കളിരുട്ടുവിതക്കുമ്പോൾ
നിങ്ങൾക്കിതോർമ്മവന്നേക്കാം;
വന്നില്ലെന്നും വരാം.
വന്നാലുപകരിച്ചേക്കാവുന്ന
വെളിച്ചംപച്ചകുത്തുന്ന സാധനമാണ് ഓർമ്മ.
ഇരുട്ടത്തതുവഴിയിലേക്കൊറ്റുമെന്നാണ് വാസ്തവം.
 
വാസ്തവമോ
വിജാകിരിയില്ലാത്ത വാതിലാണ്
അതെപ്പറ്റിയാലോചിക്കുന്നതാണിയാണ്.
എന്തിനെപ്പറ്റിയാണേലും
ആലോചിക്കുന്നതിന്നാണിയാണ്.
അതുകൊണ്ട്,
ആലോചനകളുണ്ട് സൂക്ഷിക്കുക
എന്നെഴുതിവച്ച സുഹൃത്ത്
എനിക്കില്ലായിരുന്നു
 
ഇതുവരെ വായിച്ചതിൽ
പരസ്പരബന്ധംവല്ലതും തോന്നിയാൽ
അങ്ങനൊന്നുമെഴുതുമ്പോൾ ഉദ്ദേശിച്ചിട്ടില്ലെന്നോ
അങ്ങനൊന്നും എഴുതുമ്പോൾ ഉദ്ദേശിച്ചതല്ലെന്നോ
വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് കരുതുന്നതരം ആളാണ് നിങ്ങളെന്നോ
ആയതിലേന്തേലും തകരാറുണ്ടെന്നോ
പറയാൻ നമ്മളാര്?
 
പ്രവചനീയതയുപേക്ഷിച്ച
തഗ് ലൈഫാണിതെന്നാണാത്മീയാശ്വാസം.
ആശ്വസിക്കാൻ,
അക്രോശിക്കാനും കാരണങ്ങളുണ്ട്.
 
“എഴുതാതിരിക്കാനുള്ള കാരണങ്ങളിൽ
പേടി എഴുന്നേറ്റു നിന്നു.”
എന്നെതെഴുതിയതോടെ
പ്രാചീനമേയല്ലാത്ത ആ പ്രഹേളിക
മടികൂടാതെ ആവർത്തിച്ചു.

Saturday, September 5, 2020

വൈരം

ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.

സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.

വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.

മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.

ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും

രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.

നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും

പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.

നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.

ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.

നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.

Blog Archive